2012, ഏപ്രിൽ 15, ഞായറാഴ്‌ച

സ്നേഹബാഹുല്യം (രണ്ടാം എട്)

പ്രിയേ.. ഇന്ന് നീയെനിക്ക് സ്നേഹത്തിന്റെ പ്രതീകമായ ഈവനിംഗ് ചായ കൂടി തന്നില്ല. എന്നെ മറന്നു നീ നിന്റെ ചിന്തകള്‍ക്ക് ഇരകളെ തേടിക്കൊടുക്കുകയായിരുന്നോ? പതിവിലും ഇരുട്ടുള്ള മുറിയില്‍ നീ വെളിച്ചം പ്രകാശിപ്പിക്കാത്തതെന്താണ്.

പ്രിയനേ.. അങ്ങെന്നോട് ക്ഷമിക്കണം, ഞാനൊരു മനോവിചാരത്തിലായിരുന്നു. എന്റെ മനസ്സിനെ ഇന്ന് ഇരുട്ട് വിഴുങ്ങുകയായിരുന്നു. ഞാന്‍ ഇന്നലെ കണ്ട ഒരു അപ്രിയ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഞാനിന്നലെ ഒരു സ്വപ്നം കാണുകയും ആ സ്വപ്നത്തില്‍ ഞാന്‍ അങ്ങയുടെ മാതാവിനെ കൊല്ലുന്നതായും കണ്ടു. ആ സ്വപ്നം തീര്‍ന്നതിനു ശേഷം അങ്ങെന്നെ പ്രാപിച്ചപ്പോള്‍ ഞാന്‍ ആ സ്വപ്നത്തെക്കുറിച്ച് അങ്ങയോട് പറയുകയുണ്ടായി. എന്നാല്‍ അങ്ങ് അത് ചെവിക്കൊള്ളാതെ സുരതത്തില്‍ മുഴുകുകയായിരുന്നു. അതിനു ശേഷം നിങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ അഞ്ചാം മന്ത്രി പിറന്നതിനെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചിന്താധീനനാവുകയും ചെയ്തു. ഒരു ഉള്‍ക്കിടിലത്തോടെ ഞാനതു കേട്ട് കിടക്കുകയും സുരതത്തിന്റെ ക്ഷീണത്തില്‍ പൊടുന്നനെ ഉറക്കത്തിലേക്ക് വീഴുകയുമാണ് ഉണ്ടായത്.

പ്രിയേ.. ഞാന്‍ രാജ്യത്തിന്റെ അഞ്ചാം മന്ത്രിയുടെ പിറവിയില്‍ സന്തോഷിക്കുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ? വര്‍ഗീയ രാഷ്ട്രീയ സമവാക്യങ്ങളെ പരിഛെദനം നടത്തുന്ന സമസ്യകള്‍ക്ക് വേണ്ടി എന്റെ ചുവന്ന ഹൃദയം എഴുതിയെടുത്ത ഒരു പുതിയ രാഷ്ട്രീയ നാടകത്തിന്റെ ഡയലോഗുകള്‍ തിരയുകയായിരുന്നു. അതിലെ ഗ്രൂപ്പ്‌ കളിയും അറപ്പുളവാക്കുന്ന പ്രസ്താവനകളും അതിന്റെ രംഗ സീമകളും ഒരു പുതിയ ദിവസത്തിന്റെ വാര്‍ത്താചരടില്‍ കൂട്ടിയെടുത്തു ഞാന്‍ ജല്പനം നടത്തുകയായിരുന്നു.

പ്രിയേ.. നമ്മുടെ മകന്‍ എവിടെയാണ്, അവന്‍ ഉറങ്ങിയോ?

പ്രിയനേ.. അവന്‍ ഉറങ്ങിയിരിക്കുന്നു, അവനിപ്പോള്‍ IPLന്റെ ആലസ്യത്തിലാണ്, IPL അവനെ തീര്‍ത്തും നിരാശനാക്കിയിരിക്കുന്നു. ടൂര്‍ണമെന്റില്‍ സിക്സറുകള്‍ ഊര്‍ന്നിറങ്ങുമ്പോള്‍ അവന്‍ അവന്റെ പുതിയ പ്രൊജക്റ്റ്‌ തീസീസുകള്‍ പോലും മറന്നു പോകുന്നു. ദു പ്ലസിസിന്റെ 71 ഉം ഗെയെലിന്റെ 64 ഉം വിശകലനം ചെയ്യുന്നതിനിടയ്ക്ക് കോഹ്ലി എറിഞ്ഞ 6 പന്തുകളില്‍ മോര്‍ക്കല്‍ 28 അടിച്ചു എന്നവന്‍ വിശ്വസിക്കുന്നില്ല. ദുര്‍മ്മന്ത്രവാദത്തിന്റെ മാന്ത്രിക വിദ്യയില്‍ പല ടീമുകളും പരാജയപ്പെടുന്നു എന്നവന്‍ വിശ്വസിക്കുന്നു. ബംഗ്ലൂര്‍ തോറ്റതുകൊണ്ട് ഈ താഴ്വര തന്നെ തോറ്റു എന്നാണവന്‍ പറയുന്നത്. തോല്‍വിയുടെ ക്ഷീണം കാരണം അവനു ഭക്ഷണംകൂടെ ഇറങ്ങുന്നില്ല എന്ന് പറയുന്നു.

പ്രിയനേ.. ഞാന്‍ അങ്ങയോട് ഒരു ആവശ്യം ഉന്നയിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. നമ്മുക്ക് ഒരു വേലക്കാരിയെ വാങ്ങിയാലോ?. ഈ അടുക്കളയുടെ ചൂടില്‍ എന്റെ മുഖകാന്തി നഷ്ടപ്പെടുന്നു. മണ്‍പാത്രങ്ങള്‍ കരി കൂട്ടി കഴുകുമ്പോള്‍ ആ കരി എന്റെ ദേഹത്ത് ഒട്ടിപ്പിടിക്കയും എന്റെ നിറം മങ്ങുകയും ചെയ്യുന്നു. എന്റെ നിറം മങ്ങിയാല്‍ അങ്ങേക്ക് എന്നോടുള്ള അഭിവാഞ്ജ കുറയുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.

പ്രിയനേ.. ഈ ഇരുട്ടില്‍ തെളിയുന്ന നിഴലിനെ എനിക്ക് ഭയമാകുന്നു. നിങ്ങളുടെ കാമുകിമാരുടെ സ്ഥിതിവിവരണ കണക്കുകള്‍ എന്റെ പച്ചക്കറി ലിസ്റ്റില്‍ വരുന്ന അടുക്കുകളെക്കാള്‍ കൂടുതലാണ്. പ്രായം കൂടും തോറും എന്റെ ശമനം തേടാനുള്ള ആസക്തി കൂടിക്കൂടി വരുന്നു. അങ്ങേക്ക് എന്നോടുള്ള ആസക്തി കുറയുന്നത് എന്റെ പിടിപ്പു കേടായി ഞാന്‍ കരുതുന്നു.

പ്രിയേ.. എന്തിനു നീയിങ്ങനെ ചിന്തിച്ചു കൂട്ടുന്നു, ഞാന്‍ ഒരിക്കലും വേറെ ഒരു ശരീരത്തെ പ്രാപിക്കില്ല, എന്റെ ബോധത്തെ വഞ്ചിക്കാം എന്നായിരുന്നെകില്‍ എനിക്ക് പല കാമുകിമാരെയും പുലരാമായിരുന്നു.

പ്രിയനേ.. അങ്ങയുടെ ഓഫിസിലെ മലയാളം സംസാരിക്കാത്ത അങ്ങയുടെ കാമുകിമാര്‍ ഇന്ന് പുതിയ ഭക്ഷണപാചകവിധികള്‍ ഒന്നും തന്നില്ലേ? അല്ലങ്കില്‍ നിങ്ങള്‍ എന്നെ പ്രാപിക്കുന്നതിനു മുന്‍പ് എന്റെ മനസ്സ് മടുപ്പിക്കാന്‍ ഈ ജാതി തമാശകള്‍ എന്നോട് പറയാറുണ്ടല്ലോ?

പ്രിയേ.. നീയെന്നെ വളരെയേറെ തെറ്റിദ്ധരിക്കുന്നു. അവരുടെ ക്ഷുദ്രപ്രയോഗങ്ങളില്‍ വഴങ്ങി പ്രേമചാപല്യം കാണിക്കുക എന്നത് എന്റെ ദാമ്പത്യ ധര്‍മ്മശാസ്ത്രത്തില്‍ പറയുന്നില്ല. ശൃംഗാരഭാവം നടിച്ച് അവര്‍ ഒന്നും സാധിച്ചെടുക്കുന്നില്ല. പകരം അവര്‍ പുതിയ ജീവിത രീതികളുടെ ആര്‍ത്തവം ഒഴുക്കുന്ന പ്രവാചകരാണ്. അവരുടെ പൊട്ടിയൊലിക്കുന്ന ആര്‍ത്തവ രക്തത്തിന് സാമ്രാജ്യത്വ വികാരത്തിന്റെ മണമാണ്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വെറും ലാഭം മാത്രം ലക്‌ഷ്യമിടുന്ന, ഉത്‌പാദനത്തില്‍ നേരിട്ടു പങ്കെടുക്കാതെയും, ഒന്നോ അധികമോ, മറ്റു കമ്പനികളെ ഭാഗികമായോ പൂര്‍ണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനത്തില്‍ അതിന്റെ മേധാവി സാമ്രാജ്യത്വപ്രേരണാപ്രേമം നടിക്കുന്നത് സ്വാഭാവികമാണ്.

പ്രിയനേ.. അങ്ങ് വഹിക്കുന്ന ഔദ്യോകികതയും അതിന്റെ കറുത്ത മേല്‍ക്കുപ്പയവും പറയുന്ന നീതിശാസ്ത്രത്തെ മനസിലാക്കാന്‍ പ്രാപ്തമായ മനസ്സും അതിന്റെ കണക്കുകൂട്ടലുകളും എനിക്കില്ല. എന്റെ ഏഴാംക്ലാസ്‌ പാഠപുസ്തകത്തിലോ മറ്റോ ഇതിന്റെ വിസ്‌തൃതവിവരണം ഞാന്‍ മന:പ്പാഠമാക്കിയിട്ടില്ല. എനിക്കറിയുന്നത് നിങ്ങളെ പൂജിക്കലും നിങ്ങളാല്‍ പൂജിക്കപെടലും മാത്രമാണ്. അതില്‍ സന്തുഷ്ടയവാനാണ് ഈയുള്ളവള്‍ക്ക് താല്പര്യം.

പ്രിയേ.. നീ വീട്ടു ജോലികളിലും മറ്റും മാത്രം ശ്രദ്ധിക്കുക. കാടുകയറി വരുന്ന നിന്റെ ചിന്തകളെ അടിമപ്പെടുത്താതെ നീ ഉറങ്ങുക. ഇതെല്ലാം ഒരു പുതിയ ക്ലോക്കിലെ പഴയ സമയത്തിന്റെ മാറ്റങ്ങളാണ്. ഘടികാരസൂചിയുടെ ദിശയില്‍ നമ്മള്‍ സഞ്ചരിക്കുമ്പോള്‍ അക്കങ്ങള്‍ മാറ്റമില്ലാതെ നില്‍ക്കും. ചലിക്കുന്ന നമ്മുടെ മനസ്സില്‍ സംശയങ്ങള്‍ തെന്നി മാറുന്നത് ആരുടേയും കുറ്റമല്ല. അതുകൊണ്ട് നീയുറങ്ങുക. പുതിയ സ്വപ്നങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുക. എന്നെ ഉദ്ധീപിപ്പിക്കുക. നിന്റെ ഉറക്കത്തിനുശേഷം എനിക്കും ഉറങ്ങേണ്ടതുണ്ട്. അതുകൊണ്ട് നീ കൂര്‍ക്കം വലിച്ചുറങ്ങുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ