ക്രിസ്തുമസ് തലേന്നന്നാള്‍! ബോറടിക്കുന്ന മറ്റൊരു വൈകുന്നേരം! അല്ലാതെ വേറൊരു പ്രത്യേകതയൊന്നുമില്ല പ്രത്യേകിച്ച് പണിയുമില്ല. അപ്പൊ ചാറ്റ് തന്നെ ചാറ്റ്. കിളികള്‍ മാറി മറിഞ്ഞുകളിക്കുന്ന ചാറ്റ്. വൈറ്റ്റാബിറ്റുമായി ചാറ്റ് ചെയ്യുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്. ടുട്ടുവാണ്! അവനു വേറെ പണിയില്ല. ദിവസം ഒരമ്പത് തവണ വിളിച്ചോളും. ആവശ്യത്തിനും അനാവശ്യത്തിനും. ചുമ്മാ ഏതേലും കിളി കൊത്തുന്നുണ്ടോന്നുള്ള സംശയമാവുമിപ്പോ! ഈ ചാറ്റ് തീര്‍ത്തിട്ടുട്ടെടുക്കാമെന്നു കരുതി. അവളാണേല്‍ വിടാനുള്ള പരിപാടിയുമില്ല!
എങ്ങനെ ഊരും?
me: ഞാന്‍ പോവ്വാ, എനിക്കിത്തിരി ജോലിയുണ്ട്.
വൈറ്റ് റാബിറ്റ്: O, rely!
me: ഹ്മം.
വൈറ്റ് റാബിറ്റ്: y so sudden. goin somewhere?
me: അതെ! ഫ്രണ്ട് വിളിക്കുന്നു.
വൈറ്റ് റാബിറ്റ്: cya.
me: മെറി ക്രിസ്മസ് & കിസ്സെസ്സ്
വൈറ്റ് റാബിറ്റ്: who cares. f**k ya.
me: ങേ! പിണങ്ങിയോ?
തനി പാലക്കാട്ടുകാരി! ജാഡ!
മലയാളം അറിയും, പറയൂല്ല. എപ്പഴും ഒലക്കേലെ ഇംഗ്ലീഷ് മാത്രം. പേരിതുവരെ പറഞ്ഞിട്ടില്ല; വേണേ വൈറ്റ് റാബിറ്റ് എന്നു വിളിച്ചോളാന്‍. മൊബൈല്‍ നമ്പര്‍ തന്നിട്ടുണ്ട്. സംസാരിക്കാനുള്ള മൂഡില്ല. ഈ ബില്‍ഡിങ്ങില്‍ത്തന്നെ ഉള്ളതാ, എന്നെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്നൊക്കെപ്പറയുന്നു. അവള്‍ക്കു ചുമ്മാ സംസാരിച്ചാമതി. ഒരുമാതിരി intellectual flirting ടൈപ്പ്.
അവള്‍ പച്ചലൈറ്റ് കെടുത്തി.അവള് പോയതെതായാലും നന്നായി.
അവള് പോയപ്പോഴേക്കും ടുട്ടുവിന്‍റെ രണ്ടാമത്തെ റിങ്ങും തീര്‍ന്നിരുന്നു.
തിരിച്ചു വിളിച്ചു.
കട്ടിയില്‍ തന്നാര്‍ന്നു ചോദ്യങ്ങള്‍!
: "എടാ ഊളേ! എവിടായിരുന്നു?"
"ഓ! ഒരു ചാറ്റ് അത് തീരട്ടേന്നു കരുതിയിരുന്നതാ! അല്ലെങ്കി അനക്കിപ്പോ മലമറിക്കനൊന്നും ഇല്ലാല്ലോ?"
: "ആരായിരുന്നു? സിന്ത്യ? ഫാത്തിമ?"
"വൈറ്റ് റാബിറ്റ്"
: "ങേ! അതാരാ. പുതിയതാണല്ലെ?"
"ഹും. പുതിയ അവതാരമാ!"
: "എന്താ വിഷയം. metaphysics? cosmic life? മാങ്ങാത്തൊലി!"
"ഇതതൊന്നുമല്ല, ചുമ്മാ വളവളാന്ന്‍. അവള്‍ക്ക് പ്രത്യേക അജണ്ടയൊന്നുമില്ല"
: "ഓ. അത് വിട്! ഇന്ന് കെവിന്‍റെ വക ഓസിനു കള്ളുണ്ട്!"
"ങേ.. അതിനു നാളെയല്ലേ ക്രിസ്തുമസ്!"
: "ഇന്നുമുണ്ട്!"
"അപ്പൊ അവന്‍റെ നോമ്പോ?"
: "അതൊന്നും എനിക്കറിയില്ല, സുഭാഷിനെ വിട്ട് സാധനം മേടിക്കാന്‍ അവന്‍ പറഞ്ഞിട്ടുണ്ട്! നീ വാ, ബീഫ് ഫ്രൈ ഉണ്ടാക്കണം. ലാലുവും, അലനും ഉണ്ടാവും. നീ വരുമ്പോ ലാലുവിനെക്കൂടി പൊക്കിക്കോ. ഇനി ചാറ്റ്, കോപ്പ് എന്നും പറഞ്ഞിരിക്കാതെ.! അവന്‍ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലാന്ന്.. "
"വോക്കെ! പക്ഷെ?"
: "എന്ത് പക്ഷെ?"
"ഈ നേരത്ത് ഫ്രഷ് ബീഫ് എവിടന്നു കിട്ടും! ഫ്രോസന്‍ മതിയോ?"
: "ഡാ പൂനമല്ലി ഹൈറോഡില്‍ സംഗീതയുടെ അടുത്ത് നമ്മടെ അച്ചായന്‍റെ സ്റ്റാളുണ്ട് അവിടെ കിട്ടൂന്നാ അലന്‍ പറഞ്ഞത്. നീ രണ്ടുമൂന്നു കിലോ വാങ്ങിക്കോ, നാളെക്കും കൂടെ നോക്കി വാങ്ങ്."
"ഓ ശരി! അടിയന്‍"
: "ഹു. ഹു. ഹു."
* * *
ലാലു! അവന്‍ മടിയനാണ്, അവന്‍റെ റൂമില്‍ ചെന്നപ്പോഴേ പകുതി ബിയറും വച്ച് ഇരിക്കുവാ. ഇതെന്നതാന്നു ചോദിച്ചപ്പൊ ഓഫീസിലെ അക്കൗണ്ടന്‍റ് അവനെ ചെറുതായി സല്‍ക്കരിച്ചുപോലും. ടീവിയില്‍ അതാ Tomorrow Never Dies! എത്രാമത്തെ തവണയാണോ എന്തോ. എനിക്കാണേ ഇമ്മാതിരി സൂപ്പര്‍സ്റ്റീഷ്യസ് പടങ്ങളോട് വെറുപ്പാണ്. ലാലു ഒരു ബോണ്ട് + ജോണ്‍സണ്‍ ആരാധകനാണ്. ഒന്നും രണ്ടും പറഞ്ഞാല്‍ ബോണ്ട് തന്നെ ബോണ്ട്. മൂര്‍, ബ്രോസ്നന്‍, ഡാനിയേല്‍ ക്രൈഗ് നാവടങ്ങൂല. ജോണ്‍സണ്‍ മാഷുടെ ഏതേലും ഒരു പാട്ട് എപ്പോഴും ചുണ്ടത്തുകാണും. പ്രേമിക്കുന്ന പെണ്‍കുട്ട്യോളൊക്കെ പെട്ടെന്ന് കല്യാണം കഴിഞ്ഞു പോണതോണ്ട് ഇടയ്ക്കിടയ്ക്ക് സെന്റിയടിക്കും, അതുമാത്രമേ ഒരു രോഗമായൊള്ളൂ. എന്നെ കണ്ടതും ഒരഞ്ചു മിനിറ്റ് ഇതാവരുന്നൂന്നും പറഞ്ഞ് ബാത്ത്റൂമില്‍ കയറി. ഞാന്‍ ബോണ്ട് പടവും കണ്ടിരുന്നു.
ബൈക്കിന്‍റെ പിന്നില്‍ കയറുമ്പോള്‍ ഞാന്‍ പറഞ്ഞു.
"എടാ ഹെല്‍മെറ്റ്"
"ഏയ് അതൊന്നും വേണ്ട. ഇപ്പൊ അടിച്ച ബിയറിന്‍റെ കിക്ക് വിയര്‍ക്കും.
ഈ തണുത്ത കാറ്റ് മുഖത്തടിക്കുമ്പൊ ന്‍റെ കിച്ചൂ ബിയറിന്‍റെ കിക്കങ്ങനെ കൂടിക്കൂടി വരും."
"ഉവ്വ!"
ഞാന്‍ വേറൊന്നും പറഞ്ഞില്ല!
പേപ്പര്‍ നക്ഷത്രങ്ങള്‍ ജ്വലിച്ചു നില്‍ക്കുന്ന വീഥികള്‍. തണുത്ത കാറ്റും. ലാലു പറഞ്ഞപോലെ ഒരു ബിയര്‍ അടിച്ചാ ആ കാറ്റിനൊപ്പം പറക്കാം. ലാലു ഒരു പാട്ടും മൂളി അങ്ങനെയിരുന്നു.
ടുട്ടു അടുക്കളയിലാ, അലനും എത്തിയിട്ടുണ്ട്. കെവിനും, സുഭാഷും എത്തിയിട്ടില്ല.
അവര്‍ വൈകുംപോലും. ബഗ് ഫിക്സിംങ്ങാവും. മാങ്ങാത്തൊലി!
അലന്‍ ചുമരുംചാരി പ്രേമിക്കുന്നുണ്ട്. അവന്‍ ഫോണ്‍ ചെവീന്നെടുക്കില്ല. കാമുകി ഡെന്‍ഡിസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു. അവര്‍ സൊള്ളുന്നത് കണ്ടാല്‍ നമ്മക്ക് തോന്നും അലനാണ് അവളെ പഠിപ്പിക്കുന്നെതെന്ന്. അവന്‍ ആ ഫോണ്‍ താഴെവച്ച് ഞാനിതുവരെ കണ്ടിട്ടില്ല. ടോയിലെറ്റില്‍ പോവുമ്പോഴും അവര്‍ സൊള്ളികൊണ്ടിരിക്കും. ഇതിനുമ്മാത്രം പറയാന്‍ എന്താ ഉള്ളതെന്നു ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.
ഞാനും പ്രേമിക്കും. ചാറ്റി മാത്രം. ഫോണ്‍ ഒക്കെ വെറുപ്പിക്കലാ. പിന്നെ ഇതേ പോലാവും. "പറയടാ" "പറയടാ". പറയടാ പറയടാന്നു പറഞ്ഞു സമയം കൊല്ലേണ്ടി വരും.
ഞാനും പ്രേമിക്കും. ചാറ്റി മാത്രം. ഫോണ്‍ ഒക്കെ വെറുപ്പിക്കലാ. പിന്നെ ഇതേ പോലാവും. "പറയടാ" "പറയടാ". പറയടാ പറയടാന്നു പറഞ്ഞു സമയം കൊല്ലേണ്ടി വരും.
അടുക്കളയില്‍ ടുട്ടു ഓംലെറ്റ് ഉണ്ടാക്കുന്നു. ബീഫിന് വേണ്ടി ഉള്ളി കൊത്തിയരിഞ്ഞു മസാലയെല്ലാം റെഡിയാക്കിവെച്ചിട്ടുണ്ട്. മസാലകൂട്ടി കൂക്കറില്‍ വച്ച് വേവിച്ചു ഫ്രൈ ചെയ്താല്‍ മാത്രംമതി. കള്ളുകുടിയാണെങ്കി ഞാനുണ്ടാക്കുന്ന ബീഫ് ഫ്രൈ, ടുട്ടുവിന്‍റെ ഓംലെറ്റ്. ഇങ്ങനൊക്കാണ് പതിവ്. ടുട്ടു കുടിക്കില്ല. ടച്ചിങ്ങ്സ് തിന്ന് ഒരു പെപ്സിയും കുടിച്ചിരുന്നോളും. എന്നാലും വെള്ളമടിച്ച എഫെക്റ്റ്സ് തരും. എല്ലാ ചര്‍ച്ചക്കും വാദിക്കാനും വധിക്കാനും ഉണ്ടാവും. ആരേലും വാളുവെച്ചാല്‍ അതു തുടക്കാനും വൃത്തിയാക്കാനും, വിഭ്രാന്തി സൃഷ്ടിച്ചു കരയുന്നവരെ ആശ്വസിപ്പിക്കാനും. ടുട്ടു ഒരനുഗ്രഹമാണ്. കള്ളുകുടിയന്മാരുടെ ഗ്രൂപ്പ് ഡ്രൈവര്‍, കൂക്ക്. എല്ലാവര്‍ക്കും നല്ല കാര്യം.
സുഭാഷ് വന്നു.
ഓ ആശ്വാസം! സ്ഥിരം ബ്രാന്‍ഡല്ലാ. അതിന്റെ എല്ലാ ഫ്ലേവറും കുടിച്ചുമടുത്തു. ഇത് സ്വയമ്പന്‍ സാധനം തന്നെ. സുഭാഷ് കൂട്ടത്തില്‍ പ്രായമുള്ള ആളാണ് പക്വതയുള്ളവന്‍. ഒരു മകളുണ്ട്. കുടുംബവുമായി കുറേയായി ചെന്നൈയില്‍ താമസമാക്കിയിട്ട്. കെവിന്‍റെ കൂടെ ക്രിക്കറ്റ് കളിച്ചുള്ള പരിചയം, അതിപ്പം വെള്ളമടിയില്‍ തുടങ്ങി ആത്മബന്ധങ്ങളില്‍ ചെന്നെത്തി നില്‍ക്കുന്നു. നല്ലോണം ബാറ്റ് ചെയ്യും.
സമയം ഒന്‍പതായി.
കെവിന്‍ ഇതുവരെ വന്നില്ല. മാസത്തില്‍ ഒരുതവണ അമേരിക്കേപ്പോയി വരുന്ന ടീമാ. NYPD ക്ക് വേണ്ടി ചെയ്യുന്ന പ്രൊജക്ടിന്‍റെ ലീഡ്. നാട്ടിലുള്ളപ്പോള്‍ മിക്കവാറും വൈകിയാ വരവ്.
സമയം ഒന്‍പതായി.
കെവിന്‍ ഇതുവരെ വന്നില്ല. മാസത്തില്‍ ഒരുതവണ അമേരിക്കേപ്പോയി വരുന്ന ടീമാ. NYPD ക്ക് വേണ്ടി ചെയ്യുന്ന പ്രൊജക്ടിന്‍റെ ലീഡ്. നാട്ടിലുള്ളപ്പോള്‍ മിക്കവാറും വൈകിയാ വരവ്.
ഞാന്‍ വിളിച്ചുനോക്കി! അവനിറങ്ങിയിട്ടുണ്ട്.
ബീഫ് ഫ്രൈ റെഡി, ഗ്ലാസും കഴുകി മേശപ്പുറത്ത് വെച്ച് ലാലു FTV തുറന്നുവെച്ചിരിക്കുന്നു. ബോണ്ടിന്‍റെ പടം ഇല്ലാഞ്ഞിട്ടാവും. കണ്ണും പൊളിച്ച് ടുട്ടും കൂടെയുണ്ട്. സൈസ് ഒക്കെ കൃത്യമായി പറയുന്നുണ്ട്. "36, 38". സുഭാഷ് തിരുത്തിക്കൊടുക്കുന്നു. അലന്‍ ഫോണ്‍ വെച്ചിട്ടില്ല. ഇടയ്ക്കു വന്നു ബീഫ് നുള്ളിത്തിന്ന് എന്നെ രസിപ്പിക്കുന്നുണ്ട്.
കെവിന്‍ വന്നു. സലീമും ഉണ്ട് കൂടെ.
അപ്രതീക്ഷിതനായിരുന്നു സലിം. സലിം സാനു, നിനച്ചിരിക്കാതെ ഓസിന് ഇന്ന് കള്ളുകുടി ലോട്ടറിയടിച്ചപോലാണ് അവന്. കുമാര്‍ സാനുവിന്‍റെ കടുത്ത ആരാധകന്‍. ഇമ്മാതിരി പാര്‍ട്ടിക്ക് കൊഴുപ്പുകൂട്ടാന്‍ കെവിന്‍ ഇതുപോലെ ആരെയെങ്കിലും ഇറക്കുമതി ചെയ്യാറുണ്ട്. സലിം ജനസമ്മതനാണ്, ലാലുവിന് കമ്പനിയായി. ഇന്ന് പാട്ടും ഡാന്‍സും ഒക്കെയായി കൊഴുക്കും എന്നര്‍ത്ഥം.
കെവിന്‍ തളര്‍ന്നിട്ടാണോ എന്തോ. അവന്‍റെ മുഖത്ത് സന്തോഷമില്ല. എന്തോ ഉള്ളിലടക്കി നടക്കുന്ന പോലെ. നോമ്പൊഴിവാക്കി കള്ളുകുടിക്കാന്‍ മാത്രം എന്താണാവോ? വല്ല പെണ്ണും പറ്റിച്ചോ? ഏയ്.. അങ്ങനെ വരില്ല! അവനതിലൊന്നും താല്‍പര്യമില്ല. പിന്നെന്താണാവോ? ക്രിസ്മസിന്‍റെ അന്നേ കുപ്പി തൊടൂ എന്നൊക്കെ വാശിപിടിച്ചവനാ. അലനും നാട്ടില്‍ പോകുന്നില്ലെന്നു പറഞ്ഞപ്പൊ എല്ലാര്‍ക്കും സന്തോഷമായി. ക്രിസ്മസിന്‍റെ അന്ന് സുഭാഷിന്‍റെ വീട്ടില്‍ ലഞ്ച്, പിന്നെ ന്യൂഇയര്‍ വരെ നിര്‍ത്താതെ കള്ളുകുടി. അതാണ് പ്ലാന്‍. പക്ഷെ കെവിന്‍റെ മുഖത്ത് പ്രസന്നത അത്ര പോര. കെവിനും എത്തിയതോടെ സുഭാഷ് കൃത്യമായി മദ്യം ഗ്ലാസുകളില്‍ പകര്‍ത്തി.
അലന്‍ തല്‍ക്കാലം ഫോണ്‍ ഇന്‍ പരിപാടി നിര്‍ത്തി.
അലന് തല്‍ക്കാലം ഫോണ്‍ ഇന്‍ പരിപാടി നിര്‍ത്തി.
ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി, ദൈവത്തിന്റെ തന്നെ അവിഹിതത്തിന്‍റെ സൃഷ്ടിപ്പില്‍ ദൈവത്തിനു മദ്യം നേദിക്കുന്ന സൃഷ്ടികള്‍. ഒന്നായി, രണ്ടായി. ആ വലിയ കുപ്പിയിലെ മുക്കാല്‍ ഭാഗത്തോളം മദ്യം തീര്‍ന്നു. സലിം പാട്ട് തുടങ്ങി. ലാലു താളം പിടിക്കാന്‍ തുടങ്ങി. അലന് ഇടയ്ക്കു ഫോണ്‍ റിങ്ങും. അവന്‍ കട്ട് ചെയ്തു വെറുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.
സുഭാഷ് അങ്ങനെ ഗ്യാങ്ങ് റേപ് തുടങ്ങിവച്ചു, ലാലു ദിവംഗതനായി. സമൂഹൂത്തിന്‍റെ ചിന്താഗതി മാറണം, സമൂഹത്തെ പ്രബുദ്ധരാക്കണം, നമ്മള്‍ നന്നാവണം, കുടുംബം നന്നാവണം. ലാലു തീക്ഷ്ണമായിത്തന്നെ കത്തിക്കയറി. സദാചാര പോലീസുകാര്‍ നാടിന്‍റെ ശാപമാണ് എന്നൊക്കെയായി. ടുട്ടുവും ഏതാണ്ട് അതേപോലൊക്കെ തന്നായിരുന്നു. ഈ വിഷയത്തില്‍ കുറ്റവാളികള്‍ക്ക് മരണശിക്ഷ വിധിക്കണം, സൗദി അറേബ്യയിലെപ്പോലെ ശിക്ഷ നടപ്പാക്കണം എന്നൊക്കെ. സുഭാഷും ഏതാണ്ടോക്കയോ പറഞ്ഞു. സ്ത്രീകളെ അറിയണം, സഹജീവികളെ അറിയണം എന്നൊക്കെ.
അതിനിടക്ക് ബീഫ്‌ഫ്രൈ എടുത്തു നാക്കിലെടുത്തുവെച്ച് എന്നെ നോക്കി .. കൊള്ളാടാ.. ഇന്ന് മൊത്തത്തില്‍ കൊളമായിട്ടുണ്ടെന്നു പറഞ്ഞു.
കെവിന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവന്‍ വേറെയെവിടെയോ ആണെന്നപോലെ തോന്നി.
എങ്ങനെ ഗ്യാങ്ങ് റേപ് നടന്നു, സാഹചര്യങ്ങള്‍ എന്തായിരുന്നു എന്നതായിരുന്നു എന്‍റെ നിരീക്ഷണം. സംഭവത്തിന്‍റെ മൂലകാരണം എന്താണെന്നുള്ള അന്വേഷണം പോലെ ഞാന്‍ അവലോകനം നടത്തി. അര്‍ദ്ധരാത്രി പെണ്‍കുട്ടിയും ആണ്‍സുഹൃത്തും ഒന്നിച്ചുയാത്ര ചെയ്യുന്നതും സെക്കന്‍ഡ്‌ഷോയ്ക്ക് പോയതും എന്നെ സംബന്ധിച്ച് അവര്‍ അവര്‍ക്ക് വരുത്തിവെച്ച ദുരന്തം എന്ന രീതിയില്‍ ഞാനവതരിപ്പിച്ചു. ടുട്ടുവിന്‍റെ പ്രതികരണം അപ്പൊ വന്നു. അവരെന്തിന് പോയാലും വന്നാലും അവര്‍ ആക്രമിക്കപ്പെടാന്‍ ഒരു ജനാധിപത്യരാജ്യത്ത് അവകാശമില്ല എന്നായിരുന്നു.
കൂടുതലും വളര്‍ത്തു ദോഷത്തെ ഞാന്‍ കുറ്റം പറഞ്ഞു. അലന് അവരെ ഒരാളെ കൊന്നിട്ട് മരിച്ചാ മതി എന്നുള്ള അഭിപ്രായമാണ്. നമ്മള്‍ക്കും വികാരവും വിചാരവും എല്ലാം ഉണ്ട് എന്നിട്ടും ഇമ്മാതിരി ചെറ്റകള്‍ മൃഗങ്ങളെപ്പോലെ പെരുമാറുന്നത് അസഹനീയമാണെന്ന്‍ അവന്‍ വാദിച്ചു. അലന് അവരെ കൊല്ലണം അല്ലങ്കില്‍ അതുപോലുള്ള ഏതേലും മൃഗജന്മങ്ങളെ കൊന്നിട്ട് ശ്വാസം പോയാമതി എന്ന്.
കെവിന്‍ വേറേതോ ചിന്തയില്‍ മിണ്ടാട്ടമില്ലാതെ അഭിപ്രായമില്ലാതെ ഗ്ലാസും പിടിച്ചിരുന്നു. അല്ലെങ്കിലും ഇങ്ങനത്തെ കാര്യങ്ങളില്‍ അവന് അഭിപ്രായമില്ല. ആ ഒച്ചപ്പാടിലും ബഹളത്തിലും അവന്റെ നിശബ്ദത ഞങ്ങളെ അസ്വസ്ഥരാക്കി. പക്ഷെ, വീണ്ടും ഗ്ലാസ്സുകള്‍ മുട്ടി, മദ്യത്തുള്ളികള്‍ ഓശാനപാടി. സംവാദങ്ങള്‍ തുടര്‍ന്നു. വിഷയങ്ങള്‍ മാറിവന്നു. അലന്‍ വീണ്ടും ഫോണിലായി. സലീമിനുവരെ ദേഷ്യം വന്നു. എനിക്കും നന്നായി കയര്‍ത്തു
വന്നു.
ടുട്ടു ആക്രോശിച്ചു!
"ഒന്ന് നിര്‍ത്തു മൈ അലാ "
കെവിന്‍ ഒന്നു മയത്തില്‍ നോക്കിയതേ ഒള്ളൂ. അലന്‍ ഫോണ്‍ വെച്ച് വന്നു.
ഓ.. ഞാന്‍ അവള്‍ക്ക് ബാവുട്ടിയുടെ നാമത്തില്‍ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.
ടുട്ടു വിട്ടു കൊടുത്തില്ല
"നീ എപ്പൊ കണ്ടു?"
"ഞാന്‍ കണ്ടില്ല!"
ടുട്ടു എന്ന മോഹന്‍ലാല്‍ ഫാന്‍:
"സംഗമത്തില്‍ കര്‍മ്മയോദ്ധ ഉണ്ട്, ബാവുട്ടി ഇതുവരെ വന്നില്ല.
പിന്നെ നീയെങ്ങനെ കഥ പറയും?"
അലന്‍ എന്ന മമ്മൂട്ടി ഫാന്‍:
"ഞാന്‍ ചുമ്മാ പുളുവടിക്കാര്‍ന്നു.
എന്തായാലും ഇക്കാ റോക്സ്!"
ടുട്ടുവിനു രസിച്ചില്ല!
"ഓ തന്നെ"
അലന്‍ മമ്മൂട്ടി ഫാനാണ്. ഒരൂഹത്തില്‍ റിവ്യൂ ഒക്കെ വായിച്ച് ഗായത്രിക്ക് കഥപറഞ്ഞു കൊടുത്തുകാണും. എനിക്ക് ചിരി വന്നു.
അങ്ങനെ അതൊരു ഒടുക്കത്തെ ഫാന്‍ ഫൈറ്റായി പിന്നെ. ഫാന്‍ ഫൈറ്റും സാമുദായിക ചേരിതിരിവും, മതധ്രുവീകരണവും സിനിമയും. വിഭാഗീയത മതസ്പര്‍ദ്ധ എന്നുവേണ്ട എല്ലാ രീതിയിലുമുള്ള കൂലങ്കുഷമായ ചര്‍ച്ച. ഇതിലും ലാലു തന്നാണ് കത്തിനിന്നത്. മലപ്പുറവും മമ്മുട്ടിയും, മമ്മുട്ടിയും കമ്മ്യൂണിസവും, മുസ്ലീങ്ങളും കമ്മ്യൂണിസവും. പഴയകാലത്ത് കോണിക്ക് വോട്ടു ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന ധാരണ മലപ്പുറത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നുവരെ പറഞ്ഞുവെച്ചു. സത്യത്തില്‍ ചേരിതിരിവ് തന്നെയാണ് നടക്കുന്നത്. മതവും ഫാന്‍ ഫൈറ്റും വരും കാലങ്ങളില്‍ വര്‍ഗ്ഗീയവിഷത്തിന്റെ വിത്ത് വിതക്കുമെന്ന സുഭാഷിന്‍റെ കണ്ടത്തല്‍ എല്ലാവരിലും ഒരു ഞെട്ടല്‍ ഉളവാക്കി. അലന്‍ അതൊന്നും കേള്‍ക്കാതെ ടുട്ടുവിനെ ചൊടിപ്പിക്കാന്‍ ഇക്കാ റോക്സ് ഇക്കാ റോക്ക്സ് എന്ന്‍ ഇടയ്ക്കിടെ പറഞ്ഞു. ഇതിലും കെവിന് പ്രത്യേക മമതയില്ല. അവനെ ഫാന്‍ ഫൈറ്റും ബഹളവും ഒന്നും ബാധിച്ചില്ല. അവന്‍ വീണ്ടുമൊഴിച്ചും ഗ്ലാസ് മൊത്തിയും നിശബ്ദനായി കൂട്ടത്തില്‍ കൂടാതെയിരുന്നു. അവനെ എന്തോ അലട്ടുന്നുണ്ട്. ഒന്നുകില്‍ ജോലി, അല്ലെങ്കില്‍ വീട്ടിലെ എന്തോ. എന്താണെന്ന് പലവട്ടം ചോദിച്ചിട്ടും മിണ്ടുന്നില്ല.
അവന്‍ തരുന്ന പാര്‍ട്ടി, എന്നിട്ട് അവന്‍ മിണ്ടാതെ ഇരിക്കാ.
നായന്‍ കലണ്ടര്‍ തീര്‍ന്നിട്ടും ലോകം ഇന്നും അവസാനിച്ചില്ല, ഇനി വല്ല മേനോന്‍ കലണ്ടര്‍ വാങ്ങിനോക്കണം എന്നു പറഞ്ഞ് സലിം ഡാന്‍സ് തുടങ്ങിയതും കെവിന്‍ കരയുന്ന പോലായി. കൊച്ചു കുട്ടികളെപ്പോലെ കെവിന്‍ കരഞ്ഞു. ടുട്ടു ചെന്ന് എന്താടാ എന്നു ചോദിച്ചിട്ടും കെവിന്‍ ഒന്നും പറഞ്ഞില്ല. ടുട്ടു ടിഷ്യൂ എടുത്തുചെന്ന് അവന്‍റെ മുഖമൊക്കെ തുടച്ചുകൊടുത്തു. അവന്‍ കൈവിട്ടപോലായി. ഞാന്‍ ചെന്നതും അവന്‍ എന്‍റെ തോളിലേക്ക് വീണു.
ഞാന്‍ അവനെ കൂട്ടി ബാല്‍ക്കണിയിലേക്ക് പോയി. എന്താടാന്ന ചോദ്യത്തിന് മറുപടിയില്ല. ഞാനും മിണ്ടിയില്ല. കുറച്ചു സമയം കഴിഞ്ഞു അവന്‍ വീണ്ടും തേങ്ങുന്നതുകണ്ടപ്പോള്‍, എനിക്കും വല്യ സങ്കടമായി. എന്‍റെയും കണ്ണ് നിറഞ്ഞോഴുകി. പാട്ടും ബഹളവും ഡാന്‍സും എല്ലാം നിന്നു. പെട്ടെന്ന് ആ അന്തരീക്ഷം മൂകമയമായി.
ടുട്ടുവിനെ ഒഴിവാക്കി ഞാന്‍ കെവിനെയും കൊണ്ട് ഒറ്റക്കിരുന്നു. കുറെ നേരത്തെ മൗനത്തിനുശേഷം അവന്‍ മനസ്സ് തുറന്നു. ഞാന്‍ അതൊക്കെ കേട്ട് അനങ്ങാതെയിരുന്നു. അതുകേട്ടപ്പോള്‍ എന്‍റെ കരച്ചില്‍ നിന്നു. ചിരിക്കണോ എന്നായി. ചെറിയ കാര്യങ്ങള്‍ക്ക് അറിയില്ല ചെറുതോ, വലുതോ എന്ന്. എന്നാലും അവനെ ആശ്വസിപ്പിച്ചു എല്ലാവരുടെയും ഇടയിലേക്ക് ചെന്നപ്പോള്‍, അവര്‍ക്കെല്ലാം അറിയണം എന്തായിരുന്നു. ഞാന്‍ പറഞ്ഞു അവനു തലവേദനയാണെന്ന്. അപ്പോഴേക്കും അലന്‍ റൊമാന്റിക് മൂഡില്‍ വന്നിരുന്നു. ഗായത്രിയെ സ്നേഹിക്കുന്ന ആ നിഷ്കളങ്ക മനസ്സിന്‍റെ സന്തോഷം. ലാലു തന്‍റെ അവസാന കാമുകിയുടെ ഓര്‍മകളിലേക്ക് ഇരുട്ടിനെ ആവാഹിച്ചിരുന്നു.
ഞാന്‍ കെവിനെ കൊണ്ടു കിടത്തി. സുഭാഷ് അവസാനത്തെ തുള്ളിയും സേവിച്ചു ആ രാത്രിയിലെ ഇരുട്ടിലേക്ക് വണ്ടിയോടിച്ചു പോയി. സലിമും, ലാലുവും സോഫയില്‍ സെറ്റിലായി. അലന്‍ അവളെ ഉറക്കാനുള്ള പരിപാടിയില്ല. എനിക്കുറക്കം വരുന്നുമില്ല. എന്‍റെ മനസ്സില്‍ മുഴുവന്‍ കെവിന്‍റെ വിഷമങ്ങളായിരുന്നു. എനിക്കതിശയമായിരുന്നു അവന്‍റെ വ്യത്യസ്തമായ ഈ ദുഖം. അലന്‍റെ ദുഖങ്ങളെയും എന്‍റെ ചിന്തകളെയും നിശബ്ദതിയിലേക്ക് നയിച്ച് ആ രാത്രി പുലരാന്‍ വെമ്പി.
* * *
ഞാന്‍ ക്രിക്കറ്റ് കളിക്കില്ല, ഇവരോടപ്പമിരുന്നു കളി കാണും. സുഭാഷും കെവിനും അലനുമൊക്കെ നല്ല കളിക്കാരാ. അതുകൊണ്ട് ഞാനും അവരുടെ കൂടെ പോവും കളിക്കാതെ കളി കണ്ടിരിക്കും. അതുകൊണ്ടുതന്നെ ക്രിക്കറ്റും ക്രിക്കറ്റിന്‍റെ വാര്‍ത്തകളും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നില്ല. സച്ചിന്‍ ഒരു പ്രതിഭാസമാണെന്ന് അറിയാം. പക്ഷെ സച്ചിന്‍ തന്‍റെ പ്രതിഭയുടെ തിളക്കത്തില്‍ നമ്മുടെ മനസ്സിന്‍റെയുള്ളില്‍ സൃഷ്‌ടിച്ച അന്ധമായ ആ ആരാധനയുടെ തിളക്കം ഞാനിന്നു കണ്ടു. സച്ചിന്‍റെ വിരമിക്കല്‍ വാര്‍ത്തയല്ലാതെ കെവിന്‍റെ വിഷമം വേറൊന്നുമായിരുന്നില്ല. അവനു സഹിക്കാന്‍ പറ്റുന്നില്ലാന്ന്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ അവന്‍ ഉറക്കം കിട്ടുന്നില്ലപോലും. ശരിക്ക് ജോലി ചെയ്യാന്‍ പറ്റുന്നില്ല. ഇത്രയ്ക്കു മനസ്സ് വിഷമിക്കാന്‍ മാത്രം സച്ചിന്‍ അവന്‍റെ മനസ്സില്‍ എന്തായിരുന്നു. അന്ധമായ ആരാധനയുടെ വേലിയേറ്റം? അറിയില്ല!
കുട്ടിക്കാലത്ത് കളിച്ചുവളരുന്ന കുഞ്ഞുമനസ്സുകളില്‍ കയറിക്കൂടിയ നന്മയുടെ ഭൂതമായിരിക്കാം സച്ചിന്‍. വളരുന്ന നാളുകളില്‍ എന്നും കൂട്ടിനുള്ള, നമ്മളോടൊപ്പം വളര്‍ന്ന ഒരു കുറിയ ഭൂതം. ബാറ്റുകൊണ്ട് മായാജാലം കാണിക്കുന്ന ഓമനത്തമുള്ള ഭൂതം, സ്വന്തം വ്യക്ത്വിത്വം കൊണ്ടും പ്രതിഭകൊണ്ടും മനസ്സിനെ എന്നും വിസ്മയിപ്പിക്കുന്ന ഭൂതം. ഇത്രയുംകാലം ഈ ഒരായുസ്സിന് വേണ്ടി മുഴുക്കെ ആ ബാറ്റില്‍ നിന്ന് അനേകം റണ്‍ ഒഴുക്കി, എണ്ണം പറഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്തെ ഒന്നടങ്കം ഒന്നമതാക്കി ലോകത്തിന്‍റെ നെറുകയില്‍ നിര്‍ത്തിയ ഇന്ത്യാക്കാരുടെ മാത്രമായ സച്ചിന്‍ എന്ന ഭൂതം. കെവിന്‍റെ മനസ്സിന്‍റെ ആഴങ്ങളിലും വേരുപിടിപ്പിച്ചിട്ടുണ്ടാവും. അവന്‍ ശ്വാസമടക്കിപ്പിടിച്ചു ലക്ഷോപലക്ഷം ആരാധകരുടെ കൂടെ ഇതൊക്കെക്കണ്ട് ആഹ്ലാദഭരിതരായി കണ്ണുനിറച്ചിട്ടുണ്ടാവാം.
സച്ചിനിപ്പൊ എനിക്കൊരു വിസ്മയമാണ്. കെവിന്‍ പലതും പറഞ്ഞു. അവന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് സച്ചിനെ കണ്ടാണ്, സച്ചിന്‍റെ ശൈലി, സച്ചിന്‍റെ സ്വഭാവം, സച്ചിന്‍റെ നിഷ്കളങ്കത അങ്ങനെ ഓരോന്ന്. കെവിനെ കളികാണാനും, അവനു കളി പഠിക്കാനും അതിനെ സ്നേഹിക്കാനും പ്രേരിപ്പിച്ച ഒരു ഘടകം മാത്രമായിരുന്നില്ല സച്ചിന്‍. തുടര്‍ന്ന് ജീവിക്കേണ്ടുന്ന ഇന്നിംഗ്സിലേക്കുള്ള ഒരു റോള്‍ മോഡല്‍? സച്ചിന്‍ മരിച്ചിട്ടില്ല, വണ്‍ഡേ മാച്ചസില്‍ നിന്ന് വിരമിക്കുന്നു എന്നുമാത്രമാണ് പറഞ്ഞത്, എന്നിട്ടും കെവിന്‍റെ മനസ്സിനെ ഉലക്കാന്‍ മാത്രം സച്ചിന്‍റെ വ്യക്തിപ്രഭാവത്തിനു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം ഏത് ആരാധകനെയും തളര്‍ത്തുന്നതാവാം. ഇടക്കെപ്പോഴോ ഞാനും സച്ചിനെ ശ്രദ്ധിച്ചിരുന്നു പക്ഷെ ആ വ്യതിത്വത്തെ മനസ്സിലാക്കിയിരുന്നില്ല.
കെവിന്‍ ഉറങ്ങുന്നു, നിസ്വാര്‍ത്ഥമായ ആ ശ്വാസവേഗങ്ങളില്‍ മിടിക്കുന്ന നെഞ്ചിലിപ്പോഴും സച്ചിന്‍ ബാറ്റ് ചെയ്യുന്നുണ്ടാവും, സെഞ്ച്വറികളടിച്ചുകൂട്ടുന്നുണ്ടാവും, ക്യാച്ചുകളെടുക്കുന്നുണ്ടാവും, ഗാലറിയില്‍ ഇന്ത്യാക്കാര്‍ മുഴുവന്‍ സച്ചിന്‍ സച്ചിന്‍ സച്ചിന്‍ എന്ന് ആര്‍ത്തു വിളിക്കുന്നുണ്ടാവും! അപ്പോഴും എന്റെ മനസ്സില്‍ കെവിന്‍ ബാല്‍ക്കണിയില്‍ വച്ച് തേങ്ങിത്തെങ്ങി പറഞ്ഞാ വാക്കുകള്‍ മനസ്സില്‍ ചിരി പടര്‍ത്തി.
"ന്നാലും"
"ന്നാലും"
"സച്ചിന്‍ വിരമിക്കെണ്ടിയിരുന്നില്ലാ."
നല്ല പോസ്റ്റ് ,ക്ലൈമാക്സിലെ രഹസ്യം കേട്ട് ഞാനും ഞെട്ടി :)
മറുപടിഇല്ലാതാക്കൂഒരു ബാച്ചി ലൈഫിലെ ദിനങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു , സെലെബ്രിടി ആരാധനാ മനുഷ്യനെ എവിടെ ചെന്ന് എത്തിക്കും എന്നത് കാലിക പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ് ,നല്ല ഒരു അട്ടെമ്പ്റ്റ് ! കീപ് ഗോയിംഗ് , ആശംസകള്‍ സുഹുര്‍തെ !!!
നഷ്ടപ്പെട്ട ദിനങ്ങള്‍ .... സച്ചിന്‍.. എന്റെയും ആരാധനാപാത്രം...ഗ്രേറ്റ് സച്ചിന്‍., പോസ്റ്റും നന്നായിരുന്നു..
മറുപടിഇല്ലാതാക്കൂ