2013, ഡിസംബർ 5, വ്യാഴാഴ്‌ച

വിത്തുകാള



കണ്‍മഷി പടര്‍ന്ന ഭാനുമതിയുടെ കണ്ണുകള്‍ നോക്കി ചന്ദ്രമോഹന്‍ തലക്ക് ​കൈ താങ്ങ് കൊടുത്ത് ചരിഞ്ഞു കിടന്നു. നല്ലൊരു വേനല്‍ക്കാലത്തായിരുന്നു ഭാനുമതിയുടെയും ചന്ദ്രമോഹന്‍റെയും കല്യാണം. ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറു കഴിഞ്ഞു. ഇപ്പഴും ഭാനുമതി ഇന്നലെ ചന്ദ്രമോഹന്‍ കൈപിടിച്ച് കൊണ്ടുവന്ന അതേ പെണ്‍കുട്ടിയാണ്. ചന്ദ്രമോഹന്‍. ഭാനുമതിയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ആവശ്യമായി വരും. അതുപോലെയാണ് ഭാനുമതിയുടെ പെരുമാറ്റങ്ങള്‍. ചന്ദ്രമോഹനെ അവള്‍ സ്നേഹിച്ചു കൊല്ലും. ചിലനേരങ്ങളില്‍ ചെറിയ പിണക്കത്തോടെ ​ശാസിക്കും. പിന്നെ  രോമാഞ്ചത്തോടെ ചന്ദ്രമോഹന്റെ നെഞ്ചില്‍ പടര്‍ന്നു കയറും. ഇതൊക്കെ കണ്ടു ചന്ദ്രമോഹന്‍ വെറുതെയെങ്കിലും ഭാനുമതിയെ ഓര്‍ത്ത്‌ അത്ഭുതപ്പെടും.

ചന്ദ്രമോഹന്‍ ആഡ്യനാണ്. ജന്മിമാരുടെ തലമുറകളായി പിന്മുറകളായി ആ നാട്ടിലെ കൃഷിപ്പാടങ്ങളും കച്ചവടങ്ങളും ഒരുമിച്ചു കൊണ്ട് നടക്കുന്ന ആഡ്യന്‍. ചന്ദ്രമോഹന് മൂത്തതായി ഒരു പെങ്ങള്‍ ഉണ്ട്. അവ​രെ ​പാലക്കാ​ട്ടേക്ക് ​കല്യാണം കഴിച്ചു കൊടുത്ത​തോട് ​കൂടി ചന്ദ്രമോഹന്റെ ഒറ്റപ്പെടലിനു വിരാമമി​ട്ട് ​ഭാനുമതി വന്നു. ഭാനുമതി വന്നതോടെ ചദ്രമോഹന്‍ ഒന്നുകൂടി അഭിവൃദ്ധിപ്പെട്ടു. സമ്പാദ്യം കുന്നുകൂടി. അതൊക്കെ ഭാനുമതിയുടെ ഐശ്വര്യം മൂലമാണെന്ന് ചന്ദ്രമോഹന്‍ ധരിച്ചുവെച്ചു.

അന്നും ഭാനുമതിയുടെ ഇടുപ്പിലൂടെ തന്‍റെ പൌരുഷം രേതവിസര്‍ജനം നടത്തുമ്പോള്‍ തന്റെ അളവില്ലാത്ത സ്വത്തുകള്‍ക്ക് വരുന്ന അവകാശിയെ കുറിച്ച് സ്വപ്നം കാണുകയായിരുന്നു ചന്ദ്രമോഹന്‍. ഭാനുമതി പിടഞ്ഞുതീരുമ്പോഴേക്കും ചന്ദ്രമോഹന്‍ ഭാനുമതിയുടെ ഉരുണ്ട മാറിലേക്ക് തലയടിച്ചു വീണിരുന്നു. ഭോഗാസക്തരായി തളര്‍ന്നു വീണു കിടക്കുമ്പോഴും ഇരുവരുടെയും പരുക്കില്ലാത്ത ചില സ്ഥലങ്ങളില്‍ പിന്നെയും ഇന്ദ്രിയങ്ങള്‍ രമിച്ചു. 

ഭാനുമതി രണ്ടു പ്രസവിച്ചിരുന്നു. രണ്ടും ഗോതമ്പിന്റെ നിറമുള്ള സുന്ദരി കുട്ടികള്‍. ചന്ദ്രമോഹന്റെ നിറവും ഭാനുമതിയുടെ ഭംഗിയും ചേഷ്ടകളും​ ചേര്‍ന്ന ​ഓമനത്തമുള്ള രണ്ടു പെണ്കിടാങ്ങള്‍.പക്ഷെ അവരെ കാണുമ്പോള്‍ ചന്ദ്രമോഹന്‍ പുറമേ ചിരിക്കുമെങ്കിലും ഉള്ളില്‍ കനക്കുന്ന മേഘങ്ങള്‍ കുന്നുകൂടുകയായിരിക്കും. തന്റെ തലമുറയും പാരമ്പര്യവും കാത്തു സൂക്ഷിക്കാന്‍​, താന്‍ പിശുക്കിയും ഇശുക്കിയും കണക്കറ്റു സമ്പാദിച്ച​ത് ​തുടര്‍ന്ന് പരിപാലിച്ചു കൊണ്ട് പോവാന്‍ തന്നാലൊത്ത ഒരു കുഞ്ഞുചന്ദ്രമോഹന്‍. ആ കുറവ് മാത്രം ചന്ദ്രമോഹന്റെ സ്വപ്നങ്ങളെ വിരസമാക്കി കിടത്തിയിരുന്നു. 

മൂന്നാമത് ഒരിക്കല്‍ കൂടി താന്‍ ഗര്‍ഭിണിയായെന്നു ചന്ദ്രമോഹന്റെ നെഞ്ചത്ത് കിടന്നു ഭാനുമതി പറയുമ്പോള്‍ ചന്ദ്രമോഹന്‍ തന്റെ സ്വപ്നങ്ങളെ ബലപ്പെടുത്തി. എന്നിരുന്നാലും ഇനിയും ഒരു മകളെ തരാതെ ഒരു മകനെ തന്നു തന്റെ കുടുംബത്തെ ​വരും ​തലമുറക​ളിലേക്ക് ​വളര്‍ത്ത​ണേ എന്ന് ഉള്ളുരുകി കരഞ്ഞു പ്രാര്‍ത്ഥി​ച്ചു. 

ഒമ്പത് മാസം ഭാനുമതിയെ ചന്ദ്രമോഹന്‍ മറ്റു രണ്ടു കുട്ടികളുടെ ഗര്‍ഭകാലത്തെക്കാളും കൂടുതല്‍ പരിചരിച്ചു. പക്ഷെ പ്രസവത്തോടെ ആ പരിചരണം ഭാനുമതിയോടുള്ള ഈര്‍ഷ്യയായി മാറി. വീണ്ടും ഒരു പെണ്‍കുട്ടിയായതോടെ ചന്ദ്രമോഹന്‍ ഭൌതീകമായ ഒരു വിഷാദത്തിലേക്ക് വഴുതിവീഴുകയായിരുന്നു.

ഭാനുമതിയാവട്ടെ ചന്ദ്രമോഹന്റെ വിഷാദത്തില്‍ നിന്ന് അടുത്ത ഒരാണ്‍കുട്ടിയെ ജനിപ്പിക്കാന്‍ ചന്ദ്രമോഹനെ ഉദ്ധീപിപ്പിച്ചു  കൊണ്ടേയിരുന്നു. പക്ഷെ വിഷാദത്തിന്റെ പടു​ങ്ക​യങ്ങളില്‍ അകപെട്ട ചന്ദ്രമോഹനു വീണ്ടും ഒരു ഉയിര്‍ത്തെഴുന്നെല്പിനുള്ള ത്രാണിയില്ലായിരുന്നു. 

ഈ വിഷാദവും എല്ലാവരോടുമുള്ള ഈ അവഗണന തുടരുന്നത് ജീവിതത്തെ മാറ്റിമറിക്കും എന്നുള്ളത് കൊണ്ടാണോ എന്തോ ഭാനുമതി വീടിനുള്ളിലെ ഭരണകാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ആ വലിയ വീട്ടില്‍ ജോലിക്കാരുടെ എണ്ണം കൂട്ടി. മൂന്നുകുട്ടികളുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ എന്നവണ്ണം പുതിയ ജോലിക്കാരനും ജോലി​ക്കാരികളും എല്ലാവരും വന്നു. ജോലിക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ ഭാനുമതി നേരിട്ട് ഇടപെട്ടു അവള്‍ക്കിഷ്ടമുള്ളവരെ​യും ചെറുപ്പക്കാരെയും ​ഉള്‍പ്പെടുത്തി. ചന്ദ്രമോഹന്‍ എത്താത്തിടത്ത് അവള്‍ സ്വയമായും ജോലിക്കാരെയും എത്തിച്ചു. വീടിന്റെ ഭരണം മൊത്തമായി ഏറ്റെടുത്തപ്പോള്‍ ഭാനുമതി കുറച്ചു കൂടി പക്വത വന്നവളായി. മൂന്നാമത്തെ കുട്ടിക്ക് ഒന്നര വയസായപ്പോഴേക്കും ചന്ദ്രമോഹന്‍ പൂര്‍ണ്ണമായും മരവിച്ചു പോയിരുന്നു. മാന​സികോ​ല്ലാസത്തിന്റെ ഉയര്‍ന്ന മതിലുകളില്‍നിന്ന് വിഷാദത്തിന്റെ കാണാക്കയങ്ങളിലേക്ക് ആരുമറിയാതെ ചന്ദ്രമോഹന്‍ അടിതെറ്റിവീണിരുന്നു. കാര്യങ്ങളില്‍ ഒന്നും ശ്രദ്ധയില്ലാതെ ഒരു പകുതി ജീവിതം ജീവിക്കുകയായിരുന്നു ചന്ദ്രമോഹന്‍.

അങ്ങനെയാണ് പടിപ്പുരയുടെ അടുത്തു അടഞ്ഞു കിടന്നിരുന്ന ഇരുമുറിവീട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയില്‍ വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനത്തില്‍ ചന്ദ്രമോഹന്‍ മുഖം കനപ്പിച്ചെങ്കിലും ഭാനുമതിയുടെ നിസ്സന്ദേഹമായ ഭരണരീതിയിയില്‍ സന്തോഷമുള്‍കൊണ്ടു അതിനു സമ്മതം മൂളികൊടുക്കുകയായിരുന്നു. 

ആ ഇരുമുറി വീട് വാടകയ്ക്ക് ഭാനുമതിയുടെ നിര്‍ദ്ദേശപ്രകാരം കാര്യസ്ഥന്‍ കുറുപ്പ് കൊണ്ട് വന്നതാണ് മുരുഗനെ. ചന്തയിലെ പലചരക്കു മൊത്തകച്ചവടം നടത്തുന്ന വങ്കന്‍. ആരോഗ്യ ദൃഢഗാത്രനും നല്ല കായികശേഷിയുള്ള മുരുഗന്‍ പുറമേ ഒരു അന്തര്‍മുഖനായിരുന്നു. ആരോടും അധികം മിണ്ടാത്ത പ്രകൃതം. തൂത്തുക്കുടിയിലെ അമ്മാള്‍ സ്ട്രീറ്റിലെ എട്ടാം നമ്പര്‍ ഇരുനിലവീട്ടിലെ ഏക മകന്‍. പെണ്ണിനോടും കുടുംബത്തോടും കൂറുള്ളവന്‍. രണ്ടാഴ്ച കൂടുമ്പോ പൊണ്ടാട്ടിയെയും മക്കളെയും പാര്‍ത്തു വരും. അതായിരുന്നു മുരുകന്‍റെ ചര്യകള്‍.

മുരുഗന്‍ തൂത്തുകുടിയില്‍ പോവുന്ന ദിവസങ്ങളില്‍ വീട് വൃത്തിയാക്കാന്‍ ജോലിക്കാരുടെ കൂടെ ഭാനുമതിയും ചെല്ലുമായിരുന്നു. വീട് എങ്ങനെ നോക്കുന്നു എന്നറിയാനായിരുന്നു മിക്കപ്പോഴും ഈ പോക്ക്. അടുക്കുചിട്ടയോടെ ക്രമീകരിചി​രി​ക്കുന്ന ആ വീട്ടില്‍ അധികം ജോലിയൊന്നും ജോലിക്കാര്‍ക്കായി മുരുഗന്‍ കാത്തു വച്ചിരുന്നില്ല. വൃത്തിയും വെടിപ്പുമുള്ള വങ്കനെ ഭാനുമതിക്ക് ബോധിച്ചു.

മുരുഗന്റെ തമിഴ് ഭാനുമതി പഠിച്ചു വരുന്നതെ ഒള്ളു. എങ്കിലും വീട്ടില്‍ ഉണ്ടാക്കുന്ന പ്രാതലുമായി വാതിലില്‍​ മുട്ടിയ ഒരുനാള്‍ ഭാനുമതിയെ കാത്തു ​നിന്നത് ​നെഞ്ചുവിരിച്ച അതി കാ​യനായ മുരുന്റെ നെഞ്ചത്ത് ​കൂട്കൂടിയ രോമങ്ങളായിരുന്നു. തുടക്കത്തില്‍ അകത്തേക്ക് പ്രവേശനം ഇല്ലാതിരുന്ന ദോശക്കും ചട്ടിണിക്കും മാസങ്ങള്‍ കൊണ്ട് ഭാനുമതി പ്രവേശനാനുമതി സൃഷ്ടിച്ചു. ഇഡലിയും ദോശയും ഒക്കെയായി മുരുഗന്റെ നാവിലെ രസമു​കു​ളങ്ങള്‍ക്ക് പരിചിതമായ രുചിഭേദങ്ങള്‍ ഭാനുമതി മാറ്റിമറിച്ചു. നാട്ടിന്‍ പുറത്തെ നൂലപ്പവും, പുട്ടും കടലക്കറിയും മുരുഗന്‍ രുചിച്ചറിഞ്ഞു. 

മുരുഗന്‍ അറിയാതെയാണ് ഭാനുമതി മുരുഗന്റെ നെഞ്ചിലെ രോമക്കൂടുകളില്‍ മുരുഗ​ന് ​പരിചിതമല്ലാത്ത തരം സ്നേഹങ്ങളെ അടവിരിക്കാന്‍ വച്ചത്. വഴിതെറ്റിപോവുന്ന നോട്ടങ്ങളും സ്പര്‍ശനങ്ങളുമായി ഭാനുമതി മുരുഗനെ കെട്ടാതെ കെട്ടിയിട്ടു. തൂത്തുക്കുടിയിലെ ഇരുനിലവീട്ടില്‍ മറന്നുവച്ച് പോരാറുള്ള കാമനകള്‍ മുരുഗന്‍ അറിയാതെ ഒരിക്കല്‍ കൂടെ വന്നിട്ടുണ്ടാവും. അങ്ങനെയാവണം ഭാനുമതിയുടെ നോട്ടങ്ങളിലും അവളുടെ കല്ലിച്ച മാറുകളിലും ​തട്ടിത്തടഞ്ഞ് മുരുഗന്‍ അവളുടെ അരകെട്ടിലേക്ക് കമിഴ്ന്ന​ടിച്ചു വീണത്‌.

സൂര്യന്‍ പുറത്തു ചാടും മുന്‍പേ അപ്പവും മുട്ടക്കറിയും ഉണ്ടാക്കുന്ന ഭാനുമതിക്ക് വേറെ പലതും അറിയാമായിരുന്നു. സൂര്യന്‍ ദിക്കുന്നതിനു മുന്‍പേ ചെയ്‌താല്‍ ഫലം കിട്ടുന്ന പലതും. മുരുഗന്റെ രോമകെട്ടുകളില്‍ കൂട്കൂടി മുട്ടയിട്ടു അവയ്ക്ക് അടയിരുന്നു കുഞ്ഞുങ്ങളെ പ്രസവിച്ചാ​ല്‍ ​ചന്ദ്രമോഹന്റെ തലമുറ വളരില്ല. 

പക്ഷെ..

പലപല നാളുകളില്‍ ഇളക്കമുള്ള കട്ടിലിനപ്പുറത്തു പുട്ടും കടലക്കറിയും, ചിലപ്പോള്‍ അപ്പവും മുട്ടറോസ്റ്റും, ദോശയും ചമ്മന്തിയും മുരുകനെ കാത്തു ആവിയാറി കിടന്നു. ചൂടാറിയ കടലക്കറി ബാഷ്പമായി അവശേഷിപിച്ച വെള്ളതുള്ളികള്‍ വീണ്ടും കറിയിലെക്ക് ചാടുമ്പോള്‍ മുരുഗന്റെ വിക്ഷേപണങ്ങള്‍ ഭാനുമതി ആവാഹിച്ചു കഴിഞ്ഞിരിക്കും. മുരുഗന്റെ നെഞ്ചില്‍ തളര്‍ന്നു കിടക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ അളവില്ലാത്ത സ്വത്തുകള്‍ക്ക് വരുന്ന അവകാശിയെ കുറിച്ച് ഭാനുമതി സ്വപ്നം കണ്ടു. ചന്ദ്രമോഹന്‍ തന്റെ മടിയിലിരുത്തി ലാളിക്കുന്ന തന്റെ പിന്മുറ.   

എല്ലാം അറിയാവുന്ന ഭാനുമതി വിഷാദത്തിന്റെ ഇടനേരങ്ങളില്‍ ഇടയ്ക്കിടെചന്ദ്രമോഹനെയും ഉദ്ധീപിപ്പിച്ചിരുന്നു. അങ്ങനെ ഭാനുമതി ചന്ദ്രമോഹനു പുതിയ മോഹങ്ങളും സ്വപ്നങ്ങളും നല്‍കി. ഭാനുമതി ഇപ്പോഴും സന്തോഷവതിയായി കാണപെട്ടു. ചന്ദ്രമോഹനാവട്ടെ പിറുപിറുത്തു കൊണ്ട് അവളില്‍ സായൂജ്യമടഞ്ഞു.

ഭാനുമതി ഗര്‍ഭിണി ആയതറിഞ്ഞു ചന്ദ്രമോഹനു സന്തോഷമോ ദുഖമോ ഒന്നും തോന്നിയില്ല. ഇനി ഒരു പെണ്‍കുട്ടി ജനിക്കുന്നത് ചന്ദ്രമോഹനെ സംബന്ധിച്ച് സഹിക്കാന്‍ കഴിയില്ലായിരുന്നു. തലമുറകളായി കൈമാറി പോരുന്ന സുകൃതം എന്നില്‍ അവസാനിക്കുമല്ലോ എന്നതിനപ്പുറം ആണ്‍കുട്ടിയുണ്ടാ​വാ​ത്തത് ഒരു ത​രം ​ഷണ്ടത്വമായി ചന്ദ്രമോഹന്‍ കണ്ടു.

നെഞ്ചു പിടഞ്ഞു ദിവസങ്ങള്‍ ചോരുമ്പോള്‍ മുരുകന്‍ ചന്ദ്രമോഹന്റെ മുന്നില്‍ തലതാഴ്ത്തി നടന്നു. ഭാനുമതി കൊണ്ട് വച്ചിട്ട് പോവുന്ന പ്രാതലില്‍ പ്രണയത്തിന്റെ ഇഡലി തന്നയാണോ എന്ന് മുരുകന്‍ സംശയിച്ചു. ഭാനുമതിക്ക് അപ്പുറത്ത് മനംപിരട്ടുമ്പോ മുരുകന്‍ തന്റെ മുറിയില്‍ ഇരുന്നു ഓക്കാനിച്ചു. തൂത്തുകുടിയിലെ ഉഷ്ണത്തില്‍ വിയര്‍ത്തു പൊടിഞ്ഞ പൊണ്ടാട്ടി പൊങ്കലും ചട്ടിണിയും കൊണ്ടുവന്ന പാത്രത്തില്‍  ഭാനുമതിയുടെ ചട്ടിണിയുടെ രുചി തികട്ടിവന്നു. ഭാനുമതിക്ക് പൊങ്കല്‍ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു. തന്റെ പൊണ്ടാട്ടിക്കു പുട്ടും ഉണ്ടാക്കാന്‍ അറിയില്ല എന്ന് മുരുഗന്‍ വിഷമത്തോടെ ഓര്‍ത്തു.

ഭാനുമതിക്കായി മുരുകന്‍ തൂത്തുക്കുടി നുറുക്കും തിരുനെല്‍വേലി ഹല്‍വയും കൊണ്ടുവന്നു. ഭാനുമതി ഒരുപാട്ഇഷ്ടത്തോടെ അതെല്ലാം ആക്രാന്തം കാട്ടിത്തിന്നു. മുരുഗന്റെ മുഴുവന്‍ സ്നേഹവും ആ ഹലുവയിലും നുറുക്കിലും ഉണ്ടായിരുന്നു. ഭാനുമതി ആര്‍ത്തിയോടെ  തിന്നുന്നത് കണ്ടു  നുറുക്ക് രുചിച്ച നോക്കിയ ചന്ദ്രമോഹനു കല്ല്‌ കടിച്ചതിന്റെ പിന്നിലെ കഥ ഭാനുമതിക്കല്ലാതെ വേറെആര്‍ക്കും അറിയില്ലായിരുന്നു. 

മൂന്നു പ്രസവിച്ച ഭാനുമതിക്ക് ഈ ഗര്‍ഭത്തോടെ മതിയായി. മൂന്നു പ്രസവങ്ങളും അധികം ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞപ്പോള്‍ ഇത് അവളെ​ അക്ഷരാര്‍ത്ഥത്തില്‍ കരയിപ്പിച്ചു. ചന്ദ്രമോഹനു അതില്‍ വലിയ കാര്യമൊന്നും തോന്നിയില്ല. മുരുഗന്‍ ചിലനോട്ടങ്ങളില്‍ കൂടി ഭാനുമതിയെ സാന്ത്വനിപ്പിച്ചു. ഒരു ഗര്‍ഭത്തിനുമപ്പുറം എന്തോ അമിതഭാരം ചുമക്കുന്ന പോലെ ഊരയ്ക്ക്‌ കയ്യും കൊടുത്ത് അവള്‍ നടന്നു. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ ഒരു പരമാനന്ദം ഗ്രഹിച്ചു മന്ദഹസിച്ചു. 

നാല്പത്തിരണ്ടാമത്തെ ആഴ്ച ഭാനുമതി ഇരുനിറമുള്ള ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചിട്ട. ചന്ദ്രമോഹനു വിരക്തിയില്‍ നിന്നും വിഷാദത്തില്‍ നിന്നും മോചനം കിട്ടി. നാട്ടില്‍ മുഴുക്കെ മധുരം വിതരണം ചെയ്തു തന്റെ തലമുറയുടെ ജനനം ആഘോഷിച്ചു. എല്ലാവര്ക്കും കൊടുക്കുന്നതില്‍ അധികം മുരുഗനും കിട്ടി മധുരം. ഭാനുമതിയാവട്ടെ കുഞ്ഞിനെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ മുരുഗനെ തിരഞ്ഞു. വിഷാദത്തിന്റെ കയത്തില്‍ നിന്ന് പല്ലിളിച്ചു എണീച്ചു വന്ന ചന്ദ്രമോഹന്‍ കുഞ്ഞിനു മുരളിമോഹന്‍ എന്ന് പേരിട്ടു. മടിയിലിരുത്തി കൊഞ്ചിച്ചു അവനെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. 

മുരുകന്‍ ഭാനുമതിയുടെ പ്രസവ ദിവസം വൈകുന്നേരം ആരോടും പറയാതെ തൂത്തുക്കുടിയിലേക്ക് പോയി. മുരുഗനെ കാണതെ ഭാനുമതി കരഞ്ഞില്ല പക്ഷെ അച്ഛനെ കാണാതെ കുഞ്ഞു കരഞ്ഞു.  ഭാനുമതി അവനു ചൂടും ചൂരും നല്‍കാന്‍ വെമ്പല്‍കൊണ്ട് അവനെ ഒട്ടികിടന്നു. മുരുഗനാവട്ടെ പൊണ്ടാട്ടിയുടെ നെഞ്ചില്‍ അവളറിയാതെ ഏങ്ങലടിച്ചു കരഞ്ഞു. മുരുഗന്റെ പൊണ്ടാട്ടി തന്റെ നെഞ്ചിലെ ചൂടുമുഴുവന്‍ മുരുഗന് കൊടുത്തു കൂര്‍ക്കം വലിച്ചുറങ്ങി.

അന്നൊരു ദിവസം ഇരുട്ടുകുത്തി മഴ വന്നപ്പോള്‍ മുരുഗനും മഴയോടപ്പം വന്നു. മുരുഗനെ കണ്ട മാത്രയില്‍ ഭാനുമതി കുഞ്ഞിനെ എടുത്തു മുരുഗന് സമര്‍പ്പിച്ചു. അതിയായ സന്തോഷത്തോടെ മുരുഗന്‍ തന്റെ കുഞ്ഞിനെ ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു. പിന്നെ ഒരു മാത്രയില്‍ മുരുഗന്റെ അടുത്തു നിന്ന് മുരളിമോഹനെ വാങ്ങിയ ഭാനുമതി അവനെ മുലയൂട്ടാന്‍ തുടങ്ങി. മുരുഗന്‍ പരുങ്ങി തൊഴുത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

ദിവസങ്ങള്‍ മുരളിമോഹന്റെ കാലനക്കത്തിലും കയ്യനക്കതിലും തട്ടി വീണു പോയി. ഭാനുമതി കഷായം കുടിച്ചും ലേഹ്യം തിന്നും വിവിധതരം തൈലങ്ങള്‍ പു​രട്ടി​യും പ്രസവരക്ഷാ ചികിത്സകളില്‍ മുഴുകി. ചന്ദ്രമോഹന്‍ മുരളിമോഹനെ ലാളിച്ചു ജീവിച്ചു. തൂത്തുകു​ടി​യിലെ വീട്ടില്‍ പൊണ്ടാട്ടിയുടെ നെഞ്ചത്ത് കിടന്നു മുരുഗന്‍ ഭാനുമതിയുടെ പുട്ടും കടലയും സ്വ​പ്നം ​കണ്ടു.

അന്നൊരു നാള്‍ മുരളിമോഹന്‍ മുട്ടി​ലി​ഴഞ്ഞു മുരുഗന്റെ മുറിയിലേക്ക് കയറിചെന്നപ്പോള്‍ എടുക്കാന്‍ ചെന്ന ഭാനുമതിയെ പുണരാന്‍ ശ്രമിച്ച മുരുഗനെ അവള്‍ തട്ടിമാറ്റി കുതറിയോടി. കുഞ്ഞിനെ എടുത്തു ദേഷ്യത്തോടെ ഭാനുമതി കരഞ്ഞുകൊണ്ട് ചന്ദ്രമോഹനെ കണ്ടുപറഞ്ഞു. 

" ഇനിയിപ്പോ നമ്മുക്ക് വാടകക്കാരെ ആവശ്യമില്ല. 
  മുരളിമോഹന് കളിക്കാന്‍ ധാരാളം സ്ഥലം വേണം. 
  അത് കൊണ്ട് ആ വങ്കനെ നമ്മുക്ക് പറഞ്ഞു വിടാം."

ചന്ദ്രമോഹനു ഭാനുമതി പറഞ്ഞാല്‍ പിന്നെ ആരോടും ചോദിക്കാനും ഇല്ലായിരുന്നു. മുരുഗന് ഒന്നും മനസ്സിലായില്ല. അല്ലങ്കിലും ആഡ്യന്‍മാരുടെ ഭാര്യമാരുടെ മനസ്സിലുള്ളത് ആര്‍ക്കും മനസ്സിലാവില്ല. അവര്‍ ചിന്തിക്കുന്നതും അവര്‍ ചെയ്തു കൂട്ടുന്നതിനെയും പറ്റി അവര്‍ക്ക് മാത്രെമേ അറിവുണ്ടായിരുന്നൊള്ളൂ. ഭാനുമതി കാണിച്ച പ്രണയത്തിന്റെ അസ്ഥി​ത്വാവലോകനം നടത്താന്‍ മുരുഗന്റെ മനസ്സിന് അറിയില്ലായിരുന്നു. മുരുഗന് അപ്പോഴും തന്റെ നാവില്‍ പടര്‍ന്ന ഭാനുമതിയുടെ പുട്ടും കടലക്കറിയും ഒക്കെയായിരുന്നു മനസ്സില്‍. ഒരിക്കല്‍ ഭാനുമതിയോട് ചോദിച്ച് പുട്ട് ഉണ്ടാക്കുന്നത് പഠിച്ചെടുത്തു തന്റെ പൊണ്ടാട്ടിക്ക് പറഞ്ഞു കൊടുക്കണം എന്നൊക്കെ മുരുഗന്‍ കരുതിയിരുന്നു. പക്ഷെ എത്രപെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. ചന്ദ്രമോഹന്‍ വന്നു വീട് ഒഴിഞ്ഞു കൊടുക്കണം എ​ന്ന് പറഞ്ഞപ്പോള്‍ ജനാല​കള്‍ക്കിടയിലൂടെ ഭാനുമതി തന്നെ നോക്കുന്നുണ്ടോ എന്നായിരുന്നു മുരുഗന്‍ നോക്കിയത്. ഭാനുമതി അന്നേരം മുരളി മോഹന്റെ അപ്പി കഴുകിക്കൊടുക്കുകയായിരുന്നു.

അപ്പികഴുകിയ വെള്ളം ഒലിച്ചു പോവുന്ന വഴിയെ മുരുഗന്‍ പുറത്തേക്ക് നടന്നു. ആ വിത്തുകാള ആ നാട്ടിലെ കച്ചവടം നിര്‍ത്തി തൂത്തുകുടിയിലേക്കുള്ള വഴിയെ എന്തെല്ലാമോ ഓര്‍ത്തു നടന്നു.



2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

പിറക്കാതെ പോയവള്‍



ദൈവം കരയുകയായിരുന്നു ഇരുട്ടടഞ്ഞ ആ മുറിയില്‍. ഇര്‍ഷാദിന്‍റെ കട്ടിലിനടുത്ത്. നീലക്കണ്ണുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീരില്‍ ദൈവചൈതന്യം തിളങ്ങിക്കിടന്നു. ദൈവത്തിനും അടിമയുടെ ആത്മാവിനുമിടയില്‍ നടക്കുന്ന പ്രണയത്തെ നിര്‍വചിക്കുന്ന കരച്ചിലായിരുന്നു അത്. വിശ്വാസത്തിന്റേതും വികാരത്തിന്‍േറതുമായ തിരിച്ചറിയലുകള്‍, അതിനപ്പുറം ദൈവസ്നേഹത്തിന്‍റെ ഉദാഹരണവും. 

*   *  *

ഇര്‍ഷാദ്‌ ഉറങ്ങുകയാണ്. 
ഇരുള്‍ പടര്‍ന്നുകയറിയ കിനാക്കോട്ടയിലെ കാഴ്ചകള്‍കാണുന്ന നേരം.  ഷഹനയാണ് സ്വപ്നങ്ങളില്‍‍. അവളുടെ നിഷകളങ്കമായ മുഖത്തുനോക്കി ഇര്‍ഷാദിരിക്കുന്നു. അകലെ സ്വര്‍ണ്ണംപൂക്കുന്ന സൂര്യന്‍റെപ്രഭ ഒരു പാളിപോലെ ഷഹനയുടെ മുഖംഭേദിച്ച് ഇര്‍ഷാദിന്‍റെ കുറ്റിത്താടിയില്‍  തട്ടി. ആ സൂര്യപ്രഭയെ തടഞ്ഞുകൊണ്ട് മുത്തുമാലയണിഞ്ഞു വെള്ളയുടുപ്പിട്ട ഒരു പിഞ്ചുകുഞ്ഞ് അങ്ങോട്ട്‌ നടന്നുവന്നു. 

"പ്പാ..
 പ്പാ.."

പൂര്‍ണ്ണമാവാത്ത ആ വിളികള്‍ ഇര്‍ഷാദിന്‍റെ കാതുകളെ ഇക്കിളിപ്പെടുത്തി. ഇര്‍ഷാദിന്‍റെ ഇരുണ്ട ചുണ്ടുകള്‍ ഉറക്കത്തിലും ചിരിച്ചു. ഉറക്കത്തിന്‍റെ ഉള്ളില്‍നിന്നുംവന്ന ആ കുട്ടിയുടെവിളി ഇര്‍ഷാദിന്‍റെ ഖല്‍ബിന്‍റെ ഇക്കിളികൂട്ടുന്ന ഇടങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെയാവണം ഇര്‍ഷാദ്‌ ചിരിച്ചത്. 

അവള്‍ എന്തെല്ലാമോ ഇര്‍ഷാദിനോട് പറഞ്ഞു. ഷഹന പറഞ്ഞതൊന്നും  ഇര്‍ഷാദിനു മനസ്സിലായില്ല. ഷഹന അവളെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു. എന്നിട്ട് അവളോട്‌ സ്വകാര്യമായി ചെവിയില്‍ എന്തോപറഞ്ഞു. അവള്‍ കിലുകിലെ ചിരിച്ചു. ആ ചിരിയില്‍ ഇര്‍ഷാദിന്‍റെ ഉള്ളിലെ കണ്ണുമടഞ്ഞു. പിന്നെ ആ സ്വകാര്യം ഷഹന ഇര്‍ഷാദിനോടും പറഞ്ഞു. ഷഹന പറഞ്ഞതൊന്നും ഇര്‍ഷാദിനു മനസ്സിലായില്ല. എത്ര സ്നേഹമാണെങ്കിലും സ്നേഹിക്കുന്നവര്‍ തമ്മില്‍ പറയുന്നത് ചിലനേരത്ത് അവര്‍ക്ക് തിരിച്ചറിയില്ല. അങ്ങനെയെന്തോ ആവണം ഷഹന ഇര്‍ഷാദിനോട് പറഞ്ഞത്.

ഒന്നും മനസ്സിലായില്ലന്നമട്ടില്‍ മുഖംമാറ്റിയ ഇര്‍ഷാദിനോട് പിന്നെ ഷഹന ഇര്‍ഷാദിനു കേള്‍ക്കാന്‍ വേണ്ടി തലയുയര്‍ത്തിപ്പറഞ്ഞു. 

"ഇക്കയുടടെ മിഴികളില്‍ നിറയുന്ന എന്‍റെയും മോളുടെയും നിഴലുകള്‍വരെ ഇക്കയെ സ്നേഹിക്കുന്നു. ഇക്കയുടെ നോട്ടങ്ങളില്‍വരെ ഞാന്‍ സുരക്ഷിതത്വം കണ്ടെത്തുന്നു. അകലെയാണെങ്കിക്കൂടി ഈ നിശ്വാസങ്ങള്‍ എനിക്ക് പരിചിതമാണ്. പറയാനറിയാതെ എന്‍റെ വാക്കുകള്‍ നിങ്ങള്‍ക്കുചുറ്റും അലയുമ്പോള്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ പറയാന്‍ ധൈര്യപ്പെടാത്ത പലതും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെവെങ്കിലെന്നു‍."

ഇര്‍ഷാദ്‌ ഷഹനയോട് പറഞ്ഞു

"ഞാന്‍ കാണുന്ന സ്വപ്നങ്ങള്‍ നീ കൂടി കണ്ടിരുന്നെകില്"‍. 

ഷഹന ഈ ന്നു പല്ലു കാണിച്ചു ചിരിച്ചു. 

ഇര്‍ഷാദിന്‍റെ സ്വപ്നങ്ങളിലെ ആ കുട്ടിയുടെ കണ്ണുകള്‍ക്ക്‌ ഷഹനയുടെ കണ്ണിന്‍റെ തിളക്കമുണ്ടായിരുന്നു. ആകാശത്തേക്ക് മുഖമുയര്‍ത്തിനിന്ന ആ കെട്ടിടത്തിലെ പതിനേഴാം നിലയിലെ ഇടുങ്ങിയ ചുമരുകള്‍ക്കുള്ളിലൂടെ ഇര്‍ഷാദിന്‍റെ കിനാക്കോട്ടയിലേക്ക് കടന്നുവരുന്ന മുത്തുമാലയണിഞ്ഞ വെള്ളയുടുപ്പിട്ട കൊഞ്ചുന്ന സ്വപ്‌നങ്ങള്‍. ഇര്‍ഷാദ്‌ സ്വപ്‌നങ്ങള്‍ കണ്ടുകൂട്ടുകയാണ്. 


*   *  *

പണമുണ്ടാക്കാനുള്ള ഓട്ടമാണ് ഈ പ്രവാസത്തിന്‍റെ അലച്ചിലുകള്‍. ഇന്ന് സ്വപ്നങ്ങള്‍ക്ക് ലോണെടുത്തു നാളെകളില്‍ അവയെ സ്വന്തമാക്കാന്‍ പെടുന്നപാട്‍. നിറയെ മരങ്ങളുള്ള വീട്ടില്‍ ഉപ്പയും ഉമ്മയും ഷഹനയും ഇനി വരാനിരിക്കുന്ന മോളും. അതിനാണ് ഇര്‍ഷാദ് കഷ്ടപ്പെടുന്നത്. ശാന്തമായൊരു ജീവിതത്തില്‍നിന്ന് ഈ വലിയ ലോകത്തിലേക്ക് ഇര്‍ഷാദ്‌ പറിച്ചെറിയപ്പെടുകയായിരുന്നു. ശാന്തതയില്‍ നിന്ന് ശാന്തതിയിലെക്കുള്ള ദൂരത്തിനിടക്ക് കടന്നുവന്ന പ്രവാസത്തിന്‍റെ ഒറ്റെപ്പെടലും വിരഹത്തിനെ ചൂടും. എല്ലാം ഇര്‍ഷാദിന് മടുത്തുതുടങ്ങിയിരിക്കുന്നു.  നാല്‍പ്പതുദിവസംമാത്രം കിനിഞ്ഞുകിട്ടിയ വിവാഹ ജീവിതം. അതിനപ്പുറം ആ നാല്‍പ്പതുദിവസങ്ങളില്‍ അവളുടെയുള്ളില്‍ താന്‍ തറച്ചുകയറ്റിയ ഒരു ജീവന്‍റെ തുടിപ്പും. 

മോളാവും.. 
എന്ത് പേരിടണം?

*   *  *

ഇര്‍ഷാദ്‌ കേറിയ കിനാക്കോട്ടയില്‍ മഴപെയ്തു. ദൈവം കരഞ്ഞുതീര്‍ന്നില്ല. 
അപ്പുറത്തെ ബെഡ്ഡില്‍ കിടക്കുന്ന അബ്ദുക്ക ഒന്ന് ഞരങ്ങി തിരിഞ്ഞു കിടന്നു. 

കണ്ണുനീര്‍ത്തുള്ളികള്‍വീണു നിലംപിളര്‍ന്നിരുന്നു. ദൈവത്തിന്‍റെ കണ്ണുനീര്‍ വീണിട്ടാവണം ഇര്‍ഷാദിന്‍റെ കിനാക്കോട്ടയില്‍ മഴപെയ്തത്. അങ്ങനെയാവണം ഇര്‍ഷാദ്‌ ഉണര്‍ന്നതും.ദൈവത്തെ കണ്ടതും ഇര്‍ഷാദിന്‍റെ കണ്ണുനിറഞ്ഞു. 

അഞ്ചു നേരം കഅബക്ക് നേരെ തിരിഞ്ഞു തന്നെക്കുമ്പിടുന്ന തന്‍റെ ഒരടിമയുടെ മുന്നില്‍ ദൈവം നേരിട്ടിറങ്ങി വന്നിരിക്കുന്നു. 

കിനാക്കോട്ടയില്‍ ഇടിവെട്ടി മഴപെയ്തു.

മേഘക്കെട്ടില്‍ക്കിടക്കുന്ന ദൈവത്തിന്‍റെ നനുത്ത പഞ്ഞിക്കെട്ടുപോലുള്ള മാറിടത്തിലേക്ക് മുഖംചേര്‍ക്കാന്‍തോന്നി. ആ കാരുണ്യം ഇര്‍ഷാദ്‌ അനുഭവിച്ചു. കരയുന്നനിമിത്തങ്ങളില്‍ അവന്‍ വിശ്വസിച്ചില്ല. എന്നാലും ദൈവത്തിന്‍റെ കാരുണ്യത്തെ ഇര്‍ഷാദ്‌ തൊട്ടറിഞ്ഞു. 

ചിലനേരത്ത് ദൈവത്തിന് ഇരുട്ടില്‍നില്‍ക്കുന്ന കരിമ്പൂച്ചയുടെ സ്വഭാവമാണ്. ആരും കാണാതെ കണ്ണുകളില്‍ തെളിച്ചം വിതാനിച്ചു അകലത്ത് മറഞ്ഞുനില്‍ക്കും. നിലമറിയാതെ വീഴാനും ഉള്ളറിയാതെ പാലുകുടിക്കാനും മടിയിലിരുന്ന് തൂങ്ങിക്കുറുകാനും അറിയുന്ന കരിമ്പൂച്ചയാണ് ദൈവം‍.

പിന്നീട് ദൈവത്തിന്‍റെ കുമ്പസാരമായിരുന്നു.

ദൈവം ആരെയും വെറുക്കുന്നില്ല. എല്ലാവരെയും സ്നേഹിക്കുന്നു. മഴയായും തണലായും ചിലനേരത്ത് തണുത്ത കാറ്റായും ദൈവസ്നേഹം ആകാശം കടന്നെത്തുന്നു. ഒരു തരത്തില്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. ഓരോ നിമിഷങ്ങളിലും തന്‍റെ അടിമകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്ന ദൈവം നീതിമാനായിരുന്നു. ഏതൊരു കാര്യവും അതിന്റേതാതായരീതിയില്‍ ദൈവം കൈകാര്യംചെയ്യുന്നു. അത് ചെറിയകാര്യമോ വലിയകാര്യമോ എന്നില്ലാതെതന്നെ. എന്നാലും ചിലകാര്യങ്ങളില്‍ ദൈവം മനുഷ്യരെ വേദനിപ്പിക്കുന്നു. ദൈവത്തിന്‍റെ തീരുമാനങ്ങള്‍ വേദനയാവുന്നു. പല കാരണങ്ങള്‍ കൊണ്ടാവാം.. മനുഷ്യനറിയാത്ത കാരണങ്ങള്‍.  

കുമ്പസാരം കഴിഞ്ഞപ്പോള്‍ സൂര്യനേയും ചന്ദ്രനേയും എടുത്തു പന്താടുന്നദൈവം പിന്നെയും കരഞ്ഞു. പിന്നാലെ ഇര്‍ഷാദും. 

ഇന്നുകളെയും നാളെകളെയും തിരഞ്ഞെടുത്തു നമ്മുടെ ദിവസങ്ങളിലേക്ക് എറിഞ്ഞുതരുന്ന ദൈവം കരഞ്ഞത് നാളെയില്‍ നിന്ന് ഒരു ജീവനെ എടുക്കുന്നതിനായിരുന്നു. സ്വപ്നങ്ങളില്‍നിന്നും ആ വെള്ളയുടുപ്പണിഞ്ഞ ആ കുഞ്ഞിനെ തിരിച്ചെടുക്കാന്‍ വന്നതായിരുന്നു ദൈവം. 

കിനാക്കോട്ടയിലെ കുളത്തില്‍ ഇര്‍ഷാദിന്‍റെ സ്വപ്‌നങ്ങള്‍ ചത്തുപൊങ്ങി.

ഇര്‍ഷാദിനെ നോക്കിനിന്ന മൗനിയായ ദൈവത്തിന്‍റെ മുഖത്ത് അപ്പോഴും ഒരിക്കലുംവറ്റാത്ത ആ കനിവ് ഒട്ടിനിന്നു. 

സങ്കടങ്ങളുടെ മഴമേഘങ്ങള്‍ നിഴല്‍വീഴ്ത്തിയ കിനാക്കോട്ടയില്‍ ഇര്‍ഷാദ് പരിഭവിച്ചു ദൈവത്തെ കുറ്റപ്പെടുത്തി.   

ജനനത്തിനു മുന്നേ നീ എന്നെ അറിഞ്ഞു. ശ്വസിക്കാന്‍ തുടങ്ങുന്നതിനുമുന്നേ എനിക്കു നീ കൈകള്‍തന്നു. കണ്ണു തുറക്കുന്നതിനുമുന്നേ നീയെനിക്ക് സ്നേഹംതന്നു. കുട്ടിക്കാലത്തു മനസ്സില്‍ വിത്തെറിഞ്ഞ സ്വപ്നങ്ങള്‍ മുളക്കാതെ വന്നപ്പോള്‍ അവയെ വാരിക്കൂട്ടി ദൂരെയെറിഞ്ഞ നാളുകളും കാലങ്ങളില്‍ കനത്തുപോയ ജീവിതത്തെ താങ്ങിനിര്‍ത്താന്‍ താലോലിച്ച സ്വപ്നങ്ങളും. ഈ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന മനുഷ്യര്‍. ഇങ്ങനെ ഇടറിജീവിക്കുന്ന മനുഷ്യരോട് അങ്ങേക്ക് എങ്ങനെ നീതിപുലര്‍ത്താനാവും. ഈ വിചിത്രലോകത്തു ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ആശകള്‍ നല്‍കി ആ നിമിഷത്തില്‍ത്തന്നെ അതെല്ലാം തിരിച്ചെടുക്കുമ്പോള്‍ എന്ത് ന്യായവാദമാണ് ഞാന്‍ തിരിച്ചുപ്രതീക്ഷിക്കേണ്ടത്. ഇത് ശിക്ഷയല്ല, ഇതിലും നല്ലത് എന്തോ വരാനിരിക്കുന്നു എന്നും പറയുന്ന അങ്ങയുടെ മുടന്തന്‍വാദങ്ങള്‍ എന്തിനു വേണ്ടി?

ഇനിയും എണ്ണമറ്റ കുറ്റപ്പെടുത്തലുകള്‍ക്കുള്ള വാക്കുകള്‍ തിരയുന്ന ഇര്‍ഷാദിന്‍റെ ദയനീയമായ കാഴ്ച കാണാനാവാതെ ദൈവം ആകാശത്തിലേക്കുയര്‍ന്നു. 

രാത്രിയില്‍ വിരുന്നുവന്ന ദൈവത്തെയും ദൈവംതന്ന സങ്കടങ്ങളെയും സ്വീകരിച്ചിരുത്തിയ ഇര്‍ഷാദിന്‍റെ തിളക്കമുള്ള കണ്ണുകള്‍ കരഞ്ഞില്ല. 

കിനാക്കോട്ടയില്‍ കൊടുംകാറ്റ് വീശി. സങ്കടമഴപെയ്തു. കൊടുംകാറ്റില്‍ ഇര്‍ഷാദും ഷഹനയും ഒറ്റപ്പെട്ടു. തന്‍റെ മാറിലേക്ക് പടര്‍ന്നുകയറിയ അവളുടെ സങ്കടങ്ങളെ നെഞ്ചിലേറ്റി അവളെ ചുറ്റിപ്പിടിച്ച് ഇര്‍ഷാദ്‌ അനങ്ങാതെ നിന്നു. 

മനസ്സിലെ നോവ്‌ പെയ്തൊഴിഞ്ഞു. ദൈവത്തിന്‍റെ കണ്ണുനീര്‍തട്ടിനനഞ്ഞ കൈത്തടംകൊണ്ട് ഇര്‍ഷാദ്‌ മൂക്കുപിഴിഞ്ഞു. 

കരുണയില്ലാത്ത ദൈവം, ചൈതന്യമില്ലത്തെ ദൈവം. തനിക്ക് തന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഷഹനയുടെ ഉദരത്തില്‍ നിന്നുതന്നെ ദൈവം എന്‍റെ കുഞ്ഞിനെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഈ വിചിത്രലോകത്തെ നീതി ലഭിക്കാത്ത കൊഞ്ചുന്നസ്വപ്‌നങ്ങള്‍ ഇവിടെ അവസാനിക്കുന്നു. 

തിമിര്‍ത്തുപെയ്ത സങ്കടമഴയില്‍ നനഞ്ഞ് തലയിണയിലേക്ക് മുഖംപൂഴ്ത്തി ഇര്‍ഷാദ്‌ കരഞ്ഞു. വിചിത്രലോകത്തിന്‍റെ വര്‍ണ്ണക്കാഴ്ചയില്‍നിന്ന് പൊട്ടിയകന്നുപോയ പട്ടത്തിന്‍റെ നൂലിഴകള്‍ അന്തരീക്ഷത്തില്‍ അലയുന്നപോലെ ഇര്‍ഷാദും ഇര്‍ഷാദിന്‍റെ പുതിയ കിനാക്കളും അലഞ്ഞു. തന്‍റെ ആകാശവും ഭൂമിയും ഇര്‍ഷാദിന്‍റെ നെഞ്ചിലാണെന്ന ബോധത്തില്‍ ഷഹന അനക്കമില്ലാതെ തേങ്ങിക്കരഞ്ഞു. 

ഇതൊന്നുമറിയാതെ അബ്ദുക്ക പിന്നെയും ഉറക്കത്തില്‍ ഞരങ്ങി തിരിഞ്ഞുകിടന്നു.



2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

അഴുകിയ മാമ്പഴങ്ങള്‍ (rotten breasts)



അന്ന് ആ വഴിത്താരയില്‍ വീണ്ടും മാമ്പൂക്കളുടെ മണം. ആകാശങ്ങള്‍ക്കപ്പുറത്തുനിന്നും വിരുന്നവന്ന ഋതുക്കളുടെ മണം. കാണാക്കാഴ്ചകള്‍ക്ക് മേലെ കുന്നിന്‍പുറത്തെ എന്നും പൂത്തിരുന്ന മരമില്ലേ, അതിപ്പോള്‍ പൂക്കാറില്ല. അതൊന്നും ആരും അറിയുന്നേയില്ല. അല്ലെങ്കില്‍ ഗൗനിക്കുന്നില്ല.

അവളും അങ്ങനെയാവുകയാണ്. അവളല്ലാതെയാവുകയാണ്. എന്നും കടന്നുപോവുന്ന കണ്‍കളില്‍പ്പെടാതെ. ഒന്നു പൂക്കാതെ എത്രനാള്‍.. സാധാരണമായ കാഴ്ചകള്‍ ആരുടേയും കണ്ണില്‍പ്പെടാതെ പോകുമ്പോലെ ഇതും ആരും അറിയണമെന്നില്ല. അവളുടെ മുലകള്‍ തൂങ്ങിയിരിക്കുന്നു. ഇടിഞ്ഞിരിക്കുന്നു. മാമ്പൂ മണക്കുന്ന വഴിത്താരകളിലൂടെ നടന്നകലുമ്പോള്‍ വഴിവക്കില്‍ പലരും അവളുടെ മുലകളെ അസൂയയോടെയും കാമാത്തോടെയും നോക്കിയിരുന്നു‍. അവള്‍ വരുമ്പോഴും പോകുമ്പോഴും പലരുടെയും ശ്വാസം പിടിച്ചു നിര്‍ത്തിയിരുന്ന ആ ഭംഗിയുള്ള മുലകള്‍.

ഇപ്പോള്‍ കുറെനാളായി ആരെങ്കിലും ആ മുലകളെ കാര്യമായിട്ടു നോക്കിയിട്ട്. അല്ലെങ്കില്‍ത്തന്നെ ഇനി അത് നോക്കിയിട്ടും കാര്യമില്ല. പഴയ ആകാരമില്ല. വടിവില്ല. അതങ്ങനെ ഉടഞ്ഞു പോയിരിക്കുന്നു. തൂങ്ങിയിരിക്കുന്നു. ഇടിഞ്ഞ മുലകള്‍ ആരുടേയും കാഴ്ചക്ക് മുകളില്‍ എത്തുന്നില്ല.

സ്വപ്നങ്ങളില്‍ അവളുടെ ഇടിഞ്ഞ മുലകളില്‍ കൂടി ഒരു കൂട്ടം കുട്ടികള്‍ ഉതിര്‍ന്നിറങ്ങിപ്പോയി. മുലഞെട്ടുകള്‍ ചവിട്ടിമെതിച്ച സ്വപ്നങ്ങള്‍ അവളുടെ ഉറക്കം കെടുത്തി.

മാമ്പൂക്കള്‍ വിരിഞ്ഞ കുഞ്ഞുടുപ്പുകളില്‍നിന്ന് കസവുള്ള പട്ടുപാവാടയിലേക്കും പട്ടുപാവാടയില്‍ നിന്ന് കടുത്ത നിറമുള്ള സ്കൂള്‍ കുപ്പായങ്ങളിലേക്കും പിന്നെ പിന്നെ അര്‍ദ്ധസുതാര്യമായ ബ്ലൌസുകളിലെക്കും അവളും അവളുടെ  മുലകളും വളര്‍ന്നുനിറയുമ്പോള്‍ അവള്‍ വല്ലാതെ അഹങ്കരിച്ചിരുന്നു.

കൌമാരത്തില്‍ ഇരുട്ടുമൂടിയ രാത്രികളിലെ കിനാവുകളില്‍ അവളുടെ മുലഞ്ഞെട്ടുകളില്‍ വര്‍ണ്ണങ്ങള്‍ ചലിച്ചു ശലഭങ്ങളും ഇക്കിളി കൂട്ടുന്ന തുമ്പികളും വന്നിരുന്നു.

പക്ഷെ ഇന്നോ? നേര്‍ത്തുനേര്‍ത്ത് ഉണങ്ങിയ ആ മുലകളില്‍ കിളികളും കുരുവികളും കാഷ്ടിച്ചു. ശുഷ്കിച്ച നെഞ്ചുമായി നടന്നു പോവുന്നത് അവള്‍ക്കു ചിന്തിക്കാനയില്ല. അവള്‍ക്കു സങ്കടമായി. നിലാവുപെയ്യുന്നപോലെ ചിരിച്ചിരുന്ന അവള്‍ ഈ മാമ്പൂമണത്തില്‍ ഹൃദയം തുറന്നു ചിരിചില്ല. അവളുടെ ചിരി മുഴുവന്‍ മാറിപ്പോയി. കണ്ടാല്‍ തിരിച്ചറിയാത്തവിധം മുഖവും. ഓടുമ്പോള്‍ വഴിപോക്കരുടെ മനമിളക്കിയിരുന്ന മുലകളും ക്ഷീണിച്ചിരിക്കുന്നു.

അവള്‍ കരഞ്ഞു. വെറുപ്പും ദേഷ്യവും കണ്ണീരായി തണുത്തുറഞ്ഞു മുലകളില്‍ വന്നു നിറഞ്ഞു. മുല ഞെട്ടുകളില്‍ അത് പകയായി ശരീരത്തിന്റെ വിസ്മയങ്ങളില്‍ പൂണ്ടു കിടന്നു. സ്നേഹത്തിന്‍െറയും സന്തോഷത്തിന്റെയും മറുകരയില്‍ അവളുടെ മുലകള്‍ അവളെ പല്ലിളിച്ചു കാണിച്ചു. ഈര്‍പ്പമുള്ള പാതിരാ സ്വപ്നങ്ങളില്‍ തുടിച്ചുണരാന്‍ കൊതിച്ച മുലഞെട്ടുകള്‍ തോറ്റുപോയിരിക്കുന്നു. തന്റെ ഇടിഞ്ഞ മുലകളെ കാണിച്ച സ്ഫടികചില്ലുകളെ അവള്‍ വെറുത്തു. അവള്‍ക്ക് എല്ലാവരോടും അമര്‍ഷം തോന്നി.

മഴ വിരുന്നു പോയ ഒരു വേനലിന്റെ ദിവസം ഉടുത്ത ബ്ലൗസ്‌ വലിച്ചു പൊട്ടിച്ച് നിരത്തിലൂടെ ഒരു മനോരോഗിയുടെപോലെ നിലതെറ്റി അവള്‍ അവളുടെ ഇടിഞ്ഞ മുലകളെയും താങ്ങി പാഞ്ഞു. മാമ്പൂ മണക്കുന്ന വഴിത്താരകളില്‍ അവള്‍ തന്റെ അമര്‍ഷം നിറഞ്ഞ മുലകളെ പ്രദര്‍ശിപ്പിച്ചു നടന്നു. നടവഴിയില്‍ അവള്‍ അസ്തിത്വമില്ലാതെ അലറിവിളിച്ചു. അവളുടെ വിഭ്രാന്തിയെക്കാളും ഇടിഞ്ഞ മുലകളിലായിരുന്നു എല്ലാവരുടെയും കണ്ണ്.

ഉടഞ്ഞ മുലകള്‍ക്കുള്ളില്‍ മുഴുവന്‍ ആരോടൊക്കയോ തോന്നിയ അമര്‍ഷമായിരുന്നു. കഴുതക്കാമം കരഞ്ഞു തീര്‍ക്കുകയെന്നപോലെ അവര്‍ വഴിവക്കില്‍ പലരെയും തെറിപറഞ്ഞു. കാലം ചെന്ന് ചെന്ന് ആരും തന്റെ മുലകളെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ നടവഴികളില്‍ കണ്ട എല്ലാവര്ക്കും അവര്‍ തന്‍റെ അമര്‍ഷം തുടിച്ച ശുഷ്കിച്ച മുലകളെ തുറന്നു കാണിച്ചു കൊടുത്തു.

നിമിഷകാമത്തിന്‍ ചുഴികളില്‍ ചിലര്‍ അവരുടെ ഇടിഞ്ഞ മുലകളെ നോക്കി. ഇടിഞ്ഞ മുലകളെ തൊട്ടു നിര്‍വികാരമടഞ്ഞു. ചിലര്‍ അളവുകള്‍ പറഞ്ഞു ചിരിച്ചു. ചിലര്‍ അവളെ ആട്ടിപ്പായിച്ചു. ചിലര്‍ മുലകളില്‍ തൊട്ടു നോക്കി. ചിലര്‍ ഒക്കാനത്തോടെ ചര്‍ദ്ധിച്ചു. അവള്‍ പിന്നെയും അവള്‍ എങ്ങോട്ടെന്നില്ലാതെ ഓടി. അളിഞ്ഞ മാമ്പഴങ്ങള്‍ ആടുന്ന പോലെ അവളുടെ ശുഷ്കിച്ച മുലകളും അവളുടെ കൂടെ ഓടി.

മഴയൊഴിഞ്ഞ വേനലിന്‍െറ ചൂടില്‍ ഭൂമി വിണ്ടുകീറുന്നതു പോലെ അവളുടെ ശരീരം വരണ്ട് കീറി. ചോരവറ്റിയ മുലകള്‍ തല താഴ്ത്തിക്കിടന്നു. പുതുമഴകള്‍ പെയ്തുനിറയുന്നതിനു മുന്‍പ് മാമ്പൂക്കള്‍ പിന്നെയും പൂത്തു. എല്ലാവരും അവളുടെ മുലകള്‍ കണ്ടിരുന്നെങ്കിലും എല്ലാവരെയും വേര്‍തിരിച്ച ഇരുമ്പഴികള്‍കുള്ളില്‍ നിന്നും അമര്‍ഷം കുമിഞ്ഞുകൂടിയ മുലകള്‍ പുറത്തേക്കിട്ട് സഹതപിച്ചു. എന്നിട്ട് പിന്നെയും ആരെയോക്കയോ തെറിവിളിച്ചു. പിന്നെയും കരഞ്ഞു. അവള്‍ അവക്കായി തീര്‍ത്ത തടവറയില്‍ അവളുടെ മുലകളെ താലോലിച്ചും സ്നേഹിച്ചും ചുരുണ്ട്കിടന്നു‍.

അവളുടെ മുലയുടെ വ്യാസത്തിന് കണക്കെ അവളുടെ ചിരികളുടെയും കരച്ചിലിന്‍റെയും അതിരുകള്‍ അവള്‍ തിരിച്ചിട്ടു.  അവള്‍ പറയുന്നതുപോലെ ഇത്രയേറെ തുമ്പികളും ശലഭങ്ങളും വന്നിരുന്ന അവളുടെ മുലകള്‍ക്ക് എന്താണ് പറ്റിയത്? മാമ്പൂമണം നിറയുന്ന അവളുടെ വഴിത്താരകള്‍ക്കെന്താണ് പറ്റിയത്? കാണാക്കാഴ്ചകള്‍ക്ക് മേലെ കുന്നിന്‍പുറത്തെന്നും പൂത്തിരുന്ന മരത്തിനു എന്താണ് പറ്റിയത്?

നാളെ പുതുമഴകള്‍ പെയ്തു തിമിര്‍ക്കുമ്പോള്‍ ഒരുപക്ഷേ  അവളുടെ മുലകള്‍ വീണ്ടും വളരുമായിരിക്കും. പണ്ട് അവളറിയാതെയായിരുന്നു അത് വളര്‍ന്നിരുന്നത്. കുന്നിന്‍പുറത്തെ മരം ഭൂമിയുടെ ഉദരത്തിലേക്ക് വിത്തുതെറിപ്പിക്കുന്നതും ആരോടും പറയാതെയായിരുന്നു.

പക്ഷെ മരക്കൊമ്പിലിരുന്നു പാലംകെട്ടുന്ന കിളികളും കീയാം ചിലക്കുന്ന കുരുവികളും ഉണങ്ങിയ ആ മുലകളില്‍ കാഷ്ടിച്ചു‍. ജീവന്‍ വാര്‍ന്നുപോയ മാമ്പഴങ്ങളെ നോക്കി കിളികള്‍ നെടുവീര്‍പ്പിട്ടു.

അപ്പോഴും ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നു തന്റെ മുലകളെ അവള്‍ പ്രശംസിച്ചു. തത്ത്വശാസ്‌ത്രം പറഞു.

"മുലകള്‍ മനുഷ്യരുടെ പവിത്രമായ തീന്‍മേശയാണ്..
ഇടിഞ്ഞ മുലകള്‍ കുട്ടികള്‍ക്ക് ഉതിര്‍ന്നു കളിക്കാനുള്ള ചരിവുള്ള കുന്നുകളുമാണ്."


2013, ജൂൺ 2, ഞായറാഴ്‌ച

സ്നേഹപ്രവാചകന്‍

അയാളവിടെ ഇരിപ്പുണ്ട്‌, പതിവായി ഇരിക്കുന്ന അതേബെഞ്ചില്‍. അധികമാരും ശ്രദ്ധിക്കാത്ത അതേമൂലയില്‍. ആ ഇരിപ്പിടം അവിടെ എങ്ങനെ വന്നുവെന്ന്‍ ഞാന്‍ ചിന്തിക്കാറുണ്ട്‌. യാദൃശ്ചികമാവാം! ചിലപ്പോള്‍ ഒരു നിയോഗവും. 

എന്തുതന്നെയായാലും പൂക്കള്‍ പൊഴിച്ചുനില്‍ക്കുന്ന ആ പീച്ച്മരമോ ആ ബെഞ്ചോ ഒന്നുമല്ല അയാളാണ്‌ ശ്രദ്ധാകേന്ദ്രം! തടാകത്തിനടുത്തെ ശില്‍പംപോലെ എന്നും, എപ്പോഴും അയാളുണ്ടാകും. 

എന്താണയാളുടെ പേര്‌? എനിക്കോര്‍മ്മയില്ല. അയാള്‍ പലപേരുകളും പറഞ്ഞിട്ടുണ്ടെങ്കിലും ഒരുപേരും അയാള്‍ക്ക്‌ യോജിക്കില്ല. അല്ലെങ്കില്‍ അയാള്‍ക്ക് എല്ലാ പേരുകളും ചേരുന്നുണ്ടാവാം. പക്ഷെ എനിക്കയാളെ ഒരു പേരുമിട്ടുവിളിക്കാന്‍ താല്‍പര്യമില്ല, അതാണുവാസ്തവം.

"ശൂ.. ശൂ.."
നീട്ടി ശൂ വച്ചു. എന്നിട്ട്‌ മിണ്ടാതെനിന്നു. അയാള്‍ ചുറ്റിലും എന്നെ പരതുന്നത്‌ കാണാന്‍ എനിക്കിഷ്ടമാണ്‌.

"എവിടെയാ നീ?
ഇവിടെ വന്നിരിക്കൂ"

നിശ്ചലമെന്നുതോന്നിച്ച ആ കണ്ണുകള്‍ ഇപ്പോള്‍ ഇളകിമറിയുന്നൊരു സമുദ്രംപോലെ. ആ നീലക്കണ്ണുകളില്‍ വെളിച്ചമില്ല എന്നാണയാള്‍ പറയുന്നത്‌. ഞാനതു വിശ്വസിച്ചെന്നുനടിക്കും. കണ്ണുകളടച്ചുവെച്ച്‌ മനസ്സിനെ ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണയാള്‍. അതിനെക്കുറിച്ചു ചോദിച്ചാല്‍ അയാള്‍പറയും കണ്ണുകള്‍ക്ക്‌ തിമിരമാണെന്ന്‍. അങ്ങനെയുമാവാം.. ഈ നശിച്ചലോകത്തിലെ ദുരിതപൂർണ്ണമായ കാഴ്ചകള്‍ കാണാതിരിക്കുകയാണ് നല്ലത്. അതിനുവേണ്ടി ഇല്ലാത്ത തിമിരം ഉണ്ടാക്കുകയാവാം.

കൈനീട്ടിയാല്‍ തൊടാന്‍പറ്റാത്തൊരു അകലം സൃഷ്ടിച്ച്‌ ഞാനിരുന്നു. അയാളതില്‍ പരാതിപ്പെടുമെങ്കിലും അയാളാഗ്രഹിക്കുന്നതുമതാണ്‌. ഇടയിലെ അകലം ഇത്തിരി കുറഞ്ഞുവന്നാല്‍ പതിയെ നീങ്ങി ആ പഴയ അകലം അയാള്‍ സൃഷ്ടിച്ചെടുക്കും. ആരുടേയും ശ്രദ്ധയാകര്‍ഷിക്കാതെ. അകലങ്ങള്‍ സ്വയം സൃഷ്ടിച്ചിട്ട്‌ അതേപ്പറ്റി പരിതപിക്കുന്ന വിചിത്രമനുഷ്യന്‍. എന്തിനോ തേങ്ങുന്ന, അകാരണമായി പരിതപിക്കുന്ന ഒരു ഹൃദയമുണ്ടയാള്‍ക്ക്. അതുതന്നെയാണ് തന്നിലേക്ക് അയാളെ വലിച്ചടുപ്പിച്ചതും, തന്നെ അയാളെക്കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. 

അയാളുടെ നീലക്കണ്ണുകളില്‍ വെളിച്ചമില്ല. എന്നാല്‍ അയാള്‍ക്കൊരു ഊന്നുവടിയുടെ ആവശ്യകതയും ഇല്ല. തീരുമാനിച്ചുറപ്പിച്ച ചുവടുകളും നീക്കങ്ങളും കാഴ്ചയെവെല്ലുന്ന കേള്‍വിയുമായി തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ പരസഹായമില്ലാതെ അയാള്‍ മെല്ലെ വേച്ചുവേച്ചു നടന്നുനീങ്ങുമ്പോള്‍ അയാള്‍ തനിക്ക്‌ എന്തെല്ലാമോ ആണെന്ന് തോന്നാറുണ്ട്‌. 

"നീയന്നു പറയാമെന്ന് പറഞ്ഞ ആ കഥ പറയൂ"
എന്‍റെ ചിന്തകള്‍ക്ക്‌ കടിഞ്ഞാണിട്ടുകൊണ്ട് അയാള്‍ പറഞ്ഞു.

"ഏത്‌?
സ്നേഹമെന്തെന്നു തിരിച്ചറിയാത്ത ആ സ്നേഹപ്രവാചകന്‍റെയോ?"

"ഹ്മ്മ്.. അതെ!"

"കഥകളൊക്കെയും കുട്ടികള്‍ക്കുള്ളതല്ലേ. നിങ്ങളാണെങ്കില്‍ കുട്ടിത്തം തീരെയില്ലാത്തൊരാളും!
പിന്നെന്തിനാ നിങ്ങൾക്ക്‌ കഥകള്‍? "

"എനിക്ക്‌ കേള്‍ക്കണം. നീ പറയൂ"

"പറയാം"
"പക്ഷെ ഒരു നിബന്ധനയുണ്ട്..."
ഞാന്‍ പറയുന്നതിനനുസരിച്ച്‌ അതെല്ലാം മനസ്സില്‍ സങ്കല്‍പ്പിക്കണം.
എന്നാലേ കഥ രസകരമായി തോന്നുകയുള്ളു.."

"ശരി, നീ പറയൂ"
ഞാന്‍ അതിനനുസരിച്ച് മനസ്സില്‍ സങ്കല്‍പ്പിച്ചോളാം"

അയാള്‍ അക്ഷമനായിരിക്കുന്നു. ഒരാളുടെ പ്രവൃത്തികളില്‍നിന്നും അയാളുടെ ചിന്തകളുടെ ആഴമളക്കാനാവുമെന്ന് പറഞ്ഞതാരാണ്‌. അറിയില്ല! ഇയാളുടെ ഓരോ ചലനവും ഞാന്‍ പഠിക്കുന്നു. അതില്‍നിന്ന്‍ അയാളുടെ ചിന്തകളെയും മനോവിചാരങ്ങളെയും പരതുന്നു. പലപ്പോഴും എനിക്കതിനു കഴിയാറുമുണ്ട്. എന്തായാലും ഞാന്‍ പറഞ്ഞുതുടങ്ങി. 

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന പെണ്‍കുട്ടിയുടെ കഥ. അവളുടെ ഏകാന്തത്തയിലേക്ക്‌ അതിഥിയായെത്തുന്ന ഒരു അപരിചിതനെപ്പറ്റി. ആ അപരിചിതസുഹൃത്തിന്‍റെ വയലിന്‍നാദം അവളുടെ ചിത്രങ്ങളില്‍ ചായം പൂശുന്നതിനെപ്പറ്റി. അവരുടെ സൗഹൃദത്തെപ്പറ്റി. വിളിക്കപ്പെടാത്ത അതിഥിയായ്‌ വന്നുകയറി അവിടെയെവിടെയോ മറഞ്ഞുനിന്ന പ്രണയത്തെപ്പറ്റി.. 

അങ്ങനങ്ങനെ...

 *          *          *

അപ്രതീക്ഷിതമായി ചെവിയിലേക്കുവന്ന ആ  മാസ്മരിക ശബ്ദത്തില്‍ ഒരുനിമിഷം അവള്‍ പകച്ചുനിന്നു. അത്ര ശ്രുതിമധുരമായ സംഗീതം. എന്തോ അവളെ പിന്നിലോട്ടുവലിക്കുന്ന മാന്ത്രികമായ സംഗീതം. ഇല്ല, ഈ വഴികളും ഇവിടുത്തെ കാഴ്ചകളും എല്ലാം അവള്‍ക്കു സുപരിചിതമാണ്. ഈ സമയത്ത് അവളോട്‌ ചിരിച്ചുകടന്നുപോകുന്ന ഈ കാറ്റിന്‍റെ ഗതിപോലും അവള്‍ക്കറിയാം. 

ഒരു വിസ്മയത്തോടെ അവള്‍ ആ സംഗീതം ശ്രവിച്ചു. പക്ഷെ ഈ ശ്രുതി.

കണ്ണടച്ചിരിക്കാന്‍ തോന്നി അവള്‍ക്ക്. മനസ്സില്‍ ഒരേസമയം മഴയും, തീയും പടരുന്നതായി തോന്നി. ആരോമീട്ടുന്ന ആ  വീചികള്‍ പതിയെവീശുന്ന കാറ്റിനോടൊപ്പം അവളുടെ ചെമ്പിച്ച മുടിയഴകളെയും ഉലച്ചു. മനസ്സിന്‍റെ ഉള്ളിലെവിടെയോ തന്നെയാരോ നിശബ്ദമായി വിളിക്കുന്നപോലെ തോന്നി. ദൂരെ എവിടെയോ... അല്ല അടുത്തുണ്ട്.. വളരെയടുത്ത്...  ദിശയറിയാതെവരുന്ന ഈ സുഖമുള്ള സംഗീതം എവിടെനിന്നാണ്? അവളൊരു സ്വപ്നത്തിലെന്നപോലെ.. 

ഇതെന്താ ഇങ്ങനെ!
മനസ്സില്‍ ചിറകുകള്‍ മുളപ്പിച്ച് എന്നെയെങ്ങോട്ടോ കൊണ്ടുപോകുന്ന ഈ സംഗീതം എവിടുന്നാണെന്നു തിരിച്ചറിയാന്‍ അവള്‍ക്കു സാധിച്ചില്ല.

കാലങ്ങള്‍ പിന്നോട്ടുപോയി അവള്‍ വീണ്ടും ജനിച്ചുവീണു. ആ കുഞ്ഞിക്കാലുകള്‍ നിര്‍ത്താതെ എങ്ങോട്ടോ ഓടി. അയവുള്ള മേല്‍ക്കുപ്പായം പുല്‍കൊടികളെ തഴുകി മഞ്ഞുവീഴുന്ന പുല്‍ത്തകിടികള്‍ക്കു മുകളിലൂടെ അവളോടി.... അവളുടെ നനുത്ത കാല്‍പ്പാദങ്ങള്‍  ഭൂമിയെ ഇക്കിളിപ്പെടുത്തി‍.... പിന്നെ ഓറഞ്ചുവെളിച്ചം വീഴ്ത്തി സൂര്യന്‍ മറയുന്ന നേരത്ത് മണലാരണ്യങ്ങളിലൂടെയും വെളിച്ചം കടക്കാത്ത ഗുഹകളിലൂടെയും കണ്ണുമഞ്ഞളിച്ചും കണ്ണുകാണാതെയും  അവളോടി.. ചെറിയ മഴനനയുന്ന പീച്ച്മരങ്ങളുടെ തണലിലൂടെ... നോക്കത്താദൂരത്തത്രയും മണല്‍ പരന്നുകിടക്കുന്ന മരുഭൂവിലൂടെ... ആരെയോ തിരഞ്ഞ് അവളോടി..     

ഓടിക്കിതച്ച് അവള്‍ ഒരു പഴയ കെട്ടിടത്തിന്‍റെ താഴേനിലയിലെ ഒരു കുടുസുമുറിയുടെ വാതിലിന്‍റെ അടുത്തെത്തി. അതില്‍ പത്തുപന്ത്രണ്ടുകുട്ടികള്‍ അവരുടെ വയലിന്‍ ഷോള്‍ഡര്‍റെസ്റ്റില്‍ വെച്ച് നോട്ട്സ് നോക്കിയിരിക്കുന്നു. വാതിലിനുള്ളിലൂടെ  എത്തിനോക്കിയപ്പോള്‍ അതാ അയാള്‍ വയലിന്‍ വായിക്കുന്നു.  

നീണ്ടു കിടക്കുന്ന മുടിയും താടിയും. താടിയിലും മുടിയിലും അങ്ങിങ്ങായി നരവീണിരിക്കുന്നു. ആവശ്യത്തിലധികം നീളമുള്ളതും ഉള്ളുകൂടിയതുമായ താടിരോമങ്ങളുള്ള അയാള്‍ ഒരു തത്വജ്ഞാനിയെപ്പോലെ തോന്നിച്ചു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ ആയാളുടെ വയലിന്‍ സംഗീതത്തില്‍ മുഴുകിയിരുപ്പാണ്.  ആ ചെറിയസ്ഥലത്ത് ആ സംഗീതംകൊണ്ടയാള്‍ ഒരു പ്രത്യേക അന്തരീക്ഷംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ആ കുട്ടികളുടെ മുഖങ്ങളില്‍ അവര്‍ പഠിക്കുന്ന സംഗീതത്തിന്‍റെ ഈണത്തിനനുസരിച്ച ദുഖാര്‍ദ്രഭാവം തങ്ങിനിന്നു. 

അയാള്‍ അവളെ ശ്രദ്ധിക്കാതെതന്നെ തന്‍റെ ശിക്ഷണം തുടര്‍ന്നു. തന്‍റെ സാമീപ്യം അയാളെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതുപോലെ ഭാവിച്ചതാണോ എന്നറിയാതെ അവള്‍ വിഷമിച്ച് വാതിലിന്‍റെ അരികെ നിന്നു. തനിക്കെന്തെക്കെയോ അയാളോടു പറയാനുള്ളതുപോലെ തോന്നി അവള്‍ക്ക്. കുട്ടികള്‍ ആരവത്തോടെ വയലിന്‍പെട്ടികളും തൂക്കി ഓടാന്‍ തുടങ്ങിയപ്പോള്‍ അവളല്‍പ്പം പിന്നിലേക്കൊതുങ്ങിക്കൊടുത്തു. പുറത്തേക്കുവന്ന അയാളെനോക്കി അവളൊന്നു ചിരിച്ചുകാണിച്ചെങ്കിലും അയാളത് കാണാത്തപോലെ നടന്നകന്നു. അയാളുടെ നിഴലുകള്‍ കണ്ണില്‍നിന്നു മറഞ്ഞപ്പോള്‍ മനസ്സില്‍ ആ മധുരസംഗീതത്തെമീട്ടി അവളും തിരികെനടന്നു. 

അവളുടെ മനസ്സുമുഴുവന്‍ ആ വയലിന്‍സംഗീതമായിരുന്നു. പുതുമഴ പെയ്തൊഴിഞ്ഞ മുറ്റത്ത്‌ അലസമായി പാറിപ്പറക്കുന്ന തുമ്പികളെപ്പോലെ നൃത്തംവെക്കുയായിരുന്നു അവളുടെ മനസ്സും. അന്നുവൈകുന്നേരം അവളൊരു ചിത്രംവരച്ചു‍, വയലിന്‍വായിക്കുന്ന മുഖമില്ലാത്ത ഒരാളുടെ ചിത്രം. അയാളുടെ വയലിന്‍നാദത്തിനു കാതോര്‍ത്തുകൊണ്ട്‌ അങ്ങുദൂരെ അകലെയായ്‌ ഒരിരുരുണ്ടമുറിയിലെ ജനാലയ്ക്കപ്പുറത്തു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയേയും. 

തന്‍റെ മനസ്സിനെ ആകര്‍ഷിക്കാന്‍ മാത്രംപോന്ന വിഷാദവും, ആനന്ദവും ഒരുമിച്ചുണര്‍ത്തിയ ആ ശ്രുതികളെ നെഞ്ചോടുചേര്‍ത്ത്‌ അന്നവള്‍ ഉറങ്ങി.

അടുത്ത സായാഹ്നത്തില്‍ അയാളും കുട്ടികളും വരുന്നതിനുമുന്‍പേ അവള്‍ അവിടെയെത്തി. വാതിലിന്‍റെ ഓരത്ത് അയാളെയും പ്രതീക്ഷിച്ച്‌ അക്ഷമയോടെ കാത്തുനിന്നു. കൂട്ടമായിവന്ന അയാളും കുട്ടികളും മുറിയിലേക്ക് കയറിയിരുന്ന്‍ പെട്ടന്നു സംഗീതം തുടങ്ങി. അവള്‍ ചിരികള്‍ സമ്മാനിച്ചുവെങ്കിലും അയാളവളെ അവഗണിച്ചു. 

ഉച്ചവെയിലൊഴുകിപ്പരന്ന ദിവസങ്ങള്‍ വന്നും പോയും കളിച്ചു. പക്ഷികള്‍ ചേക്കേറുന്ന പീച്ച്മരങ്ങളില്‍ പുതിയ പക്ഷികള്‍ കൂടുകൂട്ടാന്‍ വന്നു. നേരം ഇരുണ്ടുവരുന്ന നേരങ്ങളില്‍ വീണ്ടും പ്രതീക്ഷയോടെ അവളയാളെ നോക്കിയിരുന്നു. ഒരു സ്ഥിരം കാഴ്ചക്കാരി എന്നല്ലാതെ അവള്‍ക്കു തിരിച്ചൊന്നും അയാളുടെ അടുത്തുനിന്നു കിട്ടിയില്ല. 

പതിയെ അയാള്‍ അവള്‍ക്കു നോട്ടം കൊടുത്തു. ചിരികള്‍ കൈമാറി. നിഷ്കളങ്കമായി ചിരിക്കുന്ന അവളെ അയാള്‍ക്കും ഇഷ്ടമായി. അവള്‍ക്ക് വാതിലിന്‍റെ അരികില്‍നിന്ന് ആ മുറിയുടെ ഒഴിഞ്ഞമൂലയിലെ കസേരയില്‍ സ്ഥാനംകിട്ടി. അവളുടെ ചിത്രങ്ങളിലെ വയലിന്‍വായിക്കുന്നയാള്‍ക്ക് പതിയെ മുഖം തെളിഞ്ഞുവന്നു. ജനലക്കപ്പുറത്തെ പെണ്‍കുട്ടിയുടെ രൂപം മെല്ലെ മാഞ്ഞു. പ്രായഭേദമില്ലാതെ അവള്‍ അയാളെ ഇഷ്ടപ്പെട്ടു. 

ചിരികള്‍ പതുക്കെ ചെറുഭാഷണങ്ങള്‍ക്കു വഴിമാറി. വയലിന്‍റെ നാദബ്രഹ്മത്തില്‍ അയാള്‍ സ്വപ്നഭൂമികളുടെയും ശൂന്യതകളുടെയും ഇടയിലൂടെ മറ്റൊരു കാല്പനികലോകത്തേക്ക് അവളെ കൊണ്ടുപോയി. അവള്‍ ആവശ്യപ്പെടുമ്പോഴൊക്കെയും അയാള്‍ അവള്‍ക്കായി വയലിന്‍വായിച്ചു. അവരുടെ സൗഹൃദത്തിനുവേണ്ടി അയാളൊരു പ്രത്യേക ഈണം ചിട്ടപ്പെടുത്തി. അവളുടെ മനസ്സിനെ ഒരു പ്രത്യേക അനുഭൂതിയിലേക്കു കൊണ്ടുപോകുന്ന ഒരീണമായിരുന്നു അത്. അവളുടെ പ്രിയപ്പെട്ട ഈണം. 

എത്രപെട്ടെന്നാണെന്നു പറയാന്‍ പറ്റാത്തതരത്തില്‍ ആയാളും അവളും തമ്മില്‍ എന്തോ മുജ്ജന്മബന്ധമുള്ളപോലെ അടുത്തു. അവള്‍ക്കുവേണ്ടി എല്ലാദിവസങ്ങളിലും അയാളുടെ വയലിനില്‍നിന്ന് അവള്‍ക്കായുള്ള ആ ഈണം പുറത്തുവന്നു. അയാള്‍ തന്‍റെ അടഞ്ഞശബ്ദത്തില്‍ ഭ്രമാത്മകകല്‍പനകളെ വെല്ലുന്ന കഥകള്‍ അവള്‍ക്കു പറഞ്ഞുകൊടുത്തു. സമകാലീന വിഷയങ്ങളില്‍ അയാളുടെ സ്വമതാസക്തമായ ചിന്താഗതികളും, കലര്‍പ്പില്ലാത്ത ദാര്‍ശനികമായ ആശയങ്ങളും പങ്കുവെച്ചു. ഒരു ചെറിയ കുട്ടിയെന്നോണം അവളതെല്ലാം കേട്ട് മിഴിച്ചിരുന്നു. അയാളെന്നും അവളുടെ മുന്നിൽ അത്ഭുതങ്ങളുടെ ഒരക്ഷയപാത്രമായിരുന്നു അയാളുടെ ചെറിയ തമാശകള്‍ക്ക് ബട്ടണമര്‍ത്തിയാല്‍ ചിരിക്കുന്ന പാവക്കുട്ടിയെപ്പോലെ അവള്‍ ചിരിച്ചു. 

വെറുതെ ഇരിക്കുമ്പോള്‍ വയലിന്‍റെ തന്ത്രികളില്‍ വിരല്‍തൊട്ടു ശബ്ദമുണ്ടാക്കി. അവളുടെ കാന്‍വാസില്‍ വിരിഞ്ഞ പൂക്കളെ അവള്‍ അയാള്‍ക്കു പരിചയപ്പെടുത്തി. അതിലെ വര്‍ണങ്ങളെയും ഇരുളില്‍ മറഞ്ഞു നില്‍ക്കുന്ന രൂപങ്ങളേയും അവരുടെ സ്വപ്നങ്ങളെയും കുറിച്ച് അവള്‍ വാതോരാതെ സംസാരിച്ചു. അതെല്ലാം ഉത്സാഹത്തോടെ അയാള്‍ കേട്ടിരുന്നു. അതില്‍നിന്ന്‍ അയാള്‍ ചില തമാശകളുണ്ടാക്കി അവളെ ചിരിപ്പിച്ചു. അവള്‍ അതെല്ലാം കേട്ട് നിറങ്ങളെയും അവളുടെ സ്വപ്നങ്ങളെയും കൂട്ടിച്ചേര്‍ത്ത്‌ ക്യാന്‍വാസില്‍ കവിതകളെഴുതി. പലപ്പോഴും ആ ക്യാന്‍വാസില്‍ തെളിഞ്ഞത് മുഖമില്ലാത്ത മനുഷ്യരായിരുന്നു. അതിലെ ഒരു ചിത്രത്തില്‍ ഹൃദയങ്ങള്‍ കൈമാറുന്ന ഇരുണ്ടരൂപങ്ങളുള്ള ചിത്രം അയാള്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അയാള്‍ ആ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ സന്തോഷത്തിന്‍റെയോ പേരറിയാത്ത ചില വികാരങ്ങളുടെയോ പ്രകമ്പനങ്ങള്‍ അവളുടെ മനസ്സില്‍നിന്ന് കണ്ണുകളിലേക്കു പ്രവഹിച്ച് അവയെ ആര്‍ദ്രമാക്കി.

അയാള്‍ അവളുടെ ആരാണെന്നോ അയാള്‍ക്ക്‌ അവള്‍ എന്താണെന്നോ എന്നത് അവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ചിലനേരത്ത് അവര്‍ അച്ഛനും മകളും പോലെയായി. അയാളുടെ സ്വരങ്ങളില്‍ നിറയെ അവളോടുള്ള വാത്സല്യം നിറഞ്ഞുനിന്നു. ചിലനേരത്ത് ഒരു സഹോദരനെപ്പോലെ അവളോടുള്ള കരുതലും ഉത്കണ്ഠയും അയാള്‍ പ്രകടിപ്പിച്ചു. അതൊന്നുമല്ലാതെ ചില വൈകുന്നേരങ്ങളില്‍ തനിക്കായി ഒഴുക്കുന്ന ആ വ്യത്യസ്ത രാഗത്തിന്‍റെ  അകമ്പടിയില്‍ ഒരു കാമുകനും കാമുകിയുമെന്നപോലെ അവര്‍ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്നു. ആനേരത്ത് അവര്‍ക്കുചുറ്റുമായി മഴപെയ്യും. അപ്പോള്‍ അയാള്‍ അവളോടു പാടാന്‍ പറയും. ഒരു നേര്‍ത്ത ചിരിയില്‍ അയാളുടെ കണ്ണുകളില്‍നോക്കി അവള്‍ പാടും. ആ വായ്പ്പാട്ടിന്‍റെ ഈണത്തില്‍ അയാളുടെ വയലിനില്‍നിന്നും ആരെയും ആര്‍ദ്രമാക്കുന്ന സംഗീതം ഒഴുകും. അപ്പോള്‍ അവള്‍ക്കു തന്‍റെ മനസ്സിലെ ഇരുള്‍ മൂടിയ ഗര്‍ത്തങ്ങളില്‍ പ്രകാശം പരക്കുന്നതായി അവള്‍ക്കനുഭവപ്പെടും. 

തനിക്കാരാണെന്നറിയാത്ത എന്തെന്നറിയാത്ത, എന്നാല്‍ തന്‍റെ എന്തെക്കെയോ ആയ അയാളെ എന്തുവിളിക്കണം എന്നറിയാതെ ബുദ്ധിമുട്ടിയ അവള്‍ അയാളെ ഒടുവില്‍ "സ്നേഹപ്രവാചകന്‍" എന്നുവിളിച്ചു. അതെ, അവള്‍ക്കയായി സ്നേഹംമാത്രം പകര്‍ന്നുതരാന്‍ അവതരിച്ച പ്രവാചകനായിരുന്നു അയാള്‍.  സ്നേഹപ്രവാചകന്‍ എന്നവിളി കേള്‍ക്കുമ്പോള്‍ അയാള്‍ അയാളുടെ വൃത്തിയുള്ള പല്ലുകള്‍ മോണയോടെ കാണിച്ചു ചിരിക്കും. 

ദിനചര്യപോലെ എല്ലാ ദിവസങ്ങളിലും അവര്‍ കണ്ടുസംസാരിച്ചു. അവള്‍ തന്‍റെ ചെറിയ കാര്യങ്ങള്‍പോലും അയാളുമായി പങ്കുവെച്ചു. സമയം ആരെയും കാത്തുനിന്നില്ല. അവള്‍ക്കു തുടര്‍പഠനത്തിനായി രണ്ടുവര്‍ഷത്തേക്ക് നഗരത്തിലേക്കു പോകാനുള്ള സമയമായി. അവള്‍ക്ക് പോകാന്‍ മനസ്സുവന്നില്ല. മാതാപിതാക്കളുടെ നിര്‍ബന്ധം. പോയേപറ്റൂ. അവള്‍ പലതും പറഞ്ഞുനോക്കി അവര്‍ വഴങ്ങിയില്ല. സ്നേഹപ്രവാചകന്‍റെ മുന്നില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാളും അതിനെ പ്രോത്സാഹിപ്പിച്ചു. രണ്ടുവര്‍ഷം പെട്ടെന്നുതീരും എന്നുംപറഞ്ഞ് അയാളും സാന്ത്വനപ്പെടുത്തി. അയാളെ കണ്ടപ്പോള്‍ വേറെ പലകാര്യങ്ങളും പറയണം എന്നു കരുതിയതാണ് പക്ഷേ മൗനങ്ങളെ പ്രദര്‍ശിപ്പിച്ച് അവളുടെ ചുണ്ടുകള്‍ അനങ്ങാതെ നിന്നു. അവസാനം അവള്‍ പറഞ്ഞു. 

"നിങ്ങളെ കാണാത്ത ഈ ദിവസങ്ങളില്‍ എനിക്ക് നിങ്ങളെ നഷ്‌ടപ്പെട്ടുപോയപോലെ തോന്നും." 

അതുകേട്ടപ്പോള്‍ അയാള്‍ക്കവളെ നെഞ്ചിലോട്ടു ചേര്‍ത്ത്‌ അവളെ തന്‍റെ ആത്മാവിനോടു ചേര്‍ത്തു കെട്ടിയിടാന്‍ തോന്നി. പക്ഷെ.. അയാള്‍ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അയാള്‍ എന്തുമിണ്ടാനാണ്. 

സ്വയം സഹതപിച്ച് രണ്ടുവര്‍ഷം തീര്‍ക്കുകതന്നെ! അവള്‍ തീരുമാനിച്ചു. വയലിന്‍ കേള്‍ക്കാതെ, അയാളെക്കാണാതെ... അറിയില്ല. എന്നാലും പോവുകതന്നെ. വേറെ വഴികളൊന്നും മുന്നില്‍ കാണുന്നില്ല. 

അങ്ങനെ അവള്‍ അയാളോടു പറയാതെ ഒരുദിവസം നഗരത്തിലേക്കു പോയി. നഗരത്തിലെ ഹോസ്റ്റലില്‍ നാലുചുമരകള്‍ക്കിടയില്‍ അവള്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞു. അവള്‍ക്ക് സ്വന്തമായതെല്ലാം പെട്ടെന്ന് അന്യമായായതുപോലെ തോന്നി. ആളൊഴിഞ്ഞ നരകത്തിലേക്ക് തന്നെ എല്ലാരും കൂടി വലിച്ചെറിഞ്ഞിരിക്കുന്നു. 

ആരെയും സ്നേഹിക്കരുത്. 
ആരെയും ഇഷ്ടപ്പെടരുത്. 

അവള്‍ സ്വയം എന്തൊക്കയോ പറഞ്ഞ് കാന്‍വാസില്‍ കുത്തിവരഞ്ഞു. ചിത്രങ്ങള്‍ പൂര്‍ണ്ണമാവാതെ കിടന്നു. ഓരോ ദിവസത്തെയും ഓരോ നേരത്തെയും ഭക്ഷണങ്ങള്‍ വച്ച് അവള്‍ കണക്കുകൂട്ടി. ഇനിയും അഞ്ഞൂറോളം ഉച്ചഭക്ഷണ സമയങ്ങള്‍, മൂവായിരം ഗ്ലാസ് വെള്ളം കുടിക്കണം. അങ്ങനെ കുറേദിവസങ്ങള്‍ ഇനിയും. 

വയ്യ! അവള്‍ പരിതപിച്ചു. 

എന്നും അയാളുടെ ഓർമ്മകൾ തന്നിലുണർത്തുവാനായി അവള്‍ ഒരു വയലിന്‍ വാങ്ങി. അവള്‍ക്കത് വായിക്കാന്‍ അറിയില്ലായിരുന്നെങ്കിലും കിടക്കുമ്പോള്‍ കാണാനാവുന്ന വിധത്തില്‍ മുറിയിലെ കട്ടിലിനടുത്തുള്ള മേശയില്‍ ചാരിവെച്ചു. അതു നോക്കിക്കിടക്കുമ്പോള്‍ അവള്‍ അയാളവള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയ ആ ഈണങ്ങളെ ഓര്‍ക്കും. അവര്‍ തമ്മില്‍ ഒരുമിച്ചിരുന്നു ചെലവഴിച്ച സമയങ്ങളെ ഓര്‍ക്കും. അതിലവള്‍ മനശ്ശാന്തി കണ്ടെത്തി. നിശബ്ദത നട്ടുനനച്ചു പുലര്‍കാലങ്ങളില്‍ അവള്‍ നഗത്തിന്‍റെ തിരക്കൊഴിഞ്ഞ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു. രാവുകളും പകലുകളും അവളെ ഒറ്റപ്പെടുത്തികൊണ്ടിരുന്നു.

നിലാവുപൂത്ത രാത്രികള്‍ ദുര്‍ഘടമായ പാതകളായിരുന്നു. പ്രതിരോധത്തിന്‍റെ സ്വപ്നങ്ങില്‍ എങ്ങനയോ അറിയാതെ വയലിനും മുഖമില്ലാത്ത അയാളും കടന്നുകൂടും. സന്തോഷത്തോടെ അവള്‍ ആ സ്വപ്നങ്ങളെ സ്വീകരിക്കുകയും അകാലത്തില്‍ ഞെട്ടിയുണരുമ്പോള്‍ അതൊരു നേര്‍ത്ത വിതുമ്പലായി മാറുകയും ചെയ്തു. സ്വപ്നങ്ങളില്‍ വയലിനില്‍നിന്നൊഴുകുന്ന ആ നാദം അവളുടെ മനസ്സിനെ കീറിമുറിച്ചു. രാത്രികളില്‍ മുഖത്ത് വിയര്‍പ്പില്‍ പറ്റിച്ചേര്‍ന്ന മുടിയിഴകളെ മാറ്റി തലയിണയില്‍ മുഖമമര്‍ത്തി അവള്‍ കരഞ്ഞു. വരണ്ട കുന്നുകളും മണലും മാത്രമുള്ള സമതലങ്ങളില്‍ മുഖമില്ലാത്ത മനുഷ്യനെത്തേടി അവളലഞ്ഞു. വിജനമായ പാതകളില്‍ ആരയോ കാത്തിരുന്നു.

ഒരുരാത്രി അവള്‍ ആ വിചിത്രസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. 
അതേ വയലിന്‍ ഈണങ്ങള്‍..  
തനിക്കുവേണ്ടിയുള്ള ആ ഈണം. വയലിന്‍റെ തന്ത്രികളില്‍  ചലിക്കുന്ന അയാളുടെ  കൈവിരലുകളും തന്ത്രികള്‍ മീട്ടുന്ന വില്ലും മാത്രമുള്ള ഒരു സ്വപ്നം. 

ആ സ്വപനങ്ങളില്‍ പുകനിറഞ്ഞു. അവള്‍ക്കു ശ്വാസംമുട്ടി. ഉണര്‍ന്നപ്പോള്‍ അരണ്ട വെളിച്ചത്തില്‍ ചുമരില്‍ ചാരിവെച്ച വയലിന്‍ അവിടത്തന്നെ ഇരിക്കുന്നത് അവള്‍ കണ്ടു. സ്വപ്നമാണെന്ന തിരിച്ചറിവില്‍ അവള്‍ വീണ്ടും കരഞ്ഞു. കണ്ടുമടുക്കുന്ന ഈ സ്വപ്‌നങ്ങള്‍ പോലും തന്നെ വേട്ടയാടുന്നപോലെ അവള്‍ക്കു തോന്നി. ഹോസ്റ്റലിലെ മുറ്റമിടുങ്ങിയ സ്ഥലത്ത് കടത്തെയ്യങ്ങള്‍ തീവാരിയെറിഞ്ഞു. അകംപുകയുന്ന കണ്ടനാളങ്ങള്‍ വിളറി. സ്വപ്നത്തിലെ മുഖമില്ലാത്ത വിരുന്നുകാരന്‍റെ കൈകള്‍ അവളെ അലോസരപ്പെടുത്തി. ജീവവായു നിലച്ചപോലെ തോന്നി.

സ്വപ്നത്തില്‍ നിറഞ്ഞൊഴുകിയ ചോരത്തുള്ളികള്‍..
മരണത്തിന്‍റെ തണുപ്പ് അവളെ മൂടുന്നപോലെ തോന്നി. 

രാത്രികള്‍ അവസാനിക്കുന്നില്ല, മുള്‍ച്ചെടികള്‍ പൊന്തിയ സ്വപ്നങ്ങളുടെ സംക്രമണത്തില്‍ അവളുടെ ചിന്തകള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവള്‍ സ്വയം പറഞ്ഞു. 

"നീ നിന്‍റെ മറവികളില്‍ മുങ്ങാംകുഴിയിട്ടു തപ്പുക. മനപ്പൂര്‍വ്വം മറന്ന അറകളില്‍ വെച്ച വീര്യമുള്ള ഓര്‍മ്മകള്‍ ചിതലെടുക്കാതെ നിശബ്ദമായി അവിടെ കരയുന്നുണ്ടാവാം. അവയെ പാലൂട്ടുക, അവയെ താലോലിക്കുക. സ്വപ്നങ്ങളിലെ മുഖമില്ലാത്ത വിരുന്നുകാരന്‍ മീട്ടുന്ന ആ ശ്രുതിലയസംഗീതത്തില്‍ പൊഴിഞ്ഞ മഴത്തുള്ളികളെ അസൂയപ്പെടുത്തിയ നിന്‍റെ പ്രണയത്തെ ഓര്‍ത്ത്‌ നീ മരണത്തിലേക്ക് മടങ്ങിപ്പോവുക. നിര്‍വൃതിയടയുക!"  

അവള്‍ അവളുടെ കൈഞരമ്പറുത്തു. കട്ടിലില്‍ മരണത്തെ പ്രതീക്ഷിച്ച് മലന്നുകിടന്നു. കയ്യില്‍ നിന്നും ഉറ്റിവീണ ചോരത്തുള്ളികളില്‍നിന്ന്‍ അവളൊരു ചിത്രം വരച്ചുതുടങ്ങി. സ്വപങ്ങളിലെ വയലിനും വയലിനില്‍ ശ്രുതിമീട്ടുന്ന വിരലുകളും. മുഖമില്ലാത്ത അയാളും ഉള്ള ചിത്രം. ആ ചോരമണക്കുന്ന ചിത്രത്തില്‍ അയാളുടെ മുഖം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മരണം അവളെ കൊത്തിയെടുത്ത് പറന്നിരുന്നു. 

അങ്ങകലെ നഗരത്തില്‍നിന്നും ഒരു രാത്രിക്കും രണ്ടു പകലുകള്‍ക്കും അപ്പുറത്ത് നാട്ടിന്‍പുറത്തെ ആ രാത്രിയില്‍ അയാള്‍ക്ക് ഉറക്കംവന്നില്ല. അയാള്‍ ആരോടെന്നില്ലാതെ ദേഷ്യപ്പെട്ടു. അവള്‍ പോയതിനുശേഷം അയാള്‍ പഴയപോലെ ഉറങ്ങിയിരുന്നില്ല. അന്നെന്തോ എല്ലാ മോഹഭംഗങ്ങളും ചേര്‍ന്ന് കര്‍ക്കടകൂട്ടങ്ങള്‍ പോലെ പേമാരിയായി മനസ്സിലേക്കുവന്നു. എല്ലാംകൂടി മനസ്സിനെ വേട്ടയാടുന്നപോലെ അയാള്‍ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ ഉലാത്തി. നടന്നുനടന്ന്‍ വയലിന്‍ ക്ലാസ്സ്‌മുറിയുടെ ഒഴിഞ്ഞമൂലയിലെ കസേരയില്‍ ചെന്നിരുന്നു. വെറുതെ എന്തോ ഓര്‍ത്തിരുന്നുതേങ്ങി. കുറെ നേരത്തിനുശേഷം വീണ്ടും തിരിച്ചു വീട്ടിലേക്ക് നടന്നു. ഉറങ്ങാന്‍ കിടന്നുനോക്കി. ഇല്ല. ഉറക്കം കണ്ണിനോട് കനിവ് കാണിച്ചില്ല. 

അയാള്‍ വയലിന്‍ എടുത്തു. അവളെ ഓര്‍ത്ത്‌ അവള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയ ആ പ്രത്യേക ഈണത്തില്‍ അയാള്‍ വയലിന്‍വായിച്ചു. ഏറെനേരം തുടര്‍ച്ചയായി അതുതന്നെ തുടര്‍ന്നു. അതിനുശേഷം ശോകമൂകമായ കുറേ ഈണങ്ങള്‍ പിന്നെയും വായിച്ചു. 

വൈക്കോല്‍ക്കൊടികള്‍ തണുപ്പിച്ചുനിര്‍ത്തിയ ആ നീലരാത്രിയിലൂടെ ആ ഈണങ്ങള്‍ ആരെയോ തേടി ആകാശത്തിലൂടെ അലഞ്ഞു. ഇരുട്ട് പകലിനെ പിരിഞ്ഞ സങ്കടം പറഞ്ഞു.
മേഘങ്ങള്‍ കരഞ്ഞു.

 *          *          *

"ശുഭം"

കഥ പറഞ്ഞുതീര്‍ന്നപ്പോഴേക്കും അയാളുടെ മുഖം എന്തോ നീറുന്ന പോലായി.

അയാള്‍ അയാളുടെ ഭാവനയില്‍ എല്ലാം ഞാന്‍ പറഞ്ഞപോലെ കണ്ടിരിക്കുന്നു. എനിക്കറിയാമായിരുന്നു ആ കഥയെ അയാള്‍ അയാളുടെ മനസ്സില്‍ എങ്ങനെ വരച്ചിടുമെന്ന്. ഞാനയാളുടെ മുഖത്ത്‌ കണ്ണുനട്ടിരിക്കുകയായിരുന്നു ഓരോ ഭാവങ്ങളും ഒട്ടും ചോരാതെ ഒപ്പിയെടുക്കാനായി. അയാളുടെ ഓരോ മൂളലുകളിലേയും അര്‍ത്ഥവ്യത്യാസങ്ങള്‍ ഞാന്‍ മനസ്സില്‍ കുറിച്ചുവച്ചു. എന്‍റെ കഥയിലെ കഥാപാത്രങ്ങളുടെ ബന്ധത്തെ സൗഹൃദത്തിന്‍റെ ഊഷ്മളതയും പ്രണയത്തിന്‍റെ കടുംചുവപ്പുള്ള ചായങ്ങളും കൂട്ടി ചുവപ്പിച്ചു. നിഗൂഡതകളുടെ നിഴലില്‍  മൂകമായ ഒരു സന്ധ്യാപ്രതീതി സൃഷ്ടിച്ചു. എന്നിട്ട്‌ സ്നേഹപ്രവാചകന്‍റെ ആ പ്രത്യേക ഈണത്തെ ഞാനയാള്‍ക്ക് കേള്‍പ്പിച്ചു കൊടുത്തു. 

ആ സന്ധ്യാനേരത്ത്‌ പറക്കുന്ന  പക്ഷികളോടൊപ്പം അയാളുടെ ചിന്തകളും പാറിപ്പറക്കുന്നതായ്‌ ഞാന്‍ കണ്ടു. അയാള്‍ ആകുലനായി.

"നീയത്‌ വ്യക്തമായ്‌ പറയൂ. 
അവരുടെ സൗഹൃദം, 
അതേക്കുറിച്ച്‌"

‌അയാള്‍ക്ക്‌ അറിയേണ്ടിയിരുന്നത് അതാണ്‌. അല്ലെങ്കിലും മനുഷ്യമനസ്സുകളുടെ സങ്കീര്‍ണതകളില്‍ മുങ്ങിത്തപ്പി പൊരുളുകള്‍ തേടാനാണ് അയാള്‍ക്ക് താല്‍പര്യം. മനുഷ്യരുടെ ചപലതകളും നിസ്സഹായതകളുമാണ് അയാളുടെ പ്രിയവിഷയങ്ങള്‍ . ഞാന്‍ അവരുടെ സൗഹൃദത്തെ ലഘൂകരിച്ചു പറഞ്ഞു.

"അതൊന്നുമില്ലെന്നേ. ആ പെണ്‍കുട്ടി നിനച്ചിരിക്കാത്ത ഒരു നേരത്ത്‌ അയാളുടെ ജീവിതത്തിലേക്ക്‌ കയറിച്ചെല്ലുന്നു. എന്നിട്ട്‌ അയാളില്‍ ആകൃഷ്ടനാവുന്നു. ഒട്ടൊരു അധികാരതയോടെ അയാളും അവളെ സ്വീകരിക്കുന്നു. ആ ആധികാരികതയില്‍ അയാളോട്‌ അവള്‍ക്കുവേണ്ടി വയലിന്‍ വായിക്കാനാവശ്യപ്പെടുന്നു. അങ്ങനെയാണവരുടെ സൗഹൃദം ആരംഭിക്കുന്നത്‌"

അയാളത് വിശ്വസിക്കാന്‍ ഒരുക്കമായിരുന്നില്ല.
"പിന്നേ... ഒരു പരിചയവുമില്ലാത്തൊരാളോട്‌ ആജ്ഞാപിക്കുകയല്ലേ..."

"അതേന്നേ, അവളങ്ങനെയായിരുന്നു. അതാണയാളെ ആകര്‍ഷിച്ചതും"
ഞാന്‍ പിന്നെയും അതില്‍ത്തന്നെ ഉറച്ചുനിന്നു.

"ഹം ശരി.. പിന്നെ"

അയാളങ്ങനെയെ പറയൂ എന്നെനിക്കറിയാമായിരുന്നു. എന്നും എന്‍റെ ഇഷ്ടങ്ങൾക്കൊപ്പിച്ച്‌ മൂളും.
അയാള്‍ക്കിഷ്ടമില്ലെങ്കില്‍ക്കൂടിയും. എന്നും ഇതേപോലെ എന്‍റെ വാശികള്‍ക്ക് കൂട്ടുനില്‍ക്കും

"പിന്നെന്താ.. പിന്നീടവര്‍ സുഹൃത്തുക്കളായി. വെറുതെ നേരമ്പോക്കിനായുള്ള സൗഹൃദമല്ല. വെറുമൊരു സുഹൃത്ത്‌ മാത്രവുമായിരുന്നില്ല അയാള്‍ . ഒരു സുഹൃത്തിനുമപ്പുറം വേറെ എന്തൊക്കയോ.." 

പിന്നെന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. അല്ലെങ്കിലും എനിക്കറിയില്ല! ഇല്ല എനിക്കറിയില്ല. ഞാന്‍തന്നെ എന്നോട് എന്തിനു യുദ്ധംചെയ്യണം?

"സ്പെഷ്യല്‍ ഫ്രണ്ട്‌? 
കേവലം സൗഹൃദത്തിനപ്പുറം? 
നീയതൊന്നു തെളിച്ചു പറ."
അയാള്‍ വീണ്ടും അക്ഷമനായി.

ഇത്തരം ചോദ്യങ്ങള്‍ അയാള്‍ ചോദിക്കുമെന്നനിക്കുറപ്പുണ്ടായിരുന്നു. ഇനിയും ഈ കഥയും അതിന്‍റെ വ്യാപ്തിയും അവരുടെ ബന്ധങ്ങളും എല്ലാം പറഞ്ഞാല്‍ അതെന്നെത്തന്നെ എന്‍റെ ചിന്തകളെത്തന്നെ ചോദ്യംചെയ്യുമായിരുന്നു. എന്‍റെ ചില വട്ടുചിന്തകള്‍ ഉദ്ധരിച്ച് ഞാന്‍ ആ കഥയെ അപൂര്‍ണതയോടെ പൂര്‍ണ്ണമാക്കി.

"പൂര്‍ണ്ണതയില്‍ ഒന്നിനും ഭംഗിയില്ല. 
അപൂര്‍ണ്ണമായ ഈ ബന്ധത്തില്‍ നിങ്ങള്‍ക്ക് ഇനിയും ആവശ്യമുള്ള നിറങ്ങള്‍ ചാലിക്കാം.
പറയാതെ, അറിയാതെ അറിയുന്നതും, നിങ്ങള്‍ കാണാതെ കാണുന്നതും..
അതല്ലേ അതിന്‍റെ ഭംഗി. 
ഇനിയുള്ളതൊക്കെയും നിങ്ങളുടെ ഭാവനക്കനുസരിച്ച്‌ മെനയാം".

അയാളതില്‍ സംതൃപ്തനായോ എന്നെനിക്കറിയില്ല. സത്യത്തിൽ ഇനിയെന്താണ്‌ പറയേണ്ടതെന്നെനിക്കറിയില്ലായിരുന്നു. എനിക്കയാളെ ഒന്നിളക്കിയാല്‍ മാത്രം മതിയായിരുന്നു. അയാളുടെ ചിന്തകളില്‍ കുറച്ചുനേരം തങ്ങിനിന്നാല്‍ മാത്രം മതിയായിരുന്നു. ഞാനാ നീലക്കണ്ണുകളിലേക്കു നോക്കി ഏറെനേരം ഇരുന്നു. 

ഈ മനുഷ്യനെന്താണാവശ്യം‌? അയാള്‍ ഒന്നും അവശ്യപ്പെടുകയോ പ്രകടിപ്പിക്കുകയോ ചെയ്യാറില്ലെങ്കിലും സ്നേഹിക്കപ്പെടാനുള്ള അതിയായ ആഗ്രഹം എന്നെപ്പോലെ അയാളിലും ഞാന്‍ കാണാറുണ്ട്.ഒന്നും ചോദിക്കാതെ എല്ലാം  സ്വീകരിക്കാന്‍ വൈമുഖ്യത കാണിക്കാത്ത വിചിത്രമനുഷ്യന്‍. 

ഞങ്ങള്‍ക്കിടയില്‍ ഒരു മഴപെയ്യാന്‍ ഒരുമ്പെടുകയായിരുന്നോ?

അയാളുടെ ഭാവങ്ങള്‍ മാറിത്തുടങ്ങുന്നു. ഇനിയുള്ള അയാളുടെ ചിന്തകള്‍ എന്‍റെ മനസ്സിനെ ഗര്‍ഭം ധരിപ്പിച്ചേക്കാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജനിച്ച ഇയാള്‍ മരിക്കാതെ ആരെയോക്കയോ മൗനത്തിന്‍റെ ഭാഷയില്‍ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു

ഇല്ല! ഇനി എനിക്കൊന്നും കൂടുതലായി പഠിക്കണ്ട! 

അയാളുടെ  പൊയ്മുഖം അങ്ങിങ്ങ് അടരാന്‍ തുടങ്ങിയിരുന്നു. അത് ഉതിര്‍ന്നു വീഴുന്നതിനു മുന്‍പേ യാത്ര പോലും ചോദിക്കാതെ ഞാനെഴുന്നേറ്റ്‌ ഇരുളിലേക്ക്‌ നടന്നു. 

മേഘങ്ങള്‍ കറുക്കുന്ന മാനത്തിനു മുകളില്‍ നക്ഷത്രാലങ്കൃതമായ രാത്രിയില്‍,  ശൂന്യതയില്‍ അങ്ങകലെ ധൂമകേതുക്കള്‍ കിന്നാരം പറയുന്ന ദൂരത്തിനുമപ്പുറം അപ്പോഴും എന്‍റെ മനസ്സ് അലയുകയായിരുന്നു. 

സ്നേഹം കൊതിക്കുന്ന നീലക്കണ്ണുകളുമായി അയാളെന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നു.
എന്‍റെ സ്നേഹപ്രവാചകന്‍ .

*          *          *



2013, മേയ് 22, ബുധനാഴ്‌ച

ഞാനും നീയും ബാക്കിയാവുന്നത്

വീണ്ടും ഞാനവളെ കണ്ടുമുട്ടെണ്ടതായിരുന്നില്ല. കണ്ടിട്ട് ഒന്നും മിണ്ടാതെ പോവാനും തോന്നിയില്ല. അവളാകെ മാറിയിരിക്കുന്നു. ഇത്തിരി തടിചിട്ടുണ്ട്. പക്ഷെ പഴയതിലും ചന്തം കൂടിയിരിക്കുന്നു. തടിച്ച ഫ്രെയിം ഉള്ള കണ്ണടക്കുള്ളിലെ ചെറിയ കണ്ണുകള്‍. കാതില്‍ ജിമിക്കി പോലുള്ള ആ കമ്മലുകള്‍, ഇടതു ചെവിക്കടിയിലെ മറുക് പോലെയുള്ള ആ പാട്. പഴയപോലെ ചുണ്ടില്‍ നിറം തേച്ചിട്ടില്ല. അതുകൊണ്ടാണോ എന്തോ എനിക്കാ ചുണ്ടുകളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. പുച്ഛം തുളുമ്പുന്ന ആ മുഖം മാത്രം മാറിയിട്ടില്ല. കണ്ണടയും ചുരുണ്ട മുടിയും ഒക്കെകൂടി അവളൊരു ബുദ്ധിജീവി പരുവമായിരിക്കുന്നു. കമ്പില്‍ സാരി ചുറ്റിയ പഴയ ആ മെലിഞ്ഞ പതിനെട്ടുകാരി പെണ്ണല്ല.

"ഹൌ ആര്‍ യൂ"

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തില്‍ എന്തോ വല്ലാതായി.
"ഐ ആം ഫൈന്‍. "

അതുമാത്രം ഭാരം കൂടിയ ആ ചുണ്ടുകള്‍ കൂടുതല്‍ അനങ്ങിയില്ല. നിശബ്ദതയില്‍ അലിഞ്ഞു നിന്ന ആ വൈകുന്നേരത്തിനു തിളക്കമെകി അവളുടെ കണ്ണുകള്‍. ഏറെ നേരം ആ കണ്ണുകളിലേക്ക് നോക്കിനിക്കാന്‍ എനിക്ക് കഴിയുമായുരുന്നില്ല. ഒരു കൂട്ടം പറവകള്‍ പറന്നു നോക്കി പോയത് കണ്ടപ്പോള്‍ അവള്‍ നെടുവീര്‍പ്പിടുന്നത് കണ്ടു. ഇടയ്ക്കിടെ ഞങ്ങള്‍ കുശലാന്വേഷണ കളി കളിച്ചു. ഇനിയുമേറെ ചോദിക്കാന്‍ ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ വീണ്ടും മൌനത്തിന്റെ സങ്കടങ്ങളിലേക്ക് പാഞ്ഞു പോയി.

ഞാന്‍ പറഞ്ഞു.
"ഐ മിസ്സ്‌ യു."

അവളുടെ കണ്ണ് നിറഞ്ഞോ എന്നറിയില്ല. അവള്‍ മുഖം താഴ്ത്തിക്കളഞ്ഞു.

"ശരിക്കും..
നീ എന്റെ നഷടമാണ്.
എന്റെ ജീവിതത്തിന്റെ തിരിക്കിനടയില്‍ ഞാനറിഞ്ഞു നഷ്ടപ്പെടുത്തിയ ഒന്ന്."

മറുപടിയില്ലാത്ത തുറിച്ച നോട്ടങ്ങള് മാത്രം‍!

അവളുടെ മുഖത്ത് ദുഖമോ നിരാശയോ ഒന്നും തങ്ങി നിന്നില്ല. ആ പുച്ച ഭാവം തന്നെ. എന്റെ മനസ്സ് കരയുകയായിരുന്നു. ആ നനവിന്റെ ആര്‍ദ്രതയില്‍ ഞാന്‍ അവളോട്‌ ഒരു ചെറിയ മൌനത്തിന്റെ അകമ്പടിയില്‍ പലതും പറഞ്ഞു.

"ഞാന്‍ എന്നെ പൂട്ടിയിട്ട ഈ ഇരുണ്ട സ്ഥലത്ത് നിന്ന് നീയെന്നെ പുറത്തു കൊണ്ട് പോവുക. എന്റെ ചിന്തകള്‍പോലും തടഞ്ഞുവെക്കുന്ന ഈ അരണ്ട ചെരുവില്‍ നിന്ന് നീയെന്നെ ഉയര്‍ത്തെഴുനെല്‍പ്പിക്കുക. എവിടെ പോയാലും എന്റെ തലക്കുള്ളില്‍ കുമിഞ്ഞുകൂടുന്ന ഈ ശബ്ദങ്ങളെ നീ ആട്ടിയോടിക്കുക. എന്റെ മനസ്സിന് ചിറകുകള്‍ നല്‍കുക."

എന്റെ കൈകള്‍ ബലമായി പിടിച്ചുകൊണ്ടവള്‍ എന്നെ അവളിലേക്ക് അടുപ്പിച്ചു. അവളുടെ നീശ്വാസങ്ങള്‍ കേള്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

"നോക്കൂ.. പ്രണയത്തിന്റെ സുഖമുള്ള ഈ സമയങ്ങള്‍ ബാക്കിയാവുന്നില്ല. വിളയില്ലാത്ത എന്റെയീ മനസ്സെന്ന തരുശുനിലം നനക്കാന്‍ ഒരു മഴയായി നീ വെറുതെ വന്നെങ്കില്‍ എന്ന് ഞാനും കൊതിക്കുന്നു. പക്ഷെ.. ചിലര്‍ പരസ്പരം പ്രണയത്തില്‍ അകപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് പക്ഷെ ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപെടാത്തവരും. അങ്ങനെയുള്ളവരുടെ കൂട്ടത്തിലാണ് ഞാനും നീയും ബാക്കിയാവുന്നത്."

അവളുടെ മനസ്സില്‍ നിറയെ ഭംഗിയുള്ള കലാപങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തകളായിരുന്നു. അവളുടെ നിസ്സംഗതഭാവിക്കുന്ന കണ്ണുകളില്‍ ഞാനതുകണ്ടു. പിന്നെഞാന്‍ അവള്‍ ചിരിക്കുന്നത് കാത്തിരിന്നു. എപ്പോഴോപിറന്ന ആ ചിരിയുടെകൂടെ ഒരുകൂട്ടം ശലഭങ്ങളും പറന്നുപോയി.



2013, ജനുവരി 28, തിങ്കളാഴ്‌ച

ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !



ആമുഖം
-------------
ഇതൊരു ആഖ്യാനശൈലീ പരീക്ഷണകഥയാണ്. ഇതിലെ സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് കാലഗണനാപരമായി (chronological order) അല്ലാതെയാണ്. നോണ്‍ലിനിയര്‍ നരേറ്റിവ് ഘടനയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്ര വ്യക്തിജീവിതത്തിലെ പ്രത്യേകഘട്ടങ്ങള്‍ അധ്യായങ്ങളാക്കി തിരിച്ചാണ് എഴുതിയിരിക്കുന്നത്.

മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്. ഈ കഥയില്‍ പ്രതിപാതിച്ച സംഭവങ്ങള്‍ ഒരു സുഹൃത്തിന്‍റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്; കൂടെ സ്വല്‍പ്പം ഭാവനയും ചേര്‍ത്തു എഴുതിയത്.



ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !

ഫാത്തിഹിന്‍റെ അന്വേഷണങ്ങള്‍
------------------------------------------
പകലിന്‍റെ കനത്ത നിഴലുകളെ താങ്ങാനാവാതെ ഫാത്തിഹിന്‍റെ കണ്ണുകള്‍‍. ഒന്നും കാണുന്നില്ല. വയറ് കൊളുത്തി വലിക്കുന്ന വേദനമാത്രം. ഫാത്തിഹ് ചുമര്‍ ചാരിപ്പിടിച്ച് ഏറെനേരം നിന്നു. വയറിനാണ് വേദന. വേദന വന്നാല്‍ കണ്ണുകാണില്ല. സൃഷ്ടിയുടെ പിഴവോ? അതോ അറ്റജീവനെ തുന്നിക്കൊളുത്തിവിട്ട ആ പഴയ ഡോക്ടറുടെ കരവിരുതോ? ഈ നാലുമാസം കൊണ്ട് ഫാത്തിഹ് സഹിച്ചത് ഓരോ വരവിലും വയറിന്‍റെ ആഴങ്ങളിലേക്ക് തിരുകിക്കയറുന്ന രാകിമിനുക്കിയെത്തുന്ന വേദനകളെയായിരുന്നു. 

ഫാത്തിഹ് ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ് എന്നാണ് ഇന്നുകണ്ട ജോസഫ് ഡോക്ടറും പറഞ്ഞത്. എല്ലാ ജോസഫ് ഡോക്ടര്‍മാരും ഇതുതന്നയാണ് പറയുന്നത്. പണ്ടു സംഭവിച്ച അപകടത്തില്‍ ചതഞ്ഞുപോയ ഞരമ്പുകള്‍ തുന്നിച്ചേര്‍ത്ത രീതി ശാസ്ത്രീയമായല്ല. പക്ഷെ ആ ചതഞ്ഞ ഞരമ്പുകള്‍ തുന്നിച്ചേര്‍ക്കാതെ ജീവന്‍ നിലനില്‍ക്കുകയുമില്ലായിരുന്നു. അതിശയോക്തിയോടെ ഡോക്ടര്‍ ഫാത്തിഹിനെ നോക്കിക്കാണുമ്പോള്‍ നിരാശയോടെ ഫാത്തിഹ് ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങും.

സ്വയം പഴിച്ചുനില്‍ക്കുന്ന ഫാത്തിഹിന്റെ കണ്ണിലേക്ക് കാഴ്ച വീണ്ടും പതിയെ മടങ്ങിവന്നു. വേദനയും മെല്ലെ ഏതോ ഇരുട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഊന്നുനടന്നു ബൈക്കിന്‍റെ അടുത്തു ചെന്നുനിന്നു. അപരിചിതരുടെ അവജ്ഞയോടുള്ള നോട്ടത്തിന് ഫാത്തിഹിനു പുച്ഛം നിറഞ്ഞ ചിരിമാത്രമായിരുന്നു ഉത്തരങ്ങള്‍. അവരുടെ കാഴ്ചയില്‍ ഫാത്തിഹൊരു കള്ളുകുടിയനായിരിക്കും.

ഇന്നിപ്പൊ മൂന്നാമത്തെ ആശുപത്രിയാണ്, ആശുപത്രികളല്ലാതെ ചെറിയ ക്ലിനിക്കുകളായും മറ്റും വേറെയും ആറു ജോസഫ് ഡോക്ടര്‍മാര്‍. മൊത്തം എഴുപതോളം ജോസഫ് ഡോക്ടര്‍മാരെ കണ്ടു. ഫാത്തിഹ് തിരയുന്ന ജോസഫ് ഡോക്ടര്‍ ഇവിടെയെവിടെയുമില്ല. തിരച്ചില്‍ മാത്രം ബാക്കി. 

ഉറക്കമില്ലാത്ത രാത്രികള്. വേദനയുടെ അനിശ്ചിതത്വത്തില്‍ പകച്ചു നിന്നുപോവുന്ന സ്വപ്‌നങ്ങള്‍. ആരുടെയോ അകന്നുപോകുന്ന കാലൊച്ചകള്‍. സെലിന്‍റെ കൂടെയുള്ള ബൈക്ക് യാത്രകള്‍. 


സെലിന്‍ !
------------
സെലിന്‍! അനാട്ടമി വിദ്യാര്‍ഥിനി. ഫാത്തിഹിന്‍റെ കോളേജ്മേറ്റ്. 

സെലിന്‍ ഫാത്തിഹിനെ ഈ നഗരത്തില്‍ വെച്ചാണ് പരിചയപ്പെടുന്നത്. അവര്‍ക്ക് തമ്മില്‍ പറയാന്‍ ഏറെയൊന്നുമില്ലായിരുന്നെകിലും പെട്ടെന്നാണ് അടുത്തത്‌. ആര്‍ട്ട്ക്ലാസ്സിലെ ചിത്രങ്ങളിക്കിടയില്‍ നിന്ന രണ്ടു നിഴലുകള്‍പോലെ അവര്‍ കണ്ടതും പരിചയപ്പെട്ടതും എല്ലാം പെട്ടെന്നായിരുന്നു. 

നെഞ്ചിടിപ്പിന്‍റെ നോട്ടങ്ങളും, അതിന്‍റെ സഹനത്തില്‍ നിന്നുയരുന്ന ഭാരമേറിയ വാക്കുകള്‍ക്കുമപ്പുറം ഇടറുന്ന മനസ്സുകളേക്കാള്‍ വിശാലമാണ് സൗഹൃദമെന്ന സഹജീവികളുടെ ലോകമെന്ന തിരിച്ചറിവില്‍ പലരും പ്രണയമുപേക്ഷിച്ചു സുഹൃത്തുക്കളായി. പക്ഷെ സെലിന് ഫാത്തിഹിന്‍റെ സുഹൃത്തുമാത്രമായി ഒതുങ്ങിക്കൂടാന്‍ കഴിയില്ലായിരുന്നു. ആ ദിവസങ്ങളില്‍ ഇരുള്‍ കെട്ടടങ്ങുന്ന നേരത്ത് ഒരു വിഭ്രാന്തിയായി അവളിലേക്ക് പടര്‍ന്നുകയറിയ ഭാവസാന്ദ്രമായ തുടര്‍സ്വപ്നങ്ങളായിരുന്നു ഫാത്തിഹ്‍! 

പ്രണയത്തിന്‍റെ കുളിരുള്ള മഴയില്‍ നനഞ്ഞുനിന്ന ഒരു ദിവസം സെലിന്‍ മനസ്സുതുറന്നപ്പോള്‍ ഫാത്തിഹ് അവളെ തടഞ്ഞില്ല. അന്നുമുതല്‍ ഫാത്തിഹെന്ന തീരത്തെ അണയാതെ പുണരുന്ന അലകളായി മാറി സെലിന്‍. 

ഫോണില്‍ സെലിന്‍റെ നമ്പര്‍ തിരയുന്ന ഫാത്തിഹിനു കിട്ടിയത് വെറും ജോസഫുമാരെ ആയിരുന്നു.

സെലിന്‍ ശാന്തതയോടെ ചോദിച്ചു.

"എന്തായി?"

"എന്താവാന്‍?"

"നിര്‍മലയിലെ ജോസഫ്?"

"അയാളല്ല."

അപ്പുറത്ത് മൗനം. സെലിനും മടുത്തു കാണും. നാലുമാസത്തോളം നിരവധി ജോസഫ് ഡോക്ടര്‍മാര്‍. മടിയൊന്നുമില്ലാതെ സെലിന്‍ കൂടെയുണ്ട്! 

ഇതുവരെ കയറാത്ത മറ്റൊരാശുപത്രി! അവിടെ ജോസഫ് എന്നൊരു ഡോക്ടറില്ല, ജോസഫ് എന്നുപേരുള്ള പേഷ്യന്‍റ് ഉണ്ട്, രണ്ടുദിവസം മുമ്പ് ആത്മഹത്യക്കുശ്രമിച്ച് കോമയില്‍ കിടക്കുന്ന ഒരു വൃദ്ധന്‍. അയാളുടെ ഭാര്യയെ ഇന്‍ഫര്‍മേഷന്‍ ഡസ്കില്‍ വെച്ചുകണ്ടു. അവര്‍ ഫാത്തിഹിനെ സൂക്ഷിച്ചുനോക്കി. ഫാത്തിഹിന് അവരെക്കണ്ടപ്പോള്‍ അലിവുതോന്നി. ജോസഫ് എന്നൊരു ഡോക്ടര്‍ അവിടെ ഇല്ലെന്ന് തീര്‍ത്തുപറഞ്ഞ നേഴ്സിനോട് പുച്ഛംതോന്നി. വെള്ളയണിഞ്ഞ മാലാഘമാരാണുപോലും‍, അവര്‍ക്ക് ലവലേശം ദയയില്ല. 

ഫാത്തിഹിന്‍റെ മനസ്സില്‍ നിരാശതോന്നി. ഈ നഗരത്തില്‍ ജോസഫ് എന്നുപേരുള്ള മറ്റൊരു ഡോക്ടര്‍ ഇനിയില്ല. വയറുവേദനയല്ല പ്രശ്നം. പക്ഷെ താനിതുവരെ കാണാത്ത ആ ഡോക്ടര്‍, തന്‍റെ ജീവന്‍ ഇപ്പോഴും പ്രകാശിപ്പിച്ചുനിര്‍ത്തുന്ന ഏതോ ഒരു ഘടകം, അയാളോടുള്ള നന്ദി മാത്രം. ചിലപ്പോള്‍ അയാള്‍ക്ക് തന്നെ ഈ വേദനയില്‍ നിന്നും രക്ഷപ്പെടുത്താനാകും.


അഹമ്മദും ഫാത്തിമയും
------------------------------
ദിവസങ്ങള്‍ കൊഴിയുന്നു എന്നല്ലാതെ ജീവിതത്തില്‍ അഹമ്മദിനും ഫാത്തിമക്കും മാറ്റങ്ങളൊന്നുമില്ല. മക്കളും, മക്കളുടെ മക്കളുമൊക്കെയായി എല്ലാവരുമുണ്ട്.  എന്നിട്ടും ആരുമില്ലാത്തപോലെ അഹമ്മദും, ഫാത്തിമയും. അവര്‍ ദൈവത്തിന്‍റെ കാരുണ്യത്തില്‍ കണ്ണുനനച്ചു കഴിഞ്ഞു. അഹമ്മദിന്‍റെ ചിന്തകളെ മുറിപ്പെടുത്തി സുലൈമാനിയുമായി എത്തുന്ന ഫത്തിമയുടെ നോട്ടങ്ങള്‍ക്ക് പകരമായി അഹമ്മദ്‌ നിസ്സംഗത കലര്‍ന്ന ചിരി സൃഷ്ടിക്കും. ഖുര്‍ആനിലും ദുആകളിലും മുഴുകിയിരുന്ന് അവര്‍ക്കുമാത്രമായുള്ള അര്‍ത്ഥമില്ലാത്ത ജീവിതങ്ങളെ ജീവിച്ചു. 

ദിവസങ്ങള്‍ കൊഴിഞ്ഞുവീഴുന്നത് അവരറിയുന്നുണ്ടായിരുന്നില്ല. പാടത്തും, വരമ്പത്തുമായി അഹമ്മദും ഫാത്തിമയും പകലുകളില്‍ വിത്ത്‌ വിതച്ചു, നനച്ചു കൊയ്ത്, ഉണ്ടും ഉറങ്ങിയും, വരണ്ട കാലാവസ്ഥകളില്‍ മൂകരായും ലക്ഷ്യമില്ലാതെ ജീവിച്ചു. വല്ലപ്പോഴും വിരുന്നുവരുന്ന മക്കളും അവരുടെ കുട്ടികളുമുണ്ടാക്കുന്ന ഒച്ചപ്പാടില്‍ അഹമ്മദും ഫത്തിമയും അതിയായി സന്തോഷിക്കും. അവര്‍ മടങ്ങിപോകുമ്പോള്‍ മരണവീടുപോലെ ഓരോ കോണുകളിലേക്ക് തലതിരിച്ചിരിന്നു ഓരോ ചിന്തകളില്‍ മുഴുകും.

അന്നാകാശത്ത് മഗരിബിന്‍റെ ചുവന്നനിറത്തിന് കനംകുറയുന്ന നേരത്ത് അഹമ്മദും ഫാത്തിമയും നിസ്കരിച്ചു. ദിക്ക്റുകളുടേയും, ദുആകളുടേയും ഇടയിലുള്ള നിശബ്ദതയെ ബുദ്ധിമുട്ടിച്ച് ചെവികളെ നോവിക്കുന്ന കരച്ചിലായി ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയില്‍ ഇടറിയ ശബ്ദം കേട്ടുപകച്ച അഹമ്മദ്‌ ക്ഷമയോടെ ഫോണിലെ അപരിചിതമായ ആ ശബ്ദത്തോട് പ്രതികരിച്ചു. ഫാത്തിമ തെല്ലതിശയത്തോടെ അത് നോക്കിക്കൊണ്ട്നിന്നു. സംഭാഷണം കഴിഞ്ഞ ശേഷം അഹമ്മദ്‌ ഉമ്മറത്തെ ചാരുപടിയില്‍ വന്നിരുന്നു. ഫാത്തിമ ചോദിച്ചത് അഹമ്മദ്‌ കേട്ടില്ല. അഹമ്മദ് അപ്പോഴും ആ പരിചിതമായ ശബ്ദത്തിലേക്ക് കാതോര്‍ത്ത് കാലുംനീട്ടിയിരുന്നു.


അയാള്‍: ഏകാന്തതയിലേക്കുള്ള നടത്തം
--------------------------------------------------
നീണ്ട പകലുകള്‍, യുഗങ്ങളായിത്തോന്നിപ്പിക്കുന്ന ഇരുട്ടുമൂടിയ രാത്രികള്‍, ലക്ഷ്യമില്ലാതെ അലയുന്ന ചിന്തകള്‍, മനസ്സിനെ കുത്തിനോവിക്കുന്ന ഓര്‍മകളില്‍ ജീവനില്ലാതെ ജീവിക്കുകയായിരുന്നു അയാള്‍. പ്രായത്തിന്‍റെ അലസതകള്‍ വേറെയും. അയാള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ടായിരുന്നു. നല്ലൊരു ജീവിതമുണ്ടായിരുന്നു. ആ ജീവിതത്തിനു നിറം പകരുന്ന കുഞ്ഞു ജീവനുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അതായിരുന്നു അയാളുടെ ജീവിതത്തെ രണ്ടു കാലഘട്ടങ്ങളായിത്തിരിച്ച വൈഷമ്യം. 

ഭാര്യക്ക്‌ ഗര്‍ഭധാരണശേഷിയുണ്ടായിരുന്നില്ല. അതുകൊണ്ടയാള്‍ ഭാര്യയെ ജീവിതത്തില്‍ നിന്നുതന്നെ ഒഴിവാക്കി. അവള്‍ പോയതോടെ അയാള്‍ ഒറ്റപ്പെട്ടു. അയാള്‍ കുറ്റബോധത്തിലായിരുന്നു‍. മദ്യക്കുപ്പിയുടെ മൂടിത്തുമ്പത്തു കയറി കുപ്പിയുടെ ഉള്ളിലേക്ക് ചാടി ലഹരിയില്‍ മുങ്ങിമരിക്കുന്ന പുതിയ ജീവിതത്തില്‍ അയാള്‍ക്ക്‌ നഷടപ്പെട്ടത്‌ അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയത് അയാളുടെ ഭാര്യയെയായിരുന്നു. ബെറ്റീന തന്നെ മടുത്ത്‌ ഇട്ടെറിഞ്ഞു പോയതല്ല. മറിച്ച്, താന്‍ ഓടിച്ചു വിട്ടവളാണ്. 

"മക്കളില്ലാന്നു വെച്ച്?"
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ സൃഷ്ടിച്ച് അയാള്‍ വിറയോടെ മദ്യത്തിന്‍റെ കയ്പ്പില്‍ മുങ്ങി. ലഹരി അയാളെ ബാധിക്കില്ലായിരുന്നു. എന്നിട്ടും ലഹരി ബാധിച്ച ഒരുവനെപ്പോലെ ബെറ്റീനക്ക് വേണ്ടി കരഞ്ഞ്, മൂകമായി വിങ്ങിപ്പൊട്ടി. ഇരുട്ടുകളില്‍ കണ്ണുനീരോഴുക്കി. ബെറ്റീന ഭംഗിയോടെ തുടച്ചു സൂക്ഷിച്ചിരുന്ന മേശയും, വിരിപ്പും വൃത്തികേടായിക്കിടന്നു. ബെറ്റീയുണ്ടെങ്കില്‍ അയാള്‍ കരയുമായിരുന്നില്ല. അയാള്‍ തന്‍റെ ജീവിതത്തെ ശപിച്ച് കണ്ണീരൊഴുക്കുമായിരുന്നില്ല. 


ഫാത്തിഹിന്‍റെ തുടരന്വേഷണങ്ങള്‍
---------------------------------------------
ഫാത്തിഹ് തന്‍റെ വേദനകളെ മറന്ന് തനിക്ക് രണ്ടാം ജീവന്‍ തന്ന ജോസഫെന്ന ഡോക്ടറെത്തേടി അലഞ്ഞു. 

ഇതുവരെ കയറാത്ത പുതിയ ആശുപത്രികള്‍‍, ചെറിയ ചെറിയ നഴ്സിംഗ് ക്ലിനിക്കുകള്‍. 

രാത്രിയില്‍ ഫാത്തിഹ് സെലിന്‍റെ പതിഞ്ഞ ശബ്ദത്തില്‍ അലിഞ്ഞുറങ്ങി. 

ഫോണ്‍ ചെയ്യുമ്പോള്‍ ഫാത്തിഹിനെക്കൊണ്ട് അവള്‍ അധികം സംസാരിപ്പിക്കാറില്ല. ഒരു കേള്‍വിക്കാരനായി ഫാത്തിഹിനെയിരുത്തും. അവളുടെ ദിവസത്തിലെ എല്ലാ സംഭവങ്ങളും വിവരിച്ചുകൊടുക്കും, ക്ലാസിലെയും വീട്ടിലെയും തമാശകള്‍ പറഞ്ഞ് അവനെ ഒരു ചുംബനത്തിന്‍റെ പതിഞ്ഞ ശബ്ദത്തില്‍ അവളുറക്കും. സ്വപ്നങ്ങളില്‍ അവള്‍ അവന്‍റെ തോളില്‍ തലചായ്ച്ചുകിടക്കും. അവളുടെ മുടിയിഴകളില്‍ക്കോര്‍ത്ത മുത്തുകള്‍ അവന്‍ എണ്ണംകൂട്ടി ചേര്‍ത്തുവെക്കും. അവരെ തഴുകുന്ന തണുത്ത കാറ്റില്‍ പറക്കുന്ന അവളുടെ നീളമുള്ള ചെമ്പന്‍മുടികളെ അവന്‍ ഉമ്മവെക്കും.

വേദനകളില്‍ പുലരുന്ന ദിവസങ്ങളെ ഫാത്തിഹ് ശപിക്കും. ആര്‍ട്ട് ക്ലാസ്സ് കഴിഞ്ഞാല്‍ ഫാത്തിഹ് വീണ്ടും നഗരത്തിന്‍റെ തിരക്കിലേക്ക് കലരും. ഇതുവരെ കയറിനോക്കാത്ത ആശുപത്രികളില്‍ ജോസഫ് ഡോക്ടര്‍മാരെ തിരയും. നിരാശയോടെ തിരിച്ചുവരുന്ന ഫാത്തിഹിനെ നോക്കി സെലിന്‍ ചിരിക്കാന്‍ ശ്രമിക്കും.


അഹമ്മദും ഫാത്തിമ്മയും: ഓര്‍മ്മകള്‍
----------------------------------------------
തന്‍റെ ചോരയെ ജീവനായി കണ്ടപ്പോള്‍ അഹമ്മദ്‌ അറിയാതെ പറഞ്ഞു. "മാഷാ അല്ലാഹ്". അത് കേട്ടപ്പോള്‍ ഫാത്തിമയുടെ  മുഖത്ത്  നാണം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. 
ഡോക്ടര്‍ ബെറ്റീന അഹമ്മദിനോട് പറഞ്ഞു.

"നിങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹമുള്ളവരാണ്. 
 ഏറെ ബുദ്ധിമുട്ടിയാണെങ്കിലും രണ്ടുപേരെയും ജീവനോടെ തിരിച്ചു കിട്ടി. 
 ഇവിടുള്ള സൗകര്യങ്ങള്‍ വച്ച് ഇതൊരു അത്ഭുതമാണ്. 
 നിങ്ങളുടെ മകനെ നോക്കൂ. 
 അവന്‍റെ മുഖത്തെ ഐശ്വര്യം നോക്കൂ."

അത്രക്കും ഓമനത്തമുള്ള കുട്ടിയായിരുന്നു അഹമ്മദിനും ഫാത്തിമക്കും പിറന്നത്. ആദ്യത്തെത്  ഒരാണും, രണ്ടാമത്തേത് പെണ്ണുമായി രണ്ടു കുഞ്ഞുകള്‍ അവര്‍ക്കുണ്ട്. മൂന്നാമത്തെ കുഞ്ഞാണിത്. ആദ്യത്തെ കുട്ടികള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അവനുണ്ടായിരുന്നു. ആ പരിസരത്തുള്ള എല്ലാവരും വന്നു കുട്ടിയെ കണ്ടു, അവനെ കളിപ്പിച്ചു, ചിരിപ്പിച്ചു. അവര്‍ക്കെല്ലാവര്‍ക്കും കുഞ്ഞിനെ അത്രയ്ക്ക് ഇഷ്ടമായി. ബെറ്റീനയായിരുന്നു കുഞ്ഞിനെ എപ്പോഴും വന്നുകണ്ടിരുന്നത്. അവര്‍ക്കെന്തോ ആ കുഞ്ഞിനെ അത്രക്കിഷ്ടപ്പെട്ടിരിക്കണം. 

അവരവന്‍റെ ഓരോ ചലനങ്ങളെയും ഫാത്തിമക്ക് കാണിച്ചുകൊടുത്തു. ഫാത്തിമക്ക് പകരം അവര്‍ കുഞ്ഞിനെ പാട്ടുപാടിയുറക്കി. മണമുള്ള നീല നിറമുള്ള റബ്ബര്‍ഷീറ്റില്‍ കിടന്നുറങ്ങുന്ന അവന്‍റെ ഓമനത്തമുള്ള മുഖത്തുനോക്കി ബെറ്റീന ഇടയ്ക്കു ഫാത്തിമ കാണാതെ കണ്ണീര്‍പൊഴിക്കും. പഴക്കംചെന്ന ആ കൊച്ചുമുറിയിലാകെ അവന്‍റെ വിശന്നുള്ള കരച്ചില്‍ നിറയുമ്പോള്‍ ഫാത്തിമ അവന്‍റെ വായിലേക്ക് അവളുടെ അമൃതപ്രവാഹത്തിന്റെ മൊട്ടു തിരുകിക്കയറ്റും. ചെറിയ ശബ്ദത്തില്‍ ആര്‍ത്തിയോടെ കുടിക്കുബോള്‍ അവന്‍റെ കാലുകള്‍ അടുത്തിരിക്കുന്ന ബെറ്റീനയുടെ ദേഹത്ത് തട്ടിക്കും.  


സെലിന്‍: പ്രതീക്ഷയും നിസ്സഹായതയും
-------------------------------------------------
സെലിനെ വിളിച്ചു. ജോസഫ് എന്ന് പേരുള്ള ഒരു പീഡിയാട്രിക്ക് ഡോക്ടറെക്കുറിച്ച് അവള്‍ തന്നെയാണ് പറഞ്ഞത്. അവളുമൊന്നിച്ച് തനിച്ചു കുറച്ചു സമയം ചെലവഴിക്കണം എന്നതുകൂടി മനസ്സിലുണ്ടായിരുന്നു. ഇങ്ങനെയൊരു അവസരമാണെങ്കിലും സാരമില്ല. അതുമല്ല അവള്‍ക്ക് ബൈക്ക് യാത്ര ഹരമാണ്, തന്നെ ചുറ്റിപ്പിടിച്ച് ഇരുന്നോളും. 

കറുപ്പണിഞ്ഞ പാതകള്‍ വീശിയ തണുത്ത കാറ്റില്‍ സുഖം പിടിച്ചു സെലിന്‍ ഫാത്തിഹിന്‍റെ പിന്നില്‍ ചാഞ്ഞിരുന്നു. വഴികളില്‍ കാണുന്ന എല്ലാ കാഴ്ചകളിലും അവനായിക്കരുതിവെച്ച ചിന്തകളെ അവള്‍ പറഞ്ഞു കൊടുക്കും. 

ചെറിയ ആശുപത്രി, ജോസഫ്‌ എന്ന് പേരുള്ള ഡോക്ടര്‍ ഉണ്ടവിടെ. പക്ഷെ ഫാത്തിഹ് അവര്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടര്‍ അയാളല്ല.

തിരിച്ചു പോരുമ്പോള്‍ ഫാത്തിഹ് സെലിനെ കുറ്റം പറഞ്ഞു. ശരിക്കും അന്വേഷിച്ച് നോക്കാമായിരുന്നു. വെറുതെ ഇത്രയും സമയം കളയേണ്ട ആവശ്യമില്ലായിരുന്നു എന്നൊക്കെപ്പറഞ്ഞു. ബൈക്ക് ഓടിക്കുമ്പോള്‍ സെലിന്‍ ചുറ്റിപ്പിടിക്കാന്‍ തുനിഞ്ഞപ്പോള്‍ ഈര്‍ഷ്യയോടെ മുന്നിലേക്ക്‌ ആഞ്ഞിരുന്നു. ഇയാളല്ല അയാള്‍ എന്നൊക്കെപ്പറഞ്ഞു വെറുതെ എന്തൊക്കെയോ പിറുപിറുത്തു. സെലിനും സങ്കടമായി. വെറുതെ എന്തൊക്കെയോ പറഞ്ഞു ഫാത്തിഹ് സെലിനോട് തട്ടിക്കയറി. ആ തണുത്ത കാറ്റില്‍ സെലിന്‍റെ കണ്ണുനീര്‍ പിന്നിലേക്കൊഴുകി.


അയാള്‍: പ്രതീക്ഷയുടെ നഷ്ടം
------------------------------------
അയാള്‍ അയാളുടെ ഭാര്യയെ വിളിക്കാന്‍ ശ്രമിച്ചു. ബെറ്റീന ഇപ്പോള്‍ കാനഡയിലാണ്. ബെറ്റീനയുടെ ഒരകന്നബന്ധുവിന് അവിടെ ഒരു ആശുപത്രിയുണ്ട്, ഇപ്പൊള്‍ അവിടെ സീനിയറായി പ്രാക്ടീസ്‌ ചെയ്യുന്നു. അന്നാ വഴക്കിനു ശേഷം ബെറ്റീന നേരെ അങ്ങോട്ടാണ് പോയത്. അതിനുശേഷം ബെറ്റീന അയാളെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചപ്പോള്‍ ബെറ്റീനക്കു പറയാന്‍ ഒന്നുമില്ലായിരുന്നു. 

അയാള്‍ കരഞ്ഞുകെഞ്ചി തിരികെ വരാന്‍ പറഞ്ഞു, ബെറ്റീന ചുണ്ടനക്കിയില്ല, മിണ്ടിയില്ല. ബെറ്റീന ഒരറ്റത്ത് നിന്ന് കരയുന്നപോലെ തോന്നി അയാള്‍ക്ക്.മനസ്സിലെ അഴുക്കുകള്‍ എന്നന്നേക്കുമായി കഴുകിക്കളയുന്ന വിഷത്തുള്ളികള്‍ വീഴ്ത്തിയ പളുങ്കുപാത്രം, സ്വപ്നങ്ങളെ കൂട്ടക്കുരുതി കൊടുക്കാന്‍ വെമ്പുന്ന രാത്രി, ജനവാതിലില്‍ ആര്‍ത്തിയോടെ ഭൂമിയിലേക്ക്‌ വീശുന്ന വിശക്കുന്ന മരണത്തിന്‍റെ മണമുള്ള കാറ്റ്. 

പണ്ടു വന്‍കരകള്‍ അടര്‍ത്തപെട്ടമാത്രയില്‍ കരയും കടലും കരഞ്ഞ പോലെ അയാള്‍ കരഞ്ഞു. വിളറിവെളുത്ത മുഖവുമായി അയാള്‍ ബെറ്റീനയോട് പറഞ്ഞു.

"ബെറ്റീന.. എന്നെ മരണം വിളിക്കുന്നു. തണുപ്പുപെയ്യിക്കുന്ന സ്വര്‍ഗത്തിലെ മരത്തിന്‍റെ ചുവട്ടിലേക്കെനിക്ക് പോവണം. ഇനി കടലും, കാടും കൂടിക്കലര്‍ന്ന നമ്മുടെ പഴയ സ്വപ്നങ്ങളുടെ കാഴ്ചയില്‍ എന്‍റെ ചിരിയുയരില്ല. മരണത്തിന്‍റെ സ്വപ്‌നങ്ങള്‍ വഴികാട്ടുന്ന ഈ രാത്രിയില്‍ എനിക്കാരോടും പശ്ചാത്താപവുമില്ല. വഴിയില്‍ക്കാണുന്ന നിന്‍റെ ചിരിക്കാത്ത മുഖത്തോട് എനിക്കലിവുമില്ല, കാരുണ്യവുമില്ല. ഇത് ദൈവം എന്നിലേക്കഴിച്ചുവിടുന്ന മരണതാണ്ഡവം മാത്രമാണ്. അതിനുശേഷം ഞാനും നീയും എന്നില്ല. എന്നന്നേക്കുമായി പുലരുന്ന എന്‍റെ നിശബ്ദത മാത്രം."


ബെറ്റീനയുടെ ദുഖം
------------------------
ഡോക്ടര്‍ ബെറ്റീനക്ക് ഗര്‍ഭധാരണശേഷിയില്ലായിരുന്നു, അവരുടെ ഭര്‍ത്താവും ആ ആശുപത്രിയിലെത്തന്നെ ഡോക്ടറാണ്. നഗരത്തില്‍നിന്നു വന്ന ആ ഡോക്ടര്‍ ദമ്പതിമാര്‍ നിരാശരായിരുന്നു. ആ നഗരത്തിലെ തിരക്കുകളും, അവരുടെ സങ്കടങ്ങള്‍ക്കും അറുതിവരട്ടെ എന്ന് തോന്നിയിട്ടാകണം ഈ ഗ്രാമത്തില്‍ വന്നത്. അല്ലെങ്കില്‍ ദൈവം ഫത്തിമയെയും കുഞ്ഞിനേയും രക്ഷിക്കാന്‍ വേണ്ടി പറഞ്ഞയച്ചതാവും. അങ്ങനെ മറ്റു പലരെയും രക്ഷിക്കാനുമാവും ഇവരുടെ നിയോഗം‍. 

ജനാലയുടെ ഉള്ളിലേക്ക് കടന്നുവരുന്ന പച്ചവിരിച്ച പാടത്തിന്‍റെ മണമുള്ള തണുത്തകാറ്റില്‍ ബെറ്റീന പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ആ കൊച്ചുമുറിയുടെ ചുവരുകളില്‍ കുഞ്ഞുങ്ങളുണ്ടാവാത്ത ഒരമ്മയുടെ ചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. പുറമ്പോക്കിലെവിടെയോ ആരോ ഉപേക്ഷിച്ച ഒരു ചെറിയ പൂച്ചക്കുട്ടിയെപ്പോലെ ശബ്ദമില്ലാതെ ബെറ്റീന കരയുമായിരുന്നു. 

ദൈവം അങ്ങനയാണ്, എല്ലാ സന്തോഷങ്ങളും ആര്‍ക്കും ഒരുമിച്ചു കൊടുക്കില്ല. ചിലരെ തിരഞ്ഞെടുത്തു സങ്കടപ്പെടുത്തും. തന്‍റെ കാര്യത്തില്‍ ദൈവം പലപ്പോഴും ക്രൂരനാണെന്ന്‍ ബെറ്റീനക്ക് തോന്നിയിരുന്നു.

അഹമ്മദിന്‍റെയും ഫാത്തിമയുടെയും കുഞ്ഞിനെ കാണുമ്പോള്‍ ബെറ്റീനയുടെ മുഖം പ്രസന്നമാവും. ഇടയ്ക്കു കുഞ്ഞിനെ ബെറ്റീന ഭര്‍ത്താവിന്‍റെ അടുത്തു കൊണ്ടുപോകും. പാലുകുടിക്കാന്‍ കരയുമ്പോള്‍ മാത്രമേ അവനെ തിരിച്ചു കൊണ്ടുകൊടുക്കൂ. വരുമ്പോള്‍ ചിലപ്പോള്‍ അമ്മക്കും കുഞ്ഞിനും പ്രത്യേകമായി എന്തെങ്കിലും കയ്യില്‍ കരുതിയിട്ടുണ്ടാകും, ഭക്ഷണം, ഉടുപ്പുകള്‍ അങ്ങനെ എന്തെങ്കിലും.ആദ്യമൊക്കെ ഫാത്തിമക്കതൊരു പ്രശ്നം പോലെ തോന്നിയിരുന്നില്ല. പിന്നീട് അത് ഒരുമാതിരി തോന്നി. ഫാത്തിമയെ ചിക്തിസിക്കുന്ന ഡോക്ടറായതുകൊണ്ട് അഹമ്മദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരവസരത്തിലാണ് ബെറ്റീനയും കൂടെ ഭര്‍ത്താവ് ജോസഫ് ഡോക്ടറും അഹമ്മദിനെയും ഫാത്തിമയെയും കാണാന്‍ വന്നത്. തികച്ചും ഔപചാരികമായ ഒരു സന്ദര്‍ശനം മാത്രമായിരുന്നില്ല അത്. 

കുഞ്ഞിനെ അവര്‍ ദത്തെടുത്തോട്ടെ എന്ന് ചോദിക്കാനായിരുന്നു വന്നത്. 

"ഇവനെ ഒരു രാജകുമാരനായി വളര്‍ത്തിക്കോളാം. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്നു കാണാം" എന്നുമൊക്കെ ബെറ്റീനയുടെ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഫാത്തിമ പച്ചകര്‍ട്ടനു പിറകില്‍ മറഞ്ഞു. അതിസങ്കീര്‍ണ്ണമായ പല കേസുകളിലും ഒരുപാടു സ്ത്രീകളെ അമ്മയെന്ന വര്‍ഗ്ഗത്തിലേക്ക് അവരുടെ രണ്ടാം ജീവനുകളെ ബെറ്റീന അതിവിദഗ്ധമായി പുറത്തെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ബെറ്റീന ആയാസപ്പെട്ടിരുന്നില്ല. പക്ഷെ അതൊന്നുമല്ലാത്ത ഒരു ബെറ്റീന അഹമ്മദിന്‍റെയും ഫാത്തിമയുടെയും ദയക്കുവേണ്ടി ചെറിയ കുട്ടിയെപ്പോലെ കരഞ്ഞു. കണ്ണ് നിറച്ച് അവരുടെ ഭര്‍ത്താവ് തലകുനിച്ചു നിന്നു. ബെറ്റീനയുടെ കരച്ചില്‍ ഫാത്തിമയുടെ മനസ്സലിയിച്ചില്ല. 


ഫാത്തിഹ് : രണ്ടാം ജന്മം
------------------------------
അഹമ്മദ്‌ കൃഷിക്കാരനാണ്, പാട്ടത്തിനെടുത്ത വയലുകളില്‍ അയാള്‍ നെല്ലും പച്ചക്കറികളും കൃഷി ചെയ്തു. ഫാത്തിമയും മൂന്നു കുട്ടികളും അഹമ്മദിനെ സഹായിച്ചുപോന്നു. ഇളയവന്‍ മഹാവികൃതിയാണ് മൂന്നു വയസ്സേ ഒള്ളുവെങ്കിലും മൂത്ത രണ്ടുപെരെക്കാളും പ്രസരിപ്പ് അവനാണ്. ആരു പറഞ്ഞാലും അവന്‍ കേള്‍ക്കില്ല.  ഡോക്ടറമ്മ വന്നു പറഞ്ഞാല്‍ എല്ലാം കേള്‍ക്കും. ബെറ്റീനയെ അവന്‍ ഡോക്ടറമ്മ എന്നാണ് വിളിച്ചിരുന്നത്‌. ഫാത്തിമ അവനെ വഴക്ക് പറയില്ല, അടിക്കില്ല. അഹമ്മദുമതെ, അവന്‍റെ വികൃതികളെ ചിരിയോടെ നോക്കിക്കാണും.

ഡോക്ടര്‍ ബെറ്റീനയും ഭര്‍ത്താവും ഇടയ്ക്ക് അവനെ കാണാന്‍ വരും. അപ്പോള്‍ കൊണ്ടുവരുന്ന ഉടുപ്പും, ചോക്കലേറ്റും കിട്ടിയാല്‍ അവന്‍ ഫാത്തിമയേയും, അഹമ്മദിനെയും ഗൗനിക്കില്ല. ബെറ്റീനയും, ഭര്‍ത്താവും ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ന്‍ അവനെക്കാണും. അവരുടെ ഓരോ വരവും ഫാത്തിമയുടെ നെഞ്ചുപൊള്ളിക്കും. ബെറ്റീനക്ക് അവനോടുള്ള സ്നേഹം കാണുമ്പോള്‍ ബെറ്റീനയുടെ ഭര്‍ത്താവ് അഹമ്മദിന്‍റെ മുഖത്ത് നോക്കും. അഹമ്മദ്‌ നിസ്സഹായത തുളുമ്പുന്ന കണ്ണുകളില്‍ നിസ്സംഗത ഭാവിച്ചു നില്‍ക്കും.

ഒരിക്കല്‍ നെല്ല് നിറച്ച ചാക്ക് അവന്‍റെ മേല്‍ വീണു, അവന്‍റെ ബോധം പോയി. പൊക്കിള്‍ക്കൊടിയില്‍ നിന്ന് രക്തം ചീറ്റാന്‍ തുടങ്ങി. ഫാത്തിമ ബോധം കെട്ടുവീണു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവന്‍ പിടച്ചില്‍ തുടങ്ങി, രക്തം വാര്‍ന്നുകിടക്കുന്ന അവനെ കണ്ടപ്പോള്‍ ബെറ്റീനയും തകര്‍ന്നു. ബെറ്റീനയുടെ ഭര്‍ത്താവ് വന്ന്‍ അവനെ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ശാസ്ത്രക്രിയ കഴിഞ്ഞുവന്ന അയാളുടെ മുഖത്തേക്ക് അഹമ്മദ്‌ ദയയോടെ നോക്കി. 

രണ്ടു മാസത്തോളം വീണ്ടും ആശുപത്രിവാസം, അവനെ പ്രസവിച്ചശേഷം ഫാത്തിമ പിന്നെ ആശുപത്രി കണ്ടിരുന്നില്ല. ഇതിപ്പോള്‍ വീണ്ടും പഴയ ആശുപത്രി, തനിക്കുപകരം അന്ന് പ്രസവിച്ചിട്ട മകനാണ് ഇപ്പോള്‍  ആശുപത്രിക്കിടക്കയില്‍ കിടക്കുന്നത്‍. ബെറ്റീനഡോക്ടര്‍ക്ക് പകരം അവരുടെ ഭര്‍ത്താവ് തന്‍റെ മകനെ രക്ഷിച്ചിരിക്കുന്നു. മരിച്ചു എന്നുകരുതിയ തന്‍റെ മകനെ തിരിച്ചു തന്നിരിക്കുന്നു. മകനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്ന ദിവസം, ജോസഫ് ഡോക്ടര്‍ അഹമ്മദിനെ വിളിച്ചു ഫാത്തിഹിന്‍റെ കാര്യം പറഞ്ഞു. 

"അവനെ സൂക്ഷിക്കണം, വയറിനുള്ളിലെ ചില ഞരമ്പുകള്‍ ചതഞ്ഞു പോയിട്ടുണ്ട്. വാരിയെല്ലുകള്‍ പൊട്ടിപ്പോയിട്ടുണ്ട്, വളരെയധികം ശ്രദ്ധിക്കണം." 

അഹമ്മദിന് എങ്ങനെ നന്ദിപറയണം എന്നറിയില്ലായിരുന്നു. കണ്ണുകള്‍ നിറച്ചു കൈകൂപ്പി അഹമ്മദ്‌ നിന്നു. മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ജോസഫ് ഡോക്ടര്‍ അഹമ്മദിനോട് ചോദിച്ചു.

"ഫാത്തിഹിനെ ഞങ്ങള്‍ക്ക് തന്നൂടെ?"

അഹമ്മദിന് മറുപടിയില്ലായിരുന്നു. 


അയാള്‍: രണ്ടാം ജന്മം
--------------------------
മരണത്തിന്‍റെ വഴികളില്‍ സത്രങ്ങളില്ല. ഒളിച്ചു പാര്‍ക്കാന്‍ പൊന്തക്കാടുകളുമില്ല. ഞെരുങ്ങിയൊതുങ്ങി ഇരുട്ടിലേക്ക് മറയുന്ന മഹാമൗനത്തിന്‍റെ തുടക്കം മാത്രം. നിശ്വാസങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ മൗനച്ചുഴികളില്‍പ്പെട്ട് പകച്ചുപോകുന്ന ഹൃദയത്തിന്‍റെ സങ്കടങ്ങള്‍ ആരും കാണാറില്ല. മൗനച്ചുഴികളില്‍പ്പെട്ട് മുങ്ങിനിവരുന്ന ജോസഫ് എന്ന നിരാലംബനായ ആ മനുഷ്യനെ ആരും കണ്ടിരുന്നില്ല! 

മരണത്തിലേക്കുള്ള എളുപ്പവഴിയില്‍ എവിടെയോ വഴിതെറ്റിയ അയാള്‍ അനക്കമില്ലാതെ കിടന്നു.

ഭര്‍ത്താവിന്‍റെ നെഞ്ചിലെ നിശ്വാസങ്ങളുടെ താളത്തെ നോക്കി ബെറ്റീന കരഞ്ഞു. തിരിച്ചു വരണമെന്ന് ബെറ്റീന ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചെന്നും കോമയില്‍ ആശുപത്രിയിലാണെന്നും കേട്ടപ്പോള്‍ ബെറ്റീനക്ക് അതുവരെ താന്‍ പിടിച്ചുനിര്‍ത്തിയ തന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 

ജോസഫിന് ഒരു കുഞ്ഞിനെക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ബെറ്റീനയെ വേദനിപ്പിച്ചിരുന്നു. അതെന്നും ദു:സ്വപ്നങ്ങളായി ബെറ്റീനയെ പിന്തുടര്‍ന്നിരുന്നു. 

അനക്കമില്ലാതെ കിടക്കുന്ന ജോസഫിന്‍റെ മുഖത്തുനോക്കി ബെറ്റീന വിതുമ്പി. പിന്നെ ജോസഫിന്‍റെ കനമേറിയ നിശ്വാസങ്ങള്‍ക്ക് ലംബമായി ബെറ്റീന അയാളുടെ നെഞ്ചിലേക്ക് വീണുകിടന്നു.

ഒരു ദിവസം ജോസഫ് കണ്ണുതുറന്നു. ബെറ്റീനയെ കണ്ടപ്പോള്‍ ജോസഫിന്‍റെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ മഴപെയ്തു. കണ്ണില്‍ കനല്‍കൂട്ടിയ ആ ദിവസങ്ങള്‍ക്കങ്ങനെ വിരാമമായി. 
തിരക്കുള്ള തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖം നോക്കിയിരിക്കുന്ന നിസ്സഹായരായ രാത്രിയാത്രക്കാരെപ്പോലെ അവര്‍ പരസ്പരം നോക്കിയിരുന്നു. ചിലപ്പോള്‍ മാത്രം ചിരിച്ചു. പിന്നെ പ്രണയത്തിന്‍റെ ശരീരങ്ങളില്‍ നിന്നടര്‍ന്നുപോയ രണ്ടു ജീവനുകളുടെ മധുരമുള്ള വേദനയെ നെഞ്ചിലേറ്റി ഇരുവരും കൈകോര്‍ത്തുപിടിച്ചു. അപ്പോള്‍ ഓര്‍മ്മകള്‍ ആകാശത്തു നിന്ന്‍ ഇറങ്ങിവന്നു. കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും അവരുടെ ഇടയിലുണ്ടായിരുന്ന സ്നേഹത്തിന്‍റെ വിലങ്ങുകളില്‍ തീര്‍ത്ത ആ പഴയ ദിവസങ്ങളെ അവര്‍ തിരിച്ചു വിളിച്ചു. ഓര്‍മ്മകളില്‍ പഴയ കുഗ്രാമത്തിലെ ആശുപത്രിയും, നാട്ടുകാരും, അഹമ്മദും, ഫാത്തിമയും, ഫാത്തിഹും എല്ലാവരും വിരുന്നുവന്നു. 

അഹമ്മദിന്‍റെയും, ഫാത്തിമയുടെയും പേര് കേട്ടപ്പോള്‍ ബെറ്റീനയുടെ ചാര നിറത്തിലുള്ള കണ്ണുകള്‍ കരഞ്ഞു. ആശുപത്രിയില്‍ വെച്ച് ഫാത്തിഹിന്‍റെ അത്രത്തോളം പ്രായം വന്നേക്കാവുന്ന ഒരു യുവാവിനെ കണ്ടകാര്യം ബെറ്റീന സ്മരിച്ചു. അവരെയൊക്കെ ഒന്നുകണ്ടാല്‍ തന്‍റെയും ബെറ്റീനയുടെയും ഒറ്റപ്പെടല്‍ മാറുമെന്ന് ജോസഫ് പറഞ്ഞപ്പോള്‍ ചുണ്ടുകള്‍ വളച്ച് ബെറ്റീന പുഞ്ചിരിപൊഴിച്ചു. ആ പുഞ്ചിരിയില്‍ ജോസഫിന് തന്‍റെ പഴയജീവിതം തിരികെ വന്നപോലെ തോന്നി. ജീവിതത്തിന്‍റെ മരത്തില്‍ നിന്നും അകന്നുപോയ പ്രണയത്തിന്‍റെ പക്ഷികള്‍ എവിടെയോ വച്ച് വീണ്ടും കണ്ടുമുട്ടിയപോലെ അവര്‍ ചില മൗനത്തിന്‍റെയിടയില്‍ മാത്രം പകച്ചുനിന്നു.


ഫാത്തിമ: പറയാന്‍ മറന്നത്
-----------------------------------
വീട്ടിലെത്തിയ അഹമ്മദ്‌ ചിന്താകുലനായിരുന്നു. ഇന്ന് ഫാത്തിഹ് ജീവിച്ചിരിക്കുന്നത് ദൈവത്തിന്‍റെയും ജോസഫ് ഡോക്ടറുടെയും മഹത്വത്തിലാണ്. 

ജോസഫ് ഡോക്ടറുടെ മുഖത്തുള്ള നിരാശകളെ ഓടിപ്പായിപ്പിച്ചും, ഡോക്ടറമ്മയുടെ മനോഹരമായ ആ മുഖത്ത് ആശാവഹമായ പുഞ്ചിരിയെ തളച്ചിടാനും താനും ഫാത്തിമയും അന്ന് വിചാരിച്ചിരുന്നുവെങ്കില്‍ കഴിയുമായിരുന്നു. പക്ഷെ ഫാത്തിമക്ക് അതിനുകഴിയില്ലായിരുന്നു. അന്നവസാനമായി ജോസഫ് ഡോക്ടറെ കണ്ടദിവസം ഫാത്തിമയോട് ഡോക്ടര്‍ ആവശ്യപ്പെട്ട കാര്യം അഹമ്മദ്‌ പറഞ്ഞു. അന്ന് ഫാത്തിമ തന്‍റെ നെഞ്ചിലൊട്ടി ഫാത്തിഹിനെ അത്ര പെട്ടെന്ന് തനിക്ക് മറക്കാന്‍ കഴിയുമെങ്കില്‍ കൂട്ടത്തില്‍ അവളെയും മറന്നുകളയാന്‍ പറഞ്ഞു.

"ഇക്കാ..

ആരാ വിളിച്ചത്? എന്തേലും ആപത്ത്?"

ഓര്‍മ്മയില്‍ നിന്നുണര്‍ന്ന അഹമ്മദ്‌ ഫാത്തിമയെ തനിക്കരികില്‍ പിടിച്ചിരുത്തി. അഹമ്മദ്‌ ചിരിയോടെ പറഞ്ഞു. 

"ആര്‍ക്കും ആപത്തൊന്നുമില്ല. ജോസഫ് ഡോക്ടര്‍ക്ക് നമ്മളെയും മക്കളെയും കാണണംപോലും, അവരിങ്ങോട്ടു വരുന്നൂന്ന്."

"ഏതു ഡോക്ടര്‍?"

ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും!

ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും, ഫാത്തിമയുടെ മനസ്സില്‍ ആ പഴയ നൊമ്പരങ്ങളുടെ ഓര്‍മ്മഭൂതങ്ങള്‍ പറന്നെത്തി. അവരുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അഹമ്മദിന്‍റെ മുട്ടിലേക്ക് മെല്ലെ തലചായ്ച്ച് ഫാത്തിമ തന്‍റെ മൗനത്തിന്‍റെ വാതിലുകള്‍ തുറന്നിട്ടു. 

ഫാത്തിമയുടെ ഓരോ മൗനങ്ങള്‍ക്കിടയിലും നീറിപ്പിടഞ്ഞു തളര്‍ന്നുകിടന്ന പറയാന്‍ മറന്ന കുറെ വാക്കുകളുണ്ടായിരുന്നു. കാലാന്തരങ്ങളില്‍ അവയില്‍ ചിലത് ഫാത്തിമയറിയാതെ അവരുടെ മനസ്സിന്‍റെ ഉയരങ്ങളില്‍ നാട്ടിയ കഴുമരങ്ങളില്‍ ജീവനറ്റ്‌ ജീര്‍ണ്ണിച്ചു തൂങ്ങിക്കിടന്നു. പിന്നിടവ മറവികള്‍ക്കിടയിലെവിടെയോ മണ്‍മറഞ്ഞു. ഇപ്പൊളിതാ വീണ്ടും അവ ഈ വയസ്സാം കാലത്ത് എന്തോ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മൌനങ്ങളില്‍ തളിര്‍ത്തു വന്നിരിക്കുന്നു. എന്തിനാണെന്നറിയാതെ.


ഫാത്തിഹ്: മടക്കം
-----------------------
സെലിന്‍റെ മാറിടത്തില്‍ മുഖമമര്‍ത്തി ഫാത്തിഹ് അവളിലേക്ക് ചുരുങ്ങിക്കിടന്നു. അവള്‍ അവനിലേക്ക് വളര്‍ന്നുകിടന്നു. പരിഭവത്തിന്‍റെ മഴക്കാറുകള്‍ മാറി. വീണ്ടും പ്രണയത്തിന്‍റെ ഋതുക്കള്‍ അതിഥികളായിയെത്തി. ശരീരങ്ങള്‍ ഒട്ടിക്കിടന്നു, കട്ടിലുകള്‍ പ്രണയഭൂമിയിലേക്ക്‌ വേരുപൂഴ്ത്തി. ഒരാവേശമായി അവരിരുവരും പുണര്‍ന്നു. 

ഫാത്തിഹ് തന്‍റെ വേദനകള്‍ മറന്നു. സെലിനെ കൂട്ടിവരാന്‍ ബാപ്പ പറഞ്ഞിരിക്കുന്നു. നാട്ടിലേക്കു ബൈക്കില്‍ ഒരു യാത്ര. സെലിനും സന്തോഷം മാത്രം. ദരിദ്രമായ തന്‍റെ ഗ്രാമത്തിലേക്കുള്ള വഴികളില്‍ പച്ചകൂടിക്കലര്‍ന്ന മിഴിവാര്‍ന്ന കാഴ്ചകളുണ്ട്. കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുണ്ട്. സെലിന് എല്ലാം ഇഷ്ടപ്പെടും. സെലിന്‍റെ ഉള്ളിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കൂടി ഫാത്തിഹ് ഉറങ്ങി.


അയാള്‍: മടക്കം
--------------------
കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുള്ള ഗ്രാമം. ഗ്രാമത്തിന്‍റെ വെയിലിലും മഴയിലും ഹൃദയം തുറന്നുവച്ച കുറച്ചു വര്‍ഷങ്ങള്‍. ബെറ്റീന ആദ്യമായി കാണുന്നപോലെ ആ സ്ഥലമെല്ലാം നോക്കിക്കൊണ്ടിരുന്നു. പഴയതും പുതിയതുമായ വ്യത്യാസങ്ങളെ മനസ്സില്‍ താരതമ്യം ചെയ്തും അതുപറഞ്ഞും ജോസഫ് ബെറ്റീനയോട് ഒട്ടിയിരുന്നു. 

ടാറുചെയ്യാത്ത റോഡില്‍ വണ്ടി കുലുങ്ങിച്ചിരിച്ചു പോയി. ദൂരെ ആരോ കൈകാണിക്കുന്നു. അടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി. ദേഹത്ത് മുഴുവന്‍ പാടത്തെ അഴുക്കുണ്ട്. ബൈക്ക് മറിഞ്ഞ് അവളുടെ കൂടെയുള്ള യുവാവ് പാടത്ത് വീണുകിടപ്പുണ്ട്. ബോധമില്ല. ഡ്രൈവറും ബെറ്റീനയും യുവതിയും ചേര്‍ന്ന് യുവാവിനെ കാറിന്‍റെ പിന്‍സീറ്റില്‍ കിടത്തി. ജോസഫ്‌ ഡ്രൈവറോട് ആശുപത്രിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. യുവതി കരയുകയായിരുന്നു. ബെറ്റീന അവളെ സ്വാന്തനിപ്പിച്ചു. ജോസഫിന്‍റെ മടിയില്‍ ചോരവാര്‍ത്തു ഫാത്തിഹ് കിടന്നു, ജോസഫ് ഫാത്തിഹിന്‍റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. ജോസഫിന്‍റെ ചിരി കണ്ടമാത്രയില്‍ ഫാത്തിഹ് എന്തല്ലാമോ പിറുപിറുത്തു. 

യുവാവിനെ ബെറ്റീനയും യുവതിയും ചേര്‍ന്ന് കാഷ്വാലിറ്റി ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഡോക്ടര്‍ ജോസഫിനെ കണ്ടപ്പോള്‍ പഴയ പരിചയം പുതുക്കി. പരിക്കുകള്‍ അധികമൊന്നുമില്ല, പക്ഷെ ഫാത്തിഹിന്‍റെ നിഗൂഡമായ രോഗങ്ങളും അവന്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടറെയും പറ്റി സെലിന്‍ ബെറ്റീനക്ക് വിവരിച്ചു കൊടുത്തു. ബെറ്റീന ഓടിവന്നു ജോസഫിനെ വിളിച്ചുകൊണ്ടുവന്നു കാര്യം പറഞ്ഞു. ജോസഫ് കാഷ്വാലിറ്റി  ഡോക്ടറെക്കണ്ടു കാര്യം പറഞ്ഞു. ഫാത്തിഹിനെ പരിശോധിച്ച്. ഓപറേഷന്‍ തിയെറ്ററിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

ശസ്ത്രക്രിയ കഴിഞ്ഞു വാതില്‍ തുറന്നപ്പോള്‍ കണ്ട മുഖങ്ങള്‍ ജോസഫിനെ പഴയ കാലത്തിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ആശുപത്രിയില്‍ ഇതേ മുഖങ്ങള്‍ തനിക്കുവേണ്ടി കാത്തിരുന്നിരുന്നു. അഹമ്മദ്‌ ഓടിവന്നു ജോസഫിനെ കെട്ടിപ്പിടിച്ചു. ഫാത്തിമ ബെറ്റീനയുടെ തോളില്‍ കിടക്കുകയായിരുന്നു. സെലിന്‍റെ മുഖത്ത് പുഞ്ചിരിയായിരുന്നു. ജോസഫ് എല്ലാവരേയും സമാധാനിപ്പിച്ചു. ഫാത്തിഹ് സുഖമായിരിക്കുന്നു എന്നറിയിച്ചു.


സെലിന്‍ ചിരിക്കുന്നു
-------------------------
ഫാത്തിഹിന്‍റെ അടുത്തിരുന്ന ജോസഫും ബെറ്റീനയും ഫാത്തിഹിനെ നോക്കിയിരുന്നു. ഡോക്ടറമ്മയുടെ ചാരനിറത്തിലുള്ള കണ്ണുകള്‍ വീണ്ടും നിറഞ്ഞിരുന്നു. സെലിന്‍ അക്ഷമയായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

കുറച്ചു സമയങ്ങള്‍ക്കുശേഷം ചെറിയ അനക്കത്തോടെ ഫാത്തിഹ് കണ്ണ്മിഴിച്ചു. തന്‍റെ അടുത്തിരിക്കുന്ന അപരിചിതരെക്കണ്ട് ഫാത്തിഹ് ജോസഫിനോട് ചോദിച്ചു.

"നിങ്ങളുടെ പേര് ജോസഫ് എന്നാണോ"

ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ".

ഫാത്തിഹ് അതിശയത്തോടെ ചോദിച്ചു. 

"അന്നെന്‍റെ ജീവന്‍ കൂട്ടിത്തുന്നിയ അതേ ജോസഫ്?"

ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ".

സന്തോഷം കൊണ്ട് സെലിന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി.

*             *              *



About the Story "ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !"
മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്, അഹമ്മദും ഭാര്യ ഫാത്തിമക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞായിരുന്നു ഫാത്തിഹ്. മദ്രാസില്‍(ചെന്നൈ) നിന്നും ആ ഉള്‍ഗ്രാമത്തിലേക്ക് പറിച്ചുനടപപ്പെട്ട ഡോക്ടര്‍ ദമ്പതിമാരായിരുന്നു ജോസഫും, ബെറ്റീനയും. കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന അവര്‍ക്ക് സ്വാന്തനമായി തോന്നിയത് ഫാത്തിഹ് എന്ന കുസൃതി ചെക്കനായിരുന്നു. ഫാത്തിഹിനെ ദത്തെടുക്കാന്‍ അഹമ്മദിനെയും ഭാര്യയെയും സമീപിച്ച അവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. അഹമ്മദിനും ഭാര്യക്കും അതിനു സമ്മതമല്ലയിരുന്നു. ഏറെക്കാലം നിരാശരായി ജീവിച്ച ഡോക്ടര്‍ ദമ്പതിമാര്‍ കലഹിച്ചു പിരിഞ്ഞു പോവുകയും, തുടര്‍ന്നു ജോസഫ് ഡോക്ടര്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. യുവാവായ ഫാത്തിഹിന് പിന്നീട് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത്‌ ഞരമ്പിനു വലിവ് സംഭവിക്കുകയും രോഗാവസ്ഥയിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് നടക്കുന്ന ആകസ്മികമായ സംഭവങ്ങള്‍ ചുരുക്കി ഒരു കഥാരൂപത്തില്‍ പറയാന്‍ ശ്രമിച്ചതാണ് "ദൈവത്തിന്റെ കയ്യൊപ്പുള്ളവര്‍".