2014, ജനുവരി 4, ശനിയാഴ്‌ച

ശിലാനൊമ്പരങ്ങള്‍ !



ചലനമറ്റ നേരങ്ങളാണ്‌‌. സ്വാതാന്ത്രമില്ലാത്ത നിമിഷങ്ങളാണ്‌‌. യുഗാന്തരങ്ങളുടെവഴിയേ മാറ്റമില്ലാതെ ആരെയോ കാത്തുനില്‍ക്കുന്ന രണ്ടുസത്വങ്ങള്‍‌. രണ്ടുരാജ്യങ്ങങ്ങളുടെ തലസ്ഥാനനഗരിയില്‍ മണ്ണിലാണ്ടുനില്‍ക്കുന്ന സുന്ദരശില്പങ്ങള്‍‌. ഒരുരാജ്യത്ത് ആണിന്‍റെയും മറ്റേരാജ്യത്ത് പെണ്ണിന്‍റെയും ശില്പം. ഇവരണ്ടിനും പറയാനുള്ളത് ഒരേകഥയാണ്‌. ചരിത്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പ്രണയത്തിന്‍റെ ആത്മകഥ. കാലങ്ങളായി പിന്തുടരുന്ന ശാപത്തിന്‍റെ, ഉള്ളിലാളുന്ന പ്രണയാഗ്നി അണയാതെകാത്ത് ദിവസേന അനുവര്‍ത്തിക്കുന്ന നിരര്‍ത്ഥമായ ഓട്ടങ്ങളുടെ കഥ, ഇനിയും യുഗങ്ങളോളം അവരെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുമാറ് തമ്മില്‍ ഒരു പ്രാര്‍ത്ഥനയോടെ കൈമാറുന്ന ഏതാനും നിമിഷങ്ങളുടെ കഥ.
 
പിന്നോട്ട് എടുത്തെറിയപ്പെടുന്ന ദിവസങ്ങളെ നോക്കി മൂകനായി കാലങ്ങളെ നോക്കിനിന്നു അവനും, കാലങ്ങളെ സാക്ഷിയാക്കി ആരെയോ പ്രതീക്ഷിച്ച് അവളും നില്‍ക്കുന്നു. സ്വാന്ത്വനം തേടിവരുന്ന ഋതുക്കളെ താലോലിച്ച് കണ്ണിമചിമ്മാതെ അകലങ്ങളെയറിഞ്ഞ് ഇരുവരും എത്രയോവര്‍ഷങ്ങളായി അനങ്ങാതെ നില്‍ക്കുന്നു. പ്രപഞ്ചം അവസാനിക്കുന്നയന്ന് ഉല്‍ക്കകള്‍ പെയ്യുന്ന ആരാത്രിയിലും അവര്‍ ഇതുപോലെ നില്‍ക്കുമായിരിക്കും. അല്ലെങ്കില്‍ അന്ധരായ മനുഷ്യരുടെ വെറികെട്ട പേക്കൂത്തുകളുടെ ഫലമായി ഉണ്ടായേക്കാവുന്ന യുദ്ധങ്ങളില്‍ ഇവര്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കാം. പക്ഷെ എന്നെങ്കിലുമൊരിക്കല്‍ അവര്‍ക്ക് അവരിലേക്ക്‌ ഓടിയെത്താന്‍ കഴിയുമോ? 

എന്തുഭംഗിയാണ് അവള്‍ക്ക്. നിശ്ചലമായി മുകളിലോട്ട് സൂര്യനെ നോക്കിനില്‍ക്കുന്ന ഒരു രാജകുമാരി. അവള്‍ സൂര്യനെ ശപിക്കുകയാവും. എന്നും കാലത്ത് അവളുടെമേല്‍ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ക്ക് അവളോട്‌ അരിശം തോന്നുന്നുണ്ടാവാം. എന്നിരുന്നാലും രാജ്യത്തെ കരിനിയമങ്ങളെ വെല്ലുവിളിച്ച അവള്‍ക്കു പ്രകൃതിയെ ശപിക്കാതെ തരമില്ലായിരിക്കാം. മറ്റേരാജ്യത്ത് അവന്‍ സൂര്യരശ്മികളെ കൈകൊണ്ടു മറച്ചു തണല്‍ സൃഷ്ടിച്ചു അനങ്ങാതെ നില്‍ക്കുന്നു. ഒരുപക്ഷെ ഒരു മറയെത്തുന്നതിനുമുന്‍പേ സൂര്യരശ്മികള്‍ അവനെ നിശ്ചലനാക്കി മാറ്റിയിരിക്കും. 

മതങ്ങളുടെ ലഹരിയില്‍ മതിമറഞ്ഞരാജ്യങ്ങള്‍ കൊന്നും കൊലവിളിച്ചും നടത്തിയ യുദ്ധത്തിനുശേഷം വേര്‍പിരിഞ്ഞിട്ടും, അതിരുതിരിച്ചു ഭാഷതിരിച്ചു സംസ്കാരങ്ങള്‍ മാറ്റിയിട്ടും ശിലകള്‍ അവര്‍ അനക്കമില്ലാതെ തുടരുന്നു. അവളൊരുരാജ്യത്തും അവന്‍ വേറെരാജ്യത്തും. പകലുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ്.. രാത്രികളില്‍ ഒറ്റപ്പെടുന്ന ആരുമില്ലാത്ത അനാഥശില്പങ്ങള്‍.

എന്നാല്‍ ആരുമില്ലാ എന്നൊരു തോന്നല്‍ ശില്പങ്ങള്‍ക്കുണ്ടായിരുന്നില്ല. അവനെന്നും അവളുണ്ടായിരുന്നു. തിരിച്ച് അവള്‍ക്ക് അവനും. അവരുടെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. ശിലയായിമാറിയ ഹൃദയത്തില്‍ എവിടെയോ അവര്‍ പരസ്പരം ഇരുവര്‍ക്കും വേണ്ടി തുടിച്ചിരുന്നു. ശിലകളായി മാറിയ ഇരുവരെയും കാലങ്ങള്‍ മണ്ണിലേക്ക് താഴ്ത്തിയിരുന്നു. പക്ഷെ മണ്ണിലുറഞ്ഞുപോയ അവരുടെ കാലുകള്‍ ചുമക്കുന്ന ഈ ഭാരിച്ചകല്ലുകള്‍ അവരുടെ ഓര്‍മ്മകളെമാത്രം ഭൂമിക്കടിയിലേക്കു താഴ്ത്തിയിരുന്നില്ലാ. ഒരുപക്ഷേ അവന്‍റെ കാലുകള്‍ ഭൂമിയുമായി എത്രകണ്ട് ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ അത്രകണ്ട് അവളും അവന്‍റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നിരിക്കാം. 

സ്നേഹം, അതവന്‍ മറന്നുപോയില്ലെങ്കിലും മറന്നപോലെ ഭാവിച്ച പോലെയാണ് അവന്റെ നില്‍പ്പ് . അവന്‍റെ മനസ്സ് നിശ്ചലമായിട്ട് യുഗങ്ങളായിരിക്കെ ഈ ചെറുവികാരങ്ങള്‍ക്ക് അവന്‍റെ ശിലയായിമാറിയ കണ്ണുകളെ കരയിപ്പിക്കാനാകില്ല. പക്ഷെ അകലെയെങ്കിലും അവളുടെ മനസ്സിന്‍റെ പ്രകാശം അവന്‍റെ ഇരുട്ടില്‍ ഒരു ചെറിയവെട്ടം വീഴ്ത്തുന്നുണ്ട്. അതിലവന്‍റെ മുഖം എരിയുന്നുണ്ട്. അവളുടെമണമുള്ള കാറ്റുകള്‍ അവനെ തഴുകിക്കടന്നുപോകുമ്പോള്‍ അവന്‍റെ ഇന്ദ്രിയങ്ങള്‍ക്കു ജീവനുള്ളതുപോലെ തോന്നും. സഞ്ചാര സ്വാതന്ത്ര്യം നിഷിദ്ധമായ അവന്‍റെ കാലുകള്‍ക്ക് ജീവന്‍വെക്കുന്നപോലെ തോന്നും. പക്ഷെ ശിലകളുടെ നൊമ്പരങ്ങളും തുടിപ്പുകളും ആര് കാണുന്നു. 

എന്നുമുതലാണ് അതിരുകള്‍ തിരിച്ചെഴുതിയതെന്നറിയില്ല എന്നിരുന്നാലും പ്രണയത്തിന്‍റെ പ്രതിമകള്‍ക്കും ശാപങ്ങളുടെ ചരിത്രത്തിനും കഥകള്‍ പറയാനുണ്ടാകുമ്പോള്‍ അവരുടെസ്നേഹം മൃതിയടയാതെ എന്നും നിലനില്‍ക്കും. 

പണ്ട് ഇരുളിന്‍റെ നിഴലുകള്‍ തുന്നിവെച്ച തെരുവുകളിലൂടെ പ്രണയത്തിന്‍റെ രക്തമിറ്റുന്ന ചുവന്നസ്വപ്നങ്ങളെക്കൊണ്ട് അവളിലേക്കോടുമ്പോള്‍ അവന്‍ ഓര്‍ത്തുകാണില്ല ഒരു പ്രണയശില്പമായി അവനിങ്ങനെ കാലങ്ങളെ അതിജീവിച്ചു നിന്നുപോവും എന്ന്. ഇരു രാജ്യങ്ങളില്‍ നിന്നും രാത്രിയുടെ തുടക്കങ്ങളില്‍ തുടങ്ങുന്ന ഓട്ടങ്ങള്‍. ഒരിക്കലും നിക്കാതെ തളരാതെ ഓടിയെത്തിയ രാത്രികളിലൊന്നില്‍ വഞ്ചകനായി വന്നത് ആരാണ്? കാലമോ അതോ കാലംതെറ്റിയ ആഗ്രഹങ്ങളോ? 

അവരകപ്പെട്ട ആ ശാപം അവരുടെ സ്നേഹത്തെ ചരിത്രത്തില്‍ കുറിക്കുമ്പോള്‍ അവനില്‍ അടക്കംചെയ്യപ്പെട്ട ശിലകള്‍ പ്രണയാഗ്നികൊണ്ട് ഈ പ്രപഞ്ചത്തെമുഴുവന്‍ ശപിക്കുന്നുണ്ടാവും. നിശ്ചലമായ ഓര്‍മ്മകളും നിശ്ചലമാവാത്ത പ്രണയങ്ങളും. അണയാത്ത ശ്വാസഗതികളോടെ ജീവനോടെ ആ ശിലകകള്‍ക്കുള്ളില്‍ ഇപ്പോഴും അവര്‍ ഇരുവരിലേക്കും ഓടുന്നുണ്ട്. പ്രണയത്തിന്‍റെ ഓട്ടങ്ങള്‍! 

പകല്‍മാഞ്ഞ് ഇരുള്‍പരക്കുമ്പോള്‍ നിലാവിന്‍റെ ഔദാര്യം കിട്ടുമ്പോള്‍ ഉള്ളം ത്രസിക്കുന്നത് അവളെക്കാണുവാനായിരുന്നു. ശാപമേഘങ്ങളെ വെട്ടിച്ച് അവന്‍ എന്നും കുതിച്ചിരുന്നത് ഒരുനിമിഷമെങ്കില്‍ ഒരുനിമിഷം അവളോടൊത്ത് ചിലവഴിക്കാനായിരുന്നു. ഓരോതവണയും മരിച്ചുജീവിക്കുന്നതിനു തുല്യമായിരുന്നു ഓരോഓട്ടങ്ങളും. കാടും മലകളും താണ്ടി, പുഴകളെ നീന്തി, നിശബ്ദതയുടെ ആത്മാക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന മരുഭൂമികള്‍തുടങ്ങുന്ന വിജനമായപ്രദേശത്ത്‌ എത്തുകയെന്നത് ദുഷ്കരമായുള്ള കാര്യമായിരുന്നു. കഠിനമായ നിശ്ശബ്ദതയെപ്പുതച്ച് ഓരോരാത്രികളും കടന്നുപോകുമ്പോള്‍ അവളവനിലേക്കും അവനവളിലേക്കും നില്‍ക്കാതെ ഓടുകയായിരുന്നു. ശ്വാസവേഗങ്ങളെ അടക്കിസംസ്കരിച്ച ഓരോ കാല്‍വെപ്പുകളിലും അവന്‍റെ നിശ്വാസങ്ങളെ പുണരാന്‍കൊതിച്ച് അവളുടെ നെഞ്ചംകിലുങ്ങും. 

ശൂന്യമായിക്കിടക്കുന്ന തെരുവുകളുടെ വിജനതയില്‍ മറഞ്ഞുനിന്ന ഉരുളന്‍കല്ലുകളും ചതിക്കുന്നകുഴികളും ഒഴിവാക്കി അവളും ഓടി. അവളുടെ കാലുകള്‍ ക്ഷീണിച്ചില്ല. നിലാവൊലിച്ചിറങ്ങിയ പാതയോരത്ത്‌ അവളുടെ പാദങ്ങള്‍ തൊടുന്നമ്പോള്‍ ചോളവയലുകള്‍ക്കപ്പുറത്തുള്ള വീടുകളില്‍ വിളക്കണയുന്നതേയുണ്ടാകൂ. കാത്തിരിപ്പിന്‍റെ മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തിയ സ്നേഹങ്ങള്‍ അപ്പോഴേക്കുമവളെ വീര്‍പ്പുമുട്ടിക്കും. ആനേരം അവള്‍ ഓടാന്‍ തുടങ്ങും. 

ഓരോ രാത്രിക്കും ഓട്ടങ്ങളുടെയും കണ്ടുമുട്ടലുകളുടെയും തിരിച്ചോട്ടങ്ങളുടേയും ശരവേഗതയായിരുന്നു. വൈകിത്തുടങ്ങുന്ന ഓട്ടങ്ങളില്‍ ഒരിറ്റുനോട്ടം മാത്രം കിനിയുന്ന നിലാവുകള്‍. പകലിന്‍റെ പോര്‍വിളികളില്‍ ഉള്ളംകരിഞ്ഞു പോവുന്ന വിരഹത്തിന്‍റെ മണിക്കൂറുകളെ അതിജീവിച്ചു ബാക്കിയാവുന്ന കനവുകളെ താലോലിക്കാന്‍ നിശബ്ദതയുടെ നിറം കൂട്ടിയ രാവുകള്‍. ചിന്തകളുമായി കലഹിക്കുമ്പോഴൊക്കെയും അവര്‍ അന്നത്തെ രാത്രിയെ ഓര്‍ത്ത്‌ സമരസപ്പെടും. 

ഉറക്കംമുറിഞ്ഞ കരിവണ്ടുകള്‍ ഭ്രഷ്ട്കല്പിച്ച പച്ചക്കുതിരളെത്തിരഞ്ഞ് അലയുന്നനേരങ്ങളില്‍ കിതച്ചെത്തുന്ന അവന്‍ അവളുടെ നെഞ്ചിലേക്ക് വീഴുമ്പോഴേക്കും അവള്‍ കഴിഞ്ഞുപോയ മണിക്കൂറുകളുടെ ദൈര്‍ഘ്യത്തെപ്പറ്റി വാചാലയാകും. ഓടുന്നവഴികളില്‍ ഒളിഞ്ഞിരിക്കുന്ന കള്ളന്മാരുടെ വിരുതുകള്‍ തമാശയായി പറഞ്ഞുകൊടുക്കുന്ന അവളുടെ കണ്ണുകളിലേക്കുനോക്കുമ്പോള്‍ ആകാശത്തെ നക്ഷത്രങ്ങള്‍ ഇത്തിരിനാണത്തോടെ അടുത്ത പ്രണയരംഗത്തിന്‍റെ മധുരംനുണഞ്ഞിരിക്കും. 

രാത്രിയില്‍ തന്നെ തലോടിയുറക്കുന്ന പ്രേയസ്സിയുടെ കൂര്‍ത്തവിരലുകള്‍ അവന്‍റെസ്വപ്നങ്ങളെ നോവിക്കാറില്ല. എന്നിരുന്നാലും അവന്റെ ഉറക്കമുണര്‍ത്തുന്ന മണിയൊച്ചയായി അവളുടെ കണ്ണുകള്‍ ഈറനാവും. തിരിച്ചോടാനുള്ള താക്കീതുകളായി അവളുടെ കണ്ണുനീര്‍ പെയ്യുമ്പോള്‍ അവനും കരയാന്‍ തുടങ്ങുകയാവും. പുലര്‍ച്ചകളെപ്പേടിച്ചു തിരിച്ചോടുമ്പോഴും പിന്നോട്ട് മുഖംതിരിച്ച് അവനെ ചൂഴ്ന്നെടുക്കുന്ന അവളുടെ കണ്ണുകളിലെ തെളിച്ചത്തില്‍ അവന്‍ വഴിതെറ്റാതെ തിരിച്ചോടും. തണുപ്പെന്നോ ചൂടെന്നോ അറിയാതെ ഇരുവരും ഓടി. അണഞ്ഞെത്തുന്നതിനു മുന്‍പേ തിരിച്ചോടാന്‍തുടങ്ങുന്ന നേരത്ത് വഴിപിഴക്കാതിരിക്കാനുള്ള പ്രാര്‍ഥനയായിരുന്നു ഇരുവര്‍ക്കും. പേശികള്‍ വലിഞ്ഞില്ല. കല്ലുകളും മുള്ളുകളും തട്ടിവീണു മുറിഞ്ഞ കൈകാലുകള്‍ നില്‍ക്കാന്‍ ശാസിച്ചപ്പോഴും നില്‍ക്കാതെ അവര്‍ തിരിച്ചോടുകയായിരുന്നു. നാളെക്ക് ബാക്കി വെച്ച സ്നേഹങ്ങളുടെ കാഠിന്യം അവരുടെ ഹൃദയത്തെ ആര്‍ദ്രമാക്കിക്കൊണ്ടേയിരുന്നു. നൂറു നൂറു വഴികളിലൂടെ ഓടി ഒടുവില്‍ പരസ്പരം കൂടിച്ചേര്‍ന്ന് ഒന്നായി പ്രണയത്തില്‍ ലയിക്കുന്ന ഓട്ടങ്ങള്‍. 

*     *     *     * 

വ്യത്യസ്തനിറങ്ങളും വ്യത്യസ്തഭാഷകളും വ്യത്യസ്തമതങ്ങളും അതിന്‍റെ ആചാരങ്ങളും അനുശാസിച്ചിരുന്ന അയല്‍രാജ്യങ്ങള്‍ തങ്ങളുടെ ഉന്നമനത്തിനായി സന്ധിയില്‍ ഏര്‍പ്പെട്ടതുമുതല്‍ ഈ ശാപവാക്കുകള്‍ ആകാശത്തൊരു കരിമേഘമായി ഇളകാതെനില്‍ക്കുന്നു. മതാന്ധതയുടെ പകല്‍ വെളിച്ചത്തില്‍ ഇരുരാജ്യങ്ങളിലെ ആരെങ്കിലും ഭരണാതിര്‍ത്തി ലംഘിച്ചാല്‍ അവര്‍ ശിലയായി മാറുന്ന ശാപം. മതത്തിന്‍റെ വ്രണമഴുകുന്ന ഒരുകാലത്തെ പേടിച്ചാകുലരായ ഭരണാധികാരികളുടെയോ അതോ പ്രജകളുടെയോ സങ്കുചിതമായ ചിന്താഗതികളാല്‍ പരിണമിച്ചതായിരുന്നു ഈ ശാപസൂക്തങ്ങള്‍. കാലത്തിന്‍റെ വന്യമായ നീതി? ക്രൂരതയുടെ നീതി. പ്രണയത്തിനു നീതി. അന്ധമായ മതവിശ്വാസത്തിന്‍റെ മനസാക്ഷിയില്ലാത്ത ശാപനീതി. 

ശാപമേഘങ്ങളേ മറന്നു ധനുസ്സില്‍നിന്നുതിര്‍ന്ന അസ്ത്രംകണക്കെ അവന്‍ അന്നും ഓടി, അവളെമാത്രം ലക്ഷ്യമാക്കി. ഒടുവില്‍ വിജനമായ ഇരുട്ടുകുത്തിയ മണല്‍പ്പരപ്പില്‍ അവളെ കണ്ടുമുട്ടി. അവനെക്കാണാന്‍ തിടുക്കപ്പെട്ടുവരുന്നതിനിടെ കാലിടറിവീണുകിടക്കുന്ന അവളെ കണ്ടപ്പോള്‍ അവന്‍റെ നിശ്ശബ്ദമായ തേങ്ങലുകള്‍ക്ക് ഒച്ച വന്നു. അവളുടെ കണ്ണുകളില്‍ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ആഴമവന്‍ കണ്ടു. അതിനുമപ്പുറം വേദനയുടെ ഓളംവെട്ടുന്നതും. ആ വേദനതന്നെയായിരുന്നു അവരിരുവരുടേയും ജ്ഞാനസ്നാനം. 

ആ വേദനയേക്കാളും അധികമായി ശാപമേഘങ്ങളുടെ ഭീതികള്‍ അവളെ തളര്‍ത്തി. പാതയോരങ്ങളിലെ ചെറിയ വിഘ്നങ്ങള്‍പോലും അവളെ മരണഭീതിയുടെ ഇരുണ്ട കയങ്ങളിലേക്കാഴ്ത്തി. പക്ഷെ അന്നവള്‍ എന്തോ തീരുമാനിച്ചുറച്ചപോലെ കുമാരനോടു പെരുമാറി. സ്വയംശിക്ഷിക്കുക എന്നതും അതില്‍ ആനന്ദം ഉണ്ടന്നും കുമാരനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ശിലയായിമാറുക എന്നതും ഭൂമിയുടെ സ്പന്ദനം നിലക്കുന്ന അന്നുവരെ കുമാരനെ സ്നേഹിച്ചു നിര്‍വൃതിയിലലിയുകയെന്നതും അവള്‍ അവളെ സ്വയം ഓര്‍മ്മപ്പെടുത്തി. 

ഒരു ചെറുചിരിയോടെ തന്നെക്കാത്തുനിന്ന കുമാരനോട് അവള്‍ തന്‍റെസങ്കടങ്ങള്‍ കുടഞ്ഞിട്ടു. അതില്‍ പറന്നുപോയ പ്രതീക്ഷകളും സ്വപ്നങ്ങളും ശാപമേഘങ്ങളുടെ ക്രൂരതയില്‍ ഇല്ലാതായി. 

മരിക്കാന്‍ പേടിയായില്ലായിരുന്നു കുമാരന്. പക്ഷെ ശിലയായി ജീവനോടെ ഇരിക്കുക എന്നത് ആത്മഹത്യ പോലെയാണുതാനും. കുമാരന്‌ തന്‍റെ പ്രണയത്തിനു ആസ്ത്മ വന്നപോലെ തോന്നി. നില്‍ക്കാന്‍പോകുന്ന ശ്വാസം അതിന്‍റെ അവസാനത്തിലുണ്ടാകുന്ന വീര്‍പ്പുമുട്ടുപോലെ തോന്നി. 

" ഇനിയാവില്ല, ഇങ്ങനെ ഓടാന്‍. 
  എനിക്ക് വയ്യ. ഇങ്ങനെ പേടിച്ചു ജീവിക്കാന്‍. " 

അവളുടെ വിളറിക്കിടന്ന നിസ്സംഗതഭാവിക്കുന്ന ചുണ്ടുകളില്‍ തണുത്തമണല്‍ക്കാറ്റ് വീശിയടിച്ചു. അതുകണ്ടപ്പോള്‍ അവന്‍ അവനെ മറന്നുപോയി. 

"സ്വന്തം അവസ്ഥകളെ ഭയന്ന്‍ അന്നുതിരിച്ചോടുമ്പോള്‍ നമുക്ക് പിഴച്ചുപോയത് എന്തായിരുന്നുവെന്നോര്‍ക്കരുത്. നമുക്ക് സ്വയംശിക്ഷിച്ച് ഈ ജന്മത്തിനപ്പുറം എവിടെയാണെങ്കിലും വേര്‍പിരിയാതെ സ്നേഹിച്ചു നിലകൊള്ളാം. 

പിരിയുവാന്‍ സമയമടുക്കുന്തോറും ഞാന്‍ നിന്നിലേക്ക് കൂടുതല്‍ അടുക്കുകയാണ്‌. ഈ നിമിഷം ലോകമവസാനിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ വെറുതെ കൊതിക്കുന്നു. നാളെ ശിലയായി മാറി ഒരിക്കലും മരണത്തിനു കീഴടങ്ങാതെ നമ്മള്‍ ജീവിക്കും, യുഗങ്ങളോളം. 


ശിലകള്‍ക്ക്‌ മരണത്തിന്‍റെ വീര്‍പ്പുമുട്ടല്‍ ഉണ്ടാകുമോ കുമാരാ? ” 

അവനതിന്‍റെ ഉത്തരമറിയില്ലായിരുന്നു. നിസ്സഹയയായി തന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി അവളതുപറയുമ്പോഴും അവന്‍ നിശ്ചലനായിത്തന്നെ നിലകൊണ്ടു. അവനറിയാമായിരുന്നു നാളെവീണ്ടും ഇരുള്‍ പരക്കുമ്പോള്‍ അവളുടെകാലുകള്‍ ഇനിയൊരിക്കലും തന്നിലേക്ക് ഓടിയെത്തില്ലെന്ന്‍. 

അവളുടെ വിഹ്വലതകള്‍ ഒരുപക്ഷെ ഓട്ടത്തിന്‍റെ മുള്‍നാമ്പുകളേറ്റു കീറിമുറിഞ്ഞ ശരീരത്തേക്കുറിച്ചോ മരണഭയയം വഹിച്ചു വരുന്ന തണുത്ത കാറ്റേറ്റിട്ടോ ഒന്നുമായിരുന്നില്ല. നിശബ്ദതയില്‍ തേങ്ങുന്ന പാതയോരങ്ങള്‍ പിന്നിടുമ്പോള്‍ പ്രണയത്തിനും മരണത്തിനുമിടക്കുള്ള ഒറ്റപ്പെടലുകാളാവാം. ശാപം വര്‍ഷിക്കുന്ന മേഘങ്ങളെ പരിപാലിക്കുന്ന ഒരുകൂട്ടം മതാന്ധരയായ ജനങ്ങളോടുള്ള അനുകമ്പയാവാം.. അതിലപ്പുറം ഈ കണ്ടുമുട്ടലിന്‍റെ സന്തോഷത്തില്‍ പതയുന്ന ഭക്തിയുള്ള പ്രാര്‍ത്ഥനകളാവാം. 

പക്ഷെ.. 

അന്ന് തിരിച്ചോടുമ്പോള്‍ അവളവനെ നോക്കിയില്ല. പകുതിയിലെവിടെയോ അവള്‍ തളര്‍ന്നുവീഴുകയായിരുന്നു. 

ആപത്തു പതിയിരിക്കുന്ന പാതകള്‍ തുടങ്ങുന്നതുവരെ ചിന്തകളുടെ മുള്‍വഴിയിലൂടെ അവന്‍ തന്‍റെ രാജ്യത്തേക്ക് ഓടി. അന്നത്തെ രാത്രിയിലെ തണുത്തകാറ്റ് വഴികാണിച്ച ഊടുവഴികള്‍ അവന്‍ തിരെഞ്ഞെടുത്തില്ല. ഭരണാതിര്‍ത്തിയിലേ കവാടം കടക്കുന്നതിനുമുമ്പേ അവളെയോര്‍ത്തവന്‍ കരഞ്ഞുപോയി. 

പ്രണയത്തിന്‍റെ പ്രയാണങ്ങളുടെ അവസാനങ്ങളില്‍ എവിടെയാണ് വഴിപിഴച്ചത്. ദിവസങ്ങളുടെ ദൂരങ്ങള്‍ മണിക്കൂറുകളില്‍ ഓടിയെത്തുന്ന നമ്മള്‍. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളെ ഭേദിച്ചു നീയും ഞാനും ഓടിയെത്തിയ പ്രണയത്തിന്‍റെ വഴികള്‍. ഓരോതവണ തിരിച്ചോടുമ്പോഴും അവളെ നഷ്ടപ്പെടുന്ന പ്രതീതിയായിരുന്നു അവന്. പക്ഷെ ഇന്നവന് തീര്‍ച്ചപെട്ടകാര്യം അവളുടെ നിശ്ചലമാവാന്‍പോകുന്ന ശ്വാസഗതികളായിരുന്നു. സ്വയംശിക്ഷിക്കുക എന്നൊരു മാര്‍ഗ്ഗം തിരെഞ്ഞെടുത്ത് അവള്‍ രാജ്യങ്ങളുടെ മതശാപങ്ങളെ വെല്ലുവിളിക്കയായിരിക്കും. ഒരുപക്ഷെ ഇന്ന് കാലംതെറ്റിച്ചുവരുന്ന പകലില്‍ എനിക്കും ആശ്വാസം കണ്ടത്തെനാവും. 

"അന്ധരായ ജനങ്ങളുടെ മതാചാരങ്ങളും അതിന്‍റെ വികാരവിക്ഷോഭങ്ങളുടെ കാട്ടുനീതിയില്‍ ഇരകളാവുന്ന പ്രണയിക്കുന്ന മനുഷ്യര്‍ക്ക്‌ പാപമോചനമില്ല, ചിന്തകളും ഭാവങ്ങളും അദൃശ്യമായ ആശയവിനിമയങ്ങളായിരിക്കെ ഞാനും നീയും ശിലയായി എന്നും ജീവിക്കും." കുമാരന്‍ തന്‍റെ മേല്‍ക്കുപതിയുന്ന സൂര്യകിരണങ്ങളെ അറിഞ്ഞ് മേല്‍പ്പോട്ടു നോക്കി. 

*    *    *    * 

അന്ധരായ ജനങ്ങള്‍ക്ക്‌ ഇനിയൊരുജന്മം എന്നൊരു വ്യര്‍ത്ഥമോഹവാഗ്ദാനമെങ്കിലുമുണ്ട് ആശ്വസിക്കുവാന്‍. പക്ഷെ ഇവര്‍ക്കോ? 

ഉറക്കം തീണ്ടാത്ത കണ്ണുകള്‍ തുറന്നുവെച്ച് ലോകത്തെ തുറിച്ചുനോക്കുന്ന ശില്പങ്ങള്‍ക്ക് അവരുടെ മേനിയഴകുനഷ്ടമായിട്ടില്ല. പരുക്കന്‍കാറ്റ് വീശുമ്പോഴും ഭൂമിപിളര്‍ക്കുന്ന ഇടിവെട്ടുമ്പോഴും അചഞ്ചലരായി നിന്ന് ശാപംപേറുന്ന അനങ്ങാപ്പാറകള്‍ മാത്രമായി അവരവശേഷിക്കുമ്പോള്‍ ചോദ്യങ്ങളിനിയും അവസാനിക്കുന്നില്ല. എന്നെങ്കിലും ശാപമോക്ഷത്തിന്‍റെ വരുംകാലങ്ങള്‍ ഇവരെ അനുഗ്രഹിക്കുമോ? അറിയില്ല. പക്ഷെ ഒന്നെനിക്കറിയാം ഇനി ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഇനിയൊരുജനമത്തോളം പറഞ്ഞു തീര്‍ക്കാനാവാത്ത വിശേഷങ്ങള്‍ ഉണ്ടാകും ഇരുവര്‍ക്കും. 

പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്നതു അവന്‍ അവളോട്‌ പറയുന്ന വാക്കുകളാണ്. 

"മുഖമില്ലാത്ത എന്‍റെയീ ഇരുളിലേക്ക് നോക്കുമ്പോള്‍ ശൂന്യതയല്ലാതെ നീ വേറെയെന്തെങ്കിലും കാണുന്നുണ്ടോ? കാലങ്ങളായി ഖനീഭവിച്ച ഭാവങ്ങളില്‍ കാലത്തിന്‍റെ ക്രൂരതയല്ലാതെ വേറൊന്നും ഇല്ലാതിരിക്കെ നീ ഇനിയും എന്താണ് കാത്തിരിക്കുന്നത്. ഇനിയൊരിക്കലും തിരികെലഭിക്കാത്ത പരിലാളനകളുടെ സ്നേഹമെന്ന പ്രഹസനത്തിനുവേണ്ടി മാത്രമാണെങ്കില്‍ ആ ദയമാത്രം ഈ ലോകത്തില്‍നിന്ന് പ്രതീക്ഷിക്കാതിരിക്കുക. മതങ്ങളുടെ ലഹരിയില്‍ പ്രണയം നിഷേധിച്ച ഈ ലോകത്തെ നീ വെറുക്കുക. ശിലയായിരിക്കുക." 

ശിലയുടെ.. അല്ല ശിലകളുടെ നൊമ്പരങ്ങള്‍‌!