2013, ജൂൺ 2, ഞായറാഴ്‌ച

സ്നേഹപ്രവാചകന്‍

അയാളവിടെ ഇരിപ്പുണ്ട്‌, പതിവായി ഇരിക്കുന്ന അതേബെഞ്ചില്‍. അധികമാരും ശ്രദ്ധിക്കാത്ത അതേമൂലയില്‍. ആ ഇരിപ്പിടം അവിടെ എങ്ങനെ വന്നുവെന്ന്‍ ഞാന്‍ ചിന്തിക്കാറുണ്ട്‌. യാദൃശ്ചികമാവാം! ചിലപ്പോള്‍ ഒരു നിയോഗവും. 

എന്തുതന്നെയായാലും പൂക്കള്‍ പൊഴിച്ചുനില്‍ക്കുന്ന ആ പീച്ച്മരമോ ആ ബെഞ്ചോ ഒന്നുമല്ല അയാളാണ്‌ ശ്രദ്ധാകേന്ദ്രം! തടാകത്തിനടുത്തെ ശില്‍പംപോലെ എന്നും, എപ്പോഴും അയാളുണ്ടാകും. 

എന്താണയാളുടെ പേര്‌? എനിക്കോര്‍മ്മയില്ല. അയാള്‍ പലപേരുകളും പറഞ്ഞിട്ടുണ്ടെങ്കിലും ഒരുപേരും അയാള്‍ക്ക്‌ യോജിക്കില്ല. അല്ലെങ്കില്‍ അയാള്‍ക്ക് എല്ലാ പേരുകളും ചേരുന്നുണ്ടാവാം. പക്ഷെ എനിക്കയാളെ ഒരു പേരുമിട്ടുവിളിക്കാന്‍ താല്‍പര്യമില്ല, അതാണുവാസ്തവം.

"ശൂ.. ശൂ.."
നീട്ടി ശൂ വച്ചു. എന്നിട്ട്‌ മിണ്ടാതെനിന്നു. അയാള്‍ ചുറ്റിലും എന്നെ പരതുന്നത്‌ കാണാന്‍ എനിക്കിഷ്ടമാണ്‌.

"എവിടെയാ നീ?
ഇവിടെ വന്നിരിക്കൂ"

നിശ്ചലമെന്നുതോന്നിച്ച ആ കണ്ണുകള്‍ ഇപ്പോള്‍ ഇളകിമറിയുന്നൊരു സമുദ്രംപോലെ. ആ നീലക്കണ്ണുകളില്‍ വെളിച്ചമില്ല എന്നാണയാള്‍ പറയുന്നത്‌. ഞാനതു വിശ്വസിച്ചെന്നുനടിക്കും. കണ്ണുകളടച്ചുവെച്ച്‌ മനസ്സിനെ ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണയാള്‍. അതിനെക്കുറിച്ചു ചോദിച്ചാല്‍ അയാള്‍പറയും കണ്ണുകള്‍ക്ക്‌ തിമിരമാണെന്ന്‍. അങ്ങനെയുമാവാം.. ഈ നശിച്ചലോകത്തിലെ ദുരിതപൂർണ്ണമായ കാഴ്ചകള്‍ കാണാതിരിക്കുകയാണ് നല്ലത്. അതിനുവേണ്ടി ഇല്ലാത്ത തിമിരം ഉണ്ടാക്കുകയാവാം.

കൈനീട്ടിയാല്‍ തൊടാന്‍പറ്റാത്തൊരു അകലം സൃഷ്ടിച്ച്‌ ഞാനിരുന്നു. അയാളതില്‍ പരാതിപ്പെടുമെങ്കിലും അയാളാഗ്രഹിക്കുന്നതുമതാണ്‌. ഇടയിലെ അകലം ഇത്തിരി കുറഞ്ഞുവന്നാല്‍ പതിയെ നീങ്ങി ആ പഴയ അകലം അയാള്‍ സൃഷ്ടിച്ചെടുക്കും. ആരുടേയും ശ്രദ്ധയാകര്‍ഷിക്കാതെ. അകലങ്ങള്‍ സ്വയം സൃഷ്ടിച്ചിട്ട്‌ അതേപ്പറ്റി പരിതപിക്കുന്ന വിചിത്രമനുഷ്യന്‍. എന്തിനോ തേങ്ങുന്ന, അകാരണമായി പരിതപിക്കുന്ന ഒരു ഹൃദയമുണ്ടയാള്‍ക്ക്. അതുതന്നെയാണ് തന്നിലേക്ക് അയാളെ വലിച്ചടുപ്പിച്ചതും, തന്നെ അയാളെക്കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. 

അയാളുടെ നീലക്കണ്ണുകളില്‍ വെളിച്ചമില്ല. എന്നാല്‍ അയാള്‍ക്കൊരു ഊന്നുവടിയുടെ ആവശ്യകതയും ഇല്ല. തീരുമാനിച്ചുറപ്പിച്ച ചുവടുകളും നീക്കങ്ങളും കാഴ്ചയെവെല്ലുന്ന കേള്‍വിയുമായി തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ പരസഹായമില്ലാതെ അയാള്‍ മെല്ലെ വേച്ചുവേച്ചു നടന്നുനീങ്ങുമ്പോള്‍ അയാള്‍ തനിക്ക്‌ എന്തെല്ലാമോ ആണെന്ന് തോന്നാറുണ്ട്‌. 

"നീയന്നു പറയാമെന്ന് പറഞ്ഞ ആ കഥ പറയൂ"
എന്‍റെ ചിന്തകള്‍ക്ക്‌ കടിഞ്ഞാണിട്ടുകൊണ്ട് അയാള്‍ പറഞ്ഞു.

"ഏത്‌?
സ്നേഹമെന്തെന്നു തിരിച്ചറിയാത്ത ആ സ്നേഹപ്രവാചകന്‍റെയോ?"

"ഹ്മ്മ്.. അതെ!"

"കഥകളൊക്കെയും കുട്ടികള്‍ക്കുള്ളതല്ലേ. നിങ്ങളാണെങ്കില്‍ കുട്ടിത്തം തീരെയില്ലാത്തൊരാളും!
പിന്നെന്തിനാ നിങ്ങൾക്ക്‌ കഥകള്‍? "

"എനിക്ക്‌ കേള്‍ക്കണം. നീ പറയൂ"

"പറയാം"
"പക്ഷെ ഒരു നിബന്ധനയുണ്ട്..."
ഞാന്‍ പറയുന്നതിനനുസരിച്ച്‌ അതെല്ലാം മനസ്സില്‍ സങ്കല്‍പ്പിക്കണം.
എന്നാലേ കഥ രസകരമായി തോന്നുകയുള്ളു.."

"ശരി, നീ പറയൂ"
ഞാന്‍ അതിനനുസരിച്ച് മനസ്സില്‍ സങ്കല്‍പ്പിച്ചോളാം"

അയാള്‍ അക്ഷമനായിരിക്കുന്നു. ഒരാളുടെ പ്രവൃത്തികളില്‍നിന്നും അയാളുടെ ചിന്തകളുടെ ആഴമളക്കാനാവുമെന്ന് പറഞ്ഞതാരാണ്‌. അറിയില്ല! ഇയാളുടെ ഓരോ ചലനവും ഞാന്‍ പഠിക്കുന്നു. അതില്‍നിന്ന്‍ അയാളുടെ ചിന്തകളെയും മനോവിചാരങ്ങളെയും പരതുന്നു. പലപ്പോഴും എനിക്കതിനു കഴിയാറുമുണ്ട്. എന്തായാലും ഞാന്‍ പറഞ്ഞുതുടങ്ങി. 

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന പെണ്‍കുട്ടിയുടെ കഥ. അവളുടെ ഏകാന്തത്തയിലേക്ക്‌ അതിഥിയായെത്തുന്ന ഒരു അപരിചിതനെപ്പറ്റി. ആ അപരിചിതസുഹൃത്തിന്‍റെ വയലിന്‍നാദം അവളുടെ ചിത്രങ്ങളില്‍ ചായം പൂശുന്നതിനെപ്പറ്റി. അവരുടെ സൗഹൃദത്തെപ്പറ്റി. വിളിക്കപ്പെടാത്ത അതിഥിയായ്‌ വന്നുകയറി അവിടെയെവിടെയോ മറഞ്ഞുനിന്ന പ്രണയത്തെപ്പറ്റി.. 

അങ്ങനങ്ങനെ...

 *          *          *

അപ്രതീക്ഷിതമായി ചെവിയിലേക്കുവന്ന ആ  മാസ്മരിക ശബ്ദത്തില്‍ ഒരുനിമിഷം അവള്‍ പകച്ചുനിന്നു. അത്ര ശ്രുതിമധുരമായ സംഗീതം. എന്തോ അവളെ പിന്നിലോട്ടുവലിക്കുന്ന മാന്ത്രികമായ സംഗീതം. ഇല്ല, ഈ വഴികളും ഇവിടുത്തെ കാഴ്ചകളും എല്ലാം അവള്‍ക്കു സുപരിചിതമാണ്. ഈ സമയത്ത് അവളോട്‌ ചിരിച്ചുകടന്നുപോകുന്ന ഈ കാറ്റിന്‍റെ ഗതിപോലും അവള്‍ക്കറിയാം. 

ഒരു വിസ്മയത്തോടെ അവള്‍ ആ സംഗീതം ശ്രവിച്ചു. പക്ഷെ ഈ ശ്രുതി.

കണ്ണടച്ചിരിക്കാന്‍ തോന്നി അവള്‍ക്ക്. മനസ്സില്‍ ഒരേസമയം മഴയും, തീയും പടരുന്നതായി തോന്നി. ആരോമീട്ടുന്ന ആ  വീചികള്‍ പതിയെവീശുന്ന കാറ്റിനോടൊപ്പം അവളുടെ ചെമ്പിച്ച മുടിയഴകളെയും ഉലച്ചു. മനസ്സിന്‍റെ ഉള്ളിലെവിടെയോ തന്നെയാരോ നിശബ്ദമായി വിളിക്കുന്നപോലെ തോന്നി. ദൂരെ എവിടെയോ... അല്ല അടുത്തുണ്ട്.. വളരെയടുത്ത്...  ദിശയറിയാതെവരുന്ന ഈ സുഖമുള്ള സംഗീതം എവിടെനിന്നാണ്? അവളൊരു സ്വപ്നത്തിലെന്നപോലെ.. 

ഇതെന്താ ഇങ്ങനെ!
മനസ്സില്‍ ചിറകുകള്‍ മുളപ്പിച്ച് എന്നെയെങ്ങോട്ടോ കൊണ്ടുപോകുന്ന ഈ സംഗീതം എവിടുന്നാണെന്നു തിരിച്ചറിയാന്‍ അവള്‍ക്കു സാധിച്ചില്ല.

കാലങ്ങള്‍ പിന്നോട്ടുപോയി അവള്‍ വീണ്ടും ജനിച്ചുവീണു. ആ കുഞ്ഞിക്കാലുകള്‍ നിര്‍ത്താതെ എങ്ങോട്ടോ ഓടി. അയവുള്ള മേല്‍ക്കുപ്പായം പുല്‍കൊടികളെ തഴുകി മഞ്ഞുവീഴുന്ന പുല്‍ത്തകിടികള്‍ക്കു മുകളിലൂടെ അവളോടി.... അവളുടെ നനുത്ത കാല്‍പ്പാദങ്ങള്‍  ഭൂമിയെ ഇക്കിളിപ്പെടുത്തി‍.... പിന്നെ ഓറഞ്ചുവെളിച്ചം വീഴ്ത്തി സൂര്യന്‍ മറയുന്ന നേരത്ത് മണലാരണ്യങ്ങളിലൂടെയും വെളിച്ചം കടക്കാത്ത ഗുഹകളിലൂടെയും കണ്ണുമഞ്ഞളിച്ചും കണ്ണുകാണാതെയും  അവളോടി.. ചെറിയ മഴനനയുന്ന പീച്ച്മരങ്ങളുടെ തണലിലൂടെ... നോക്കത്താദൂരത്തത്രയും മണല്‍ പരന്നുകിടക്കുന്ന മരുഭൂവിലൂടെ... ആരെയോ തിരഞ്ഞ് അവളോടി..     

ഓടിക്കിതച്ച് അവള്‍ ഒരു പഴയ കെട്ടിടത്തിന്‍റെ താഴേനിലയിലെ ഒരു കുടുസുമുറിയുടെ വാതിലിന്‍റെ അടുത്തെത്തി. അതില്‍ പത്തുപന്ത്രണ്ടുകുട്ടികള്‍ അവരുടെ വയലിന്‍ ഷോള്‍ഡര്‍റെസ്റ്റില്‍ വെച്ച് നോട്ട്സ് നോക്കിയിരിക്കുന്നു. വാതിലിനുള്ളിലൂടെ  എത്തിനോക്കിയപ്പോള്‍ അതാ അയാള്‍ വയലിന്‍ വായിക്കുന്നു.  

നീണ്ടു കിടക്കുന്ന മുടിയും താടിയും. താടിയിലും മുടിയിലും അങ്ങിങ്ങായി നരവീണിരിക്കുന്നു. ആവശ്യത്തിലധികം നീളമുള്ളതും ഉള്ളുകൂടിയതുമായ താടിരോമങ്ങളുള്ള അയാള്‍ ഒരു തത്വജ്ഞാനിയെപ്പോലെ തോന്നിച്ചു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ ആയാളുടെ വയലിന്‍ സംഗീതത്തില്‍ മുഴുകിയിരുപ്പാണ്.  ആ ചെറിയസ്ഥലത്ത് ആ സംഗീതംകൊണ്ടയാള്‍ ഒരു പ്രത്യേക അന്തരീക്ഷംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ആ കുട്ടികളുടെ മുഖങ്ങളില്‍ അവര്‍ പഠിക്കുന്ന സംഗീതത്തിന്‍റെ ഈണത്തിനനുസരിച്ച ദുഖാര്‍ദ്രഭാവം തങ്ങിനിന്നു. 

അയാള്‍ അവളെ ശ്രദ്ധിക്കാതെതന്നെ തന്‍റെ ശിക്ഷണം തുടര്‍ന്നു. തന്‍റെ സാമീപ്യം അയാളെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതുപോലെ ഭാവിച്ചതാണോ എന്നറിയാതെ അവള്‍ വിഷമിച്ച് വാതിലിന്‍റെ അരികെ നിന്നു. തനിക്കെന്തെക്കെയോ അയാളോടു പറയാനുള്ളതുപോലെ തോന്നി അവള്‍ക്ക്. കുട്ടികള്‍ ആരവത്തോടെ വയലിന്‍പെട്ടികളും തൂക്കി ഓടാന്‍ തുടങ്ങിയപ്പോള്‍ അവളല്‍പ്പം പിന്നിലേക്കൊതുങ്ങിക്കൊടുത്തു. പുറത്തേക്കുവന്ന അയാളെനോക്കി അവളൊന്നു ചിരിച്ചുകാണിച്ചെങ്കിലും അയാളത് കാണാത്തപോലെ നടന്നകന്നു. അയാളുടെ നിഴലുകള്‍ കണ്ണില്‍നിന്നു മറഞ്ഞപ്പോള്‍ മനസ്സില്‍ ആ മധുരസംഗീതത്തെമീട്ടി അവളും തിരികെനടന്നു. 

അവളുടെ മനസ്സുമുഴുവന്‍ ആ വയലിന്‍സംഗീതമായിരുന്നു. പുതുമഴ പെയ്തൊഴിഞ്ഞ മുറ്റത്ത്‌ അലസമായി പാറിപ്പറക്കുന്ന തുമ്പികളെപ്പോലെ നൃത്തംവെക്കുയായിരുന്നു അവളുടെ മനസ്സും. അന്നുവൈകുന്നേരം അവളൊരു ചിത്രംവരച്ചു‍, വയലിന്‍വായിക്കുന്ന മുഖമില്ലാത്ത ഒരാളുടെ ചിത്രം. അയാളുടെ വയലിന്‍നാദത്തിനു കാതോര്‍ത്തുകൊണ്ട്‌ അങ്ങുദൂരെ അകലെയായ്‌ ഒരിരുരുണ്ടമുറിയിലെ ജനാലയ്ക്കപ്പുറത്തു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയേയും. 

തന്‍റെ മനസ്സിനെ ആകര്‍ഷിക്കാന്‍ മാത്രംപോന്ന വിഷാദവും, ആനന്ദവും ഒരുമിച്ചുണര്‍ത്തിയ ആ ശ്രുതികളെ നെഞ്ചോടുചേര്‍ത്ത്‌ അന്നവള്‍ ഉറങ്ങി.

അടുത്ത സായാഹ്നത്തില്‍ അയാളും കുട്ടികളും വരുന്നതിനുമുന്‍പേ അവള്‍ അവിടെയെത്തി. വാതിലിന്‍റെ ഓരത്ത് അയാളെയും പ്രതീക്ഷിച്ച്‌ അക്ഷമയോടെ കാത്തുനിന്നു. കൂട്ടമായിവന്ന അയാളും കുട്ടികളും മുറിയിലേക്ക് കയറിയിരുന്ന്‍ പെട്ടന്നു സംഗീതം തുടങ്ങി. അവള്‍ ചിരികള്‍ സമ്മാനിച്ചുവെങ്കിലും അയാളവളെ അവഗണിച്ചു. 

ഉച്ചവെയിലൊഴുകിപ്പരന്ന ദിവസങ്ങള്‍ വന്നും പോയും കളിച്ചു. പക്ഷികള്‍ ചേക്കേറുന്ന പീച്ച്മരങ്ങളില്‍ പുതിയ പക്ഷികള്‍ കൂടുകൂട്ടാന്‍ വന്നു. നേരം ഇരുണ്ടുവരുന്ന നേരങ്ങളില്‍ വീണ്ടും പ്രതീക്ഷയോടെ അവളയാളെ നോക്കിയിരുന്നു. ഒരു സ്ഥിരം കാഴ്ചക്കാരി എന്നല്ലാതെ അവള്‍ക്കു തിരിച്ചൊന്നും അയാളുടെ അടുത്തുനിന്നു കിട്ടിയില്ല. 

പതിയെ അയാള്‍ അവള്‍ക്കു നോട്ടം കൊടുത്തു. ചിരികള്‍ കൈമാറി. നിഷ്കളങ്കമായി ചിരിക്കുന്ന അവളെ അയാള്‍ക്കും ഇഷ്ടമായി. അവള്‍ക്ക് വാതിലിന്‍റെ അരികില്‍നിന്ന് ആ മുറിയുടെ ഒഴിഞ്ഞമൂലയിലെ കസേരയില്‍ സ്ഥാനംകിട്ടി. അവളുടെ ചിത്രങ്ങളിലെ വയലിന്‍വായിക്കുന്നയാള്‍ക്ക് പതിയെ മുഖം തെളിഞ്ഞുവന്നു. ജനലക്കപ്പുറത്തെ പെണ്‍കുട്ടിയുടെ രൂപം മെല്ലെ മാഞ്ഞു. പ്രായഭേദമില്ലാതെ അവള്‍ അയാളെ ഇഷ്ടപ്പെട്ടു. 

ചിരികള്‍ പതുക്കെ ചെറുഭാഷണങ്ങള്‍ക്കു വഴിമാറി. വയലിന്‍റെ നാദബ്രഹ്മത്തില്‍ അയാള്‍ സ്വപ്നഭൂമികളുടെയും ശൂന്യതകളുടെയും ഇടയിലൂടെ മറ്റൊരു കാല്പനികലോകത്തേക്ക് അവളെ കൊണ്ടുപോയി. അവള്‍ ആവശ്യപ്പെടുമ്പോഴൊക്കെയും അയാള്‍ അവള്‍ക്കായി വയലിന്‍വായിച്ചു. അവരുടെ സൗഹൃദത്തിനുവേണ്ടി അയാളൊരു പ്രത്യേക ഈണം ചിട്ടപ്പെടുത്തി. അവളുടെ മനസ്സിനെ ഒരു പ്രത്യേക അനുഭൂതിയിലേക്കു കൊണ്ടുപോകുന്ന ഒരീണമായിരുന്നു അത്. അവളുടെ പ്രിയപ്പെട്ട ഈണം. 

എത്രപെട്ടെന്നാണെന്നു പറയാന്‍ പറ്റാത്തതരത്തില്‍ ആയാളും അവളും തമ്മില്‍ എന്തോ മുജ്ജന്മബന്ധമുള്ളപോലെ അടുത്തു. അവള്‍ക്കുവേണ്ടി എല്ലാദിവസങ്ങളിലും അയാളുടെ വയലിനില്‍നിന്ന് അവള്‍ക്കായുള്ള ആ ഈണം പുറത്തുവന്നു. അയാള്‍ തന്‍റെ അടഞ്ഞശബ്ദത്തില്‍ ഭ്രമാത്മകകല്‍പനകളെ വെല്ലുന്ന കഥകള്‍ അവള്‍ക്കു പറഞ്ഞുകൊടുത്തു. സമകാലീന വിഷയങ്ങളില്‍ അയാളുടെ സ്വമതാസക്തമായ ചിന്താഗതികളും, കലര്‍പ്പില്ലാത്ത ദാര്‍ശനികമായ ആശയങ്ങളും പങ്കുവെച്ചു. ഒരു ചെറിയ കുട്ടിയെന്നോണം അവളതെല്ലാം കേട്ട് മിഴിച്ചിരുന്നു. അയാളെന്നും അവളുടെ മുന്നിൽ അത്ഭുതങ്ങളുടെ ഒരക്ഷയപാത്രമായിരുന്നു അയാളുടെ ചെറിയ തമാശകള്‍ക്ക് ബട്ടണമര്‍ത്തിയാല്‍ ചിരിക്കുന്ന പാവക്കുട്ടിയെപ്പോലെ അവള്‍ ചിരിച്ചു. 

വെറുതെ ഇരിക്കുമ്പോള്‍ വയലിന്‍റെ തന്ത്രികളില്‍ വിരല്‍തൊട്ടു ശബ്ദമുണ്ടാക്കി. അവളുടെ കാന്‍വാസില്‍ വിരിഞ്ഞ പൂക്കളെ അവള്‍ അയാള്‍ക്കു പരിചയപ്പെടുത്തി. അതിലെ വര്‍ണങ്ങളെയും ഇരുളില്‍ മറഞ്ഞു നില്‍ക്കുന്ന രൂപങ്ങളേയും അവരുടെ സ്വപ്നങ്ങളെയും കുറിച്ച് അവള്‍ വാതോരാതെ സംസാരിച്ചു. അതെല്ലാം ഉത്സാഹത്തോടെ അയാള്‍ കേട്ടിരുന്നു. അതില്‍നിന്ന്‍ അയാള്‍ ചില തമാശകളുണ്ടാക്കി അവളെ ചിരിപ്പിച്ചു. അവള്‍ അതെല്ലാം കേട്ട് നിറങ്ങളെയും അവളുടെ സ്വപ്നങ്ങളെയും കൂട്ടിച്ചേര്‍ത്ത്‌ ക്യാന്‍വാസില്‍ കവിതകളെഴുതി. പലപ്പോഴും ആ ക്യാന്‍വാസില്‍ തെളിഞ്ഞത് മുഖമില്ലാത്ത മനുഷ്യരായിരുന്നു. അതിലെ ഒരു ചിത്രത്തില്‍ ഹൃദയങ്ങള്‍ കൈമാറുന്ന ഇരുണ്ടരൂപങ്ങളുള്ള ചിത്രം അയാള്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അയാള്‍ ആ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ സന്തോഷത്തിന്‍റെയോ പേരറിയാത്ത ചില വികാരങ്ങളുടെയോ പ്രകമ്പനങ്ങള്‍ അവളുടെ മനസ്സില്‍നിന്ന് കണ്ണുകളിലേക്കു പ്രവഹിച്ച് അവയെ ആര്‍ദ്രമാക്കി.

അയാള്‍ അവളുടെ ആരാണെന്നോ അയാള്‍ക്ക്‌ അവള്‍ എന്താണെന്നോ എന്നത് അവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ചിലനേരത്ത് അവര്‍ അച്ഛനും മകളും പോലെയായി. അയാളുടെ സ്വരങ്ങളില്‍ നിറയെ അവളോടുള്ള വാത്സല്യം നിറഞ്ഞുനിന്നു. ചിലനേരത്ത് ഒരു സഹോദരനെപ്പോലെ അവളോടുള്ള കരുതലും ഉത്കണ്ഠയും അയാള്‍ പ്രകടിപ്പിച്ചു. അതൊന്നുമല്ലാതെ ചില വൈകുന്നേരങ്ങളില്‍ തനിക്കായി ഒഴുക്കുന്ന ആ വ്യത്യസ്ത രാഗത്തിന്‍റെ  അകമ്പടിയില്‍ ഒരു കാമുകനും കാമുകിയുമെന്നപോലെ അവര്‍ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്നു. ആനേരത്ത് അവര്‍ക്കുചുറ്റുമായി മഴപെയ്യും. അപ്പോള്‍ അയാള്‍ അവളോടു പാടാന്‍ പറയും. ഒരു നേര്‍ത്ത ചിരിയില്‍ അയാളുടെ കണ്ണുകളില്‍നോക്കി അവള്‍ പാടും. ആ വായ്പ്പാട്ടിന്‍റെ ഈണത്തില്‍ അയാളുടെ വയലിനില്‍നിന്നും ആരെയും ആര്‍ദ്രമാക്കുന്ന സംഗീതം ഒഴുകും. അപ്പോള്‍ അവള്‍ക്കു തന്‍റെ മനസ്സിലെ ഇരുള്‍ മൂടിയ ഗര്‍ത്തങ്ങളില്‍ പ്രകാശം പരക്കുന്നതായി അവള്‍ക്കനുഭവപ്പെടും. 

തനിക്കാരാണെന്നറിയാത്ത എന്തെന്നറിയാത്ത, എന്നാല്‍ തന്‍റെ എന്തെക്കെയോ ആയ അയാളെ എന്തുവിളിക്കണം എന്നറിയാതെ ബുദ്ധിമുട്ടിയ അവള്‍ അയാളെ ഒടുവില്‍ "സ്നേഹപ്രവാചകന്‍" എന്നുവിളിച്ചു. അതെ, അവള്‍ക്കയായി സ്നേഹംമാത്രം പകര്‍ന്നുതരാന്‍ അവതരിച്ച പ്രവാചകനായിരുന്നു അയാള്‍.  സ്നേഹപ്രവാചകന്‍ എന്നവിളി കേള്‍ക്കുമ്പോള്‍ അയാള്‍ അയാളുടെ വൃത്തിയുള്ള പല്ലുകള്‍ മോണയോടെ കാണിച്ചു ചിരിക്കും. 

ദിനചര്യപോലെ എല്ലാ ദിവസങ്ങളിലും അവര്‍ കണ്ടുസംസാരിച്ചു. അവള്‍ തന്‍റെ ചെറിയ കാര്യങ്ങള്‍പോലും അയാളുമായി പങ്കുവെച്ചു. സമയം ആരെയും കാത്തുനിന്നില്ല. അവള്‍ക്കു തുടര്‍പഠനത്തിനായി രണ്ടുവര്‍ഷത്തേക്ക് നഗരത്തിലേക്കു പോകാനുള്ള സമയമായി. അവള്‍ക്ക് പോകാന്‍ മനസ്സുവന്നില്ല. മാതാപിതാക്കളുടെ നിര്‍ബന്ധം. പോയേപറ്റൂ. അവള്‍ പലതും പറഞ്ഞുനോക്കി അവര്‍ വഴങ്ങിയില്ല. സ്നേഹപ്രവാചകന്‍റെ മുന്നില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാളും അതിനെ പ്രോത്സാഹിപ്പിച്ചു. രണ്ടുവര്‍ഷം പെട്ടെന്നുതീരും എന്നുംപറഞ്ഞ് അയാളും സാന്ത്വനപ്പെടുത്തി. അയാളെ കണ്ടപ്പോള്‍ വേറെ പലകാര്യങ്ങളും പറയണം എന്നു കരുതിയതാണ് പക്ഷേ മൗനങ്ങളെ പ്രദര്‍ശിപ്പിച്ച് അവളുടെ ചുണ്ടുകള്‍ അനങ്ങാതെ നിന്നു. അവസാനം അവള്‍ പറഞ്ഞു. 

"നിങ്ങളെ കാണാത്ത ഈ ദിവസങ്ങളില്‍ എനിക്ക് നിങ്ങളെ നഷ്‌ടപ്പെട്ടുപോയപോലെ തോന്നും." 

അതുകേട്ടപ്പോള്‍ അയാള്‍ക്കവളെ നെഞ്ചിലോട്ടു ചേര്‍ത്ത്‌ അവളെ തന്‍റെ ആത്മാവിനോടു ചേര്‍ത്തു കെട്ടിയിടാന്‍ തോന്നി. പക്ഷെ.. അയാള്‍ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അയാള്‍ എന്തുമിണ്ടാനാണ്. 

സ്വയം സഹതപിച്ച് രണ്ടുവര്‍ഷം തീര്‍ക്കുകതന്നെ! അവള്‍ തീരുമാനിച്ചു. വയലിന്‍ കേള്‍ക്കാതെ, അയാളെക്കാണാതെ... അറിയില്ല. എന്നാലും പോവുകതന്നെ. വേറെ വഴികളൊന്നും മുന്നില്‍ കാണുന്നില്ല. 

അങ്ങനെ അവള്‍ അയാളോടു പറയാതെ ഒരുദിവസം നഗരത്തിലേക്കു പോയി. നഗരത്തിലെ ഹോസ്റ്റലില്‍ നാലുചുമരകള്‍ക്കിടയില്‍ അവള്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞു. അവള്‍ക്ക് സ്വന്തമായതെല്ലാം പെട്ടെന്ന് അന്യമായായതുപോലെ തോന്നി. ആളൊഴിഞ്ഞ നരകത്തിലേക്ക് തന്നെ എല്ലാരും കൂടി വലിച്ചെറിഞ്ഞിരിക്കുന്നു. 

ആരെയും സ്നേഹിക്കരുത്. 
ആരെയും ഇഷ്ടപ്പെടരുത്. 

അവള്‍ സ്വയം എന്തൊക്കയോ പറഞ്ഞ് കാന്‍വാസില്‍ കുത്തിവരഞ്ഞു. ചിത്രങ്ങള്‍ പൂര്‍ണ്ണമാവാതെ കിടന്നു. ഓരോ ദിവസത്തെയും ഓരോ നേരത്തെയും ഭക്ഷണങ്ങള്‍ വച്ച് അവള്‍ കണക്കുകൂട്ടി. ഇനിയും അഞ്ഞൂറോളം ഉച്ചഭക്ഷണ സമയങ്ങള്‍, മൂവായിരം ഗ്ലാസ് വെള്ളം കുടിക്കണം. അങ്ങനെ കുറേദിവസങ്ങള്‍ ഇനിയും. 

വയ്യ! അവള്‍ പരിതപിച്ചു. 

എന്നും അയാളുടെ ഓർമ്മകൾ തന്നിലുണർത്തുവാനായി അവള്‍ ഒരു വയലിന്‍ വാങ്ങി. അവള്‍ക്കത് വായിക്കാന്‍ അറിയില്ലായിരുന്നെങ്കിലും കിടക്കുമ്പോള്‍ കാണാനാവുന്ന വിധത്തില്‍ മുറിയിലെ കട്ടിലിനടുത്തുള്ള മേശയില്‍ ചാരിവെച്ചു. അതു നോക്കിക്കിടക്കുമ്പോള്‍ അവള്‍ അയാളവള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയ ആ ഈണങ്ങളെ ഓര്‍ക്കും. അവര്‍ തമ്മില്‍ ഒരുമിച്ചിരുന്നു ചെലവഴിച്ച സമയങ്ങളെ ഓര്‍ക്കും. അതിലവള്‍ മനശ്ശാന്തി കണ്ടെത്തി. നിശബ്ദത നട്ടുനനച്ചു പുലര്‍കാലങ്ങളില്‍ അവള്‍ നഗത്തിന്‍റെ തിരക്കൊഴിഞ്ഞ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു. രാവുകളും പകലുകളും അവളെ ഒറ്റപ്പെടുത്തികൊണ്ടിരുന്നു.

നിലാവുപൂത്ത രാത്രികള്‍ ദുര്‍ഘടമായ പാതകളായിരുന്നു. പ്രതിരോധത്തിന്‍റെ സ്വപ്നങ്ങില്‍ എങ്ങനയോ അറിയാതെ വയലിനും മുഖമില്ലാത്ത അയാളും കടന്നുകൂടും. സന്തോഷത്തോടെ അവള്‍ ആ സ്വപ്നങ്ങളെ സ്വീകരിക്കുകയും അകാലത്തില്‍ ഞെട്ടിയുണരുമ്പോള്‍ അതൊരു നേര്‍ത്ത വിതുമ്പലായി മാറുകയും ചെയ്തു. സ്വപ്നങ്ങളില്‍ വയലിനില്‍നിന്നൊഴുകുന്ന ആ നാദം അവളുടെ മനസ്സിനെ കീറിമുറിച്ചു. രാത്രികളില്‍ മുഖത്ത് വിയര്‍പ്പില്‍ പറ്റിച്ചേര്‍ന്ന മുടിയിഴകളെ മാറ്റി തലയിണയില്‍ മുഖമമര്‍ത്തി അവള്‍ കരഞ്ഞു. വരണ്ട കുന്നുകളും മണലും മാത്രമുള്ള സമതലങ്ങളില്‍ മുഖമില്ലാത്ത മനുഷ്യനെത്തേടി അവളലഞ്ഞു. വിജനമായ പാതകളില്‍ ആരയോ കാത്തിരുന്നു.

ഒരുരാത്രി അവള്‍ ആ വിചിത്രസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. 
അതേ വയലിന്‍ ഈണങ്ങള്‍..  
തനിക്കുവേണ്ടിയുള്ള ആ ഈണം. വയലിന്‍റെ തന്ത്രികളില്‍  ചലിക്കുന്ന അയാളുടെ  കൈവിരലുകളും തന്ത്രികള്‍ മീട്ടുന്ന വില്ലും മാത്രമുള്ള ഒരു സ്വപ്നം. 

ആ സ്വപനങ്ങളില്‍ പുകനിറഞ്ഞു. അവള്‍ക്കു ശ്വാസംമുട്ടി. ഉണര്‍ന്നപ്പോള്‍ അരണ്ട വെളിച്ചത്തില്‍ ചുമരില്‍ ചാരിവെച്ച വയലിന്‍ അവിടത്തന്നെ ഇരിക്കുന്നത് അവള്‍ കണ്ടു. സ്വപ്നമാണെന്ന തിരിച്ചറിവില്‍ അവള്‍ വീണ്ടും കരഞ്ഞു. കണ്ടുമടുക്കുന്ന ഈ സ്വപ്‌നങ്ങള്‍ പോലും തന്നെ വേട്ടയാടുന്നപോലെ അവള്‍ക്കു തോന്നി. ഹോസ്റ്റലിലെ മുറ്റമിടുങ്ങിയ സ്ഥലത്ത് കടത്തെയ്യങ്ങള്‍ തീവാരിയെറിഞ്ഞു. അകംപുകയുന്ന കണ്ടനാളങ്ങള്‍ വിളറി. സ്വപ്നത്തിലെ മുഖമില്ലാത്ത വിരുന്നുകാരന്‍റെ കൈകള്‍ അവളെ അലോസരപ്പെടുത്തി. ജീവവായു നിലച്ചപോലെ തോന്നി.

സ്വപ്നത്തില്‍ നിറഞ്ഞൊഴുകിയ ചോരത്തുള്ളികള്‍..
മരണത്തിന്‍റെ തണുപ്പ് അവളെ മൂടുന്നപോലെ തോന്നി. 

രാത്രികള്‍ അവസാനിക്കുന്നില്ല, മുള്‍ച്ചെടികള്‍ പൊന്തിയ സ്വപ്നങ്ങളുടെ സംക്രമണത്തില്‍ അവളുടെ ചിന്തകള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവള്‍ സ്വയം പറഞ്ഞു. 

"നീ നിന്‍റെ മറവികളില്‍ മുങ്ങാംകുഴിയിട്ടു തപ്പുക. മനപ്പൂര്‍വ്വം മറന്ന അറകളില്‍ വെച്ച വീര്യമുള്ള ഓര്‍മ്മകള്‍ ചിതലെടുക്കാതെ നിശബ്ദമായി അവിടെ കരയുന്നുണ്ടാവാം. അവയെ പാലൂട്ടുക, അവയെ താലോലിക്കുക. സ്വപ്നങ്ങളിലെ മുഖമില്ലാത്ത വിരുന്നുകാരന്‍ മീട്ടുന്ന ആ ശ്രുതിലയസംഗീതത്തില്‍ പൊഴിഞ്ഞ മഴത്തുള്ളികളെ അസൂയപ്പെടുത്തിയ നിന്‍റെ പ്രണയത്തെ ഓര്‍ത്ത്‌ നീ മരണത്തിലേക്ക് മടങ്ങിപ്പോവുക. നിര്‍വൃതിയടയുക!"  

അവള്‍ അവളുടെ കൈഞരമ്പറുത്തു. കട്ടിലില്‍ മരണത്തെ പ്രതീക്ഷിച്ച് മലന്നുകിടന്നു. കയ്യില്‍ നിന്നും ഉറ്റിവീണ ചോരത്തുള്ളികളില്‍നിന്ന്‍ അവളൊരു ചിത്രം വരച്ചുതുടങ്ങി. സ്വപങ്ങളിലെ വയലിനും വയലിനില്‍ ശ്രുതിമീട്ടുന്ന വിരലുകളും. മുഖമില്ലാത്ത അയാളും ഉള്ള ചിത്രം. ആ ചോരമണക്കുന്ന ചിത്രത്തില്‍ അയാളുടെ മുഖം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മരണം അവളെ കൊത്തിയെടുത്ത് പറന്നിരുന്നു. 

അങ്ങകലെ നഗരത്തില്‍നിന്നും ഒരു രാത്രിക്കും രണ്ടു പകലുകള്‍ക്കും അപ്പുറത്ത് നാട്ടിന്‍പുറത്തെ ആ രാത്രിയില്‍ അയാള്‍ക്ക് ഉറക്കംവന്നില്ല. അയാള്‍ ആരോടെന്നില്ലാതെ ദേഷ്യപ്പെട്ടു. അവള്‍ പോയതിനുശേഷം അയാള്‍ പഴയപോലെ ഉറങ്ങിയിരുന്നില്ല. അന്നെന്തോ എല്ലാ മോഹഭംഗങ്ങളും ചേര്‍ന്ന് കര്‍ക്കടകൂട്ടങ്ങള്‍ പോലെ പേമാരിയായി മനസ്സിലേക്കുവന്നു. എല്ലാംകൂടി മനസ്സിനെ വേട്ടയാടുന്നപോലെ അയാള്‍ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ ഉലാത്തി. നടന്നുനടന്ന്‍ വയലിന്‍ ക്ലാസ്സ്‌മുറിയുടെ ഒഴിഞ്ഞമൂലയിലെ കസേരയില്‍ ചെന്നിരുന്നു. വെറുതെ എന്തോ ഓര്‍ത്തിരുന്നുതേങ്ങി. കുറെ നേരത്തിനുശേഷം വീണ്ടും തിരിച്ചു വീട്ടിലേക്ക് നടന്നു. ഉറങ്ങാന്‍ കിടന്നുനോക്കി. ഇല്ല. ഉറക്കം കണ്ണിനോട് കനിവ് കാണിച്ചില്ല. 

അയാള്‍ വയലിന്‍ എടുത്തു. അവളെ ഓര്‍ത്ത്‌ അവള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയ ആ പ്രത്യേക ഈണത്തില്‍ അയാള്‍ വയലിന്‍വായിച്ചു. ഏറെനേരം തുടര്‍ച്ചയായി അതുതന്നെ തുടര്‍ന്നു. അതിനുശേഷം ശോകമൂകമായ കുറേ ഈണങ്ങള്‍ പിന്നെയും വായിച്ചു. 

വൈക്കോല്‍ക്കൊടികള്‍ തണുപ്പിച്ചുനിര്‍ത്തിയ ആ നീലരാത്രിയിലൂടെ ആ ഈണങ്ങള്‍ ആരെയോ തേടി ആകാശത്തിലൂടെ അലഞ്ഞു. ഇരുട്ട് പകലിനെ പിരിഞ്ഞ സങ്കടം പറഞ്ഞു.
മേഘങ്ങള്‍ കരഞ്ഞു.

 *          *          *

"ശുഭം"

കഥ പറഞ്ഞുതീര്‍ന്നപ്പോഴേക്കും അയാളുടെ മുഖം എന്തോ നീറുന്ന പോലായി.

അയാള്‍ അയാളുടെ ഭാവനയില്‍ എല്ലാം ഞാന്‍ പറഞ്ഞപോലെ കണ്ടിരിക്കുന്നു. എനിക്കറിയാമായിരുന്നു ആ കഥയെ അയാള്‍ അയാളുടെ മനസ്സില്‍ എങ്ങനെ വരച്ചിടുമെന്ന്. ഞാനയാളുടെ മുഖത്ത്‌ കണ്ണുനട്ടിരിക്കുകയായിരുന്നു ഓരോ ഭാവങ്ങളും ഒട്ടും ചോരാതെ ഒപ്പിയെടുക്കാനായി. അയാളുടെ ഓരോ മൂളലുകളിലേയും അര്‍ത്ഥവ്യത്യാസങ്ങള്‍ ഞാന്‍ മനസ്സില്‍ കുറിച്ചുവച്ചു. എന്‍റെ കഥയിലെ കഥാപാത്രങ്ങളുടെ ബന്ധത്തെ സൗഹൃദത്തിന്‍റെ ഊഷ്മളതയും പ്രണയത്തിന്‍റെ കടുംചുവപ്പുള്ള ചായങ്ങളും കൂട്ടി ചുവപ്പിച്ചു. നിഗൂഡതകളുടെ നിഴലില്‍  മൂകമായ ഒരു സന്ധ്യാപ്രതീതി സൃഷ്ടിച്ചു. എന്നിട്ട്‌ സ്നേഹപ്രവാചകന്‍റെ ആ പ്രത്യേക ഈണത്തെ ഞാനയാള്‍ക്ക് കേള്‍പ്പിച്ചു കൊടുത്തു. 

ആ സന്ധ്യാനേരത്ത്‌ പറക്കുന്ന  പക്ഷികളോടൊപ്പം അയാളുടെ ചിന്തകളും പാറിപ്പറക്കുന്നതായ്‌ ഞാന്‍ കണ്ടു. അയാള്‍ ആകുലനായി.

"നീയത്‌ വ്യക്തമായ്‌ പറയൂ. 
അവരുടെ സൗഹൃദം, 
അതേക്കുറിച്ച്‌"

‌അയാള്‍ക്ക്‌ അറിയേണ്ടിയിരുന്നത് അതാണ്‌. അല്ലെങ്കിലും മനുഷ്യമനസ്സുകളുടെ സങ്കീര്‍ണതകളില്‍ മുങ്ങിത്തപ്പി പൊരുളുകള്‍ തേടാനാണ് അയാള്‍ക്ക് താല്‍പര്യം. മനുഷ്യരുടെ ചപലതകളും നിസ്സഹായതകളുമാണ് അയാളുടെ പ്രിയവിഷയങ്ങള്‍ . ഞാന്‍ അവരുടെ സൗഹൃദത്തെ ലഘൂകരിച്ചു പറഞ്ഞു.

"അതൊന്നുമില്ലെന്നേ. ആ പെണ്‍കുട്ടി നിനച്ചിരിക്കാത്ത ഒരു നേരത്ത്‌ അയാളുടെ ജീവിതത്തിലേക്ക്‌ കയറിച്ചെല്ലുന്നു. എന്നിട്ട്‌ അയാളില്‍ ആകൃഷ്ടനാവുന്നു. ഒട്ടൊരു അധികാരതയോടെ അയാളും അവളെ സ്വീകരിക്കുന്നു. ആ ആധികാരികതയില്‍ അയാളോട്‌ അവള്‍ക്കുവേണ്ടി വയലിന്‍ വായിക്കാനാവശ്യപ്പെടുന്നു. അങ്ങനെയാണവരുടെ സൗഹൃദം ആരംഭിക്കുന്നത്‌"

അയാളത് വിശ്വസിക്കാന്‍ ഒരുക്കമായിരുന്നില്ല.
"പിന്നേ... ഒരു പരിചയവുമില്ലാത്തൊരാളോട്‌ ആജ്ഞാപിക്കുകയല്ലേ..."

"അതേന്നേ, അവളങ്ങനെയായിരുന്നു. അതാണയാളെ ആകര്‍ഷിച്ചതും"
ഞാന്‍ പിന്നെയും അതില്‍ത്തന്നെ ഉറച്ചുനിന്നു.

"ഹം ശരി.. പിന്നെ"

അയാളങ്ങനെയെ പറയൂ എന്നെനിക്കറിയാമായിരുന്നു. എന്നും എന്‍റെ ഇഷ്ടങ്ങൾക്കൊപ്പിച്ച്‌ മൂളും.
അയാള്‍ക്കിഷ്ടമില്ലെങ്കില്‍ക്കൂടിയും. എന്നും ഇതേപോലെ എന്‍റെ വാശികള്‍ക്ക് കൂട്ടുനില്‍ക്കും

"പിന്നെന്താ.. പിന്നീടവര്‍ സുഹൃത്തുക്കളായി. വെറുതെ നേരമ്പോക്കിനായുള്ള സൗഹൃദമല്ല. വെറുമൊരു സുഹൃത്ത്‌ മാത്രവുമായിരുന്നില്ല അയാള്‍ . ഒരു സുഹൃത്തിനുമപ്പുറം വേറെ എന്തൊക്കയോ.." 

പിന്നെന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. അല്ലെങ്കിലും എനിക്കറിയില്ല! ഇല്ല എനിക്കറിയില്ല. ഞാന്‍തന്നെ എന്നോട് എന്തിനു യുദ്ധംചെയ്യണം?

"സ്പെഷ്യല്‍ ഫ്രണ്ട്‌? 
കേവലം സൗഹൃദത്തിനപ്പുറം? 
നീയതൊന്നു തെളിച്ചു പറ."
അയാള്‍ വീണ്ടും അക്ഷമനായി.

ഇത്തരം ചോദ്യങ്ങള്‍ അയാള്‍ ചോദിക്കുമെന്നനിക്കുറപ്പുണ്ടായിരുന്നു. ഇനിയും ഈ കഥയും അതിന്‍റെ വ്യാപ്തിയും അവരുടെ ബന്ധങ്ങളും എല്ലാം പറഞ്ഞാല്‍ അതെന്നെത്തന്നെ എന്‍റെ ചിന്തകളെത്തന്നെ ചോദ്യംചെയ്യുമായിരുന്നു. എന്‍റെ ചില വട്ടുചിന്തകള്‍ ഉദ്ധരിച്ച് ഞാന്‍ ആ കഥയെ അപൂര്‍ണതയോടെ പൂര്‍ണ്ണമാക്കി.

"പൂര്‍ണ്ണതയില്‍ ഒന്നിനും ഭംഗിയില്ല. 
അപൂര്‍ണ്ണമായ ഈ ബന്ധത്തില്‍ നിങ്ങള്‍ക്ക് ഇനിയും ആവശ്യമുള്ള നിറങ്ങള്‍ ചാലിക്കാം.
പറയാതെ, അറിയാതെ അറിയുന്നതും, നിങ്ങള്‍ കാണാതെ കാണുന്നതും..
അതല്ലേ അതിന്‍റെ ഭംഗി. 
ഇനിയുള്ളതൊക്കെയും നിങ്ങളുടെ ഭാവനക്കനുസരിച്ച്‌ മെനയാം".

അയാളതില്‍ സംതൃപ്തനായോ എന്നെനിക്കറിയില്ല. സത്യത്തിൽ ഇനിയെന്താണ്‌ പറയേണ്ടതെന്നെനിക്കറിയില്ലായിരുന്നു. എനിക്കയാളെ ഒന്നിളക്കിയാല്‍ മാത്രം മതിയായിരുന്നു. അയാളുടെ ചിന്തകളില്‍ കുറച്ചുനേരം തങ്ങിനിന്നാല്‍ മാത്രം മതിയായിരുന്നു. ഞാനാ നീലക്കണ്ണുകളിലേക്കു നോക്കി ഏറെനേരം ഇരുന്നു. 

ഈ മനുഷ്യനെന്താണാവശ്യം‌? അയാള്‍ ഒന്നും അവശ്യപ്പെടുകയോ പ്രകടിപ്പിക്കുകയോ ചെയ്യാറില്ലെങ്കിലും സ്നേഹിക്കപ്പെടാനുള്ള അതിയായ ആഗ്രഹം എന്നെപ്പോലെ അയാളിലും ഞാന്‍ കാണാറുണ്ട്.ഒന്നും ചോദിക്കാതെ എല്ലാം  സ്വീകരിക്കാന്‍ വൈമുഖ്യത കാണിക്കാത്ത വിചിത്രമനുഷ്യന്‍. 

ഞങ്ങള്‍ക്കിടയില്‍ ഒരു മഴപെയ്യാന്‍ ഒരുമ്പെടുകയായിരുന്നോ?

അയാളുടെ ഭാവങ്ങള്‍ മാറിത്തുടങ്ങുന്നു. ഇനിയുള്ള അയാളുടെ ചിന്തകള്‍ എന്‍റെ മനസ്സിനെ ഗര്‍ഭം ധരിപ്പിച്ചേക്കാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജനിച്ച ഇയാള്‍ മരിക്കാതെ ആരെയോക്കയോ മൗനത്തിന്‍റെ ഭാഷയില്‍ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു

ഇല്ല! ഇനി എനിക്കൊന്നും കൂടുതലായി പഠിക്കണ്ട! 

അയാളുടെ  പൊയ്മുഖം അങ്ങിങ്ങ് അടരാന്‍ തുടങ്ങിയിരുന്നു. അത് ഉതിര്‍ന്നു വീഴുന്നതിനു മുന്‍പേ യാത്ര പോലും ചോദിക്കാതെ ഞാനെഴുന്നേറ്റ്‌ ഇരുളിലേക്ക്‌ നടന്നു. 

മേഘങ്ങള്‍ കറുക്കുന്ന മാനത്തിനു മുകളില്‍ നക്ഷത്രാലങ്കൃതമായ രാത്രിയില്‍,  ശൂന്യതയില്‍ അങ്ങകലെ ധൂമകേതുക്കള്‍ കിന്നാരം പറയുന്ന ദൂരത്തിനുമപ്പുറം അപ്പോഴും എന്‍റെ മനസ്സ് അലയുകയായിരുന്നു. 

സ്നേഹം കൊതിക്കുന്ന നീലക്കണ്ണുകളുമായി അയാളെന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നു.
എന്‍റെ സ്നേഹപ്രവാചകന്‍ .

*          *          *16 അഭിപ്രായങ്ങൾ:

 1. പ്രണയത്തിന്‍റെ സംഗീതം ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. സവ്യ, നന്നായി എഴുതിയിരിക്കുന്നു. കഥക്കുള്ളില്‍ വേറെരു മനോഹര കഥ പറഞ്ഞു വായനക്കാരന്റെ ഭാവനയെ മറ്റൊരു ലോകത്തെത്തിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഭാവുകങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 3. ശൈലി വായിക്കുമ്പോൾ പിടിച്ചിരുത്തുന്നുണ്ട്, നല്ല അവതരണം
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 4. നന്നായി..കഥയില്‍ പറഞ്ഞപോലെ ..എല്ലാം മനസ്സില്‍കൂടി മിന്നി മാഞ്ഞു...

  മറുപടിഇല്ലാതാക്കൂ
 5. വായിച്ചു കഴിഞ്ഞപ്പോൾ തിളങ്ങുന്ന നീലക്കണ്ണുകൾ മാത്രമായി മനസ്സിൽ...
  നല്ല കഥ മനോഹരമായി അവതരിപ്പിച്ചു ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 6. പ്രണയാര്‍ദ്രം, ഭാഷ.:) പക്ഷെ സവ്യെണ്ണന്‍ അടക്കോം ഒതുക്കോം പഠിക്കേണ്ടിയിരിക്കുന്നു :P

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2013, ജൂൺ 3 7:03 AM

  അണ്ണാ നിങ്ങള്‍ അക്ഷരങ്ങളെ മെരുക്കി മനോഹരങ്ങളായ വാക്കുകളാക്കി വാക്കുകളെ അമ്മാനമാടുന്നത് കാണുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ്. ഈ കഥയിലെ ഓരോ വരികളും വേറെ വേറെ എടുത്തു വായിയ്ക്കാന്‍ തന്നെ ഒരു സുഖമുണ്ട് പക്ഷെ ഒരു കഥ എന്ന രീതിയില്‍ ഇതെനിക്കിഷ്ടപ്പെട്ടില്ല. കയ്യടക്കം ഇല്ലാത്തത് പോലെ ഫീല്‍ ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 8. ചെറുതെങ്കില്‍ അല്പം കൂടെ ഭംഗിയായേനെ എന്നഭിപ്രായം
  എന്നാല്‍ കഥ നന്നായി എന്നും പറയാതെ വയ്യ

  മറുപടിഇല്ലാതാക്കൂ
 9. കൊമ്പന്‍, Muhammed Salim, ഷാജു അത്താണിക്കല്‍, Aashan, Narcissus, Unnimaya, Al Shaija Technologies & Ajith. @thanks. നിങ്ങളുടെ വിലയെറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.

  മറുപടിഇല്ലാതാക്കൂ
 10. ശരിയായ നിര്‍വചനമില്ലാത്ത സ്നേഹം.എന്തിനാണ് അതിനു ഒരു നിര്‍വചനം. ഇഷ്ടമുള്ള നിറങ്ങള്‍ ചാലിച്ച് ഇഷ്ടം പോലെ നിര്‍വചിക്കട്ടെ അല്ലെ..?
  നല്ല കഥ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. വായനാസുഖമുള്ള ലളിതസുന്ദരമായ ശൈലി.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 12. ഉണ്ണിമായ പറഞ്ഞു.

  പഞ്ചസാര മാത്രമുള്ള പായസം കുടിച്ചതു പോലെ..

  മറുപടിഇല്ലാതാക്കൂ