കൃഷ്ണപ്രിയ നന്ദന് എഴുതിയ അവസാനത്തെ കത്ത്.
നന്ദന്,
ഒരെഴുത്തില്‍ നിന്നെ തളച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാലും ഈ തോറ്റു പേടിച്ചോടുന്നവളുടെ അവസാനത്തെ എഴുത്താണിത്.
നന്ദാ ഞാന്‍ ഈ തോല്‍വികള്‍ ഇരന്നു വാങ്ങുകയാണ്. അതിലൂടെ നീ ജയിക്കുന്നു എന്നത് എന്നില്‍ കൂടതല്‍ സന്തോഷം ഉളവാക്കുന്നു. മരണത്തോടുള്ള എന്റെ അമിതാവേശം മാത്രമാണ് ഇപ്പോള്‍ നിന്നെ എന്നില്‍ അകറ്റുന്നത് എന്ന് പറയുമ്പോള്...
അറിയില്ല! എനിക്ക് മരണം നഷ്ടപെടലുകളുടെ വേദനകളെ വിഴുങ്ങാനിരിക്കുന്ന ഒരു ഇരുണ്ട സ്വപ്നമാണ്. ഒരു രാത്രിയിലെ ഉറക്കത്തിനിടയില്‍ ആ സ്വപ്നം എന്നെ പരിരംഭിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു. ഒഴിഞ്ഞ ചുടലപ്പറമ്പുകള്‍ എന്റെ സ്വപ്നങ്ങളെ പറിച്ചു നടാന്‍ ഉതകുന്ന വിളനിലങ്ങള്‍ തന്നെയാണ്.
നന്ദന്‍ കൊച്ചു കുട്ടികളെ പോലെയാണ്, എല്ലാം ഒരാവേശത്തോടെ തുടങ്ങിവെക്കുന്നു, പാതിയില്‍ തളര്‍ന്ന്‍ ഒന്നും മുഴുമിക്കനാവാതെ നിസ്സംഗതയോടെ നിഷ്കളങ്കതയോടെ നോക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് ഇപ്പോഴും നന്ദന്. നമ്മള്‍, ഞാന്‍ ആരും ആരെയും പഴി ചാരുന്നില്ല, ഞാന്‍ വെളിച്ചം കാണാത്ത, സ്വപ്നം കാണാനറിയാത്ത, ഗര്‍ഭത്തിലേ അലസിപ്പോയ നന്ദന്റെ ഒരു നേരെമ്പോക്കായി മാത്രം എന്നെ കണ്ടാ മതി.
നന്ദാ ഇനി ഞാനറിയാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നെങ്കില്‍ അതെന്‍റെ ശരീരമില്ലാത്ത ആത്മാവായിരിക്കും. പുലരുവോളം ഇരുട്ടില്‍ മറഞ്ഞു നിന്ന് ഞാന്‍ നിന്നെ കണ്ടോളാം. അയ്യോ!.. ഈ ശരീരമില്ലാത്തവള്‍ എന്തിനു ഇരുട്ടില്‍ മറഞ്ഞുനില്‍ക്കണം.
എന്നെ അന്വേഷിക്കരുത്, ആരെങ്കിലും എന്നെ അന്വേഷിച്ചു എന്ന് കേട്ടാല്‍ അത് നീയായിരിക്കും എന്നു ഞാന്‍ വെറുതെ ആശിക്കും. അത് കൊണ്ട് വേണ്ട. ജീവിതം എങ്ങിനെ അവസാനിപ്പിക്കണം എന്നറിയാത്ത ഞാന്‍ ഈ എഴുത്ത് എങ്ങിനെ അവസാനിപ്പിക്കും?
ഒരുപാട് സ്നേഹിച്ചിരുന്ന നന്ദന്റെ പ്രിയ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ