2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

കഥയില്ലാത്തവരുടെ കഥകള്‍ !


മേഘങ്ങള്‍ക്കിടയിലൂടെ ബൈക്കോടിക്കുമ്പോള്‍ എന്റെ എകാഗ്രതക്കുമേല്‍ ചാരിവെച്ചിരുന്ന അവളുടെ അമ്മിഞ്ഞയുടെ ഭാരംകൊണ്ട് ഞാന്‍ വളഞ്ഞിരുന്നു. അവളെന്നെ പിന്നില്‍നിന്ന് ഒട്ടിയമര്‍ന്നു ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.

അവളുടെ താടിയെല്ല് എന്റെ തോളില്‍ അമര്‍ത്തിയും എടുത്തും എന്തോ പേരിടാത്ത ആത്മസുഖം അനുഭവിക്കുന്നതായി തോന്നി.

മേഘക്കെട്ടുകള്‍ക്കിടയിലൂടെ താഴെക്കാണുന്ന അവലോസ് പാടങ്ങളും, തേക്കിന്‍ കാടുകളും കണ്ടപ്പോള്‍ ഞാനിത്തിരി റൊമാന്റിക്‌ ആയി. ഞാന്‍ അവളോട്‌ അവളുടെ മനസ്സിളക്കാന്‍ ചോദിച്ചു.

"നിനക്കറിയ്യോ എനിക്ക് നിന്നോട് എത്ര സ്നേഹം ഉണ്ടെന്ന്?"

             "ഉം"

തിരിച്ചൊരു മൂളല്‍ മാത്രം. അതെനിക്കറിയാമായിരുന്നു, ആ മൂളല്‍ മാത്രെമേ ഉണ്ടാവൂ എന്ന്. പിന്നെ അവളെന്നോട് പറഞ്ഞു.

              "നിനക്കറിയില്ലേ ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ലാന്ന്"

ഞാന്‍ ചിരിച്ചു. അവളൊന്നുകൂടി അമ്മിഞ്ഞ പുറകിലമര്‍ത്തി എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ഞാന്‍ ഒന്നൂകൂടി വളഞ്ഞ് ഇരുന്നു. താടിയെല്ല് അമര്‍ത്തിയും എടുത്തും അങ്ങനെ. ബൈക്ക്  മേഘങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും അങ്ങനെ എങ്ങോട്ടോക്കെയോ പോയി.

----------------------

സമയം പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവളെന്റെ നെഞ്ചില്‍ തലവെച്ച് ഉറങ്ങുന്നു.

അവളെ തട്ടിയെണീപ്പിച്ചു.

"അതെ! ഇപ്പൊ ഇറങ്ങിയില്ലേല്‍ എനിക്കെന്റെ KLM മിസ്സ്‌ ആവും."

മനസ്സിലാമനസ്സോടെ അവളെണീറ്റു. പിന്നെ ധൃതിയില്‍ എയര്‍പോര്‍ട്ടിലെക്ക്.

ബോര്‍ഡിംഗ് വാങ്ങി വന്നപ്പോഴേക്കും അവള്‍ അക്ഷമയായി കാത്തിരിക്കുന്നുണ്ടായിരുന്നു.

              "ഇയാള്‍ക്കിപ്പത്തന്നെ പോണോ, ഒരു പത്തു മണിക്കൂര്‍ കഴിഞ്ഞു പോയാപ്പോരെ?"

എനിക്ക് ചിരി വന്നു. ഒരു നിമിഷം നിര്‍ത്തി അവള്‍ തുടര്‍ന്നു.

              "ഐ മീന്‍ നെക്സ്റ്റ് ഫ്ലൈറ്റിനു പോയാപ്പപ്പോരെന്ന് ‍"

"നെക്സ്റ്റ് ഫ്ലൈറ്റിനു പോയാല്‍ എനിക്കെന്റെ പെരുന്നാള്‍ മിസ്സാവും"

അവളെന്തെലും പറയുന്നതിനുമുമ്പ് ഞാനവളുടെ ഇരുകവിളത്തും അമര്‍ത്തി ഉമ്മവെച്ചു. അവള്‍ക്കതില്‍ സന്തോഷമോ ദുഖമോ എന്നല്ല പ്രത്യക ഭാവ വത്യാസമൊന്നും ഉണ്ടായിരുന്നില്ല.

"തിരിച്ചൊരു ഉമ്മകിട്ടാനുള്ള വല്ല വകുപ്പുമുണ്ടോ? നീയിതെന്നും വാങ്ങാന്നല്ലാതെ എന്നെലും തിരിച്ചു തന്നിട്ടുണ്ടോ? "

              "എനിക്കിതിന്റെയൊന്നും അവശ്യമില്ലല്ലോ, ഞാനൊന്നും ഇയാളോട് ചോദിച്ചിട്ടും ഇല്ല, പിന്നെന്താ! "

ഞാനും മൌനം അവലംബിച്ചു. ഇതുതന്നയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതും. കൂടുതലൊന്നും അവള്‍ മിണ്ടില്ല, പറയില്ല, സമ്മതിക്കില്ല. എല്ലാം ഞാന്‍ പറയണം, കൊടുക്കണം. അവള്‍ ചുമ്മാ ആത്മരതിയില്‍ മുങ്ങിക്കളിച്ച് അങ്ങനെയിരിക്കും.

              "ഇനി ഇയാള്‍ ഒന്നരമാസം കഴിഞ്ഞേ വരൂ അല്ലെ?"

"ഉം" ഞാന്‍ മൂളി.

              "ഇനി വരുമ്പോ എനിക്കൊരു കഥ പറഞ്ഞു തരണം, ഇതുവരെ വേറെ ആരോടും പറയാത്ത കഥ, സ്വപ്നങ്ങളുടെയും മേഘങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവരുടെ കഥ! കഥയില്ലാത്തവരുടെ കഥകള്‍ "

"ഉം" ഞാന്‍ പിന്നേം മൂളി.

ഞാന്‍ കഥ പറയാറുണ്ട്‌. എന്റെതന്നെ കഥകള്‍, ഉള്ളതും ഇല്ലാത്തതും വെച്ചുള്ള കഥകള്‍. പക്ഷെ ഇവളോട് ഞാനൊരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല. എന്നിട്ടും ഇവളെങ്ങനെ ഇതെല്ലാം. എന്നെ അടുത്തറിയുന്ന ആരേലും പറഞ്ഞു കാണുമോ, എനിക്ക് അതിന്റെ പിന്നാലെ പോവാന്‍ സമയമില്ലായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തുക എന്നതായിരുന്നു മനസ്സില്‍. ചിന്തകള്‍ക്ക് വേലികെട്ടി വരുമ്പോഴേക്കും എന്റെ ബോര്‍ഡിംഗ് അനൌണ്സ്മെന്റ് വന്നു.

"ഞാന്‍ പോവട്ടെ" എന്ന് പറഞ്ഞതെ ഒള്ളൂ.

തിരിച്ചു നടന്നു അവള്‍ ആക്കൂട്ടത്തില്‍ മറഞ്ഞിരുന്നു. ഉച്ചത്തില്‍ പേര് വിളിച്ചാലും അവള്‍ അവള്‍ കേള്‍ക്കില്ല. ഇനി കേട്ടാലും അവള്‍ തിരിഞു നോക്കുകയോ കൈവീശുകയോ ചെയ്യില്ല. ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ അവളെ വിളിക്കാന്‍ തോന്നി, വിളിച്ചില്ല. എളുപ്പത്തില്‍ ഒരു SMS അയച്ചു.

"will miss U, as i said i dont know... kisses"

അതിനു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല, കാരണം അതിനു മറുപടിയില്ല. എനിക്ക് സന്ദേഹങ്ങളും ഇല്ല! ഈ സൌഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ഒരു വന്യതയുണ്ട് അതായിരുന്നു അവള്‍. അവളെ മൌനങ്ങളിലും നോട്ടങ്ങളിലും വാക്കുകളിലും നിഴലിക്കുന്ന നിസ്സംഗഭാവങ്ങളില്‍ എന്തോ ഉണ്ട്, ഞാന്‍ എന്നെ തേടുന്ന വഴികളില്‍ മറന്നു വെച്ച എന്തോ ഒന്ന്.

as i said, i dont know what is that!


2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

മറന്നുപോയി



നിങ്ങള്‍ എല്ലാവരെയും മറന്നിരിക്കുന്നു!
നിങ്ങള്‍ സ്നേഹിച്ചിരുന്നു എന്നു പറഞ്ഞവരെ!
നിങ്ങള്‍ സത്യമായി സ്നേഹിച്ചവരെയും..
നിങ്ങളെ സത്യമായി സ്നേഹിച്ചവരെയും..

എന്റെ അറിവില്‍ എന്നെയായിരുന്നു അവസാനം നിങ്ങള്‍ മറന്നത്. മതിയാംവണ്ണം നിങ്ങള്‍ എന്നെയും മറന്നു തുടങ്ങുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ മറഞ്ഞിരുന്നു കണ്ടതെല്ലാം നിങ്ങളുടെ നിഴലുകളെയായിരുന്നു. നിങ്ങളുടെ ചുണ്ടുകള്‍ വേര്‍പെടുന്ന നേരം ഞാന്‍ മരിച്ചിരുന്നു.



2012, ജൂൺ 20, ബുധനാഴ്‌ച

നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?


ആത്മമിത്രം, അത് ആണുമാവം പെണ്ണും ആവാം. ആത്മമിത്രത്തെ കണ്ടെത്തിയാല്‍ ശരാശരി മനുഷ്യര്‍ക്ക്‌ അവരോടോന്നിച്ചു ജീവിക്കാന്‍ തോന്നും. എല്ലാവര്‍ക്കും അതുതന്നെയാണ് വേണ്ടതും, പക്ഷെ അങ്ങനെയല്ല വേണ്ടത്. ആത്മമിത്രം പലപ്പോഴും നമ്മളെത്തന്നെ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നവരാണ്. നമ്മളെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവരും, പ്രായോഗിഗ കാലഘട്ടങ്ങളില്‍ ഏതു കാര്യത്തിലും നമ്മളെ അവര്‍ അനുനിമിഷം പിന്തുടരുകയും ചെയ്യുന്നു. അത് സന്തോഷത്തില്‍ നമ്മളെ ആത്മാവിലെക്ക് ഇറക്കുകയും , ദുഖത്തില്‍ നമ്മള്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്യുന്നു.

ഒരു ആത്മമിത്രം നമ്മള്‍ ജീവിതത്തില്‍ കണ്ടെത്തുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിയാവാം, പക്ഷെ അവരുമായി ജീവിതം പങ്കിടുക എന്നത് വിഡ്ഢിത്തരം മാത്രമാണ്. നമ്മള്‍ ആത്മമിത്രങ്ങളെ കണ്ടെത്തുന്നത് നമ്മളിലെ നന്മയെയേയും, സന്തോഷത്തേയും നമ്മള്‍ക്കറിയാത്ത നമ്മളിലെ ഭാവങ്ങളെയും കണ്ടെത്തുന്നതിന് വേണ്ടിമാത്രമാണ്. ഒരുപക്ഷെ നമ്മള്‍ നമ്മളെ തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും അവര്‍ നമ്മെ വിട്ടുപോയേക്കാം. നമ്മുടെ ബന്ധത്തിന്റെ ഗാഡതയെ നിലനിര്‍ത്തി ആത്മ മിത്രവുമായി ലിംഗഭേദമനുസരിച്ചു ശാരീരിക ബന്ധം പുലര്‍ത്തുകയോ പുലര്‍ത്താതിരിക്കുകയോ ചെയ്യാറുണ്ട്. അത് നമ്മളിലെ മാനസികാവസ്ഥയും സദാചാരപരമായ ചിന്തകളെയും മാത്രം ബന്ധപ്പെടുത്തിയുള്ളതാണ്.

ഒരു ഗതിയില്‍ ആത്മമിത്രങ്ങളുടെ പ്രയോജനം (ഉദ്ദിഷ്‌ടകാര്യം/പര്‍പ്പസ്) എന്നത് നമ്മളുടെ മനസ്സിനെ ഉണര്‍ത്തുകയും, നമ്മിലെ അഹംഭാവത്തെ ശിതിലീകരിക്കുയും, നമ്മിലെ വിഘ്‌നങ്ങളെയും ചാപല്യങ്ങളെയും വെളിവാക്കിത്തരികയും, നമ്മളുടെ മനസ്സിലേക്ക് പുതിയ വെളിച്ചത്തെ പ്രധാനം ചെയ്യുകയും, ഒരു ഘട്ടത്തില്‍ നമ്മളെ ദുരിതത്തിലേക്ക് തള്ളിയിടുകയും അതില്‍ നിന്ന് നമ്മളെ കരകയറാന്‍ സഹായിക്കുകയും, നമ്മളിലെ അധ്യാത്മിക ബോധത്തെ കൃത്യപ്രക്ഷേപണ നിലയിലാക്കുകയും ചെയ്യുകയും എന്നതുമാണ്.

നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?
അത് സുഹൃത്താവാം, കാമുകനോ കാമുകിയോ ആവാം, അധ്യാപകനാവാം, നിങ്ങളുടെ സഹപാഠിയാവാം. പല കാലങ്ങളിലും ഒരു ദൈവനിയോഗം പോലെ അവര്‍ വരുന്നു. ദൈവമായിട്ടു തന്നെ. അത് തിരിച്ചറിയേണ്ടത് നമ്മളുടെ ബാധ്യതയാണ്.