2013, ജനുവരി 28, തിങ്കളാഴ്‌ച

ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !



ആമുഖം
-------------
ഇതൊരു ആഖ്യാനശൈലീ പരീക്ഷണകഥയാണ്. ഇതിലെ സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് കാലഗണനാപരമായി (chronological order) അല്ലാതെയാണ്. നോണ്‍ലിനിയര്‍ നരേറ്റിവ് ഘടനയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്ര വ്യക്തിജീവിതത്തിലെ പ്രത്യേകഘട്ടങ്ങള്‍ അധ്യായങ്ങളാക്കി തിരിച്ചാണ് എഴുതിയിരിക്കുന്നത്.

മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്. ഈ കഥയില്‍ പ്രതിപാതിച്ച സംഭവങ്ങള്‍ ഒരു സുഹൃത്തിന്‍റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്; കൂടെ സ്വല്‍പ്പം ഭാവനയും ചേര്‍ത്തു എഴുതിയത്.



ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !

ഫാത്തിഹിന്‍റെ അന്വേഷണങ്ങള്‍
------------------------------------------
പകലിന്‍റെ കനത്ത നിഴലുകളെ താങ്ങാനാവാതെ ഫാത്തിഹിന്‍റെ കണ്ണുകള്‍‍. ഒന്നും കാണുന്നില്ല. വയറ് കൊളുത്തി വലിക്കുന്ന വേദനമാത്രം. ഫാത്തിഹ് ചുമര്‍ ചാരിപ്പിടിച്ച് ഏറെനേരം നിന്നു. വയറിനാണ് വേദന. വേദന വന്നാല്‍ കണ്ണുകാണില്ല. സൃഷ്ടിയുടെ പിഴവോ? അതോ അറ്റജീവനെ തുന്നിക്കൊളുത്തിവിട്ട ആ പഴയ ഡോക്ടറുടെ കരവിരുതോ? ഈ നാലുമാസം കൊണ്ട് ഫാത്തിഹ് സഹിച്ചത് ഓരോ വരവിലും വയറിന്‍റെ ആഴങ്ങളിലേക്ക് തിരുകിക്കയറുന്ന രാകിമിനുക്കിയെത്തുന്ന വേദനകളെയായിരുന്നു. 

ഫാത്തിഹ് ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ് എന്നാണ് ഇന്നുകണ്ട ജോസഫ് ഡോക്ടറും പറഞ്ഞത്. എല്ലാ ജോസഫ് ഡോക്ടര്‍മാരും ഇതുതന്നയാണ് പറയുന്നത്. പണ്ടു സംഭവിച്ച അപകടത്തില്‍ ചതഞ്ഞുപോയ ഞരമ്പുകള്‍ തുന്നിച്ചേര്‍ത്ത രീതി ശാസ്ത്രീയമായല്ല. പക്ഷെ ആ ചതഞ്ഞ ഞരമ്പുകള്‍ തുന്നിച്ചേര്‍ക്കാതെ ജീവന്‍ നിലനില്‍ക്കുകയുമില്ലായിരുന്നു. അതിശയോക്തിയോടെ ഡോക്ടര്‍ ഫാത്തിഹിനെ നോക്കിക്കാണുമ്പോള്‍ നിരാശയോടെ ഫാത്തിഹ് ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങും.

സ്വയം പഴിച്ചുനില്‍ക്കുന്ന ഫാത്തിഹിന്റെ കണ്ണിലേക്ക് കാഴ്ച വീണ്ടും പതിയെ മടങ്ങിവന്നു. വേദനയും മെല്ലെ ഏതോ ഇരുട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഊന്നുനടന്നു ബൈക്കിന്‍റെ അടുത്തു ചെന്നുനിന്നു. അപരിചിതരുടെ അവജ്ഞയോടുള്ള നോട്ടത്തിന് ഫാത്തിഹിനു പുച്ഛം നിറഞ്ഞ ചിരിമാത്രമായിരുന്നു ഉത്തരങ്ങള്‍. അവരുടെ കാഴ്ചയില്‍ ഫാത്തിഹൊരു കള്ളുകുടിയനായിരിക്കും.

ഇന്നിപ്പൊ മൂന്നാമത്തെ ആശുപത്രിയാണ്, ആശുപത്രികളല്ലാതെ ചെറിയ ക്ലിനിക്കുകളായും മറ്റും വേറെയും ആറു ജോസഫ് ഡോക്ടര്‍മാര്‍. മൊത്തം എഴുപതോളം ജോസഫ് ഡോക്ടര്‍മാരെ കണ്ടു. ഫാത്തിഹ് തിരയുന്ന ജോസഫ് ഡോക്ടര്‍ ഇവിടെയെവിടെയുമില്ല. തിരച്ചില്‍ മാത്രം ബാക്കി. 

ഉറക്കമില്ലാത്ത രാത്രികള്. വേദനയുടെ അനിശ്ചിതത്വത്തില്‍ പകച്ചു നിന്നുപോവുന്ന സ്വപ്‌നങ്ങള്‍. ആരുടെയോ അകന്നുപോകുന്ന കാലൊച്ചകള്‍. സെലിന്‍റെ കൂടെയുള്ള ബൈക്ക് യാത്രകള്‍. 


സെലിന്‍ !
------------
സെലിന്‍! അനാട്ടമി വിദ്യാര്‍ഥിനി. ഫാത്തിഹിന്‍റെ കോളേജ്മേറ്റ്. 

സെലിന്‍ ഫാത്തിഹിനെ ഈ നഗരത്തില്‍ വെച്ചാണ് പരിചയപ്പെടുന്നത്. അവര്‍ക്ക് തമ്മില്‍ പറയാന്‍ ഏറെയൊന്നുമില്ലായിരുന്നെകിലും പെട്ടെന്നാണ് അടുത്തത്‌. ആര്‍ട്ട്ക്ലാസ്സിലെ ചിത്രങ്ങളിക്കിടയില്‍ നിന്ന രണ്ടു നിഴലുകള്‍പോലെ അവര്‍ കണ്ടതും പരിചയപ്പെട്ടതും എല്ലാം പെട്ടെന്നായിരുന്നു. 

നെഞ്ചിടിപ്പിന്‍റെ നോട്ടങ്ങളും, അതിന്‍റെ സഹനത്തില്‍ നിന്നുയരുന്ന ഭാരമേറിയ വാക്കുകള്‍ക്കുമപ്പുറം ഇടറുന്ന മനസ്സുകളേക്കാള്‍ വിശാലമാണ് സൗഹൃദമെന്ന സഹജീവികളുടെ ലോകമെന്ന തിരിച്ചറിവില്‍ പലരും പ്രണയമുപേക്ഷിച്ചു സുഹൃത്തുക്കളായി. പക്ഷെ സെലിന് ഫാത്തിഹിന്‍റെ സുഹൃത്തുമാത്രമായി ഒതുങ്ങിക്കൂടാന്‍ കഴിയില്ലായിരുന്നു. ആ ദിവസങ്ങളില്‍ ഇരുള്‍ കെട്ടടങ്ങുന്ന നേരത്ത് ഒരു വിഭ്രാന്തിയായി അവളിലേക്ക് പടര്‍ന്നുകയറിയ ഭാവസാന്ദ്രമായ തുടര്‍സ്വപ്നങ്ങളായിരുന്നു ഫാത്തിഹ്‍! 

പ്രണയത്തിന്‍റെ കുളിരുള്ള മഴയില്‍ നനഞ്ഞുനിന്ന ഒരു ദിവസം സെലിന്‍ മനസ്സുതുറന്നപ്പോള്‍ ഫാത്തിഹ് അവളെ തടഞ്ഞില്ല. അന്നുമുതല്‍ ഫാത്തിഹെന്ന തീരത്തെ അണയാതെ പുണരുന്ന അലകളായി മാറി സെലിന്‍. 

ഫോണില്‍ സെലിന്‍റെ നമ്പര്‍ തിരയുന്ന ഫാത്തിഹിനു കിട്ടിയത് വെറും ജോസഫുമാരെ ആയിരുന്നു.

സെലിന്‍ ശാന്തതയോടെ ചോദിച്ചു.

"എന്തായി?"

"എന്താവാന്‍?"

"നിര്‍മലയിലെ ജോസഫ്?"

"അയാളല്ല."

അപ്പുറത്ത് മൗനം. സെലിനും മടുത്തു കാണും. നാലുമാസത്തോളം നിരവധി ജോസഫ് ഡോക്ടര്‍മാര്‍. മടിയൊന്നുമില്ലാതെ സെലിന്‍ കൂടെയുണ്ട്! 

ഇതുവരെ കയറാത്ത മറ്റൊരാശുപത്രി! അവിടെ ജോസഫ് എന്നൊരു ഡോക്ടറില്ല, ജോസഫ് എന്നുപേരുള്ള പേഷ്യന്‍റ് ഉണ്ട്, രണ്ടുദിവസം മുമ്പ് ആത്മഹത്യക്കുശ്രമിച്ച് കോമയില്‍ കിടക്കുന്ന ഒരു വൃദ്ധന്‍. അയാളുടെ ഭാര്യയെ ഇന്‍ഫര്‍മേഷന്‍ ഡസ്കില്‍ വെച്ചുകണ്ടു. അവര്‍ ഫാത്തിഹിനെ സൂക്ഷിച്ചുനോക്കി. ഫാത്തിഹിന് അവരെക്കണ്ടപ്പോള്‍ അലിവുതോന്നി. ജോസഫ് എന്നൊരു ഡോക്ടര്‍ അവിടെ ഇല്ലെന്ന് തീര്‍ത്തുപറഞ്ഞ നേഴ്സിനോട് പുച്ഛംതോന്നി. വെള്ളയണിഞ്ഞ മാലാഘമാരാണുപോലും‍, അവര്‍ക്ക് ലവലേശം ദയയില്ല. 

ഫാത്തിഹിന്‍റെ മനസ്സില്‍ നിരാശതോന്നി. ഈ നഗരത്തില്‍ ജോസഫ് എന്നുപേരുള്ള മറ്റൊരു ഡോക്ടര്‍ ഇനിയില്ല. വയറുവേദനയല്ല പ്രശ്നം. പക്ഷെ താനിതുവരെ കാണാത്ത ആ ഡോക്ടര്‍, തന്‍റെ ജീവന്‍ ഇപ്പോഴും പ്രകാശിപ്പിച്ചുനിര്‍ത്തുന്ന ഏതോ ഒരു ഘടകം, അയാളോടുള്ള നന്ദി മാത്രം. ചിലപ്പോള്‍ അയാള്‍ക്ക് തന്നെ ഈ വേദനയില്‍ നിന്നും രക്ഷപ്പെടുത്താനാകും.


അഹമ്മദും ഫാത്തിമയും
------------------------------
ദിവസങ്ങള്‍ കൊഴിയുന്നു എന്നല്ലാതെ ജീവിതത്തില്‍ അഹമ്മദിനും ഫാത്തിമക്കും മാറ്റങ്ങളൊന്നുമില്ല. മക്കളും, മക്കളുടെ മക്കളുമൊക്കെയായി എല്ലാവരുമുണ്ട്.  എന്നിട്ടും ആരുമില്ലാത്തപോലെ അഹമ്മദും, ഫാത്തിമയും. അവര്‍ ദൈവത്തിന്‍റെ കാരുണ്യത്തില്‍ കണ്ണുനനച്ചു കഴിഞ്ഞു. അഹമ്മദിന്‍റെ ചിന്തകളെ മുറിപ്പെടുത്തി സുലൈമാനിയുമായി എത്തുന്ന ഫത്തിമയുടെ നോട്ടങ്ങള്‍ക്ക് പകരമായി അഹമ്മദ്‌ നിസ്സംഗത കലര്‍ന്ന ചിരി സൃഷ്ടിക്കും. ഖുര്‍ആനിലും ദുആകളിലും മുഴുകിയിരുന്ന് അവര്‍ക്കുമാത്രമായുള്ള അര്‍ത്ഥമില്ലാത്ത ജീവിതങ്ങളെ ജീവിച്ചു. 

ദിവസങ്ങള്‍ കൊഴിഞ്ഞുവീഴുന്നത് അവരറിയുന്നുണ്ടായിരുന്നില്ല. പാടത്തും, വരമ്പത്തുമായി അഹമ്മദും ഫാത്തിമയും പകലുകളില്‍ വിത്ത്‌ വിതച്ചു, നനച്ചു കൊയ്ത്, ഉണ്ടും ഉറങ്ങിയും, വരണ്ട കാലാവസ്ഥകളില്‍ മൂകരായും ലക്ഷ്യമില്ലാതെ ജീവിച്ചു. വല്ലപ്പോഴും വിരുന്നുവരുന്ന മക്കളും അവരുടെ കുട്ടികളുമുണ്ടാക്കുന്ന ഒച്ചപ്പാടില്‍ അഹമ്മദും ഫത്തിമയും അതിയായി സന്തോഷിക്കും. അവര്‍ മടങ്ങിപോകുമ്പോള്‍ മരണവീടുപോലെ ഓരോ കോണുകളിലേക്ക് തലതിരിച്ചിരിന്നു ഓരോ ചിന്തകളില്‍ മുഴുകും.

അന്നാകാശത്ത് മഗരിബിന്‍റെ ചുവന്നനിറത്തിന് കനംകുറയുന്ന നേരത്ത് അഹമ്മദും ഫാത്തിമയും നിസ്കരിച്ചു. ദിക്ക്റുകളുടേയും, ദുആകളുടേയും ഇടയിലുള്ള നിശബ്ദതയെ ബുദ്ധിമുട്ടിച്ച് ചെവികളെ നോവിക്കുന്ന കരച്ചിലായി ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയില്‍ ഇടറിയ ശബ്ദം കേട്ടുപകച്ച അഹമ്മദ്‌ ക്ഷമയോടെ ഫോണിലെ അപരിചിതമായ ആ ശബ്ദത്തോട് പ്രതികരിച്ചു. ഫാത്തിമ തെല്ലതിശയത്തോടെ അത് നോക്കിക്കൊണ്ട്നിന്നു. സംഭാഷണം കഴിഞ്ഞ ശേഷം അഹമ്മദ്‌ ഉമ്മറത്തെ ചാരുപടിയില്‍ വന്നിരുന്നു. ഫാത്തിമ ചോദിച്ചത് അഹമ്മദ്‌ കേട്ടില്ല. അഹമ്മദ് അപ്പോഴും ആ പരിചിതമായ ശബ്ദത്തിലേക്ക് കാതോര്‍ത്ത് കാലുംനീട്ടിയിരുന്നു.


അയാള്‍: ഏകാന്തതയിലേക്കുള്ള നടത്തം
--------------------------------------------------
നീണ്ട പകലുകള്‍, യുഗങ്ങളായിത്തോന്നിപ്പിക്കുന്ന ഇരുട്ടുമൂടിയ രാത്രികള്‍, ലക്ഷ്യമില്ലാതെ അലയുന്ന ചിന്തകള്‍, മനസ്സിനെ കുത്തിനോവിക്കുന്ന ഓര്‍മകളില്‍ ജീവനില്ലാതെ ജീവിക്കുകയായിരുന്നു അയാള്‍. പ്രായത്തിന്‍റെ അലസതകള്‍ വേറെയും. അയാള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ടായിരുന്നു. നല്ലൊരു ജീവിതമുണ്ടായിരുന്നു. ആ ജീവിതത്തിനു നിറം പകരുന്ന കുഞ്ഞു ജീവനുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അതായിരുന്നു അയാളുടെ ജീവിതത്തെ രണ്ടു കാലഘട്ടങ്ങളായിത്തിരിച്ച വൈഷമ്യം. 

ഭാര്യക്ക്‌ ഗര്‍ഭധാരണശേഷിയുണ്ടായിരുന്നില്ല. അതുകൊണ്ടയാള്‍ ഭാര്യയെ ജീവിതത്തില്‍ നിന്നുതന്നെ ഒഴിവാക്കി. അവള്‍ പോയതോടെ അയാള്‍ ഒറ്റപ്പെട്ടു. അയാള്‍ കുറ്റബോധത്തിലായിരുന്നു‍. മദ്യക്കുപ്പിയുടെ മൂടിത്തുമ്പത്തു കയറി കുപ്പിയുടെ ഉള്ളിലേക്ക് ചാടി ലഹരിയില്‍ മുങ്ങിമരിക്കുന്ന പുതിയ ജീവിതത്തില്‍ അയാള്‍ക്ക്‌ നഷടപ്പെട്ടത്‌ അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയത് അയാളുടെ ഭാര്യയെയായിരുന്നു. ബെറ്റീന തന്നെ മടുത്ത്‌ ഇട്ടെറിഞ്ഞു പോയതല്ല. മറിച്ച്, താന്‍ ഓടിച്ചു വിട്ടവളാണ്. 

"മക്കളില്ലാന്നു വെച്ച്?"
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ സൃഷ്ടിച്ച് അയാള്‍ വിറയോടെ മദ്യത്തിന്‍റെ കയ്പ്പില്‍ മുങ്ങി. ലഹരി അയാളെ ബാധിക്കില്ലായിരുന്നു. എന്നിട്ടും ലഹരി ബാധിച്ച ഒരുവനെപ്പോലെ ബെറ്റീനക്ക് വേണ്ടി കരഞ്ഞ്, മൂകമായി വിങ്ങിപ്പൊട്ടി. ഇരുട്ടുകളില്‍ കണ്ണുനീരോഴുക്കി. ബെറ്റീന ഭംഗിയോടെ തുടച്ചു സൂക്ഷിച്ചിരുന്ന മേശയും, വിരിപ്പും വൃത്തികേടായിക്കിടന്നു. ബെറ്റീയുണ്ടെങ്കില്‍ അയാള്‍ കരയുമായിരുന്നില്ല. അയാള്‍ തന്‍റെ ജീവിതത്തെ ശപിച്ച് കണ്ണീരൊഴുക്കുമായിരുന്നില്ല. 


ഫാത്തിഹിന്‍റെ തുടരന്വേഷണങ്ങള്‍
---------------------------------------------
ഫാത്തിഹ് തന്‍റെ വേദനകളെ മറന്ന് തനിക്ക് രണ്ടാം ജീവന്‍ തന്ന ജോസഫെന്ന ഡോക്ടറെത്തേടി അലഞ്ഞു. 

ഇതുവരെ കയറാത്ത പുതിയ ആശുപത്രികള്‍‍, ചെറിയ ചെറിയ നഴ്സിംഗ് ക്ലിനിക്കുകള്‍. 

രാത്രിയില്‍ ഫാത്തിഹ് സെലിന്‍റെ പതിഞ്ഞ ശബ്ദത്തില്‍ അലിഞ്ഞുറങ്ങി. 

ഫോണ്‍ ചെയ്യുമ്പോള്‍ ഫാത്തിഹിനെക്കൊണ്ട് അവള്‍ അധികം സംസാരിപ്പിക്കാറില്ല. ഒരു കേള്‍വിക്കാരനായി ഫാത്തിഹിനെയിരുത്തും. അവളുടെ ദിവസത്തിലെ എല്ലാ സംഭവങ്ങളും വിവരിച്ചുകൊടുക്കും, ക്ലാസിലെയും വീട്ടിലെയും തമാശകള്‍ പറഞ്ഞ് അവനെ ഒരു ചുംബനത്തിന്‍റെ പതിഞ്ഞ ശബ്ദത്തില്‍ അവളുറക്കും. സ്വപ്നങ്ങളില്‍ അവള്‍ അവന്‍റെ തോളില്‍ തലചായ്ച്ചുകിടക്കും. അവളുടെ മുടിയിഴകളില്‍ക്കോര്‍ത്ത മുത്തുകള്‍ അവന്‍ എണ്ണംകൂട്ടി ചേര്‍ത്തുവെക്കും. അവരെ തഴുകുന്ന തണുത്ത കാറ്റില്‍ പറക്കുന്ന അവളുടെ നീളമുള്ള ചെമ്പന്‍മുടികളെ അവന്‍ ഉമ്മവെക്കും.

വേദനകളില്‍ പുലരുന്ന ദിവസങ്ങളെ ഫാത്തിഹ് ശപിക്കും. ആര്‍ട്ട് ക്ലാസ്സ് കഴിഞ്ഞാല്‍ ഫാത്തിഹ് വീണ്ടും നഗരത്തിന്‍റെ തിരക്കിലേക്ക് കലരും. ഇതുവരെ കയറിനോക്കാത്ത ആശുപത്രികളില്‍ ജോസഫ് ഡോക്ടര്‍മാരെ തിരയും. നിരാശയോടെ തിരിച്ചുവരുന്ന ഫാത്തിഹിനെ നോക്കി സെലിന്‍ ചിരിക്കാന്‍ ശ്രമിക്കും.


അഹമ്മദും ഫാത്തിമ്മയും: ഓര്‍മ്മകള്‍
----------------------------------------------
തന്‍റെ ചോരയെ ജീവനായി കണ്ടപ്പോള്‍ അഹമ്മദ്‌ അറിയാതെ പറഞ്ഞു. "മാഷാ അല്ലാഹ്". അത് കേട്ടപ്പോള്‍ ഫാത്തിമയുടെ  മുഖത്ത്  നാണം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. 
ഡോക്ടര്‍ ബെറ്റീന അഹമ്മദിനോട് പറഞ്ഞു.

"നിങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹമുള്ളവരാണ്. 
 ഏറെ ബുദ്ധിമുട്ടിയാണെങ്കിലും രണ്ടുപേരെയും ജീവനോടെ തിരിച്ചു കിട്ടി. 
 ഇവിടുള്ള സൗകര്യങ്ങള്‍ വച്ച് ഇതൊരു അത്ഭുതമാണ്. 
 നിങ്ങളുടെ മകനെ നോക്കൂ. 
 അവന്‍റെ മുഖത്തെ ഐശ്വര്യം നോക്കൂ."

അത്രക്കും ഓമനത്തമുള്ള കുട്ടിയായിരുന്നു അഹമ്മദിനും ഫാത്തിമക്കും പിറന്നത്. ആദ്യത്തെത്  ഒരാണും, രണ്ടാമത്തേത് പെണ്ണുമായി രണ്ടു കുഞ്ഞുകള്‍ അവര്‍ക്കുണ്ട്. മൂന്നാമത്തെ കുഞ്ഞാണിത്. ആദ്യത്തെ കുട്ടികള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അവനുണ്ടായിരുന്നു. ആ പരിസരത്തുള്ള എല്ലാവരും വന്നു കുട്ടിയെ കണ്ടു, അവനെ കളിപ്പിച്ചു, ചിരിപ്പിച്ചു. അവര്‍ക്കെല്ലാവര്‍ക്കും കുഞ്ഞിനെ അത്രയ്ക്ക് ഇഷ്ടമായി. ബെറ്റീനയായിരുന്നു കുഞ്ഞിനെ എപ്പോഴും വന്നുകണ്ടിരുന്നത്. അവര്‍ക്കെന്തോ ആ കുഞ്ഞിനെ അത്രക്കിഷ്ടപ്പെട്ടിരിക്കണം. 

അവരവന്‍റെ ഓരോ ചലനങ്ങളെയും ഫാത്തിമക്ക് കാണിച്ചുകൊടുത്തു. ഫാത്തിമക്ക് പകരം അവര്‍ കുഞ്ഞിനെ പാട്ടുപാടിയുറക്കി. മണമുള്ള നീല നിറമുള്ള റബ്ബര്‍ഷീറ്റില്‍ കിടന്നുറങ്ങുന്ന അവന്‍റെ ഓമനത്തമുള്ള മുഖത്തുനോക്കി ബെറ്റീന ഇടയ്ക്കു ഫാത്തിമ കാണാതെ കണ്ണീര്‍പൊഴിക്കും. പഴക്കംചെന്ന ആ കൊച്ചുമുറിയിലാകെ അവന്‍റെ വിശന്നുള്ള കരച്ചില്‍ നിറയുമ്പോള്‍ ഫാത്തിമ അവന്‍റെ വായിലേക്ക് അവളുടെ അമൃതപ്രവാഹത്തിന്റെ മൊട്ടു തിരുകിക്കയറ്റും. ചെറിയ ശബ്ദത്തില്‍ ആര്‍ത്തിയോടെ കുടിക്കുബോള്‍ അവന്‍റെ കാലുകള്‍ അടുത്തിരിക്കുന്ന ബെറ്റീനയുടെ ദേഹത്ത് തട്ടിക്കും.  


സെലിന്‍: പ്രതീക്ഷയും നിസ്സഹായതയും
-------------------------------------------------
സെലിനെ വിളിച്ചു. ജോസഫ് എന്ന് പേരുള്ള ഒരു പീഡിയാട്രിക്ക് ഡോക്ടറെക്കുറിച്ച് അവള്‍ തന്നെയാണ് പറഞ്ഞത്. അവളുമൊന്നിച്ച് തനിച്ചു കുറച്ചു സമയം ചെലവഴിക്കണം എന്നതുകൂടി മനസ്സിലുണ്ടായിരുന്നു. ഇങ്ങനെയൊരു അവസരമാണെങ്കിലും സാരമില്ല. അതുമല്ല അവള്‍ക്ക് ബൈക്ക് യാത്ര ഹരമാണ്, തന്നെ ചുറ്റിപ്പിടിച്ച് ഇരുന്നോളും. 

കറുപ്പണിഞ്ഞ പാതകള്‍ വീശിയ തണുത്ത കാറ്റില്‍ സുഖം പിടിച്ചു സെലിന്‍ ഫാത്തിഹിന്‍റെ പിന്നില്‍ ചാഞ്ഞിരുന്നു. വഴികളില്‍ കാണുന്ന എല്ലാ കാഴ്ചകളിലും അവനായിക്കരുതിവെച്ച ചിന്തകളെ അവള്‍ പറഞ്ഞു കൊടുക്കും. 

ചെറിയ ആശുപത്രി, ജോസഫ്‌ എന്ന് പേരുള്ള ഡോക്ടര്‍ ഉണ്ടവിടെ. പക്ഷെ ഫാത്തിഹ് അവര്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടര്‍ അയാളല്ല.

തിരിച്ചു പോരുമ്പോള്‍ ഫാത്തിഹ് സെലിനെ കുറ്റം പറഞ്ഞു. ശരിക്കും അന്വേഷിച്ച് നോക്കാമായിരുന്നു. വെറുതെ ഇത്രയും സമയം കളയേണ്ട ആവശ്യമില്ലായിരുന്നു എന്നൊക്കെപ്പറഞ്ഞു. ബൈക്ക് ഓടിക്കുമ്പോള്‍ സെലിന്‍ ചുറ്റിപ്പിടിക്കാന്‍ തുനിഞ്ഞപ്പോള്‍ ഈര്‍ഷ്യയോടെ മുന്നിലേക്ക്‌ ആഞ്ഞിരുന്നു. ഇയാളല്ല അയാള്‍ എന്നൊക്കെപ്പറഞ്ഞു വെറുതെ എന്തൊക്കെയോ പിറുപിറുത്തു. സെലിനും സങ്കടമായി. വെറുതെ എന്തൊക്കെയോ പറഞ്ഞു ഫാത്തിഹ് സെലിനോട് തട്ടിക്കയറി. ആ തണുത്ത കാറ്റില്‍ സെലിന്‍റെ കണ്ണുനീര്‍ പിന്നിലേക്കൊഴുകി.


അയാള്‍: പ്രതീക്ഷയുടെ നഷ്ടം
------------------------------------
അയാള്‍ അയാളുടെ ഭാര്യയെ വിളിക്കാന്‍ ശ്രമിച്ചു. ബെറ്റീന ഇപ്പോള്‍ കാനഡയിലാണ്. ബെറ്റീനയുടെ ഒരകന്നബന്ധുവിന് അവിടെ ഒരു ആശുപത്രിയുണ്ട്, ഇപ്പൊള്‍ അവിടെ സീനിയറായി പ്രാക്ടീസ്‌ ചെയ്യുന്നു. അന്നാ വഴക്കിനു ശേഷം ബെറ്റീന നേരെ അങ്ങോട്ടാണ് പോയത്. അതിനുശേഷം ബെറ്റീന അയാളെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചപ്പോള്‍ ബെറ്റീനക്കു പറയാന്‍ ഒന്നുമില്ലായിരുന്നു. 

അയാള്‍ കരഞ്ഞുകെഞ്ചി തിരികെ വരാന്‍ പറഞ്ഞു, ബെറ്റീന ചുണ്ടനക്കിയില്ല, മിണ്ടിയില്ല. ബെറ്റീന ഒരറ്റത്ത് നിന്ന് കരയുന്നപോലെ തോന്നി അയാള്‍ക്ക്.മനസ്സിലെ അഴുക്കുകള്‍ എന്നന്നേക്കുമായി കഴുകിക്കളയുന്ന വിഷത്തുള്ളികള്‍ വീഴ്ത്തിയ പളുങ്കുപാത്രം, സ്വപ്നങ്ങളെ കൂട്ടക്കുരുതി കൊടുക്കാന്‍ വെമ്പുന്ന രാത്രി, ജനവാതിലില്‍ ആര്‍ത്തിയോടെ ഭൂമിയിലേക്ക്‌ വീശുന്ന വിശക്കുന്ന മരണത്തിന്‍റെ മണമുള്ള കാറ്റ്. 

പണ്ടു വന്‍കരകള്‍ അടര്‍ത്തപെട്ടമാത്രയില്‍ കരയും കടലും കരഞ്ഞ പോലെ അയാള്‍ കരഞ്ഞു. വിളറിവെളുത്ത മുഖവുമായി അയാള്‍ ബെറ്റീനയോട് പറഞ്ഞു.

"ബെറ്റീന.. എന്നെ മരണം വിളിക്കുന്നു. തണുപ്പുപെയ്യിക്കുന്ന സ്വര്‍ഗത്തിലെ മരത്തിന്‍റെ ചുവട്ടിലേക്കെനിക്ക് പോവണം. ഇനി കടലും, കാടും കൂടിക്കലര്‍ന്ന നമ്മുടെ പഴയ സ്വപ്നങ്ങളുടെ കാഴ്ചയില്‍ എന്‍റെ ചിരിയുയരില്ല. മരണത്തിന്‍റെ സ്വപ്‌നങ്ങള്‍ വഴികാട്ടുന്ന ഈ രാത്രിയില്‍ എനിക്കാരോടും പശ്ചാത്താപവുമില്ല. വഴിയില്‍ക്കാണുന്ന നിന്‍റെ ചിരിക്കാത്ത മുഖത്തോട് എനിക്കലിവുമില്ല, കാരുണ്യവുമില്ല. ഇത് ദൈവം എന്നിലേക്കഴിച്ചുവിടുന്ന മരണതാണ്ഡവം മാത്രമാണ്. അതിനുശേഷം ഞാനും നീയും എന്നില്ല. എന്നന്നേക്കുമായി പുലരുന്ന എന്‍റെ നിശബ്ദത മാത്രം."


ബെറ്റീനയുടെ ദുഖം
------------------------
ഡോക്ടര്‍ ബെറ്റീനക്ക് ഗര്‍ഭധാരണശേഷിയില്ലായിരുന്നു, അവരുടെ ഭര്‍ത്താവും ആ ആശുപത്രിയിലെത്തന്നെ ഡോക്ടറാണ്. നഗരത്തില്‍നിന്നു വന്ന ആ ഡോക്ടര്‍ ദമ്പതിമാര്‍ നിരാശരായിരുന്നു. ആ നഗരത്തിലെ തിരക്കുകളും, അവരുടെ സങ്കടങ്ങള്‍ക്കും അറുതിവരട്ടെ എന്ന് തോന്നിയിട്ടാകണം ഈ ഗ്രാമത്തില്‍ വന്നത്. അല്ലെങ്കില്‍ ദൈവം ഫത്തിമയെയും കുഞ്ഞിനേയും രക്ഷിക്കാന്‍ വേണ്ടി പറഞ്ഞയച്ചതാവും. അങ്ങനെ മറ്റു പലരെയും രക്ഷിക്കാനുമാവും ഇവരുടെ നിയോഗം‍. 

ജനാലയുടെ ഉള്ളിലേക്ക് കടന്നുവരുന്ന പച്ചവിരിച്ച പാടത്തിന്‍റെ മണമുള്ള തണുത്തകാറ്റില്‍ ബെറ്റീന പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ആ കൊച്ചുമുറിയുടെ ചുവരുകളില്‍ കുഞ്ഞുങ്ങളുണ്ടാവാത്ത ഒരമ്മയുടെ ചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. പുറമ്പോക്കിലെവിടെയോ ആരോ ഉപേക്ഷിച്ച ഒരു ചെറിയ പൂച്ചക്കുട്ടിയെപ്പോലെ ശബ്ദമില്ലാതെ ബെറ്റീന കരയുമായിരുന്നു. 

ദൈവം അങ്ങനയാണ്, എല്ലാ സന്തോഷങ്ങളും ആര്‍ക്കും ഒരുമിച്ചു കൊടുക്കില്ല. ചിലരെ തിരഞ്ഞെടുത്തു സങ്കടപ്പെടുത്തും. തന്‍റെ കാര്യത്തില്‍ ദൈവം പലപ്പോഴും ക്രൂരനാണെന്ന്‍ ബെറ്റീനക്ക് തോന്നിയിരുന്നു.

അഹമ്മദിന്‍റെയും ഫാത്തിമയുടെയും കുഞ്ഞിനെ കാണുമ്പോള്‍ ബെറ്റീനയുടെ മുഖം പ്രസന്നമാവും. ഇടയ്ക്കു കുഞ്ഞിനെ ബെറ്റീന ഭര്‍ത്താവിന്‍റെ അടുത്തു കൊണ്ടുപോകും. പാലുകുടിക്കാന്‍ കരയുമ്പോള്‍ മാത്രമേ അവനെ തിരിച്ചു കൊണ്ടുകൊടുക്കൂ. വരുമ്പോള്‍ ചിലപ്പോള്‍ അമ്മക്കും കുഞ്ഞിനും പ്രത്യേകമായി എന്തെങ്കിലും കയ്യില്‍ കരുതിയിട്ടുണ്ടാകും, ഭക്ഷണം, ഉടുപ്പുകള്‍ അങ്ങനെ എന്തെങ്കിലും.ആദ്യമൊക്കെ ഫാത്തിമക്കതൊരു പ്രശ്നം പോലെ തോന്നിയിരുന്നില്ല. പിന്നീട് അത് ഒരുമാതിരി തോന്നി. ഫാത്തിമയെ ചിക്തിസിക്കുന്ന ഡോക്ടറായതുകൊണ്ട് അഹമ്മദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരവസരത്തിലാണ് ബെറ്റീനയും കൂടെ ഭര്‍ത്താവ് ജോസഫ് ഡോക്ടറും അഹമ്മദിനെയും ഫാത്തിമയെയും കാണാന്‍ വന്നത്. തികച്ചും ഔപചാരികമായ ഒരു സന്ദര്‍ശനം മാത്രമായിരുന്നില്ല അത്. 

കുഞ്ഞിനെ അവര്‍ ദത്തെടുത്തോട്ടെ എന്ന് ചോദിക്കാനായിരുന്നു വന്നത്. 

"ഇവനെ ഒരു രാജകുമാരനായി വളര്‍ത്തിക്കോളാം. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്നു കാണാം" എന്നുമൊക്കെ ബെറ്റീനയുടെ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഫാത്തിമ പച്ചകര്‍ട്ടനു പിറകില്‍ മറഞ്ഞു. അതിസങ്കീര്‍ണ്ണമായ പല കേസുകളിലും ഒരുപാടു സ്ത്രീകളെ അമ്മയെന്ന വര്‍ഗ്ഗത്തിലേക്ക് അവരുടെ രണ്ടാം ജീവനുകളെ ബെറ്റീന അതിവിദഗ്ധമായി പുറത്തെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ബെറ്റീന ആയാസപ്പെട്ടിരുന്നില്ല. പക്ഷെ അതൊന്നുമല്ലാത്ത ഒരു ബെറ്റീന അഹമ്മദിന്‍റെയും ഫാത്തിമയുടെയും ദയക്കുവേണ്ടി ചെറിയ കുട്ടിയെപ്പോലെ കരഞ്ഞു. കണ്ണ് നിറച്ച് അവരുടെ ഭര്‍ത്താവ് തലകുനിച്ചു നിന്നു. ബെറ്റീനയുടെ കരച്ചില്‍ ഫാത്തിമയുടെ മനസ്സലിയിച്ചില്ല. 


ഫാത്തിഹ് : രണ്ടാം ജന്മം
------------------------------
അഹമ്മദ്‌ കൃഷിക്കാരനാണ്, പാട്ടത്തിനെടുത്ത വയലുകളില്‍ അയാള്‍ നെല്ലും പച്ചക്കറികളും കൃഷി ചെയ്തു. ഫാത്തിമയും മൂന്നു കുട്ടികളും അഹമ്മദിനെ സഹായിച്ചുപോന്നു. ഇളയവന്‍ മഹാവികൃതിയാണ് മൂന്നു വയസ്സേ ഒള്ളുവെങ്കിലും മൂത്ത രണ്ടുപെരെക്കാളും പ്രസരിപ്പ് അവനാണ്. ആരു പറഞ്ഞാലും അവന്‍ കേള്‍ക്കില്ല.  ഡോക്ടറമ്മ വന്നു പറഞ്ഞാല്‍ എല്ലാം കേള്‍ക്കും. ബെറ്റീനയെ അവന്‍ ഡോക്ടറമ്മ എന്നാണ് വിളിച്ചിരുന്നത്‌. ഫാത്തിമ അവനെ വഴക്ക് പറയില്ല, അടിക്കില്ല. അഹമ്മദുമതെ, അവന്‍റെ വികൃതികളെ ചിരിയോടെ നോക്കിക്കാണും.

ഡോക്ടര്‍ ബെറ്റീനയും ഭര്‍ത്താവും ഇടയ്ക്ക് അവനെ കാണാന്‍ വരും. അപ്പോള്‍ കൊണ്ടുവരുന്ന ഉടുപ്പും, ചോക്കലേറ്റും കിട്ടിയാല്‍ അവന്‍ ഫാത്തിമയേയും, അഹമ്മദിനെയും ഗൗനിക്കില്ല. ബെറ്റീനയും, ഭര്‍ത്താവും ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ന്‍ അവനെക്കാണും. അവരുടെ ഓരോ വരവും ഫാത്തിമയുടെ നെഞ്ചുപൊള്ളിക്കും. ബെറ്റീനക്ക് അവനോടുള്ള സ്നേഹം കാണുമ്പോള്‍ ബെറ്റീനയുടെ ഭര്‍ത്താവ് അഹമ്മദിന്‍റെ മുഖത്ത് നോക്കും. അഹമ്മദ്‌ നിസ്സഹായത തുളുമ്പുന്ന കണ്ണുകളില്‍ നിസ്സംഗത ഭാവിച്ചു നില്‍ക്കും.

ഒരിക്കല്‍ നെല്ല് നിറച്ച ചാക്ക് അവന്‍റെ മേല്‍ വീണു, അവന്‍റെ ബോധം പോയി. പൊക്കിള്‍ക്കൊടിയില്‍ നിന്ന് രക്തം ചീറ്റാന്‍ തുടങ്ങി. ഫാത്തിമ ബോധം കെട്ടുവീണു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവന്‍ പിടച്ചില്‍ തുടങ്ങി, രക്തം വാര്‍ന്നുകിടക്കുന്ന അവനെ കണ്ടപ്പോള്‍ ബെറ്റീനയും തകര്‍ന്നു. ബെറ്റീനയുടെ ഭര്‍ത്താവ് വന്ന്‍ അവനെ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ശാസ്ത്രക്രിയ കഴിഞ്ഞുവന്ന അയാളുടെ മുഖത്തേക്ക് അഹമ്മദ്‌ ദയയോടെ നോക്കി. 

രണ്ടു മാസത്തോളം വീണ്ടും ആശുപത്രിവാസം, അവനെ പ്രസവിച്ചശേഷം ഫാത്തിമ പിന്നെ ആശുപത്രി കണ്ടിരുന്നില്ല. ഇതിപ്പോള്‍ വീണ്ടും പഴയ ആശുപത്രി, തനിക്കുപകരം അന്ന് പ്രസവിച്ചിട്ട മകനാണ് ഇപ്പോള്‍  ആശുപത്രിക്കിടക്കയില്‍ കിടക്കുന്നത്‍. ബെറ്റീനഡോക്ടര്‍ക്ക് പകരം അവരുടെ ഭര്‍ത്താവ് തന്‍റെ മകനെ രക്ഷിച്ചിരിക്കുന്നു. മരിച്ചു എന്നുകരുതിയ തന്‍റെ മകനെ തിരിച്ചു തന്നിരിക്കുന്നു. മകനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്ന ദിവസം, ജോസഫ് ഡോക്ടര്‍ അഹമ്മദിനെ വിളിച്ചു ഫാത്തിഹിന്‍റെ കാര്യം പറഞ്ഞു. 

"അവനെ സൂക്ഷിക്കണം, വയറിനുള്ളിലെ ചില ഞരമ്പുകള്‍ ചതഞ്ഞു പോയിട്ടുണ്ട്. വാരിയെല്ലുകള്‍ പൊട്ടിപ്പോയിട്ടുണ്ട്, വളരെയധികം ശ്രദ്ധിക്കണം." 

അഹമ്മദിന് എങ്ങനെ നന്ദിപറയണം എന്നറിയില്ലായിരുന്നു. കണ്ണുകള്‍ നിറച്ചു കൈകൂപ്പി അഹമ്മദ്‌ നിന്നു. മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ജോസഫ് ഡോക്ടര്‍ അഹമ്മദിനോട് ചോദിച്ചു.

"ഫാത്തിഹിനെ ഞങ്ങള്‍ക്ക് തന്നൂടെ?"

അഹമ്മദിന് മറുപടിയില്ലായിരുന്നു. 


അയാള്‍: രണ്ടാം ജന്മം
--------------------------
മരണത്തിന്‍റെ വഴികളില്‍ സത്രങ്ങളില്ല. ഒളിച്ചു പാര്‍ക്കാന്‍ പൊന്തക്കാടുകളുമില്ല. ഞെരുങ്ങിയൊതുങ്ങി ഇരുട്ടിലേക്ക് മറയുന്ന മഹാമൗനത്തിന്‍റെ തുടക്കം മാത്രം. നിശ്വാസങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ മൗനച്ചുഴികളില്‍പ്പെട്ട് പകച്ചുപോകുന്ന ഹൃദയത്തിന്‍റെ സങ്കടങ്ങള്‍ ആരും കാണാറില്ല. മൗനച്ചുഴികളില്‍പ്പെട്ട് മുങ്ങിനിവരുന്ന ജോസഫ് എന്ന നിരാലംബനായ ആ മനുഷ്യനെ ആരും കണ്ടിരുന്നില്ല! 

മരണത്തിലേക്കുള്ള എളുപ്പവഴിയില്‍ എവിടെയോ വഴിതെറ്റിയ അയാള്‍ അനക്കമില്ലാതെ കിടന്നു.

ഭര്‍ത്താവിന്‍റെ നെഞ്ചിലെ നിശ്വാസങ്ങളുടെ താളത്തെ നോക്കി ബെറ്റീന കരഞ്ഞു. തിരിച്ചു വരണമെന്ന് ബെറ്റീന ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചെന്നും കോമയില്‍ ആശുപത്രിയിലാണെന്നും കേട്ടപ്പോള്‍ ബെറ്റീനക്ക് അതുവരെ താന്‍ പിടിച്ചുനിര്‍ത്തിയ തന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 

ജോസഫിന് ഒരു കുഞ്ഞിനെക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ബെറ്റീനയെ വേദനിപ്പിച്ചിരുന്നു. അതെന്നും ദു:സ്വപ്നങ്ങളായി ബെറ്റീനയെ പിന്തുടര്‍ന്നിരുന്നു. 

അനക്കമില്ലാതെ കിടക്കുന്ന ജോസഫിന്‍റെ മുഖത്തുനോക്കി ബെറ്റീന വിതുമ്പി. പിന്നെ ജോസഫിന്‍റെ കനമേറിയ നിശ്വാസങ്ങള്‍ക്ക് ലംബമായി ബെറ്റീന അയാളുടെ നെഞ്ചിലേക്ക് വീണുകിടന്നു.

ഒരു ദിവസം ജോസഫ് കണ്ണുതുറന്നു. ബെറ്റീനയെ കണ്ടപ്പോള്‍ ജോസഫിന്‍റെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ മഴപെയ്തു. കണ്ണില്‍ കനല്‍കൂട്ടിയ ആ ദിവസങ്ങള്‍ക്കങ്ങനെ വിരാമമായി. 
തിരക്കുള്ള തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖം നോക്കിയിരിക്കുന്ന നിസ്സഹായരായ രാത്രിയാത്രക്കാരെപ്പോലെ അവര്‍ പരസ്പരം നോക്കിയിരുന്നു. ചിലപ്പോള്‍ മാത്രം ചിരിച്ചു. പിന്നെ പ്രണയത്തിന്‍റെ ശരീരങ്ങളില്‍ നിന്നടര്‍ന്നുപോയ രണ്ടു ജീവനുകളുടെ മധുരമുള്ള വേദനയെ നെഞ്ചിലേറ്റി ഇരുവരും കൈകോര്‍ത്തുപിടിച്ചു. അപ്പോള്‍ ഓര്‍മ്മകള്‍ ആകാശത്തു നിന്ന്‍ ഇറങ്ങിവന്നു. കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും അവരുടെ ഇടയിലുണ്ടായിരുന്ന സ്നേഹത്തിന്‍റെ വിലങ്ങുകളില്‍ തീര്‍ത്ത ആ പഴയ ദിവസങ്ങളെ അവര്‍ തിരിച്ചു വിളിച്ചു. ഓര്‍മ്മകളില്‍ പഴയ കുഗ്രാമത്തിലെ ആശുപത്രിയും, നാട്ടുകാരും, അഹമ്മദും, ഫാത്തിമയും, ഫാത്തിഹും എല്ലാവരും വിരുന്നുവന്നു. 

അഹമ്മദിന്‍റെയും, ഫാത്തിമയുടെയും പേര് കേട്ടപ്പോള്‍ ബെറ്റീനയുടെ ചാര നിറത്തിലുള്ള കണ്ണുകള്‍ കരഞ്ഞു. ആശുപത്രിയില്‍ വെച്ച് ഫാത്തിഹിന്‍റെ അത്രത്തോളം പ്രായം വന്നേക്കാവുന്ന ഒരു യുവാവിനെ കണ്ടകാര്യം ബെറ്റീന സ്മരിച്ചു. അവരെയൊക്കെ ഒന്നുകണ്ടാല്‍ തന്‍റെയും ബെറ്റീനയുടെയും ഒറ്റപ്പെടല്‍ മാറുമെന്ന് ജോസഫ് പറഞ്ഞപ്പോള്‍ ചുണ്ടുകള്‍ വളച്ച് ബെറ്റീന പുഞ്ചിരിപൊഴിച്ചു. ആ പുഞ്ചിരിയില്‍ ജോസഫിന് തന്‍റെ പഴയജീവിതം തിരികെ വന്നപോലെ തോന്നി. ജീവിതത്തിന്‍റെ മരത്തില്‍ നിന്നും അകന്നുപോയ പ്രണയത്തിന്‍റെ പക്ഷികള്‍ എവിടെയോ വച്ച് വീണ്ടും കണ്ടുമുട്ടിയപോലെ അവര്‍ ചില മൗനത്തിന്‍റെയിടയില്‍ മാത്രം പകച്ചുനിന്നു.


ഫാത്തിമ: പറയാന്‍ മറന്നത്
-----------------------------------
വീട്ടിലെത്തിയ അഹമ്മദ്‌ ചിന്താകുലനായിരുന്നു. ഇന്ന് ഫാത്തിഹ് ജീവിച്ചിരിക്കുന്നത് ദൈവത്തിന്‍റെയും ജോസഫ് ഡോക്ടറുടെയും മഹത്വത്തിലാണ്. 

ജോസഫ് ഡോക്ടറുടെ മുഖത്തുള്ള നിരാശകളെ ഓടിപ്പായിപ്പിച്ചും, ഡോക്ടറമ്മയുടെ മനോഹരമായ ആ മുഖത്ത് ആശാവഹമായ പുഞ്ചിരിയെ തളച്ചിടാനും താനും ഫാത്തിമയും അന്ന് വിചാരിച്ചിരുന്നുവെങ്കില്‍ കഴിയുമായിരുന്നു. പക്ഷെ ഫാത്തിമക്ക് അതിനുകഴിയില്ലായിരുന്നു. അന്നവസാനമായി ജോസഫ് ഡോക്ടറെ കണ്ടദിവസം ഫാത്തിമയോട് ഡോക്ടര്‍ ആവശ്യപ്പെട്ട കാര്യം അഹമ്മദ്‌ പറഞ്ഞു. അന്ന് ഫാത്തിമ തന്‍റെ നെഞ്ചിലൊട്ടി ഫാത്തിഹിനെ അത്ര പെട്ടെന്ന് തനിക്ക് മറക്കാന്‍ കഴിയുമെങ്കില്‍ കൂട്ടത്തില്‍ അവളെയും മറന്നുകളയാന്‍ പറഞ്ഞു.

"ഇക്കാ..

ആരാ വിളിച്ചത്? എന്തേലും ആപത്ത്?"

ഓര്‍മ്മയില്‍ നിന്നുണര്‍ന്ന അഹമ്മദ്‌ ഫാത്തിമയെ തനിക്കരികില്‍ പിടിച്ചിരുത്തി. അഹമ്മദ്‌ ചിരിയോടെ പറഞ്ഞു. 

"ആര്‍ക്കും ആപത്തൊന്നുമില്ല. ജോസഫ് ഡോക്ടര്‍ക്ക് നമ്മളെയും മക്കളെയും കാണണംപോലും, അവരിങ്ങോട്ടു വരുന്നൂന്ന്."

"ഏതു ഡോക്ടര്‍?"

ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും!

ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും, ഫാത്തിമയുടെ മനസ്സില്‍ ആ പഴയ നൊമ്പരങ്ങളുടെ ഓര്‍മ്മഭൂതങ്ങള്‍ പറന്നെത്തി. അവരുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അഹമ്മദിന്‍റെ മുട്ടിലേക്ക് മെല്ലെ തലചായ്ച്ച് ഫാത്തിമ തന്‍റെ മൗനത്തിന്‍റെ വാതിലുകള്‍ തുറന്നിട്ടു. 

ഫാത്തിമയുടെ ഓരോ മൗനങ്ങള്‍ക്കിടയിലും നീറിപ്പിടഞ്ഞു തളര്‍ന്നുകിടന്ന പറയാന്‍ മറന്ന കുറെ വാക്കുകളുണ്ടായിരുന്നു. കാലാന്തരങ്ങളില്‍ അവയില്‍ ചിലത് ഫാത്തിമയറിയാതെ അവരുടെ മനസ്സിന്‍റെ ഉയരങ്ങളില്‍ നാട്ടിയ കഴുമരങ്ങളില്‍ ജീവനറ്റ്‌ ജീര്‍ണ്ണിച്ചു തൂങ്ങിക്കിടന്നു. പിന്നിടവ മറവികള്‍ക്കിടയിലെവിടെയോ മണ്‍മറഞ്ഞു. ഇപ്പൊളിതാ വീണ്ടും അവ ഈ വയസ്സാം കാലത്ത് എന്തോ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മൌനങ്ങളില്‍ തളിര്‍ത്തു വന്നിരിക്കുന്നു. എന്തിനാണെന്നറിയാതെ.


ഫാത്തിഹ്: മടക്കം
-----------------------
സെലിന്‍റെ മാറിടത്തില്‍ മുഖമമര്‍ത്തി ഫാത്തിഹ് അവളിലേക്ക് ചുരുങ്ങിക്കിടന്നു. അവള്‍ അവനിലേക്ക് വളര്‍ന്നുകിടന്നു. പരിഭവത്തിന്‍റെ മഴക്കാറുകള്‍ മാറി. വീണ്ടും പ്രണയത്തിന്‍റെ ഋതുക്കള്‍ അതിഥികളായിയെത്തി. ശരീരങ്ങള്‍ ഒട്ടിക്കിടന്നു, കട്ടിലുകള്‍ പ്രണയഭൂമിയിലേക്ക്‌ വേരുപൂഴ്ത്തി. ഒരാവേശമായി അവരിരുവരും പുണര്‍ന്നു. 

ഫാത്തിഹ് തന്‍റെ വേദനകള്‍ മറന്നു. സെലിനെ കൂട്ടിവരാന്‍ ബാപ്പ പറഞ്ഞിരിക്കുന്നു. നാട്ടിലേക്കു ബൈക്കില്‍ ഒരു യാത്ര. സെലിനും സന്തോഷം മാത്രം. ദരിദ്രമായ തന്‍റെ ഗ്രാമത്തിലേക്കുള്ള വഴികളില്‍ പച്ചകൂടിക്കലര്‍ന്ന മിഴിവാര്‍ന്ന കാഴ്ചകളുണ്ട്. കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുണ്ട്. സെലിന് എല്ലാം ഇഷ്ടപ്പെടും. സെലിന്‍റെ ഉള്ളിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കൂടി ഫാത്തിഹ് ഉറങ്ങി.


അയാള്‍: മടക്കം
--------------------
കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുള്ള ഗ്രാമം. ഗ്രാമത്തിന്‍റെ വെയിലിലും മഴയിലും ഹൃദയം തുറന്നുവച്ച കുറച്ചു വര്‍ഷങ്ങള്‍. ബെറ്റീന ആദ്യമായി കാണുന്നപോലെ ആ സ്ഥലമെല്ലാം നോക്കിക്കൊണ്ടിരുന്നു. പഴയതും പുതിയതുമായ വ്യത്യാസങ്ങളെ മനസ്സില്‍ താരതമ്യം ചെയ്തും അതുപറഞ്ഞും ജോസഫ് ബെറ്റീനയോട് ഒട്ടിയിരുന്നു. 

ടാറുചെയ്യാത്ത റോഡില്‍ വണ്ടി കുലുങ്ങിച്ചിരിച്ചു പോയി. ദൂരെ ആരോ കൈകാണിക്കുന്നു. അടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി. ദേഹത്ത് മുഴുവന്‍ പാടത്തെ അഴുക്കുണ്ട്. ബൈക്ക് മറിഞ്ഞ് അവളുടെ കൂടെയുള്ള യുവാവ് പാടത്ത് വീണുകിടപ്പുണ്ട്. ബോധമില്ല. ഡ്രൈവറും ബെറ്റീനയും യുവതിയും ചേര്‍ന്ന് യുവാവിനെ കാറിന്‍റെ പിന്‍സീറ്റില്‍ കിടത്തി. ജോസഫ്‌ ഡ്രൈവറോട് ആശുപത്രിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. യുവതി കരയുകയായിരുന്നു. ബെറ്റീന അവളെ സ്വാന്തനിപ്പിച്ചു. ജോസഫിന്‍റെ മടിയില്‍ ചോരവാര്‍ത്തു ഫാത്തിഹ് കിടന്നു, ജോസഫ് ഫാത്തിഹിന്‍റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. ജോസഫിന്‍റെ ചിരി കണ്ടമാത്രയില്‍ ഫാത്തിഹ് എന്തല്ലാമോ പിറുപിറുത്തു. 

യുവാവിനെ ബെറ്റീനയും യുവതിയും ചേര്‍ന്ന് കാഷ്വാലിറ്റി ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഡോക്ടര്‍ ജോസഫിനെ കണ്ടപ്പോള്‍ പഴയ പരിചയം പുതുക്കി. പരിക്കുകള്‍ അധികമൊന്നുമില്ല, പക്ഷെ ഫാത്തിഹിന്‍റെ നിഗൂഡമായ രോഗങ്ങളും അവന്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടറെയും പറ്റി സെലിന്‍ ബെറ്റീനക്ക് വിവരിച്ചു കൊടുത്തു. ബെറ്റീന ഓടിവന്നു ജോസഫിനെ വിളിച്ചുകൊണ്ടുവന്നു കാര്യം പറഞ്ഞു. ജോസഫ് കാഷ്വാലിറ്റി  ഡോക്ടറെക്കണ്ടു കാര്യം പറഞ്ഞു. ഫാത്തിഹിനെ പരിശോധിച്ച്. ഓപറേഷന്‍ തിയെറ്ററിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

ശസ്ത്രക്രിയ കഴിഞ്ഞു വാതില്‍ തുറന്നപ്പോള്‍ കണ്ട മുഖങ്ങള്‍ ജോസഫിനെ പഴയ കാലത്തിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ആശുപത്രിയില്‍ ഇതേ മുഖങ്ങള്‍ തനിക്കുവേണ്ടി കാത്തിരുന്നിരുന്നു. അഹമ്മദ്‌ ഓടിവന്നു ജോസഫിനെ കെട്ടിപ്പിടിച്ചു. ഫാത്തിമ ബെറ്റീനയുടെ തോളില്‍ കിടക്കുകയായിരുന്നു. സെലിന്‍റെ മുഖത്ത് പുഞ്ചിരിയായിരുന്നു. ജോസഫ് എല്ലാവരേയും സമാധാനിപ്പിച്ചു. ഫാത്തിഹ് സുഖമായിരിക്കുന്നു എന്നറിയിച്ചു.


സെലിന്‍ ചിരിക്കുന്നു
-------------------------
ഫാത്തിഹിന്‍റെ അടുത്തിരുന്ന ജോസഫും ബെറ്റീനയും ഫാത്തിഹിനെ നോക്കിയിരുന്നു. ഡോക്ടറമ്മയുടെ ചാരനിറത്തിലുള്ള കണ്ണുകള്‍ വീണ്ടും നിറഞ്ഞിരുന്നു. സെലിന്‍ അക്ഷമയായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

കുറച്ചു സമയങ്ങള്‍ക്കുശേഷം ചെറിയ അനക്കത്തോടെ ഫാത്തിഹ് കണ്ണ്മിഴിച്ചു. തന്‍റെ അടുത്തിരിക്കുന്ന അപരിചിതരെക്കണ്ട് ഫാത്തിഹ് ജോസഫിനോട് ചോദിച്ചു.

"നിങ്ങളുടെ പേര് ജോസഫ് എന്നാണോ"

ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ".

ഫാത്തിഹ് അതിശയത്തോടെ ചോദിച്ചു. 

"അന്നെന്‍റെ ജീവന്‍ കൂട്ടിത്തുന്നിയ അതേ ജോസഫ്?"

ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ".

സന്തോഷം കൊണ്ട് സെലിന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി.

*             *              *



About the Story "ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !"
മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്, അഹമ്മദും ഭാര്യ ഫാത്തിമക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞായിരുന്നു ഫാത്തിഹ്. മദ്രാസില്‍(ചെന്നൈ) നിന്നും ആ ഉള്‍ഗ്രാമത്തിലേക്ക് പറിച്ചുനടപപ്പെട്ട ഡോക്ടര്‍ ദമ്പതിമാരായിരുന്നു ജോസഫും, ബെറ്റീനയും. കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന അവര്‍ക്ക് സ്വാന്തനമായി തോന്നിയത് ഫാത്തിഹ് എന്ന കുസൃതി ചെക്കനായിരുന്നു. ഫാത്തിഹിനെ ദത്തെടുക്കാന്‍ അഹമ്മദിനെയും ഭാര്യയെയും സമീപിച്ച അവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. അഹമ്മദിനും ഭാര്യക്കും അതിനു സമ്മതമല്ലയിരുന്നു. ഏറെക്കാലം നിരാശരായി ജീവിച്ച ഡോക്ടര്‍ ദമ്പതിമാര്‍ കലഹിച്ചു പിരിഞ്ഞു പോവുകയും, തുടര്‍ന്നു ജോസഫ് ഡോക്ടര്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. യുവാവായ ഫാത്തിഹിന് പിന്നീട് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത്‌ ഞരമ്പിനു വലിവ് സംഭവിക്കുകയും രോഗാവസ്ഥയിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് നടക്കുന്ന ആകസ്മികമായ സംഭവങ്ങള്‍ ചുരുക്കി ഒരു കഥാരൂപത്തില്‍ പറയാന്‍ ശ്രമിച്ചതാണ് "ദൈവത്തിന്റെ കയ്യൊപ്പുള്ളവര്‍". 


2012, ഡിസംബർ 25, ചൊവ്വാഴ്ച

ക്രിസ്മസ് രാവ് !


ക്രിസ്തുമസ് തലേന്നന്നാള്‍! ബോറടിക്കുന്ന മറ്റൊരു വൈകുന്നേരം! അല്ലാതെ വേറൊരു പ്രത്യേകതയൊന്നുമില്ല പ്രത്യേകിച്ച് പണിയുമില്ല. അപ്പൊ ചാറ്റ് തന്നെ ചാറ്റ്. കിളികള്‍ മാറി മറിഞ്ഞുകളിക്കുന്ന ചാറ്റ്. വൈറ്റ്റാബിറ്റുമായി ചാറ്റ് ചെയ്യുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്. ടുട്ടുവാണ്! അവനു വേറെ പണിയില്ല. ദിവസം ഒരമ്പത് തവണ വിളിച്ചോളും. ആവശ്യത്തിനും അനാവശ്യത്തിനും. ചുമ്മാ ഏതേലും കിളി കൊത്തുന്നുണ്ടോന്നുള്ള സംശയമാവുമിപ്പോ! ഈ ചാറ്റ് തീര്‍ത്തിട്ടുട്ടെടുക്കാമെന്നു കരുതി. അവളാണേല്‍ വിടാനുള്ള പരിപാടിയുമില്ല!

എങ്ങനെ ഊരും?

       me: ഞാന്‍ പോവ്വാ, എനിക്കിത്തിരി ജോലിയുണ്ട്.
       വൈറ്റ് റാബിറ്റ്: O, rely!
       me: ഹ്മം.
       വൈറ്റ് റാബിറ്റ്: y so sudden. goin somewhere?
       me: അതെ! ഫ്രണ്ട് വിളിക്കുന്നു.
       വൈറ്റ് റാബിറ്റ്: cya.
       me: മെറി ക്രിസ്മസ് & കിസ്സെസ്സ്
       വൈറ്റ് റാബിറ്റ്: who cares. f**k ya.
       me: ങേ! പിണങ്ങിയോ?

തനി പാലക്കാട്ടുകാരി! ജാഡ!
മലയാളം അറിയും, പറയൂല്ല. എപ്പഴും ഒലക്കേലെ ഇംഗ്ലീഷ് മാത്രം. പേരിതുവരെ പറഞ്ഞിട്ടില്ല; വേണേ വൈറ്റ് റാബിറ്റ് എന്നു വിളിച്ചോളാന്‍. മൊബൈല്‍ നമ്പര്‍ തന്നിട്ടുണ്ട്. സംസാരിക്കാനുള്ള മൂഡില്ല. ഈ ബില്‍ഡിങ്ങില്‍ത്തന്നെ ഉള്ളതാ, എന്നെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്നൊക്കെപ്പറയുന്നു. അവള്‍ക്കു ചുമ്മാ സംസാരിച്ചാമതി. ഒരുമാതിരി intellectual flirting ടൈപ്പ്.

അവള്‍ പച്ചലൈറ്റ് കെടുത്തി.അവള് പോയതെതായാലും നന്നായി.

അവള് പോയപ്പോഴേക്കും ടുട്ടുവിന്‍റെ രണ്ടാമത്തെ റിങ്ങും തീര്‍ന്നിരുന്നു.
തിരിച്ചു വിളിച്ചു.

കട്ടിയില്‍ തന്നാര്‍ന്നു ചോദ്യങ്ങള്‍!

:          "എടാ ഊളേ! എവിടായിരുന്നു?"

"ഓ! ഒരു ചാറ്റ് അത് തീരട്ടേന്നു കരുതിയിരുന്നതാ! അല്ലെങ്കി അനക്കിപ്പോ മലമറിക്കനൊന്നും ഇല്ലാല്ലോ?"

:          "ആരായിരുന്നു? സിന്ത്യ? ഫാത്തിമ?"

"വൈറ്റ് റാബിറ്റ്‌"

:          "ങേ! അതാരാ. പുതിയതാണല്ലെ?"

"ഹും. പുതിയ അവതാരമാ!"

:          "എന്താ വിഷയം. metaphysics? cosmic life? മാങ്ങാത്തൊലി!"

"ഇതതൊന്നുമല്ല, ചുമ്മാ വളവളാന്ന്‍. അവള്‍ക്ക് പ്രത്യേക അജണ്ടയൊന്നുമില്ല"

:          "ഓ. അത് വിട്! ഇന്ന് കെവിന്‍റെ വക ഓസിനു കള്ളുണ്ട്!"

"ങേ.. അതിനു നാളെയല്ലേ ക്രിസ്തുമസ്!"

:          "ഇന്നുമുണ്ട്!"

"അപ്പൊ അവന്‍റെ നോമ്പോ?"

:          "അതൊന്നും എനിക്കറിയില്ല, സുഭാഷിനെ വിട്ട് സാധനം മേടിക്കാന്‍ അവന്‍ പറഞ്ഞിട്ടുണ്ട്! നീ വാ, ബീഫ്‌ ഫ്രൈ ഉണ്ടാക്കണം. ലാലുവും, അലനും ഉണ്ടാവും. നീ വരുമ്പോ ലാലുവിനെക്കൂടി പൊക്കിക്കോ. ഇനി ചാറ്റ്, കോപ്പ് എന്നും പറഞ്ഞിരിക്കാതെ.! അവന്‍ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലാന്ന്.. "

"വോക്കെ! പക്ഷെ?"

:          "എന്ത് പക്ഷെ?"

"ഈ നേരത്ത് ഫ്രഷ്‌ ബീഫ്‌ എവിടന്നു കിട്ടും! ഫ്രോസന്‍ മതിയോ?"

:          "ഡാ പൂനമല്ലി ഹൈറോഡില്‍ സംഗീതയുടെ അടുത്ത്‌ നമ്മടെ അച്ചായന്‍റെ സ്റ്റാളുണ്ട് അവിടെ കിട്ടൂന്നാ അലന്‍ പറഞ്ഞത്. നീ രണ്ടുമൂന്നു കിലോ വാങ്ങിക്കോ, നാളെക്കും കൂടെ നോക്കി വാങ്ങ്."

"ഓ ശരി! അടിയന്‍"

:          "ഹു. ഹു. ഹു."

*              *               *

ലാലു! അവന്‍ മടിയനാണ്, അവന്‍റെ റൂമില്‍ ചെന്നപ്പോഴേ പകുതി ബിയറും വച്ച് ഇരിക്കുവാ. ഇതെന്നതാന്നു ചോദിച്ചപ്പൊ ഓഫീസിലെ അക്കൗണ്ടന്‍റ് അവനെ ചെറുതായി സല്‍ക്കരിച്ചുപോലും. ടീവിയില്‍ അതാ Tomorrow Never Dies! എത്രാമത്തെ തവണയാണോ എന്തോ. എനിക്കാണേ ഇമ്മാതിരി സൂപ്പര്‍സ്റ്റീഷ്യസ് പടങ്ങളോട് വെറുപ്പാണ്. ലാലു ഒരു ബോണ്ട്‌ + ജോണ്‍സണ്‍ ആരാധകനാണ്. ഒന്നും രണ്ടും പറഞ്ഞാല്‍ ബോണ്ട്‌ തന്നെ ബോണ്ട്‌. മൂര്‍, ബ്രോസ്നന്‍, ഡാനിയേല്‍ ക്രൈഗ് നാവടങ്ങൂല. ജോണ്‍സണ്‍ മാഷുടെ ഏതേലും ഒരു പാട്ട് എപ്പോഴും ചുണ്ടത്തുകാണും. പ്രേമിക്കുന്ന പെണ്‍കുട്ട്യോളൊക്കെ പെട്ടെന്ന് കല്യാണം കഴിഞ്ഞു പോണതോണ്ട് ഇടയ്ക്കിടയ്ക്ക് സെന്റിയടിക്കും, അതുമാത്രമേ ഒരു രോഗമായൊള്ളൂ. എന്നെ കണ്ടതും ഒരഞ്ചു മിനിറ്റ്‌ ഇതാവരുന്നൂന്നും പറഞ്ഞ് ബാത്ത്റൂമില്‍ കയറി. ഞാന്‍ ബോണ്ട് പടവും കണ്ടിരുന്നു.

ബൈക്കിന്‍റെ പിന്നില്‍ കയറുമ്പോള്‍ ഞാന്‍ പറഞ്ഞു.

"എടാ ഹെല്‍മെറ്റ്‌"

"ഏയ്‌ അതൊന്നും വേണ്ട. ഇപ്പൊ അടിച്ച ബിയറിന്‍റെ കിക്ക് വിയര്‍ക്കും.
 ഈ തണുത്ത കാറ്റ് മുഖത്തടിക്കുമ്പൊ ന്‍റെ കിച്ചൂ ബിയറിന്‍റെ കിക്കങ്ങനെ കൂടിക്കൂടി വരും."

"ഉവ്വ!"
ഞാന്‍ വേറൊന്നും പറഞ്ഞില്ല!

പേപ്പര്‍ നക്ഷത്രങ്ങള്‍ ജ്വലിച്ചു നില്‍ക്കുന്ന വീഥികള്‍. തണുത്ത കാറ്റും. ലാലു പറഞ്ഞപോലെ ഒരു ബിയര്‍ അടിച്ചാ ആ കാറ്റിനൊപ്പം പറക്കാം. ലാലു ഒരു പാട്ടും മൂളി അങ്ങനെയിരുന്നു.

ടുട്ടു അടുക്കളയിലാ, അലനും എത്തിയിട്ടുണ്ട്. കെവിനും, സുഭാഷും എത്തിയിട്ടില്ല.
അവര്‍ വൈകുംപോലും. ബഗ് ഫിക്സിംങ്ങാവും. മാങ്ങാത്തൊലി!

അലന്‍ ചുമരുംചാരി പ്രേമിക്കുന്നുണ്ട്. അവന്‍ ഫോണ്‍ ചെവീന്നെടുക്കില്ല. കാമുകി ഡെന്‍ഡിസ്റ്റ്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു. അവര്‍ സൊള്ളുന്നത് കണ്ടാല്‍ നമ്മക്ക് തോന്നും അലനാണ് അവളെ പഠിപ്പിക്കുന്നെതെന്ന്. അവന്‍ ആ ഫോണ്‍ താഴെവച്ച് ഞാനിതുവരെ കണ്ടിട്ടില്ല. ടോയിലെറ്റില്‍ പോവുമ്പോഴും അവര്‍ സൊള്ളികൊണ്ടിരിക്കും. ഇതിനുമ്മാത്രം പറയാന്‍ എന്താ ഉള്ളതെന്നു ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

ഞാനും പ്രേമിക്കും. ചാറ്റി മാത്രം. ഫോണ്‍ ഒക്കെ വെറുപ്പിക്കലാ. പിന്നെ ഇതേ പോലാവും. "പറയടാ" "പറയടാ". പറയടാ പറയടാന്നു പറഞ്ഞു സമയം കൊല്ലേണ്ടി വരും.

അടുക്കളയില്‍ ടുട്ടു ഓംലെറ്റ്‌ ഉണ്ടാക്കുന്നു. ബീഫിന് വേണ്ടി ഉള്ളി കൊത്തിയരിഞ്ഞു മസാലയെല്ലാം റെഡിയാക്കിവെച്ചിട്ടുണ്ട്. മസാലകൂട്ടി കൂക്കറില്‍ വച്ച് വേവിച്ചു ഫ്രൈ ചെയ്താല്‍ മാത്രംമതി. കള്ളുകുടിയാണെങ്കി ഞാനുണ്ടാക്കുന്ന ബീഫ്‌ ഫ്രൈ, ടുട്ടുവിന്‍റെ ഓംലെറ്റ്‌. ഇങ്ങനൊക്കാണ് പതിവ്. ടുട്ടു കുടിക്കില്ല. ടച്ചിങ്ങ്സ് തിന്ന് ഒരു പെപ്സിയും കുടിച്ചിരുന്നോളും. എന്നാലും വെള്ളമടിച്ച എഫെക്റ്റ്സ് തരും. എല്ലാ ചര്‍ച്ചക്കും വാദിക്കാനും വധിക്കാനും ഉണ്ടാവും. ആരേലും വാളുവെച്ചാല്‍ അതു തുടക്കാനും വൃത്തിയാക്കാനും, വിഭ്രാന്തി സൃഷ്ടിച്ചു കരയുന്നവരെ ആശ്വസിപ്പിക്കാനും. ടുട്ടു ഒരനുഗ്രഹമാണ്. കള്ളുകുടിയന്മാരുടെ ഗ്രൂപ്പ്‌ ഡ്രൈവര്‍, കൂക്ക്. എല്ലാവര്‍ക്കും നല്ല കാര്യം.

സുഭാഷ്‌ വന്നു.
ഓ ആശ്വാസം! സ്ഥിരം ബ്രാന്‍ഡല്ലാ. അതിന്റെ എല്ലാ ഫ്ലേവറും കുടിച്ചുമടുത്തു. ഇത് സ്വയമ്പന്‍ സാധനം തന്നെ. സുഭാഷ്‌ കൂട്ടത്തില്‍ പ്രായമുള്ള ആളാണ്‌ പക്വതയുള്ളവന്‍‍. ഒരു മകളുണ്ട്. കുടുംബവുമായി കുറേയായി ചെന്നൈയില്‍ താമസമാക്കിയിട്ട്. കെവിന്‍റെ കൂടെ ക്രിക്കറ്റ്‌ കളിച്ചുള്ള പരിചയം, അതിപ്പം വെള്ളമടിയില്‍ തുടങ്ങി ആത്മബന്ധങ്ങളില്‍ ചെന്നെത്തി നില്‍ക്കുന്നു. നല്ലോണം ബാറ്റ് ചെയ്യും.

സമയം ഒന്‍പതായി.

കെവിന്‍ ഇതുവരെ വന്നില്ല. മാസത്തില്‍ ഒരുതവണ അമേരിക്കേപ്പോയി വരുന്ന ടീമാ. NYPD ക്ക് വേണ്ടി ചെയ്യുന്ന പ്രൊജക്ടിന്‍റെ ലീഡ്. നാട്ടിലുള്ളപ്പോള്‍ മിക്കവാറും വൈകിയാ വരവ്.

ഞാന്‍ വിളിച്ചുനോക്കി! അവനിറങ്ങിയിട്ടുണ്ട്.

ബീഫ്‌ ഫ്രൈ റെഡി, ഗ്ലാസും കഴുകി മേശപ്പുറത്ത് വെച്ച് ലാലു FTV തുറന്നുവെച്ചിരിക്കുന്നു. ബോണ്ടിന്‍റെ പടം ഇല്ലാഞ്ഞിട്ടാവും. കണ്ണും പൊളിച്ച് ടുട്ടും കൂടെയുണ്ട്. സൈസ് ഒക്കെ കൃത്യമായി പറയുന്നുണ്ട്. "36, 38". സുഭാഷ്‌ തിരുത്തിക്കൊടുക്കുന്നു. അലന്‍ ഫോണ്‍ വെച്ചിട്ടില്ല. ഇടയ്ക്കു വന്നു ബീഫ്‌ നുള്ളിത്തിന്ന് എന്നെ രസിപ്പിക്കുന്നുണ്ട്.

കെവിന്‍ വന്നു. സലീമും ഉണ്ട് കൂടെ.
അപ്രതീക്ഷിതനായിരുന്നു സലിം. സലിം സാനു, നിനച്ചിരിക്കാതെ ഓസിന് ഇന്ന് കള്ളുകുടി ലോട്ടറിയടിച്ചപോലാണ് അവന്. കുമാര്‍ സാനുവിന്‍റെ കടുത്ത ആരാധകന്‍. ഇമ്മാതിരി പാര്‍ട്ടിക്ക് കൊഴുപ്പുകൂട്ടാന്‍ കെവിന്‍ ഇതുപോലെ ആരെയെങ്കിലും ഇറക്കുമതി ചെയ്യാറുണ്ട്. സലിം ജനസമ്മതനാണ്, ലാലുവിന് കമ്പനിയായി. ഇന്ന് പാട്ടും ഡാന്‍സും ഒക്കെയായി കൊഴുക്കും എന്നര്‍ത്ഥം.

കെവിന്‍ തളര്‍ന്നിട്ടാണോ എന്തോ. അവന്‍റെ മുഖത്ത് സന്തോഷമില്ല. എന്തോ ഉള്ളിലടക്കി നടക്കുന്ന പോലെ. നോമ്പൊഴിവാക്കി കള്ളുകുടിക്കാന്‍ മാത്രം എന്താണാവോ? വല്ല പെണ്ണും പറ്റിച്ചോ? ഏയ്‌.. അങ്ങനെ വരില്ല! അവനതിലൊന്നും താല്‍പര്യമില്ല. പിന്നെന്താണാവോ? ക്രിസ്മസിന്‍റെ അന്നേ കുപ്പി തൊടൂ എന്നൊക്കെ വാശിപിടിച്ചവനാ. അലനും നാട്ടില്‍ പോകുന്നില്ലെന്നു പറഞ്ഞപ്പൊ എല്ലാര്‍ക്കും സന്തോഷമായി. ക്രിസ്മസിന്‍റെ അന്ന് സുഭാഷിന്‍റെ വീട്ടില്‍ ലഞ്ച്, പിന്നെ ന്യൂഇയര്‍ വരെ നിര്‍ത്താതെ കള്ളുകുടി. അതാണ്‌ പ്ലാന്‍. പക്ഷെ കെവിന്‍റെ മുഖത്ത് പ്രസന്നത അത്ര പോര. കെവിനും എത്തിയതോടെ സുഭാഷ്‌ കൃത്യമായി മദ്യം ഗ്ലാസുകളില്‍ പകര്‍ത്തി.

അലന്‍ തല്‍ക്കാലം ഫോണ്‍ ഇന്‍ പരിപാടി നിര്‍ത്തി.

ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി, ദൈവത്തിന്റെ തന്നെ അവിഹിതത്തിന്‍റെ സൃഷ്ടിപ്പില്‍ ദൈവത്തിനു മദ്യം നേദിക്കുന്ന സൃഷ്ടികള്‍. ഒന്നായി, രണ്ടായി. ആ വലിയ കുപ്പിയിലെ മുക്കാല്‍ ഭാഗത്തോളം മദ്യം തീര്‍ന്നു. സലിം പാട്ട് തുടങ്ങി. ലാലു താളം പിടിക്കാന്‍ തുടങ്ങി. അലന് ഇടയ്ക്കു ഫോണ്‍ റിങ്ങും. അവന്‍ കട്ട് ചെയ്തു വെറുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

സുഭാഷ്‌ അങ്ങനെ ഗ്യാങ്ങ് റേപ് തുടങ്ങിവച്ചു, ലാലു ദിവംഗതനായി. സമൂഹൂത്തിന്‍റെ ചിന്താഗതി മാറണം, സമൂഹത്തെ പ്രബുദ്ധരാക്കണം, നമ്മള്‍ നന്നാവണം, കുടുംബം നന്നാവണം. ലാലു തീക്ഷ്ണമായിത്തന്നെ കത്തിക്കയറി. സദാചാര പോലീസുകാര്‍ നാടിന്‍റെ ശാപമാണ് എന്നൊക്കെയായി. ടുട്ടുവും ഏതാണ്ട് അതേപോലൊക്കെ തന്നായിരുന്നു. ഈ വിഷയത്തില്‍ കുറ്റവാളികള്‍ക്ക് മരണശിക്ഷ വിധിക്കണം, സൗദി അറേബ്യയിലെപ്പോലെ ശിക്ഷ നടപ്പാക്കണം എന്നൊക്കെ. സുഭാഷും ഏതാണ്ടോക്കയോ പറഞ്ഞു. സ്ത്രീകളെ അറിയണം, സഹജീവികളെ അറിയണം എന്നൊക്കെ.

അതിനിടക്ക് ബീഫ്‌ഫ്രൈ എടുത്തു നാക്കിലെടുത്തുവെച്ച് എന്നെ നോക്കി .. കൊള്ളാടാ.. ഇന്ന് മൊത്തത്തില്‍ കൊളമായിട്ടുണ്ടെന്നു പറഞ്ഞു.

കെവിന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവന്‍ വേറെയെവിടെയോ ആണെന്നപോലെ തോന്നി.

എങ്ങനെ ഗ്യാങ്ങ് റേപ് നടന്നു, സാഹചര്യങ്ങള്‍ എന്തായിരുന്നു എന്നതായിരുന്നു എന്‍റെ നിരീക്ഷണം. സംഭവത്തിന്‍റെ മൂലകാരണം എന്താണെന്നുള്ള അന്വേഷണം പോലെ ഞാന്‍ അവലോകനം നടത്തി. അര്‍ദ്ധരാത്രി പെണ്‍കുട്ടിയും ആണ്‍സുഹൃത്തും ഒന്നിച്ചുയാത്ര ചെയ്യുന്നതും സെക്കന്‍ഡ്‌ഷോയ്ക്ക് പോയതും എന്നെ സംബന്ധിച്ച് അവര്‍ അവര്‍ക്ക് വരുത്തിവെച്ച ദുരന്തം എന്ന രീതിയില്‍ ഞാനവതരിപ്പിച്ചു. ടുട്ടുവിന്‍റെ പ്രതികരണം അപ്പൊ വന്നു. അവരെന്തിന് പോയാലും വന്നാലും അവര്‍ ആക്രമിക്കപ്പെടാന്‍ ഒരു ജനാധിപത്യരാജ്യത്ത്‌ അവകാശമില്ല എന്നായിരുന്നു.
കൂടുതലും വളര്‍ത്തു ദോഷത്തെ ഞാന്‍ കുറ്റം പറഞ്ഞു. അലന് അവരെ ഒരാളെ കൊന്നിട്ട് മരിച്ചാ മതി എന്നുള്ള അഭിപ്രായമാണ്. നമ്മള്‍ക്കും വികാരവും വിചാരവും എല്ലാം ഉണ്ട് എന്നിട്ടും ഇമ്മാതിരി ചെറ്റകള്‍ മൃഗങ്ങളെപ്പോലെ പെരുമാറുന്നത് അസഹനീയമാണെന്ന്‍ അവന്‍ വാദിച്ചു‍. അലന് അവരെ കൊല്ലണം അല്ലങ്കില്‍ അതുപോലുള്ള ഏതേലും മൃഗജന്മങ്ങളെ കൊന്നിട്ട് ശ്വാസം പോയാമതി എന്ന്.

കെവിന്‍ വേറേതോ ചിന്തയില്‍ മിണ്ടാട്ടമില്ലാതെ അഭിപ്രായമില്ലാതെ ഗ്ലാസും പിടിച്ചിരുന്നു. അല്ലെങ്കിലും ഇങ്ങനത്തെ കാര്യങ്ങളില്‍ അവന് അഭിപ്രായമില്ല. ആ ഒച്ചപ്പാടിലും ബഹളത്തിലും അവന്റെ നിശബ്ദത ഞങ്ങളെ അസ്വസ്ഥരാക്കി. പക്ഷെ, വീണ്ടും ഗ്ലാസ്സുകള്‍ മുട്ടി, മദ്യത്തുള്ളികള്‍ ഓശാനപാടി. സംവാദങ്ങള്‍ തുടര്‍ന്നു. വിഷയങ്ങള്‍ മാറിവന്നു. അലന്‍ വീണ്ടും ഫോണിലായി. സലീമിനുവരെ ദേഷ്യം വന്നു. എനിക്കും നന്നായി കയര്‍ത്തു

വന്നു.

ടുട്ടു ആക്രോശിച്ചു!
"ഒന്ന് നിര്‍ത്തു മൈ അലാ "

കെവിന്‍ ഒന്നു മയത്തില്‍ നോക്കിയതേ ഒള്ളൂ. അലന്‍ ഫോണ്‍ വെച്ച് വന്നു.
ഓ.. ഞാന്‍ അവള്‍ക്ക് ബാവുട്ടിയുടെ നാമത്തില്‍ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.

ടുട്ടു വിട്ടു കൊടുത്തില്ല
"നീ എപ്പൊ കണ്ടു?"

"ഞാന്‍ കണ്ടില്ല!"

ടുട്ടു എന്ന മോഹന്‍ലാല്‍ ഫാന്‍:
"സംഗമത്തില്‍ കര്‍മ്മയോദ്ധ ഉണ്ട്, ബാവുട്ടി ഇതുവരെ വന്നില്ല.
പിന്നെ നീയെങ്ങനെ കഥ പറയും?"


അലന്‍ എന്ന മമ്മൂട്ടി ഫാന്‍:
"ഞാന്‍ ചുമ്മാ പുളുവടിക്കാര്‍ന്നു.
എന്തായാലും ഇക്കാ റോക്സ്!"

ടുട്ടുവിനു രസിച്ചില്ല!
"ഓ തന്നെ"

അലന്‍ മമ്മൂട്ടി ഫാനാണ്. ഒരൂഹത്തില്‍ റിവ്യൂ ഒക്കെ വായിച്ച് ഗായത്രിക്ക് കഥപറഞ്ഞു കൊടുത്തുകാണും. എനിക്ക് ചിരി വന്നു.

അങ്ങനെ അതൊരു ഒടുക്കത്തെ ഫാന്‍ ഫൈറ്റായി പിന്നെ. ഫാന്‍ ഫൈറ്റും സാമുദായിക ചേരിതിരിവും, മതധ്രുവീകരണവും സിനിമയും. വിഭാഗീയത മതസ്പര്‍ദ്ധ എന്നുവേണ്ട എല്ലാ രീതിയിലുമുള്ള കൂലങ്കുഷമായ ചര്‍ച്ച. ഇതിലും ലാലു തന്നാണ് കത്തിനിന്നത്. മലപ്പുറവും മമ്മുട്ടിയും, മമ്മുട്ടിയും കമ്മ്യൂണിസവും, മുസ്ലീങ്ങളും കമ്മ്യൂണിസവും. പഴയകാലത്ത് കോണിക്ക് വോട്ടു ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന ധാരണ മലപ്പുറത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നുവരെ പറഞ്ഞുവെച്ചു. സത്യത്തില്‍ ചേരിതിരിവ് തന്നെയാണ് നടക്കുന്നത്. മതവും ഫാന്‍ ഫൈറ്റും വരും കാലങ്ങളില്‍ വര്‍ഗ്ഗീയവിഷത്തിന്റെ വിത്ത്‌ വിതക്കുമെന്ന സുഭാഷിന്‍റെ കണ്ടത്തല്‍ എല്ലാവരിലും ഒരു ഞെട്ടല്‍ ഉളവാക്കി. അലന്‍ അതൊന്നും കേള്‍ക്കാതെ ടുട്ടുവിനെ ചൊടിപ്പിക്കാന്‍ ഇക്കാ റോക്സ് ഇക്കാ റോക്ക്സ് എന്ന്‍ ഇടയ്ക്കിടെ പറഞ്ഞു. ഇതിലും കെവിന് പ്രത്യേക മമതയില്ല. അവനെ ഫാന്‍ ഫൈറ്റും ബഹളവും ഒന്നും ബാധിച്ചില്ല. അവന്‍ വീണ്ടുമൊഴിച്ചും ഗ്ലാസ്‌ മൊത്തിയും നിശബ്ദനായി കൂട്ടത്തില്‍ കൂടാതെയിരുന്നു. അവനെ എന്തോ അലട്ടുന്നുണ്ട്. ഒന്നുകില്‍ ജോലി, അല്ലെങ്കില്‍ വീട്ടിലെ എന്തോ. എന്താണെന്ന് പലവട്ടം ചോദിച്ചിട്ടും മിണ്ടുന്നില്ല.

അവന്‍ തരുന്ന പാര്‍ട്ടി, എന്നിട്ട് അവന്‍ മിണ്ടാതെ ഇരിക്കാ.

നായന്‍ കലണ്ടര്‍ തീര്‍ന്നിട്ടും ലോകം ഇന്നും അവസാനിച്ചില്ല, ഇനി വല്ല മേനോന്‍ കലണ്ടര്‍ വാങ്ങിനോക്കണം എന്നു പറഞ്ഞ് സലിം ഡാന്‍സ് തുടങ്ങിയതും കെവിന്‍ കരയുന്ന പോലായി. കൊച്ചു കുട്ടികളെപ്പോലെ കെവിന്‍ കരഞ്ഞു. ടുട്ടു ചെന്ന് എന്താടാ എന്നു ചോദിച്ചിട്ടും കെവിന്‍ ഒന്നും പറഞ്ഞില്ല. ടുട്ടു ടിഷ്യൂ എടുത്തുചെന്ന് അവന്‍റെ മുഖമൊക്കെ തുടച്ചുകൊടുത്തു. അവന്‍ കൈവിട്ടപോലായി. ഞാന്‍ ചെന്നതും അവന്‍ എന്‍റെ തോളിലേക്ക് വീണു.

ഞാന്‍ അവനെ കൂട്ടി ബാല്‍ക്കണിയിലേക്ക് പോയി. എന്താടാന്ന ചോദ്യത്തിന് മറുപടിയില്ല. ഞാനും മിണ്ടിയില്ല. കുറച്ചു സമയം കഴിഞ്ഞു അവന്‍ വീണ്ടും തേങ്ങുന്നതുകണ്ടപ്പോള്‍, എനിക്കും വല്യ സങ്കടമായി. എന്‍റെയും കണ്ണ് നിറഞ്ഞോഴുകി. പാട്ടും ബഹളവും ഡാന്‍സും എല്ലാം നിന്നു. പെട്ടെന്ന് ആ അന്തരീക്ഷം മൂകമയമായി.

ടുട്ടുവിനെ ഒഴിവാക്കി ഞാന്‍ കെവിനെയും കൊണ്ട് ഒറ്റക്കിരുന്നു. കുറെ നേരത്തെ മൗനത്തിനുശേഷം അവന്‍ മനസ്സ് തുറന്നു. ഞാന്‍ അതൊക്കെ കേട്ട് അനങ്ങാതെയിരുന്നു. അതുകേട്ടപ്പോള്‍ എന്‍റെ കരച്ചില്‍ നിന്നു. ചിരിക്കണോ എന്നായി. ചെറിയ കാര്യങ്ങള്‍ക്ക് അറിയില്ല ചെറുതോ, വലുതോ എന്ന്. എന്നാലും അവനെ ആശ്വസിപ്പിച്ചു എല്ലാവരുടെയും ഇടയിലേക്ക് ചെന്നപ്പോള്‍, അവര്‍ക്കെല്ലാം അറിയണം എന്തായിരുന്നു. ഞാന്‍ പറഞ്ഞു അവനു തലവേദനയാണെന്ന്.  അപ്പോഴേക്കും അലന്‍ റൊമാന്റിക് മൂഡില്‍ വന്നിരുന്നു. ഗായത്രിയെ സ്നേഹിക്കുന്ന ആ നിഷ്കളങ്ക മനസ്സിന്‍റെ സന്തോഷം. ലാലു തന്‍റെ അവസാന കാമുകിയുടെ ഓര്‍മകളിലേക്ക് ഇരുട്ടിനെ ആവാഹിച്ചിരുന്നു.

ഞാന്‍ കെവിനെ കൊണ്ടു കിടത്തി. സുഭാഷ്‌ അവസാനത്തെ തുള്ളിയും സേവിച്ചു ആ രാത്രിയിലെ ഇരുട്ടിലേക്ക് വണ്ടിയോടിച്ചു പോയി. സലിമും, ലാലുവും സോഫയില്‍ സെറ്റിലായി. അലന്‍ അവളെ ഉറക്കാനുള്ള പരിപാടിയില്ല. എനിക്കുറക്കം വരുന്നുമില്ല. എന്‍റെ മനസ്സില്‍ മുഴുവന്‍ കെവിന്‍റെ വിഷമങ്ങളായിരുന്നു. എനിക്കതിശയമായിരുന്നു അവന്‍റെ വ്യത്യസ്തമായ ഈ ദുഖം. അലന്‍റെ ദുഖങ്ങളെയും എന്‍റെ ചിന്തകളെയും നിശബ്ദതിയിലേക്ക് നയിച്ച്‌ ആ രാത്രി പുലരാന്‍ വെമ്പി.

*              *               *

ഞാന്‍ ക്രിക്കറ്റ് കളിക്കില്ല, ഇവരോടപ്പമിരുന്നു കളി കാണും. സുഭാഷും കെവിനും അലനുമൊക്കെ നല്ല കളിക്കാരാ. അതുകൊണ്ട് ഞാനും അവരുടെ കൂടെ പോവും കളിക്കാതെ കളി കണ്ടിരിക്കും. അതുകൊണ്ടുതന്നെ ക്രിക്കറ്റും ക്രിക്കറ്റിന്‍റെ വാര്‍ത്തകളും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നില്ല. സച്ചിന്‍ ഒരു പ്രതിഭാസമാണെന്ന് അറിയാം. പക്ഷെ സച്ചിന്‍ തന്‍റെ പ്രതിഭയുടെ തിളക്കത്തില്‍ നമ്മുടെ മനസ്സിന്‍റെയുള്ളില്‍ സൃഷ്‌ടിച്ച അന്ധമായ ആ ആരാധനയുടെ തിളക്കം ഞാനിന്നു കണ്ടു. സച്ചിന്‍റെ വിരമിക്കല്‍ വാര്‍ത്തയല്ലാതെ കെവിന്‍റെ വിഷമം വേറൊന്നുമായിരുന്നില്ല. അവനു സഹിക്കാന്‍ പറ്റുന്നില്ലാന്ന്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ അവന്‍ ഉറക്കം കിട്ടുന്നില്ലപോലും. ശരിക്ക് ജോലി ചെയ്യാന്‍ പറ്റുന്നില്ല. ഇത്രയ്ക്കു മനസ്സ് വിഷമിക്കാന്‍ മാത്രം സച്ചിന്‍ അവന്‍റെ മനസ്സില്‍ എന്തായിരുന്നു. അന്ധമായ ആരാധനയുടെ വേലിയേറ്റം? അറിയില്ല!

കുട്ടിക്കാലത്ത് കളിച്ചുവളരുന്ന കുഞ്ഞുമനസ്സുകളില്‍ കയറിക്കൂടിയ നന്മയുടെ ഭൂതമായിരിക്കാം സച്ചിന്‍. വളരുന്ന നാളുകളില്‍ എന്നും കൂട്ടിനുള്ള, നമ്മളോടൊപ്പം വളര്‍ന്ന ഒരു കുറിയ ഭൂതം.  ബാറ്റുകൊണ്ട് മായാജാലം കാണിക്കുന്ന ഓമനത്തമുള്ള ഭൂതം, സ്വന്തം വ്യക്ത്വിത്വം കൊണ്ടും പ്രതിഭകൊണ്ടും മനസ്സിനെ എന്നും വിസ്മയിപ്പിക്കുന്ന ഭൂതം. ഇത്രയുംകാലം ഈ ഒരായുസ്സിന് വേണ്ടി മുഴുക്കെ ആ ബാറ്റില്‍ നിന്ന് അനേകം റണ്‍ ഒഴുക്കി, എണ്ണം പറഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്തെ ഒന്നടങ്കം ഒന്നമതാക്കി ലോകത്തിന്‍റെ നെറുകയില്‍ നിര്‍ത്തിയ ഇന്ത്യാക്കാരുടെ മാത്രമായ സച്ചിന്‍ എന്ന ഭൂതം. കെവിന്‍റെ മനസ്സിന്‍റെ ആഴങ്ങളിലും വേരുപിടിപ്പിച്ചിട്ടുണ്ടാവും. അവന്‍ ശ്വാസമടക്കിപ്പിടിച്ചു ലക്ഷോപലക്ഷം ആരാധകരുടെ കൂടെ ഇതൊക്കെക്കണ്ട് ആഹ്ലാദഭരിതരായി കണ്ണുനിറച്ചിട്ടുണ്ടാവാം.

സച്ചിനിപ്പൊ എനിക്കൊരു വിസ്മയമാണ്. കെവിന്‍ പലതും പറഞ്ഞു. അവന്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങിയത് സച്ചിനെ കണ്ടാണ്, സച്ചിന്‍റെ ശൈലി, സച്ചിന്‍റെ സ്വഭാവം, സച്ചിന്‍റെ നിഷ്കളങ്കത അങ്ങനെ ഓരോന്ന്. കെവിനെ കളികാണാനും, അവനു കളി പഠിക്കാനും അതിനെ സ്നേഹിക്കാനും പ്രേരിപ്പിച്ച ഒരു ഘടകം മാത്രമായിരുന്നില്ല സച്ചിന്‍. തുടര്‍ന്ന് ജീവിക്കേണ്ടുന്ന ഇന്നിംഗ്സിലേക്കുള്ള ഒരു റോള്‍ മോഡല്‍? സച്ചിന്‍ മരിച്ചിട്ടില്ല, വണ്‍ഡേ മാച്ചസില്‍ നിന്ന് വിരമിക്കുന്നു എന്നുമാത്രമാണ് പറഞ്ഞത്, എന്നിട്ടും കെവിന്‍റെ മനസ്സിനെ ഉലക്കാന്‍ മാത്രം സച്ചിന്‍റെ വ്യക്തിപ്രഭാവത്തിനു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം ഏത് ആരാധകനെയും തളര്‍ത്തുന്നതാവാം.  ഇടക്കെപ്പോഴോ ഞാനും സച്ചിനെ ശ്രദ്ധിച്ചിരുന്നു പക്ഷെ ആ വ്യതിത്വത്തെ മനസ്സിലാക്കിയിരുന്നില്ല.

കെവിന്‍ ഉറങ്ങുന്നു, നിസ്വാര്‍ത്ഥമായ ആ ശ്വാസവേഗങ്ങളില്‍ മിടിക്കുന്ന നെഞ്ചിലിപ്പോഴും സച്ചിന്‍ ബാറ്റ്‌ ചെയ്യുന്നുണ്ടാവും, സെഞ്ച്വറികളടിച്ചുകൂട്ടുന്നുണ്ടാവും, ക്യാച്ചുകളെടുക്കുന്നുണ്ടാവും, ഗാലറിയില്‍ ഇന്ത്യാക്കാര്‍ മുഴുവന്‍ സച്ചിന്‍ സച്ചിന്‍ സച്ചിന്‍ എന്ന് ആര്‍ത്തു വിളിക്കുന്നുണ്ടാവും! അപ്പോഴും എന്റെ മനസ്സില്‍ കെവിന്‍ ബാല്‍ക്കണിയില്‍ വച്ച്  തേങ്ങിത്തെങ്ങി പറഞ്ഞാ വാക്കുകള്‍  മനസ്സില്‍ ചിരി പടര്‍ത്തി.

"ന്നാലും"
"ന്നാലും"
"സച്ചിന്‍ വിരമിക്കെണ്ടിയിരുന്നില്ലാ."


2012, ഡിസംബർ 11, ചൊവ്വാഴ്ച

അനുരാഗമയി.


ഞാന്‍ ചെല്ലുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരിക്കുന്നു.

ചിരികളും സംഭാഷണങ്ങളും ഇടമുറിയാതെ ചിതറി വീഴുന്നു. ശബ്ദമുഖരിതമായ ഓര്‍മ്മകള്‍ പറന്നു നടക്കുന്നു. കോണ്‍ക്രീറ്റ്‌ റൂഫിന്‍റെ മേല്‍ഭാഗത്ത് തട്ടി ചിന്നിച്ചിതറുന്ന ചിരികള്‍, പൊട്ടിച്ചിരികള്‍!

ഉച്ചത്തിലുള്ളതും പതുങ്ങിയതുമായ സന്തോഷത്തിന്‍റെ, നൊമ്പരത്തിന്‍റെ, നോവിന്‍റെ, ഒറ്റപ്പെടലിന്‍റെ ഓര്‍മയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചിരികള്‍! കൂട്ടംകൂട്ടമായി ചിലര്‍, നിന്നും ഇരുന്നും. ചിലര്‍ കസേരകള്‍ വട്ടംകൂട്ടി തലതിരിച്ചും കിതച്ചും അങ്ങനെ. പത്തുനൂറു പേരുണ്ട്, പല ഹൗസുകളിലായി, പല ഗ്യാങ്ങുകളിലായി പഴയ തുണകള്‍‍.

ഒരു പ്ലസ്‌ടുക്കാരിയായി, പഴയ രേണുവായി ഒന്നുമറിയാത്തൊരു കുട്ടിയായി ആ സംഭ്രമത്തിന്‍റെ തണുപ്പുള്ള പരിചിതത്തിന്‍റെ അപരിചിതത്വത്തിലേക്ക് ഞാന്‍ നടന്നുകയറി. ഹാളില്‍ കയറിയതോടെ എല്ലാ കണ്ണുകളും എന്‍റെ ദേഹത്തുടക്കിനിന്നു. തെല്ലൊന്നു നിശബ്ദത പരത്തിയശേഷം അവര്‍ വീണ്ടും ചിരികളിലേക്കും തുടന്നുള്ള അവരുടെ സംഭാഷണങ്ങളിലേക്കും മടങ്ങിപ്പോയി. എന്നിലൂടെ കടന്നുവന്ന ആ നിശ്ശബ്ദതയെയും, എന്നെ ഇടംകണ്ണിട്ടു നോക്കുന്നവരെയും ആലോസരപ്പെടുത്താതെ, നിലത്തുപാകിയ ചുവന്ന ടെറാകോട്ടാ ടൈലുകളെയും നോവിക്കാതെ ഞാന്‍ നടന്നു.

എങ്ങോട്ട് നടക്കണം?

അറിയില്ലായിരുന്നു!

എനിക്ക് പലരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ദിവ്യ, മഞ്ജുള, മായ, കീര്‍ത്തന, വീണയും രമ്യയും എല്ലാവരുമുണ്ട്.

ജനനി എവിടെ?

എട്ടുവര്‍ഷം! നീണ്ട എട്ടു വര്‍ഷം. എന്തായിരിക്കും ഈ ദീര്‍ഘമായ ഇടവേളക്കു ശേഷം എല്ലാവര്‍ക്കും പരസ്പരം കാണാന്‍ തോന്നിയത്? അലുമിനി മീറ്റ്‌ എന്ന് കേട്ടപ്പോഴെ പുച്ഛം തോന്നിയതാണ്. പോവില്ലെന്നും കരുതിയതാണ്. ഒരടയാളംപോലും ബാക്കിവെക്കാതെ കത്തിയെരിഞ്ഞു തീരേണ്ട ആ പഴയഒറ്റപ്പെടലിന്‍റെ ദു:ഖാര്‍ദ്രമായ ഓര്‍മ്മകളെ ആര്‍ക്കാണ് താലോലിക്കാനിത്രയിഷ്ടം?

എന്‍റെ ആത്മാവിന്‍റെ ഉള്ളിലെരിയുന്ന വിങ്ങല്‍ ആരും തിരിച്ചറിയില്ല, എന്‍റെ സങ്കടങ്ങളെയും, ദു:ഖങ്ങളെയും! ഉള്ളിലെ എന്നെയും ആര്‍ക്കും അറിയില്ലായിരുന്നു. ജനനിക്കൊഴികെ! ആ പ്രായത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി പരന്ന ശരീരം മാത്രമുണ്ടായിരുന്ന എന്നെ ആരും കണ്ടിരുന്നില്ല! ഒരുപക്ഷെ ജനനി മാത്രം? ഇപ്പൊഴെനിക്കു ശ്രദ്ധിക്കപ്പെടാന്‍ മാത്രമുള്ള മുലകളും, ചന്തികളും വളര്‍ന്നുവന്നിട്ടുണ്ട്.

എന്നെയാര്‍ക്കും തിരിച്ചറിയില്ലായിരിക്കും. എനിക്കവരെയും! എട്ടു വര്‍ഷംകൊണ്ട് എല്ലാവരും മാറിയിരിക്കുന്നു. ഞാനും വല്ലാതെ മാറിയിട്ടുണ്ട്. എല്ലാം തികഞ്ഞ ഒരു പെണ്ണായിരിക്കുന്നു. ആറുവര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തില്‍ എനിക്ക് അറിയാവുന്നവരും എന്നെ അറിയാവുന്നവരും വളരെ ചുരുക്കം‍.


അതിലെതന്നെ ആര്‍ക്കൊക്കെ എന്നെ അറിയാം. വീണ? രമ്യ? ജനനി?

എനിക്കെല്ലാവരെയും കാണണം!
എനിക്കെന്‍റെ ജനനിയെ കാണണം.!

വീണയുടെ അടുത്തേക്ക്‌ നടന്നു, കണ്ടതും അവളൊന്നു പകച്ചു. സ്വയംവലിച്ചെറിഞ്ഞ ആ പുച്ഛച്ചിരിയില്‍ അവള്‍ക്കെന്നെ മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. ഒരു ചെറിയ നിശബ്ദതക്ക് ശേഷം "എടീ" വിളി. രമ്യയുടെ വക നുള്ള്. വീണയുടെ മുഖത്ത് സന്തോഷം. ഞാന്‍ വീണ്ടും പുച്ഛച്ചിരി വരുത്തി.

"വാ" ന്നു പറഞ്ഞു വീണ എന്നെ കൂട്ടികൊണ്ടുപോയി. മൂന്നു കസേരകള്‍ തിരിച്ചിട്ട് എന്നെ ഇരുത്തി. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ചിരികളും, എല്ലാവരുടെയും മാറ്റങ്ങളെ ശ്രദ്ധിച്ചും കുറ്റം പറഞ്ഞും. ഉത്സാഹഭരിതമായ  ആ കൂടിക്കാഴ്ചയില്‍ അവര്‍ അതീവസന്തോഷവതികളായിരിക്കുന്നു. ഞാനോ?

മറ്റുള്ളവരുടെ വിശേഷങ്ങള്‍!. നദിയ കല്യാണം കഴിഞ്ഞു ഗര്‍ഭിണിയായതും ടീന ആത്മഹത്യ ചെയ്തതും എനിക്ക് പുതിയ വാര്‍ത്തകളായിരുന്നു. പിന്നെ മറ്റുപല ഗോസ്സിപ്പുകളും. "വീണ" മാറിയിട്ടില്ല. ഇപ്പോഴും അതേ വായാടിയായ ആ വെളുത്ത പെണ്‍കുട്ടി തന്നെ. ഏതോ ഒരു നോവലിലെ ഒരു കഥാപാത്രത്തിന്‍റെ നീണ്ട ഡയലോഗ് പോലെ അവളങ്ങനെ തുടര്‍ന്നു.

ഞാന്‍ തിരയുകയാണ്.
എന്‍റെ ജനനിയെ.
ആ അന്തരീക്ഷത്തില്‍ അവളുടെ മണമുണ്ട്.
എനിക്കറിയാം ഈ കൂട്ടങ്ങളില്‍ എവിടെയോ ഒറ്റയ്ക്ക് അവളുണ്ട്!

രമ്യയാണ് ജനനിയെ കൂട്ടിക്കൊണ്ടുവന്നത്. അവളെക്കണ്ടതും മനസ്സിന്‍റെ ഇരുട്ടിലെവിടെയോ ഉറവപൊട്ടി. ഇടനെഞ്ചില്‍ കുതിച്ചുചാടുന്ന ഒരു വലിയ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദമെനിക്ക് കേള്‍ക്കാം. അവള്‍ക്കെന്‍റെ മുഖത്തു നോക്കാന്‍ ധൈര്യമില്ലയിരുന്നു. അവളെന്‍റെ മുന്നില്‍ എന്തോ ചോദിച്ചു വന്നു നിക്കുന്നപോലെ. അന്നാദ്യം കണ്ട ദിവസം മിണ്ടിയപ്പോള്‍ എന്നപോലെത്തന്നെ.

ആ നീല നീളന്‍ പൈജാമയിട്ട പഴയ എട്ടാംക്ലാസ്സുകാരി ജനനി. കനംകുറഞ്ഞ ഫ്രെയിമുള്ള കണ്ണടയും ഇത്തിരി പൊക്കവുമല്ലാതെ അവള്‍ക്കു വലിയ മാറ്റങ്ങളൊന്നുമില്ല. വല്ലാണ്ട് നീണ്ടു പോയിരിക്കുന്നു. മുഖത്ത് എന്നത്തെയും പോലെ വിഷാദവും നിസ്സംഗതയും കൂടിച്ചേര്‍ന്ന ആ ഭാവം. കണ്ണുകള്‍ വറ്റി വരണ്ടു പോയിരിക്കുന്നു. കീഴ്ച്ചുണ്ടിലെ ആ കറുത്ത പാട് ഇപ്പോഴുമുണ്ട്. മുടി ഒതുക്കത്തോടെ പിന്നിലേക്ക്‌ കെട്ടിവച്ചിരിക്കുന്നു. സത്യത്തില്‍ എന്‍റെ ശ്വാസം നിലച്ചുപോയി. അവള്‍ക്കു ഭാവവത്യാസം ഒന്നുമില്ല. പഴയ ആ അലിവു തോന്നിക്കുന്ന നോട്ടവും ചിരിയും മാത്രം.

ഈ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് അര്‍ഥം തോന്നിക്കുംവിധം എന്നെ എന്തോ ആക്കി മാറ്റിയവള്‍ അതാ മുന്നില്‍ നില്‍ക്കുന്നു.

"ജനനീ"
എന്‍റെ തൊണ്ടക്ക് കയറു വീണിരുന്നു. ശബ്ദം പുറത്തു വരുന്നില്ല.
എന്‍റെ നെഞ്ചിന്‍റെയുള്ളിലെ പാറക്കെട്ടുകളില്‍ ആ പേര് അലയടിച്ചു കിടന്നു.

*  *  *

പതിനൊന്നു വയസ്സ്! സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ വകതിരിവില്ലാത്ത പ്രായം. ആ പ്രായത്തില്‍ എന്നെ മൂടിയ വിഷാദമറയില്‍ ഞാന്‍ തന്നയാണ് ഭാരതീയ വിദ്യാഭവന്‍റെ ബോര്‍ഡിംഗ് സ്കൂള്‍ സ്കോളര്‍ഷിപ്പിന് മുന്‍കൈയ്യെടുത്തു പരീക്ഷയെഴുതിയത്. ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോള്‍ പിന്നെ പോവാതെ തരമില്ലായിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിലാണ് സ്കൂള്‍ ഓപ്ഷന്‍ കിട്ടിയത്.  അന്നതൊരു വാശിയും ഒളിച്ചോട്ടവും പോലെ തോന്നി. അച്ഛനുമമ്മയും എതിര്‍ത്തിട്ടു പോലും അവരെ വിട്ട് ആ പ്രായത്തില്‍ വീടുവിട്ടു പോവാന്‍ ഞാന്‍ തയ്യാറായി. എല്ലാമറിഞ്ഞിട്ടും വാശിപിടിച്ച മനസ്സിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം.

ഹോസ്റ്റലിലെ ആദ്യ ദിവസങ്ങള്‍ പുതിയൊരനുഭവമായിരുന്നു. ഞാനായെടുത്ത തീരുമാനത്തെ സാധൂകരിക്കും വിധം മനോബലത്തോട് കൂടിയുള്ള ആദ്യത്തെ ഏകാന്ത ദിവസങ്ങള്‍‍. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലിന്‍റെ തുരുത്തിലേക്ക് ഞാന്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിരുന്നു. രാത്രിയുടെ നിലങ്ങളില്‍ കിമഴ്ന്നുകിടക്കുന്ന ഇരുട്ടിനെപ്പേടിച്ചു കരഞ്ഞ ദിവസങ്ങള്‍. വീട്ടിലെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ സ്വാദും, ചേട്ടന്‍റെ സ്നേഹവും എല്ലാം എനിക്ക് മനസ്സിലാക്കിത്തന്ന ദിവസങ്ങള്‍.

സ്കൂളില്‍ ഓരോ ഹൗസായി തരംതിരിച്ചായിരുന്നു ക്ലാസും താമസവുമെല്ലാം‍. എല്ലാ കുട്ടികള്‍ക്കും അതാത് ഹൗസിലെ കൂട്ടുക്കാരാണ് കൂടെയുണ്ടാവുക. മിക്കവാറും ഓരോ ഗ്യാങ്ങായി കുട്ടികള്‍ തിരിയും. അതില്‍ത്തന്നെ ഒരാള്‍ക്ക് ഒരു തുണയുണ്ടാകും. പഠനത്തിലും മറ്റു ദിനചര്യകളിലും പരസ്പരം സഹായിക്കുന്ന ഒരു തുണ. എന്‍റെ കാര്യത്തില്‍ ഗ്യാങ്ങുണ്ടായില്ല. അത് രണ്ടാളിലായി ഒതുങ്ങി. വീണയും രമ്യയും എന്‍റെ ഹൗസില്‍ തന്നെയായിരുന്നു. ഞാനും വീണയും ആഴ്ചകള്‍ കൊണ്ട്  നല്ലൊരു സൗഹൃദം സ്ഥാപിച്ചിരുന്നു. ചിലനേരങ്ങളില്‍ ഒപ്പമിരുന്നു അര്‍ത്ഥമില്ലാത്ത മൗനത്തിലേക്ക് മടങ്ങും. എന്നിട്ടൊരു ചെറുചിരിയോടെ ദു:ഖങ്ങളെ മറക്കും. നല്ല കുട്ടികളായി നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു ക്ലാസിലും ഹോസ്റ്റലിലും കഴിഞ്ഞു.

വീട്ടിലേക്ക് ആത്മഹത്യക്കുറിപ്പുകള്‍ പോലെ കത്തുകളെഴുതിയും, സ്വയം ചിന്നിച്ചിതറി വിളര്‍ന്ന കായ്കള്‍ വിരിയിക്കുന്ന ചെറിയ ഫലവൃക്ഷങ്ങളെപ്പോലെ അനക്കമില്ലാതെ വളര്‍ന്നും കരഞ്ഞും വര്‍ഷങ്ങള്‍ മുമ്പോട്ടു പോയി. രണ്ടു വര്‍ഷം വീണയും ഞാനും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. നാഷണല്‍ ഇന്‍റഗ്രേഷന്‍റെ ഭാഗമായുള്ള മൈഗ്രേഷന്‍ സ്കോളര്‍ഷിപ്പ് കിട്ടി വീണ മഹാരാഷ്ട്രയിലേക്ക് പെട്ടി കെട്ടുമ്പോള്‍ ഞാന്‍ കരയാതെ കരയുകയായിരുന്നു.

ജനാലപ്പഴുതിലൂടെ അവള്‍ ബാഗും താങ്ങി നടന്നകലുന്നത് കണ്ടപ്പോള്‍ ഇനി എന്തിനിവിടെ എന്ന് തോന്നി. അവള്‍ പോകുമ്പോള്‍ നൂലറ്റുപോയ പട്ടത്തെപ്പോലെ ഞാന്‍ ഹോസ്റ്റലില്‍ പറന്നലഞ്ഞു.

ആ സമയത്തു തന്നെയാണ് എനിക്ക് വയസ്സറിയിച്ചത്. ഒരാളെ കൂട്ടിന് എനിക്കേറ്റവും ആവശ്യമായ സമയത്തുതന്നെ ഞാന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥ. എന്നെ ഒറ്റക്കാക്കിപ്പോയ വീണയോട് എനിക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനന്ന്. ആ വര്‍ഷത്തെ ദിവസങ്ങള്‍ക്ക് മുടന്തു വന്നപോലെയായിരുന്നു. മഴ ചീഞ്ഞുമണത്ത മാസങ്ങള്‍, തണുപ്പ് കുളിരുകോരിയിട്ടു പനിപിടിച്ച മാസങ്ങള്‍, ചൂടില്‍ ഉരികിയൊലിച്ചു വിയര്‍ത്ത മാസങ്ങള്‍ എല്ലാം വേച്ചു വേച്ച് എന്നെ പുച്ഛിച്ചു കടന്നു പോയി. തണലിന്‍റെ വിഭ്രമങ്ങള്‍നുസരിച്ചു ഞാന്‍ ദിവസവും സ്ഥലം മാറി ഇരുന്നു. ഒറ്റയ്ക്ക് നടന്നു, ഒറ്റയ്ക്ക് കിടന്നു. ആ വര്‍ഷം എങ്ങനെയോ തീര്‍ന്നു.

അങ്ങനെ അടുത്ത വര്‍ഷത്തെ പുതിയ അഡ്മിഷന്‍ വന്നു. വീണയുടെ ബെഡ്ഡില്‍ ഇരുണ്ടനിറമുള്ള, മെലിഞ്ഞ ഒരു കുട്ടി. ചുണ്ടില്‍ കറുത്ത പാടുള്ള, വിഷാദഛായയുള്ള ആ കുട്ടിയെക്കണ്ടപ്പോള്‍ പുച്ഛം തോന്നി.

"ജനനി" അതായിരുന്നു അവളുടെ പേര്. വീണയോടുള്ള ദേഷ്യവും വെറുപ്പും  അവളോടും തോന്നി. ആദ്യദിവസങ്ങളില്‍ സംശയം ചോദിച്ചും നോട്ട് ചോദിച്ചും വന്നപ്പോള്‍ പുച്ഛഭാവത്തോടെ തിരിച്ചയച്ചു. എന്‍റെ സ്വഭാവം കാരണം അവള്‍ പത്തു ബെഡ് അപ്പുറമുള്ള രമ്യയുമായി കൂട്ടായി. അതുംകൂടി കണ്ടപ്പോള്‍ ദേഷ്യം ഇരട്ടിയായി. അവരുടെ ഇടയില്‍ ഞാനൊരു മൂന്നാമത്തെ ആളായി. പകലുകളില്‍ ഒരന്യയെപ്പോലെ ഞാന്‍ അവരുടെ ഇടയില്‍ നടന്നു.

കാണുമ്പോഴൊക്കെ വിഷാദത്തിന്‍റെ അലിവാര്‍ന്ന ചിരിയില്‍ അവളെന്‍റെ ദേഷ്യങ്ങളും അലിയിച്ചു. പിന്നീടെപ്പോഴോ ഞാനവളെ കാര്യമായി ശ്രദ്ധിച്ചുതുടങ്ങി. പരസപരം ക്ലാസ്സിലെ സംശയങ്ങള്‍ തീര്‍ത്തു. നോട്ട്സ് കൈമാറി. വീണക്കു പകരമായി അവള്‍ സ്വയം മാറുകയായിരുന്നു. എന്നും നിസ്സംഗതയോടെ ചിരിച്ചുകാണിക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍ എനിക്കവളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. പിന്നെ പെട്ടന്നായിരുന്നു ജനനി എനിക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്നത്. ചിലസമയങ്ങളില്‍ വീണ പോലും എന്നെ ഇങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്നുതോന്നി. പകല്‍ മുഴുവന്‍ രമ്യയുടെ കൂടെയും രാത്രികളില്‍ എന്‍റെ കൂടെയും എന്ന നിലയിലേക്ക് ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.

കൂടെക്കൂടെ പകലുകളില്‍ രമ്യ അവളുടെ കൂടെ നടക്കുന്നതില്‍ എനിക്കെന്തോ നഷ്ടബോധം തോന്നി. അവളുടെ സ്‌നേഹം എനിക്കു മാത്രമേ ആകാവൂ എന്ന പോലെവരെയായി. അടുത്തു ഞാനുണ്ടായിട്ടും പകല്‍ അവള്‍ രമ്യയുടെ കൂടെ നടന്നു. രമ്യ അവളുടെ നല്ല സുഹൃത്തായിരുന്നതു കൊണ്ടാവാം അവളെ പൂര്‍ണ്ണമായും അവഗണിക്കാന്‍ അവള്‍ക്കുമായില്ല.

എന്‍റെ ഇഷ്ടങ്ങളെ അറിഞ്ഞും, എന്നെ അറിഞ്ഞും എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കിയ ജനനിയെ ഞാന്‍ ഒരാരധനയോടെ നോക്കിക്കണ്ടു. എന്നെ ഇത്രത്തോളം മനസ്സിലാക്കുന്ന ആദ്യത്തെയാളായിരിക്കും അവള്‍. എനിക്കും അവളുടെ മനസ്സിന്‍റെ തുടിപ്പുകള്‍ അറിയാമായിരുന്നു. അവളുടെ ഇഷ്ടങ്ങളെ, നിശ്വാസങ്ങളെ ‍, സങ്കടങ്ങളെ എല്ലാം എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ക്കുമെന്നെ ഇഷ്ടമായിരുന്നു, ജീവനായിരുന്നു.

ലൈറ്റണഞ്ഞാല്‍ ഒരു കട്ടിലിന്‍റെ രണ്ടാത്തായി ഞങ്ങള്‍ കിടക്കും. സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞും, ക്ലാസ്സിലെ ഗോസിപ്പുകള്‍ പറഞ്ഞും, ചിരിച്ചും അവളറിയാതെ ഉറങ്ങും. അവളുറങ്ങുമ്പോള്‍ അവളുടെ മുഖത്തെ നിഷകളങ്കത ഞാനാസ്വധിച്ചു. ശ്വാസക്രമങ്ങളുടെ വേലിയേറ്റത്തില്‍ അവളുടെ നെഞ്ച് പൊങ്ങുന്നതും താഴുന്നതും ഞാന്‍ നോക്കിക്കണ്ടു.  അവളുടെ ഭംഗിയുള്ള വിരലുകള്‍, നഖങ്ങള്‍ ഞാന്‍ മെല്ലെ തൊട്ടുനോക്കും.  അവളോട്‌ തമാശയോടെ കൊഞ്ചും തിടുക്കപ്പെട്ട് പരിഭവിക്കും, അതിലേറെ തിടുക്കത്തില്‍ ഞാനവളുടെ ചുണ്ടുകളിലെ പരിഭവം മായ്ക്കും. ഒരു വിറയലോടെ അവളെന്‍റെ ചൂടിലേക്ക് ചുരുങ്ങും. ആ നിമിഷങ്ങളില്‍ ജനനി എന്‍റെ നെഞ്ചിന്‍റെ തുടിതാളമായ് മാറും. ഇരുട്ടിന്‍റെ കൂര്‍ത്തശരങ്ങളെ പേടിച്ച് അവളെന്നെ പുണരും.

പുതപ്പിനടിയിലെ അവളുടെ കൊലുസിട്ട ചിരികളില്‍ ഞങ്ങള്‍ ഭൂതങ്ങളുടെ കഥകള്‍ ഉണ്ടാക്കും. അവള്‍ക്കു ഭൂതങ്ങളെ പേടിയായിരുന്നു! എനിക്കും! ഭൂതങ്ങളെ പേടിച്ചു ഞങ്ങള്‍ അന്യോന്യം പുണരും. പുലരും വരെ ചൂടുപറ്റിക്കിടക്കും. ഭൂതങ്ങളും ഞങ്ങള്‍ ഉണ്ടാക്കുന്ന അവരുടെ കഥയും എനിക്കൊരനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ രാത്രികളില്‍ എന്‍റെ കിടക്കയും വിരിപ്പും ഞാന്‍ ജനനി വന്നശേഷം മറന്നിരുന്നു. ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് പേര് "മെയ്ഡ് ഫോര്‍ ഈച്ച് അദര്‍" എന്നായിരുന്നു. മറ്റുള്ളവര്‍ അതുവിളിക്കുമ്പോള്‍ അതുകേള്‍ക്കുമ്പോള്‍ എനിക്കെന്തോ അറിയാത്ത ആത്മരതി തോന്നും. എന്നുമവളുടെ ഗന്ധത്തിന്‍റെ സാന്ദ്രതയില്‍ ലയിച്ച് ഞാനും പതിയെ ഉറങ്ങും.

വര്‍ഷങ്ങള്‍ വീണുടഞ്ഞു. വീണ നാഷണല്‍ ഇന്‍റഗ്രേഷന്‍ ഇയര്‍ മുഴുവനാക്കി തിരിച്ചുവന്നു. സത്യത്തില്‍ എന്നില്‍ വീണയുടെ ഓര്‍മ്മകള്‍ മരിച്ചിരുന്നു. തിരിച്ചുവന്നപ്പോള്‍ അവളാകെ മാറിയിരുന്നു. പുതിയ സുഹൃത്തുക്കള്‍ പുതിയ ഭാവങ്ങള്‍. ഞങ്ങള്‍ പഴയ ആത്മസുഹൃത്തുകളാണെന്നു വരുത്തിത്തീര്‍ക്കാന്‍ വെറുതെ ശ്രമിച്ചു. എന്തോ അതൊന്നും നടന്നില്ല. എനിക്ക് ജനനിയായിരുന്നു എല്ലാം. വീണ അടുത്തുവരുമ്പോള്‍ ജനനിയുടെ നെഞ്ചിടിച്ചുള്ള നോട്ടങ്ങള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തും. അവള്‍ സങ്കടപ്പെടുന്നത് അതെനിക്ക് സഹിക്കില്ലായിരുന്നു. ജനനി എന്‍റെ നെഞ്ചിനു പുറത്തും അകത്തും പൂത്തുലഞ്ഞു നിന്നു. വീണ പതിയെ അതറിഞ്ഞു സ്വയം മാറിനിന്നുതന്നു. പതിയെ രമ്യയുടെ ഗ്യാങ്ങില്‍ അവളും ചേര്‍ന്നു. പകലുകളില്‍ വീണ്ടും  ഞാനൊറ്റപ്പെട്ടു.

ജനനി അവളില്ലാതെ ഞാന്‍ പൂര്‍ണ്ണമാവില്ലായിരുന്നു. ചുണ്ടുകള്‍ ചേര്‍ത്തുവെച്ച രാത്രിയുടെ നിശബ്ദതയുടെ പാട്ടുകള്‍ ഞങ്ങളുടെ സ്വപ്നങ്ങളില്‍ വന്നു നിറഞ്ഞിരുന്നു.  പരീക്ഷാ സമയങ്ങളില്‍  അങ്ങോട്ടുമിങ്ങോട്ടും പുറംചാരി ഞങ്ങള്‍ പഠിച്ചു. തണുത്ത കൈത്തലങ്ങള്‍ കോര്‍ത്തുപിടിച്ചു ഞങ്ങള്‍ രാത്രിയുടെ ചില്ലകളില്‍ ഇണചേര്‍ന്നു പകലിനെ കാത്തിരിന്നു. കിതച്ചെത്തുന്ന പകലുകളില്‍ എന്നെയുപേക്ഷിച്ചവള്‍ വീണയുടെകൂടെ നടന്നു പോവും. ഞാനതുനോക്കി വീണ്ടും രാത്രിയുടെ തണുപ്പിനെ പ്രതീക്ഷിച്ച് ഒറ്റയ്ക്ക് നടക്കും.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരനുരാഗത്തിന്‍റെ ഋതുക്കള്‍ മാറി വിരിഞ്ഞു.
വര്‍ഷങ്ങളും മാറിക്കിടന്നു. ഞാനും അവളും മാത്രം മാറിക്കിടന്നില്ല.

പക്ഷെ ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു. ഒരുമിച്ചുള്ള നാലുവര്‍ഷം അവസാനിക്കുന്നത്‌ എന്നെ വേദനിപ്പിച്ചു. ഇനി വീട്ടിലേക്കു മടങ്ങണം. തുടര്‍ന്ന് അവിടെനിന്ന് ഏതെങ്കിലും ഒരു കോളേജില്‍ എന്‍ജിനീയറിംഗിനോ അതോ വേറേതെങ്കിലും കോഴ്സിനു ചേരണം. അവസാന ദിവസങ്ങളില്‍ എനിക്കറിയില്ലായിരുന്നു ജനിനിയോട് എന്തു മിണ്ടണം എന്തു പറയണം എന്നല്ലാം. മുഖത്തോടു മുഖംനോക്കി കിടക്കുമ്പോള്‍ അവളുടെ കണ്ണുനിറയും. എന്‍റെ മനസ്സ്  കരയും. ഒന്നും ചോദിക്കാതെ, ഒന്നും മിണ്ടാതെ,  ഒന്നും പറയാതെ അവള്‍ പോയി. പ്രതീക്ഷിച്ചിരുന്ന ആ നിസ്സംഗതയിലേക്ക് നോക്കി ഞാന്‍ കണ്ണടച്ച് വിതുമ്പിക്കരഞ്ഞു.

ജനനിയില്ലാത്ത രാത്രികള്‍. എനിക്കവളെ വേണമായിരുന്നു. ഹോസ്റ്റലിന്‍റെ ഇരുട്ടടഞ്ഞ മുറിയിലൊരു  തുണയായിട്ടല്ല. ജീവിതത്തിന്‍റെതന്നെ ഭാഗമായിട്ട്. എനിക്ക് മുഴുവനായിട്ട് അവളെ വേണമായിരുന്നു. എന്‍റെ നിരാശയില്‍ വിരിഞ്ഞ ലോകത്തെ ഞാന്‍തന്നെ അകത്തുനിന്ന് പൂട്ടി. അവളുടെ ഓര്‍മകളെ സൃഷ്ടിച്ച് രാത്രികള്‍ കഴിച്ചുകൂട്ടി. അവളുടെ മണമുള്ള നോട്ടിലെ കുറിപ്പുകള്‍, ഭംഗിയുള്ള എഴുത്ത് എല്ലാം ഞാനെന്‍റെകൂടെ കിടത്തി. ആഴ്ചയില്‍ രണ്ടുതവണ വിളിക്കും. അവള്‍ സന്തോഷവതിയായി അഭിനയിച്ചു കാണിച്ചു. ഞാന്‍, എനിക്ക് കഴിയുന്നില്ലാന്നു പറഞ്ഞപ്പോള്‍ അവള്‍ ഖിന്നയായി. ഞങ്ങളുടെ ഇടയില്‍ സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു. ഫോണ്‍ എടുത്തു മിണ്ടാതെ നില്‍ക്കും. അവള്‍ക്കെന്തോ പറയണം. പക്ഷെ തൊണ്ടയില്‍ കുടുങ്ങിയ  വേര്‍പാടിന്റെ മൗനത്തിലും അവളുടെ നിശ്വാസങ്ങളുടെ ശബ്ദങ്ങളിലും എന്‍റെ ഇടനെഞ്ചു പൊട്ടിക്കരഞ്ഞു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ ബുദ്ധിമുട്ടി ഞങ്ങള്‍ രണ്ടുപേരും ഓരോ അറ്റത്തുമിരുന്നു.

പിന്നെയോരിക്കല്‍ മിണ്ടാതെ പറയാതെ അവളെങ്ങോ മാഞ്ഞുപോയിമറഞ്ഞു. അറിഞ്ഞോ അറിയാതയോ ഒന്നും ബാക്കിവെക്കാതെ ഒരു തണുത്ത മറവിയിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി. എന്നോ വീണ പറഞ്ഞറിഞ്ഞു അവള്‍ ഡല്‍ഹിയിലെ ഗൂഡ്ഗാവില്‍ ഏതോ എഞ്ചിനീയറിംഗ് കോളേജിലാണെന്ന്. നമ്പരും അഡ്രസ്സും ഒന്നുമില്ല. കീര്‍ത്തന ഒരിക്കല്‍ ട്രെയിനില്‍ വെച്ച് കണ്ടുപോലും.

നെഞ്ചിലൊരു വേദന മാത്രം ബാക്കിവെച്ച് ഞാനും ആ മറവിയുടെ ഉറക്കത്തിലേക്ക് ആണ്ടുപോയി. പല രാത്രികളില്‍ പല സമയങ്ങളില്‍ അവളെ ഞാന്‍ കണ്ടിരുന്നു. ഇരുട്ടില്‍ കല്ല്‌ മറയ്ക്കുന്ന വിദൂരതയിലെവിടെയോ ഏങ്ങിക്കരയുന്ന പെണ്‍കുട്ടിയായി ഞാനവളെ കണ്ടു. അവളെ സ്വപ്നം കാണുമ്പോള്‍ ആ സുഖമുള്ള വേദന എന്നെയുണര്‍ത്തും. ഒരു തലയിണയായി  അവളെപ്പുണര്‍ന്നു ഞാനുറങ്ങും.

*  *  *

വരാന്തയിലെ ഒരറ്റത്ത് ഞാനവളുടെ കൈ കോര്‍ത്തു പിടിച്ചു നിന്നു. എനിക്കവളെ കെട്ടിപ്പിടിച്ച് ഒത്തിരി കരയണം എന്നുണ്ടായിരുന്നു. വിഷാദത്തിന്‍റെ അലിവാര്‍ന്ന ചിരിപെയ്യുന്ന ആ മുഖത്തു നോക്കി ഞാനേറെനേരം നിന്നു. ഈ മീറ്റ്‌ ഒന്നു കഴിഞ്ഞിരുന്നെങ്കില്‍ ഇവളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിപ്പോവാമായിരുന്നു. വീണയോടും രമ്യയോടും കള്ളം പറഞ്ഞു ഞങ്ങള്‍ മുങ്ങി. അവര്‍ രണ്ടുപേരും ആക്കിച്ചിരിച്ചു. എനിക്കതൊന്നും ഒന്നുമല്ലായിരുന്നു.

വയനാട്ടില്‍ ബീച്ചില്ല. മലകളും, കുന്നുകളും മാത്രം. തണുപ്പിനെ തടഞ്ഞു നിര്‍ത്തി മഞ്ഞുപെയ്യിക്കുന്ന മലകള്‍. എവിടെ പോകും? തല്‍ക്കാലം ഒരു കോഫി. അതിലൊതുക്കി. ആ കോഫിയുടെ ഇടയില്‍ ഞങ്ങളെ അകറ്റിനിര്‍ത്തിയ എട്ടുവര്‍ഷം വീണ്ടും പിറന്നുവീണു.

അവള്‍ ചിരിക്കാന്‍ തുടങ്ങി. എന്‍റെ മനസ്സില്‍ മഴപെയ്യാനും. മീറ്റ് കഴിഞ്ഞു എന്‍റെ കൂടെവരണം. ജനനി സമ്മതിച്ചു. അവള്‍ സമ്മതിച്ചില്ലെങ്കിലും അവളെ ഞാന്‍ തൂക്കിയെടുത്തു കൊണ്ടുപോവും. ഒപ്പംവന്ന കീര്‍ത്തനയെ അവള്‍ രമ്യയുടെ കൂടെയയച്ചു.

ജനനി കാറില്‍ കയറി. അവളുടെ കലവീണ ചുണ്ടുകള്‍! എനിക്ക് കാത്തിരിക്കാനാവില്ലായിരുന്നു. അവള്‍ കുതറി മാറി. പിന്നെ അവളായിത്തന്നെ ആ മലകളുടെ ഇടയിലെവിടെയോ തങ്ങിനിറഞ്ഞ ദുരൂഹ മധുരങ്ങളിലേക്കെന്നെ കൂട്ടികൊണ്ടുപോയി.

ചുരമിറങ്ങുമ്പോള്‍ അവളെന്‍റെ തോളത്തു തലചായ്ച്ചു കിടന്നു. ഒരു ചെറിയ കുട്ടിയെ പോലെ. വളവും തിരിവും തിരഞ്ഞ റോഡില്‍ എവിടെയോ വെച്ച് ഞങ്ങള്‍ ഭൂതത്തിന്‍റെ കഥപറഞ്ഞു.

അവള്‍ക്കു ഭൂതങ്ങളെ പേടിയായിരുന്നു!

എനിക്കും!