കണ്‍മഷി പടര്‍ന്ന ഭാനുമതിയുടെ കണ്ണുകള്‍ നോക്കി ചന്ദ്രമോഹന്‍ തലക്ക് കൈ താങ്ങ് കൊടുത്ത് ചരിഞ്ഞു കിടന്നു. നല്ലൊരു വേനല്‍ക്കാലത്തായിരുന്നു ഭാനുമതിയുടെയും ചന്ദ്രമോഹന്‍റെയും കല്യാണം. ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറു കഴിഞ്ഞു. ഇപ്പഴും ഭാനുമതി ഇന്നലെ ചന്ദ്രമോഹന്‍ കൈപിടിച്ച് കൊണ്ടുവന്ന അതേ പെണ്‍കുട്ടിയാണ്. ചന്ദ്രമോഹന്‍. ഭാനുമതിയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ആവശ്യമായി വരും. അതുപോലെയാണ് ഭാനുമതിയുടെ പെരുമാറ്റങ്ങള്‍. ചന്ദ്രമോഹനെ അവള്‍ സ്നേഹിച്ചു കൊല്ലും. ചിലനേരങ്ങളില്‍ ചെറിയ പിണക്കത്തോടെ ശാസിക്കും. പിന്നെ രോമാഞ്ചത്തോടെ ചന്ദ്രമോഹന്റെ നെഞ്ചില്‍ പടര്‍ന്നു കയറും. ഇതൊക്കെ കണ്ടു ചന്ദ്രമോഹന്‍ വെറുതെയെങ്കിലും ഭാനുമതിയെ ഓര്‍ത്ത് അത്ഭുതപ്പെടും.
ചന്ദ്രമോഹന്‍ ആഡ്യനാണ്. ജന്മിമാരുടെ തലമുറകളായി പിന്മുറകളായി ആ നാട്ടിലെ കൃഷിപ്പാടങ്ങളും കച്ചവടങ്ങളും ഒരുമിച്ചു കൊണ്ട് നടക്കുന്ന ആഡ്യന്‍. ചന്ദ്രമോഹന് മൂത്തതായി ഒരു പെങ്ങള്‍ ഉണ്ട്. അവരെ പാലക്കാട്ടേക്ക് കല്യാണം കഴിച്ചു കൊടുത്തതോട് കൂടി ചന്ദ്രമോഹന്റെ ഒറ്റപ്പെടലിനു വിരാമമിട്ട് ഭാനുമതി വന്നു. ഭാനുമതി വന്നതോടെ ചദ്രമോഹന്‍ ഒന്നുകൂടി അഭിവൃദ്ധിപ്പെട്ടു. സമ്പാദ്യം കുന്നുകൂടി. അതൊക്കെ ഭാനുമതിയുടെ ഐശ്വര്യം മൂലമാണെന്ന് ചന്ദ്രമോഹന്‍ ധരിച്ചുവെച്ചു.
അന്നും ഭാനുമതിയുടെ ഇടുപ്പിലൂടെ തന്‍റെ പൌരുഷം രേതവിസര്‍ജനം നടത്തുമ്പോള്‍ തന്റെ അളവില്ലാത്ത സ്വത്തുകള്‍ക്ക് വരുന്ന അവകാശിയെ കുറിച്ച് സ്വപ്നം കാണുകയായിരുന്നു ചന്ദ്രമോഹന്‍. ഭാനുമതി പിടഞ്ഞുതീരുമ്പോഴേക്കും ചന്ദ്രമോഹന്‍ ഭാനുമതിയുടെ ഉരുണ്ട മാറിലേക്ക് തലയടിച്ചു വീണിരുന്നു. ഭോഗാസക്തരായി തളര്‍ന്നു വീണു കിടക്കുമ്പോഴും ഇരുവരുടെയും പരുക്കില്ലാത്ത ചില സ്ഥലങ്ങളില്‍ പിന്നെയും ഇന്ദ്രിയങ്ങള്‍ രമിച്ചു.
ഭാനുമതി രണ്ടു പ്രസവിച്ചിരുന്നു. രണ്ടും ഗോതമ്പിന്റെ നിറമുള്ള സുന്ദരി കുട്ടികള്‍. ചന്ദ്രമോഹന്റെ നിറവും ഭാനുമതിയുടെ ഭംഗിയും ചേഷ്ടകളും ചേര്‍ന്ന ഓമനത്തമുള്ള രണ്ടു പെണ്കിടാങ്ങള്‍.പക്ഷെ അവരെ കാണുമ്പോള്‍ ചന്ദ്രമോഹന്‍ പുറമേ ചിരിക്കുമെങ്കിലും ഉള്ളില്‍ കനക്കുന്ന മേഘങ്ങള്‍ കുന്നുകൂടുകയായിരിക്കും. തന്റെ തലമുറയും പാരമ്പര്യവും കാത്തു സൂക്ഷിക്കാന്‍, താന്‍ പിശുക്കിയും ഇശുക്കിയും കണക്കറ്റു സമ്പാദിച്ചത് തുടര്‍ന്ന് പരിപാലിച്ചു കൊണ്ട് പോവാന്‍ തന്നാലൊത്ത ഒരു കുഞ്ഞുചന്ദ്രമോഹന്‍. ആ കുറവ് മാത്രം ചന്ദ്രമോഹന്റെ സ്വപ്നങ്ങളെ വിരസമാക്കി കിടത്തിയിരുന്നു.
മൂന്നാമത് ഒരിക്കല്‍ കൂടി താന്‍ ഗര്‍ഭിണിയായെന്നു ചന്ദ്രമോഹന്റെ നെഞ്ചത്ത് കിടന്നു ഭാനുമതി പറയുമ്പോള്‍ ചന്ദ്രമോഹന്‍ തന്റെ സ്വപ്നങ്ങളെ ബലപ്പെടുത്തി. എന്നിരുന്നാലും ഇനിയും ഒരു മകളെ തരാതെ ഒരു മകനെ തന്നു തന്റെ കുടുംബത്തെ വരും തലമുറകളിലേക്ക് വളര്‍ത്തണേ എന്ന് ഉള്ളുരുകി കരഞ്ഞു പ്രാര്‍ത്ഥിച്ചു.
ഒമ്പത് മാസം ഭാനുമതിയെ ചന്ദ്രമോഹന്‍ മറ്റു രണ്ടു കുട്ടികളുടെ ഗര്‍ഭകാലത്തെക്കാളും കൂടുതല്‍ പരിചരിച്ചു. പക്ഷെ പ്രസവത്തോടെ ആ പരിചരണം ഭാനുമതിയോടുള്ള ഈര്‍ഷ്യയായി മാറി. വീണ്ടും ഒരു പെണ്‍കുട്ടിയായതോടെ ചന്ദ്രമോഹന്‍ ഭൌതീകമായ ഒരു വിഷാദത്തിലേക്ക് വഴുതിവീഴുകയായിരുന്നു.
ഭാനുമതിയാവട്ടെ ചന്ദ്രമോഹന്റെ വിഷാദത്തില്‍ നിന്ന് അടുത്ത ഒരാണ്‍കുട്ടിയെ ജനിപ്പിക്കാന്‍ ചന്ദ്രമോഹനെ ഉദ്ധീപിപ്പിച്ചു കൊണ്ടേയിരുന്നു. പക്ഷെ വിഷാദത്തിന്റെ പടുങ്കയങ്ങളില് അകപെട്ട ചന്ദ്രമോഹനു വീണ്ടും ഒരു ഉയിര്‍ത്തെഴുന്നെല്പിനുള്ള ത്രാണിയില്ലായിരുന്നു.
ഈ വിഷാദവും എല്ലാവരോടുമുള്ള ഈ അവഗണന തുടരുന്നത് ജീവിതത്തെ മാറ്റിമറിക്കും എന്നുള്ളത് കൊണ്ടാണോ എന്തോ ഭാനുമതി വീടിനുള്ളിലെ ഭരണകാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ആ വലിയ വീട്ടില്‍ ജോലിക്കാരുടെ എണ്ണം കൂട്ടി. മൂന്നുകുട്ടികളുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ എന്നവണ്ണം പുതിയ ജോലിക്കാരനും ജോലിക്കാരികളും എല്ലാവരും വന്നു. ജോലിക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ ഭാനുമതി നേരിട്ട് ഇടപെട്ടു അവള്ക്കിഷ്ടമുള്ളവരെയും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തി. ചന്ദ്രമോഹന്‍ എത്താത്തിടത്ത് അവള്‍ സ്വയമായും ജോലിക്കാരെയും എത്തിച്ചു. വീടിന്റെ ഭരണം മൊത്തമായി ഏറ്റെടുത്തപ്പോള്‍ ഭാനുമതി കുറച്ചു കൂടി പക്വത വന്നവളായി. മൂന്നാമത്തെ കുട്ടിക്ക് ഒന്നര വയസായപ്പോഴേക്കും ചന്ദ്രമോഹന്‍ പൂര്‍ണ്ണമായും മരവിച്ചു പോയിരുന്നു. മാനസികോല്ലാസത്തിന്റെ ഉയര്‍ന്ന മതിലുകളില്‍നിന്ന് വിഷാദത്തിന്റെ കാണാക്കയങ്ങളിലേക്ക് ആരുമറിയാതെ ചന്ദ്രമോഹന്‍ അടിതെറ്റിവീണിരുന്നു. കാര്യങ്ങളില്‍ ഒന്നും ശ്രദ്ധയില്ലാതെ ഒരു പകുതി ജീവിതം ജീവിക്കുകയായിരുന്നു ചന്ദ്രമോഹന്‍.
അങ്ങനെയാണ് പടിപ്പുരയുടെ അടുത്തു അടഞ്ഞു കിടന്നിരുന്ന ഇരുമുറിവീട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയില്‍ വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനത്തില്‍ ചന്ദ്രമോഹന്‍ മുഖം കനപ്പിച്ചെങ്കിലും ഭാനുമതിയുടെ നിസ്സന്ദേഹമായ ഭരണരീതിയിയില്‍ സന്തോഷമുള്‍കൊണ്ടു അതിനു സമ്മതം മൂളികൊടുക്കുകയായിരുന്നു.
ആ ഇരുമുറി വീട് വാടകയ്ക്ക് ഭാനുമതിയുടെ നിര്‍ദ്ദേശപ്രകാരം കാര്യസ്ഥന്‍ കുറുപ്പ് കൊണ്ട് വന്നതാണ് മുരുഗനെ. ചന്തയിലെ പലചരക്കു മൊത്തകച്ചവടം നടത്തുന്ന വങ്കന്‍. ആരോഗ്യ ദൃഢഗാത്രനും നല്ല കായികശേഷിയുള്ള മുരുഗന്‍ പുറമേ ഒരു അന്തര്‍മുഖനായിരുന്നു. ആരോടും അധികം മിണ്ടാത്ത പ്രകൃതം. തൂത്തുക്കുടിയിലെ അമ്മാള്‍ സ്ട്രീറ്റിലെ എട്ടാം നമ്പര്‍ ഇരുനിലവീട്ടിലെ ഏക മകന്‍. പെണ്ണിനോടും കുടുംബത്തോടും കൂറുള്ളവന്‍. രണ്ടാഴ്ച കൂടുമ്പോ പൊണ്ടാട്ടിയെയും മക്കളെയും പാര്‍ത്തു വരും. അതായിരുന്നു മുരുകന്‍റെ ചര്യകള്‍.
മുരുഗന്‍ തൂത്തുകുടിയില്‍ പോവുന്ന ദിവസങ്ങളില്‍ വീട് വൃത്തിയാക്കാന്‍ ജോലിക്കാരുടെ കൂടെ ഭാനുമതിയും ചെല്ലുമായിരുന്നു. വീട് എങ്ങനെ നോക്കുന്നു എന്നറിയാനായിരുന്നു മിക്കപ്പോഴും ഈ പോക്ക്. അടുക്കുചിട്ടയോടെ ക്രമീകരിചിരിക്കുന്ന ആ വീട്ടില്‍ അധികം ജോലിയൊന്നും ജോലിക്കാര്‍ക്കായി മുരുഗന്‍ കാത്തു വച്ചിരുന്നില്ല. വൃത്തിയും വെടിപ്പുമുള്ള വങ്കനെ ഭാനുമതിക്ക് ബോധിച്ചു.
മുരുഗന്റെ തമിഴ് ഭാനുമതി പഠിച്ചു വരുന്നതെ ഒള്ളു. എങ്കിലും വീട്ടില്‍ ഉണ്ടാക്കുന്ന പ്രാതലുമായി വാതിലില്‍ മുട്ടിയ ഒരുനാള്‍ ഭാനുമതിയെ കാത്തു നിന്നത് നെഞ്ചുവിരിച്ച അതി കായനായ മുരുഗന്റെ നെഞ്ചത്ത് കൂട്കൂടിയ രോമങ്ങളായിരുന്നു. തുടക്കത്തില്‍ അകത്തേക്ക് പ്രവേശനം ഇല്ലാതിരുന്ന ദോശക്കും ചട്ടിണിക്കും മാസങ്ങള്‍ കൊണ്ട് ഭാനുമതി പ്രവേശനാനുമതി സൃഷ്ടിച്ചു. ഇഡലിയും ദോശയും ഒക്കെയായി മുരുഗന്റെ നാവിലെ രസമുകുളങ്ങള്‍ക്ക് പരിചിതമായ രുചിഭേദങ്ങള്‍ ഭാനുമതി മാറ്റിമറിച്ചു. നാട്ടിന്‍ പുറത്തെ നൂലപ്പവും, പുട്ടും കടലക്കറിയും മുരുഗന്‍ രുചിച്ചറിഞ്ഞു.
മുരുഗന്‍ അറിയാതെയാണ് ഭാനുമതി മുരുഗന്റെ നെഞ്ചിലെ രോമക്കൂടുകളില്‍ മുരുഗന് പരിചിതമല്ലാത്ത തരം സ്നേഹങ്ങളെ അടവിരിക്കാന്‍ വച്ചത്. വഴിതെറ്റിപോവുന്ന നോട്ടങ്ങളും സ്പര്‍ശനങ്ങളുമായി ഭാനുമതി മുരുഗനെ കെട്ടാതെ കെട്ടിയിട്ടു. തൂത്തുക്കുടിയിലെ ഇരുനിലവീട്ടില്‍ മറന്നുവച്ച് പോരാറുള്ള കാമനകള്‍ മുരുഗന്‍ അറിയാതെ ഒരിക്കല്‍ കൂടെ വന്നിട്ടുണ്ടാവും. അങ്ങനെയാവണം ഭാനുമതിയുടെ നോട്ടങ്ങളിലും അവളുടെ കല്ലിച്ച മാറുകളിലും തട്ടിത്തടഞ്ഞ് മുരുഗന്‍ അവളുടെ അരകെട്ടിലേക്ക് കമിഴ്ന്നടിച്ചു വീണത്.
സൂര്യന്‍ പുറത്തു ചാടും മുന്‍പേ അപ്പവും മുട്ടക്കറിയും ഉണ്ടാക്കുന്ന ഭാനുമതിക്ക് വേറെ പലതും അറിയാമായിരുന്നു. സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പേ ചെയ്‌താല്‍ ഫലം കിട്ടുന്ന പലതും. മുരുഗന്റെ രോമകെട്ടുകളില്‍ കൂട്കൂടി മുട്ടയിട്ടു അവയ്ക്ക് അടയിരുന്നു കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ ചന്ദ്രമോഹന്റെ തലമുറ വളരില്ല.
പക്ഷെ..
പലപല നാളുകളില്‍ ഇളക്കമുള്ള കട്ടിലിനപ്പുറത്തു പുട്ടും കടലക്കറിയും, ചിലപ്പോള്‍ അപ്പവും മുട്ടറോസ്റ്റും, ദോശയും ചമ്മന്തിയും മുരുകനെ കാത്തു ആവിയാറി കിടന്നു. ചൂടാറിയ കടലക്കറി ബാഷ്പമായി അവശേഷിപിച്ച വെള്ളതുള്ളികള്‍ വീണ്ടും കറിയിലെക്ക് ചാടുമ്പോള്‍ മുരുഗന്റെ വിക്ഷേപണങ്ങള്‍ ഭാനുമതി ആവാഹിച്ചു കഴിഞ്ഞിരിക്കും. മുരുഗന്റെ നെഞ്ചില്‍ തളര്‍ന്നു കിടക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ അളവില്ലാത്ത സ്വത്തുകള്‍ക്ക് വരുന്ന അവകാശിയെ കുറിച്ച് ഭാനുമതി സ്വപ്നം കണ്ടു. ചന്ദ്രമോഹന്‍ തന്റെ മടിയിലിരുത്തി ലാളിക്കുന്ന തന്റെ പിന്മുറ.
എല്ലാം അറിയാവുന്ന ഭാനുമതി വിഷാദത്തിന്റെ ഇടനേരങ്ങളില്‍ ഇടയ്ക്കിടെചന്ദ്രമോഹനെയും ഉദ്ധീപിപ്പിച്ചിരുന്നു. അങ്ങനെ ഭാനുമതി ചന്ദ്രമോഹനു പുതിയ മോഹങ്ങളും സ്വപ്നങ്ങളും നല്‍കി. ഭാനുമതി ഇപ്പോഴും സന്തോഷവതിയായി കാണപെട്ടു. ചന്ദ്രമോഹനാവട്ടെ പിറുപിറുത്തു കൊണ്ട് അവളില്‍ സായൂജ്യമടഞ്ഞു.
ഭാനുമതി ഗര്‍ഭിണി ആയതറിഞ്ഞു ചന്ദ്രമോഹനു സന്തോഷമോ ദുഖമോ ഒന്നും തോന്നിയില്ല. ഇനി ഒരു പെണ്‍കുട്ടി ജനിക്കുന്നത് ചന്ദ്രമോഹനെ സംബന്ധിച്ച് സഹിക്കാന്‍ കഴിയില്ലായിരുന്നു. തലമുറകളായി കൈമാറി പോരുന്ന സുകൃതം എന്നില്‍ അവസാനിക്കുമല്ലോ എന്നതിനപ്പുറം ആണ്കുട്ടിയുണ്ടാവാത്തത് ഒരു തരം ഷണ്ടത്വമായി ചന്ദ്രമോഹന്‍ കണ്ടു.
നെഞ്ചു പിടഞ്ഞു ദിവസങ്ങള്‍ ചോരുമ്പോള്‍ മുരുകന്‍ ചന്ദ്രമോഹന്റെ മുന്നില്‍ തലതാഴ്ത്തി നടന്നു. ഭാനുമതി കൊണ്ട് വച്ചിട്ട് പോവുന്ന പ്രാതലില്‍ പ്രണയത്തിന്റെ ഇഡലി തന്നയാണോ എന്ന് മുരുകന്‍ സംശയിച്ചു. ഭാനുമതിക്ക് അപ്പുറത്ത് മനംപിരട്ടുമ്പോ മുരുകന്‍ തന്റെ മുറിയില്‍ ഇരുന്നു ഓക്കാനിച്ചു. തൂത്തുകുടിയിലെ ഉഷ്ണത്തില്‍ വിയര്‍ത്തു പൊടിഞ്ഞ പൊണ്ടാട്ടി പൊങ്കലും ചട്ടിണിയും കൊണ്ടുവന്ന പാത്രത്തില്‍ ഭാനുമതിയുടെ ചട്ടിണിയുടെ രുചി തികട്ടിവന്നു. ഭാനുമതിക്ക് പൊങ്കല്‍ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു. തന്റെ പൊണ്ടാട്ടിക്കു പുട്ടും ഉണ്ടാക്കാന്‍ അറിയില്ല എന്ന് മുരുഗന്‍ വിഷമത്തോടെ ഓര്‍ത്തു.
ഭാനുമതിക്കായി മുരുകന്‍ തൂത്തുക്കുടി നുറുക്കും തിരുനെല്‍വേലി ഹല്‍വയും കൊണ്ടുവന്നു. ഭാനുമതി ഒരുപാട്ഇഷ്ടത്തോടെ അതെല്ലാം ആക്രാന്തം കാട്ടിത്തിന്നു. മുരുഗന്റെ മുഴുവന്‍ സ്നേഹവും ആ ഹലുവയിലും നുറുക്കിലും ഉണ്ടായിരുന്നു. ഭാനുമതി ആര്‍ത്തിയോടെ തിന്നുന്നത് കണ്ടു നുറുക്ക് രുചിച്ച നോക്കിയ ചന്ദ്രമോഹനു കല്ല് കടിച്ചതിന്റെ പിന്നിലെ കഥ ഭാനുമതിക്കല്ലാതെ വേറെആര്‍ക്കും അറിയില്ലായിരുന്നു.
മൂന്നു പ്രസവിച്ച ഭാനുമതിക്ക് ഈ ഗര്‍ഭത്തോടെ മതിയായി. മൂന്നു പ്രസവങ്ങളും അധികം ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞപ്പോള്‍ ഇത് അവളെ അക്ഷരാര്‍ത്ഥത്തില്‍ കരയിപ്പിച്ചു. ചന്ദ്രമോഹനു അതില്‍ വലിയ കാര്യമൊന്നും തോന്നിയില്ല. മുരുഗന്‍ ചിലനോട്ടങ്ങളില്‍ കൂടി ഭാനുമതിയെ സാന്ത്വനിപ്പിച്ചു. ഒരു ഗര്‍ഭത്തിനുമപ്പുറം എന്തോ അമിതഭാരം ചുമക്കുന്ന പോലെ ഊരയ്ക്ക് കയ്യും കൊടുത്ത് അവള്‍ നടന്നു. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ ഒരു പരമാനന്ദം ഗ്രഹിച്ചു മന്ദഹസിച്ചു.
നാല്പത്തിരണ്ടാമത്തെ ആഴ്ച ഭാനുമതി ഇരുനിറമുള്ള ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചിട്ട. ചന്ദ്രമോഹനു വിരക്തിയില്‍ നിന്നും വിഷാദത്തില്‍ നിന്നും മോചനം കിട്ടി. നാട്ടില്‍ മുഴുക്കെ മധുരം വിതരണം ചെയ്തു തന്റെ തലമുറയുടെ ജനനം ആഘോഷിച്ചു. എല്ലാവര്ക്കും കൊടുക്കുന്നതില്‍ അധികം മുരുഗനും കിട്ടി മധുരം. ഭാനുമതിയാവട്ടെ കുഞ്ഞിനെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ മുരുഗനെ തിരഞ്ഞു. വിഷാദത്തിന്റെ കയത്തില്‍ നിന്ന് പല്ലിളിച്ചു എണീച്ചു വന്ന ചന്ദ്രമോഹന്‍ കുഞ്ഞിനു മുരളിമോഹന്‍ എന്ന് പേരിട്ടു. മടിയിലിരുത്തി കൊഞ്ചിച്ചു അവനെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.
മുരുകന്‍ ഭാനുമതിയുടെ പ്രസവ ദിവസം വൈകുന്നേരം ആരോടും പറയാതെ തൂത്തുക്കുടിയിലേക്ക് പോയി. മുരുഗനെ കാണതെ ഭാനുമതി കരഞ്ഞില്ല പക്ഷെ അച്ഛനെ കാണാതെ കുഞ്ഞു കരഞ്ഞു. ഭാനുമതി അവനു ചൂടും ചൂരും നല്‍കാന്‍ വെമ്പല്‍കൊണ്ട് അവനെ ഒട്ടികിടന്നു. മുരുഗനാവട്ടെ പൊണ്ടാട്ടിയുടെ നെഞ്ചില്‍ അവളറിയാതെ ഏങ്ങലടിച്ചു കരഞ്ഞു. മുരുഗന്റെ പൊണ്ടാട്ടി തന്റെ നെഞ്ചിലെ ചൂടുമുഴുവന്‍ മുരുഗന് കൊടുത്തു കൂര്‍ക്കം വലിച്ചുറങ്ങി.
അന്നൊരു ദിവസം ഇരുട്ടുകുത്തി മഴ വന്നപ്പോള്‍ മുരുഗനും മഴയോടപ്പം വന്നു. മുരുഗനെ കണ്ട മാത്രയില്‍ ഭാനുമതി കുഞ്ഞിനെ എടുത്തു മുരുഗന് സമര്‍പ്പിച്ചു. അതിയായ സന്തോഷത്തോടെ മുരുഗന്‍ തന്റെ കുഞ്ഞിനെ ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു. പിന്നെ ഒരു മാത്രയില്‍ മുരുഗന്റെ അടുത്തു നിന്ന് മുരളിമോഹനെ വാങ്ങിയ ഭാനുമതി അവനെ മുലയൂട്ടാന്‍ തുടങ്ങി. മുരുഗന്‍ പരുങ്ങി തൊഴുത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ദിവസങ്ങള്‍ മുരളിമോഹന്റെ കാലനക്കത്തിലും കയ്യനക്കതിലും തട്ടി വീണു പോയി. ഭാനുമതി കഷായം കുടിച്ചും ലേഹ്യം തിന്നും വിവിധതരം തൈലങ്ങള്‍ പുരട്ടിയും പ്രസവരക്ഷാ ചികിത്സകളില്‍ മുഴുകി. ചന്ദ്രമോഹന്‍ മുരളിമോഹനെ ലാളിച്ചു ജീവിച്ചു. തൂത്തുകുടിയിലെ വീട്ടില്‍ പൊണ്ടാട്ടിയുടെ നെഞ്ചത്ത് കിടന്നു മുരുഗന്‍ ഭാനുമതിയുടെ പുട്ടും കടലയും സ്വപ്നം കണ്ടു.
അന്നൊരു നാള്‍ മുരളിമോഹന് മുട്ടിലിഴഞ്ഞു മുരുഗന്റെ മുറിയിലേക്ക് കയറിചെന്നപ്പോള്‍ എടുക്കാന്‍ ചെന്ന ഭാനുമതിയെ പുണരാന്‍ ശ്രമിച്ച മുരുഗനെ അവള്‍ തട്ടിമാറ്റി കുതറിയോടി. കുഞ്ഞിനെ എടുത്തു ദേഷ്യത്തോടെ ഭാനുമതി കരഞ്ഞുകൊണ്ട് ചന്ദ്രമോഹനെ കണ്ടുപറഞ്ഞു.
" ഇനിയിപ്പോ നമ്മുക്ക് വാടകക്കാരെ ആവശ്യമില്ല.
മുരളിമോഹന് കളിക്കാന്‍ ധാരാളം സ്ഥലം വേണം.
അത് കൊണ്ട് ആ വങ്കനെ നമ്മുക്ക് പറഞ്ഞു വിടാം."
ചന്ദ്രമോഹനു ഭാനുമതി പറഞ്ഞാല്‍ പിന്നെ ആരോടും ചോദിക്കാനും ഇല്ലായിരുന്നു. മുരുഗന് ഒന്നും മനസ്സിലായില്ല. അല്ലങ്കിലും ആഡ്യന്‍മാരുടെ ഭാര്യമാരുടെ മനസ്സിലുള്ളത് ആര്‍ക്കും മനസ്സിലാവില്ല. അവര്‍ ചിന്തിക്കുന്നതും അവര്‍ ചെയ്തു കൂട്ടുന്നതിനെയും പറ്റി അവര്‍ക്ക് മാത്രെമേ അറിവുണ്ടായിരുന്നൊള്ളൂ. ഭാനുമതി കാണിച്ച പ്രണയത്തിന്റെ അസ്ഥിത്വാവലോകനം നടത്താന്‍ മുരുഗന്റെ മനസ്സിന് അറിയില്ലായിരുന്നു. മുരുഗന് അപ്പോഴും തന്റെ നാവില്‍ പടര്‍ന്ന ഭാനുമതിയുടെ പുട്ടും കടലക്കറിയും ഒക്കെയായിരുന്നു മനസ്സില്‍. ഒരിക്കല്‍ ഭാനുമതിയോട് ചോദിച്ച് പുട്ട് ഉണ്ടാക്കുന്നത് പഠിച്ചെടുത്തു തന്റെ പൊണ്ടാട്ടിക്ക് പറഞ്ഞു കൊടുക്കണം എന്നൊക്കെ മുരുഗന്‍ കരുതിയിരുന്നു. പക്ഷെ എത്രപെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. ചന്ദ്രമോഹന്‍ വന്നു വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ ജനാലകള്‍ക്കിടയിലൂടെ ഭാനുമതി തന്നെ നോക്കുന്നുണ്ടോ എന്നായിരുന്നു മുരുഗന്‍ നോക്കിയത്. ഭാനുമതി അന്നേരം മുരളി മോഹന്റെ അപ്പി കഴുകിക്കൊടുക്കുകയായിരുന്നു.
അപ്പികഴുകിയ വെള്ളം ഒലിച്ചു പോവുന്ന വഴിയെ മുരുഗന്‍ പുറത്തേക്ക് നടന്നു. ആ വിത്തുകാള ആ നാട്ടിലെ കച്ചവടം നിര്‍ത്തി തൂത്തുകുടിയിലേക്കുള്ള വഴിയെ എന്തെല്ലാമോ ഓര്‍ത്തു നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ