2012, ഡിസംബർ 25, ചൊവ്വാഴ്ച

ക്രിസ്മസ് രാവ് !


ക്രിസ്തുമസ് തലേന്നന്നാള്‍! ബോറടിക്കുന്ന മറ്റൊരു വൈകുന്നേരം! അല്ലാതെ വേറൊരു പ്രത്യേകതയൊന്നുമില്ല പ്രത്യേകിച്ച് പണിയുമില്ല. അപ്പൊ ചാറ്റ് തന്നെ ചാറ്റ്. കിളികള്‍ മാറി മറിഞ്ഞുകളിക്കുന്ന ചാറ്റ്. വൈറ്റ്റാബിറ്റുമായി ചാറ്റ് ചെയ്യുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്. ടുട്ടുവാണ്! അവനു വേറെ പണിയില്ല. ദിവസം ഒരമ്പത് തവണ വിളിച്ചോളും. ആവശ്യത്തിനും അനാവശ്യത്തിനും. ചുമ്മാ ഏതേലും കിളി കൊത്തുന്നുണ്ടോന്നുള്ള സംശയമാവുമിപ്പോ! ഈ ചാറ്റ് തീര്‍ത്തിട്ടുട്ടെടുക്കാമെന്നു കരുതി. അവളാണേല്‍ വിടാനുള്ള പരിപാടിയുമില്ല!

എങ്ങനെ ഊരും?

       me: ഞാന്‍ പോവ്വാ, എനിക്കിത്തിരി ജോലിയുണ്ട്.
       വൈറ്റ് റാബിറ്റ്: O, rely!
       me: ഹ്മം.
       വൈറ്റ് റാബിറ്റ്: y so sudden. goin somewhere?
       me: അതെ! ഫ്രണ്ട് വിളിക്കുന്നു.
       വൈറ്റ് റാബിറ്റ്: cya.
       me: മെറി ക്രിസ്മസ് & കിസ്സെസ്സ്
       വൈറ്റ് റാബിറ്റ്: who cares. f**k ya.
       me: ങേ! പിണങ്ങിയോ?

തനി പാലക്കാട്ടുകാരി! ജാഡ!
മലയാളം അറിയും, പറയൂല്ല. എപ്പഴും ഒലക്കേലെ ഇംഗ്ലീഷ് മാത്രം. പേരിതുവരെ പറഞ്ഞിട്ടില്ല; വേണേ വൈറ്റ് റാബിറ്റ് എന്നു വിളിച്ചോളാന്‍. മൊബൈല്‍ നമ്പര്‍ തന്നിട്ടുണ്ട്. സംസാരിക്കാനുള്ള മൂഡില്ല. ഈ ബില്‍ഡിങ്ങില്‍ത്തന്നെ ഉള്ളതാ, എന്നെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്നൊക്കെപ്പറയുന്നു. അവള്‍ക്കു ചുമ്മാ സംസാരിച്ചാമതി. ഒരുമാതിരി intellectual flirting ടൈപ്പ്.

അവള്‍ പച്ചലൈറ്റ് കെടുത്തി.അവള് പോയതെതായാലും നന്നായി.

അവള് പോയപ്പോഴേക്കും ടുട്ടുവിന്‍റെ രണ്ടാമത്തെ റിങ്ങും തീര്‍ന്നിരുന്നു.
തിരിച്ചു വിളിച്ചു.

കട്ടിയില്‍ തന്നാര്‍ന്നു ചോദ്യങ്ങള്‍!

:          "എടാ ഊളേ! എവിടായിരുന്നു?"

"ഓ! ഒരു ചാറ്റ് അത് തീരട്ടേന്നു കരുതിയിരുന്നതാ! അല്ലെങ്കി അനക്കിപ്പോ മലമറിക്കനൊന്നും ഇല്ലാല്ലോ?"

:          "ആരായിരുന്നു? സിന്ത്യ? ഫാത്തിമ?"

"വൈറ്റ് റാബിറ്റ്‌"

:          "ങേ! അതാരാ. പുതിയതാണല്ലെ?"

"ഹും. പുതിയ അവതാരമാ!"

:          "എന്താ വിഷയം. metaphysics? cosmic life? മാങ്ങാത്തൊലി!"

"ഇതതൊന്നുമല്ല, ചുമ്മാ വളവളാന്ന്‍. അവള്‍ക്ക് പ്രത്യേക അജണ്ടയൊന്നുമില്ല"

:          "ഓ. അത് വിട്! ഇന്ന് കെവിന്‍റെ വക ഓസിനു കള്ളുണ്ട്!"

"ങേ.. അതിനു നാളെയല്ലേ ക്രിസ്തുമസ്!"

:          "ഇന്നുമുണ്ട്!"

"അപ്പൊ അവന്‍റെ നോമ്പോ?"

:          "അതൊന്നും എനിക്കറിയില്ല, സുഭാഷിനെ വിട്ട് സാധനം മേടിക്കാന്‍ അവന്‍ പറഞ്ഞിട്ടുണ്ട്! നീ വാ, ബീഫ്‌ ഫ്രൈ ഉണ്ടാക്കണം. ലാലുവും, അലനും ഉണ്ടാവും. നീ വരുമ്പോ ലാലുവിനെക്കൂടി പൊക്കിക്കോ. ഇനി ചാറ്റ്, കോപ്പ് എന്നും പറഞ്ഞിരിക്കാതെ.! അവന്‍ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലാന്ന്.. "

"വോക്കെ! പക്ഷെ?"

:          "എന്ത് പക്ഷെ?"

"ഈ നേരത്ത് ഫ്രഷ്‌ ബീഫ്‌ എവിടന്നു കിട്ടും! ഫ്രോസന്‍ മതിയോ?"

:          "ഡാ പൂനമല്ലി ഹൈറോഡില്‍ സംഗീതയുടെ അടുത്ത്‌ നമ്മടെ അച്ചായന്‍റെ സ്റ്റാളുണ്ട് അവിടെ കിട്ടൂന്നാ അലന്‍ പറഞ്ഞത്. നീ രണ്ടുമൂന്നു കിലോ വാങ്ങിക്കോ, നാളെക്കും കൂടെ നോക്കി വാങ്ങ്."

"ഓ ശരി! അടിയന്‍"

:          "ഹു. ഹു. ഹു."

*              *               *

ലാലു! അവന്‍ മടിയനാണ്, അവന്‍റെ റൂമില്‍ ചെന്നപ്പോഴേ പകുതി ബിയറും വച്ച് ഇരിക്കുവാ. ഇതെന്നതാന്നു ചോദിച്ചപ്പൊ ഓഫീസിലെ അക്കൗണ്ടന്‍റ് അവനെ ചെറുതായി സല്‍ക്കരിച്ചുപോലും. ടീവിയില്‍ അതാ Tomorrow Never Dies! എത്രാമത്തെ തവണയാണോ എന്തോ. എനിക്കാണേ ഇമ്മാതിരി സൂപ്പര്‍സ്റ്റീഷ്യസ് പടങ്ങളോട് വെറുപ്പാണ്. ലാലു ഒരു ബോണ്ട്‌ + ജോണ്‍സണ്‍ ആരാധകനാണ്. ഒന്നും രണ്ടും പറഞ്ഞാല്‍ ബോണ്ട്‌ തന്നെ ബോണ്ട്‌. മൂര്‍, ബ്രോസ്നന്‍, ഡാനിയേല്‍ ക്രൈഗ് നാവടങ്ങൂല. ജോണ്‍സണ്‍ മാഷുടെ ഏതേലും ഒരു പാട്ട് എപ്പോഴും ചുണ്ടത്തുകാണും. പ്രേമിക്കുന്ന പെണ്‍കുട്ട്യോളൊക്കെ പെട്ടെന്ന് കല്യാണം കഴിഞ്ഞു പോണതോണ്ട് ഇടയ്ക്കിടയ്ക്ക് സെന്റിയടിക്കും, അതുമാത്രമേ ഒരു രോഗമായൊള്ളൂ. എന്നെ കണ്ടതും ഒരഞ്ചു മിനിറ്റ്‌ ഇതാവരുന്നൂന്നും പറഞ്ഞ് ബാത്ത്റൂമില്‍ കയറി. ഞാന്‍ ബോണ്ട് പടവും കണ്ടിരുന്നു.

ബൈക്കിന്‍റെ പിന്നില്‍ കയറുമ്പോള്‍ ഞാന്‍ പറഞ്ഞു.

"എടാ ഹെല്‍മെറ്റ്‌"

"ഏയ്‌ അതൊന്നും വേണ്ട. ഇപ്പൊ അടിച്ച ബിയറിന്‍റെ കിക്ക് വിയര്‍ക്കും.
 ഈ തണുത്ത കാറ്റ് മുഖത്തടിക്കുമ്പൊ ന്‍റെ കിച്ചൂ ബിയറിന്‍റെ കിക്കങ്ങനെ കൂടിക്കൂടി വരും."

"ഉവ്വ!"
ഞാന്‍ വേറൊന്നും പറഞ്ഞില്ല!

പേപ്പര്‍ നക്ഷത്രങ്ങള്‍ ജ്വലിച്ചു നില്‍ക്കുന്ന വീഥികള്‍. തണുത്ത കാറ്റും. ലാലു പറഞ്ഞപോലെ ഒരു ബിയര്‍ അടിച്ചാ ആ കാറ്റിനൊപ്പം പറക്കാം. ലാലു ഒരു പാട്ടും മൂളി അങ്ങനെയിരുന്നു.

ടുട്ടു അടുക്കളയിലാ, അലനും എത്തിയിട്ടുണ്ട്. കെവിനും, സുഭാഷും എത്തിയിട്ടില്ല.
അവര്‍ വൈകുംപോലും. ബഗ് ഫിക്സിംങ്ങാവും. മാങ്ങാത്തൊലി!

അലന്‍ ചുമരുംചാരി പ്രേമിക്കുന്നുണ്ട്. അവന്‍ ഫോണ്‍ ചെവീന്നെടുക്കില്ല. കാമുകി ഡെന്‍ഡിസ്റ്റ്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു. അവര്‍ സൊള്ളുന്നത് കണ്ടാല്‍ നമ്മക്ക് തോന്നും അലനാണ് അവളെ പഠിപ്പിക്കുന്നെതെന്ന്. അവന്‍ ആ ഫോണ്‍ താഴെവച്ച് ഞാനിതുവരെ കണ്ടിട്ടില്ല. ടോയിലെറ്റില്‍ പോവുമ്പോഴും അവര്‍ സൊള്ളികൊണ്ടിരിക്കും. ഇതിനുമ്മാത്രം പറയാന്‍ എന്താ ഉള്ളതെന്നു ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

ഞാനും പ്രേമിക്കും. ചാറ്റി മാത്രം. ഫോണ്‍ ഒക്കെ വെറുപ്പിക്കലാ. പിന്നെ ഇതേ പോലാവും. "പറയടാ" "പറയടാ". പറയടാ പറയടാന്നു പറഞ്ഞു സമയം കൊല്ലേണ്ടി വരും.

അടുക്കളയില്‍ ടുട്ടു ഓംലെറ്റ്‌ ഉണ്ടാക്കുന്നു. ബീഫിന് വേണ്ടി ഉള്ളി കൊത്തിയരിഞ്ഞു മസാലയെല്ലാം റെഡിയാക്കിവെച്ചിട്ടുണ്ട്. മസാലകൂട്ടി കൂക്കറില്‍ വച്ച് വേവിച്ചു ഫ്രൈ ചെയ്താല്‍ മാത്രംമതി. കള്ളുകുടിയാണെങ്കി ഞാനുണ്ടാക്കുന്ന ബീഫ്‌ ഫ്രൈ, ടുട്ടുവിന്‍റെ ഓംലെറ്റ്‌. ഇങ്ങനൊക്കാണ് പതിവ്. ടുട്ടു കുടിക്കില്ല. ടച്ചിങ്ങ്സ് തിന്ന് ഒരു പെപ്സിയും കുടിച്ചിരുന്നോളും. എന്നാലും വെള്ളമടിച്ച എഫെക്റ്റ്സ് തരും. എല്ലാ ചര്‍ച്ചക്കും വാദിക്കാനും വധിക്കാനും ഉണ്ടാവും. ആരേലും വാളുവെച്ചാല്‍ അതു തുടക്കാനും വൃത്തിയാക്കാനും, വിഭ്രാന്തി സൃഷ്ടിച്ചു കരയുന്നവരെ ആശ്വസിപ്പിക്കാനും. ടുട്ടു ഒരനുഗ്രഹമാണ്. കള്ളുകുടിയന്മാരുടെ ഗ്രൂപ്പ്‌ ഡ്രൈവര്‍, കൂക്ക്. എല്ലാവര്‍ക്കും നല്ല കാര്യം.

സുഭാഷ്‌ വന്നു.
ഓ ആശ്വാസം! സ്ഥിരം ബ്രാന്‍ഡല്ലാ. അതിന്റെ എല്ലാ ഫ്ലേവറും കുടിച്ചുമടുത്തു. ഇത് സ്വയമ്പന്‍ സാധനം തന്നെ. സുഭാഷ്‌ കൂട്ടത്തില്‍ പ്രായമുള്ള ആളാണ്‌ പക്വതയുള്ളവന്‍‍. ഒരു മകളുണ്ട്. കുടുംബവുമായി കുറേയായി ചെന്നൈയില്‍ താമസമാക്കിയിട്ട്. കെവിന്‍റെ കൂടെ ക്രിക്കറ്റ്‌ കളിച്ചുള്ള പരിചയം, അതിപ്പം വെള്ളമടിയില്‍ തുടങ്ങി ആത്മബന്ധങ്ങളില്‍ ചെന്നെത്തി നില്‍ക്കുന്നു. നല്ലോണം ബാറ്റ് ചെയ്യും.

സമയം ഒന്‍പതായി.

കെവിന്‍ ഇതുവരെ വന്നില്ല. മാസത്തില്‍ ഒരുതവണ അമേരിക്കേപ്പോയി വരുന്ന ടീമാ. NYPD ക്ക് വേണ്ടി ചെയ്യുന്ന പ്രൊജക്ടിന്‍റെ ലീഡ്. നാട്ടിലുള്ളപ്പോള്‍ മിക്കവാറും വൈകിയാ വരവ്.

ഞാന്‍ വിളിച്ചുനോക്കി! അവനിറങ്ങിയിട്ടുണ്ട്.

ബീഫ്‌ ഫ്രൈ റെഡി, ഗ്ലാസും കഴുകി മേശപ്പുറത്ത് വെച്ച് ലാലു FTV തുറന്നുവെച്ചിരിക്കുന്നു. ബോണ്ടിന്‍റെ പടം ഇല്ലാഞ്ഞിട്ടാവും. കണ്ണും പൊളിച്ച് ടുട്ടും കൂടെയുണ്ട്. സൈസ് ഒക്കെ കൃത്യമായി പറയുന്നുണ്ട്. "36, 38". സുഭാഷ്‌ തിരുത്തിക്കൊടുക്കുന്നു. അലന്‍ ഫോണ്‍ വെച്ചിട്ടില്ല. ഇടയ്ക്കു വന്നു ബീഫ്‌ നുള്ളിത്തിന്ന് എന്നെ രസിപ്പിക്കുന്നുണ്ട്.

കെവിന്‍ വന്നു. സലീമും ഉണ്ട് കൂടെ.
അപ്രതീക്ഷിതനായിരുന്നു സലിം. സലിം സാനു, നിനച്ചിരിക്കാതെ ഓസിന് ഇന്ന് കള്ളുകുടി ലോട്ടറിയടിച്ചപോലാണ് അവന്. കുമാര്‍ സാനുവിന്‍റെ കടുത്ത ആരാധകന്‍. ഇമ്മാതിരി പാര്‍ട്ടിക്ക് കൊഴുപ്പുകൂട്ടാന്‍ കെവിന്‍ ഇതുപോലെ ആരെയെങ്കിലും ഇറക്കുമതി ചെയ്യാറുണ്ട്. സലിം ജനസമ്മതനാണ്, ലാലുവിന് കമ്പനിയായി. ഇന്ന് പാട്ടും ഡാന്‍സും ഒക്കെയായി കൊഴുക്കും എന്നര്‍ത്ഥം.

കെവിന്‍ തളര്‍ന്നിട്ടാണോ എന്തോ. അവന്‍റെ മുഖത്ത് സന്തോഷമില്ല. എന്തോ ഉള്ളിലടക്കി നടക്കുന്ന പോലെ. നോമ്പൊഴിവാക്കി കള്ളുകുടിക്കാന്‍ മാത്രം എന്താണാവോ? വല്ല പെണ്ണും പറ്റിച്ചോ? ഏയ്‌.. അങ്ങനെ വരില്ല! അവനതിലൊന്നും താല്‍പര്യമില്ല. പിന്നെന്താണാവോ? ക്രിസ്മസിന്‍റെ അന്നേ കുപ്പി തൊടൂ എന്നൊക്കെ വാശിപിടിച്ചവനാ. അലനും നാട്ടില്‍ പോകുന്നില്ലെന്നു പറഞ്ഞപ്പൊ എല്ലാര്‍ക്കും സന്തോഷമായി. ക്രിസ്മസിന്‍റെ അന്ന് സുഭാഷിന്‍റെ വീട്ടില്‍ ലഞ്ച്, പിന്നെ ന്യൂഇയര്‍ വരെ നിര്‍ത്താതെ കള്ളുകുടി. അതാണ്‌ പ്ലാന്‍. പക്ഷെ കെവിന്‍റെ മുഖത്ത് പ്രസന്നത അത്ര പോര. കെവിനും എത്തിയതോടെ സുഭാഷ്‌ കൃത്യമായി മദ്യം ഗ്ലാസുകളില്‍ പകര്‍ത്തി.

അലന്‍ തല്‍ക്കാലം ഫോണ്‍ ഇന്‍ പരിപാടി നിര്‍ത്തി.

ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി, ദൈവത്തിന്റെ തന്നെ അവിഹിതത്തിന്‍റെ സൃഷ്ടിപ്പില്‍ ദൈവത്തിനു മദ്യം നേദിക്കുന്ന സൃഷ്ടികള്‍. ഒന്നായി, രണ്ടായി. ആ വലിയ കുപ്പിയിലെ മുക്കാല്‍ ഭാഗത്തോളം മദ്യം തീര്‍ന്നു. സലിം പാട്ട് തുടങ്ങി. ലാലു താളം പിടിക്കാന്‍ തുടങ്ങി. അലന് ഇടയ്ക്കു ഫോണ്‍ റിങ്ങും. അവന്‍ കട്ട് ചെയ്തു വെറുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

സുഭാഷ്‌ അങ്ങനെ ഗ്യാങ്ങ് റേപ് തുടങ്ങിവച്ചു, ലാലു ദിവംഗതനായി. സമൂഹൂത്തിന്‍റെ ചിന്താഗതി മാറണം, സമൂഹത്തെ പ്രബുദ്ധരാക്കണം, നമ്മള്‍ നന്നാവണം, കുടുംബം നന്നാവണം. ലാലു തീക്ഷ്ണമായിത്തന്നെ കത്തിക്കയറി. സദാചാര പോലീസുകാര്‍ നാടിന്‍റെ ശാപമാണ് എന്നൊക്കെയായി. ടുട്ടുവും ഏതാണ്ട് അതേപോലൊക്കെ തന്നായിരുന്നു. ഈ വിഷയത്തില്‍ കുറ്റവാളികള്‍ക്ക് മരണശിക്ഷ വിധിക്കണം, സൗദി അറേബ്യയിലെപ്പോലെ ശിക്ഷ നടപ്പാക്കണം എന്നൊക്കെ. സുഭാഷും ഏതാണ്ടോക്കയോ പറഞ്ഞു. സ്ത്രീകളെ അറിയണം, സഹജീവികളെ അറിയണം എന്നൊക്കെ.

അതിനിടക്ക് ബീഫ്‌ഫ്രൈ എടുത്തു നാക്കിലെടുത്തുവെച്ച് എന്നെ നോക്കി .. കൊള്ളാടാ.. ഇന്ന് മൊത്തത്തില്‍ കൊളമായിട്ടുണ്ടെന്നു പറഞ്ഞു.

കെവിന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവന്‍ വേറെയെവിടെയോ ആണെന്നപോലെ തോന്നി.

എങ്ങനെ ഗ്യാങ്ങ് റേപ് നടന്നു, സാഹചര്യങ്ങള്‍ എന്തായിരുന്നു എന്നതായിരുന്നു എന്‍റെ നിരീക്ഷണം. സംഭവത്തിന്‍റെ മൂലകാരണം എന്താണെന്നുള്ള അന്വേഷണം പോലെ ഞാന്‍ അവലോകനം നടത്തി. അര്‍ദ്ധരാത്രി പെണ്‍കുട്ടിയും ആണ്‍സുഹൃത്തും ഒന്നിച്ചുയാത്ര ചെയ്യുന്നതും സെക്കന്‍ഡ്‌ഷോയ്ക്ക് പോയതും എന്നെ സംബന്ധിച്ച് അവര്‍ അവര്‍ക്ക് വരുത്തിവെച്ച ദുരന്തം എന്ന രീതിയില്‍ ഞാനവതരിപ്പിച്ചു. ടുട്ടുവിന്‍റെ പ്രതികരണം അപ്പൊ വന്നു. അവരെന്തിന് പോയാലും വന്നാലും അവര്‍ ആക്രമിക്കപ്പെടാന്‍ ഒരു ജനാധിപത്യരാജ്യത്ത്‌ അവകാശമില്ല എന്നായിരുന്നു.
കൂടുതലും വളര്‍ത്തു ദോഷത്തെ ഞാന്‍ കുറ്റം പറഞ്ഞു. അലന് അവരെ ഒരാളെ കൊന്നിട്ട് മരിച്ചാ മതി എന്നുള്ള അഭിപ്രായമാണ്. നമ്മള്‍ക്കും വികാരവും വിചാരവും എല്ലാം ഉണ്ട് എന്നിട്ടും ഇമ്മാതിരി ചെറ്റകള്‍ മൃഗങ്ങളെപ്പോലെ പെരുമാറുന്നത് അസഹനീയമാണെന്ന്‍ അവന്‍ വാദിച്ചു‍. അലന് അവരെ കൊല്ലണം അല്ലങ്കില്‍ അതുപോലുള്ള ഏതേലും മൃഗജന്മങ്ങളെ കൊന്നിട്ട് ശ്വാസം പോയാമതി എന്ന്.

കെവിന്‍ വേറേതോ ചിന്തയില്‍ മിണ്ടാട്ടമില്ലാതെ അഭിപ്രായമില്ലാതെ ഗ്ലാസും പിടിച്ചിരുന്നു. അല്ലെങ്കിലും ഇങ്ങനത്തെ കാര്യങ്ങളില്‍ അവന് അഭിപ്രായമില്ല. ആ ഒച്ചപ്പാടിലും ബഹളത്തിലും അവന്റെ നിശബ്ദത ഞങ്ങളെ അസ്വസ്ഥരാക്കി. പക്ഷെ, വീണ്ടും ഗ്ലാസ്സുകള്‍ മുട്ടി, മദ്യത്തുള്ളികള്‍ ഓശാനപാടി. സംവാദങ്ങള്‍ തുടര്‍ന്നു. വിഷയങ്ങള്‍ മാറിവന്നു. അലന്‍ വീണ്ടും ഫോണിലായി. സലീമിനുവരെ ദേഷ്യം വന്നു. എനിക്കും നന്നായി കയര്‍ത്തു

വന്നു.

ടുട്ടു ആക്രോശിച്ചു!
"ഒന്ന് നിര്‍ത്തു മൈ അലാ "

കെവിന്‍ ഒന്നു മയത്തില്‍ നോക്കിയതേ ഒള്ളൂ. അലന്‍ ഫോണ്‍ വെച്ച് വന്നു.
ഓ.. ഞാന്‍ അവള്‍ക്ക് ബാവുട്ടിയുടെ നാമത്തില്‍ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.

ടുട്ടു വിട്ടു കൊടുത്തില്ല
"നീ എപ്പൊ കണ്ടു?"

"ഞാന്‍ കണ്ടില്ല!"

ടുട്ടു എന്ന മോഹന്‍ലാല്‍ ഫാന്‍:
"സംഗമത്തില്‍ കര്‍മ്മയോദ്ധ ഉണ്ട്, ബാവുട്ടി ഇതുവരെ വന്നില്ല.
പിന്നെ നീയെങ്ങനെ കഥ പറയും?"


അലന്‍ എന്ന മമ്മൂട്ടി ഫാന്‍:
"ഞാന്‍ ചുമ്മാ പുളുവടിക്കാര്‍ന്നു.
എന്തായാലും ഇക്കാ റോക്സ്!"

ടുട്ടുവിനു രസിച്ചില്ല!
"ഓ തന്നെ"

അലന്‍ മമ്മൂട്ടി ഫാനാണ്. ഒരൂഹത്തില്‍ റിവ്യൂ ഒക്കെ വായിച്ച് ഗായത്രിക്ക് കഥപറഞ്ഞു കൊടുത്തുകാണും. എനിക്ക് ചിരി വന്നു.

അങ്ങനെ അതൊരു ഒടുക്കത്തെ ഫാന്‍ ഫൈറ്റായി പിന്നെ. ഫാന്‍ ഫൈറ്റും സാമുദായിക ചേരിതിരിവും, മതധ്രുവീകരണവും സിനിമയും. വിഭാഗീയത മതസ്പര്‍ദ്ധ എന്നുവേണ്ട എല്ലാ രീതിയിലുമുള്ള കൂലങ്കുഷമായ ചര്‍ച്ച. ഇതിലും ലാലു തന്നാണ് കത്തിനിന്നത്. മലപ്പുറവും മമ്മുട്ടിയും, മമ്മുട്ടിയും കമ്മ്യൂണിസവും, മുസ്ലീങ്ങളും കമ്മ്യൂണിസവും. പഴയകാലത്ത് കോണിക്ക് വോട്ടു ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന ധാരണ മലപ്പുറത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നുവരെ പറഞ്ഞുവെച്ചു. സത്യത്തില്‍ ചേരിതിരിവ് തന്നെയാണ് നടക്കുന്നത്. മതവും ഫാന്‍ ഫൈറ്റും വരും കാലങ്ങളില്‍ വര്‍ഗ്ഗീയവിഷത്തിന്റെ വിത്ത്‌ വിതക്കുമെന്ന സുഭാഷിന്‍റെ കണ്ടത്തല്‍ എല്ലാവരിലും ഒരു ഞെട്ടല്‍ ഉളവാക്കി. അലന്‍ അതൊന്നും കേള്‍ക്കാതെ ടുട്ടുവിനെ ചൊടിപ്പിക്കാന്‍ ഇക്കാ റോക്സ് ഇക്കാ റോക്ക്സ് എന്ന്‍ ഇടയ്ക്കിടെ പറഞ്ഞു. ഇതിലും കെവിന് പ്രത്യേക മമതയില്ല. അവനെ ഫാന്‍ ഫൈറ്റും ബഹളവും ഒന്നും ബാധിച്ചില്ല. അവന്‍ വീണ്ടുമൊഴിച്ചും ഗ്ലാസ്‌ മൊത്തിയും നിശബ്ദനായി കൂട്ടത്തില്‍ കൂടാതെയിരുന്നു. അവനെ എന്തോ അലട്ടുന്നുണ്ട്. ഒന്നുകില്‍ ജോലി, അല്ലെങ്കില്‍ വീട്ടിലെ എന്തോ. എന്താണെന്ന് പലവട്ടം ചോദിച്ചിട്ടും മിണ്ടുന്നില്ല.

അവന്‍ തരുന്ന പാര്‍ട്ടി, എന്നിട്ട് അവന്‍ മിണ്ടാതെ ഇരിക്കാ.

നായന്‍ കലണ്ടര്‍ തീര്‍ന്നിട്ടും ലോകം ഇന്നും അവസാനിച്ചില്ല, ഇനി വല്ല മേനോന്‍ കലണ്ടര്‍ വാങ്ങിനോക്കണം എന്നു പറഞ്ഞ് സലിം ഡാന്‍സ് തുടങ്ങിയതും കെവിന്‍ കരയുന്ന പോലായി. കൊച്ചു കുട്ടികളെപ്പോലെ കെവിന്‍ കരഞ്ഞു. ടുട്ടു ചെന്ന് എന്താടാ എന്നു ചോദിച്ചിട്ടും കെവിന്‍ ഒന്നും പറഞ്ഞില്ല. ടുട്ടു ടിഷ്യൂ എടുത്തുചെന്ന് അവന്‍റെ മുഖമൊക്കെ തുടച്ചുകൊടുത്തു. അവന്‍ കൈവിട്ടപോലായി. ഞാന്‍ ചെന്നതും അവന്‍ എന്‍റെ തോളിലേക്ക് വീണു.

ഞാന്‍ അവനെ കൂട്ടി ബാല്‍ക്കണിയിലേക്ക് പോയി. എന്താടാന്ന ചോദ്യത്തിന് മറുപടിയില്ല. ഞാനും മിണ്ടിയില്ല. കുറച്ചു സമയം കഴിഞ്ഞു അവന്‍ വീണ്ടും തേങ്ങുന്നതുകണ്ടപ്പോള്‍, എനിക്കും വല്യ സങ്കടമായി. എന്‍റെയും കണ്ണ് നിറഞ്ഞോഴുകി. പാട്ടും ബഹളവും ഡാന്‍സും എല്ലാം നിന്നു. പെട്ടെന്ന് ആ അന്തരീക്ഷം മൂകമയമായി.

ടുട്ടുവിനെ ഒഴിവാക്കി ഞാന്‍ കെവിനെയും കൊണ്ട് ഒറ്റക്കിരുന്നു. കുറെ നേരത്തെ മൗനത്തിനുശേഷം അവന്‍ മനസ്സ് തുറന്നു. ഞാന്‍ അതൊക്കെ കേട്ട് അനങ്ങാതെയിരുന്നു. അതുകേട്ടപ്പോള്‍ എന്‍റെ കരച്ചില്‍ നിന്നു. ചിരിക്കണോ എന്നായി. ചെറിയ കാര്യങ്ങള്‍ക്ക് അറിയില്ല ചെറുതോ, വലുതോ എന്ന്. എന്നാലും അവനെ ആശ്വസിപ്പിച്ചു എല്ലാവരുടെയും ഇടയിലേക്ക് ചെന്നപ്പോള്‍, അവര്‍ക്കെല്ലാം അറിയണം എന്തായിരുന്നു. ഞാന്‍ പറഞ്ഞു അവനു തലവേദനയാണെന്ന്.  അപ്പോഴേക്കും അലന്‍ റൊമാന്റിക് മൂഡില്‍ വന്നിരുന്നു. ഗായത്രിയെ സ്നേഹിക്കുന്ന ആ നിഷ്കളങ്ക മനസ്സിന്‍റെ സന്തോഷം. ലാലു തന്‍റെ അവസാന കാമുകിയുടെ ഓര്‍മകളിലേക്ക് ഇരുട്ടിനെ ആവാഹിച്ചിരുന്നു.

ഞാന്‍ കെവിനെ കൊണ്ടു കിടത്തി. സുഭാഷ്‌ അവസാനത്തെ തുള്ളിയും സേവിച്ചു ആ രാത്രിയിലെ ഇരുട്ടിലേക്ക് വണ്ടിയോടിച്ചു പോയി. സലിമും, ലാലുവും സോഫയില്‍ സെറ്റിലായി. അലന്‍ അവളെ ഉറക്കാനുള്ള പരിപാടിയില്ല. എനിക്കുറക്കം വരുന്നുമില്ല. എന്‍റെ മനസ്സില്‍ മുഴുവന്‍ കെവിന്‍റെ വിഷമങ്ങളായിരുന്നു. എനിക്കതിശയമായിരുന്നു അവന്‍റെ വ്യത്യസ്തമായ ഈ ദുഖം. അലന്‍റെ ദുഖങ്ങളെയും എന്‍റെ ചിന്തകളെയും നിശബ്ദതിയിലേക്ക് നയിച്ച്‌ ആ രാത്രി പുലരാന്‍ വെമ്പി.

*              *               *

ഞാന്‍ ക്രിക്കറ്റ് കളിക്കില്ല, ഇവരോടപ്പമിരുന്നു കളി കാണും. സുഭാഷും കെവിനും അലനുമൊക്കെ നല്ല കളിക്കാരാ. അതുകൊണ്ട് ഞാനും അവരുടെ കൂടെ പോവും കളിക്കാതെ കളി കണ്ടിരിക്കും. അതുകൊണ്ടുതന്നെ ക്രിക്കറ്റും ക്രിക്കറ്റിന്‍റെ വാര്‍ത്തകളും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നില്ല. സച്ചിന്‍ ഒരു പ്രതിഭാസമാണെന്ന് അറിയാം. പക്ഷെ സച്ചിന്‍ തന്‍റെ പ്രതിഭയുടെ തിളക്കത്തില്‍ നമ്മുടെ മനസ്സിന്‍റെയുള്ളില്‍ സൃഷ്‌ടിച്ച അന്ധമായ ആ ആരാധനയുടെ തിളക്കം ഞാനിന്നു കണ്ടു. സച്ചിന്‍റെ വിരമിക്കല്‍ വാര്‍ത്തയല്ലാതെ കെവിന്‍റെ വിഷമം വേറൊന്നുമായിരുന്നില്ല. അവനു സഹിക്കാന്‍ പറ്റുന്നില്ലാന്ന്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ അവന്‍ ഉറക്കം കിട്ടുന്നില്ലപോലും. ശരിക്ക് ജോലി ചെയ്യാന്‍ പറ്റുന്നില്ല. ഇത്രയ്ക്കു മനസ്സ് വിഷമിക്കാന്‍ മാത്രം സച്ചിന്‍ അവന്‍റെ മനസ്സില്‍ എന്തായിരുന്നു. അന്ധമായ ആരാധനയുടെ വേലിയേറ്റം? അറിയില്ല!

കുട്ടിക്കാലത്ത് കളിച്ചുവളരുന്ന കുഞ്ഞുമനസ്സുകളില്‍ കയറിക്കൂടിയ നന്മയുടെ ഭൂതമായിരിക്കാം സച്ചിന്‍. വളരുന്ന നാളുകളില്‍ എന്നും കൂട്ടിനുള്ള, നമ്മളോടൊപ്പം വളര്‍ന്ന ഒരു കുറിയ ഭൂതം.  ബാറ്റുകൊണ്ട് മായാജാലം കാണിക്കുന്ന ഓമനത്തമുള്ള ഭൂതം, സ്വന്തം വ്യക്ത്വിത്വം കൊണ്ടും പ്രതിഭകൊണ്ടും മനസ്സിനെ എന്നും വിസ്മയിപ്പിക്കുന്ന ഭൂതം. ഇത്രയുംകാലം ഈ ഒരായുസ്സിന് വേണ്ടി മുഴുക്കെ ആ ബാറ്റില്‍ നിന്ന് അനേകം റണ്‍ ഒഴുക്കി, എണ്ണം പറഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്തെ ഒന്നടങ്കം ഒന്നമതാക്കി ലോകത്തിന്‍റെ നെറുകയില്‍ നിര്‍ത്തിയ ഇന്ത്യാക്കാരുടെ മാത്രമായ സച്ചിന്‍ എന്ന ഭൂതം. കെവിന്‍റെ മനസ്സിന്‍റെ ആഴങ്ങളിലും വേരുപിടിപ്പിച്ചിട്ടുണ്ടാവും. അവന്‍ ശ്വാസമടക്കിപ്പിടിച്ചു ലക്ഷോപലക്ഷം ആരാധകരുടെ കൂടെ ഇതൊക്കെക്കണ്ട് ആഹ്ലാദഭരിതരായി കണ്ണുനിറച്ചിട്ടുണ്ടാവാം.

സച്ചിനിപ്പൊ എനിക്കൊരു വിസ്മയമാണ്. കെവിന്‍ പലതും പറഞ്ഞു. അവന്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങിയത് സച്ചിനെ കണ്ടാണ്, സച്ചിന്‍റെ ശൈലി, സച്ചിന്‍റെ സ്വഭാവം, സച്ചിന്‍റെ നിഷ്കളങ്കത അങ്ങനെ ഓരോന്ന്. കെവിനെ കളികാണാനും, അവനു കളി പഠിക്കാനും അതിനെ സ്നേഹിക്കാനും പ്രേരിപ്പിച്ച ഒരു ഘടകം മാത്രമായിരുന്നില്ല സച്ചിന്‍. തുടര്‍ന്ന് ജീവിക്കേണ്ടുന്ന ഇന്നിംഗ്സിലേക്കുള്ള ഒരു റോള്‍ മോഡല്‍? സച്ചിന്‍ മരിച്ചിട്ടില്ല, വണ്‍ഡേ മാച്ചസില്‍ നിന്ന് വിരമിക്കുന്നു എന്നുമാത്രമാണ് പറഞ്ഞത്, എന്നിട്ടും കെവിന്‍റെ മനസ്സിനെ ഉലക്കാന്‍ മാത്രം സച്ചിന്‍റെ വ്യക്തിപ്രഭാവത്തിനു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം ഏത് ആരാധകനെയും തളര്‍ത്തുന്നതാവാം.  ഇടക്കെപ്പോഴോ ഞാനും സച്ചിനെ ശ്രദ്ധിച്ചിരുന്നു പക്ഷെ ആ വ്യതിത്വത്തെ മനസ്സിലാക്കിയിരുന്നില്ല.

കെവിന്‍ ഉറങ്ങുന്നു, നിസ്വാര്‍ത്ഥമായ ആ ശ്വാസവേഗങ്ങളില്‍ മിടിക്കുന്ന നെഞ്ചിലിപ്പോഴും സച്ചിന്‍ ബാറ്റ്‌ ചെയ്യുന്നുണ്ടാവും, സെഞ്ച്വറികളടിച്ചുകൂട്ടുന്നുണ്ടാവും, ക്യാച്ചുകളെടുക്കുന്നുണ്ടാവും, ഗാലറിയില്‍ ഇന്ത്യാക്കാര്‍ മുഴുവന്‍ സച്ചിന്‍ സച്ചിന്‍ സച്ചിന്‍ എന്ന് ആര്‍ത്തു വിളിക്കുന്നുണ്ടാവും! അപ്പോഴും എന്റെ മനസ്സില്‍ കെവിന്‍ ബാല്‍ക്കണിയില്‍ വച്ച്  തേങ്ങിത്തെങ്ങി പറഞ്ഞാ വാക്കുകള്‍  മനസ്സില്‍ ചിരി പടര്‍ത്തി.

"ന്നാലും"
"ന്നാലും"
"സച്ചിന്‍ വിരമിക്കെണ്ടിയിരുന്നില്ലാ."


2012, ഡിസംബർ 11, ചൊവ്വാഴ്ച

അനുരാഗമയി.


ഞാന്‍ ചെല്ലുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരിക്കുന്നു.

ചിരികളും സംഭാഷണങ്ങളും ഇടമുറിയാതെ ചിതറി വീഴുന്നു. ശബ്ദമുഖരിതമായ ഓര്‍മ്മകള്‍ പറന്നു നടക്കുന്നു. കോണ്‍ക്രീറ്റ്‌ റൂഫിന്‍റെ മേല്‍ഭാഗത്ത് തട്ടി ചിന്നിച്ചിതറുന്ന ചിരികള്‍, പൊട്ടിച്ചിരികള്‍!

ഉച്ചത്തിലുള്ളതും പതുങ്ങിയതുമായ സന്തോഷത്തിന്‍റെ, നൊമ്പരത്തിന്‍റെ, നോവിന്‍റെ, ഒറ്റപ്പെടലിന്‍റെ ഓര്‍മയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചിരികള്‍! കൂട്ടംകൂട്ടമായി ചിലര്‍, നിന്നും ഇരുന്നും. ചിലര്‍ കസേരകള്‍ വട്ടംകൂട്ടി തലതിരിച്ചും കിതച്ചും അങ്ങനെ. പത്തുനൂറു പേരുണ്ട്, പല ഹൗസുകളിലായി, പല ഗ്യാങ്ങുകളിലായി പഴയ തുണകള്‍‍.

ഒരു പ്ലസ്‌ടുക്കാരിയായി, പഴയ രേണുവായി ഒന്നുമറിയാത്തൊരു കുട്ടിയായി ആ സംഭ്രമത്തിന്‍റെ തണുപ്പുള്ള പരിചിതത്തിന്‍റെ അപരിചിതത്വത്തിലേക്ക് ഞാന്‍ നടന്നുകയറി. ഹാളില്‍ കയറിയതോടെ എല്ലാ കണ്ണുകളും എന്‍റെ ദേഹത്തുടക്കിനിന്നു. തെല്ലൊന്നു നിശബ്ദത പരത്തിയശേഷം അവര്‍ വീണ്ടും ചിരികളിലേക്കും തുടന്നുള്ള അവരുടെ സംഭാഷണങ്ങളിലേക്കും മടങ്ങിപ്പോയി. എന്നിലൂടെ കടന്നുവന്ന ആ നിശ്ശബ്ദതയെയും, എന്നെ ഇടംകണ്ണിട്ടു നോക്കുന്നവരെയും ആലോസരപ്പെടുത്താതെ, നിലത്തുപാകിയ ചുവന്ന ടെറാകോട്ടാ ടൈലുകളെയും നോവിക്കാതെ ഞാന്‍ നടന്നു.

എങ്ങോട്ട് നടക്കണം?

അറിയില്ലായിരുന്നു!

എനിക്ക് പലരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ദിവ്യ, മഞ്ജുള, മായ, കീര്‍ത്തന, വീണയും രമ്യയും എല്ലാവരുമുണ്ട്.

ജനനി എവിടെ?

എട്ടുവര്‍ഷം! നീണ്ട എട്ടു വര്‍ഷം. എന്തായിരിക്കും ഈ ദീര്‍ഘമായ ഇടവേളക്കു ശേഷം എല്ലാവര്‍ക്കും പരസ്പരം കാണാന്‍ തോന്നിയത്? അലുമിനി മീറ്റ്‌ എന്ന് കേട്ടപ്പോഴെ പുച്ഛം തോന്നിയതാണ്. പോവില്ലെന്നും കരുതിയതാണ്. ഒരടയാളംപോലും ബാക്കിവെക്കാതെ കത്തിയെരിഞ്ഞു തീരേണ്ട ആ പഴയഒറ്റപ്പെടലിന്‍റെ ദു:ഖാര്‍ദ്രമായ ഓര്‍മ്മകളെ ആര്‍ക്കാണ് താലോലിക്കാനിത്രയിഷ്ടം?

എന്‍റെ ആത്മാവിന്‍റെ ഉള്ളിലെരിയുന്ന വിങ്ങല്‍ ആരും തിരിച്ചറിയില്ല, എന്‍റെ സങ്കടങ്ങളെയും, ദു:ഖങ്ങളെയും! ഉള്ളിലെ എന്നെയും ആര്‍ക്കും അറിയില്ലായിരുന്നു. ജനനിക്കൊഴികെ! ആ പ്രായത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി പരന്ന ശരീരം മാത്രമുണ്ടായിരുന്ന എന്നെ ആരും കണ്ടിരുന്നില്ല! ഒരുപക്ഷെ ജനനി മാത്രം? ഇപ്പൊഴെനിക്കു ശ്രദ്ധിക്കപ്പെടാന്‍ മാത്രമുള്ള മുലകളും, ചന്തികളും വളര്‍ന്നുവന്നിട്ടുണ്ട്.

എന്നെയാര്‍ക്കും തിരിച്ചറിയില്ലായിരിക്കും. എനിക്കവരെയും! എട്ടു വര്‍ഷംകൊണ്ട് എല്ലാവരും മാറിയിരിക്കുന്നു. ഞാനും വല്ലാതെ മാറിയിട്ടുണ്ട്. എല്ലാം തികഞ്ഞ ഒരു പെണ്ണായിരിക്കുന്നു. ആറുവര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തില്‍ എനിക്ക് അറിയാവുന്നവരും എന്നെ അറിയാവുന്നവരും വളരെ ചുരുക്കം‍.


അതിലെതന്നെ ആര്‍ക്കൊക്കെ എന്നെ അറിയാം. വീണ? രമ്യ? ജനനി?

എനിക്കെല്ലാവരെയും കാണണം!
എനിക്കെന്‍റെ ജനനിയെ കാണണം.!

വീണയുടെ അടുത്തേക്ക്‌ നടന്നു, കണ്ടതും അവളൊന്നു പകച്ചു. സ്വയംവലിച്ചെറിഞ്ഞ ആ പുച്ഛച്ചിരിയില്‍ അവള്‍ക്കെന്നെ മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. ഒരു ചെറിയ നിശബ്ദതക്ക് ശേഷം "എടീ" വിളി. രമ്യയുടെ വക നുള്ള്. വീണയുടെ മുഖത്ത് സന്തോഷം. ഞാന്‍ വീണ്ടും പുച്ഛച്ചിരി വരുത്തി.

"വാ" ന്നു പറഞ്ഞു വീണ എന്നെ കൂട്ടികൊണ്ടുപോയി. മൂന്നു കസേരകള്‍ തിരിച്ചിട്ട് എന്നെ ഇരുത്തി. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ചിരികളും, എല്ലാവരുടെയും മാറ്റങ്ങളെ ശ്രദ്ധിച്ചും കുറ്റം പറഞ്ഞും. ഉത്സാഹഭരിതമായ  ആ കൂടിക്കാഴ്ചയില്‍ അവര്‍ അതീവസന്തോഷവതികളായിരിക്കുന്നു. ഞാനോ?

മറ്റുള്ളവരുടെ വിശേഷങ്ങള്‍!. നദിയ കല്യാണം കഴിഞ്ഞു ഗര്‍ഭിണിയായതും ടീന ആത്മഹത്യ ചെയ്തതും എനിക്ക് പുതിയ വാര്‍ത്തകളായിരുന്നു. പിന്നെ മറ്റുപല ഗോസ്സിപ്പുകളും. "വീണ" മാറിയിട്ടില്ല. ഇപ്പോഴും അതേ വായാടിയായ ആ വെളുത്ത പെണ്‍കുട്ടി തന്നെ. ഏതോ ഒരു നോവലിലെ ഒരു കഥാപാത്രത്തിന്‍റെ നീണ്ട ഡയലോഗ് പോലെ അവളങ്ങനെ തുടര്‍ന്നു.

ഞാന്‍ തിരയുകയാണ്.
എന്‍റെ ജനനിയെ.
ആ അന്തരീക്ഷത്തില്‍ അവളുടെ മണമുണ്ട്.
എനിക്കറിയാം ഈ കൂട്ടങ്ങളില്‍ എവിടെയോ ഒറ്റയ്ക്ക് അവളുണ്ട്!

രമ്യയാണ് ജനനിയെ കൂട്ടിക്കൊണ്ടുവന്നത്. അവളെക്കണ്ടതും മനസ്സിന്‍റെ ഇരുട്ടിലെവിടെയോ ഉറവപൊട്ടി. ഇടനെഞ്ചില്‍ കുതിച്ചുചാടുന്ന ഒരു വലിയ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദമെനിക്ക് കേള്‍ക്കാം. അവള്‍ക്കെന്‍റെ മുഖത്തു നോക്കാന്‍ ധൈര്യമില്ലയിരുന്നു. അവളെന്‍റെ മുന്നില്‍ എന്തോ ചോദിച്ചു വന്നു നിക്കുന്നപോലെ. അന്നാദ്യം കണ്ട ദിവസം മിണ്ടിയപ്പോള്‍ എന്നപോലെത്തന്നെ.

ആ നീല നീളന്‍ പൈജാമയിട്ട പഴയ എട്ടാംക്ലാസ്സുകാരി ജനനി. കനംകുറഞ്ഞ ഫ്രെയിമുള്ള കണ്ണടയും ഇത്തിരി പൊക്കവുമല്ലാതെ അവള്‍ക്കു വലിയ മാറ്റങ്ങളൊന്നുമില്ല. വല്ലാണ്ട് നീണ്ടു പോയിരിക്കുന്നു. മുഖത്ത് എന്നത്തെയും പോലെ വിഷാദവും നിസ്സംഗതയും കൂടിച്ചേര്‍ന്ന ആ ഭാവം. കണ്ണുകള്‍ വറ്റി വരണ്ടു പോയിരിക്കുന്നു. കീഴ്ച്ചുണ്ടിലെ ആ കറുത്ത പാട് ഇപ്പോഴുമുണ്ട്. മുടി ഒതുക്കത്തോടെ പിന്നിലേക്ക്‌ കെട്ടിവച്ചിരിക്കുന്നു. സത്യത്തില്‍ എന്‍റെ ശ്വാസം നിലച്ചുപോയി. അവള്‍ക്കു ഭാവവത്യാസം ഒന്നുമില്ല. പഴയ ആ അലിവു തോന്നിക്കുന്ന നോട്ടവും ചിരിയും മാത്രം.

ഈ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് അര്‍ഥം തോന്നിക്കുംവിധം എന്നെ എന്തോ ആക്കി മാറ്റിയവള്‍ അതാ മുന്നില്‍ നില്‍ക്കുന്നു.

"ജനനീ"
എന്‍റെ തൊണ്ടക്ക് കയറു വീണിരുന്നു. ശബ്ദം പുറത്തു വരുന്നില്ല.
എന്‍റെ നെഞ്ചിന്‍റെയുള്ളിലെ പാറക്കെട്ടുകളില്‍ ആ പേര് അലയടിച്ചു കിടന്നു.

*  *  *

പതിനൊന്നു വയസ്സ്! സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ വകതിരിവില്ലാത്ത പ്രായം. ആ പ്രായത്തില്‍ എന്നെ മൂടിയ വിഷാദമറയില്‍ ഞാന്‍ തന്നയാണ് ഭാരതീയ വിദ്യാഭവന്‍റെ ബോര്‍ഡിംഗ് സ്കൂള്‍ സ്കോളര്‍ഷിപ്പിന് മുന്‍കൈയ്യെടുത്തു പരീക്ഷയെഴുതിയത്. ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോള്‍ പിന്നെ പോവാതെ തരമില്ലായിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിലാണ് സ്കൂള്‍ ഓപ്ഷന്‍ കിട്ടിയത്.  അന്നതൊരു വാശിയും ഒളിച്ചോട്ടവും പോലെ തോന്നി. അച്ഛനുമമ്മയും എതിര്‍ത്തിട്ടു പോലും അവരെ വിട്ട് ആ പ്രായത്തില്‍ വീടുവിട്ടു പോവാന്‍ ഞാന്‍ തയ്യാറായി. എല്ലാമറിഞ്ഞിട്ടും വാശിപിടിച്ച മനസ്സിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം.

ഹോസ്റ്റലിലെ ആദ്യ ദിവസങ്ങള്‍ പുതിയൊരനുഭവമായിരുന്നു. ഞാനായെടുത്ത തീരുമാനത്തെ സാധൂകരിക്കും വിധം മനോബലത്തോട് കൂടിയുള്ള ആദ്യത്തെ ഏകാന്ത ദിവസങ്ങള്‍‍. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലിന്‍റെ തുരുത്തിലേക്ക് ഞാന്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിരുന്നു. രാത്രിയുടെ നിലങ്ങളില്‍ കിമഴ്ന്നുകിടക്കുന്ന ഇരുട്ടിനെപ്പേടിച്ചു കരഞ്ഞ ദിവസങ്ങള്‍. വീട്ടിലെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ സ്വാദും, ചേട്ടന്‍റെ സ്നേഹവും എല്ലാം എനിക്ക് മനസ്സിലാക്കിത്തന്ന ദിവസങ്ങള്‍.

സ്കൂളില്‍ ഓരോ ഹൗസായി തരംതിരിച്ചായിരുന്നു ക്ലാസും താമസവുമെല്ലാം‍. എല്ലാ കുട്ടികള്‍ക്കും അതാത് ഹൗസിലെ കൂട്ടുക്കാരാണ് കൂടെയുണ്ടാവുക. മിക്കവാറും ഓരോ ഗ്യാങ്ങായി കുട്ടികള്‍ തിരിയും. അതില്‍ത്തന്നെ ഒരാള്‍ക്ക് ഒരു തുണയുണ്ടാകും. പഠനത്തിലും മറ്റു ദിനചര്യകളിലും പരസ്പരം സഹായിക്കുന്ന ഒരു തുണ. എന്‍റെ കാര്യത്തില്‍ ഗ്യാങ്ങുണ്ടായില്ല. അത് രണ്ടാളിലായി ഒതുങ്ങി. വീണയും രമ്യയും എന്‍റെ ഹൗസില്‍ തന്നെയായിരുന്നു. ഞാനും വീണയും ആഴ്ചകള്‍ കൊണ്ട്  നല്ലൊരു സൗഹൃദം സ്ഥാപിച്ചിരുന്നു. ചിലനേരങ്ങളില്‍ ഒപ്പമിരുന്നു അര്‍ത്ഥമില്ലാത്ത മൗനത്തിലേക്ക് മടങ്ങും. എന്നിട്ടൊരു ചെറുചിരിയോടെ ദു:ഖങ്ങളെ മറക്കും. നല്ല കുട്ടികളായി നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു ക്ലാസിലും ഹോസ്റ്റലിലും കഴിഞ്ഞു.

വീട്ടിലേക്ക് ആത്മഹത്യക്കുറിപ്പുകള്‍ പോലെ കത്തുകളെഴുതിയും, സ്വയം ചിന്നിച്ചിതറി വിളര്‍ന്ന കായ്കള്‍ വിരിയിക്കുന്ന ചെറിയ ഫലവൃക്ഷങ്ങളെപ്പോലെ അനക്കമില്ലാതെ വളര്‍ന്നും കരഞ്ഞും വര്‍ഷങ്ങള്‍ മുമ്പോട്ടു പോയി. രണ്ടു വര്‍ഷം വീണയും ഞാനും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. നാഷണല്‍ ഇന്‍റഗ്രേഷന്‍റെ ഭാഗമായുള്ള മൈഗ്രേഷന്‍ സ്കോളര്‍ഷിപ്പ് കിട്ടി വീണ മഹാരാഷ്ട്രയിലേക്ക് പെട്ടി കെട്ടുമ്പോള്‍ ഞാന്‍ കരയാതെ കരയുകയായിരുന്നു.

ജനാലപ്പഴുതിലൂടെ അവള്‍ ബാഗും താങ്ങി നടന്നകലുന്നത് കണ്ടപ്പോള്‍ ഇനി എന്തിനിവിടെ എന്ന് തോന്നി. അവള്‍ പോകുമ്പോള്‍ നൂലറ്റുപോയ പട്ടത്തെപ്പോലെ ഞാന്‍ ഹോസ്റ്റലില്‍ പറന്നലഞ്ഞു.

ആ സമയത്തു തന്നെയാണ് എനിക്ക് വയസ്സറിയിച്ചത്. ഒരാളെ കൂട്ടിന് എനിക്കേറ്റവും ആവശ്യമായ സമയത്തുതന്നെ ഞാന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥ. എന്നെ ഒറ്റക്കാക്കിപ്പോയ വീണയോട് എനിക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനന്ന്. ആ വര്‍ഷത്തെ ദിവസങ്ങള്‍ക്ക് മുടന്തു വന്നപോലെയായിരുന്നു. മഴ ചീഞ്ഞുമണത്ത മാസങ്ങള്‍, തണുപ്പ് കുളിരുകോരിയിട്ടു പനിപിടിച്ച മാസങ്ങള്‍, ചൂടില്‍ ഉരികിയൊലിച്ചു വിയര്‍ത്ത മാസങ്ങള്‍ എല്ലാം വേച്ചു വേച്ച് എന്നെ പുച്ഛിച്ചു കടന്നു പോയി. തണലിന്‍റെ വിഭ്രമങ്ങള്‍നുസരിച്ചു ഞാന്‍ ദിവസവും സ്ഥലം മാറി ഇരുന്നു. ഒറ്റയ്ക്ക് നടന്നു, ഒറ്റയ്ക്ക് കിടന്നു. ആ വര്‍ഷം എങ്ങനെയോ തീര്‍ന്നു.

അങ്ങനെ അടുത്ത വര്‍ഷത്തെ പുതിയ അഡ്മിഷന്‍ വന്നു. വീണയുടെ ബെഡ്ഡില്‍ ഇരുണ്ടനിറമുള്ള, മെലിഞ്ഞ ഒരു കുട്ടി. ചുണ്ടില്‍ കറുത്ത പാടുള്ള, വിഷാദഛായയുള്ള ആ കുട്ടിയെക്കണ്ടപ്പോള്‍ പുച്ഛം തോന്നി.

"ജനനി" അതായിരുന്നു അവളുടെ പേര്. വീണയോടുള്ള ദേഷ്യവും വെറുപ്പും  അവളോടും തോന്നി. ആദ്യദിവസങ്ങളില്‍ സംശയം ചോദിച്ചും നോട്ട് ചോദിച്ചും വന്നപ്പോള്‍ പുച്ഛഭാവത്തോടെ തിരിച്ചയച്ചു. എന്‍റെ സ്വഭാവം കാരണം അവള്‍ പത്തു ബെഡ് അപ്പുറമുള്ള രമ്യയുമായി കൂട്ടായി. അതുംകൂടി കണ്ടപ്പോള്‍ ദേഷ്യം ഇരട്ടിയായി. അവരുടെ ഇടയില്‍ ഞാനൊരു മൂന്നാമത്തെ ആളായി. പകലുകളില്‍ ഒരന്യയെപ്പോലെ ഞാന്‍ അവരുടെ ഇടയില്‍ നടന്നു.

കാണുമ്പോഴൊക്കെ വിഷാദത്തിന്‍റെ അലിവാര്‍ന്ന ചിരിയില്‍ അവളെന്‍റെ ദേഷ്യങ്ങളും അലിയിച്ചു. പിന്നീടെപ്പോഴോ ഞാനവളെ കാര്യമായി ശ്രദ്ധിച്ചുതുടങ്ങി. പരസപരം ക്ലാസ്സിലെ സംശയങ്ങള്‍ തീര്‍ത്തു. നോട്ട്സ് കൈമാറി. വീണക്കു പകരമായി അവള്‍ സ്വയം മാറുകയായിരുന്നു. എന്നും നിസ്സംഗതയോടെ ചിരിച്ചുകാണിക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍ എനിക്കവളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. പിന്നെ പെട്ടന്നായിരുന്നു ജനനി എനിക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്നത്. ചിലസമയങ്ങളില്‍ വീണ പോലും എന്നെ ഇങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്നുതോന്നി. പകല്‍ മുഴുവന്‍ രമ്യയുടെ കൂടെയും രാത്രികളില്‍ എന്‍റെ കൂടെയും എന്ന നിലയിലേക്ക് ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.

കൂടെക്കൂടെ പകലുകളില്‍ രമ്യ അവളുടെ കൂടെ നടക്കുന്നതില്‍ എനിക്കെന്തോ നഷ്ടബോധം തോന്നി. അവളുടെ സ്‌നേഹം എനിക്കു മാത്രമേ ആകാവൂ എന്ന പോലെവരെയായി. അടുത്തു ഞാനുണ്ടായിട്ടും പകല്‍ അവള്‍ രമ്യയുടെ കൂടെ നടന്നു. രമ്യ അവളുടെ നല്ല സുഹൃത്തായിരുന്നതു കൊണ്ടാവാം അവളെ പൂര്‍ണ്ണമായും അവഗണിക്കാന്‍ അവള്‍ക്കുമായില്ല.

എന്‍റെ ഇഷ്ടങ്ങളെ അറിഞ്ഞും, എന്നെ അറിഞ്ഞും എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കിയ ജനനിയെ ഞാന്‍ ഒരാരധനയോടെ നോക്കിക്കണ്ടു. എന്നെ ഇത്രത്തോളം മനസ്സിലാക്കുന്ന ആദ്യത്തെയാളായിരിക്കും അവള്‍. എനിക്കും അവളുടെ മനസ്സിന്‍റെ തുടിപ്പുകള്‍ അറിയാമായിരുന്നു. അവളുടെ ഇഷ്ടങ്ങളെ, നിശ്വാസങ്ങളെ ‍, സങ്കടങ്ങളെ എല്ലാം എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ക്കുമെന്നെ ഇഷ്ടമായിരുന്നു, ജീവനായിരുന്നു.

ലൈറ്റണഞ്ഞാല്‍ ഒരു കട്ടിലിന്‍റെ രണ്ടാത്തായി ഞങ്ങള്‍ കിടക്കും. സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞും, ക്ലാസ്സിലെ ഗോസിപ്പുകള്‍ പറഞ്ഞും, ചിരിച്ചും അവളറിയാതെ ഉറങ്ങും. അവളുറങ്ങുമ്പോള്‍ അവളുടെ മുഖത്തെ നിഷകളങ്കത ഞാനാസ്വധിച്ചു. ശ്വാസക്രമങ്ങളുടെ വേലിയേറ്റത്തില്‍ അവളുടെ നെഞ്ച് പൊങ്ങുന്നതും താഴുന്നതും ഞാന്‍ നോക്കിക്കണ്ടു.  അവളുടെ ഭംഗിയുള്ള വിരലുകള്‍, നഖങ്ങള്‍ ഞാന്‍ മെല്ലെ തൊട്ടുനോക്കും.  അവളോട്‌ തമാശയോടെ കൊഞ്ചും തിടുക്കപ്പെട്ട് പരിഭവിക്കും, അതിലേറെ തിടുക്കത്തില്‍ ഞാനവളുടെ ചുണ്ടുകളിലെ പരിഭവം മായ്ക്കും. ഒരു വിറയലോടെ അവളെന്‍റെ ചൂടിലേക്ക് ചുരുങ്ങും. ആ നിമിഷങ്ങളില്‍ ജനനി എന്‍റെ നെഞ്ചിന്‍റെ തുടിതാളമായ് മാറും. ഇരുട്ടിന്‍റെ കൂര്‍ത്തശരങ്ങളെ പേടിച്ച് അവളെന്നെ പുണരും.

പുതപ്പിനടിയിലെ അവളുടെ കൊലുസിട്ട ചിരികളില്‍ ഞങ്ങള്‍ ഭൂതങ്ങളുടെ കഥകള്‍ ഉണ്ടാക്കും. അവള്‍ക്കു ഭൂതങ്ങളെ പേടിയായിരുന്നു! എനിക്കും! ഭൂതങ്ങളെ പേടിച്ചു ഞങ്ങള്‍ അന്യോന്യം പുണരും. പുലരും വരെ ചൂടുപറ്റിക്കിടക്കും. ഭൂതങ്ങളും ഞങ്ങള്‍ ഉണ്ടാക്കുന്ന അവരുടെ കഥയും എനിക്കൊരനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ രാത്രികളില്‍ എന്‍റെ കിടക്കയും വിരിപ്പും ഞാന്‍ ജനനി വന്നശേഷം മറന്നിരുന്നു. ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് പേര് "മെയ്ഡ് ഫോര്‍ ഈച്ച് അദര്‍" എന്നായിരുന്നു. മറ്റുള്ളവര്‍ അതുവിളിക്കുമ്പോള്‍ അതുകേള്‍ക്കുമ്പോള്‍ എനിക്കെന്തോ അറിയാത്ത ആത്മരതി തോന്നും. എന്നുമവളുടെ ഗന്ധത്തിന്‍റെ സാന്ദ്രതയില്‍ ലയിച്ച് ഞാനും പതിയെ ഉറങ്ങും.

വര്‍ഷങ്ങള്‍ വീണുടഞ്ഞു. വീണ നാഷണല്‍ ഇന്‍റഗ്രേഷന്‍ ഇയര്‍ മുഴുവനാക്കി തിരിച്ചുവന്നു. സത്യത്തില്‍ എന്നില്‍ വീണയുടെ ഓര്‍മ്മകള്‍ മരിച്ചിരുന്നു. തിരിച്ചുവന്നപ്പോള്‍ അവളാകെ മാറിയിരുന്നു. പുതിയ സുഹൃത്തുക്കള്‍ പുതിയ ഭാവങ്ങള്‍. ഞങ്ങള്‍ പഴയ ആത്മസുഹൃത്തുകളാണെന്നു വരുത്തിത്തീര്‍ക്കാന്‍ വെറുതെ ശ്രമിച്ചു. എന്തോ അതൊന്നും നടന്നില്ല. എനിക്ക് ജനനിയായിരുന്നു എല്ലാം. വീണ അടുത്തുവരുമ്പോള്‍ ജനനിയുടെ നെഞ്ചിടിച്ചുള്ള നോട്ടങ്ങള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തും. അവള്‍ സങ്കടപ്പെടുന്നത് അതെനിക്ക് സഹിക്കില്ലായിരുന്നു. ജനനി എന്‍റെ നെഞ്ചിനു പുറത്തും അകത്തും പൂത്തുലഞ്ഞു നിന്നു. വീണ പതിയെ അതറിഞ്ഞു സ്വയം മാറിനിന്നുതന്നു. പതിയെ രമ്യയുടെ ഗ്യാങ്ങില്‍ അവളും ചേര്‍ന്നു. പകലുകളില്‍ വീണ്ടും  ഞാനൊറ്റപ്പെട്ടു.

ജനനി അവളില്ലാതെ ഞാന്‍ പൂര്‍ണ്ണമാവില്ലായിരുന്നു. ചുണ്ടുകള്‍ ചേര്‍ത്തുവെച്ച രാത്രിയുടെ നിശബ്ദതയുടെ പാട്ടുകള്‍ ഞങ്ങളുടെ സ്വപ്നങ്ങളില്‍ വന്നു നിറഞ്ഞിരുന്നു.  പരീക്ഷാ സമയങ്ങളില്‍  അങ്ങോട്ടുമിങ്ങോട്ടും പുറംചാരി ഞങ്ങള്‍ പഠിച്ചു. തണുത്ത കൈത്തലങ്ങള്‍ കോര്‍ത്തുപിടിച്ചു ഞങ്ങള്‍ രാത്രിയുടെ ചില്ലകളില്‍ ഇണചേര്‍ന്നു പകലിനെ കാത്തിരിന്നു. കിതച്ചെത്തുന്ന പകലുകളില്‍ എന്നെയുപേക്ഷിച്ചവള്‍ വീണയുടെകൂടെ നടന്നു പോവും. ഞാനതുനോക്കി വീണ്ടും രാത്രിയുടെ തണുപ്പിനെ പ്രതീക്ഷിച്ച് ഒറ്റയ്ക്ക് നടക്കും.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരനുരാഗത്തിന്‍റെ ഋതുക്കള്‍ മാറി വിരിഞ്ഞു.
വര്‍ഷങ്ങളും മാറിക്കിടന്നു. ഞാനും അവളും മാത്രം മാറിക്കിടന്നില്ല.

പക്ഷെ ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു. ഒരുമിച്ചുള്ള നാലുവര്‍ഷം അവസാനിക്കുന്നത്‌ എന്നെ വേദനിപ്പിച്ചു. ഇനി വീട്ടിലേക്കു മടങ്ങണം. തുടര്‍ന്ന് അവിടെനിന്ന് ഏതെങ്കിലും ഒരു കോളേജില്‍ എന്‍ജിനീയറിംഗിനോ അതോ വേറേതെങ്കിലും കോഴ്സിനു ചേരണം. അവസാന ദിവസങ്ങളില്‍ എനിക്കറിയില്ലായിരുന്നു ജനിനിയോട് എന്തു മിണ്ടണം എന്തു പറയണം എന്നല്ലാം. മുഖത്തോടു മുഖംനോക്കി കിടക്കുമ്പോള്‍ അവളുടെ കണ്ണുനിറയും. എന്‍റെ മനസ്സ്  കരയും. ഒന്നും ചോദിക്കാതെ, ഒന്നും മിണ്ടാതെ,  ഒന്നും പറയാതെ അവള്‍ പോയി. പ്രതീക്ഷിച്ചിരുന്ന ആ നിസ്സംഗതയിലേക്ക് നോക്കി ഞാന്‍ കണ്ണടച്ച് വിതുമ്പിക്കരഞ്ഞു.

ജനനിയില്ലാത്ത രാത്രികള്‍. എനിക്കവളെ വേണമായിരുന്നു. ഹോസ്റ്റലിന്‍റെ ഇരുട്ടടഞ്ഞ മുറിയിലൊരു  തുണയായിട്ടല്ല. ജീവിതത്തിന്‍റെതന്നെ ഭാഗമായിട്ട്. എനിക്ക് മുഴുവനായിട്ട് അവളെ വേണമായിരുന്നു. എന്‍റെ നിരാശയില്‍ വിരിഞ്ഞ ലോകത്തെ ഞാന്‍തന്നെ അകത്തുനിന്ന് പൂട്ടി. അവളുടെ ഓര്‍മകളെ സൃഷ്ടിച്ച് രാത്രികള്‍ കഴിച്ചുകൂട്ടി. അവളുടെ മണമുള്ള നോട്ടിലെ കുറിപ്പുകള്‍, ഭംഗിയുള്ള എഴുത്ത് എല്ലാം ഞാനെന്‍റെകൂടെ കിടത്തി. ആഴ്ചയില്‍ രണ്ടുതവണ വിളിക്കും. അവള്‍ സന്തോഷവതിയായി അഭിനയിച്ചു കാണിച്ചു. ഞാന്‍, എനിക്ക് കഴിയുന്നില്ലാന്നു പറഞ്ഞപ്പോള്‍ അവള്‍ ഖിന്നയായി. ഞങ്ങളുടെ ഇടയില്‍ സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു. ഫോണ്‍ എടുത്തു മിണ്ടാതെ നില്‍ക്കും. അവള്‍ക്കെന്തോ പറയണം. പക്ഷെ തൊണ്ടയില്‍ കുടുങ്ങിയ  വേര്‍പാടിന്റെ മൗനത്തിലും അവളുടെ നിശ്വാസങ്ങളുടെ ശബ്ദങ്ങളിലും എന്‍റെ ഇടനെഞ്ചു പൊട്ടിക്കരഞ്ഞു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ ബുദ്ധിമുട്ടി ഞങ്ങള്‍ രണ്ടുപേരും ഓരോ അറ്റത്തുമിരുന്നു.

പിന്നെയോരിക്കല്‍ മിണ്ടാതെ പറയാതെ അവളെങ്ങോ മാഞ്ഞുപോയിമറഞ്ഞു. അറിഞ്ഞോ അറിയാതയോ ഒന്നും ബാക്കിവെക്കാതെ ഒരു തണുത്ത മറവിയിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി. എന്നോ വീണ പറഞ്ഞറിഞ്ഞു അവള്‍ ഡല്‍ഹിയിലെ ഗൂഡ്ഗാവില്‍ ഏതോ എഞ്ചിനീയറിംഗ് കോളേജിലാണെന്ന്. നമ്പരും അഡ്രസ്സും ഒന്നുമില്ല. കീര്‍ത്തന ഒരിക്കല്‍ ട്രെയിനില്‍ വെച്ച് കണ്ടുപോലും.

നെഞ്ചിലൊരു വേദന മാത്രം ബാക്കിവെച്ച് ഞാനും ആ മറവിയുടെ ഉറക്കത്തിലേക്ക് ആണ്ടുപോയി. പല രാത്രികളില്‍ പല സമയങ്ങളില്‍ അവളെ ഞാന്‍ കണ്ടിരുന്നു. ഇരുട്ടില്‍ കല്ല്‌ മറയ്ക്കുന്ന വിദൂരതയിലെവിടെയോ ഏങ്ങിക്കരയുന്ന പെണ്‍കുട്ടിയായി ഞാനവളെ കണ്ടു. അവളെ സ്വപ്നം കാണുമ്പോള്‍ ആ സുഖമുള്ള വേദന എന്നെയുണര്‍ത്തും. ഒരു തലയിണയായി  അവളെപ്പുണര്‍ന്നു ഞാനുറങ്ങും.

*  *  *

വരാന്തയിലെ ഒരറ്റത്ത് ഞാനവളുടെ കൈ കോര്‍ത്തു പിടിച്ചു നിന്നു. എനിക്കവളെ കെട്ടിപ്പിടിച്ച് ഒത്തിരി കരയണം എന്നുണ്ടായിരുന്നു. വിഷാദത്തിന്‍റെ അലിവാര്‍ന്ന ചിരിപെയ്യുന്ന ആ മുഖത്തു നോക്കി ഞാനേറെനേരം നിന്നു. ഈ മീറ്റ്‌ ഒന്നു കഴിഞ്ഞിരുന്നെങ്കില്‍ ഇവളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിപ്പോവാമായിരുന്നു. വീണയോടും രമ്യയോടും കള്ളം പറഞ്ഞു ഞങ്ങള്‍ മുങ്ങി. അവര്‍ രണ്ടുപേരും ആക്കിച്ചിരിച്ചു. എനിക്കതൊന്നും ഒന്നുമല്ലായിരുന്നു.

വയനാട്ടില്‍ ബീച്ചില്ല. മലകളും, കുന്നുകളും മാത്രം. തണുപ്പിനെ തടഞ്ഞു നിര്‍ത്തി മഞ്ഞുപെയ്യിക്കുന്ന മലകള്‍. എവിടെ പോകും? തല്‍ക്കാലം ഒരു കോഫി. അതിലൊതുക്കി. ആ കോഫിയുടെ ഇടയില്‍ ഞങ്ങളെ അകറ്റിനിര്‍ത്തിയ എട്ടുവര്‍ഷം വീണ്ടും പിറന്നുവീണു.

അവള്‍ ചിരിക്കാന്‍ തുടങ്ങി. എന്‍റെ മനസ്സില്‍ മഴപെയ്യാനും. മീറ്റ് കഴിഞ്ഞു എന്‍റെ കൂടെവരണം. ജനനി സമ്മതിച്ചു. അവള്‍ സമ്മതിച്ചില്ലെങ്കിലും അവളെ ഞാന്‍ തൂക്കിയെടുത്തു കൊണ്ടുപോവും. ഒപ്പംവന്ന കീര്‍ത്തനയെ അവള്‍ രമ്യയുടെ കൂടെയയച്ചു.

ജനനി കാറില്‍ കയറി. അവളുടെ കലവീണ ചുണ്ടുകള്‍! എനിക്ക് കാത്തിരിക്കാനാവില്ലായിരുന്നു. അവള്‍ കുതറി മാറി. പിന്നെ അവളായിത്തന്നെ ആ മലകളുടെ ഇടയിലെവിടെയോ തങ്ങിനിറഞ്ഞ ദുരൂഹ മധുരങ്ങളിലേക്കെന്നെ കൂട്ടികൊണ്ടുപോയി.

ചുരമിറങ്ങുമ്പോള്‍ അവളെന്‍റെ തോളത്തു തലചായ്ച്ചു കിടന്നു. ഒരു ചെറിയ കുട്ടിയെ പോലെ. വളവും തിരിവും തിരഞ്ഞ റോഡില്‍ എവിടെയോ വെച്ച് ഞങ്ങള്‍ ഭൂതത്തിന്‍റെ കഥപറഞ്ഞു.

അവള്‍ക്കു ഭൂതങ്ങളെ പേടിയായിരുന്നു!

എനിക്കും!


2012, നവംബർ 26, തിങ്കളാഴ്‌ച

എനിക്ക് ഭ്രാന്താണ് !


എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. അതെ, അതുകൊണ്ടല്ലേ ഞാന്‍ മൂന്നു പേരെ കൊന്നത്. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. എനിക്കിപ്പോ ഭര്‍ത്താവില്ല, അരികിലെന്റെ മോളില്ല. എന്റെ സ്വന്തമായ വീട്ടുകാരും. ആരുമില്ല!

അതുകൊണ്ടുതന്നെ എനിക്ക് ഭ്രാന്താണ്. ഡോക്ടര്‍ പറയുന്നു. എന്റെയീ ഏകാന്തത പറയുന്നു. നാട്ടുകാര്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണ്. അവരെ കൊന്നതുകൊണ്ടാവണം എനിക്ക് ഭ്രാന്തായത്. ആ അസുരവിത്ത് ചെക്കനാണെന്നെ ഭ്രാന്തിയാക്കിയത്. അവനെന്‍റെ മോളെ!. ഇത്തിരിപ്പോന്ന എന്റെ മോളെ. അവന്‍ ജീവനോടെ ഇരുന്നാല്‍ എന്റെ മോളെയവന്‍ കൊല്ലും. അവളെ ഉപദ്രവിക്കും. അതുകൊണ്ടാ ഞാന്‍ അവനെ കൊല്ലാന്‍ തീരുമാനിച്ചത്. അവന്‍ എന്തു കാണിച്ചാലും അതിനൊക്കെ അവന്റെ കൂടെനില്‍ക്കുന്ന വയസ്സായ രണ്ടുപേരെയുംകൂടി ഞാന്‍ കൊന്നു. അപ്പൊളെനിക്ക് ഭ്രാന്ത് തന്നെ.

* * *

അന്ന് കുളിക്കാന്‍ വൈകി. എല്ലാം നേരെത്തെ ആയിരുന്നിട്ടും എന്തോ വൈകി. വീടു വൃത്തിയാക്കി, അടുക്കളയിലെ പണിയൊക്കെ ഒതുക്കിക്കഴിഞ്ഞു, എല്ലാവരെയും ഊട്ടി, പാത്രം കഴുകി. ആ നേരത്താണ് മോള്‍ ഉണര്‍ന്നത്. അവള്‍ക്കു പാലുകൊടുത്ത് ഓരോന്ന് ആലോചിച്ചു സമയം പോയി. ചേട്ടന്‍ പോയിട്ട് ഒരു വര്‍ഷം തികഞ്ഞില്ല ഇതുവരെ. ഇനിയും എത്രനാള്‍ കാത്തിരിക്കണം ഒന്ന് അടുത്തു കിട്ടാന്‍. പക്ഷെ ഇപ്പൊ മോളുണ്ടായതുകൊണ്ട് സമയം പോണതറിയില്ല. അവളാണ് എല്ലാം. അവളുടെ കണ്ണുകളില്‍ എനിക്കവരെ കാണാം. പിന്നെ ദിവസവും വിളിക്കുന്നതുകൊണ്ടാവും പഴയ വിരഹത്തിന്റെ മണിക്കൂറുകള്‍ ഇപ്പൊഴില്ല. മോളുടെ കളിചിരിയും കരച്ചിലും

നോക്കിയിരുന്നാല്‍ ദിവസം അങ്ങനെ പോവും. ഇന്നുമതെ നേരം പെട്ടെന്ന് പോയി. ആ ചെക്കന്‍ വരുമ്പോഴേക്കും കുളിച്ചുവരണം, അപ്പോഴേക്കും അമ്മ ഉണരും. അമ്മക്ക് ചായ വേണം. അച്ഛന്‍ സര്‍ക്കീട്ട് കഴിഞ്ഞു വരും.  അപ്പോഴേക്കും കുളിക്കട്ടെ. കുളിക്കുമ്പോഴും ഒരു മനസ്സമാധനമില്ല, ആ നരുന്തു ചെക്കന്‍.. അവനായതുകൊണ്ടാണ്. അവന്‍ സ്കൂളില്‍ നിന്ന് വരാന്‍ സമയമായി. പതിമൂന്നു വയസ്സേയുള്ളൂ. എന്നിട്ടും അവന്റെ കയ്യിലിരുപ്പ് ഒരു വൃത്തികെട്ട മനുഷ്യന്റെ ചെയ്തികളോളം വരും. ഈയടുത്താ അവന്റെ പുസ്തകപ്പെട്ടിയില്‍ കാണാന്‍ കൊള്ളരുതാത്ത പടങ്ങളൊക്കെയുള്ള ഒരു ബുക്ക്‌ കിട്ടിയത്. ഒരു വൃത്തികെട്ട പുസ്തകം. ആണും പെണ്ണും കാണിക്കുന്ന നെറികേടുകള്‍ പടമാക്കി വെച്ച പുസ്തകം. ചിത്രകഥ പോലുള്ള ബുക്ക്‌. എവിടുന്നു കിട്ടുന്നോ എന്തോ ഇതൊക്കെ. അവനിതിനോക്കെയാണോ സ്കൂളില്‍ പോവുന്നത്? അവനൊരിക്കെ മോളെ എന്തോ ചെയ്തിരുന്നു. അവള്‍ കരഞ്ഞ ശബ്ദം കേട്ട് ഞാന്‍  വന്നപ്പോഴേക്കും അവന്‍ ഓടിപ്പോയി. അവന്‍ അവളുടെ ഉടുപ്പിന്റെ അടിയിലൂടെ അവളെ ഉള്ളില്‍ വിരലുകൊണ്ട് തൊട്ടിട്ടുണ്ടായിരുന്നു. അന്നുമുതല്‍ നെഞ്ചില്‍ തീയാണ്. അന്നുമുതല്‍ ഉറക്കം മുറുകുന്നില്ല. സ്വപ്നങ്ങളില്‍ മോള് കരയുന്നു. ഉടുപ്പില്ലാതെ അവള്‍ എവിടെയോ വലിച്ചെറിഞ്ഞ പോലെ കിടക്കുന്ന സ്വപ്‌നങ്ങള്‍ എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു.

അവന്‍റെ പോക്ക് ശരിയല്ലാന്നു പറഞ്ഞപ്പൊ അമ്മ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ഇവിടെ വന്ന അന്നു മുതലേ അമ്മക്ക് തുടങ്ങിയതാ എന്നോട്, എന്നെ ഒട്ടും ഇഷ്ടമല്ല. അമ്മായിഅമ്മപ്പോരൊന്നും ഇല്ലെങ്കിലും കല്യാണശേഷം ഞാന്‍ അവരുടെ മകനെ തട്ടിയെടുത്തു എന്നപോലെ പെരുമാറുന്നു. അച്ഛനും അതുപോലെയാണ് തന്നയാണ് പെരുമാറുക. പിന്നെ ഇവന്‍.. ഭര്‍ത്താവിന്റെ അനിയനാണ് പോലും‍. ഇങ്ങനൊരു അനിയനോ? എനിക്കങ്ങനെ തോന്നുന്നില്ല. ഞാനൊരിക്കെ അവരോടു സൂചിപ്പിച്ചിരുന്നു. അപ്പൊ എന്നോട് പറയ്യാ.. സൂക്ഷിക്കാന്‍.. അവര്‍ എങ്ങനെ അമ്മയോട് ഇതു പറയും എന്ന്. സ്വന്തം മകളെ സ്വന്തം അനിയന്‍ ഉപദ്രവിക്കുക. എങ്ങനെ പറയും ഒരമ്മയോട് ഇതെല്ലാം എന്ന്. സ്വന്തം അനിയനെ കുറിച്ച് അവര് ഇവിടില്ലാത്തപ്പോ ഞാന്‍ അവനെപ്പറ്റി കുറ്റം പറയുകയാണെന്നെല്ലേ പറയൂ. ഞാനിതൊക്കെ ആരോട് പറയും.

കയ്യിലും, കാലിലും കരി ഒട്ടിയിരിക്കുന്നു, ഉരച്ചിട്ടും സോപ്പ് തേച്ചിട്ടും ഒന്നും പോവുന്നില്ല. എണ്ണക്കരിയാണ്. കാലു മുഴുവന്‍ വൃത്തികേടായിക്കിടക്കുന്നു. അല്ലേലും അദ്ദേഹത്തിനു ആവലാതിയാണ്. പഴയപോലെ ശരീരം ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ തവണ വന്നപ്പോ അവര് പറഞ്ഞതാ. എന്റെ വിരലുകളുടെ ഭംഗി പോയിരിക്കുന്നു, പെണ്ണുകാണാന്‍ വന്ന ആ പഴയ രൂപമില്ല എന്നൊക്കെ. പിന്നെ... ഇവിടെ പൂക്കടയിലാണല്ലോ ഞാന്‍ ജോലിക്ക് നിക്കുന്നത്‍. വീട്ടിലെ പണിയല്ലേ. അടുപ്പത്താ പണി, കരിയും പുകയും എല്ലാം ഉണ്ടാവും. എല്ലായ്പ്പോഴും സുന്ദരിയായിരിക്കാന്‍ പറ്റുമോ? അപ്പൊ പിന്നെ ഇങ്ങനൊക്കെ തന്നെ ആവും.

കുളിക്കട്ടെ. മോള് ഒറ്റക്കാ.. അമ്മ! ഉറക്കത്തില്‍ ദേഹത്ത് ഉലക്ക വീണാലും അറിയാത്തതാ. പിന്നാ...

മോള് കരയുന്നുണ്ടോ?

ടാപ്പ്‌ പൂട്ടി, വെള്ളം ഉറ്റുന്നു..

ഇല്ല.. ഉള്ളതും വാരിപ്പുതച്ച് ചെന്നുനോക്കി. ഇല്ല.. അവള്‍ കളിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ മൂത്രമൊഴിച്ചിരിക്കുന്നു. ഉടുപ്പൊക്കെ നനഞ്ഞിരിക്കുന്നു, ഉറങ്ങി എണീറ്റതല്ലേയുള്ളൂ. ഇപ്പൊ പാലും കുടിച്ചിരിക്കുന്നു. കുളിച്ചിട്ടു ഉടുപ്പ് മാറ്റണം, നിലം വൃത്തിയായി തുടക്കാം. നല്ല പതുപ്പുള്ള ഒരു കളിപ്പാട്ടം കിട്ടിയാമതി അത് കടിച്ചും എറിഞ്ഞും അവള്‍ ഇരുന്നോളും, ശല്യമില്ല. അവള്‍ക്കാരെയും വേണ്ട അവളുടെ ലോകത്ത്. ഇടയ്ക്കു ഞാന്‍ വന്നു നോക്കിയാ മതി.

കരി ശരിക്കും പോണില്ല.. ഇത്രയൊക്കെ മതി.. പെട്ടെന്ന് കുളിക്കാം‍, ഇനി അവര് വരുമ്പോഴേക്കും ശരിക്കും സുന്ദരിയാവണം. എന്‍റെ ഭംഗിയുള്ള വിരലുകള്‍, ചുണ്ടുകള്‍, പഴയ ആ രൂപം. കണ്ണാടിയില്‍ ഞാന്‍ സുന്ദരിയാണ്.  കണ്ണാടിയില്‍ മാത്രമല്ല. എന്നെക്കാണാന്‍ ഭംഗിയുണ്ട്. എന്റെ മോള്‍ക്കും എന്റെ ഭംഗി കിട്ടിയിട്ടുണ്ട്. എന്റെ നിറം, മുഖം മൂക്ക്, എല്ലാം അതേപോലെത്തന്നെയുണ്ട്. പക്ഷെ ആ കണ്ണുകള്‍. അത് അവരുടേതാണ്. എന്തുഭംഗിയാണ് അവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍ നോക്കിയിരുന്നാല്‍ എനിക്ക് കാണാം...

മോള് കരയുന്നുണ്ടോ?

ടാപ്പ്‌ പൂട്ടി, വെള്ളം ഉറ്റുന്നു..

ഉണ്ട്! ഇപ്പൊ ശരിക്കും കരയുന്നുണ്ട്. തല തോര്‍ത്തിക്കെട്ടി... ബ്രായും, പാന്റിയും ഒക്കെ മറന്നു.. നൈറ്റി മാത്രം ഇട്ട് ഓടി. അവള് കരയുന്നു. എന്റെ മുറിയിലില്ല. പിന്നെ എവിടുന്നാ കരയുന്നേ? അവളെവിടെ? എന്റെ  തലകറങ്ങുന്നപോലെ തോന്നി. നേരെ ചെന്നത് ആ ചെക്കന്റെ മുറിയിലാ.. അവന്‍ ആ നരുന്തു ചെക്കന്‍.. അവനവിടെ ഇല്ല! എത്തിയിട്ടില്ല... സമാധാനം..

ഇവിടെങ്ങും ഇല്ലല്ലോ.. ഇനി അടുക്കളയില്‍ വല്ലോം തട്ടി മറിച്ച്.. ആവോ.. ഈ കുട്ടി എവിടെപ്പോയതാ.. എന്റെ നെഞ്ചുരുകുന്നു.. മോളേ.. അടുക്കളയിലും ഇല്ല.

ഒരു നേരത്തേക്ക് കരച്ചില്‍ നിന്നു. അമ്മ കിടക്കണ മുറിയിലും ഇല്ല. . പിന്നെയും കരച്ചില്‍ കേള്‍ക്കാം.. ഇനി ആ സ്റ്റോര്‍ മുറിയില്‍.. നേരെ അങ്ങോട്ട്‌ പോയതും. അവിടെമാകെ ഇരുട്ടാണ്. മോളേ ന്നു വിളിച്ചതും അവള്‍ മുട്ടിലിഴഞ്ഞ് കാലില്‍ കെട്ടിപ്പിടിച്ചു. അവളാകെ പേടിച്ചിട്ടുണ്ട്. അവളുടെ ഉടുപ്പില്‍ ചോരയുണ്ട്. ശരിക്കും ചോര. എനിക്ക് തലകറങ്ങി

എനിക്കറിയാമായിരുന്നു. ഞാന്‍ നേരെ ചെന്നു ആ ചെക്കന്റെ മുറിയില്‍, അവനവിടെയുണ്ട്..  അവിടെ അവന്‍ ഷര്‍ട്ടൊക്കെ അഴിച്ചു കാറ്റുകൊണ്ട് മലര്‍ന്നുകിടക്കുന്നു.

അമ്മേ..
ആരും കേട്ടില്ല..

അമ്മ ഉറങ്ങുകയാവും.

അമ്മേ..
ആരും കേട്ടില്ല..
ഞാന്‍ കരഞ്ഞു. മോളും കരഞ്ഞു.

* * *

മുറിയില്‍ ഞാനിരുന്നു കരഞ്ഞു, എന്റെ മോളും കരയുന്നു.

എനിക്കെന്‍റെ വീട്ടില്‍ പോണം, ഇനി ഇവിടെ നിക്കാന്‍ കഴിയില്ല. മോള് കരച്ചില്‍ നിര്‍ത്തി, അവളാകെ പേടിച്ചിരിക്കുന്നു. അവളുടെ മുഖത്ത് അമര്‍ത്തിപ്പിടിച്ചതിന്‍റെ പാടുണ്ട്. അതെല്ലാം അമ്മക്ക് കാണിച്ചു കൊടുത്തു.

അമ്മ പറഞ്ഞു
"അവള് വല്ലോടത്തും അറിയാതെ ഇരിന്നിട്ടുണ്ടാവും, വല്ല വിറകോ മറ്റോ കൊണ്ട് കോറിയതാവാവും" ന്നു.

സര്‍ക്കീട്ട് കഴിഞ്ഞ് അച്ഛന്‍ വന്നപ്പൊ എന്റെ കരച്ചില് കണ്ടു, അമ്മ എന്തോ കുശുക്കുന്നതും കേട്ടു. അച്ഛന്‍ പുറത്തുപോയി ഒരു മിട്ടായി എന്തോ വാങ്ങിക്കൊണ്ട് വന്നു മോളെ കാണിച്ചുകൊടുത്തു. മിട്ടായി അവള്‍ വാങ്ങി. അവള്‍ അച്ഛന്റെ അടുത്തു പോയില്ല.

കരഞ്ഞു ക്ഷീണിച്ച മോളുറങ്ങി. എന്റെ മുറിയില്‍ വിളിക്ക് തെളിഞ്ഞില്ല. എന്‍റെ മനസ്സില്‍ ഇരുട്ടായിരുന്നു. എന്‍റെ മോള് ഉറങ്ങുന്നു. ഉറക്കത്തില്‍ അവള്‍ ഇടയ്ക്കിടെ ഞെട്ടുന്നുണ്ട്. എന്‍റെ നെഞ്ചിനുള്ളില്‍ കരച്ചില്‍ കൂടി.
തുണിയില്ലാതെ അവള്‍ എവിടെയോ ചപ്പുചവറുകള്‍ക്ക് മേലെ വലിച്ചെറിഞ്ഞപോലെ കിടക്കുന്ന സ്വപ്‌നങ്ങളിലെ കാഴ്ചകള്‍ എന്നെ വീണ്ടും പേടിപ്പിച്ചു. അവളുടെ നെറ്റിയില്‍ തലോടി അങ്ങനെ ഇരുന്നു. അവള്‍ക്കു പനിക്കുന്നു. ഇടയ്ക്കു വിയര്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ട് പോണം.

അമ്മേ..
ആരും കേട്ടില്ല..

അച്ഛാ
ആരും കേട്ടില്ല..

മോള് പനിച്ചു വിറക്കുന്നുണ്ട്.

മോളെ ഒരു കമ്പിളി ഇട്ടു പുതപ്പിച്ചു, നെഞ്ചത്ത് ഒട്ടിച്ചുവച്ചു. അവളുറങ്ങുന്നു. ഇടയ്ക്കു ഞെട്ടുന്നുണ്ട്.

ആ ചെക്കന്റെ വൃത്തികെട്ട മുഖം എന്റെ മുന്നില്‍ വന്നു ചിരിക്കുന്നു. മഞ്ഞപിടിച്ച പല്ലുകള്‍ കാണിച്ചു അവന്‍ വീണ്ടും വീണ്ടും.. ഞാന്‍ കണ്ണടച്ചു. കമ്പിളി എടുത്തു ഞാനും മൂടി. ഇരുട്ട് മൂടി എല്ലായിടത്തും. മോളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം മാത്രം. മോളേം എടുത്തു ഓടിപ്പോവാം. ആരും വേണ്ട!


* * *

അടുക്കളയില്‍പ്പോയി വെട്ടുകത്തി എടുത്തു. എന്റെ ഭ്രാന്ത് തുടങ്ങുന്നത് ഈ നിമിഷം മുതലാണ്‌.

അച്ഛനോടു പറഞ്ഞു..
"അച്ഛാ മോളെ ആശുപത്രില്‍ കൊണ്ട് പോണം അവന്‍ മോളെ ഉപദ്രവിച്ചിട്ടുണ്ട്."

:               "വല്ല തടിയും തട്ടി മുറിഞ്ഞതാവും മോളേ.."
:               "രണ്ടു ദിവസം കഴിഞ്ഞാ ആ മുറിവ് മാറിക്കൊള്ളും.."
:               "ഇതിനൊന്നും ആശുപത്രില്‍ പോവണ്ട."


"അതെ അച്ഛാ! വല്ല തടിയും തട്ടി മുറിഞ്ഞതാവും."
എനിക്ക് ചിരി വന്നു. ഭ്രാന്തിന്റെ ചിരി.

അമ്മ ഉമ്മറത്തുണ്ട്
അമ്മയോട് പറഞ്ഞു.

"അമ്മെ ഞാന്‍ നാളെ എന്റെ വീട്ടില്‍ പോവും. പിന്നെ ഞാന്‍ ഇങ്ങോട്ട് വരില്ല."

അമ്മക്ക് ദേഷ്യം.

:               "അതെന്താ?... ഇവിടാരാ ഉള്ളത്? രണ്ടാഴ്ച കഴിഞ്ഞിട്ടു പോയി രണ്ടുദിവസം നിന്നിട്ട് പോര്."

"ആയിക്കോട്ടെ അമ്മെ.. അങ്ങനെ മതി രണ്ടാഴ്ച കഴിഞ്ഞു പോവാം.."


അമ്മ ചിരിച്ചു. പല്ലുകാട്ടി ചിരിച്ചു. ആ ചിരികണ്ടപ്പോള്‍ ഞാനും ചിരിച്ചു. ഭ്രാന്തിന്റെ ചിരി.

* * * *

"അനിയാ, നീ കഴിച്ചോ?"

മിണ്ടാട്ടമില്ല. അവന്‍ പഠിക്കുന്ന തിരക്കിലാ. നല്ല പഠിച്ചു മാര്‍ക്ക് വാങ്ങുന്ന കുട്ടി. നല്ല പുസ്തകങ്ങള്‍, നല്ല പ്രവൃത്തി പരിചയം.

"അനിയാ നീ കഴിക്കുന്നില്ലേ?"

:               "എനിക്കൊന്നും വേണ്ട.."

"അതെന്താ വേണ്ടാത്തെ?"

ഒരു വെട്ടിനില്ലായിരുന്നു അവന്റെ മെലിഞ്ഞ കഴുത്ത്. ഒന്നൂടെ വെട്ടി, പക്ഷെ കഴുത്തു വീണില്ല, ചുമരില്‍ ചോരചിന്തി ഒലിച്ചു. അറ്റു വീഴാറായ തലയില്‍ നിന്ന് ഒഴുകിയ ചോര പുസ്തകത്തെ മൊത്തത്തില്‍ കുതിര്‍ത്തു.

അടുത്തത്‌ അമ്മയായിരുന്നു. അമ്മയുടെ ഊഴത്തിനുവേണ്ടി അമ്മ ഉമ്മറത്തുനിന്നു പതുങ്ങി വന്നു നോക്കകുകയായിരുന്നു. മകന്‍റെ തല കൊയ്യുമ്പൊ അമ്മ മെല്ലെ ഒന്നലറി, മോള്‍ ഉറക്കം ഉണര്‍ന്നു കാണണം. ശബ്ദം കേട്ട് അമ്മയും പതുങ്ങി വന്നതാവണം. പുന്നാര മകന്‍റെ തല തുള്ളുന്നത് കണ്ട് അമ്മ പല്ലുകാണിച്ചു ചിരിച്ചിട്ടുണ്ടാവുമോ? അമ്മയുടെ തടിച്ച ദേഹത്ത് വെട്ടാന്‍ നല്ല രസം തോന്നി. പക്ഷെ പെട്ടന്ന് അനക്കം നിന്നു.

മോള് കരയുന്നു.

അമ്മ പിടയുമ്പോള്‍ അതാ ഓടിക്കിതച്ച് അച്ഛനും പിന്നാലെ. പക്ഷെ അച്ഛന് മെയ്‌ക്കകരുത്തുണ്ട്, അത് കാണിക്കാന്‍ തടുത്തു. അതുകൊണ്ട് അച്ഛന്റെ കൈ ആദ്യം താഴെവീണു.. പിന്നെയാണ് തല വീണത്‌. എന്റെ ആര്‍ത്തി തീരുന്നതുവരെ എന്റെ മോളെ ഞാന്‍ അവരില്‍നിന്ന് വെട്ടി രക്ഷിച്ചു. ഞാന്‍ എത്ര പെട്ടന്നാ മൂന്നുപേരെ കൊന്നത്. എന്റെ മുഖത്ത് ചോര തെറിച്ചിരുന്നു. ആരുടെയോ.
അനിയന്‍ ചെക്കന്റെ? അമ്മയുടെ? അതോ അച്ഛന്റെ?

മോള്‍ കരയുന്നുണ്ട്, ഓടിച്ചെന്ന് പാലുകൊടുത്തു. എന്റെ മുഖം കണ്ടതും അവള്‍ ചിരിച്ചു. എന്റെ മുഖത്ത് ഒട്ടിപ്പിടിച്ച ചോരപ്പാടുകളില്‍ അവള്‍ പാലുകുടിക്കുന്നതിനിടയിലും ഇടയ്ക്കു തൊട്ടു. അവളുടെ സ്വത്യന്ത്രത്തോടെയുള്ള ചിരിയും കളിയും.  ഇനി അവള്‍ക്ക് ആരെയും പേടിക്കണ്ട. ഇനി അവളെ ഉപദ്രവിക്കാന്‍ ആരും വരില്ല. എന്നെ വഴക്കുപറയാനും ആരുമില്ല. അവള്‍ക്കു സ്വസ്ഥമായി കളിക്കാം. എനിക്ക് സ്വസ്ഥമായി കുളിക്കാം, കരിതട്ടാതെ പാത്രം കഴുകാം. അവര് വരുമ്പോഴേക്കും ശരീരം ശ്രദ്ധിച്ച് സുന്ദരിയാവാം.

* * *

അപ്പൊ എനിക്ക് ഭ്രാന്തല്ലേ. മൂന്നു പേരെ കൊന്നിരിക്കുന്നു. എനിക്ക് ഭ്രാന്താവണം. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. അല്ലേ.. എനിക്ക് ഭ്രാന്താണ്. ഭ്രാന്ത്. ഭര്‍ത്താവിന്റെ കുടുംബത്തെ മുഴുവന്‍ വെട്ടിക്കൊന്ന ഭ്രാന്തി. ഭര്‍ത്താവിന്റെ അനിയന്‍കുട്ടിയെ, അമ്മായിഅപ്പനെ, അമ്മായിഅമ്മയെ ക്രൂരമായി വെട്ടിക്കൊന്ന ഭ്രാന്തി. എനിക്ക് ചിരി വരുന്നു. കണ്ടോ ഞാന്‍ ചിരിക്കുന്നു. എനിക്ക് ഭ്രാന്ത് തന്നെ.


2012, നവംബർ 8, വ്യാഴാഴ്‌ച

സൈക്കോസിസ് !


ഇരുട്ടാണ് സര്‍വത്ര ഇരുട്ട്, ഒന്നും കാണുന്നില്ല. ഞാന്‍ തന്നെ ഉണ്ടോ എന്നറിയാന്‍ തൊട്ടുനോക്കേണ്ടി വരും. അപ്പോഴാണ്‌...

               ശൂ.. ശൂ..

ആരോ വിളിക്കുന്നു. ആരാ ഈ നേരത്ത്‌ ശൂശൂ വെക്കുന്നത്. എന്റെ മുറിയില്‍ ഞാന്‍ മാത്രമല്ല അപ്പൊഴുള്ളത്.. വാതിലോക്കെ അടച്ചതാണല്ലോ? പിന്നെയാരാ. കള്ളനോ മറ്റോ? ഹേയ്...

ആരാ?

               ഞാനാ..

ഞാനോ?

               അതെ ഞാന്‍!

എന്റെ വായീന്നു ശബ്ദം പുറത്തു വന്നില്ല. ഇനി ഞാന്‍ വല്ല സ്വപ്നവും കാണുന്നുണ്ടോ?
ഹലോ? എന്താ വേണ്ടത്. എന്താ?

               ചുമ്മാ..

നിങ്ങളാരാ? എന്താ വേണ്ടത്!

               നീ ഒന്നുമറിയാത്ത പോലെ?

WTF??

               ചിരിക്കുന്നു.

നിങ്ങള്‍ എന്തിനാ ചിരിക്കുന്നത്?

               വെറുതെ.

ചിരിയൊന്നു നിര്‍ത്താമോ?

ചിരി ഒന്നുകൂടി ഉച്ചത്തിലായി. ചിരിയുടെ ചങ്ങലകള്‍ ആ ശബ്ദത്തില്‍ കിലുങ്ങി. ആ മുറിയിലാകെ പ്രതിധ്വനി തീര്‍ത്ത്‌ ആ ചിരി എന്നെ നടുക്കി.

അപ്പുറത്തെ ഫ്ലാറ്റിലൊക്കെ ആളുള്ളതാ, will ya stop it?

സാവധാനം ആ ശബ്ദം അങ്ങനെ അലിഞ്ഞ് ഇല്ലാണ്ടാവുന്നു.
ചിരി നിന്നു. ഏറെ നേരത്തെ മൌനം. നിശബ്ദത മാത്രം

നിങ്ങള്‍ പോയോ?

               ഞാനെവിടെ പോവാനാ!

നിങ്ങള്‍ക്കെന്താ വേണ്ടത്?

               ഒന്നും വേണ്ട!

WTF, പിന്നെന്തിനാ ഇങ്ങോട്ട് വന്നെ?

               നിന്നോട് സംസാരിക്കാന്‍.

എന്നോട്! എന്നോടെന്തിനാ സംസരിക്കുന്നെ?.

നിശബ്ദത...
മൌനം..
ഏറെ നേരത്തെ മൌനം.

നിങ്ങള്‍ പോയോ? പറഞ്ഞോളു.. ഞാന്‍ കേട്ടോളാം..

നിശബ്ദത..
മൌനം മാത്രം.. ഇയാളിത് എവിടാ?
സമയം പോകുന്നു, ഇപ്പൊ ഒന്നും കേള്‍ക്കുന്നില്ല. അയാള്‍ പോയോ?

               ഇല്ല!

ഞാന്‍ നിങ്ങളോട് ചോദിച്ചില്ലല്ലോ?

               ഇല്ലെങ്കിലും എനിക്ക് നിന്നെ കേള്‍ക്കാം..

നിശബ്ദത. ആരോ കരയുന്നു.. മെല്ലെ തേങ്ങുന്നു. അയാള്‍ കരയുകയാണോ? ഞാനിതെവിടെയാ? എനിക്ക് ദേഷ്യം വരുന്നു.

ഹലോ? നിങ്ങള്‍ കരയുകയാണോ?
ഉത്തരമില്ല. സമയം പോകുന്നു. തേങ്ങല്‍ മാത്രം കേള്‍ക്കാം. ആദ്യം ചിരിച്ചു ഇപ്പൊ ദേ കരയുന്നു. പക്ഷെ.. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരികുന്നു. പക്ഷെ ഞാന്‍ കരഞ്ഞിട്ടില്ലല്ലോ? പിന്നെങ്ങനാ..

WTF? നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്തിനാ എന്റെ കണ്ണുകള്‍ നിറഞ്ഞത്?

തേങ്ങല്‍ നിന്നു.. ഇപ്പോള്‍ നിശബ്ദത മാത്രം.
എനിക്കൊന്നും മനസ്സിലാവുന്നില്ല. അയാള്‍ ചിരിക്കുന്നു, കരയുന്നു.
എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. ചിലപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഇയാളാരാ എന്നോട് സംസരിക്കുന്നെ? അയാള് കരയുമ്പോള്‍

എന്റെ കണ്ണ് നിറയുന്നു...

               എനിക്ക് നീ മാത്രമേയുള്ളൂ സംസാരിക്കാന്‍!

നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണെങ്ങനെ നിറഞ്ഞു?

               നീയാ കരഞ്ഞത്, നിന്റെ ഉള്ളം. നീ കരയും ഞാനാ ഉരുകുന്നത്.

എന്ത്? ഞാന്‍ നിങ്ങളെ എങ്ങനെ അറിയും?

               നീ തന്നയാണ് ഞാന്‍. ഞാന്‍ തന്നെയാണ് നീ!
               [ചിരിക്കുന്നു]

WTF..

               [വീണ്ടും ചിരിക്കുന്നു]  

ഞാന്‍ എന്നോട് തന്നെ സംസരിക്കുകയാണോ? ഈ പച്ചക്ക്? എന്തൊക്കെയാ ഇത് ദൈവമേ?

ഇതില്‍ ഏതാണ് ശരിക്കുമുള്ള ഞാന്‍?

               ജാഡ കാണിക്കുന്ന, എപ്പോഴും What The Fuck മാത്രം പറയുന്ന നീ!
               അതാണ്‌ നിന്റെ മുഖംമൂടി.
               ഉള്ളിന്റെ ഉള്ളിലെ നീ തനി മലയാളിയാണ്. നല്ല ഭാഷ, നല്ല സ്വരം, ഭാവ്യം!

അപ്പൊ ഞാനും ഇയാളും ഒന്നാണ് എന്നാണോ? are we the same?

               ഉച്ചത്തില്‍ ചിരിക്കുന്നു.

മെല്ലെ ചിരിക്കൂ.. എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? ഇടയ്ക്കു കരയുന്നത് എല്ലാം?

               നിനക്കറിയില്ലേ എന്തിനാന്ന്‍?

ഇല്ലാ?

               നിനക്കറിയാം, എനിക്കും. പക്ഷെ നിനക്ക് അതൊന്നും വല്ല്യ കാര്യമല്ല.

എന്ത്?

               നീ പലപ്പോഴും ഒരു ഭീരുവാണ്, വേഷങ്ങളെ സ്വീകരിച്ച് ആടുമ്പോള്‍ നീ ഓര്‍ക്കുന്നില്ല, ഒരു ദിവസം അവയെല്ലാം ഒരു തീമഴയായി നിന്നില്‍ പെയ്തിറങ്ങുമെന്ന്. നീ നിന്റെ ജീവിതത്തെ വെറുക്കുന്നു. വ്യതിരക്തമായ ചില നശ്വരസന്ദര്‍ഭങ്ങളെ സൃഷ്ടിച്ചു നീ എങ്ങോട്ടോ ഒളിച്ചോടാന്‍ ശ്രമിക്കുന്നു. സ്നേഹിക്കപ്പെടാനും സന്തോഷിക്കപ്പെടാനും വേണ്ടി നീ പലരെയും ഉപയോഗിക്കുന്നു. അതിന്റെ ആത്മരതിയില്‍ പലരെയും വഞ്ചിക്കുന്നു. നീ സ്നേഹിക്കുന്ന, സ്നേഹം നടിക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ നീ കരയുന്നു.. നിന്റെ അവസ്ഥയോര്‍ത്തു നീ ചിരിക്കുന്നു, ഒരു ഭ്രാന്തനെപ്പോലെ. അവസാനം നിന്റെയാ പുച്ഛച്ചിരിയില്‍ എല്ലാത്തിനെയും നീ പരിഹസിക്കും. എന്നിട്ട് ആരുമറിയാതെ കരയും. എന്നിട്ട് ഒന്നുമറിയാത്ത പോലെ!

ആര്? ആരെ സ്നേഹിക്കുന്നു എന്നാ!

               ഞാന്‍ തന്നെ പറയണോ?

വേണ്ട! എനിക്ക് അവരോടൊന്നും പ്രത്യേക മമതയില്ല! ഞാന്‍ ആരെയും സ്നേഹിക്കുന്നിമില്ല. ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന് എന്ത് കാര്യത്തിലാണ് നിങ്ങള്‍ പറയുന്നത്?


               ഞാനവരെ സ്നേഹിക്കുന്നു.

അതിനു ഞാനും അവരെ സ്നേഹിക്കണം എന്നാണോ?

               നീയും അവരെ സ്നേഹിക്കുന്നു. ഞാന്‍ സ്നേഹിക്കുന്നപോലെ. കാരണം നമ്മള്‍ ഒന്നാണ്.

WTF!

               ചിരിക്കുന്നു.
               നോക്കൂ. ആ കര്‍ട്ടന്‍ നീക്കി നോക്കൂ. നിലാവ് തൂവി ഇറങ്ങി വരും.
               ആ നിലാവത്ത് അവരും അവരുടെ സ്നേഹവും അതിലൂടെ ഇറങ്ങി വരും.

ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ എത്രപേരെ ഒരേ സമയം സ്നേഹിക്കണം.

               നീ ഒരേസമയം പല സ്ത്രീകളെയും സ്നേഹിക്കുന്നു.

അതൊക്കെ ചുമ്മാതാ.. ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല!

               നീ ആരെയും സ്നേഹിക്കുന്നില്ല! സമ്മതിച്ചു.
               വിരോധമില്ലെങ്കില്‍ ഞാന്‍ അവരെക്കൂടി വിളിക്കാം?

ആരെ?

               നീ സ്നേഹിക്കുന്നില്ലാ എന്ന് പറയുന്നരെ?

ചുമ്മാ! എന്തൊക്കെയാ നിങ്ങളീ പറയുന്നത്?

               ചുമ്മാ..

[സുനന്ദ ]
നിങ്ങളെ എനിക്ക് വെറുക്കാതിരിക്കാന്‍ കഴിയുന്നില്ല, സ്നേഹിക്കാതെയും.

എല്ലാ പകലുകളിലും നിങ്ങളെ ഞാന്‍ വെറുക്കുന്നു‍, പക്ഷെ എന്നും രാത്രികളില്‍ ആ വെറുപ്പ്‌ ഒരു രാപ്പനിയായി എന്റെ ദേഹത്ത് ചൂടായി പടരുന്നു, അപ്പോഴെല്ലാം നിങ്ങളില്ലാതെ എനിക്ക് കഴിയില്ലാ എന്ന് തോന്നിപ്പോകും. അത് രാത്രിയില്‍ കനത്ത ഇരുട്ടിന്റെ മാറ് പൊട്ടുമാറ് വിളിച്ചു പറയാന്‍ തോന്നും. എല്ലായ്പ്പോഴും അതൊരു കരച്ചിലായി മാത്രം മാറും. എന്റെ വിങ്ങിയുള്ള കരച്ചില്‍ ചില ചീവിടുകളെ തോല്‍പ്പിക്കുമായിരിക്കും.

സുനന്ദ! അവളെങ്ങനെ ഇവിടെ വന്നു?

               അവള്‍ മാത്രമല്ല. ലതികയും തമീനയും ഉണ്ട്!

[ലതിക ]
സ്നേഹിച്ചാല്‍ വെറുക്കേണ്ടി വരുമോ? അതോ വെറുത്തു സ്നേഹിക്കാന്‍ കഴിയുമോ? അതോ നിങ്ങളെ എനിക്ക് സ്നേഹിക്കാന്‍ മാത്രമേ കഴിയൂ എന്നാണോ? നഷ്‌ടപ്പെട്ടുപോയ, ഒരു കണ്ണിയില്ലാതെ എന്റെ മാറില്‍നിന്നടര്‍ന്നുപോയ ഒരു മാല സൃഷ്‌ടിച്ച ശൂന്യതപോലെ തോന്നുന്നു. നിങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കുന്നു. നിങ്ങള്‍ അതിനുമാത്രം എനിക്കെന്താണ് തന്നത്. ഈ ദുര്‍ബലമായ വൈകാരികതകളോ? ഈ സ്നേഹം എല്ലാവര്‍ക്കും തരാന്‍ കഴിയില്ലേ? എനിക്ക് ചുറ്റും എന്നെ പുണരാന്‍ കൊതിക്കുന്ന അനേകം മനസ്സുകളുണ്ട്, കണ്ണുകളുണ്ട്. അവരുടെ മിഴിമുനകളില്‍ അവരെന്നോട് സ്നേഹം യാചിക്കുമ്പോള്‍ എനിക്ക് ഒട്ടും അലിവ് തോന്നാറില്ല. പക്ഷെ അവരില്‍ നിന്നും നിങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളത്?

               ഇനി തമീനയെ കേള്‍ക്കൂ

[തമീന ]
നിങ്ങള്‍ മറന്നുവെച്ചുപോയ ഈ പ്രണയത്തെ നിങ്ങളെന്തേ ഓര്‍ക്കാത്തൂ. നിങ്ങക്ക് സ്ത്രീശാപം കിട്ടും, കൂട്ടിലിട്ട പക്ഷിയെപ്പോലെ നിങ്ങള്‍ ജീവിച്ചു നരകിക്കും. നിങ്ങള്‍ തത്വചിന്തകനാണ്, സാഹിത്യകാരനാണ്, നിങ്ങളെപ്പോലുള്ള മഹാന്മാരെ ഞാന്‍ അന്നേ തിരിച്ചറിയേണ്ടാതായിരുന്നു. എത്ര പെട്ടെന്നാണ് നിങ്ങള്‍ എന്നെ നിങ്ങളുടേതുമാത്രമാക്കി മാറ്റിയത്, നിങ്ങള്‍ ഒരു നോട്ടം കൊണ്ട് എന്റെ കിടപ്പറ വരെ തുറന്നെടുത്തിരിക്കുന്നു. നിങ്ങള്‍ നടക്കുന്ന വഴികളില്‍ പ്രണയം കാത്തിരിക്കുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് എല്ലാവരെയും മയക്കാന്‍ നിങ്ങള്‍ക്ക് എന്താണുള്ളത്. നിങ്ങളുടെ മധുരമൊഴികള്‍ തന്നയോ? അതോ എന്റെ കണ്ണുകളെ അടപ്പിക്കുന്ന നിങ്ങളുടെ ചിരിയോ? നിങ്ങള്‍ നിങ്ങളുടെ നീണ്ട കൂര്‍ത്ത വിരലുകള്‍ എന്റെ ചുരുള്‍മുടികകള്‍ക്കിടയിലൂടെ തലച്ചോറിലിറക്കി എന്ത് മായജാലമാണ് കാണിച്ചത്. ഒരു വൈദ്യുതചാലകം കണക്കെ ഈ പൊട്ടത്തിപ്പെണ്ണിന്റെ മനസ്സിലുള്ളത് മുഴുവന്‍ നിങ്ങളറിഞ്ഞില്ലേ?

തമീനാ..

               അവരാരും ഇവിടില്ല!

പിന്നെ ഞാന്‍ എങ്ങനെ അവരെ കേട്ടൂ.

               എന്നിലൂടെ!

WTF! നമ്മള്‍ എന്താ ഇന്‍സെപ്ഷന്‍ കളിക്കുവാന്നോ? ഞാന്‍ സംസാരിക്കുന്നു. എന്റെതന്നെ വേറെ നിങ്ങള്‍ സംസാരിക്കുന്നു.നിങ്ങള്‍ മറ്റു പലരുമായി സംസാരിക്കുന്നു. എന്താ ഇത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.

               നിങ്ങള്‍ക്ക് തമീനയെ അറിയില്ലേ?

അറിയാം... തമീനയെ മാത്രമല്ല സുനന്ദയേയും, ലതികയേയും എല്ലാവരെയും അറിയം.

               നീ തന്നെയാണ് ഞാന്‍, നിന്റെ ഉള്ളിലെ ഉപബോധമാണ് ഞാന്‍.
               നീ കരയുമ്പോഴാണ് ഞാനും കരയുന്നത്, നിന്നിലെ ഉപബോധം...
               ഞാന്‍ അവരെ എല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ട് നീയും അവരെ സ്നേഹിക്കുന്നു.

ഉം! നമ്മള്‍ ഒന്നാണ് എന്നാണോ? ഞാന്‍ എന്നോട് തന്നെ സംസാരിക്കുന്നു എന്നാണോ?

               അതെ!

WTF?
ഇനി ഞാന്‍ മിണ്ടുന്നില്ല!

               എന്നാ ഞാനും പോവുന്നു.
               എനിക്ക് ഒറ്റയ്ക്ക് സംസാരിക്കാന്‍ അറിയില്ല! ഞാന്‍ പോണൂ..

ഉം!

ഞാന്‍ മിണ്ടിയില്ല! സമയം അരിച്ചു നീങ്ങി. ശബ്ദങ്ങള്‍ ഒന്നുമില്ല. നിശബ്ദത മാത്രം. ഇരുട്ടിനെ പേടിപ്പിച്ചുനിര്‍ത്തുന്ന നിശബ്ദത. അല്ലങ്കില്‍ ഇരുട്ട് ശബ്ദങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്നു. ഞാന്‍ സ്വയം സംസാരിക്കുക! എങ്ങനെയത് സംഭവിക്കും. അപ്പോള്‍ ലതിക, തമീന, സുനന്ദ ഇവരൊക്കെ. ഉപബോധം പോലും. ഇത് ഞാന്‍ ചിന്തകള്‍ കാടുമൂടിയ അവസ്ഥാന്തരങ്ങളെ പുച്ചിച്ചു ചിരിക്കുന്നതാവാം, പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തി ഞാന്‍  ആരെയും സ്നേഹിച്ചിട്ടില്ല, സ്നേഹിക്കാന്‍ എനിക്കറിയില്ല, എനിക്ക് ചുറ്റും എന്റെ പുറമേ നടക്കുന്ന കഥകളും കഥാപാത്രങ്ങളും മാത്രമാണ്. എനിക്ക് സ്നേഹിക്കാന്‍ അറിയില്ല, ചുറ്റുപാടും ഞാന്‍ കാണുന്ന കഥകളും അതിലെ വൈവിധ്യമാര്‍ന്ന ചില സന്ദര്‍ഭങ്ങളെയും മാത്രമാണ് ഞാന്‍ താലോലിക്കുന്നത്, എനിക്കനുഭവമില്ലാത്ത സ്നേഹം, ഞാനത് മനസ്സില്‍ സൃഷ്ടിച്ചെടുക്കുന്നു, ഓരോ ഊഹപോഹങ്ങള്‍... സ്വപ്നങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്, അതിലെ ആശയങ്ങളെ വികസിപ്പിച്ചു ഞാന്‍ നടത്തുന്ന ചില നാടകങ്ങളിലാണ് ഞാന്‍ ജീവിക്കുന്നത്‍, തികച്ചും നാടകീയമായ അവസ്ഥകള്‍ സൃഷ്ടിച്ചു ഞാന്‍ എന്നെ സന്തോഷിപ്പിക്കുന്നു. അല്ലാതെ ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അതാണ്‌ സത്യം. അതു മാത്രമാണ് സത്യം.

               ഞാനിവിടെ ഉണ്ട്!

അപ്പൊ നിങ്ങള്‍ പോയില്ലേ?

               ഞാന്‍ എങ്ങനെ പോകും. ഞാനും നീയും ഒന്നാണ്.
               നീ പൂര്‍ണ്ണമായും ഉപബോധത്തിലേക്ക് ലയിച്ചാല്‍ നമ്മള്‍ ഉറങ്ങും.

എന്നാല്‍ നമ്മുക്കൊരുമിച്ചു പോകാം?  

               ആയികൊട്ടെ! പക്ഷെ ഒന്നോര്‍ക്കണം..
               ഞാന്‍ എപ്പോഴും ഇവിടെത്തന്നെ ഉണ്ട്! നിന്റെയുള്ളില്‍!

ഞാന്‍ ഉറങ്ങി!

               ഞാനും! [ചിരിക്കുന്നു]

എനിക്കിപ്പൊ മരിക്കണം!

               അപ്പൊ ഉറങ്ങുന്നില്ലേ?  

ഇല്ല ഉറക്കം വരുന്നില്ല!

               എന്താ ഇത്ര പെട്ടെന്ന് മരിക്കണം എന്ന്!

ഇപ്പൊ അങ്ങനെ തോന്നുന്നു.

               എങ്ങനെ മരിക്കും?

വേദനയില്ലാതെ മരിക്കണം.

               വേദനയില്ലാതെ മരിച്ചാല്‍ നീ അറിയില്ല നിങ്ങള്‍ മരിക്കുകയാണോ എന്നത്?
               നീ ഉറങ്ങുകയാണ് ചെയ്യുക. പിന്നെ എപ്പോഴോ മരിക്കും.

പിന്നെ എങ്ങനെ മരിക്കണമെന്നാണ്?

               വേദനയറിഞ്ഞു മരിക്കണം.
               നരകത്തിലേക്കുള്ള പാത മുഴുവന്‍ വേദനയറിഞ്ഞു മരിക്കണം.
               രണ്ടു കത്തികള്‍ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പോലെ വേദന അറിയണം.
               കത്തിമുന ഹൃദയത്തിന്‍റെ മൃദുവായ അറ്റങ്ങളെ തിരയുന്നതുപോലെ തോന്നണം.
               മരണത്തെ ആസ്വദിക്കണം.

ഞാന്‍ രണ്ടുമൂന്നു തവണ ആലോചിച്ചിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ സ്പീഡ്‌ കൂട്ടും... ഒരു heavy crash! ഒരിക്കല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടാനും നോക്കി. പക്ഷെ എനിക്ക് പേടിയാണ് ചാടാന്‍. താഴെ പാര്‍ക്ക്‌ ചെയ്ത കാറിന്റെ മേലെയിങ്ങനെ ചോരയുറ്റി ചിതറിക്കിടക്കുന്ന എന്റെ ശരീരം. ഓര്‍ക്കാന്‍കൂടി പേടിയാവുന്നു. എനിക്കതിനുള്ള ധൈര്യമില്ല, എനിക്ക് പേടിയാണ്. ചാടിയാല്‍ ആദ്യം എന്റെ നെഞ്ചാവും കാറില്‍ തട്ടുക, പിന്നെ തല, പിന്നെ എന്റെ തുടകള്‍.. എല്ലുപൊട്ടി ചോരയൊലിക്കുന്ന എന്റെ കാലുകള്‍. എനിക്ക് പേടിയാണ്... എനിക്ക് ധൈര്യമില്ല!

               ചിന്തകളുടെ അമിതഭാരം..
               യാഥാര്‍ത്യങ്ങളുടെ ഉള്‍വിളി..
               മനസ്സില്‍ എന്നും മരണം എന്ന ചിന്തമാത്രമേയുള്ളോ നിനക്ക്?..
               എന്തിനാ ഈ ഒളിച്ചോട്ടം?

എന്തുചെയ്യാം.. ഈ ജീവിതം! എനിക്കൊന്നിലും ഇമ്പം തോന്നുന്നില്ല. പുതുതായി ഞാന്‍ ഒന്നും കാണുന്നില്ല. എല്ലായിടത്തും വിരക്തി. എല്ലായിടത്തും അരക്ഷിതാവസ്ഥ. വേറെയൊരു രക്ഷാമാര്‍ഗം ഞാന്‍ കാണുന്നില്ല.  മരണത്തിന്റെ കാണാക്കയങ്ങളില്‍ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇരുട്ട് മാത്രം.. ഞാനെന്ന ബോധത്തെ ഇട്ടുമൂടാനുള്ള ഇരുട്ട് മാത്രം.  വെളിച്ചമാണ്‌ ജീവിതം എന്നു ശഠിക്കുന്ന ജീവിതത്തെ എനിക്ക് പുച്ഛമാണ്.. മനുഷ്യന്റെ ത്വര, ആഗ്രഹം...  ആഗ്രഹത്തെ അടക്കി വെക്കാന്‍ ആവുന്നില്ല.. ഇപ്പൊനോക്കൂ.. നിങ്ങളായി ഞാന്‍ എന്നോട് തന്നെ സംസരിക്കുന്നതു ഞാനോ അതോ എന്റെ ദുരാത്മാവോ അതുപോലും എനിക്കറിയില്ല!

               അങ്ങനെയാണെങ്കില്‍ ജീവിത വിരക്തി ആനന്ദമാക്കുന്ന മരണത്തെ നീ പുതയ്ക്കുക.
               ആരോരുമറിയാതെ നീ ഇരുളില്‍ അലിഞ്ഞു ചേരുക.. ഒരു തണുത്ത മറവിയായി.
               നീ മരണത്തെ വെറും ഒരു സ്നേഹവായ്യ്പ്പുകൊണ്ട് തകര്‍ക്കരുത്,
               മരണം ഒരു യാത്രയാണ് ദൂരം കൂടുതലുള്ള യാത്ര!
               അതുകൊണ്ട് ഇപ്പൊ നീ ഉറങ്ങുക! സ്വപ്നങ്ങളെ പുണരുക.

നിങ്ങള്‍ ഭംഗിയായി സംസാരിക്കുന്നു.
തത്ക്കാലം ഞാന്‍ എന്റെ ബ്ലാങ്കറ്റ് പുതയ്ക്കട്ടെ! ഉറക്കം വരുന്നു.

               നിങ്ങളല്ല, നീ.. നമ്മള്‍!

ഞാന്‍ ഉറങ്ങി!

               ഉറപ്പാണോ?

ഉം!


2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

ഹരിണിയുടെ സ്വപ്‌നങ്ങള്‍ !


സ്വപ്നങ്ങളുടെ ആവനാഴിയിലെ ഓരോ വില്ലുകളും മേഘകെട്ടുകള്‍ക്കിടയിലൂടെ തുളഞ്ഞു പോവുന്ന നേരം, ചത്ത മെസ്സേജുകളെയും മെയിലുകളെയും ഉള്ളിലാക്കി വിങ്ങുന്ന ചൂടില്‍ എല്ലാം മറന്നു കിടന്നുറങ്ങുകയായിരുന്ന മൊബൈല്‍ഫോന്‍ നിലവിളിച്ചു.

ഹരിണിയാണ്, പാതിരാത്രിക്ക് എന്താണാവോ!

ഉറക്കച്ചടവില്‍ തന്നെ ഹലോ വച്ചു.

എന്താ ഹരിണി?

                    ഉറങ്ങിയോ?

ഇല്ല, കാബറെ കളിച്ചിരിക്കുകയാണ്!

                    ങേ!

ഉറങ്ങാതെ പിന്നെ! ഈ നട്ട പാതിരാക്ക് എന്താ?

                    അല്ല, ഞാന്‍ വെറുതെ...
                    ഉറക്കം വരുന്നില്ല അതോണ്ടാ!

ഉം!

                    അതേയ് നമ്മുക്ക് ഈ നിലാ വെളിച്ചത്തില്‍ ചുമ്മാ നടക്കാന്‍ പോയാലോ?
                    നിങ്ങള്‍ ബൈക്ക് എടുത്തു വരുമോ?

നാളെ ആഗസ്റ്റ്‌ രണ്ടു. ആഗസ്റ്റ്‌ രണ്ടിനു ഏപ്രില്‍ ഫൂള്‍ ഒന്നുമില്ലല്ലോ?

                    ഞാന്‍ കാര്യത്തിലാ,
                    ഈ നിലാവത്തിങ്ങനെ ഇറങ്ങി നടക്കാന്‍ തോന്നണു!

നിനക്ക് അശോകിനെ കെട്ടിപിടിച്ചോ, കെട്ടിമറിഞ്ഞോ കിടന്നുറങ്ങിക്കൂടെ പെണ്ണെ? ചുമ്മാ നാട്ടപാതിരാക്ക് ഓരോ പ്രാന്തും പറഞ്ഞു വിളിച്ചോളും.

അങ്ങേത്തലയില്‍ ഒരു നിശബ്ദത, എന്റെ ഉറക്കം വരുന്ന കണ്ണുകളും ഉറക്കത്തെ പിടിച്ചു നിര്‍ത്തുന്ന മനസ്സും തമ്മില്‍ സമരം നടത്തുന്നതിടയില്‍ ആ നിശബ്ദതയങ്ങനെ കാടുപിടിച്ചു കിടന്നു. പലപ്പോഴും എന്റെ കണ്ണുകള്‍ തുറന്നിരിക്കുമ്പോള്‍ മനസ്സിനു ഉറങ്ങണം, മനസ്സ് തുറക്കുമ്പോള്‍ കണ്ണിനു ഉറങ്ങണം. ഇതിപ്പോ!

ഹരിണീ.. [നീട്ടി വിളിച്ചു]

                    അശോക്‌ ഉറങ്ങി, കൂര്‍ക്കം വലിച്ചുറങ്ങുന്നു.. നിങ്ങള്‍ കേള്‍ക്കുന്നില്ലേ.

ആ വേറിട്ട ശബ്ദത്തില് എന്തോ നിരാശകലര്‍ന്ന പോലെ തോന്നി. നിരാശയില്‍ തണുത്ത നിശ്വാസങ്ങളും പതുക്കെ ചലിക്കുന്ന അവളുടെ ചുണ്ടുകളും കൂട്ടിയിടിച്ചാല്‍ ഉണ്ടായെക്കുന്ന വിസ്ഫോടനങ്ങള്‍ എന്റെ മനസ്സിനെ നോവിപ്പിച്ചു. എന്റെ ഉറക്കം വരുന്ന കണ്ണുകള്‍ സമരം നിര്‍ത്തി.

ഉം. ഞാനും ഒന്ന് മൂളി.

                    നിങ്ങള്ക്ക് ഉറക്കം വരുന്നുന്നെനിക്കറിയാം , എന്നാലും ഞാന്‍ ബുദ്ധിമുട്ടിക്കും.

ഹി, ഹി.. എന്റെ ചിരി.
ഹരിണി പറ. എന്റെയുറക്കം പോയി.

                    ശരിക്കും?

ഉം. എന്റെ മൂളല്‍.

                    സത്യത്തില്‍ ഞാനൊരു സ്വപ്നം കണ്ടെണീറ്റതാ.. ഒരു ഉള്‍വിളിയുള്ള സ്വപ്നം. ഇങ്ങനൊന്നും കാണാത്തതാ. പിന്നെ ഉറക്കം വന്നില്ല. അതാ.

ഈ സ്വപ്നത്തിനു ഈ നേരത്ത് തന്നെ തല വെക്കണം ന്നു നിനക്ക് നല്ല നിര്‍ബന്ധം ഉണ്ടോ?

                    ഉം. ഉണ്ട്!

ശരി, എന്നാ പറ.

                    ഇല്ല, നിങ്ങള്‍ പോയി കിടന്നോ, ഞാനും ഉറങ്ങാ!
                    സോറി!

ദേഷ്യം? പരിഭവം? ഇതിലേതാ.. നീ പറ ഹരിണി. ഞാന്‍ കേള്‍ക്കാം

                    സത്യം?

ഉം. എന്റെ മൂളല്‍.

                    ദിനോസോറുകള്‍ റോഡിലൂടെ  ഓടുകയായിരുന്നു, നമ്മടെ ടൈടല്‍ പാര്‍ക്കിലെ ബില്‍ഡിംഗ്‌ന്റെ ഒക്കെ ഇടയിലൂടെ, ബാങ്ക് റോഡിലെ ബില്‍ഡിംഗ് ഒക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു, അതിന്റെയൊക്കെ  ഇടയിലൂടെ ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. ദിനോസോറുകളും, ആഫ്രിക്കന്‍ ആനകളും ഓടുന്നതിന്റെ ഇടയിലൂടെ ഞാന്‍...

നിര്‍ത്ത്, നിര്‍ത്ത്, ഇതെന്തു ഹോളിവുഡ്‌ സ്വപ്നമോ?

                    ഞാനൊന്ന് പറയട്ടെ മുഴുവന്‍ കേള്‍ക്കു.

ഒകെ, പറയൂ.

                    നിങ്ങളും ഉണ്ട് ഇതീ.

എന്നാ കാര്യായിട്ട് തന്നെ പറ, ഞാന്‍ കേട്ടോളാം.

അവള്‍ വീണ്ടും ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി...

                    ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. എവിടേക്കെന്നില്ലാതെ. വീണ്ടും ഓടുന്നു. ഇടിഞ്ഞു വീഴുന്ന നഗരങ്ങള്‍ കഴിഞ്ഞു, കൊയ്ത്തു നിര്‍ത്തി വീട്ടിലേക്കു മടങ്ങുന്ന ചെറിയ ചിന്തകള്‍ പേറുന്ന മനുഷ്യര്‍ ജീവിക്കുന്ന ചെറിയ ഗ്രാമങ്ങള്‍ താണ്ടി ഓടി. ഓടി തീരത്ത കാടുകളായി പിന്നെ, അത് കഴിഞ്ഞപ്പോള്‍ കയറാന്‍ ബുദ്ധിമുട്ടുള്ള കല്ലിന്‍ കൂട്ടങ്ങള്‍ മുളച്ച മലകളായി, എന്നിട്ടും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല, ഓടി ഓടി അവസാനം ഞാന്‍ ഒരു പരന്ന ഭൂപ്രദേശത്തു എത്തി.  അവിടെ നീല വിരിച്ച  തടാകവും അതിനടുത്തു ഒരു വടിയും കുത്തി പിടിച്ചു നിങ്ങളും.

                    നീണ്ട നിര വീണ, ചെമ്പിച്ച താടിയൊക്കെ വച്ച് നിങ്ങള്‍,  നിങ്ങളൊരു ബ്രൌണ്‍ നിറമുള്ള കമ്പിളി പുതപ്പ് പോലെ ഉള്ള എന്തോ ചുറ്റിയിരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും തണുക്കുന്ന പോലെ തോന്നി. നിങ്ങടെ മുഖത്ത് ചിരിയായിരുന്നു അപ്പോഴും. എല്ലാരേയും മയക്കി നിര്‍ത്തുന്ന ആ നിഗൂഢതയുള്ള വന്യമായ ചിരി. നിങ്ങള്‍ എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ചുണ്ട് വലിഞ്ഞു ചിരിച്ചു നിന്നു.  കുറെ നേരം ഞാന്‍ നിങ്ങളെ നോക്കി നിന്നിരുന്നോ, അറിയില്ല. എന്തായാലും തൊണ്ട വരണ്ട എനിക്ക് കൈ കുമ്പിളില്‍ വെള്ളം കോരി തന്നു നിങ്ങള്‍ എന്നെ വീണ്ടും അത്ഭുതപെടുത്തി. ഒന്നും പറയാതെ നിങ്ങള്‍ നടന്നപ്പോള്‍ ഞാന്‍ നിങ്ങളെ പിന്തുടര്‍ന്നു. ഒന്നും മിണ്ടാതെ നടക്കുന്ന നിങ്ങളോട് ഞാന്‍ ഭ്രാന്തമായി സംസാരിക്കയായിരുന്നു. ഇതേ പോലെ മൂളിയും ചിരിച്ചും നിങ്ങള്‍ അതൊക്കെ കേട്ട് എന്നെ ദൂരെ ഒരു കുന്നിന്‍ ചെരുവിന്റെ അടുത്തുള്ള കൂരയിലേക്ക്കൊണ്ട് പോയി.

അത്രയും പറഞ്ഞു അവള്‍ നിര്‍ത്തി, അവളിപ്പോള്‍ തുടരും എന്ന് കരുതി ഞാനിരുന്നു. പിന്നെ ഒന്നും കേള്‍ക്കാത്തപ്പോള്‍  അക്ഷമനായി.

എന്നിട്ട്?

                    അത്രേ ഒള്ളൂ.
                    ഇന്നിത്ര മതി ഇനി നിങ്ങള്‍ പോയി കിടന്നുറങ്ങിക്കോളൂ.

എനിക്ക് ദേഷ്യം വന്നു.

ഇതൊരു മാതരി മറ്റേ ഏര്‍പ്പാടായി.
നാട്ടപാതിരാക്ക് വിളിച്ചുണര്‍ത്തി ദിനോസോറും, ടൈടല്‍ പാര്‍ക്കും, നിനക്ക് വേറെ പണിയില്ലേ ഹരിണി. അവിടെ വെച്ചു നിന്നെ ഞാന്‍ ബാലസംഘം ചെയ്തന്നോ,അല്ലെങ്കി ഞാന്‍ നിന്നെ സ്നേഹിച്ചു ന്നോ വല്ലോം പറയണ്ടേ. ഹിഹി.

അവള്‍ മൗനത്തിലേക്ക് തിരിച്ചു പോയി, എന്റെ ഉറക്കവും പോയി,ഞാനൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി ഊതി വിട്ടു. ഇതെനിക്ക് അവള്‍ സ്വപ്നം കണ്ട പോലെ തോന്നിയില്ല, അവളുടെ സ്വപ്ന ഗര്‍ഭത്തില്‍ നിന്ന് ഒരു ചെറിയ ആശയ സ്വപ്നത്തെ ചോരയോടെ പുറത്തെടുത്തു  മസാല കൂട്ടുന്നത്‌ പോലെ എന്നെയും കൂട്ടി ചെറിയ ഹൈക്കൂ കഥ പറഞ്ഞ പോലെ തോന്നി.  അവളുടെ സിഗ്മണ്ട്ഫ്രോയ്ഡ് അനാലിസിസ്‌ സിണ്ട്രോം എപ്പോഴും ഇങ്ങനെയാണ്, ക്ഷീണിച്ച  പകലിന്റെ നിറത്തില്‍  പോലും ഇതേ പോലെ സങ്കല്പ്പിക്കാന്‍ കഴിയാത്ത സെല്‍ ബേസ്ഡ് ഡ്രീംസ് കാണും. എന്നിട്ട് അതിനെ  കീറി മുറിച്ചു ഗവേഷണം നടത്തും. അതിനു നിരത്തുന്ന വര്‍ണ്ണങ്ങളും വര്‍ണ്ണനകളും, അവളൊരു ജീനിയസാണ്. സ്വപ്നങ്ങളുടെ  ജീനിയസ്!

ഹരിണിയും  അശോകും ലിവിംഗ് ടുഗതറാണ്. കോളേജില്‍ വച്ചുള്ള പരിചയം മുതല്‍ അവര്‍ കാമ്പസ്‌ ഇന്റര്‍വ്യൂലൂടെ കിട്ടിയ ജോലിയിലും താമസത്തിലും ഒരുമിച്ചു തന്നെ. അവരുടെ ഇടയില്‍ പ്രണയമാണോ കാമാമാണോ അതോ വേറെയെന്തെലുമാണോ എന്ന്ഇത് വരെ ചോദിച്ചിട്ടില്ല. തികച്ചും പോസിറ്റിവ് ആയിട്ടുള്ള ഒരാളാണ് ഹരിണി. പ്രൊജക്റ്റ്‌ ആയാലും പേര്‍സണല്‍ ആയാലും. അശോകിന്റെയും എന്റെയും കൂടെ ഒരുമിച്ചു എല്ലായിടത്തും ഞങ്ങളുടെ ബാലസ്വഭാവമായ എല്ലാ തമാശകളിലും പങ്കുചേരുന്നവള്‍.

സ്വപ്‌നങ്ങള്‍ കാണാനും അവയെ അപഗ്രഥിച്ച് നിരൂപിക്കാനും ഇഷ്ടപെടുന്ന ഒരു വ്യക്തി. കാണാനിത്തിരി ചന്തം കുറവാണെങ്കിലും ഔട്ട്‌ഫിറ്റും വ്യക്തിത്വവും കൊണ്ട് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ ഒരു മനുഷ്യജീവി. പുതിയ പ്രൊജക്റ്റില്‍ രണ്ടു പുതിയ കാമ്പസ്‌ റിക്രൂട്ട് വരുന്നുന്നു പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് അടുത്ത സുഹൃത്തുക്കളാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാത്തിനും എനിക്ക് പറ്റിയ ജാഡയില്ലത്ത, എന്റെ വൃത്തികെട്ട തമാശകള്‍ ആസ്വദിക്കുന്ന രണ്ടു പേര്‍.

ഹരിണിയുടെ ഇത്തവണത്തെ മൌനം വല്ലാതെ  നീണ്ടു പോയി. എന്റെ ആ ബലാല്‍സംഘം ചെയ്തു എന്നുള്ള ചോദ്യം അബദ്ധമായോ? ഏയ്‌, ഇല്ല അതൊന്നും അവള്‍ക്കു പുത്തരിയല്ല.

ഹരിണി. ഞാന്‍ പതിയെ വിളിച്ചു.
ഇയാളുറങ്ങിയോ? എന്നെ സ്വപ്നം കേള്‍ക്കാന്‍ വിട്ടു നീയിതെവിടെപ്പോയി?

                    ഉം. ഞാനിവിടുണ്ട്!

കഴിഞ്ഞോ? ദിനോസോറും, ആനകളും?

                    ഇല്ലാ, ബാക്കി പറയട്ടെ?

എന്തോന്ന് ചോദിക്കാന്‍, നീ പറ പെണ്ണെ!

പിന്നെ അവള്‍ പറഞ്ഞു. ഒരന്നൊന്നര പറച്ചില്‍! എന്റെ കട്ടയും ബോര്‍ഡും മടക്കിയ പറച്ചില്‍!

                    ഓക്കേ, എന്നെ ആ കൂരയിലേക്ക് കൊണ്ട് പോയി. കീറത്തുണി തണല്‍ വിരിച്ച ആ കൂരയിലെ ഒരു കയറു കട്ടിലില്‍ കാണിച്ചു തന്നു. ഞാന്‍ കിടന്നിരുന്നോ? പക്ഷെ ഞാന്‍ ഉറങ്ങി പോയിരുന്നു. രാത്രിയായിരിക്കുന്നു, ഇരുട്ടിന്റെ നേരിയ കനം മാത്രം. നിലാവുണ്ട്. കീറത്തുണിക്കിടയിലൂടെ പകുതി തെളിഞ്ഞ ആകാശം കാണാം.ഞാന്‍ കിടക്കുന്ന കട്ടിലിന്റെ താഴെ നിങ്ങള്‍ കൂര്‍ക്കം വലിച്ചു ചുരുണ്ട് കിടക്കുന്നു. ഞാന്‍ കുറെയധികം സമയം എന്തോ ആലോചിച്ചു ഇരുന്നു. പിന്നെ പെട്ടെന്ന് എണീറ്റ്‌ നിങ്ങളുടെ അടുത്തു വന്നു കിടന്നു. കീറത്തുണിക്കിടയിലൂടെ കാണുന്ന തെളിഞ്ഞ ആകാശത്തു  വലിയ നക്ഷത്രങ്ങള്‍ പാഞ്ഞു പോയി, ഇടയ്ക്കു നിങ്ങളുടെ കൂര്‍ക്കം വലിയുടെ താളങ്ങള്‍ താരതമ്യപെടുത്തി. ചരിഞ്ഞു കിടക്കുന്ന നിങ്ങളുടെ നിഷകളങ്കമായ മുഖം ഞാന്‍ ഇടക്കിടക്കു നോക്കി. ആപ്പോഴും എന്റെ മനസ്സില്‍ ഭ്രാന്തമായി എന്തോ കിടന്നു മറിയുകയായിരുന്നു,

                    ഉറങ്ങുന്ന നിങ്ങളെ വിളിച്ചുണര്‍ത്തി ഞാന്‍ പെട്ടെന്നു ചോദിച്ചു.
 
                                         "എനിക്ക് ഇത്തിരി സ്നേഹം വേണം"

                    പകുതി എണീറ്റിരുന്നു നിങ്ങള്‍ ഒരറ്റത്തെക്ക് കൈ ചൂണ്ടി കാണിച്ചു. കയറു കട്ടിലിന്റെ അടുത്തായി ഉയരത്തില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്ന മണ്‍കലം. പക്ഷെ ഞാന്‍ ഭ്രാന്തമായി എന്തോ പുലമ്പുകയായിരുന്നു.

                                        "വെള്ളമല്ല!  എനിക്ക് സ്നേഹം വേണം "

നിങ്ങളെന്റെ മുഖത്തേക്ക് നിസ്സംഗതതയോടെ നോക്കിയിരുന്നു.

                                        "എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, ഈ നിലാവ് തൂവിയ രാത്രി മുതല്‍  എന്റെ എല്ലാ രാത്രികളും നിങ്ങള്ക്ക് വേണ്ടി തുറന്നിടണം, ഇതു വരെ കൂമ്പാത്ത ഈ മുലകള്‍ക്കിടയിലെ ഇരുട്ടില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി ഒളിപ്പിക്കാം, ഡേവിഡ്‌ഓഫിന്റെ മണമുള്ള നിങ്ങളുടെ നിശ്വസങ്ങളെ എനിക്ക് താലോലിക്കണം, കൈതപ്പൂമണത്തില്‍ ഇഴയുന്ന എന്റെ മുടിചാര്‍ത്തിലെ ഓളങ്ങളില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി സ്വതന്ത്രനാക്കാം. എന്റെ ചുണ്ടുകളുടെ ഇടയില്‍ വീര്‍പ്പു മുട്ടുന്ന സ്വകാര്യങ്ങള്‍ നിങ്ങള്‍ക്കായി എന്നും പറഞ്ഞുതരാം, എന്റെ സ്വപ്നങ്ങളെ മുഴുവന്‍ നിങ്ങള്ക്ക് സ്വന്തമായി തരാം,  എന്റെ രാത്രികള്‍ നിങ്ങള്‍ക്കായി ഞാന്‍ തുറന്നിടാം, എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, എനിക്ക് സ്നേഹം വേണം, സ്നേഹം..."

                    ഇതെല്ലം കേട്ട നിങ്ങള്‍ എന്റെ വായ പൊത്തി, നമ്മള്‍ ഭാവമാറ്റമില്ലാതെ മുഖത്തോട് മുഖം നോക്കിയിരുന്നു,   കുറച്ചു കഴിഞ്ഞു ആ രാത്രിയിലേക്ക് മുഴുവനെന്നോണം ഉറക്കത്തിലേക്ക് എന്നെ അമര്‍ത്തി കിടത്തിയുറക്കി. അപ്പോഴും രണ്ടു മൂന്നു നക്ഷത്രങ്ങള്‍ ആകാശത്തിലൂടെ പാഞ്ഞു പോയിരുന്നു. പിന്നെ മൊത്തം മിന്നി മറഞ്ഞ ചില കാഴ്ചകള്‍. ഇരുട്ട് മൂടിയ എന്റെ ദേഹത്ത് കൈ വച്ച് നിങ്ങളെന്നെ കെട്ടിപിടിച്ചു കിടന്നു.

                    കഴിഞ്ഞു. ഇത്രേ ഒള്ളൂ.

ഉം. ഇത് പോരെ? ഇതീ കൂടുതല്‍ ഇനി എന്ത് വേണം?

                    [അവള്‍ ചിരിക്കുന്നു] ഇതെല്ലാം കൂടെ ആയപ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അതാ ഈ നേരത്ത് തന്നെ വിളിച്ചത്. ഇത് സ്വപ്നമാണോ അതോ എന്റെ മനസ്സിന്റെ തന്നെ വേറിട്ട ഭാവങ്ങളാണോ എന്നെനിക്കറിയില്ല.    എനിക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് ഈയിടയായി.ഇതോരു സ്വപ്നമായി മാത്രം ഒതുങ്ങുന്നില്ല, പുറമെയുള്ള ഞാന്‍ അവസാനിക്കുന്നിടത്തു  നിന്നും ഉള്ളിലെ ഞാനെന്ന സ്ഥായി ഭാവം തുടങ്ങുന്ന വികാരങ്ങളെ ചൂഷണം ചെയ്യാന്‍ മാത്രം പോന്നവയാണ് ഇതിലെ കാഴ്ചകളും എന്റെ സംസാരങ്ങളും.  ഇത് നിങ്ങളോട് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സില്‍ കുറ്റബോധം തോന്നും, നാളെ നിങ്ങളെ കാണുമ്പോള്‍ എനിക്കറിയില്ല, നിങ്ങളോട് എനിക്ക് സംസാരിക്കാന്‍ തോന്നില്ലായിരിക്കാം. അതാ ഈ നേരത്ത് തന്നെ നിങ്ങളെ വിളിച്ചു പറഞ്ഞത്. ക്ഷമിക്കണം.

അവള്‍ ഫുള്‍ സ്റ്റോപ്പിട്ട് നിര്‍ത്തി, ഞാന്‍ ആകെ വിഷന്ണ്ണ്‍നായിപ്പോയി . എന്ത് പറയണം, എങ്ങനെ പറയണം. സത്യത്തില്‍ ഞാന്‍ ചൂളിപ്പോയി. അവളുടെ  ഇമ്മാതിരി ഒരു  സ്വപ്നം ആദ്യമായിട്ടാണ്. ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി ഓടിയ അവള്‍ സ്വപ്നത്തിനു പുറത്തു എന്റെ വായ മൂടിപൊത്തിയപോലെയായി. പല  സ്ത്രീകളെയും കാന്തികമായി മോഹിപ്പിച്ചു അവരുടെ മനസ്സില്‍ ആത്മവഞ്ചനയുടെ ദുഖങ്ങള്‍ കുത്തി നിറക്കുന്ന ഒരു കഴിവ് എനിക്കുണ്ട്, പക്ഷെ ഇതിവള്‍ എനിക്കിട്ടു പണിതന്ന പോലെയായി. ഇങ്ങനെയൊരു സ്വപ്നത്തിന്റെ ചതി ഇവളില്‍ നിന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നല്ല സ്വപ്നം ഹരിണീ, ഇത്രയും നാള്‍ കേള്‍ക്കാത്ത പുതുമയുള്ള സ്വപനം. നിന്റെ പ്രേമ ഭാവങ്ങള്‍ മുഴുവന്‍ നിഴലിക്കുന്ന സ്വപ്നം. സത്യത്തില്‍ ഏതൊരു കാമുകനും ആഗ്രഹിക്കാന്‍ പോന്നവണ്ണം റൊമാന്‍സ് കുത്തിയോഴുകുന്ന കാഴ്ചകള്‍. സത്യത്തില്‍ ഞാന്‍ തരിച്ചിരുന്നു പോയി. ദിനോസോറും, ആനകളും, പ്രണയവും ഒക്കെയുള്ള ഒരു വത്യസ്ത സ്വപ്നം. എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

                    വേണമെങ്കില്‍ നിങ്ങളെ മാറ്റി അശോകിന്റെ പേര് വച്ച് പറയാമായിരുന്നു. പക്ഷെ അതിന്റെ ഫീല്‍ നഷ്ടപെടും ന്നു കരുതി. നാളെ ആയാ എന്തോ ചിലപ്പോ ഞാന്‍ കണ്ടത് കണ്ട പോലെ പറയില്ല. നിങ്ങള്‍ അറിയണം എന്ന് തോന്നി. അതാ ഈ രാത്രിയില്‍ തന്നെ പറഞ്ഞത്.

ഉം. നന്നായിരിക്കുന്നു.

                    എന്നാ, നിങ്ങള്‍ പോയി കിടന്നോളിന്‍, കുറെ സമയം എനിക്ക് വേണ്ടി ഉറക്കമൊഴിച്ചതില്‍ നന്ദിയുണ്ട്. ഞാന്‍ ഉറങ്ങട്ടെ! ഗുഡ് നൈറ്റ്‌‌!

അപ്പോള്‍ നടക്കാന്‍ പോണ്ടേ? ഞാന്‍ ബൈക്ക് എടുത്തു വരാം.

 [ചിരിക്കുന്നു] ഇന്ന് വേണ്ട! ഇന്ന് നമ്മള്‍ നടക്കാന്‍ പോയാല്‍ നിങ്ങള് ബുദ്ധി മുട്ടും, ഇന്ന് ഞാന്‍ അശോകിന്റെ ഹരിണിയല്ലാന്നു തോന്നുന്നു.
 നമ്മുക്ക് വേറെഒരുദിവസം പ്ലാന്‍ ചെയ്തു ഇറങ്ങാം, അശോകിനെയും കൂട്ടാം.

ഉം,ഓക്കേ, ന്നാ ചെല്ല്, സ്ലീപ് ടൈററ്, ഗുഡ് നയിറ്റ്‌!

അവള്‍ ഫോണ്‍ കട്ട് ചെയ്തു, അവളോട്‌ ഇനിയും കൂടുതല്‍ നേരം സംസാരിചിരിക്കാന്‍ തോന്നി, അവള്‍ അവളുടെ സ്വപ്നങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഞാനൊരിക്കലും എന്റെ സ്വപ്നങ്ങളിലെ മേഘകെട്ടുകളെയോ, ദൈവത്തിന്റെ പഞ്ഞിപോലുള്ള കാരുണ്യത്തിന്റെ മറുകുകളോ പരാമര്‍ശിച്ചിട്ടില്ല. മിക്കവാറും അവളുടെ സ്വപ്നങ്ങളിലെ വന്യത കലര്‍ന്ന കാഴ്ചകളും, ഇത് വരെ എനിക്ക് തോന്നാത്ത ആശയങ്ങളും ആസ്വദിച്ചിരിക്കും. പക്ഷെ ഈ സ്വപ്നം ഇത് എന്നെ പൂര്‍ണ്ണമായും എരിച്ചിരിക്കുന്നു. ഇതിലെ അവളുടെ നായകനോ അശോകിന്റെ പ്രതിനായകാനോ ഞാനാണ്. ഒറ്റപെട്ട ദിവസങ്ങളില്‍ എപ്പോഴെന്കിലും മനസ്സിന്റെ ഏതെങ്കിലും ഞാനവളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവും!

സത്യത്തില്‍ കാത്തിരിന്നിരുന്നോ?
വേണ്ട! എന്തിനു ഞാന്‍ വീണ്ടും സ്വയം വഞ്ചിക്കപ്പെടണം.

ഞാന്‍ മറ്റൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി പുകയൂതി വിട്ടു, കഴിഞ്ഞ ബര്‍ത്ത്ഡേക്ക് അവള്‍ സമ്മാനിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ബുക്ക്‌ ഷെല്‍ഫില്‍ എവിടെയോ ഉണ്ട്. ഇനി അത് തിരഞ്ഞു തപ്പിതടഞ്ഞു വീഴാം. ഇന്നത്തെ ഉറക്കത്തെ മറക്കാം.

അന്നത്തെ നിലാവ് തൂവിയ മാനത്ത് ഇത്തിരി വലിയ നക്ഷത്രങ്ങള്‍ അപ്പോഴും പാഞ്ഞു പോയി കളിച്ചു.


2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

കഥയില്ലാത്തവരുടെ കഥകള്‍ !


മേഘങ്ങള്‍ക്കിടയിലൂടെ ബൈക്കോടിക്കുമ്പോള്‍ എന്റെ എകാഗ്രതക്കുമേല്‍ ചാരിവെച്ചിരുന്ന അവളുടെ അമ്മിഞ്ഞയുടെ ഭാരംകൊണ്ട് ഞാന്‍ വളഞ്ഞിരുന്നു. അവളെന്നെ പിന്നില്‍നിന്ന് ഒട്ടിയമര്‍ന്നു ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.

അവളുടെ താടിയെല്ല് എന്റെ തോളില്‍ അമര്‍ത്തിയും എടുത്തും എന്തോ പേരിടാത്ത ആത്മസുഖം അനുഭവിക്കുന്നതായി തോന്നി.

മേഘക്കെട്ടുകള്‍ക്കിടയിലൂടെ താഴെക്കാണുന്ന അവലോസ് പാടങ്ങളും, തേക്കിന്‍ കാടുകളും കണ്ടപ്പോള്‍ ഞാനിത്തിരി റൊമാന്റിക്‌ ആയി. ഞാന്‍ അവളോട്‌ അവളുടെ മനസ്സിളക്കാന്‍ ചോദിച്ചു.

"നിനക്കറിയ്യോ എനിക്ക് നിന്നോട് എത്ര സ്നേഹം ഉണ്ടെന്ന്?"

             "ഉം"

തിരിച്ചൊരു മൂളല്‍ മാത്രം. അതെനിക്കറിയാമായിരുന്നു, ആ മൂളല്‍ മാത്രെമേ ഉണ്ടാവൂ എന്ന്. പിന്നെ അവളെന്നോട് പറഞ്ഞു.

              "നിനക്കറിയില്ലേ ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ലാന്ന്"

ഞാന്‍ ചിരിച്ചു. അവളൊന്നുകൂടി അമ്മിഞ്ഞ പുറകിലമര്‍ത്തി എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ഞാന്‍ ഒന്നൂകൂടി വളഞ്ഞ് ഇരുന്നു. താടിയെല്ല് അമര്‍ത്തിയും എടുത്തും അങ്ങനെ. ബൈക്ക്  മേഘങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും അങ്ങനെ എങ്ങോട്ടോക്കെയോ പോയി.

----------------------

സമയം പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവളെന്റെ നെഞ്ചില്‍ തലവെച്ച് ഉറങ്ങുന്നു.

അവളെ തട്ടിയെണീപ്പിച്ചു.

"അതെ! ഇപ്പൊ ഇറങ്ങിയില്ലേല്‍ എനിക്കെന്റെ KLM മിസ്സ്‌ ആവും."

മനസ്സിലാമനസ്സോടെ അവളെണീറ്റു. പിന്നെ ധൃതിയില്‍ എയര്‍പോര്‍ട്ടിലെക്ക്.

ബോര്‍ഡിംഗ് വാങ്ങി വന്നപ്പോഴേക്കും അവള്‍ അക്ഷമയായി കാത്തിരിക്കുന്നുണ്ടായിരുന്നു.

              "ഇയാള്‍ക്കിപ്പത്തന്നെ പോണോ, ഒരു പത്തു മണിക്കൂര്‍ കഴിഞ്ഞു പോയാപ്പോരെ?"

എനിക്ക് ചിരി വന്നു. ഒരു നിമിഷം നിര്‍ത്തി അവള്‍ തുടര്‍ന്നു.

              "ഐ മീന്‍ നെക്സ്റ്റ് ഫ്ലൈറ്റിനു പോയാപ്പപ്പോരെന്ന് ‍"

"നെക്സ്റ്റ് ഫ്ലൈറ്റിനു പോയാല്‍ എനിക്കെന്റെ പെരുന്നാള്‍ മിസ്സാവും"

അവളെന്തെലും പറയുന്നതിനുമുമ്പ് ഞാനവളുടെ ഇരുകവിളത്തും അമര്‍ത്തി ഉമ്മവെച്ചു. അവള്‍ക്കതില്‍ സന്തോഷമോ ദുഖമോ എന്നല്ല പ്രത്യക ഭാവ വത്യാസമൊന്നും ഉണ്ടായിരുന്നില്ല.

"തിരിച്ചൊരു ഉമ്മകിട്ടാനുള്ള വല്ല വകുപ്പുമുണ്ടോ? നീയിതെന്നും വാങ്ങാന്നല്ലാതെ എന്നെലും തിരിച്ചു തന്നിട്ടുണ്ടോ? "

              "എനിക്കിതിന്റെയൊന്നും അവശ്യമില്ലല്ലോ, ഞാനൊന്നും ഇയാളോട് ചോദിച്ചിട്ടും ഇല്ല, പിന്നെന്താ! "

ഞാനും മൌനം അവലംബിച്ചു. ഇതുതന്നയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതും. കൂടുതലൊന്നും അവള്‍ മിണ്ടില്ല, പറയില്ല, സമ്മതിക്കില്ല. എല്ലാം ഞാന്‍ പറയണം, കൊടുക്കണം. അവള്‍ ചുമ്മാ ആത്മരതിയില്‍ മുങ്ങിക്കളിച്ച് അങ്ങനെയിരിക്കും.

              "ഇനി ഇയാള്‍ ഒന്നരമാസം കഴിഞ്ഞേ വരൂ അല്ലെ?"

"ഉം" ഞാന്‍ മൂളി.

              "ഇനി വരുമ്പോ എനിക്കൊരു കഥ പറഞ്ഞു തരണം, ഇതുവരെ വേറെ ആരോടും പറയാത്ത കഥ, സ്വപ്നങ്ങളുടെയും മേഘങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവരുടെ കഥ! കഥയില്ലാത്തവരുടെ കഥകള്‍ "

"ഉം" ഞാന്‍ പിന്നേം മൂളി.

ഞാന്‍ കഥ പറയാറുണ്ട്‌. എന്റെതന്നെ കഥകള്‍, ഉള്ളതും ഇല്ലാത്തതും വെച്ചുള്ള കഥകള്‍. പക്ഷെ ഇവളോട് ഞാനൊരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല. എന്നിട്ടും ഇവളെങ്ങനെ ഇതെല്ലാം. എന്നെ അടുത്തറിയുന്ന ആരേലും പറഞ്ഞു കാണുമോ, എനിക്ക് അതിന്റെ പിന്നാലെ പോവാന്‍ സമയമില്ലായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തുക എന്നതായിരുന്നു മനസ്സില്‍. ചിന്തകള്‍ക്ക് വേലികെട്ടി വരുമ്പോഴേക്കും എന്റെ ബോര്‍ഡിംഗ് അനൌണ്സ്മെന്റ് വന്നു.

"ഞാന്‍ പോവട്ടെ" എന്ന് പറഞ്ഞതെ ഒള്ളൂ.

തിരിച്ചു നടന്നു അവള്‍ ആക്കൂട്ടത്തില്‍ മറഞ്ഞിരുന്നു. ഉച്ചത്തില്‍ പേര് വിളിച്ചാലും അവള്‍ അവള്‍ കേള്‍ക്കില്ല. ഇനി കേട്ടാലും അവള്‍ തിരിഞു നോക്കുകയോ കൈവീശുകയോ ചെയ്യില്ല. ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ അവളെ വിളിക്കാന്‍ തോന്നി, വിളിച്ചില്ല. എളുപ്പത്തില്‍ ഒരു SMS അയച്ചു.

"will miss U, as i said i dont know... kisses"

അതിനു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല, കാരണം അതിനു മറുപടിയില്ല. എനിക്ക് സന്ദേഹങ്ങളും ഇല്ല! ഈ സൌഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ഒരു വന്യതയുണ്ട് അതായിരുന്നു അവള്‍. അവളെ മൌനങ്ങളിലും നോട്ടങ്ങളിലും വാക്കുകളിലും നിഴലിക്കുന്ന നിസ്സംഗഭാവങ്ങളില്‍ എന്തോ ഉണ്ട്, ഞാന്‍ എന്നെ തേടുന്ന വഴികളില്‍ മറന്നു വെച്ച എന്തോ ഒന്ന്.

as i said, i dont know what is that!


2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

മറന്നുപോയി



നിങ്ങള്‍ എല്ലാവരെയും മറന്നിരിക്കുന്നു!
നിങ്ങള്‍ സ്നേഹിച്ചിരുന്നു എന്നു പറഞ്ഞവരെ!
നിങ്ങള്‍ സത്യമായി സ്നേഹിച്ചവരെയും..
നിങ്ങളെ സത്യമായി സ്നേഹിച്ചവരെയും..

എന്റെ അറിവില്‍ എന്നെയായിരുന്നു അവസാനം നിങ്ങള്‍ മറന്നത്. മതിയാംവണ്ണം നിങ്ങള്‍ എന്നെയും മറന്നു തുടങ്ങുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ മറഞ്ഞിരുന്നു കണ്ടതെല്ലാം നിങ്ങളുടെ നിഴലുകളെയായിരുന്നു. നിങ്ങളുടെ ചുണ്ടുകള്‍ വേര്‍പെടുന്ന നേരം ഞാന്‍ മരിച്ചിരുന്നു.



2012, ജൂൺ 20, ബുധനാഴ്‌ച

നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?


ആത്മമിത്രം, അത് ആണുമാവം പെണ്ണും ആവാം. ആത്മമിത്രത്തെ കണ്ടെത്തിയാല്‍ ശരാശരി മനുഷ്യര്‍ക്ക്‌ അവരോടോന്നിച്ചു ജീവിക്കാന്‍ തോന്നും. എല്ലാവര്‍ക്കും അതുതന്നെയാണ് വേണ്ടതും, പക്ഷെ അങ്ങനെയല്ല വേണ്ടത്. ആത്മമിത്രം പലപ്പോഴും നമ്മളെത്തന്നെ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നവരാണ്. നമ്മളെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവരും, പ്രായോഗിഗ കാലഘട്ടങ്ങളില്‍ ഏതു കാര്യത്തിലും നമ്മളെ അവര്‍ അനുനിമിഷം പിന്തുടരുകയും ചെയ്യുന്നു. അത് സന്തോഷത്തില്‍ നമ്മളെ ആത്മാവിലെക്ക് ഇറക്കുകയും , ദുഖത്തില്‍ നമ്മള്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്യുന്നു.

ഒരു ആത്മമിത്രം നമ്മള്‍ ജീവിതത്തില്‍ കണ്ടെത്തുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിയാവാം, പക്ഷെ അവരുമായി ജീവിതം പങ്കിടുക എന്നത് വിഡ്ഢിത്തരം മാത്രമാണ്. നമ്മള്‍ ആത്മമിത്രങ്ങളെ കണ്ടെത്തുന്നത് നമ്മളിലെ നന്മയെയേയും, സന്തോഷത്തേയും നമ്മള്‍ക്കറിയാത്ത നമ്മളിലെ ഭാവങ്ങളെയും കണ്ടെത്തുന്നതിന് വേണ്ടിമാത്രമാണ്. ഒരുപക്ഷെ നമ്മള്‍ നമ്മളെ തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും അവര്‍ നമ്മെ വിട്ടുപോയേക്കാം. നമ്മുടെ ബന്ധത്തിന്റെ ഗാഡതയെ നിലനിര്‍ത്തി ആത്മ മിത്രവുമായി ലിംഗഭേദമനുസരിച്ചു ശാരീരിക ബന്ധം പുലര്‍ത്തുകയോ പുലര്‍ത്താതിരിക്കുകയോ ചെയ്യാറുണ്ട്. അത് നമ്മളിലെ മാനസികാവസ്ഥയും സദാചാരപരമായ ചിന്തകളെയും മാത്രം ബന്ധപ്പെടുത്തിയുള്ളതാണ്.

ഒരു ഗതിയില്‍ ആത്മമിത്രങ്ങളുടെ പ്രയോജനം (ഉദ്ദിഷ്‌ടകാര്യം/പര്‍പ്പസ്) എന്നത് നമ്മളുടെ മനസ്സിനെ ഉണര്‍ത്തുകയും, നമ്മിലെ അഹംഭാവത്തെ ശിതിലീകരിക്കുയും, നമ്മിലെ വിഘ്‌നങ്ങളെയും ചാപല്യങ്ങളെയും വെളിവാക്കിത്തരികയും, നമ്മളുടെ മനസ്സിലേക്ക് പുതിയ വെളിച്ചത്തെ പ്രധാനം ചെയ്യുകയും, ഒരു ഘട്ടത്തില്‍ നമ്മളെ ദുരിതത്തിലേക്ക് തള്ളിയിടുകയും അതില്‍ നിന്ന് നമ്മളെ കരകയറാന്‍ സഹായിക്കുകയും, നമ്മളിലെ അധ്യാത്മിക ബോധത്തെ കൃത്യപ്രക്ഷേപണ നിലയിലാക്കുകയും ചെയ്യുകയും എന്നതുമാണ്.

നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?
അത് സുഹൃത്താവാം, കാമുകനോ കാമുകിയോ ആവാം, അധ്യാപകനാവാം, നിങ്ങളുടെ സഹപാഠിയാവാം. പല കാലങ്ങളിലും ഒരു ദൈവനിയോഗം പോലെ അവര്‍ വരുന്നു. ദൈവമായിട്ടു തന്നെ. അത് തിരിച്ചറിയേണ്ടത് നമ്മളുടെ ബാധ്യതയാണ്.



2012, മേയ് 31, വ്യാഴാഴ്‌ച

നീലാംബരി !

മൗനങ്ങളുടെ യാത്രയായിരുന്നു അത്, ഞാനും അവളും തമ്മിലുള്ള അന്തരങ്ങള്‍ വിളിച്ചോതുന്ന ആ സമയങ്ങളില്‍ പറയാന്‍ മറന്ന വാക്കുകളെ പരതിനടക്കുന്ന മനസ്സിന്റെ വിസ്തീര്‍ണ്ണം കൂടിവരികയായിരുന്നു. പക്ഷെ മാനാഞ്ചിറയുടെ മതിലുകള്‍ എന്റെ മനസ്സിനെ തടഞ്ഞുവെച്ചു. വീണ്ടും അവളുടെ മുഖത്തുതന്നെ എന്റെ നോട്ടങ്ങളെ ഞാന്‍ നങ്കൂരമിട്ടു. അവളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ പറയതിരിക്കാന്‍ തോന്നിയില്ല. വലിയ കണ്ണുകള്‍. തുളഞ്ഞുകയറുന്ന നോട്ടം.

"ഒന്ന് പറയട്ടെ, ഭവതിയുടെ കണ്ണുകള്‍ വീണ്ടും എന്റെ അസ്ഥിത്വത്തെ ചൂഴ്ന്നെടുക്കുന്നു."

അവള്‍ക്കതൊരു പരിഹാസ്യമായി തോന്നി, അവജ്ഞയോടെ അവളുടെ മറുചോദ്യം.

"മുനിവരാ, എന്റെ കണ്ണുകളെയും ചുണ്ടുകളെയും വര്‍ണ്ണിച്ച് ഒരു ഫ്രീ സെക്സ് സങ്കടിപ്പിക്കാനുള്ള പരിപാടിയാണോ?"

ഫ്രീ സെക്സ്, ഉഭയസമ്മതത്തിന്റെ രതിമുറിയില്‍ തീരുന്ന ഉച്ച്വാസങ്ങള്‍ക്ക് മേലെ ബാഷ്പീകരിക്കുന്ന കാമം, ചിലനേരത്ത് "കാമം" "സെക്സ്" എന്നൊക്കെ പറയുമ്പോള്‍ എനിക്ക് മനംപിരട്ടും, പക്ഷെ എന്നെ ചഞ്ചലപ്പെടുത്താന്‍ മാത്രം അവള്‍ക്കയില്ല, അവളുടെ വാക്കുകള്‍ക്കും. പാര്‍ശ്വവല്‍ക്കരിച്ച വാക്കുകള്‍ കേട്ടാല്‍ പ്രകോപിതനാകുന്ന ഒരു തലത്തിലല്ല ഇപ്പോഴെന്റെ മനസ്സുള്ളത്. എന്നാല്‍ അതിന്റെ മറുഭാഗം ചിന്തിക്കുമ്പോള്‍ മനസ്സില്‍ മുറിവേറ്റപോലെ തോന്നി. എന്റെ മുഖത്ത് അതു പ്രതിഫലിക്കില്ല, കാരണം, ഇവളുടെ ഇടഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഇടഞ്ഞ ഉത്തരങ്ങള്‍ നല്‍കി എനിക്ക് പണ്ടേ പഴക്കമുണ്ടായിരുന്നു.

"ഞാന്‍ ഭവതിയുടെ കണ്ണുകളെ മാത്രമാണ് പരാമര്‍ശിച്ചത്."

അവള്‍ എന്നെ ഉള്‍കൊള്ളുന്നില്ല എന്നുമാത്രമാണ് എനിക്ക് തോന്നിയത്. അവള്‍ പിന്നെയും എന്തിന്റെയോ പിന്നാലെ പാഞ്ഞു എന്നെ സംശയിക്കുന്ന ചോദ്യങ്ങള്‍ തുടര്‍ന്നു.

"ഈ കരിവാരിത്തേച്ച കണ്ണുകളും ചായം പൂശാത്ത ചുണ്ടുകളും കൂര്‍പ്പിച്ചു നിര്‍ത്തിയ മുലകളും മാത്രമാണല്ലേ എന്റെ സിംബോളിക് സെക്സ് അപ്പീല്‍."

ഒരുകാലാത്തു അവളുടെ കണ്ണുകള്‍ മാത്രമായിരുന്നു എന്റെ നെഞ്ചില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കിയിരുന്നത്, കാലക്രമേണ അവള്‍ പൂര്‍ണ്ണമായും എന്നെ ആവാഹിക്കുകയായിരുന്നു.

ചിലനേരത്ത് അവളുടെ കൊഞ്ചല്‍ കാണുമ്പോള്‍ തോന്നും ഇവളിങ്ങനെ അഭിനയിക്കുകയാണോന്ന്. ഒരേ സമയം കുട്ടിയായും പക്വത വന്ന കാമുകിയായും എങ്ങനെ മാറാന്‍ കഴിയുന്നു എന്നൊക്കെ. ഇപ്പോള്‍ അവള്‍ പൂര്‍ണ്ണമായും ഒരു മുതിര്‍ന്ന സ്ത്രീ തന്നെയാണ്. ഈ ട്രാന്‍സ്‌ഫോര്‍മേഷനാണ് എനിക്കിവളില്‍ വീണ്ടും മോഹമുദിപ്പിക്കുന്നത് എന്ന് ചിലപ്പോള്‍ തോന്നി പോകും, ആ കരിവാരിത്തേച്ച കണ്ണുകളാണ് എന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍ വന്ന് ഇവളെക്കൊണ്ട് പെയിന്റ് അടിപ്പിക്കുന്നത്.

"ഭവതി പിന്നെയും എന്തോ അതുമാത്രം സംസാരിക്കുന്നു. ഞാന്‍ മനസ്സാ അതൊന്നും ആഗ്രഹിച്ചിട്ടില്ല."

അവള്‍ മുന്‍ധാരണകള്‍ വെച്ചു സംസാരിക്കുന്ന പോലെ തോന്നി, മനസ്സുകൊണ്ട് ഒരു നൂറ്റാണ്ടിന്റെ പരിചയമുണ്ടായിട്ടും അവള്‍ക്കിപ്പോ ഞാന്‍ പേരറിയാത്ത അപരിചിതന്‍. വ്യക്തിത്വമില്ലാത്ത പകുതി മുഖമൊളിപ്പിച്ച പ്രണയത്തിന്റെ ഗൂര്‍ഖ. പക്ഷെ ഇന്നവള്‍ അപകര്‍ഷതാബോധത്തിന്റെയോ സ്ത്രൈണത തീണ്ടുന്ന ലജ്ജയോ ഇല്ലാത്ത മുഖത്ത് കരിവാരിത്തേച്ചു മുടി നീട്ടി വളര്‍ത്തിയ ലോകത്തിന്റെ സ്നേഹകന്യക.

"മുനിവരാ, താങ്കള്‍ക്കെന്നെ വീണ്ടും പ്രണയിച്ചുകൂടേ?."

മാസ്മരികമായ നോട്ടത്തോടെയുള്ള ആ ചോദ്യം എന്റെ കാലുകളെ മാനാഞ്ചിറയുടെ പുല്‍തകിടികള്‍ക്കിടയിലൂടെ ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക് വേരാഴ്ത്തി. ആ ചോദ്യം ഒരു ചതിയുടെ ചോദ്യം പോലെ തോന്നി. മനസ്സിന്റെ ജനാലകള്‍ തുറന്നു ഞാന്‍ ആ ചോദ്യത്തെ സ്വീകരിച്ചു. എന്നെ വഞ്ചിക്കാനുള്ള ഈ ചോദ്യം. ഞാന്‍ വഞ്ചിക്കപ്പെടുന്ന ഈ ചോദ്യം. എന്റെ മാനസികനിലയെ മുഴുവനായി തകിടംമറിക്കുന്ന മുറിപ്പെടുത്തുന്ന ചോദ്യം. ഞാനൊരു  വിഡ്ഢിയെപ്പോലെ അവളെനോക്കിയിരുന്നു.

"ഭവതി വീണ്ടും വിഷയങ്ങള്‍ വളച്ചുകെട്ടി കൊണ്ടുപോകുന്നു."

"മുനിവരാ, തീര്‍ച്ചയായിട്ടും അല്ല, അങ്ങിപ്പോള്‍ വിവാഹിതനാണ്, എനിക്കും ഉണ്ട് ഭര്‍ത്താവും കുഞ്ഞും, താങ്കള്‍ക്ക് എന്നെ പ്രണയിക്കാനുള്ള ധൈര്യമുണ്ടോ?"

പഴയപോലെ വീണ്ടും അവളുടെ ചോക്ലേറ്റു നിറമുള്ള പൊന്തിയ നന്ഗ്നമായ മാറിലേക്ക് വീഴാന്‍ തോന്നി. പക്ഷെ എന്റെ മനസിനെയും ആത്മാവിനെയും ഞാന്‍ ചങ്ങലക്കിട്ടിരുന്നു. എന്റെ പ്രണയത്തിന്റെ മുഖത്ത് കാമമാണ് ഇപ്പോഴും തിളക്കുന്നത്. ഇനിയൊരിക്കല്‍ക്കൂടി കുറ്റബോധം തോന്നാനും, നെഞ്ചു നീറ്റാനും, എഴുതാനും.... ഒന്നിനും വയ്യ!! എന്നാല്‍ കൂടി.. വേണ്ട..

"ഭവതീ, ഞാന്‍ വീണ്ടും ഒരു പ്രണയത്തില്‍ അകപ്പെടാനുള്ള മാനസികാവസ്ഥയില്‍ അല്ല. ഞാന്‍ എന്നെ സ്വയം തളയ്ക്കുകയാണ്"

എന്റെ ഉത്തരങ്ങള്‍ക്ക് ശക്തിപോരായിരുന്നു. എന്റെ ഉത്തരങ്ങള്‍ ആളില്ലാത്ത പട്ടംപോലെ ആകാശത്ത്‌ അലയുന്നു, അവള്‍ക്കു കേള്‍വിശക്തി നഷ്ടപ്പെട്ടിരിക്കുന്നു, ശരീരം നിര്‍ജ്ജലീകരണം വന്നപോലെ, ചങ്ങല പൊട്ടിയ ഭ്രാന്തന്റെ സങ്കടം നിറഞ്ഞു നിസ്സഹായമായി നില്‍ക്കുന്നു. ഒരു വിചിത്രമായ അനുഭവത്തില്‍ അകപ്പെട്ടെന്നപോലെ, അവളെന്നെ സഹതാപം കാംഷിക്കുന്ന പോലെ നോക്കി. അപ്പോള്‍ അവള്‍ വീണ്ടും എന്റെ നീലാംബരിയാവുകയായിരുന്നു.

"പ്രണയം, അത് വേണ്ട.. ഈ ഒരു രാത്രിയെങ്കിലും തന്നൂടെ? എനിക്ക് വേണ്ടി... അങ്ങയുടെ ആ പഴയ..."

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

  ------------------------  

‍ഇത് വരെ കണ്ടുപിടിക്കപെടാത്ത ഒരു ദ്വീപിന്റെ സുന്ദരമായ മുഖം പോലെ നിഷ്കളങ്കമായി അവള്‍ അനങ്ങാതെ കിടന്നു, അവളുടെ മുഖത്തെ ചായങ്ങള്‍ എന്റെ വിയര്‍പ്പില്‍ ഇളകിയിരിക്കുന്നു, മനസ്സ് വിശന്നു കാത്തുനില്‍ക്കുന്ന അവളുടെ കല്ലിച്ച മുലകള്‍ക്ക് മേലെ ഞാന്‍ മുഖം താഴ്ത്തിക്കിടന്നു.

"മുനിവരാ,  അങ്ങെന്നെ   ഒന്നുകൂടി ദൃഡമായി പുണരുക,  അങ്ങെയുടെ മുഖം എന്റെ മാറില്‍ പൂഴ്ത്തിവെക്കൂ. എന്നെ വീണ്ടും വീണ്ടും അടുപ്പിക്കുക, ഞാന്‍ അങ്ങയെ പൂര്‍ണ്ണമായും എന്റെ നെഞ്ചിനുള്ളിലാക്കട്ടെ.

ഞാനവളെ വീണ്ടും ഗാഡമായി അണച്ചുപിടിച്ചു. അതിലവള്‍ സ്വതന്ത്രയായ പോലെ തോന്നി.

"മുനിവരാ, താങ്കളുടെ സംസാരത്തില്‍ മറ്റുള്ളവരെ മയക്കുന്ന രീതിയില്‍ എന്തെങ്കിലുമുണ്ടോ? "

അവള്‍ വീണ്ടും ആ പഴയ പൊട്ടിപ്പെണ്ണാവുകയായിരുന്നു.

"എല്ലാവരും ഇത് ചോദിക്കാറുണ്ട്, ഞാന്‍ എന്നും എന്റെ സ്വാഭാവികതയിലൂന്നി സംസാരിക്കുന്നു. എന്നിട്ടും, ഞാന്‍ അവരോടാരോടും പഞ്ചാരമയത്തില്‍ സംസാരിക്കാറില്ല, എന്റെ സ്ഥയീഭാവത്തില്‍ എന്റെ മനസ്സില്‍ തോന്നുന്നത് സത്യസന്ധമായി സംസാരിക്കുന്നു എന്നല്ലാതെ അതിന് എന്തു പ്രത്യേകതയാണുള്ളത്. "

" അങ്ങെയുടെ പുതിയ കാമുകിമാരാണോ ഇങ്ങനെ പറയാറുള്ളത്.?"

ഞാന്‍ ചിരിച്ചു.

"എനിക്കറിയാം, അങ്ങെന്നെ അങ്ങയുടെ അവസാനത്തെയും എന്നത്തെയും കാമുകിയക്കാമോ?"

ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു

"ഗന്ധര്‍വന്‍മാര്‍ക്ക് അങ്ങനെ ലിഖിത നിയമങ്ങള്‍ ഒന്നുമില്ല."

അവളും ചിരിച്ചു.

"എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"

"നീ മനസിലാക്കുക എന്നെ സംബന്ധിച്ച് അതൊരു കാര്യവുമല്ല എന്ന്."

"അതെനിക്കറിയാം, എന്നിരുന്നാലും ഇത് എന്നും ഓര്‍മ്മയിലിരിക്കട്ടെ. എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"

"പക്ഷെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നേക്കാളേറെ"

"ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ എന്നെ പ്രണയിക്കരുത് എന്ന്."

"പക്ഷെ.."

എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. എന്റെ മുഖത്ത് ഒരു മനുഷ്യന്റെ എല്ലാ പൂര്‍ണതയും നിറഞ്ഞു നിന്നു. അവളുടെ ശരീരത്തിലെ സ്ത്രൈണമായ എല്ലാ നിരാശയും അവളുടെ മുഖത്ത്  നിറഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നിരുന്നാലും കുറെ ദേശങ്ങള്‍ക്കിപ്പുറം പിരിഞ്ഞ നദി വീണ്ടും കണ്ടുമുട്ടിയതു പ്രഖ്യാപിച്ചതിന്‍റെ ആഹ്ളാദത്തിമിര്‍പ്പില്‍ ഞാന്‍ അവളുടെ നഗനമായ മാറില്‍ മുഖമമര്‍ത്തിക്കിടന്നു.




2012, മേയ് 23, ബുധനാഴ്‌ച

ചോദ്യങ്ങള്‍ ! ഉത്തരങ്ങളും.


ബസ്സിറങ്ങി നടക്കുമ്പോള്‍ അവള്‍ ചോദിക്കുകയായിരുന്നു.

"ഞാന്‍ നിങ്ങളുടെ ആരാ?"

അതിനു പ്രത്യേകിച്ച് മറുപടി എനിക്ക് ഉണ്ടായിരുന്നില്ല. അവളുടെ തടിച്ച ദേഹത്ത് വെള്ളസാരിയുടുത്തതിന്‍റെ അഭംഗി ആസ്വദിക്കുകയായിരുന്നു ഞാനപ്പോഴും. വാഹനങ്ങള്‍ ഞങ്ങളെ പാഞ്ഞു എങ്ങോട്ടോ പോവുന്നു. നടക്കുമ്പോള്‍ എന്റെ മുഖത്ത് നോക്കാതെ അവളിങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് വലിയ അത്ഭുതം തോന്നിയില്ല. അല്ലെങ്കിലും ഞാന്‍ അവളുടെ ആരാ. കൂട്ടുകാരന്‍? കാമുകന്‍? അതോ അവിഹിതം നടത്താന്‍ ആഗ്രഹിക്കുന്ന പലതും നടിക്കുന്ന വെറും ഒരു അപരിചിതന്‍. ഞാനിവളെ എന്തായിക്കാണുന്നു എന്നത് ഇപ്പഴും എനിക്കൊരു പിടുത്തമില്ല. അങ്ങനത്തെ എന്നോടാണ് ഇവള്‍ ഇമ്മാതിരി ചോദ്യം ചോദിക്കുന്നത്.

ഇപ്പ്രാവശ്യം എന്റെ മുഖത്ത് നോക്കി അവള്‍ ചോദിച്ചു.

"എന്താ ഉത്തരമില്ലേ?"

എന്റെ ഉത്തരം ഒരു മറുചോദ്യമായിരുന്നു.

"ഞാന്‍ നിന്റെ ആരാവണം?"

അത് കേട്ടപ്പോ പിന്നെ അവളും മിണ്ടാതെ അങ്ങനെ നടന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കുറേ നടന്നപ്പോള്‍ എനിക്ക് മടുപ്പ് തോന്നി, ഞാനൊരു വില്‍സ് എടുത്തു കത്തിച്ചു. അവളെന്റെ മുഖത്തേക്ക് ഈര്‍ഷ്യയോടെ നോക്കി. അവള്‍ കുറച്ച് അകലം നീങ്ങി നടക്കാന്‍ തുടങ്ങി.

പുക പുകഞ്ഞു.
ഞാനത് ആസ്വദിച്ചു.

"നിങ്ങള്‍ എന്നെക്കുറിച്ച് ഓര്‍ക്കാറുണ്ടോ?"

അവളുടെ മുഖത്തെ അവഞ്ഞ്ജ മാറിയിരുന്നില്ല. അതുകേട്ടപ്പോള്‍ എനിക്കവളോട് പുച്ഛം തോന്നി, ആത്മാര്‍ഥമായി ഓര്‍ക്കാന്‍മാത്രം അവളെന്താണ് എനിക്ക് തന്നിട്ടുള്ളത്. ചുമ്മാ ജോലിയുടെ നേരമ്പോക്കില്‍ അവളുതിര്‍ക്കുന്ന മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കല്‍ ഇവളെന്റെ കൊല്ലിക്കുപിടിക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍  ചോദിക്കുമെന്ന്. ഇവള്‍ക്ക് ഇടയ്ക്കു വട്ടാണ്.

"ഓര്‍ക്കാന്‍ മാത്രം നീയെനിക്ക് എന്ത് ഓര്‍മകളാണ് തന്നിട്ടുള്ളത്?"

അവളുടെ മുഖം ഖിന്നമായി.
വേണ്ടായിരുന്നു എന്ന് തോന്നി.
അവളെവിടെയോ ഒറ്റപ്പെടുന്നു എന്നെനിക്കറിയാം, പക്ഷെ അവളൊരിക്കലും എന്നോട് മനസ്സ് തുറന്നു സംസാരിക്കാറില്ല. അവളുടെ ഭ്രാന്തിന് എന്തെങ്കിലും പുലമ്പും, ഞാനതിന് എന്റെ ഭ്രാന്തിന്റെ അറിവിലുള്ള ഉത്തരങ്ങള്‍ അവള്‍ക്കും നല്‍കും, ചിലപ്പോ ഞങ്ങള്‍ പരസ്പരം തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി അപവാദം പറഞ്ഞും അസഭ്യം പറഞ്ഞും കരിവാരിത്തേച്ചു കളിക്കും. എന്നിട്ട് ചിരിക്കും. അപ്പോള്‍ എനിക്കവളോട് പറയാന്‍ പറ്റാത്ത ഒരിഷ്ടം തോന്നാറുണ്ട്. അതെന്താണ് എന്നാലോചിച്ചാല്‍ ചിലപ്പോ ഞാന്‍ വെട്ടിലാകും. അതുകൊണ്ട് അതിനെ ഞാന്‍ അധികം താലോലിക്കാറില്ല. മനപ്പൂര്‍വ്വം അതിനെ മറക്കും. എല്ലാം കഴിഞ്ഞാലും അവളൊരു ദുഃഖസ്മൃതിയിലേക്ക് ആണ്ട് പോവുന്നത് കാണാം. അതെന്റെ മനസ്സിനെ വല്ലാതെ ആകര്‍ഷിക്കും. അന്നവള്‍ പറഞ്ഞത് പോലെ അത് ചിലപ്പോള്‍ സഹതാപമായിരിക്കാം.

"ഇനി ഞാന്‍ നിങ്ങളോട് സംസാരിക്കില്ല"

"അതെന്തേ?"

"നിങ്ങള്‍ വാക്കിന് വ്യവസ്ഥയില്ലാത്ത നീചനാണ്"

അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു.

നിറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി അവള്‍ പിന്നെയും.

"അല്ലെങ്കിലും ചുമ്മാ ഇരിക്കുമ്പോ എന്നെ ഓര്‍ത്തൂടെ"

ചുണ്ടില്‍ എരിയുന്ന പുകയോട് എനിക്കാര്‍ത്തിയയിരുന്നു, അവളുടെ എതിര്‍ഭാഗത്തേക്ക് പുകയൂതി ഞാന്‍ പറഞ്ഞു.

"ഇതിനു ഞാന്‍ എന്ത് മറുപടി പറയും, ഒന്നുകില്‍ നീ പറയൂ, എന്നെ സ്നേഹിക്കൂ, എന്നെ കാമിക്കൂ എന്നെല്ലാം."

അവളുതെ അവജ്ഞയോടെയുള്ള മറുപടിയായിരുന്നു.

"പറയില്ല"

എനിക്ക് ദേഷ്യം വന്നു

"പറയാതെ കേള്‍ക്കാന്‍ ഞാന്‍ ദൈവമല്ല"

അവള്‍ എന്നെ അതിലേറെ ദേഷ്യത്തോടെ നോക്കി.

"അപ്പൊ അല്ലെ?"

പിന്നെ ഞാന്‍ ശാന്തനായി.

"അല്ല, ചിലതൊക്കെ അറിഞ്ഞാലും അറിയാത്ത പോലെ ഇരിക്കണം, നമ്മളൊക്കെ നിസ്സഹായരായ വെറും മനുഷ്യരാണ്."

ആ ശാന്തതയില്‍ അവളൊരു പാവം മാലാഖയായി.

"നിങ്ങള്‍ക്ക് എല്ലാമറിയാം, എന്നിട്ടും അറിയാത്തപോലെ നടിക്കുന്നു, അതല്ലേ സത്യം. അതുപോലെ നിങ്ങള്‍ക്ക് പ്രണയമില്ല, അതുപോലെ ഭാവിക്കുന്നു. നിങ്ങള്‍ക്ക് പ്രണയിക്കാന്‍ അറിയില്ല. അതും സത്യമാണ്"

ഇവള്‍ എന്നെ വെറുമൊരു ശരാശരിക്കാരനായി കാണുന്നു. അല്ലെങ്കിലും എല്ലാ പെണ്‍കുട്ടികളും അണ്ടിയോട് അടുക്കുമ്പോ ഇമ്മാതിരി സ്വഭാവം കാണിക്കും, ഇതിനൊക്കെ ഞാന്‍ അതേപോലെ മറുപടി പറയണം.

"എന്റെ പ്രണയം നീ താങ്ങില്ല, അതാണ്‌ സത്യം"

അവളുടെ നിസ്സംഗത തളം കെട്ടിയ മുഖത്ത് സങ്കടത്തിന്റെ തിരയടിക്കുന്നതിന്റെ തുടക്കം.

"അപ്പൊ നമ്മുക്കിടയില്‍ നമ്മളറിയാതെ എന്തോ നടക്കുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുമോ?"

ഞാന്‍ അവളെ വെറുതെ വിടാന്‍ തീരുമാനിച്ചു.

"അറിയില്ല"

പക്ഷെ അവള്‍ അതിനു ഒരുക്കമല്ലായിരുന്നു. അവളെന്റെ നേര്‍ക്ക്‌ ആഞ്ഞടിക്കുകയാണ്.

"അറിയില്ല, എന്നല്ല.. അറിയാത്തപോലെ നടിക്കുന്നു എന്ന് പറ"

എനിക്കെന്നെ കൈവിടുന്നപോലെ തോന്നി. അറിയാതെ എന്റെ മനസ്സ് ലഹരിയില്‍ വഴുതുന്ന നാക്ക് പോലെ പുളഞ്ഞു.

"നിനക്ക് ഭ്രാന്താണ്, എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്കറിയാം, എന്നിട്ടും എന്തിനാ നീ എന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്."

ആ ഡയലോഗ് അബദ്ധമായോ എന്നെനിക്കയില്ല. എന്നാലും ഞാനറിയെതെ അത് പറയുകയായിരുന്നു. അതിലെനിക്ക് നഷ്ടബോധം ഒന്നും തോന്നുന്നില്ല. കാരണം മുന്‍പേ പറഞ്ഞ പോലെ എന്റെ മനസ്സില്‍ ഉടക്കിനില്‍ക്കുന്ന ഈ ഭാവം ഒരിക്കല്‍ പുറത്തു വന്നേ മതിയാകൂ. പരിധിക്കുള്ളില്‍ നിന്ന് അവളെ സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും മാത്രമേ എനിക്കാവൂ. സ്വാര്‍ത്ഥത തീര്‍ക്കുന്ന ബാഹ്യാവസ്ഥയില്‍ എന്റെ സ്വാതന്ത്യ്രത്തിനു കടിഞ്ഞാണിടുക മാത്രമേ എനിക്ക് വഴിയുള്ളൂ.

അവളിപ്പോ മഹാത്മഗാന്ധിക്ക് പഠിക്കുന്ന പോലെ ശാന്തതയെ എഗാഗ്രമാക്കി പറഞ്ഞു.

"ഞാനിതു മാത്രമാണ് പ്രതീക്ഷിക്കുന്നത്, വേറെ ഒന്നും ഒരു അപരനായ നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, ഒറ്റക്കിരിക്കുമ്പോള്‍ ആശ്വസിക്കാന്‍, നിങ്ങളെ ഓര്‍ക്കുമ്പോ സന്തോഷം മാത്രം തോന്നാന്‍ എനിക്കിതൊക്കെ കേട്ടാല്‍ മതി, എന്റെ വാശിയും നാട്യങ്ങളും നിങ്ങള്‍ മനസിലാക്കുന്നു, എന്നെ അറിയുന്നു എന്ന് ഞാനറിയുമ്പോള്‍ തോന്നുന്ന ആത്മാഭിമാനമില്ലാത്ത വൃത്തികെട്ട മനസ്സിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്."

അതുകേട്ട ്പോള്‍ എനിക്കവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നി.

അതേസമയം എന്റെ അപരത്വത്തിന്റെ വിഷാദം എന്നെ തളര്‍ത്തി. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന പുതുമയുടെ ചൊല്ല് എന്റെ മനസ്സില്‍ വൈരുധ്യം നിറച്ചു. സ്വയം വഞ്ചിക്കുന്ന ഈ നേരങ്ങളില്‍ സത്യത്തില്‍ എനിക്കെന്ത് സന്തോഷമാണ് നല്‍കുന്നത്. ഈ വികാരത്തിന്റെ ആത്മാര്‍ത്ഥക്ക് എന്ത് പരിവേഷം കൊടുക്കും. ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. അതിനൊന്നും ഈ സമയങ്ങള്‍ക്ക്‌ ഇടയില്ല. ജീവിതം തന്നെ മനസ്സിനെ വഞ്ചിക്കുന്ന ഓരോ നാടകങ്ങളാണ്.

അതില്‍ നല്ല വേഷമണിയുക, കയ്യടി വാങ്ങുക.

പിന്നെ മദ്യപിക്കുക, അതില്‍ ഉന്മാദിക്കുക.

ഞങ്ങള്‍ രണ്ടും ഉള്ളില്‍ സന്തോഷം നിറച്ചു എവിടെയോ മറഞ്ഞ അന്തസത്തയെ മറന്നു കൊണ്ട് ആ രാത്രിയിലേക്ക് നടത്തം തുടര്‍ന്നു.