2012, നവംബർ 26, തിങ്കളാഴ്‌ച

എനിക്ക് ഭ്രാന്താണ് !


എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. അതെ, അതുകൊണ്ടല്ലേ ഞാന്‍ മൂന്നു പേരെ കൊന്നത്. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. എനിക്കിപ്പോ ഭര്‍ത്താവില്ല, അരികിലെന്റെ മോളില്ല. എന്റെ സ്വന്തമായ വീട്ടുകാരും. ആരുമില്ല!

അതുകൊണ്ടുതന്നെ എനിക്ക് ഭ്രാന്താണ്. ഡോക്ടര്‍ പറയുന്നു. എന്റെയീ ഏകാന്തത പറയുന്നു. നാട്ടുകാര്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണ്. അവരെ കൊന്നതുകൊണ്ടാവണം എനിക്ക് ഭ്രാന്തായത്. ആ അസുരവിത്ത് ചെക്കനാണെന്നെ ഭ്രാന്തിയാക്കിയത്. അവനെന്‍റെ മോളെ!. ഇത്തിരിപ്പോന്ന എന്റെ മോളെ. അവന്‍ ജീവനോടെ ഇരുന്നാല്‍ എന്റെ മോളെയവന്‍ കൊല്ലും. അവളെ ഉപദ്രവിക്കും. അതുകൊണ്ടാ ഞാന്‍ അവനെ കൊല്ലാന്‍ തീരുമാനിച്ചത്. അവന്‍ എന്തു കാണിച്ചാലും അതിനൊക്കെ അവന്റെ കൂടെനില്‍ക്കുന്ന വയസ്സായ രണ്ടുപേരെയുംകൂടി ഞാന്‍ കൊന്നു. അപ്പൊളെനിക്ക് ഭ്രാന്ത് തന്നെ.

* * *

അന്ന് കുളിക്കാന്‍ വൈകി. എല്ലാം നേരെത്തെ ആയിരുന്നിട്ടും എന്തോ വൈകി. വീടു വൃത്തിയാക്കി, അടുക്കളയിലെ പണിയൊക്കെ ഒതുക്കിക്കഴിഞ്ഞു, എല്ലാവരെയും ഊട്ടി, പാത്രം കഴുകി. ആ നേരത്താണ് മോള്‍ ഉണര്‍ന്നത്. അവള്‍ക്കു പാലുകൊടുത്ത് ഓരോന്ന് ആലോചിച്ചു സമയം പോയി. ചേട്ടന്‍ പോയിട്ട് ഒരു വര്‍ഷം തികഞ്ഞില്ല ഇതുവരെ. ഇനിയും എത്രനാള്‍ കാത്തിരിക്കണം ഒന്ന് അടുത്തു കിട്ടാന്‍. പക്ഷെ ഇപ്പൊ മോളുണ്ടായതുകൊണ്ട് സമയം പോണതറിയില്ല. അവളാണ് എല്ലാം. അവളുടെ കണ്ണുകളില്‍ എനിക്കവരെ കാണാം. പിന്നെ ദിവസവും വിളിക്കുന്നതുകൊണ്ടാവും പഴയ വിരഹത്തിന്റെ മണിക്കൂറുകള്‍ ഇപ്പൊഴില്ല. മോളുടെ കളിചിരിയും കരച്ചിലും

നോക്കിയിരുന്നാല്‍ ദിവസം അങ്ങനെ പോവും. ഇന്നുമതെ നേരം പെട്ടെന്ന് പോയി. ആ ചെക്കന്‍ വരുമ്പോഴേക്കും കുളിച്ചുവരണം, അപ്പോഴേക്കും അമ്മ ഉണരും. അമ്മക്ക് ചായ വേണം. അച്ഛന്‍ സര്‍ക്കീട്ട് കഴിഞ്ഞു വരും.  അപ്പോഴേക്കും കുളിക്കട്ടെ. കുളിക്കുമ്പോഴും ഒരു മനസ്സമാധനമില്ല, ആ നരുന്തു ചെക്കന്‍.. അവനായതുകൊണ്ടാണ്. അവന്‍ സ്കൂളില്‍ നിന്ന് വരാന്‍ സമയമായി. പതിമൂന്നു വയസ്സേയുള്ളൂ. എന്നിട്ടും അവന്റെ കയ്യിലിരുപ്പ് ഒരു വൃത്തികെട്ട മനുഷ്യന്റെ ചെയ്തികളോളം വരും. ഈയടുത്താ അവന്റെ പുസ്തകപ്പെട്ടിയില്‍ കാണാന്‍ കൊള്ളരുതാത്ത പടങ്ങളൊക്കെയുള്ള ഒരു ബുക്ക്‌ കിട്ടിയത്. ഒരു വൃത്തികെട്ട പുസ്തകം. ആണും പെണ്ണും കാണിക്കുന്ന നെറികേടുകള്‍ പടമാക്കി വെച്ച പുസ്തകം. ചിത്രകഥ പോലുള്ള ബുക്ക്‌. എവിടുന്നു കിട്ടുന്നോ എന്തോ ഇതൊക്കെ. അവനിതിനോക്കെയാണോ സ്കൂളില്‍ പോവുന്നത്? അവനൊരിക്കെ മോളെ എന്തോ ചെയ്തിരുന്നു. അവള്‍ കരഞ്ഞ ശബ്ദം കേട്ട് ഞാന്‍  വന്നപ്പോഴേക്കും അവന്‍ ഓടിപ്പോയി. അവന്‍ അവളുടെ ഉടുപ്പിന്റെ അടിയിലൂടെ അവളെ ഉള്ളില്‍ വിരലുകൊണ്ട് തൊട്ടിട്ടുണ്ടായിരുന്നു. അന്നുമുതല്‍ നെഞ്ചില്‍ തീയാണ്. അന്നുമുതല്‍ ഉറക്കം മുറുകുന്നില്ല. സ്വപ്നങ്ങളില്‍ മോള് കരയുന്നു. ഉടുപ്പില്ലാതെ അവള്‍ എവിടെയോ വലിച്ചെറിഞ്ഞ പോലെ കിടക്കുന്ന സ്വപ്‌നങ്ങള്‍ എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു.

അവന്‍റെ പോക്ക് ശരിയല്ലാന്നു പറഞ്ഞപ്പൊ അമ്മ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ഇവിടെ വന്ന അന്നു മുതലേ അമ്മക്ക് തുടങ്ങിയതാ എന്നോട്, എന്നെ ഒട്ടും ഇഷ്ടമല്ല. അമ്മായിഅമ്മപ്പോരൊന്നും ഇല്ലെങ്കിലും കല്യാണശേഷം ഞാന്‍ അവരുടെ മകനെ തട്ടിയെടുത്തു എന്നപോലെ പെരുമാറുന്നു. അച്ഛനും അതുപോലെയാണ് തന്നയാണ് പെരുമാറുക. പിന്നെ ഇവന്‍.. ഭര്‍ത്താവിന്റെ അനിയനാണ് പോലും‍. ഇങ്ങനൊരു അനിയനോ? എനിക്കങ്ങനെ തോന്നുന്നില്ല. ഞാനൊരിക്കെ അവരോടു സൂചിപ്പിച്ചിരുന്നു. അപ്പൊ എന്നോട് പറയ്യാ.. സൂക്ഷിക്കാന്‍.. അവര്‍ എങ്ങനെ അമ്മയോട് ഇതു പറയും എന്ന്. സ്വന്തം മകളെ സ്വന്തം അനിയന്‍ ഉപദ്രവിക്കുക. എങ്ങനെ പറയും ഒരമ്മയോട് ഇതെല്ലാം എന്ന്. സ്വന്തം അനിയനെ കുറിച്ച് അവര് ഇവിടില്ലാത്തപ്പോ ഞാന്‍ അവനെപ്പറ്റി കുറ്റം പറയുകയാണെന്നെല്ലേ പറയൂ. ഞാനിതൊക്കെ ആരോട് പറയും.

കയ്യിലും, കാലിലും കരി ഒട്ടിയിരിക്കുന്നു, ഉരച്ചിട്ടും സോപ്പ് തേച്ചിട്ടും ഒന്നും പോവുന്നില്ല. എണ്ണക്കരിയാണ്. കാലു മുഴുവന്‍ വൃത്തികേടായിക്കിടക്കുന്നു. അല്ലേലും അദ്ദേഹത്തിനു ആവലാതിയാണ്. പഴയപോലെ ശരീരം ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ തവണ വന്നപ്പോ അവര് പറഞ്ഞതാ. എന്റെ വിരലുകളുടെ ഭംഗി പോയിരിക്കുന്നു, പെണ്ണുകാണാന്‍ വന്ന ആ പഴയ രൂപമില്ല എന്നൊക്കെ. പിന്നെ... ഇവിടെ പൂക്കടയിലാണല്ലോ ഞാന്‍ ജോലിക്ക് നിക്കുന്നത്‍. വീട്ടിലെ പണിയല്ലേ. അടുപ്പത്താ പണി, കരിയും പുകയും എല്ലാം ഉണ്ടാവും. എല്ലായ്പ്പോഴും സുന്ദരിയായിരിക്കാന്‍ പറ്റുമോ? അപ്പൊ പിന്നെ ഇങ്ങനൊക്കെ തന്നെ ആവും.

കുളിക്കട്ടെ. മോള് ഒറ്റക്കാ.. അമ്മ! ഉറക്കത്തില്‍ ദേഹത്ത് ഉലക്ക വീണാലും അറിയാത്തതാ. പിന്നാ...

മോള് കരയുന്നുണ്ടോ?

ടാപ്പ്‌ പൂട്ടി, വെള്ളം ഉറ്റുന്നു..

ഇല്ല.. ഉള്ളതും വാരിപ്പുതച്ച് ചെന്നുനോക്കി. ഇല്ല.. അവള്‍ കളിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ മൂത്രമൊഴിച്ചിരിക്കുന്നു. ഉടുപ്പൊക്കെ നനഞ്ഞിരിക്കുന്നു, ഉറങ്ങി എണീറ്റതല്ലേയുള്ളൂ. ഇപ്പൊ പാലും കുടിച്ചിരിക്കുന്നു. കുളിച്ചിട്ടു ഉടുപ്പ് മാറ്റണം, നിലം വൃത്തിയായി തുടക്കാം. നല്ല പതുപ്പുള്ള ഒരു കളിപ്പാട്ടം കിട്ടിയാമതി അത് കടിച്ചും എറിഞ്ഞും അവള്‍ ഇരുന്നോളും, ശല്യമില്ല. അവള്‍ക്കാരെയും വേണ്ട അവളുടെ ലോകത്ത്. ഇടയ്ക്കു ഞാന്‍ വന്നു നോക്കിയാ മതി.

കരി ശരിക്കും പോണില്ല.. ഇത്രയൊക്കെ മതി.. പെട്ടെന്ന് കുളിക്കാം‍, ഇനി അവര് വരുമ്പോഴേക്കും ശരിക്കും സുന്ദരിയാവണം. എന്‍റെ ഭംഗിയുള്ള വിരലുകള്‍, ചുണ്ടുകള്‍, പഴയ ആ രൂപം. കണ്ണാടിയില്‍ ഞാന്‍ സുന്ദരിയാണ്.  കണ്ണാടിയില്‍ മാത്രമല്ല. എന്നെക്കാണാന്‍ ഭംഗിയുണ്ട്. എന്റെ മോള്‍ക്കും എന്റെ ഭംഗി കിട്ടിയിട്ടുണ്ട്. എന്റെ നിറം, മുഖം മൂക്ക്, എല്ലാം അതേപോലെത്തന്നെയുണ്ട്. പക്ഷെ ആ കണ്ണുകള്‍. അത് അവരുടേതാണ്. എന്തുഭംഗിയാണ് അവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍ നോക്കിയിരുന്നാല്‍ എനിക്ക് കാണാം...

മോള് കരയുന്നുണ്ടോ?

ടാപ്പ്‌ പൂട്ടി, വെള്ളം ഉറ്റുന്നു..

ഉണ്ട്! ഇപ്പൊ ശരിക്കും കരയുന്നുണ്ട്. തല തോര്‍ത്തിക്കെട്ടി... ബ്രായും, പാന്റിയും ഒക്കെ മറന്നു.. നൈറ്റി മാത്രം ഇട്ട് ഓടി. അവള് കരയുന്നു. എന്റെ മുറിയിലില്ല. പിന്നെ എവിടുന്നാ കരയുന്നേ? അവളെവിടെ? എന്റെ  തലകറങ്ങുന്നപോലെ തോന്നി. നേരെ ചെന്നത് ആ ചെക്കന്റെ മുറിയിലാ.. അവന്‍ ആ നരുന്തു ചെക്കന്‍.. അവനവിടെ ഇല്ല! എത്തിയിട്ടില്ല... സമാധാനം..

ഇവിടെങ്ങും ഇല്ലല്ലോ.. ഇനി അടുക്കളയില്‍ വല്ലോം തട്ടി മറിച്ച്.. ആവോ.. ഈ കുട്ടി എവിടെപ്പോയതാ.. എന്റെ നെഞ്ചുരുകുന്നു.. മോളേ.. അടുക്കളയിലും ഇല്ല.

ഒരു നേരത്തേക്ക് കരച്ചില്‍ നിന്നു. അമ്മ കിടക്കണ മുറിയിലും ഇല്ല. . പിന്നെയും കരച്ചില്‍ കേള്‍ക്കാം.. ഇനി ആ സ്റ്റോര്‍ മുറിയില്‍.. നേരെ അങ്ങോട്ട്‌ പോയതും. അവിടെമാകെ ഇരുട്ടാണ്. മോളേ ന്നു വിളിച്ചതും അവള്‍ മുട്ടിലിഴഞ്ഞ് കാലില്‍ കെട്ടിപ്പിടിച്ചു. അവളാകെ പേടിച്ചിട്ടുണ്ട്. അവളുടെ ഉടുപ്പില്‍ ചോരയുണ്ട്. ശരിക്കും ചോര. എനിക്ക് തലകറങ്ങി

എനിക്കറിയാമായിരുന്നു. ഞാന്‍ നേരെ ചെന്നു ആ ചെക്കന്റെ മുറിയില്‍, അവനവിടെയുണ്ട്..  അവിടെ അവന്‍ ഷര്‍ട്ടൊക്കെ അഴിച്ചു കാറ്റുകൊണ്ട് മലര്‍ന്നുകിടക്കുന്നു.

അമ്മേ..
ആരും കേട്ടില്ല..

അമ്മ ഉറങ്ങുകയാവും.

അമ്മേ..
ആരും കേട്ടില്ല..
ഞാന്‍ കരഞ്ഞു. മോളും കരഞ്ഞു.

* * *

മുറിയില്‍ ഞാനിരുന്നു കരഞ്ഞു, എന്റെ മോളും കരയുന്നു.

എനിക്കെന്‍റെ വീട്ടില്‍ പോണം, ഇനി ഇവിടെ നിക്കാന്‍ കഴിയില്ല. മോള് കരച്ചില്‍ നിര്‍ത്തി, അവളാകെ പേടിച്ചിരിക്കുന്നു. അവളുടെ മുഖത്ത് അമര്‍ത്തിപ്പിടിച്ചതിന്‍റെ പാടുണ്ട്. അതെല്ലാം അമ്മക്ക് കാണിച്ചു കൊടുത്തു.

അമ്മ പറഞ്ഞു
"അവള് വല്ലോടത്തും അറിയാതെ ഇരിന്നിട്ടുണ്ടാവും, വല്ല വിറകോ മറ്റോ കൊണ്ട് കോറിയതാവാവും" ന്നു.

സര്‍ക്കീട്ട് കഴിഞ്ഞ് അച്ഛന്‍ വന്നപ്പൊ എന്റെ കരച്ചില് കണ്ടു, അമ്മ എന്തോ കുശുക്കുന്നതും കേട്ടു. അച്ഛന്‍ പുറത്തുപോയി ഒരു മിട്ടായി എന്തോ വാങ്ങിക്കൊണ്ട് വന്നു മോളെ കാണിച്ചുകൊടുത്തു. മിട്ടായി അവള്‍ വാങ്ങി. അവള്‍ അച്ഛന്റെ അടുത്തു പോയില്ല.

കരഞ്ഞു ക്ഷീണിച്ച മോളുറങ്ങി. എന്റെ മുറിയില്‍ വിളിക്ക് തെളിഞ്ഞില്ല. എന്‍റെ മനസ്സില്‍ ഇരുട്ടായിരുന്നു. എന്‍റെ മോള് ഉറങ്ങുന്നു. ഉറക്കത്തില്‍ അവള്‍ ഇടയ്ക്കിടെ ഞെട്ടുന്നുണ്ട്. എന്‍റെ നെഞ്ചിനുള്ളില്‍ കരച്ചില്‍ കൂടി.
തുണിയില്ലാതെ അവള്‍ എവിടെയോ ചപ്പുചവറുകള്‍ക്ക് മേലെ വലിച്ചെറിഞ്ഞപോലെ കിടക്കുന്ന സ്വപ്‌നങ്ങളിലെ കാഴ്ചകള്‍ എന്നെ വീണ്ടും പേടിപ്പിച്ചു. അവളുടെ നെറ്റിയില്‍ തലോടി അങ്ങനെ ഇരുന്നു. അവള്‍ക്കു പനിക്കുന്നു. ഇടയ്ക്കു വിയര്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ട് പോണം.

അമ്മേ..
ആരും കേട്ടില്ല..

അച്ഛാ
ആരും കേട്ടില്ല..

മോള് പനിച്ചു വിറക്കുന്നുണ്ട്.

മോളെ ഒരു കമ്പിളി ഇട്ടു പുതപ്പിച്ചു, നെഞ്ചത്ത് ഒട്ടിച്ചുവച്ചു. അവളുറങ്ങുന്നു. ഇടയ്ക്കു ഞെട്ടുന്നുണ്ട്.

ആ ചെക്കന്റെ വൃത്തികെട്ട മുഖം എന്റെ മുന്നില്‍ വന്നു ചിരിക്കുന്നു. മഞ്ഞപിടിച്ച പല്ലുകള്‍ കാണിച്ചു അവന്‍ വീണ്ടും വീണ്ടും.. ഞാന്‍ കണ്ണടച്ചു. കമ്പിളി എടുത്തു ഞാനും മൂടി. ഇരുട്ട് മൂടി എല്ലായിടത്തും. മോളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം മാത്രം. മോളേം എടുത്തു ഓടിപ്പോവാം. ആരും വേണ്ട!


* * *

അടുക്കളയില്‍പ്പോയി വെട്ടുകത്തി എടുത്തു. എന്റെ ഭ്രാന്ത് തുടങ്ങുന്നത് ഈ നിമിഷം മുതലാണ്‌.

അച്ഛനോടു പറഞ്ഞു..
"അച്ഛാ മോളെ ആശുപത്രില്‍ കൊണ്ട് പോണം അവന്‍ മോളെ ഉപദ്രവിച്ചിട്ടുണ്ട്."

:               "വല്ല തടിയും തട്ടി മുറിഞ്ഞതാവും മോളേ.."
:               "രണ്ടു ദിവസം കഴിഞ്ഞാ ആ മുറിവ് മാറിക്കൊള്ളും.."
:               "ഇതിനൊന്നും ആശുപത്രില്‍ പോവണ്ട."


"അതെ അച്ഛാ! വല്ല തടിയും തട്ടി മുറിഞ്ഞതാവും."
എനിക്ക് ചിരി വന്നു. ഭ്രാന്തിന്റെ ചിരി.

അമ്മ ഉമ്മറത്തുണ്ട്
അമ്മയോട് പറഞ്ഞു.

"അമ്മെ ഞാന്‍ നാളെ എന്റെ വീട്ടില്‍ പോവും. പിന്നെ ഞാന്‍ ഇങ്ങോട്ട് വരില്ല."

അമ്മക്ക് ദേഷ്യം.

:               "അതെന്താ?... ഇവിടാരാ ഉള്ളത്? രണ്ടാഴ്ച കഴിഞ്ഞിട്ടു പോയി രണ്ടുദിവസം നിന്നിട്ട് പോര്."

"ആയിക്കോട്ടെ അമ്മെ.. അങ്ങനെ മതി രണ്ടാഴ്ച കഴിഞ്ഞു പോവാം.."


അമ്മ ചിരിച്ചു. പല്ലുകാട്ടി ചിരിച്ചു. ആ ചിരികണ്ടപ്പോള്‍ ഞാനും ചിരിച്ചു. ഭ്രാന്തിന്റെ ചിരി.

* * * *

"അനിയാ, നീ കഴിച്ചോ?"

മിണ്ടാട്ടമില്ല. അവന്‍ പഠിക്കുന്ന തിരക്കിലാ. നല്ല പഠിച്ചു മാര്‍ക്ക് വാങ്ങുന്ന കുട്ടി. നല്ല പുസ്തകങ്ങള്‍, നല്ല പ്രവൃത്തി പരിചയം.

"അനിയാ നീ കഴിക്കുന്നില്ലേ?"

:               "എനിക്കൊന്നും വേണ്ട.."

"അതെന്താ വേണ്ടാത്തെ?"

ഒരു വെട്ടിനില്ലായിരുന്നു അവന്റെ മെലിഞ്ഞ കഴുത്ത്. ഒന്നൂടെ വെട്ടി, പക്ഷെ കഴുത്തു വീണില്ല, ചുമരില്‍ ചോരചിന്തി ഒലിച്ചു. അറ്റു വീഴാറായ തലയില്‍ നിന്ന് ഒഴുകിയ ചോര പുസ്തകത്തെ മൊത്തത്തില്‍ കുതിര്‍ത്തു.

അടുത്തത്‌ അമ്മയായിരുന്നു. അമ്മയുടെ ഊഴത്തിനുവേണ്ടി അമ്മ ഉമ്മറത്തുനിന്നു പതുങ്ങി വന്നു നോക്കകുകയായിരുന്നു. മകന്‍റെ തല കൊയ്യുമ്പൊ അമ്മ മെല്ലെ ഒന്നലറി, മോള്‍ ഉറക്കം ഉണര്‍ന്നു കാണണം. ശബ്ദം കേട്ട് അമ്മയും പതുങ്ങി വന്നതാവണം. പുന്നാര മകന്‍റെ തല തുള്ളുന്നത് കണ്ട് അമ്മ പല്ലുകാണിച്ചു ചിരിച്ചിട്ടുണ്ടാവുമോ? അമ്മയുടെ തടിച്ച ദേഹത്ത് വെട്ടാന്‍ നല്ല രസം തോന്നി. പക്ഷെ പെട്ടന്ന് അനക്കം നിന്നു.

മോള് കരയുന്നു.

അമ്മ പിടയുമ്പോള്‍ അതാ ഓടിക്കിതച്ച് അച്ഛനും പിന്നാലെ. പക്ഷെ അച്ഛന് മെയ്‌ക്കകരുത്തുണ്ട്, അത് കാണിക്കാന്‍ തടുത്തു. അതുകൊണ്ട് അച്ഛന്റെ കൈ ആദ്യം താഴെവീണു.. പിന്നെയാണ് തല വീണത്‌. എന്റെ ആര്‍ത്തി തീരുന്നതുവരെ എന്റെ മോളെ ഞാന്‍ അവരില്‍നിന്ന് വെട്ടി രക്ഷിച്ചു. ഞാന്‍ എത്ര പെട്ടന്നാ മൂന്നുപേരെ കൊന്നത്. എന്റെ മുഖത്ത് ചോര തെറിച്ചിരുന്നു. ആരുടെയോ.
അനിയന്‍ ചെക്കന്റെ? അമ്മയുടെ? അതോ അച്ഛന്റെ?

മോള്‍ കരയുന്നുണ്ട്, ഓടിച്ചെന്ന് പാലുകൊടുത്തു. എന്റെ മുഖം കണ്ടതും അവള്‍ ചിരിച്ചു. എന്റെ മുഖത്ത് ഒട്ടിപ്പിടിച്ച ചോരപ്പാടുകളില്‍ അവള്‍ പാലുകുടിക്കുന്നതിനിടയിലും ഇടയ്ക്കു തൊട്ടു. അവളുടെ സ്വത്യന്ത്രത്തോടെയുള്ള ചിരിയും കളിയും.  ഇനി അവള്‍ക്ക് ആരെയും പേടിക്കണ്ട. ഇനി അവളെ ഉപദ്രവിക്കാന്‍ ആരും വരില്ല. എന്നെ വഴക്കുപറയാനും ആരുമില്ല. അവള്‍ക്കു സ്വസ്ഥമായി കളിക്കാം. എനിക്ക് സ്വസ്ഥമായി കുളിക്കാം, കരിതട്ടാതെ പാത്രം കഴുകാം. അവര് വരുമ്പോഴേക്കും ശരീരം ശ്രദ്ധിച്ച് സുന്ദരിയാവാം.

* * *

അപ്പൊ എനിക്ക് ഭ്രാന്തല്ലേ. മൂന്നു പേരെ കൊന്നിരിക്കുന്നു. എനിക്ക് ഭ്രാന്താവണം. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. അല്ലേ.. എനിക്ക് ഭ്രാന്താണ്. ഭ്രാന്ത്. ഭര്‍ത്താവിന്റെ കുടുംബത്തെ മുഴുവന്‍ വെട്ടിക്കൊന്ന ഭ്രാന്തി. ഭര്‍ത്താവിന്റെ അനിയന്‍കുട്ടിയെ, അമ്മായിഅപ്പനെ, അമ്മായിഅമ്മയെ ക്രൂരമായി വെട്ടിക്കൊന്ന ഭ്രാന്തി. എനിക്ക് ചിരി വരുന്നു. കണ്ടോ ഞാന്‍ ചിരിക്കുന്നു. എനിക്ക് ഭ്രാന്ത് തന്നെ.


11 അഭിപ്രായങ്ങൾ:

  1. സവ്യേട്ടാ ..ഒന്നും പറയാനില്ല ...ഗംഭീരം !!!!

    മറുപടിഇല്ലാതാക്കൂ
  2. ഇത് എവിടെയെങ്കിലും പ്രസിദ്ധീകരിക്കാന്‍ കൊടുക്കാമായിരുന്നു സഭ്യഷാജി അണ്ണാ........

    മറുപടിഇല്ലാതാക്കൂ
  3. ഗംഭീരം... മനോഹരമായ എഴുത്ത്... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  4. തുടക്കം വായിച്ചപ്പോൾ പിന്നീടങ്ങോട്ട് ഇത്ര ഗംഭീരമാവുമെന്ന് കരുതിയില്ല. ഇഷ്ടപെട്ടു

    മറുപടിഇല്ലാതാക്കൂ
  5. ആരെയും ഒന്നും വിശ്വസിക്കാന്‍ കഴിയാത്ത കാലം....
    ലളിതമായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  6. ഷാജു അത്താണിക്കല്‍, പട്ടേപ്പാടം റാംജി, Shabna Sumayya, ചെകുത്താന്‍ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. വായിച്ച് അവസാനം എത്തിയപ്പോൾ കണ്ണു നനഞ്ഞു...നിങ്ങൾ ഒരു നല്ല എഴുത്തുകാരനാണ്....

    മറുപടിഇല്ലാതാക്കൂ