2012, ഡിസംബർ 11, ചൊവ്വാഴ്ച

അനുരാഗമയി.


ഞാന്‍ ചെല്ലുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരിക്കുന്നു.

ചിരികളും സംഭാഷണങ്ങളും ഇടമുറിയാതെ ചിതറി വീഴുന്നു. ശബ്ദമുഖരിതമായ ഓര്‍മ്മകള്‍ പറന്നു നടക്കുന്നു. കോണ്‍ക്രീറ്റ്‌ റൂഫിന്‍റെ മേല്‍ഭാഗത്ത് തട്ടി ചിന്നിച്ചിതറുന്ന ചിരികള്‍, പൊട്ടിച്ചിരികള്‍!

ഉച്ചത്തിലുള്ളതും പതുങ്ങിയതുമായ സന്തോഷത്തിന്‍റെ, നൊമ്പരത്തിന്‍റെ, നോവിന്‍റെ, ഒറ്റപ്പെടലിന്‍റെ ഓര്‍മയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചിരികള്‍! കൂട്ടംകൂട്ടമായി ചിലര്‍, നിന്നും ഇരുന്നും. ചിലര്‍ കസേരകള്‍ വട്ടംകൂട്ടി തലതിരിച്ചും കിതച്ചും അങ്ങനെ. പത്തുനൂറു പേരുണ്ട്, പല ഹൗസുകളിലായി, പല ഗ്യാങ്ങുകളിലായി പഴയ തുണകള്‍‍.

ഒരു പ്ലസ്‌ടുക്കാരിയായി, പഴയ രേണുവായി ഒന്നുമറിയാത്തൊരു കുട്ടിയായി ആ സംഭ്രമത്തിന്‍റെ തണുപ്പുള്ള പരിചിതത്തിന്‍റെ അപരിചിതത്വത്തിലേക്ക് ഞാന്‍ നടന്നുകയറി. ഹാളില്‍ കയറിയതോടെ എല്ലാ കണ്ണുകളും എന്‍റെ ദേഹത്തുടക്കിനിന്നു. തെല്ലൊന്നു നിശബ്ദത പരത്തിയശേഷം അവര്‍ വീണ്ടും ചിരികളിലേക്കും തുടന്നുള്ള അവരുടെ സംഭാഷണങ്ങളിലേക്കും മടങ്ങിപ്പോയി. എന്നിലൂടെ കടന്നുവന്ന ആ നിശ്ശബ്ദതയെയും, എന്നെ ഇടംകണ്ണിട്ടു നോക്കുന്നവരെയും ആലോസരപ്പെടുത്താതെ, നിലത്തുപാകിയ ചുവന്ന ടെറാകോട്ടാ ടൈലുകളെയും നോവിക്കാതെ ഞാന്‍ നടന്നു.

എങ്ങോട്ട് നടക്കണം?

അറിയില്ലായിരുന്നു!

എനിക്ക് പലരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ദിവ്യ, മഞ്ജുള, മായ, കീര്‍ത്തന, വീണയും രമ്യയും എല്ലാവരുമുണ്ട്.

ജനനി എവിടെ?

എട്ടുവര്‍ഷം! നീണ്ട എട്ടു വര്‍ഷം. എന്തായിരിക്കും ഈ ദീര്‍ഘമായ ഇടവേളക്കു ശേഷം എല്ലാവര്‍ക്കും പരസ്പരം കാണാന്‍ തോന്നിയത്? അലുമിനി മീറ്റ്‌ എന്ന് കേട്ടപ്പോഴെ പുച്ഛം തോന്നിയതാണ്. പോവില്ലെന്നും കരുതിയതാണ്. ഒരടയാളംപോലും ബാക്കിവെക്കാതെ കത്തിയെരിഞ്ഞു തീരേണ്ട ആ പഴയഒറ്റപ്പെടലിന്‍റെ ദു:ഖാര്‍ദ്രമായ ഓര്‍മ്മകളെ ആര്‍ക്കാണ് താലോലിക്കാനിത്രയിഷ്ടം?

എന്‍റെ ആത്മാവിന്‍റെ ഉള്ളിലെരിയുന്ന വിങ്ങല്‍ ആരും തിരിച്ചറിയില്ല, എന്‍റെ സങ്കടങ്ങളെയും, ദു:ഖങ്ങളെയും! ഉള്ളിലെ എന്നെയും ആര്‍ക്കും അറിയില്ലായിരുന്നു. ജനനിക്കൊഴികെ! ആ പ്രായത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി പരന്ന ശരീരം മാത്രമുണ്ടായിരുന്ന എന്നെ ആരും കണ്ടിരുന്നില്ല! ഒരുപക്ഷെ ജനനി മാത്രം? ഇപ്പൊഴെനിക്കു ശ്രദ്ധിക്കപ്പെടാന്‍ മാത്രമുള്ള മുലകളും, ചന്തികളും വളര്‍ന്നുവന്നിട്ടുണ്ട്.

എന്നെയാര്‍ക്കും തിരിച്ചറിയില്ലായിരിക്കും. എനിക്കവരെയും! എട്ടു വര്‍ഷംകൊണ്ട് എല്ലാവരും മാറിയിരിക്കുന്നു. ഞാനും വല്ലാതെ മാറിയിട്ടുണ്ട്. എല്ലാം തികഞ്ഞ ഒരു പെണ്ണായിരിക്കുന്നു. ആറുവര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തില്‍ എനിക്ക് അറിയാവുന്നവരും എന്നെ അറിയാവുന്നവരും വളരെ ചുരുക്കം‍.


അതിലെതന്നെ ആര്‍ക്കൊക്കെ എന്നെ അറിയാം. വീണ? രമ്യ? ജനനി?

എനിക്കെല്ലാവരെയും കാണണം!
എനിക്കെന്‍റെ ജനനിയെ കാണണം.!

വീണയുടെ അടുത്തേക്ക്‌ നടന്നു, കണ്ടതും അവളൊന്നു പകച്ചു. സ്വയംവലിച്ചെറിഞ്ഞ ആ പുച്ഛച്ചിരിയില്‍ അവള്‍ക്കെന്നെ മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. ഒരു ചെറിയ നിശബ്ദതക്ക് ശേഷം "എടീ" വിളി. രമ്യയുടെ വക നുള്ള്. വീണയുടെ മുഖത്ത് സന്തോഷം. ഞാന്‍ വീണ്ടും പുച്ഛച്ചിരി വരുത്തി.

"വാ" ന്നു പറഞ്ഞു വീണ എന്നെ കൂട്ടികൊണ്ടുപോയി. മൂന്നു കസേരകള്‍ തിരിച്ചിട്ട് എന്നെ ഇരുത്തി. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ചിരികളും, എല്ലാവരുടെയും മാറ്റങ്ങളെ ശ്രദ്ധിച്ചും കുറ്റം പറഞ്ഞും. ഉത്സാഹഭരിതമായ  ആ കൂടിക്കാഴ്ചയില്‍ അവര്‍ അതീവസന്തോഷവതികളായിരിക്കുന്നു. ഞാനോ?

മറ്റുള്ളവരുടെ വിശേഷങ്ങള്‍!. നദിയ കല്യാണം കഴിഞ്ഞു ഗര്‍ഭിണിയായതും ടീന ആത്മഹത്യ ചെയ്തതും എനിക്ക് പുതിയ വാര്‍ത്തകളായിരുന്നു. പിന്നെ മറ്റുപല ഗോസ്സിപ്പുകളും. "വീണ" മാറിയിട്ടില്ല. ഇപ്പോഴും അതേ വായാടിയായ ആ വെളുത്ത പെണ്‍കുട്ടി തന്നെ. ഏതോ ഒരു നോവലിലെ ഒരു കഥാപാത്രത്തിന്‍റെ നീണ്ട ഡയലോഗ് പോലെ അവളങ്ങനെ തുടര്‍ന്നു.

ഞാന്‍ തിരയുകയാണ്.
എന്‍റെ ജനനിയെ.
ആ അന്തരീക്ഷത്തില്‍ അവളുടെ മണമുണ്ട്.
എനിക്കറിയാം ഈ കൂട്ടങ്ങളില്‍ എവിടെയോ ഒറ്റയ്ക്ക് അവളുണ്ട്!

രമ്യയാണ് ജനനിയെ കൂട്ടിക്കൊണ്ടുവന്നത്. അവളെക്കണ്ടതും മനസ്സിന്‍റെ ഇരുട്ടിലെവിടെയോ ഉറവപൊട്ടി. ഇടനെഞ്ചില്‍ കുതിച്ചുചാടുന്ന ഒരു വലിയ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദമെനിക്ക് കേള്‍ക്കാം. അവള്‍ക്കെന്‍റെ മുഖത്തു നോക്കാന്‍ ധൈര്യമില്ലയിരുന്നു. അവളെന്‍റെ മുന്നില്‍ എന്തോ ചോദിച്ചു വന്നു നിക്കുന്നപോലെ. അന്നാദ്യം കണ്ട ദിവസം മിണ്ടിയപ്പോള്‍ എന്നപോലെത്തന്നെ.

ആ നീല നീളന്‍ പൈജാമയിട്ട പഴയ എട്ടാംക്ലാസ്സുകാരി ജനനി. കനംകുറഞ്ഞ ഫ്രെയിമുള്ള കണ്ണടയും ഇത്തിരി പൊക്കവുമല്ലാതെ അവള്‍ക്കു വലിയ മാറ്റങ്ങളൊന്നുമില്ല. വല്ലാണ്ട് നീണ്ടു പോയിരിക്കുന്നു. മുഖത്ത് എന്നത്തെയും പോലെ വിഷാദവും നിസ്സംഗതയും കൂടിച്ചേര്‍ന്ന ആ ഭാവം. കണ്ണുകള്‍ വറ്റി വരണ്ടു പോയിരിക്കുന്നു. കീഴ്ച്ചുണ്ടിലെ ആ കറുത്ത പാട് ഇപ്പോഴുമുണ്ട്. മുടി ഒതുക്കത്തോടെ പിന്നിലേക്ക്‌ കെട്ടിവച്ചിരിക്കുന്നു. സത്യത്തില്‍ എന്‍റെ ശ്വാസം നിലച്ചുപോയി. അവള്‍ക്കു ഭാവവത്യാസം ഒന്നുമില്ല. പഴയ ആ അലിവു തോന്നിക്കുന്ന നോട്ടവും ചിരിയും മാത്രം.

ഈ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് അര്‍ഥം തോന്നിക്കുംവിധം എന്നെ എന്തോ ആക്കി മാറ്റിയവള്‍ അതാ മുന്നില്‍ നില്‍ക്കുന്നു.

"ജനനീ"
എന്‍റെ തൊണ്ടക്ക് കയറു വീണിരുന്നു. ശബ്ദം പുറത്തു വരുന്നില്ല.
എന്‍റെ നെഞ്ചിന്‍റെയുള്ളിലെ പാറക്കെട്ടുകളില്‍ ആ പേര് അലയടിച്ചു കിടന്നു.

*  *  *

പതിനൊന്നു വയസ്സ്! സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ വകതിരിവില്ലാത്ത പ്രായം. ആ പ്രായത്തില്‍ എന്നെ മൂടിയ വിഷാദമറയില്‍ ഞാന്‍ തന്നയാണ് ഭാരതീയ വിദ്യാഭവന്‍റെ ബോര്‍ഡിംഗ് സ്കൂള്‍ സ്കോളര്‍ഷിപ്പിന് മുന്‍കൈയ്യെടുത്തു പരീക്ഷയെഴുതിയത്. ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോള്‍ പിന്നെ പോവാതെ തരമില്ലായിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിലാണ് സ്കൂള്‍ ഓപ്ഷന്‍ കിട്ടിയത്.  അന്നതൊരു വാശിയും ഒളിച്ചോട്ടവും പോലെ തോന്നി. അച്ഛനുമമ്മയും എതിര്‍ത്തിട്ടു പോലും അവരെ വിട്ട് ആ പ്രായത്തില്‍ വീടുവിട്ടു പോവാന്‍ ഞാന്‍ തയ്യാറായി. എല്ലാമറിഞ്ഞിട്ടും വാശിപിടിച്ച മനസ്സിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം.

ഹോസ്റ്റലിലെ ആദ്യ ദിവസങ്ങള്‍ പുതിയൊരനുഭവമായിരുന്നു. ഞാനായെടുത്ത തീരുമാനത്തെ സാധൂകരിക്കും വിധം മനോബലത്തോട് കൂടിയുള്ള ആദ്യത്തെ ഏകാന്ത ദിവസങ്ങള്‍‍. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലിന്‍റെ തുരുത്തിലേക്ക് ഞാന്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിരുന്നു. രാത്രിയുടെ നിലങ്ങളില്‍ കിമഴ്ന്നുകിടക്കുന്ന ഇരുട്ടിനെപ്പേടിച്ചു കരഞ്ഞ ദിവസങ്ങള്‍. വീട്ടിലെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ സ്വാദും, ചേട്ടന്‍റെ സ്നേഹവും എല്ലാം എനിക്ക് മനസ്സിലാക്കിത്തന്ന ദിവസങ്ങള്‍.

സ്കൂളില്‍ ഓരോ ഹൗസായി തരംതിരിച്ചായിരുന്നു ക്ലാസും താമസവുമെല്ലാം‍. എല്ലാ കുട്ടികള്‍ക്കും അതാത് ഹൗസിലെ കൂട്ടുക്കാരാണ് കൂടെയുണ്ടാവുക. മിക്കവാറും ഓരോ ഗ്യാങ്ങായി കുട്ടികള്‍ തിരിയും. അതില്‍ത്തന്നെ ഒരാള്‍ക്ക് ഒരു തുണയുണ്ടാകും. പഠനത്തിലും മറ്റു ദിനചര്യകളിലും പരസ്പരം സഹായിക്കുന്ന ഒരു തുണ. എന്‍റെ കാര്യത്തില്‍ ഗ്യാങ്ങുണ്ടായില്ല. അത് രണ്ടാളിലായി ഒതുങ്ങി. വീണയും രമ്യയും എന്‍റെ ഹൗസില്‍ തന്നെയായിരുന്നു. ഞാനും വീണയും ആഴ്ചകള്‍ കൊണ്ട്  നല്ലൊരു സൗഹൃദം സ്ഥാപിച്ചിരുന്നു. ചിലനേരങ്ങളില്‍ ഒപ്പമിരുന്നു അര്‍ത്ഥമില്ലാത്ത മൗനത്തിലേക്ക് മടങ്ങും. എന്നിട്ടൊരു ചെറുചിരിയോടെ ദു:ഖങ്ങളെ മറക്കും. നല്ല കുട്ടികളായി നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു ക്ലാസിലും ഹോസ്റ്റലിലും കഴിഞ്ഞു.

വീട്ടിലേക്ക് ആത്മഹത്യക്കുറിപ്പുകള്‍ പോലെ കത്തുകളെഴുതിയും, സ്വയം ചിന്നിച്ചിതറി വിളര്‍ന്ന കായ്കള്‍ വിരിയിക്കുന്ന ചെറിയ ഫലവൃക്ഷങ്ങളെപ്പോലെ അനക്കമില്ലാതെ വളര്‍ന്നും കരഞ്ഞും വര്‍ഷങ്ങള്‍ മുമ്പോട്ടു പോയി. രണ്ടു വര്‍ഷം വീണയും ഞാനും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. നാഷണല്‍ ഇന്‍റഗ്രേഷന്‍റെ ഭാഗമായുള്ള മൈഗ്രേഷന്‍ സ്കോളര്‍ഷിപ്പ് കിട്ടി വീണ മഹാരാഷ്ട്രയിലേക്ക് പെട്ടി കെട്ടുമ്പോള്‍ ഞാന്‍ കരയാതെ കരയുകയായിരുന്നു.

ജനാലപ്പഴുതിലൂടെ അവള്‍ ബാഗും താങ്ങി നടന്നകലുന്നത് കണ്ടപ്പോള്‍ ഇനി എന്തിനിവിടെ എന്ന് തോന്നി. അവള്‍ പോകുമ്പോള്‍ നൂലറ്റുപോയ പട്ടത്തെപ്പോലെ ഞാന്‍ ഹോസ്റ്റലില്‍ പറന്നലഞ്ഞു.

ആ സമയത്തു തന്നെയാണ് എനിക്ക് വയസ്സറിയിച്ചത്. ഒരാളെ കൂട്ടിന് എനിക്കേറ്റവും ആവശ്യമായ സമയത്തുതന്നെ ഞാന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥ. എന്നെ ഒറ്റക്കാക്കിപ്പോയ വീണയോട് എനിക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനന്ന്. ആ വര്‍ഷത്തെ ദിവസങ്ങള്‍ക്ക് മുടന്തു വന്നപോലെയായിരുന്നു. മഴ ചീഞ്ഞുമണത്ത മാസങ്ങള്‍, തണുപ്പ് കുളിരുകോരിയിട്ടു പനിപിടിച്ച മാസങ്ങള്‍, ചൂടില്‍ ഉരികിയൊലിച്ചു വിയര്‍ത്ത മാസങ്ങള്‍ എല്ലാം വേച്ചു വേച്ച് എന്നെ പുച്ഛിച്ചു കടന്നു പോയി. തണലിന്‍റെ വിഭ്രമങ്ങള്‍നുസരിച്ചു ഞാന്‍ ദിവസവും സ്ഥലം മാറി ഇരുന്നു. ഒറ്റയ്ക്ക് നടന്നു, ഒറ്റയ്ക്ക് കിടന്നു. ആ വര്‍ഷം എങ്ങനെയോ തീര്‍ന്നു.

അങ്ങനെ അടുത്ത വര്‍ഷത്തെ പുതിയ അഡ്മിഷന്‍ വന്നു. വീണയുടെ ബെഡ്ഡില്‍ ഇരുണ്ടനിറമുള്ള, മെലിഞ്ഞ ഒരു കുട്ടി. ചുണ്ടില്‍ കറുത്ത പാടുള്ള, വിഷാദഛായയുള്ള ആ കുട്ടിയെക്കണ്ടപ്പോള്‍ പുച്ഛം തോന്നി.

"ജനനി" അതായിരുന്നു അവളുടെ പേര്. വീണയോടുള്ള ദേഷ്യവും വെറുപ്പും  അവളോടും തോന്നി. ആദ്യദിവസങ്ങളില്‍ സംശയം ചോദിച്ചും നോട്ട് ചോദിച്ചും വന്നപ്പോള്‍ പുച്ഛഭാവത്തോടെ തിരിച്ചയച്ചു. എന്‍റെ സ്വഭാവം കാരണം അവള്‍ പത്തു ബെഡ് അപ്പുറമുള്ള രമ്യയുമായി കൂട്ടായി. അതുംകൂടി കണ്ടപ്പോള്‍ ദേഷ്യം ഇരട്ടിയായി. അവരുടെ ഇടയില്‍ ഞാനൊരു മൂന്നാമത്തെ ആളായി. പകലുകളില്‍ ഒരന്യയെപ്പോലെ ഞാന്‍ അവരുടെ ഇടയില്‍ നടന്നു.

കാണുമ്പോഴൊക്കെ വിഷാദത്തിന്‍റെ അലിവാര്‍ന്ന ചിരിയില്‍ അവളെന്‍റെ ദേഷ്യങ്ങളും അലിയിച്ചു. പിന്നീടെപ്പോഴോ ഞാനവളെ കാര്യമായി ശ്രദ്ധിച്ചുതുടങ്ങി. പരസപരം ക്ലാസ്സിലെ സംശയങ്ങള്‍ തീര്‍ത്തു. നോട്ട്സ് കൈമാറി. വീണക്കു പകരമായി അവള്‍ സ്വയം മാറുകയായിരുന്നു. എന്നും നിസ്സംഗതയോടെ ചിരിച്ചുകാണിക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍ എനിക്കവളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. പിന്നെ പെട്ടന്നായിരുന്നു ജനനി എനിക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്നത്. ചിലസമയങ്ങളില്‍ വീണ പോലും എന്നെ ഇങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്നുതോന്നി. പകല്‍ മുഴുവന്‍ രമ്യയുടെ കൂടെയും രാത്രികളില്‍ എന്‍റെ കൂടെയും എന്ന നിലയിലേക്ക് ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.

കൂടെക്കൂടെ പകലുകളില്‍ രമ്യ അവളുടെ കൂടെ നടക്കുന്നതില്‍ എനിക്കെന്തോ നഷ്ടബോധം തോന്നി. അവളുടെ സ്‌നേഹം എനിക്കു മാത്രമേ ആകാവൂ എന്ന പോലെവരെയായി. അടുത്തു ഞാനുണ്ടായിട്ടും പകല്‍ അവള്‍ രമ്യയുടെ കൂടെ നടന്നു. രമ്യ അവളുടെ നല്ല സുഹൃത്തായിരുന്നതു കൊണ്ടാവാം അവളെ പൂര്‍ണ്ണമായും അവഗണിക്കാന്‍ അവള്‍ക്കുമായില്ല.

എന്‍റെ ഇഷ്ടങ്ങളെ അറിഞ്ഞും, എന്നെ അറിഞ്ഞും എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കിയ ജനനിയെ ഞാന്‍ ഒരാരധനയോടെ നോക്കിക്കണ്ടു. എന്നെ ഇത്രത്തോളം മനസ്സിലാക്കുന്ന ആദ്യത്തെയാളായിരിക്കും അവള്‍. എനിക്കും അവളുടെ മനസ്സിന്‍റെ തുടിപ്പുകള്‍ അറിയാമായിരുന്നു. അവളുടെ ഇഷ്ടങ്ങളെ, നിശ്വാസങ്ങളെ ‍, സങ്കടങ്ങളെ എല്ലാം എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ക്കുമെന്നെ ഇഷ്ടമായിരുന്നു, ജീവനായിരുന്നു.

ലൈറ്റണഞ്ഞാല്‍ ഒരു കട്ടിലിന്‍റെ രണ്ടാത്തായി ഞങ്ങള്‍ കിടക്കും. സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞും, ക്ലാസ്സിലെ ഗോസിപ്പുകള്‍ പറഞ്ഞും, ചിരിച്ചും അവളറിയാതെ ഉറങ്ങും. അവളുറങ്ങുമ്പോള്‍ അവളുടെ മുഖത്തെ നിഷകളങ്കത ഞാനാസ്വധിച്ചു. ശ്വാസക്രമങ്ങളുടെ വേലിയേറ്റത്തില്‍ അവളുടെ നെഞ്ച് പൊങ്ങുന്നതും താഴുന്നതും ഞാന്‍ നോക്കിക്കണ്ടു.  അവളുടെ ഭംഗിയുള്ള വിരലുകള്‍, നഖങ്ങള്‍ ഞാന്‍ മെല്ലെ തൊട്ടുനോക്കും.  അവളോട്‌ തമാശയോടെ കൊഞ്ചും തിടുക്കപ്പെട്ട് പരിഭവിക്കും, അതിലേറെ തിടുക്കത്തില്‍ ഞാനവളുടെ ചുണ്ടുകളിലെ പരിഭവം മായ്ക്കും. ഒരു വിറയലോടെ അവളെന്‍റെ ചൂടിലേക്ക് ചുരുങ്ങും. ആ നിമിഷങ്ങളില്‍ ജനനി എന്‍റെ നെഞ്ചിന്‍റെ തുടിതാളമായ് മാറും. ഇരുട്ടിന്‍റെ കൂര്‍ത്തശരങ്ങളെ പേടിച്ച് അവളെന്നെ പുണരും.

പുതപ്പിനടിയിലെ അവളുടെ കൊലുസിട്ട ചിരികളില്‍ ഞങ്ങള്‍ ഭൂതങ്ങളുടെ കഥകള്‍ ഉണ്ടാക്കും. അവള്‍ക്കു ഭൂതങ്ങളെ പേടിയായിരുന്നു! എനിക്കും! ഭൂതങ്ങളെ പേടിച്ചു ഞങ്ങള്‍ അന്യോന്യം പുണരും. പുലരും വരെ ചൂടുപറ്റിക്കിടക്കും. ഭൂതങ്ങളും ഞങ്ങള്‍ ഉണ്ടാക്കുന്ന അവരുടെ കഥയും എനിക്കൊരനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ രാത്രികളില്‍ എന്‍റെ കിടക്കയും വിരിപ്പും ഞാന്‍ ജനനി വന്നശേഷം മറന്നിരുന്നു. ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് പേര് "മെയ്ഡ് ഫോര്‍ ഈച്ച് അദര്‍" എന്നായിരുന്നു. മറ്റുള്ളവര്‍ അതുവിളിക്കുമ്പോള്‍ അതുകേള്‍ക്കുമ്പോള്‍ എനിക്കെന്തോ അറിയാത്ത ആത്മരതി തോന്നും. എന്നുമവളുടെ ഗന്ധത്തിന്‍റെ സാന്ദ്രതയില്‍ ലയിച്ച് ഞാനും പതിയെ ഉറങ്ങും.

വര്‍ഷങ്ങള്‍ വീണുടഞ്ഞു. വീണ നാഷണല്‍ ഇന്‍റഗ്രേഷന്‍ ഇയര്‍ മുഴുവനാക്കി തിരിച്ചുവന്നു. സത്യത്തില്‍ എന്നില്‍ വീണയുടെ ഓര്‍മ്മകള്‍ മരിച്ചിരുന്നു. തിരിച്ചുവന്നപ്പോള്‍ അവളാകെ മാറിയിരുന്നു. പുതിയ സുഹൃത്തുക്കള്‍ പുതിയ ഭാവങ്ങള്‍. ഞങ്ങള്‍ പഴയ ആത്മസുഹൃത്തുകളാണെന്നു വരുത്തിത്തീര്‍ക്കാന്‍ വെറുതെ ശ്രമിച്ചു. എന്തോ അതൊന്നും നടന്നില്ല. എനിക്ക് ജനനിയായിരുന്നു എല്ലാം. വീണ അടുത്തുവരുമ്പോള്‍ ജനനിയുടെ നെഞ്ചിടിച്ചുള്ള നോട്ടങ്ങള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തും. അവള്‍ സങ്കടപ്പെടുന്നത് അതെനിക്ക് സഹിക്കില്ലായിരുന്നു. ജനനി എന്‍റെ നെഞ്ചിനു പുറത്തും അകത്തും പൂത്തുലഞ്ഞു നിന്നു. വീണ പതിയെ അതറിഞ്ഞു സ്വയം മാറിനിന്നുതന്നു. പതിയെ രമ്യയുടെ ഗ്യാങ്ങില്‍ അവളും ചേര്‍ന്നു. പകലുകളില്‍ വീണ്ടും  ഞാനൊറ്റപ്പെട്ടു.

ജനനി അവളില്ലാതെ ഞാന്‍ പൂര്‍ണ്ണമാവില്ലായിരുന്നു. ചുണ്ടുകള്‍ ചേര്‍ത്തുവെച്ച രാത്രിയുടെ നിശബ്ദതയുടെ പാട്ടുകള്‍ ഞങ്ങളുടെ സ്വപ്നങ്ങളില്‍ വന്നു നിറഞ്ഞിരുന്നു.  പരീക്ഷാ സമയങ്ങളില്‍  അങ്ങോട്ടുമിങ്ങോട്ടും പുറംചാരി ഞങ്ങള്‍ പഠിച്ചു. തണുത്ത കൈത്തലങ്ങള്‍ കോര്‍ത്തുപിടിച്ചു ഞങ്ങള്‍ രാത്രിയുടെ ചില്ലകളില്‍ ഇണചേര്‍ന്നു പകലിനെ കാത്തിരിന്നു. കിതച്ചെത്തുന്ന പകലുകളില്‍ എന്നെയുപേക്ഷിച്ചവള്‍ വീണയുടെകൂടെ നടന്നു പോവും. ഞാനതുനോക്കി വീണ്ടും രാത്രിയുടെ തണുപ്പിനെ പ്രതീക്ഷിച്ച് ഒറ്റയ്ക്ക് നടക്കും.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരനുരാഗത്തിന്‍റെ ഋതുക്കള്‍ മാറി വിരിഞ്ഞു.
വര്‍ഷങ്ങളും മാറിക്കിടന്നു. ഞാനും അവളും മാത്രം മാറിക്കിടന്നില്ല.

പക്ഷെ ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു. ഒരുമിച്ചുള്ള നാലുവര്‍ഷം അവസാനിക്കുന്നത്‌ എന്നെ വേദനിപ്പിച്ചു. ഇനി വീട്ടിലേക്കു മടങ്ങണം. തുടര്‍ന്ന് അവിടെനിന്ന് ഏതെങ്കിലും ഒരു കോളേജില്‍ എന്‍ജിനീയറിംഗിനോ അതോ വേറേതെങ്കിലും കോഴ്സിനു ചേരണം. അവസാന ദിവസങ്ങളില്‍ എനിക്കറിയില്ലായിരുന്നു ജനിനിയോട് എന്തു മിണ്ടണം എന്തു പറയണം എന്നല്ലാം. മുഖത്തോടു മുഖംനോക്കി കിടക്കുമ്പോള്‍ അവളുടെ കണ്ണുനിറയും. എന്‍റെ മനസ്സ്  കരയും. ഒന്നും ചോദിക്കാതെ, ഒന്നും മിണ്ടാതെ,  ഒന്നും പറയാതെ അവള്‍ പോയി. പ്രതീക്ഷിച്ചിരുന്ന ആ നിസ്സംഗതയിലേക്ക് നോക്കി ഞാന്‍ കണ്ണടച്ച് വിതുമ്പിക്കരഞ്ഞു.

ജനനിയില്ലാത്ത രാത്രികള്‍. എനിക്കവളെ വേണമായിരുന്നു. ഹോസ്റ്റലിന്‍റെ ഇരുട്ടടഞ്ഞ മുറിയിലൊരു  തുണയായിട്ടല്ല. ജീവിതത്തിന്‍റെതന്നെ ഭാഗമായിട്ട്. എനിക്ക് മുഴുവനായിട്ട് അവളെ വേണമായിരുന്നു. എന്‍റെ നിരാശയില്‍ വിരിഞ്ഞ ലോകത്തെ ഞാന്‍തന്നെ അകത്തുനിന്ന് പൂട്ടി. അവളുടെ ഓര്‍മകളെ സൃഷ്ടിച്ച് രാത്രികള്‍ കഴിച്ചുകൂട്ടി. അവളുടെ മണമുള്ള നോട്ടിലെ കുറിപ്പുകള്‍, ഭംഗിയുള്ള എഴുത്ത് എല്ലാം ഞാനെന്‍റെകൂടെ കിടത്തി. ആഴ്ചയില്‍ രണ്ടുതവണ വിളിക്കും. അവള്‍ സന്തോഷവതിയായി അഭിനയിച്ചു കാണിച്ചു. ഞാന്‍, എനിക്ക് കഴിയുന്നില്ലാന്നു പറഞ്ഞപ്പോള്‍ അവള്‍ ഖിന്നയായി. ഞങ്ങളുടെ ഇടയില്‍ സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു. ഫോണ്‍ എടുത്തു മിണ്ടാതെ നില്‍ക്കും. അവള്‍ക്കെന്തോ പറയണം. പക്ഷെ തൊണ്ടയില്‍ കുടുങ്ങിയ  വേര്‍പാടിന്റെ മൗനത്തിലും അവളുടെ നിശ്വാസങ്ങളുടെ ശബ്ദങ്ങളിലും എന്‍റെ ഇടനെഞ്ചു പൊട്ടിക്കരഞ്ഞു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ ബുദ്ധിമുട്ടി ഞങ്ങള്‍ രണ്ടുപേരും ഓരോ അറ്റത്തുമിരുന്നു.

പിന്നെയോരിക്കല്‍ മിണ്ടാതെ പറയാതെ അവളെങ്ങോ മാഞ്ഞുപോയിമറഞ്ഞു. അറിഞ്ഞോ അറിയാതയോ ഒന്നും ബാക്കിവെക്കാതെ ഒരു തണുത്ത മറവിയിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി. എന്നോ വീണ പറഞ്ഞറിഞ്ഞു അവള്‍ ഡല്‍ഹിയിലെ ഗൂഡ്ഗാവില്‍ ഏതോ എഞ്ചിനീയറിംഗ് കോളേജിലാണെന്ന്. നമ്പരും അഡ്രസ്സും ഒന്നുമില്ല. കീര്‍ത്തന ഒരിക്കല്‍ ട്രെയിനില്‍ വെച്ച് കണ്ടുപോലും.

നെഞ്ചിലൊരു വേദന മാത്രം ബാക്കിവെച്ച് ഞാനും ആ മറവിയുടെ ഉറക്കത്തിലേക്ക് ആണ്ടുപോയി. പല രാത്രികളില്‍ പല സമയങ്ങളില്‍ അവളെ ഞാന്‍ കണ്ടിരുന്നു. ഇരുട്ടില്‍ കല്ല്‌ മറയ്ക്കുന്ന വിദൂരതയിലെവിടെയോ ഏങ്ങിക്കരയുന്ന പെണ്‍കുട്ടിയായി ഞാനവളെ കണ്ടു. അവളെ സ്വപ്നം കാണുമ്പോള്‍ ആ സുഖമുള്ള വേദന എന്നെയുണര്‍ത്തും. ഒരു തലയിണയായി  അവളെപ്പുണര്‍ന്നു ഞാനുറങ്ങും.

*  *  *

വരാന്തയിലെ ഒരറ്റത്ത് ഞാനവളുടെ കൈ കോര്‍ത്തു പിടിച്ചു നിന്നു. എനിക്കവളെ കെട്ടിപ്പിടിച്ച് ഒത്തിരി കരയണം എന്നുണ്ടായിരുന്നു. വിഷാദത്തിന്‍റെ അലിവാര്‍ന്ന ചിരിപെയ്യുന്ന ആ മുഖത്തു നോക്കി ഞാനേറെനേരം നിന്നു. ഈ മീറ്റ്‌ ഒന്നു കഴിഞ്ഞിരുന്നെങ്കില്‍ ഇവളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിപ്പോവാമായിരുന്നു. വീണയോടും രമ്യയോടും കള്ളം പറഞ്ഞു ഞങ്ങള്‍ മുങ്ങി. അവര്‍ രണ്ടുപേരും ആക്കിച്ചിരിച്ചു. എനിക്കതൊന്നും ഒന്നുമല്ലായിരുന്നു.

വയനാട്ടില്‍ ബീച്ചില്ല. മലകളും, കുന്നുകളും മാത്രം. തണുപ്പിനെ തടഞ്ഞു നിര്‍ത്തി മഞ്ഞുപെയ്യിക്കുന്ന മലകള്‍. എവിടെ പോകും? തല്‍ക്കാലം ഒരു കോഫി. അതിലൊതുക്കി. ആ കോഫിയുടെ ഇടയില്‍ ഞങ്ങളെ അകറ്റിനിര്‍ത്തിയ എട്ടുവര്‍ഷം വീണ്ടും പിറന്നുവീണു.

അവള്‍ ചിരിക്കാന്‍ തുടങ്ങി. എന്‍റെ മനസ്സില്‍ മഴപെയ്യാനും. മീറ്റ് കഴിഞ്ഞു എന്‍റെ കൂടെവരണം. ജനനി സമ്മതിച്ചു. അവള്‍ സമ്മതിച്ചില്ലെങ്കിലും അവളെ ഞാന്‍ തൂക്കിയെടുത്തു കൊണ്ടുപോവും. ഒപ്പംവന്ന കീര്‍ത്തനയെ അവള്‍ രമ്യയുടെ കൂടെയയച്ചു.

ജനനി കാറില്‍ കയറി. അവളുടെ കലവീണ ചുണ്ടുകള്‍! എനിക്ക് കാത്തിരിക്കാനാവില്ലായിരുന്നു. അവള്‍ കുതറി മാറി. പിന്നെ അവളായിത്തന്നെ ആ മലകളുടെ ഇടയിലെവിടെയോ തങ്ങിനിറഞ്ഞ ദുരൂഹ മധുരങ്ങളിലേക്കെന്നെ കൂട്ടികൊണ്ടുപോയി.

ചുരമിറങ്ങുമ്പോള്‍ അവളെന്‍റെ തോളത്തു തലചായ്ച്ചു കിടന്നു. ഒരു ചെറിയ കുട്ടിയെ പോലെ. വളവും തിരിവും തിരഞ്ഞ റോഡില്‍ എവിടെയോ വെച്ച് ഞങ്ങള്‍ ഭൂതത്തിന്‍റെ കഥപറഞ്ഞു.

അവള്‍ക്കു ഭൂതങ്ങളെ പേടിയായിരുന്നു!

എനിക്കും!


30 അഭിപ്രായങ്ങൾ:

 1. ഒരു ലെസ്ബിയൻ പ്രണയ കഥയേക്കാളപ്പുറം,ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ പകച്ചുപൊയ ഒരു പെങ്കുട്ടി,സ്വാന്ത്വനമേകിയ കരങ്ങളെ എന്നും ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന ഒരു ചിത്രം.മനോഹര ചിത്രം

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട് സവ്യസാചി....നല്ല ഭാഷ....

  മറുപടിഇല്ലാതാക്കൂ
 3. നല്ല എഴുത്ത്, വായനക്ക് രസകരം
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 4. വായിച്ചു തീർന്നു ..
  ശ്വാസം വിട്ടു.

  ഒന്നും പറയാനില്ലാത്തതുകൊണ്ട് പോകുന്നു

  മറുപടിഇല്ലാതാക്കൂ
 5. അതി മനോഹരമായ എഴുത്ത് ശൈലി , ഒരുപാടു ഇഷ്ട്ടായി ഈ യാത്ര ! വായനക്കാരന് ഒരു മൂവി കാന്നുന്ന ഫീല്‍ കൊണ്ടുവരാന്‍ താങ്കളുടെ വാക്കുകള്‍ക്ക് കഴിഞ്ഞു , അഭിനന്ദങ്ങള്‍ !!!!

  മറുപടിഇല്ലാതാക്കൂ
 6. എഴുത്തിന്റെ ശൈലി പിടിച്ചിരുത്തി വായിപ്പിക്കും :) നന്നായി കഥ .ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 7. ഹാ... എത്ര മനോഹരമായി ഒരു പ്രണയം ചിത്രീകരിച്ചിരിക്കുന്നു... ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന സ്ത്രൈണത...
  വളരെ നല്ല കഥ.. ആശംസകള്‍....,...

  മറുപടിഇല്ലാതാക്കൂ
 8. പ്രണയമെന്നോ അനുരാഗമെന്നോ അതോ ആത്മബന്ധമെന്നോ ഇതിനു പേര് പറയുക...മനോഹരമായി ഒട്ടും മുഷിപ്പിക്കാതെ സഭ്യതയുടെ വരമ്പുകള്‍ തകര്‍ക്കാതെ ഒരാത്മബന്ധത്തിന്റെ കഥ പറഞ്ഞു..ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 9. വാക്കുകള്ക് അതീതമായ വായനാനുഭവം പകര്‍ന്നു തന്നു. ഒരു പാടിഷ്ടമായി........സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 10. ഏറ്റവും അഭിനന്ദനാര്‍ഹാമായി എനിക്ക് തോന്നിയത് എഴുത്തില്‍ കാണുന്ന സ്ത്രൈണ ഭാവങ്ങള്‍ ആണ്.എഴുത്തിന്‍റെ തച്ചു ശാസ്ത്രം അറിയുന്നവര്‍ക്ക്‌ മാത്രമേ അങ്ങനെ പകര്‍ന്നാടാന്‍ കഴിയൂ.ലെസ്ബിയന്‍ കഥ എന്ന രീതിയില്‍ തന്നെയാണ് ഞാന്‍ അത് വായിച്ചത്.

  സിയാഫിക്കയുടെ ഈ വിവരണത്തിൽ,കുറച്ച് വരികളിലെങ്ങനെ സ്ത്രൈണത വരുത്താനാ ന്ന ചിന്തയിൽ ഞാനിത് ഇന്നത്തേക്ക് മാറ്റി വച്ചതാ, ഒരു സ്വസ്ഥ വായനയ്ക്ക്.!
  പക്ഷെ ഇക്ക പറഞ്ഞപ്പോൾ ഞാൻ പ്രതിക്ഷിച്ചതിൽ കൂടുതൽ എനിക്കിവിടെ നിന്ന് കിട്ടി,സ്ത്രൈണഭാവങ്ങൾ. ഉജ്വലം എന്ന വാക്കിൽ ഒതുക്ക്ഇ നിർത്താവുന്നതല്ല ഈ രചനയുടെ ക്ലാസ്സ്.

  നോട്ട് ബുക്ക്,ദേശാടനക്കിളി കരയാറില്ല എന്ന രണ്ട് ചിത്രങ്ങളെ ഉടനീളം ഓർമ്മിപ്പിച്ചു ഈ എഴുത്ത്. ചില സമയങ്ങളിൽ അവയുടെ തിരക്കഥ വായിക്കുകയാണോ എന്ന് പോലും റ്റ്ഹോന്നി പോയി.
  വളരെ നന്നായിരിക്കുന്നു,ആ വരികളിലൂടെ ആ ഭാവം ഞങ്ങളിലേക്കെത്തിച്ചത്.


  എങ്ങോട്ട് നടക്കണം?

  ആദ്യ കുറച്ച് വായന തുടങ്ങി മുകളിലെഴുതിയ ഭാഗം വരെ,കോളേജിലെ ആ പഴയ ആദ്യ ദിനങ്ങൾ മനസ്സിലേക്കെത്തിച്ചു.

  മറുപടിഇല്ലാതാക്കൂ
 11. കഥ വളരെ നന്നായി...( ചിലയിടത്ത് ചന്തി, മുലയെന്നൊക്കെ ചേര്ത്തതുകൊണ്ട് ഈ കഥയ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായിട്ടില്ല)

  മറുപടിഇല്ലാതാക്കൂ
 12. ഈ കഥ വായിച്ചപ്പോൾ ഉണ്ണിമായയുടെ മറ്റൊരു കഥ ഓർമ്മവന്നു ( ഉണ്ണിമാങ്ങാക്കഥകൾ ബ്ലോഗ് - ഇപ്പോളതവിടെ കാണാനില്ല.എന്തു പറ്റിയോ ആവോ ? )
  പക്ഷെ രണ്ടും രണ്ടു വഴികൾ രണ്ട് ഒഴുക്ക്...
  മനോഹരമായിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 13. നന്നായിരിക്കുന്നു.
  വളരെ നല്ല ഭാഷ.
  ഇങ്ങോട്ട് നയിച്ച സിയാഫിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 14. പേരെടുത്തു പരാമര്‍ശിക്കുന്നില്ല.
  നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനത്തിനു വിനയപൂര്‍വ്വം നന്ദി അറിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 15. ഒരു കഥയെ മനോഹരമായി വരച്ചിട്ടിരിക്കുന്നു.... ഒരു ചിത്രം കാണുന്നപോലെ.... കഥയുടെ കാബും , എഴുത്തിന്റെ ശയിലിയും ഒരുമിക്കുനതിന്റെ മനോഹാരിത..വാക്കുകള്ക് അതീതമായ വായനാനുഭവം പകര്‍ന്നു തന്നു.... അഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ
 16. ലെസ്ബിയന്‍ ബാക്ഗ്രൌണ്ടില്‍ ഞാനെഴുതിയ കഥ ഡിലീറ്റിയതേതായാലും നന്നായി ഈ കഥ വായിച്ച് മനോജേട്ടന്റെ കമന്‍റും കണ്ടാരെങ്കിലും ആ വഴി വന്നിരുന്നേ ഞാന്‍ നാറിപ്പോയേനെ :D congrats savyanna കഥ കലക്കി! :)

  മറുപടിഇല്ലാതാക്കൂ
 17. നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനത്തിനു വിനയപൂര്‍വ്വം വീണ്ടും അതിയായ നന്ദിയറിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 18. ഈ കഥ പല തവണ വായിക്കുകയും പലര്‍ക്കും ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.. പക്ഷെ ഇവിടെ അഭിപ്രായം പറഞ്ഞില്ല എന്നിപ്പോഴാണ് ശ്രദ്ധിച്ചത്.
  ചിലപ്പോഴങ്ങനെയാണ്.. ചില പ്രധാന കാര്യങ്ങള്‍ മറന്നു പോകും.
  ഇനി ഞാനൊരു അഭിപ്രായം പറയണ്ടല്ലോ :)

  മറുപടിഇല്ലാതാക്കൂ
 19. നന്നായി എഴുതിയിരിക്കുന്നു. സമയം കിട്ടാത്തത് കൊണ്ടാണ് സുഹ്രുത്തേ ഈ കഥ വായിക്കാന്‍ വൈകിയത്. പഴയത് ഒക്കെ ഒന്നിരുത്തി വായിക്കണം.

  മറുപടിഇല്ലാതാക്കൂ
 20. തുടങ്ങിയത് മുതല്‍ ഒടുങ്ങുന്നത് വരെ ശ്വാസം വിടാതെ ഒരു വായന

  എങ്ങും നിര്‍ത്താന്‍ തോന്നിയില്ല.
  കഥ വളരെ നന്നായി

  (ഫോളോവര്‍ ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ഫോളോ ചെയ്തേനെ)

  മറുപടിഇല്ലാതാക്കൂ
 21. ഇരിപ്പിടം ആണ് ഇവിടെ എത്തിച്ചത്. ഒരു നല്ല കഥ പുതുവര്‍ഷത്തില്‍ തന്നതിന് നന്ദി.

  മറുപടിഇല്ലാതാക്കൂ
 22. ഇരിപ്പിടം ആണ് ഇവിടെ എത്തിച്ചത്. ഒരു നല്ല കഥ
  നല്ല ഒഴുക്ക്.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 23. ലിംഗാധിഷ്ഠിതമല്ലാതെയും ഒരു പ്രണയം തോന്നാം.

  മറുപടിഇല്ലാതാക്കൂ
 24. ഒഴുക്കുള്ള നല്ല ഭാഷ.. വളരയധികം ഇഷ്ടപ്പെട്ടു..

  മറുപടിഇല്ലാതാക്കൂ