2012, നവംബർ 8, വ്യാഴാഴ്‌ച

സൈക്കോസിസ് !


ഇരുട്ടാണ് സര്‍വത്ര ഇരുട്ട്, ഒന്നും കാണുന്നില്ല. ഞാന്‍ തന്നെ ഉണ്ടോ എന്നറിയാന്‍ തൊട്ടുനോക്കേണ്ടി വരും. അപ്പോഴാണ്‌...

               ശൂ.. ശൂ..

ആരോ വിളിക്കുന്നു. ആരാ ഈ നേരത്ത്‌ ശൂശൂ വെക്കുന്നത്. എന്റെ മുറിയില്‍ ഞാന്‍ മാത്രമല്ല അപ്പൊഴുള്ളത്.. വാതിലോക്കെ അടച്ചതാണല്ലോ? പിന്നെയാരാ. കള്ളനോ മറ്റോ? ഹേയ്...

ആരാ?

               ഞാനാ..

ഞാനോ?

               അതെ ഞാന്‍!

എന്റെ വായീന്നു ശബ്ദം പുറത്തു വന്നില്ല. ഇനി ഞാന്‍ വല്ല സ്വപ്നവും കാണുന്നുണ്ടോ?
ഹലോ? എന്താ വേണ്ടത്. എന്താ?

               ചുമ്മാ..

നിങ്ങളാരാ? എന്താ വേണ്ടത്!

               നീ ഒന്നുമറിയാത്ത പോലെ?

WTF??

               ചിരിക്കുന്നു.

നിങ്ങള്‍ എന്തിനാ ചിരിക്കുന്നത്?

               വെറുതെ.

ചിരിയൊന്നു നിര്‍ത്താമോ?

ചിരി ഒന്നുകൂടി ഉച്ചത്തിലായി. ചിരിയുടെ ചങ്ങലകള്‍ ആ ശബ്ദത്തില്‍ കിലുങ്ങി. ആ മുറിയിലാകെ പ്രതിധ്വനി തീര്‍ത്ത്‌ ആ ചിരി എന്നെ നടുക്കി.

അപ്പുറത്തെ ഫ്ലാറ്റിലൊക്കെ ആളുള്ളതാ, will ya stop it?

സാവധാനം ആ ശബ്ദം അങ്ങനെ അലിഞ്ഞ് ഇല്ലാണ്ടാവുന്നു.
ചിരി നിന്നു. ഏറെ നേരത്തെ മൌനം. നിശബ്ദത മാത്രം

നിങ്ങള്‍ പോയോ?

               ഞാനെവിടെ പോവാനാ!

നിങ്ങള്‍ക്കെന്താ വേണ്ടത്?

               ഒന്നും വേണ്ട!

WTF, പിന്നെന്തിനാ ഇങ്ങോട്ട് വന്നെ?

               നിന്നോട് സംസാരിക്കാന്‍.

എന്നോട്! എന്നോടെന്തിനാ സംസരിക്കുന്നെ?.

നിശബ്ദത...
മൌനം..
ഏറെ നേരത്തെ മൌനം.

നിങ്ങള്‍ പോയോ? പറഞ്ഞോളു.. ഞാന്‍ കേട്ടോളാം..

നിശബ്ദത..
മൌനം മാത്രം.. ഇയാളിത് എവിടാ?
സമയം പോകുന്നു, ഇപ്പൊ ഒന്നും കേള്‍ക്കുന്നില്ല. അയാള്‍ പോയോ?

               ഇല്ല!

ഞാന്‍ നിങ്ങളോട് ചോദിച്ചില്ലല്ലോ?

               ഇല്ലെങ്കിലും എനിക്ക് നിന്നെ കേള്‍ക്കാം..

നിശബ്ദത. ആരോ കരയുന്നു.. മെല്ലെ തേങ്ങുന്നു. അയാള്‍ കരയുകയാണോ? ഞാനിതെവിടെയാ? എനിക്ക് ദേഷ്യം വരുന്നു.

ഹലോ? നിങ്ങള്‍ കരയുകയാണോ?
ഉത്തരമില്ല. സമയം പോകുന്നു. തേങ്ങല്‍ മാത്രം കേള്‍ക്കാം. ആദ്യം ചിരിച്ചു ഇപ്പൊ ദേ കരയുന്നു. പക്ഷെ.. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരികുന്നു. പക്ഷെ ഞാന്‍ കരഞ്ഞിട്ടില്ലല്ലോ? പിന്നെങ്ങനാ..

WTF? നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്തിനാ എന്റെ കണ്ണുകള്‍ നിറഞ്ഞത്?

തേങ്ങല്‍ നിന്നു.. ഇപ്പോള്‍ നിശബ്ദത മാത്രം.
എനിക്കൊന്നും മനസ്സിലാവുന്നില്ല. അയാള്‍ ചിരിക്കുന്നു, കരയുന്നു.
എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. ചിലപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഇയാളാരാ എന്നോട് സംസരിക്കുന്നെ? അയാള് കരയുമ്പോള്‍

എന്റെ കണ്ണ് നിറയുന്നു...

               എനിക്ക് നീ മാത്രമേയുള്ളൂ സംസാരിക്കാന്‍!

നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണെങ്ങനെ നിറഞ്ഞു?

               നീയാ കരഞ്ഞത്, നിന്റെ ഉള്ളം. നീ കരയും ഞാനാ ഉരുകുന്നത്.

എന്ത്? ഞാന്‍ നിങ്ങളെ എങ്ങനെ അറിയും?

               നീ തന്നയാണ് ഞാന്‍. ഞാന്‍ തന്നെയാണ് നീ!
               [ചിരിക്കുന്നു]

WTF..

               [വീണ്ടും ചിരിക്കുന്നു]  

ഞാന്‍ എന്നോട് തന്നെ സംസരിക്കുകയാണോ? ഈ പച്ചക്ക്? എന്തൊക്കെയാ ഇത് ദൈവമേ?

ഇതില്‍ ഏതാണ് ശരിക്കുമുള്ള ഞാന്‍?

               ജാഡ കാണിക്കുന്ന, എപ്പോഴും What The Fuck മാത്രം പറയുന്ന നീ!
               അതാണ്‌ നിന്റെ മുഖംമൂടി.
               ഉള്ളിന്റെ ഉള്ളിലെ നീ തനി മലയാളിയാണ്. നല്ല ഭാഷ, നല്ല സ്വരം, ഭാവ്യം!

അപ്പൊ ഞാനും ഇയാളും ഒന്നാണ് എന്നാണോ? are we the same?

               ഉച്ചത്തില്‍ ചിരിക്കുന്നു.

മെല്ലെ ചിരിക്കൂ.. എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? ഇടയ്ക്കു കരയുന്നത് എല്ലാം?

               നിനക്കറിയില്ലേ എന്തിനാന്ന്‍?

ഇല്ലാ?

               നിനക്കറിയാം, എനിക്കും. പക്ഷെ നിനക്ക് അതൊന്നും വല്ല്യ കാര്യമല്ല.

എന്ത്?

               നീ പലപ്പോഴും ഒരു ഭീരുവാണ്, വേഷങ്ങളെ സ്വീകരിച്ച് ആടുമ്പോള്‍ നീ ഓര്‍ക്കുന്നില്ല, ഒരു ദിവസം അവയെല്ലാം ഒരു തീമഴയായി നിന്നില്‍ പെയ്തിറങ്ങുമെന്ന്. നീ നിന്റെ ജീവിതത്തെ വെറുക്കുന്നു. വ്യതിരക്തമായ ചില നശ്വരസന്ദര്‍ഭങ്ങളെ സൃഷ്ടിച്ചു നീ എങ്ങോട്ടോ ഒളിച്ചോടാന്‍ ശ്രമിക്കുന്നു. സ്നേഹിക്കപ്പെടാനും സന്തോഷിക്കപ്പെടാനും വേണ്ടി നീ പലരെയും ഉപയോഗിക്കുന്നു. അതിന്റെ ആത്മരതിയില്‍ പലരെയും വഞ്ചിക്കുന്നു. നീ സ്നേഹിക്കുന്ന, സ്നേഹം നടിക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ നീ കരയുന്നു.. നിന്റെ അവസ്ഥയോര്‍ത്തു നീ ചിരിക്കുന്നു, ഒരു ഭ്രാന്തനെപ്പോലെ. അവസാനം നിന്റെയാ പുച്ഛച്ചിരിയില്‍ എല്ലാത്തിനെയും നീ പരിഹസിക്കും. എന്നിട്ട് ആരുമറിയാതെ കരയും. എന്നിട്ട് ഒന്നുമറിയാത്ത പോലെ!

ആര്? ആരെ സ്നേഹിക്കുന്നു എന്നാ!

               ഞാന്‍ തന്നെ പറയണോ?

വേണ്ട! എനിക്ക് അവരോടൊന്നും പ്രത്യേക മമതയില്ല! ഞാന്‍ ആരെയും സ്നേഹിക്കുന്നിമില്ല. ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന് എന്ത് കാര്യത്തിലാണ് നിങ്ങള്‍ പറയുന്നത്?


               ഞാനവരെ സ്നേഹിക്കുന്നു.

അതിനു ഞാനും അവരെ സ്നേഹിക്കണം എന്നാണോ?

               നീയും അവരെ സ്നേഹിക്കുന്നു. ഞാന്‍ സ്നേഹിക്കുന്നപോലെ. കാരണം നമ്മള്‍ ഒന്നാണ്.

WTF!

               ചിരിക്കുന്നു.
               നോക്കൂ. ആ കര്‍ട്ടന്‍ നീക്കി നോക്കൂ. നിലാവ് തൂവി ഇറങ്ങി വരും.
               ആ നിലാവത്ത് അവരും അവരുടെ സ്നേഹവും അതിലൂടെ ഇറങ്ങി വരും.

ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ എത്രപേരെ ഒരേ സമയം സ്നേഹിക്കണം.

               നീ ഒരേസമയം പല സ്ത്രീകളെയും സ്നേഹിക്കുന്നു.

അതൊക്കെ ചുമ്മാതാ.. ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല!

               നീ ആരെയും സ്നേഹിക്കുന്നില്ല! സമ്മതിച്ചു.
               വിരോധമില്ലെങ്കില്‍ ഞാന്‍ അവരെക്കൂടി വിളിക്കാം?

ആരെ?

               നീ സ്നേഹിക്കുന്നില്ലാ എന്ന് പറയുന്നരെ?

ചുമ്മാ! എന്തൊക്കെയാ നിങ്ങളീ പറയുന്നത്?

               ചുമ്മാ..

[സുനന്ദ ]
നിങ്ങളെ എനിക്ക് വെറുക്കാതിരിക്കാന്‍ കഴിയുന്നില്ല, സ്നേഹിക്കാതെയും.

എല്ലാ പകലുകളിലും നിങ്ങളെ ഞാന്‍ വെറുക്കുന്നു‍, പക്ഷെ എന്നും രാത്രികളില്‍ ആ വെറുപ്പ്‌ ഒരു രാപ്പനിയായി എന്റെ ദേഹത്ത് ചൂടായി പടരുന്നു, അപ്പോഴെല്ലാം നിങ്ങളില്ലാതെ എനിക്ക് കഴിയില്ലാ എന്ന് തോന്നിപ്പോകും. അത് രാത്രിയില്‍ കനത്ത ഇരുട്ടിന്റെ മാറ് പൊട്ടുമാറ് വിളിച്ചു പറയാന്‍ തോന്നും. എല്ലായ്പ്പോഴും അതൊരു കരച്ചിലായി മാത്രം മാറും. എന്റെ വിങ്ങിയുള്ള കരച്ചില്‍ ചില ചീവിടുകളെ തോല്‍പ്പിക്കുമായിരിക്കും.

സുനന്ദ! അവളെങ്ങനെ ഇവിടെ വന്നു?

               അവള്‍ മാത്രമല്ല. ലതികയും തമീനയും ഉണ്ട്!

[ലതിക ]
സ്നേഹിച്ചാല്‍ വെറുക്കേണ്ടി വരുമോ? അതോ വെറുത്തു സ്നേഹിക്കാന്‍ കഴിയുമോ? അതോ നിങ്ങളെ എനിക്ക് സ്നേഹിക്കാന്‍ മാത്രമേ കഴിയൂ എന്നാണോ? നഷ്‌ടപ്പെട്ടുപോയ, ഒരു കണ്ണിയില്ലാതെ എന്റെ മാറില്‍നിന്നടര്‍ന്നുപോയ ഒരു മാല സൃഷ്‌ടിച്ച ശൂന്യതപോലെ തോന്നുന്നു. നിങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കുന്നു. നിങ്ങള്‍ അതിനുമാത്രം എനിക്കെന്താണ് തന്നത്. ഈ ദുര്‍ബലമായ വൈകാരികതകളോ? ഈ സ്നേഹം എല്ലാവര്‍ക്കും തരാന്‍ കഴിയില്ലേ? എനിക്ക് ചുറ്റും എന്നെ പുണരാന്‍ കൊതിക്കുന്ന അനേകം മനസ്സുകളുണ്ട്, കണ്ണുകളുണ്ട്. അവരുടെ മിഴിമുനകളില്‍ അവരെന്നോട് സ്നേഹം യാചിക്കുമ്പോള്‍ എനിക്ക് ഒട്ടും അലിവ് തോന്നാറില്ല. പക്ഷെ അവരില്‍ നിന്നും നിങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളത്?

               ഇനി തമീനയെ കേള്‍ക്കൂ

[തമീന ]
നിങ്ങള്‍ മറന്നുവെച്ചുപോയ ഈ പ്രണയത്തെ നിങ്ങളെന്തേ ഓര്‍ക്കാത്തൂ. നിങ്ങക്ക് സ്ത്രീശാപം കിട്ടും, കൂട്ടിലിട്ട പക്ഷിയെപ്പോലെ നിങ്ങള്‍ ജീവിച്ചു നരകിക്കും. നിങ്ങള്‍ തത്വചിന്തകനാണ്, സാഹിത്യകാരനാണ്, നിങ്ങളെപ്പോലുള്ള മഹാന്മാരെ ഞാന്‍ അന്നേ തിരിച്ചറിയേണ്ടാതായിരുന്നു. എത്ര പെട്ടെന്നാണ് നിങ്ങള്‍ എന്നെ നിങ്ങളുടേതുമാത്രമാക്കി മാറ്റിയത്, നിങ്ങള്‍ ഒരു നോട്ടം കൊണ്ട് എന്റെ കിടപ്പറ വരെ തുറന്നെടുത്തിരിക്കുന്നു. നിങ്ങള്‍ നടക്കുന്ന വഴികളില്‍ പ്രണയം കാത്തിരിക്കുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് എല്ലാവരെയും മയക്കാന്‍ നിങ്ങള്‍ക്ക് എന്താണുള്ളത്. നിങ്ങളുടെ മധുരമൊഴികള്‍ തന്നയോ? അതോ എന്റെ കണ്ണുകളെ അടപ്പിക്കുന്ന നിങ്ങളുടെ ചിരിയോ? നിങ്ങള്‍ നിങ്ങളുടെ നീണ്ട കൂര്‍ത്ത വിരലുകള്‍ എന്റെ ചുരുള്‍മുടികകള്‍ക്കിടയിലൂടെ തലച്ചോറിലിറക്കി എന്ത് മായജാലമാണ് കാണിച്ചത്. ഒരു വൈദ്യുതചാലകം കണക്കെ ഈ പൊട്ടത്തിപ്പെണ്ണിന്റെ മനസ്സിലുള്ളത് മുഴുവന്‍ നിങ്ങളറിഞ്ഞില്ലേ?

തമീനാ..

               അവരാരും ഇവിടില്ല!

പിന്നെ ഞാന്‍ എങ്ങനെ അവരെ കേട്ടൂ.

               എന്നിലൂടെ!

WTF! നമ്മള്‍ എന്താ ഇന്‍സെപ്ഷന്‍ കളിക്കുവാന്നോ? ഞാന്‍ സംസാരിക്കുന്നു. എന്റെതന്നെ വേറെ നിങ്ങള്‍ സംസാരിക്കുന്നു.നിങ്ങള്‍ മറ്റു പലരുമായി സംസാരിക്കുന്നു. എന്താ ഇത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.

               നിങ്ങള്‍ക്ക് തമീനയെ അറിയില്ലേ?

അറിയാം... തമീനയെ മാത്രമല്ല സുനന്ദയേയും, ലതികയേയും എല്ലാവരെയും അറിയം.

               നീ തന്നെയാണ് ഞാന്‍, നിന്റെ ഉള്ളിലെ ഉപബോധമാണ് ഞാന്‍.
               നീ കരയുമ്പോഴാണ് ഞാനും കരയുന്നത്, നിന്നിലെ ഉപബോധം...
               ഞാന്‍ അവരെ എല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ട് നീയും അവരെ സ്നേഹിക്കുന്നു.

ഉം! നമ്മള്‍ ഒന്നാണ് എന്നാണോ? ഞാന്‍ എന്നോട് തന്നെ സംസാരിക്കുന്നു എന്നാണോ?

               അതെ!

WTF?
ഇനി ഞാന്‍ മിണ്ടുന്നില്ല!

               എന്നാ ഞാനും പോവുന്നു.
               എനിക്ക് ഒറ്റയ്ക്ക് സംസാരിക്കാന്‍ അറിയില്ല! ഞാന്‍ പോണൂ..

ഉം!

ഞാന്‍ മിണ്ടിയില്ല! സമയം അരിച്ചു നീങ്ങി. ശബ്ദങ്ങള്‍ ഒന്നുമില്ല. നിശബ്ദത മാത്രം. ഇരുട്ടിനെ പേടിപ്പിച്ചുനിര്‍ത്തുന്ന നിശബ്ദത. അല്ലങ്കില്‍ ഇരുട്ട് ശബ്ദങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്നു. ഞാന്‍ സ്വയം സംസാരിക്കുക! എങ്ങനെയത് സംഭവിക്കും. അപ്പോള്‍ ലതിക, തമീന, സുനന്ദ ഇവരൊക്കെ. ഉപബോധം പോലും. ഇത് ഞാന്‍ ചിന്തകള്‍ കാടുമൂടിയ അവസ്ഥാന്തരങ്ങളെ പുച്ചിച്ചു ചിരിക്കുന്നതാവാം, പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തി ഞാന്‍  ആരെയും സ്നേഹിച്ചിട്ടില്ല, സ്നേഹിക്കാന്‍ എനിക്കറിയില്ല, എനിക്ക് ചുറ്റും എന്റെ പുറമേ നടക്കുന്ന കഥകളും കഥാപാത്രങ്ങളും മാത്രമാണ്. എനിക്ക് സ്നേഹിക്കാന്‍ അറിയില്ല, ചുറ്റുപാടും ഞാന്‍ കാണുന്ന കഥകളും അതിലെ വൈവിധ്യമാര്‍ന്ന ചില സന്ദര്‍ഭങ്ങളെയും മാത്രമാണ് ഞാന്‍ താലോലിക്കുന്നത്, എനിക്കനുഭവമില്ലാത്ത സ്നേഹം, ഞാനത് മനസ്സില്‍ സൃഷ്ടിച്ചെടുക്കുന്നു, ഓരോ ഊഹപോഹങ്ങള്‍... സ്വപ്നങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്, അതിലെ ആശയങ്ങളെ വികസിപ്പിച്ചു ഞാന്‍ നടത്തുന്ന ചില നാടകങ്ങളിലാണ് ഞാന്‍ ജീവിക്കുന്നത്‍, തികച്ചും നാടകീയമായ അവസ്ഥകള്‍ സൃഷ്ടിച്ചു ഞാന്‍ എന്നെ സന്തോഷിപ്പിക്കുന്നു. അല്ലാതെ ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അതാണ്‌ സത്യം. അതു മാത്രമാണ് സത്യം.

               ഞാനിവിടെ ഉണ്ട്!

അപ്പൊ നിങ്ങള്‍ പോയില്ലേ?

               ഞാന്‍ എങ്ങനെ പോകും. ഞാനും നീയും ഒന്നാണ്.
               നീ പൂര്‍ണ്ണമായും ഉപബോധത്തിലേക്ക് ലയിച്ചാല്‍ നമ്മള്‍ ഉറങ്ങും.

എന്നാല്‍ നമ്മുക്കൊരുമിച്ചു പോകാം?  

               ആയികൊട്ടെ! പക്ഷെ ഒന്നോര്‍ക്കണം..
               ഞാന്‍ എപ്പോഴും ഇവിടെത്തന്നെ ഉണ്ട്! നിന്റെയുള്ളില്‍!

ഞാന്‍ ഉറങ്ങി!

               ഞാനും! [ചിരിക്കുന്നു]

എനിക്കിപ്പൊ മരിക്കണം!

               അപ്പൊ ഉറങ്ങുന്നില്ലേ?  

ഇല്ല ഉറക്കം വരുന്നില്ല!

               എന്താ ഇത്ര പെട്ടെന്ന് മരിക്കണം എന്ന്!

ഇപ്പൊ അങ്ങനെ തോന്നുന്നു.

               എങ്ങനെ മരിക്കും?

വേദനയില്ലാതെ മരിക്കണം.

               വേദനയില്ലാതെ മരിച്ചാല്‍ നീ അറിയില്ല നിങ്ങള്‍ മരിക്കുകയാണോ എന്നത്?
               നീ ഉറങ്ങുകയാണ് ചെയ്യുക. പിന്നെ എപ്പോഴോ മരിക്കും.

പിന്നെ എങ്ങനെ മരിക്കണമെന്നാണ്?

               വേദനയറിഞ്ഞു മരിക്കണം.
               നരകത്തിലേക്കുള്ള പാത മുഴുവന്‍ വേദനയറിഞ്ഞു മരിക്കണം.
               രണ്ടു കത്തികള്‍ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പോലെ വേദന അറിയണം.
               കത്തിമുന ഹൃദയത്തിന്‍റെ മൃദുവായ അറ്റങ്ങളെ തിരയുന്നതുപോലെ തോന്നണം.
               മരണത്തെ ആസ്വദിക്കണം.

ഞാന്‍ രണ്ടുമൂന്നു തവണ ആലോചിച്ചിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ സ്പീഡ്‌ കൂട്ടും... ഒരു heavy crash! ഒരിക്കല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടാനും നോക്കി. പക്ഷെ എനിക്ക് പേടിയാണ് ചാടാന്‍. താഴെ പാര്‍ക്ക്‌ ചെയ്ത കാറിന്റെ മേലെയിങ്ങനെ ചോരയുറ്റി ചിതറിക്കിടക്കുന്ന എന്റെ ശരീരം. ഓര്‍ക്കാന്‍കൂടി പേടിയാവുന്നു. എനിക്കതിനുള്ള ധൈര്യമില്ല, എനിക്ക് പേടിയാണ്. ചാടിയാല്‍ ആദ്യം എന്റെ നെഞ്ചാവും കാറില്‍ തട്ടുക, പിന്നെ തല, പിന്നെ എന്റെ തുടകള്‍.. എല്ലുപൊട്ടി ചോരയൊലിക്കുന്ന എന്റെ കാലുകള്‍. എനിക്ക് പേടിയാണ്... എനിക്ക് ധൈര്യമില്ല!

               ചിന്തകളുടെ അമിതഭാരം..
               യാഥാര്‍ത്യങ്ങളുടെ ഉള്‍വിളി..
               മനസ്സില്‍ എന്നും മരണം എന്ന ചിന്തമാത്രമേയുള്ളോ നിനക്ക്?..
               എന്തിനാ ഈ ഒളിച്ചോട്ടം?

എന്തുചെയ്യാം.. ഈ ജീവിതം! എനിക്കൊന്നിലും ഇമ്പം തോന്നുന്നില്ല. പുതുതായി ഞാന്‍ ഒന്നും കാണുന്നില്ല. എല്ലായിടത്തും വിരക്തി. എല്ലായിടത്തും അരക്ഷിതാവസ്ഥ. വേറെയൊരു രക്ഷാമാര്‍ഗം ഞാന്‍ കാണുന്നില്ല.  മരണത്തിന്റെ കാണാക്കയങ്ങളില്‍ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇരുട്ട് മാത്രം.. ഞാനെന്ന ബോധത്തെ ഇട്ടുമൂടാനുള്ള ഇരുട്ട് മാത്രം.  വെളിച്ചമാണ്‌ ജീവിതം എന്നു ശഠിക്കുന്ന ജീവിതത്തെ എനിക്ക് പുച്ഛമാണ്.. മനുഷ്യന്റെ ത്വര, ആഗ്രഹം...  ആഗ്രഹത്തെ അടക്കി വെക്കാന്‍ ആവുന്നില്ല.. ഇപ്പൊനോക്കൂ.. നിങ്ങളായി ഞാന്‍ എന്നോട് തന്നെ സംസരിക്കുന്നതു ഞാനോ അതോ എന്റെ ദുരാത്മാവോ അതുപോലും എനിക്കറിയില്ല!

               അങ്ങനെയാണെങ്കില്‍ ജീവിത വിരക്തി ആനന്ദമാക്കുന്ന മരണത്തെ നീ പുതയ്ക്കുക.
               ആരോരുമറിയാതെ നീ ഇരുളില്‍ അലിഞ്ഞു ചേരുക.. ഒരു തണുത്ത മറവിയായി.
               നീ മരണത്തെ വെറും ഒരു സ്നേഹവായ്യ്പ്പുകൊണ്ട് തകര്‍ക്കരുത്,
               മരണം ഒരു യാത്രയാണ് ദൂരം കൂടുതലുള്ള യാത്ര!
               അതുകൊണ്ട് ഇപ്പൊ നീ ഉറങ്ങുക! സ്വപ്നങ്ങളെ പുണരുക.

നിങ്ങള്‍ ഭംഗിയായി സംസാരിക്കുന്നു.
തത്ക്കാലം ഞാന്‍ എന്റെ ബ്ലാങ്കറ്റ് പുതയ്ക്കട്ടെ! ഉറക്കം വരുന്നു.

               നിങ്ങളല്ല, നീ.. നമ്മള്‍!

ഞാന്‍ ഉറങ്ങി!

               ഉറപ്പാണോ?

ഉം!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ