experience എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
experience എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 15, ഞായറാഴ്‌ച

വയറുവേദന

അവളെണീറ്റു ടീച്ചറെ ശൂ ശൂ വിളിച്ചു. കയ്യിലെ ചെറുവിരല്‍ പൊക്കിക്കാണിച്ചു. മുള്ളാനുള്ള അവളുടെ ആശങ്ക. അതാവാം അവള്‍ വിരല്‍ പൊക്കിക്കാണിച്ചത്. ടീച്ചര്‍ അടുന്നു വന്നു കുശുകുശു സ്വകാര്യം പറഞ്ഞു. അവളെ സമാശ്വാസിപ്പിച്ചുകൊണ്ട് സഹഅധ്യാപകരുടെ അടുത്തേക്ക്‌ പോയി. മറ്റുള്ളവരൊക്കെ അടക്കം പറഞ്ഞു ചിരിച്ചു. വളഞ്ഞും പുളഞ്ഞും നീങ്ങുന്ന ബസ്സ്‌ കുറച്ചു ദൂരം ചെന്നുനിന്നു. ഒരു ടീച്ചര്‍ അവളെയും കൊണ്ടിറങ്ങി. ഓരത്തുകൂടെ നടന്ന് ഒരു ചെറിയ മറപറ്റാന്‍ നടന്നു പോകുമ്പോഴും അവളെന്നെ നോക്കി ദഹിപ്പിച്ചു.

ഇത്തവണ അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ പാവം തോന്നി. കാര്യം കഴിഞ്ഞ് അവള്‍ സീറ്റില്‍ തിരിച്ചിരുന്നു. മുഖം താഴ്ത്തി മുന്‍സീറ്റിന്റെ പിന്നില്‍ മുഖംവെച്ച് കിടന്നു.

സ്കൂളിലെ അവസാന വര്‍ഷം. എല്ലാവരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഞാനും ഈ ടൂറിനു തയ്യാറായത്. കൂട്ടം കൂടിയുള്ള യാത്രകള്‍ എപ്പോഴും എനിക്ക് വിരസമായ അനുഭങ്ങള്‍ മാത്രമാണ്. പിന്നെ കാഴ്ചകള്‍ മാത്രമാണ് ഭക്ഷണം. കാഴ്ചകള്‍ക്കുള്ളിലെ ചോദ്യങ്ങള്‍ ചോദിച്ചും അവയ്ക്കുത്തരം തേടി ചിന്തകളെ പായിപ്പിച്ചും ഞാന്‍ ദൂരങ്ങള്‍ തള്ളി നീക്കും.

ബസ്‌ നിന്നു. രാത്രി ഭക്ഷണത്തിനു വേണ്ടി നിര്‍ത്തിയതാണ്. എന്റെ ഭക്ഷണം പഴവും വെള്ളവും പിന്നെ പിന്നിലേക്കോടുന്ന കാഴ്ചകളും മാത്രം. ദിവ്യ തലകുനിച്ചു കിടപ്പാണ്. ഞാന്‍ ബൂത്തില്‍ക്കയറി വീട്ടിലേക്കു ഫോണ്‍ ചെയ്യാമെന്നു കരുതി. അവളെ കടന്നു പോവുമ്പോള്‍ അവളെന്റെ കയ്യില്‍ പിടിച്ചു.

"ഇത്തിരി നേരം ഇവിടെ ഇരിക്കാമോ?"

അപ്രതീക്ഷിതമായ ഈ ചോദ്യം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. അവളുടെ മുഖത്തെ ദയനീയത കൂടി വന്നിരിക്കുന്നു. ഞാനവളുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നു.

"എന്തേ സുഖമില്ലേ?" എന്ന എന്റെ ചോദ്യത്തിന് മുഖമുയര്‍ത്താതെ തലയാട്ടി.

"കഴിക്കാന്‍ ഞാന്‍ വാങ്ങിക്കൊണ്ടുവരട്ടെ? അല്ലെങ്കില്‍ എന്റെ കയ്യില്‍ പഴമുണ്ട് വേണോ?"

അതിനും ഉത്തരമില്ല.

ഞാന്‍ എണീറ്റു പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. പിന്നെ ഞാനും ക്ഷമയോടെ ഇരുന്നു.

ഇത്ര അടുത്തായി ഒരു പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ആദ്യമായാണ് ഇരിക്കുന്നത്. തടിച്ച ഫ്രെയിമുള്ള കുഞ്ഞിക്കണ്ണടയില്‍ തിളങ്ങുന്ന കണ്ണുകള്‍. ഇരുനിറമുള്ള മുഖം. നീണ്ട മൂക്കിനു കീഴെ വരപോലെ കനം കുറഞ്ഞ ചുണ്ടുകള്‍. പൊങ്ങി നില്‍ക്കുന്ന ചുരുണ്ട മുടിയുള്ള അവള്‍ എപ്പോഴും റോസും ചുവന്നതുമായ ഹെയര്‍ബാന്‍ഡ്‌ ഇട്ടിട്ടുണ്ടാവും. ഹെയര്‍ബാന്‍ഡ്‌ മറഞ്ഞ ഭാഗത്ത് താഴ്ന്നു നില്‍ക്കുന്ന മുടിയും അതിനു ശേഷം ഉയര്‍ന്നു നില്‍ക്കുന്ന മുടിയും. ഒരു പ്രത്യേകതയുള്ള ലുക്ക്‌ ആണ്. ഒരു ബുദ്ധിജീവി ലുക്ക്‌ എന്ന് പറയുന്നതാവും ശരി. നിഗൂഡതകള്‍ ഏറെ നിറഞ്ഞ മുഖവും നോട്ടവും എന്നെ അവളിലേക്ക് ആകര്‍ഷിച്ചിരുന്നോ എന്നത് സംശയമാണ്. അതുകൊണ്ടാണോ അവളുടെ നോട്ടം എനിക്ക് താങ്ങാന്‍ കഴിയാത്തത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി അവളെന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വെച്ച് അമര്‍ത്തി. ആ ജാള്യതയില്‍ ഞാന്‍ എണീറ്റ് പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. വീണ്ടും എന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വച്ച് അമര്‍ത്തി.

"എനിക്ക് വയറു വേദനിക്കുന്നു. ഒന്ന് അമര്‍ത്തി തരുവോ. ഇങ്ങനെ അമര്‍ത്തിയാല്‍ കുറേ ആശ്വാസമുണ്ടാവും. അതാ. പ്ലീസ്‌."

അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

അവളോട്‌ മറുത്തൊന്നും പറയാന്‍ തോന്നിയില്ല. അവള് തന്നെ എന്റെ കൈ പിടിച്ച് അവളുടെ വയറ്റത്ത് അമര്‍ത്തി. അവളുടെ പിന്‍കഴുത്തില്‍ നനുനനുത്ത സ്വര്‍ണ രോമങ്ങള്‍, അവളുടെ മണം തേനിന്റെ മണമായിരുന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുനീര്‍ വീണ് അവളുടെ ചുരിദാര്‍ നനയുന്നു. ഇടയ്ക്കിടെ ഞരങ്ങി ശ്വാസമെടുക്കുന്നു. അവള്‍ക്കു നല്ല വേദനയുണ്ടെന്നു മനസ്സിലായി. എന്തേലും കഴിച്ചത് ശരിയായിട്ടുണ്ടാവില്ല എന്നൊക്കെക്കരുതി. പഴവും വെള്ളവും മാത്രം കഴിച്ചാമതി എന്നുള്ള അമ്മയുടെ ഗുണദോഷം നല്ലതാണെന്ന് എനിക്ക് തോന്നി. അതവളോടും ഉപദേശിച്ചു. അവളതിന് ഒന്ന് ചിരിച്ചു.

സമയം കടന്നു പോയി. വേദന ഒന്നു പോയന്നു തോന്നിയപ്പോഴാവണം തലതിരിച്ച് എന്നെ നോക്കി.

"എനിക്കിത്തിരി ചൂടുവെള്ളം വേണം, കൊണ്ടുതരുമോ?"

ചൂടുവെള്ളവും ഒരു ഡയറി മില്‍ക്കും വാങ്ങിക്കൊണ്ടു വന്നു. വെള്ളം കുടിച്ച ശേഷം ചോക്ലേറ്റ്‌ കൊടുത്തപ്പോ അവളൊന്നുകൂടി ചിരിച്ചു. ആ ചിരി ഞാന്‍ ഈ ജന്മത്തില്‍ മറക്കില്ല എന്ന് മനസ്സില്‍ പറഞ്ഞു. പുറത്തു നിന്ന് വരുന്ന കാറ്റില്‍ അവളുടെ സ്നേഹംകൂടി എന്റെ നെഞ്ചില്‍ തട്ടിച്ചു. ദിവസങ്ങള്‍ അവളുടെ വയറു വേദനയിലും മടുപ്പിക്കുന്ന യാത്രയിലും ചോര്‍ന്നു പോയി. ഞാന്‍ അവളുടെ ആ വയറുവേദനയില്‍ കിട്ടിയ സ്നേഹത്തിന്റെ ചൂട് മനസ്സില്‍ സൂക്ഷിച്ചു.

സ്കൂളിലെ അവസാന ദിവസങ്ങളിലൊന്നില്‍ അവളെനിക്ക് ഒരു പെട്ടി മാക്കിന്റോഷ് ചോക്ലറ്റ്‌ തന്നു.
ഞാന്‍ ചോദിച്ചു "ഇപ്പഴും വയറു വേദനയുണ്ടോ?" എന്ന്.

ഒരു ചെറു ചിരിയോടെ അവള്‍ തലയാട്ടി. "എല്ലാ മാസവും ഉണ്ടാവും" എന്നു പറഞ്ഞു.

അതിന്റെ പിന്നിലെ കാരണം ചോദിക്കാനും, അവളുടെ നോവിന് കുറവുണ്ടോ എന്നുമെല്ലാം അറിയണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെയുള്ളിലെ അന്നത്തെ സ്നേഹത്തിന് പേടിയായിരുന്നു ഇതൊക്കെ ചോദിക്കാന്‍. അത്രയ്ക്ക് ഉല്‍ക്കടമായ നോട്ടങ്ങളായിരുന്നു ആ തടിച്ച ഫ്രെയിമുള്ള കണ്ണടയില്‍ക്കൂടി അവളുടെ കണ്ണുകള്‍ സംവേധിച്ചിരുന്നത്.





2012 ജനുവരി 31, ചൊവ്വാഴ്ച

ഗൌതമി

ഗൌതമി, ഞങ്ങളുടെ എച്ച് ആര്‍ ഓഫീസര്‍, കുലീന, എന്റെ കണ്ണില്‍ ലൈംഗികത്വമേറെയുള്ള ഒരു സ്ത്രീ. എല്ലാവരുടെയും ഗൌതമി മാഡം. എപ്പോഴും സാരിയാണ് വേഷം, തെളിച്ചമുള്ള നിറങ്ങളണിഞ്ഞ സാരികളില്‍ അവര്‍ ഒരു ദേവത കണക്കെ ചിരിക്കും. കാമഭാവമുള്ള ആ സാരിക്കടിയില്‍ അവരുടെ കൂടെ ദേഹമൊട്ടി വിയര്‍ത്തു കിടക്കാന്‍ ആഗ്രഹിക്കാത്ത ആണുങ്ങള്‍ ആരും ഞങ്ങളുടെ ഓഫീസില്‍ ഇല്ല എന്ന് തോന്നുന്നു.

ഗൌതമി മാഡത്തിന്റെ കുട്ടികള്‍ തമിഴ്‌നാട്ടിലെ തന്നെ ലവ്‌ഡേല്‍ ലോറന്‍സ്‌ സ്കൂളില്‍ പഠിക്കുന്നു. ഭര്‍ത്താവ് മിക്കവാറും ടൂറില്‍. ഇതെല്ലാം അറിയവുന്നതു കൊണ്ട് തന്നെ ഞാന്‍ അവരെ കുറിച്ച് മനസ്സില്‍ കഥകള്‍ സൃഷ്ടിക്കാറുണ്ട്. ഞങ്ങളുടെ ലോകത്തില്‍ വിഹരിക്കുകയും എന്‍റെ ദിവാസ്വപ്നങ്ങളുടെ ഒഴിവാക്കാനാവാത്ത ഭാവനാസൃഷ്ടികളില്‍ ഞാനവരെ ഉള്‍പെടുത്തുകയും ചെയ്യുന്നു.

അവരുടെ ദഹിപ്പിക്കുന്ന കണ്ണു കൊണ്ടുള്ള നോട്ടവും സംസാരങ്ങളും എന്റ മനസ്സില്‍ ആവശ്യമില്ലാത്ത വികാരവിചാരങ്ങള്‍ സൃഷ്ടിക്കുക പതിവാണ്, സവിതാഭാബി ചിത്രകഥയിലെ സവിതാഭാബിയായിരുന്നു പലപ്പോഴും എനിക്കവര്‍. ആരാധന മൂത്ത എന്തോ ഒരു വികാരം അവരോടെനിക്ക് ഉണ്ട് എന്നത് സത്യമാണ്, അതെന്റെ നോട്ടത്തിലും സംസാരത്തിലും പ്രതിഫലിക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

അവര്‍ ആരോടും അധികം സംസാരിക്കുന്ന ആളല്ല, എല്ലാവരോടും അവരുടെ ഭംഗിയുള്ള മുന്‍നിര പല്ലുകള്‍ കാണിച്ചു ചിരിക്കും, ആ ചിരിയില്‍ എല്ലാവരും ആരാധനയോടെ അവരെ നോക്കി കടന്നു പോവും. അവരെ കുറിച്ചുള്ള ചിന്തകള്‍ എന്നില്‍ എന്തൊക്കെയോ ചുടു നിശ്വാസങ്ങള്‍ നിറയ്ക്കും, എന്റെ ചുണ്ടുകള്‍ വിറക്കും, ഞാന്‍ വിയര്‍ക്കും, പറഞ്ഞറിയിക്കാനാവാത്ത തരത്തില്‍ ഞാന്‍ അവരെ പൂര്‍വ്വാര്‍ജ്ജിതമായി ആവാഹിച്ചുകൊണ്ടേ ഇരിക്കുന്നു.

ഞാന്‍ അറിയാതെ അവരുടെ ശരീരത്തില്‍ മുട്ടാറുണ്ടോ, അതോ ഞാന്‍ അറിഞ്ഞു തന്നെ അവരെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ. അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചാലുണ്ടാകുന്ന ഊര്‍ജം ഞാന്‍ രാത്രി വരെ ചൂടോടെ സൂക്ഷിക്കും. രാത്രികളില്‍ ആ ഊര്‍ജം എന്റെ മനോകല്പനകള്‍ക്ക് തീ കൊളുത്തും, ആ ചൂടില്‍ ഞാന്‍ വെന്തെരിഞ്ഞടങ്ങും. അടരാടുന്ന വികല്പങ്ങള്‍ എന്നെ മനുഷ്യനല്ലാതാക്കും. അവസാനം ലജ്ജയോടെ ഞാന്‍ തലയിണയില്‍ മുഖം പൂഴ്ത്തും. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ അവരുടെ സാരിയുടെ കസവ് പാറ്റേണുകള്‍ എന്റെ സ്വപ്നത്തിലെ ചുഴികളില്‍ വീണു കറങ്ങും. ഉണരുമ്പോള്‍ ഒരിക്കല്‍ കൂടെ മനസാക്ഷിയെ വഞ്ചിച്ച ജാള്യതയില്‍ വിടര്‍ന്ന ചിരിയില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു പുതിയ ദിവസത്തെ വരവേല്‍ക്കും.
ദിവസങ്ങള്‍ കൊഴിഞ്ഞു പോയി, ഞാനും ഗൌതമിയും ആയുള്ള എന്റെ മന്നസ്സിലെ കെമിസ്ട്രി എന്റെ മനസ്സില്‍ നിന്നും പുറത്തേക്ക് അവരെ തേടി പോവ്വുന്നുണ്ടോ എന്നുവരെ ആയി. C++ കോര്‍ സിന്റാക്സ് വേരിയബുളുകള്‍ പോലും വിയര്‍ക്കുന്ന ചൂടുള്ള ഒരു മാര്ച് മാസം, ഒരു 62 ബിറ്റ്‌ അരെ റീകാപ്ചരിംഗ് മെമ്മറി പ്രോഗ്രാം ഡിസൈന്‍ ചെയ്യുന്ന നേരം ഡെസ്കിലെ ഫോണ്‍ ശബ്ദിച്ചു. ഡിസ്പ്ലേ HR അഡ്മിന്‍ എന്ന് കാണിച്ചു, എന്റെ മനസ്സൊന്നു ചൂളി. ഇന്ന് ലോബിയില്‍ വച്ച് അവരെ ഞാന്‍ അറിഞ്ഞു കൊണ്ട് തന്നെ ഉരസി പോന്നതാണ്. ദൈവമേ. പണി പോയി.

"നന്ദന്‍, വുഡ്‌ യൂ പ്ലീസ്‌ പാസ്‌ ബൈ?" ആ മധുരമുള്ള ശബ്ദത്തിനു അല്പം കനം കൂടിയോ?

"യെസ്, വില്‍ ബി ദേര്‍ ഇന്‍ എ ഷോര്‍ട്ട് വൈല്‍" ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞോപ്പിച്ചു.

താങ്ക്സ് എന്ന് പറയുന്നതും ഫോണ്‍ വച്ചതും കേട്ട്, ഞാന്‍ മൌത്ത് പീസും താങ്ങി എന്തോ ആലോചിച്ചു നിന്ന്.

അവരുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ഗൌതമി ആരോടോ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നു, എന്നെ കണ്ടതും കസേര കാണിച്ചു ഇരിക്കാന്‍ ആഗ്യം കാണിച്ചു. ഞാന്‍ ഇരുന്നു. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കാതെ മുറിയിലുള്ള പെയിന്റിംഗുകള്‍ നോക്കിയിരുന്നു. അവര്‍ ഫോണില്‍ സംസാരിക്കുമ്പോഴും എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നുണ്ടെന്നു തോന്നി. ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ നോക്കി മന്ദഹസിച്ചു, ഒരു ക്ഷമ പറഞ്ഞു എന്നെ ഇത്തിരി നേരം ഇരുത്തിയതിനു.

"നന്ദന്‍ എവിടെ താമസിക്കുന്നു" പതിവില്ലാത്ത ചോദ്യം.

"അമിഞ്ഞിക്കര ഗാര്‍ഡന് അടുത്താ."

"ആണോ? ഞാന്‍ കില്‍പോക്ക് ബ്രിഡ്ജിന്റെ അടുത്താ, അവന്യൂ 33 ബില്‍ഡിംഗ് B യില്‍ 43B"

ബില്‍ഡിംഗ് നമ്പര്‍, അപര്‍ത്മെന്റ്റ്‌ നമ്പര്‍ വരെ പറഞ്ഞിരിക്കുന്നു. ഓ മൈ ലഡ്ഡു.

"അറിയാം, എന്റെ ഫ്രണ്ട് യദുവിന്റെ ചേച്ചി താമസിക്കുന്നത് അവിടെയാണ്."

നന്ദന്‍ അടുത്ത ശനിയാഴ്ച ഫ്രീയാണോ" മുഖത്ത് ചിരിയോടെ ചോദ്യങ്ങള്‍.

ലഡ്ഡു അഗൈന്‍! എന്റെ മനസ്സില്‍ ലഡ്ഡുവാണോ പൊട്ടിയത് അതോ വേറെ എന്തോ പൊട്ടുന്നോ. മനസ്സിന്റെ ഉള്ളിലെ കുളിരില്‍ വിരിഞ്ഞ ചിരി മറച്ചു ചോദിച്ചു. "അതെ, ഞാന്‍ ഫ്രീയാണ് എന്താ മാഡം, എന്താ കാര്യം"

"ഒന്നുമില്ല, ഞാന്‍ ശനിയാഴ്ച നന്ദനെ വിളിക്കാം, ഇപ്പൊ വിളിച്ചത് ഈ TDSന്റെ പെപ്പേഴ്സ് സൈന്‍ ചെയ്യാനാണ്, ഫില്ലപ്പ്‌ ചെയ്തു ഫിനാന്‍സില്‍ കൊടുത്താല്‍ മതി" ഫയലില്‍ നിന്ന് എന്റെ ടാക്സ്‌ പേപ്പര്‍ എടുത്തു തന്നിട്ട് പറഞ്ഞു.

പേപ്പര്‍ വാങ്ങി, നന്ദി പറഞ്ഞു ഞാന്‍ ഇറങ്ങി. ദൈവമേ. കുളിരാണോ, ദേഹമാകെ വിറയ്ക്കുന്ന പോലെ തോന്നി.

ശനിയാഴ്ച വന്നു, ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം, ഏതു ഡ്രസ്സ്‌ ധരിക്കണം, എന്ത് പറയണം എന്നൊക്കെ ആലോചിച്ചാലോചിച്ചു സമയം കളഞ്ഞു, പിന്നീടെപ്പോഴോ ഉറങ്ങി, കുളിയും ചമയലും ഒക്കെ കഴിഞ്ഞു, ഞാന്‍ ഗൌതമിയുടെ വിളിയും കാത്തിരുന്നു. സമയം പോവുന്നില്ല, പതിനൊന്നായി, ഒന്നായി, മൂന്നായി, എന്നെ ഗൌതമി പറ്റിച്ചു, എന്റെ മുഖം വാടി. ഇതുവരെ അവരോടു തോന്നിയ ആരാധനയും കാമവും എല്ലാം ആ ഒരൊറ്റ കാത്തിരുപ്പ് കൊണ്ട് ഒലിച്ചുപോയി. കട്ടിലില്‍ മുഖം പൂഴ്ത്തി കരയാതെ കരഞ്ഞു. എനിക്കെന്താ അവരോടു പ്രേമമാണോ ഇങ്ങനെ ഒക്കെ തോന്നാന്‍.. ചിന്തകള്‍ നീണ്ടു പോയി.

ഫോണ്‍ റിങ്ങുന്നതു കേട്ടാണ് ഞാന്‍ എണീറ്റത്, മൂന്നു മിസ്ഡ്‌ കാള്‍. മൂന്നും ഗൌതമി തന്നെ. സമയം നാലര, നാല് മണിക്കാ ആദ്യത്തെ കാള്‍, ലാസ്റ്റ്‌ കാള്‍ ദേ ഇപ്പോഴും.

തിരിച്ചു വിളിച്ചു,

"നന്ദന്‍ സോറി, ഒരു ഗസ്റ്റ്‌ ഉണ്ടായിരുന്നു, അവരെ പറഞ്ഞു വിടാന്‍ നേരം വൈകി, അതാ." ഗൌതമിയുടെ ശബ്ദത്തില്‍

"അതൊന്നും സാരമില്ല" എന്റെ ദേഷ്യവും, സങ്കടവും ആ ക്ഷമയില്‍ കാണാണ്ടായി

"ഇപ്പൊ വരാമോ?"

ഞാന്‍ ഇതാ ഇപ്പൊ വരാംന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു, പെട്ടെന്ന് ഫ്രഷ്‌ ആയി, ഇത് വരെ അനുഭവപ്പെടാത്ത കുളിരായിരുന്നു ആ അഞ്ചു മണിയുടെ വൈകുന്നേരത്തിന്. മേഘം മൂടിയ ആകാശം, എന്തോ ഒരു വല്ലാത്ത ഫീല്‍. എന്നെ തഴുകുന്ന കാറ്റിനും ചിലപ്പോള്‍ ഗൌതമിയെ അറിയാമായിരിക്കും അതോണ്ടാണോ ഈ കുളിര്.

കോളിംഗ് ബെല്‍ കേട്ട ഉടനെ ഗൌതമി വാതില് തുറന്നു, മുടി പറന്നു കിടക്കുന്നു, സിന്ദൂരം ഇല്ല ലിപ്സ്റ്റിക് ഇല്ലാത്ത ചുണ്ടുകള്‍ റോസ് കളറില്‍, റോസ് നൈറ്റിയില്‍ അവള്‍ എന്റെ സ്വബോധത്തെ കമഴ്ത്തിയ പോലെ. ഇങ്ങിനെ കാണുമ്പോള്‍ അവരുടെ പ്രായം പിന്നെയും കുറഞ്ഞിരിക്കുന്നു.

"നന്ദന്‍ ഇരിക്കൂ" എന്റെ ചിന്തകളെ വെട്ടിച്ച് അവള്‍ പറഞ്ഞു.

"നന്ദന് കുടിക്കാന്‍ ചായയോ കാപ്പിയോ, അതോ ജ്യൂസ്."

"ഒരു ഗ്ലാസ്‌ വെള്ളം മതി" തൊണ്ട വറ്റിയ എനിക്ക് ഒരിറ്റു വെള്ളമായിരുന്നു ആവശ്യം.

ചിരിച്ചു കൊണ്ട് അവള്‍ വെള്ളം എടുക്കാന്‍ പോയി.

കുലീനമായ വീട്, നിറയെ ആന്റിക്കുകള്‍ കൊണ്ട് നിറച്ച ആ റൂമിലെ പിങ്ക് കര്‍ട്ടനുകള്‍ അവിടെ തങ്ങി നിന്ന നിശബ്ദതെയെ ഭേദിച്ചു എന്തൊക്കെയോ പറയാനുള്ളത് പോലെ തോന്നി.

വെള്ളം കുടിച്ചുകൊണ്ട് ഞാന്‍ അവരുടെ മുഖത്തേക്ക് ധൈര്യത്തില്‍ നോക്കി. ഓഫീസില്‍ തെളിഞ്ഞിരിക്കുന്ന ആ മുഖമല്ല ഇത്. എന്തോ ഒരു നിരാശ പോലെ.

എന്റെ വീട്ടിലെ കാര്യങ്ങളും, ഇവിടുത്തെ താമസത്തെക്കുറിച്ചും ഓഫീസിലെ തമാശകളും ഒക്കെ ഞങ്ങള്‍ പറഞ്ഞിരുന്നു.

പിന്നെ രണ്ടു പേരും മൌനത്തിനു ഇടം കൊടുത്തു. ആ മൌനത്തില്‍ ഞാന്‍ എന്റെ സ്വപ്നങ്ങളെ അഴിച്ച് അലയാന്‍ വിട്ടു, അതിന്റെ പ്രതിഫലം കൊണ്ടോ എന്തോ ഗൌതമി എന്നോട് ചോദിച്ചു.

"ഞാന്‍ എന്തിനാ നന്ദനെ വിളിച്ചത് എന്നറിയുമോ?"

"ഇല്ല" മുഖം താഴ്ത്തി ഞാന്‍ ഉത്തരം പറഞ്ഞു.

"ഒരു കുളത്തിലെ ഒരു മീനിനെ പിടിക്കാന്‍ കുറെ ചൂണ്ടകള്‍, ആ ചൂണ്ടാകളെ പേടിച്ചു നടക്കുന്ന സ്ഥിതിയാ എനിക്ക്"

"എനിക്കൊന്നും മനസ്സിലായില്ല. മീനും ചൂണ്ടയും."

"നന്ദാ നീയെനിക്ക് മീശ വെച്ച ഒരു കുട്ടിയെ പോലെയാണ്, ഒരു അനിയനെ പോലെ, പക്ഷെ"

എന്‍റെ മുഖം താഴ്ന്നു. ഇനി എനിക്ക് കേള്‍ക്കണ്ട, എത്രയും പെട്ടെന്ന് ഇവിടുന്നു പോയാ മതി എന്നായി.

"പക്ഷെ എന്‍റെ ആ കുളത്തിലെ ചൂണ്ടകളില്‍ നിന്റെ ചൂണ്ടയില്‍ കൊത്താനാണ് എനിക്കിഷ്ടം, നിന്റെ ചെറിയ കണ്ണുകളും പുരികങ്ങളും, നെഞ്ചിലെ പൌരുഷവും ചുണ്ടുകളും, പിന്നെ എനിക്ക് തോന്നുന്ന നിനക്ക് എന്നോടുള്ള താല്പര്യങ്ങളും, എന്തോ എപ്പോഴും എനിക്ക് നിന്നെ ഇഷ്ടമായിരുന്നു, ആ ഇഷ്ടങ്ങള്‍ എങ്ങനെ പറയണം എങ്ങനെ കാണിക്കണം എന്നെനിക്കറിയില്ല."

എന്ത് പറയണം എന്നറിയാതെ ഞാന്‍. എനിക്കിപ്പോ അവരോടു എന്തോ ബഹുമാനം തോന്നുന്നു. കാമത്തിനേക്കാളും കൂടതലായി ഞാനവരെ പ്രണയിക്കുന്നു എന്നതാണോ സത്യം. ഈ സംസാരങ്ങളും ചേഷ്ടകളും വേറെ ഒരു തലത്തിലെക്കാണ് എന്നെ കൊണ്ടെത്തിക്കുന്നത്. ഞാന്‍ ഓഫീസില്‍ കാണുന്ന ആ സ്ത്രീ അല്ല ഇവര്‍. എന്റെ ചിന്തകളെ അട്ടിമറിച്ചു സ്വാധീനിക്കാന്‍ മാത്രം ഇവര്‍ ഇപ്പോഴെന്താണ് പറഞ്ഞത്. എനിക്കറിയില്ല. എനിക്കൊന്നും അറിയില്ല. ഒരു വിഡ്ഢിയാണ് ഞാന്‍.

മൂകമായ ആ അന്തരീക്ഷത്തിനെ കൊന്നു കൊണ്ട് ലാന്‍ഡ്‌ ഫോണ്‍ ശബ്ദിച്ചു. ഗൌതമി എണീച്ചു ഫോണില്‍ ആരോടോ സംസാരിച്ചു. ഉണ്ടാക്കിയ ചിരികള്‍ ചിരിക്കുമ്പോള്‍ അവള്‍ എന്നെ നോക്കി. അവളുടെ ഭര്‍ത്താവാകണം. ഫോണ്‍ വച്ച് അവളെന്റെ അടുത്തു വന്നിരുന്നു. എന്റെ ഷര്‍ട്ടിന്റെ ഫസ്റ്റ് ബട്ടന്‍ ഇട്ടു തന്നു പറഞ്ഞു.

"നന്ദനെ എനിക്കിഷ്ടമാണ്, നന്ദന്റെ വികൃതികളും. പക്ഷെ നന്ദന്‍ ആഗ്രഹിക്കുന്നത് എല്ലാം തരാന്‍ എനിക്കാവില്ല, ഞാന്‍ ഒരു ഭാര്യയാണ്, രണ്ടു കുട്ടികളുടെ അമ്മയും. എനിക്ക് നിനക്കായി തരാന്‍ ഒന്നും ഇല്ല. എന്നോട് നന്ദന്‍ ക്ഷമിക്കണം."

ഞാന്‍ കരഞ്ഞു പോകുമോ എന്നായി, എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു, എന്റെ കണ്ണില്‍ നിന്ന് ഇറ്റുവീണ കണ്ണീര്‍ തുടച്ചു തന്നു അവള്‍ പറഞ്ഞു.

"നന്ദന്‍ ഇനിയിവിടെ നിന്നാല്‍ നമ്മള്‍ പരസ്പരം മറന്നു പോകും. നന്ദന്‍ ഇപ്പൊ പോണം"

കവിളുകള്‍ പൊക്കി ഒരു ചിരി ഉണ്ടാക്കി ഞാന്‍ എണീറ്റു നടന്നു, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു ഗൌതമിയെ നോക്കി. അവള്‍ വാതില്‍പ്പടിയില്‍ എന്നെ നോക്കി നിന്നു. എല്ലാം നഷ്ടപെട്ട പോലെ തോന്നി. ആറരയുടെ കാറ്റിന് അത്ര കുളിരില്ലയിരുന്നു. എന്തോ.


2012 ജനുവരി 4, ബുധനാഴ്‌ച

പ്രതീക്ഷ: മരണം


കൃഷ്ണപ്രിയ നന്ദന് എഴുതിയ അവസാനത്തെ കത്ത്.

നന്ദന്,

ഒരെഴുത്തില്‍ നിന്നെ തളച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാലും ഈ തോറ്റു പേടിച്ചോടുന്നവളുടെ അവസാനത്തെ എഴുത്താണിത്.

നന്ദാ ഞാന്‍ ഈ തോല്‍വികള്‍ ഇരന്നു വാങ്ങുകയാണ്. അതിലൂടെ നീ ജയിക്കുന്നു എന്നത് എന്നില്‍ കൂടതല്‍ സന്തോഷം ഉളവാക്കുന്നു. മരണത്തോടുള്ള എന്റെ അമിതാവേശം മാത്രമാണ് ഇപ്പോള്‍ നിന്നെ എന്നില്‍ അകറ്റുന്നത് എന്ന് പറയുമ്പോള്...

അറിയില്ല! എനിക്ക് മരണം നഷ്ടപെടലുകളുടെ വേദനകളെ വിഴുങ്ങാനിരിക്കുന്ന ഒരു ഇരുണ്ട സ്വപ്നമാണ്. ഒരു രാത്രിയിലെ ഉറക്കത്തിനിടയില്‍ ആ സ്വപ്നം എന്നെ പരിരംഭിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു. ഒഴിഞ്ഞ ചുടലപ്പറമ്പുകള്‍ എന്റെ സ്വപ്നങ്ങളെ പറിച്ചു നടാന്‍ ഉതകുന്ന വിളനിലങ്ങള്‍ തന്നെയാണ്.

നന്ദന്‍ കൊച്ചു കുട്ടികളെ പോലെയാണ്, എല്ലാം ഒരാവേശത്തോടെ തുടങ്ങിവെക്കുന്നു, പാതിയില്‍ തളര്‍ന്ന്‍ ഒന്നും മുഴുമിക്കനാവാതെ നിസ്സംഗതയോടെ നിഷ്കളങ്കതയോടെ നോക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് ഇപ്പോഴും നന്ദന്. നമ്മള്‍, ഞാന്‍ ആരും ആരെയും പഴി ചാരുന്നില്ല, ഞാന്‍ വെളിച്ചം കാണാത്ത, സ്വപ്നം കാണാനറിയാത്ത, ഗര്‍ഭത്തിലേ അലസിപ്പോയ നന്ദന്റെ ഒരു നേരെമ്പോക്കായി മാത്രം എന്നെ കണ്ടാ മതി.

നന്ദാ ഇനി ഞാനറിയാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നെങ്കില്‍ അതെന്‍റെ ശരീരമില്ലാത്ത ആത്മാവായിരിക്കും. പുലരുവോളം ഇരുട്ടില്‍ മറഞ്ഞു നിന്ന് ഞാന്‍ നിന്നെ കണ്ടോളാം. അയ്യോ!.. ഈ ശരീരമില്ലാത്തവള്‍ എന്തിനു ഇരുട്ടില്‍ മറഞ്ഞുനില്‍ക്കണം.

എന്നെ അന്വേഷിക്കരുത്, ആരെങ്കിലും എന്നെ അന്വേഷിച്ചു എന്ന് കേട്ടാല്‍ അത് നീയായിരിക്കും എന്നു ഞാന്‍ വെറുതെ ആശിക്കും. അത് കൊണ്ട് വേണ്ട. ജീവിതം എങ്ങിനെ അവസാനിപ്പിക്കണം എന്നറിയാത്ത ഞാന്‍ ഈ എഴുത്ത് എങ്ങിനെ അവസാനിപ്പിക്കും?

ഒരുപാട് സ്നേഹിച്ചിരുന്ന നന്ദന്റെ പ്രിയ!


2012 ജനുവരി 2, തിങ്കളാഴ്‌ച

എന്റെ പുതുവര്ഷം


പ്രണയം ചില്ല് ജാലകങ്ങളില്‍
വന്നന്നെ ഒളിഞ്ഞു നോക്കി.
എന്റെ കിടക്ക വിരിപ്പുകളില്‍ ഒട്ടിയ
രേതകണങ്ങളെ കണ്ടു പ്രണയം നാണിച്ചു
കാമം വലവിരിച്ച ഇരുട്ടിന്റെ
നിശബ്ദതയില്‍ പ്രണയം മിണ്ടാതെ കിടന്നു
അവളുടെ നാണത്തിന്റെ ചിലങ്കപൊട്ടി
സീല്‍ക്കാരങ്ങള്‍ ഉയര്‍ന്നു.
വര്‍ഷങ്ങള്‍ മാറി കിടന്നു
അവളെന്റെ മാറില്‍ ഒട്ടി കിടന്നു.
കാമം രാത്രിയില്‍ ഇതള്‍ കൂമ്പിയുറങ്ങി.
രാവിലെ പ്രണയമുണര്‍ന്നു ബെഡ്കോഫി തന്നു.


2011 ഡിസംബർ 28, ബുധനാഴ്‌ച

സ്വാര്‍ത്ഥനിഷ്‌ഠത!

When a dream sleeps with me, those dreams get raped!
When I sleep with dreams, I get raped!
What a chaos?


stop loving me.

when people love me, my heart start bleeding, because i cant stop loving them..


നിങ്ങളിലൂടെ വിപ്ലവം പടരട്ടെ..

ഞാനും നീയുമാണ് നമ്മള്‍..
നമ്മള്‍ എന്നാല്‍ എല്ലാവരും....
എല്ലാവരും എന്ന് പറഞ്ഞാല്‍ ഒരു ജനതയാണ്...
ഒരു ജനതയാണ് ഒരു രാജ്യം, നിങ്ങള്ക്ക് നിങ്ങളുടെ രാജ്യത്തെ സ്നേഹിക്കാം, ആ രാജ്യത്തെ സര്‍ക്കാരിനെ സ്നേഹിക്കാതെ തന്നെ...

ഉണരൂ.. 

നിങ്ങളിലൂടെ വിപ്ലവം പടരട്ടെ.. 

മുല്ലപെരിയാര്‍ പുനര്‍നിര്‍മ്മിക്കേണ്ടത് ഒരു ജനതയുടെ ആവിശ്യകതയാണ്.. രാജ്യത്തിന്റെയും...


കളവുകള്‍

ഒരു ചെറിയ കളവു പറഞ്ഞതിന്റെ ഇഫക്റ്റ്‌ നിലനിര്‍ത്താന്‍ അനേകം കളവുകള്‍ പറയാനും ആ കളവുകളില്‍ സ്വയം മറക്കാനും വേണ്ടി ജീവിക്കുന്ന മനുഷ്യരാണ് നമ്മള്‍. ആരെ കുറ്റം പറയണം? കളവു പറയുന്ന നമ്മളെയോ, അതിനു പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെയോ ?


ഒരു എക്സ്റേ കഥ!

പെട്ടെന്നായിരുന്നു ആ വീഴ്ച, എല്ലാരും കളി നിര്‍ത്തി, എന്റെ കാലിനു നീര് വന്നു തുടങ്ങി, വിപിനും, സജീവും കൂടെ എന്നെ താങ്ങി എടുത്തു വരമ്പത്ത് വച്ചു. എന്നുമുള്ളതാ ഈ ഫുട്ബാള്‍ കളി. കോളേജ് കഴിഞ്ഞു വന്നാ വൈകുന്നേരം അടുക്കളെന്നു ഒരു കട്ടനും ഊറ്റി ഓടും പാടത്തേക്ക്. അവിടെ എല്ലാരും ഉണ്ടാവും, രണ്ടു ടീം തിരിച്ചു കളി തുടങ്ങുകയായി. വാശിയേറിയ മത്സരങ്ങള്‍. 
കളി കഴിഞ്ഞാ ബനിയനും ഊരി പിന്നിലേക്ക്‌ കയ്യും വച്ച് എല്ലാരും നിരന്നിരിക്കും. വിയര്‍പ്പ് ഒണങ്ങി വീട്ടി പോവും. അതാ പതിവ്.

പക്ഷെ ഇന്ന്, ബാളിനു അടിച്ചത് സജീവിന്റെ കാലില്‍ തട്ടി, ഞാന്‍ വീണു. ഇപ്പൊ ദെ മുഴച്ചു വരുന്നു. സജീവ്‌ സ്കൂളില്‍ എന്റെ കൂടെ പഠിച്ചിരുന്നു. വീട്ടിലെ സ്ഥിതി കാരണം എട്ടില്‍ പഠിത്തം നിര്‍ത്തി. ഇപ്പൊ ലോറിയില്‍ ക്ലീനര്‍ ആയി ജോലി ചെയ്യുന്നു. അവനു ലോറിയും ടയര് മാറ്റലും വണ്ടി കഴുകലും ഒക്കെ അറിയൂ. അത്ര ലോകപരിചയം ഒന്നും ഇല്ല. നന്നായി ഫുട്ബോള്‍ കളിക്കും.

സംഭവത്തിലേക്ക് വരാം.
എന്റെ കാലു നീര് വന്നു നല്ലോണം തടിചിരിക്കുന്നു. എനിക്ക് എണീക്കാന്‍ കൂടെ വയ്യ. ആരോ പോയി ഒരു ഓട്ടോ വിളിച്ചു വന്നു. എന്നെ താങ്ങി ഓട്ടോയില്‍ കയറ്റി. സജീവിന്റെയും , വിപിന്റെയും മടിയില്‍ കിടത്തി. നേരെ ആസ്പത്രി. ആസ്പത്രിയില്‍ എത്തി, എന്റെ കാലിന്റെ ശിഥി കണ്ട ഉടനെ ഡോക്ടര്‍ പറഞ്ഞു ഒരു പേപ്പറില്‍ കുറിച്ചിട്ടു എന്നോട് പറഞ്ഞു "പോയി എക്സ്റേ എടുത്തു വരൂ." എല്ല് ഒടിഞ്ഞു കാണും വീട്ടില്‍ എന്ത് പറയും എന്നോക്കെയോര്‍ത്തു വേദനയോടെ ഞാന്‍ സജീവിനെ നോക്കി. സജീവ് എന്നെ സങ്കടത്തോടെ നോക്കി. എന്നിട്ട് ഡോക്ടറോട് പറഞ്ഞു "സാര്‍ ഇവന്‍ ഇവിടെ കിടക്കട്ടെ, ഇവന് നടക്കാന്‍ വയ്യ, ഇത് ഞാന്‍ എടുത്തോണ്ട് വരാം"

ഡോക്ടര്‍ അത് കേട്ട് ഒന്ന് അമാന്തിച്ചു, പിന്നെ ചിരിയോടു ചിരി. അറ്റന്‍ഡര്‍മാരും നഴ്സികളും ചിരിച്ചു വള്ളി പൊട്ടി നിക്കുന്നു. ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും പിന്നെ വേദന കടിച്ചമര്‍ത്തി
ഞാനും ചിരിച്ചു. സജീവ്‌ മാത്രം എന്തോ അമളി പറ്റിയ പോലെ നിന്ന്.


"സ്റ്റേഷന്‍ വരെ പോണം."

എറണാംകുളത്തു ജോലി ചെയ്യുമ്പോ ഒരത്യാവശ്യത്തിനു വീട്ടിപ്പോവേണ്ടി വന്നു. ഇടപ്പള്ളിയിലായിരുന്നു താമസം, പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്നും ഇറങ്ങി ട്രെയിന്‍ പിടിക്കാനായിരുന്നു പരിപാടി.

രാവിലെ മൂന്നു മണി, കവല വിജനം, ടൌണ്‍ ബസ്സോക്കെ വരണമെങ്കില്‍ സമയം കുറെയാവും, കുറച്ചു ദൂരം നടന്നു ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്ന്, എല്ലാരും പിന്‍ സീറ്റില്‍ മയങ്ങുന്നു, ഒരാളെ തട്ടി വിളിച്ചു ഞാന്‍ പറഞ്ഞു "സ്റ്റേഷന്‍ വരെ പോണം." അയാള്‍ ധിടിന്നു എഴുന്നേറ്റു മുന്‍ സീറ്റില്‍ ചാടിക്കയറി ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ അത്ഭുതപെട്ടു, ഞാന്‍ കരുതിയത്‌ ഇയാളെ കയ്യും കാലും പിടിചാലേ ഇയാള് വരൂന്നാ. എന്തായാലും രക്ഷപെട്ടു ഞാന്‍ കരുതി.

ഓട്ടോയില്‍ അര മണിക്കൂറോളം ഇരിക്കണം. ഓട്ടോയുടെയും റോഡിന്‍റെയും ഇളക്കവും രാവിലെത്തെ തണുത്ത സുഖമുള്ള കാറ്റും തട്ടി അറിയാതെ ഞാനൊന്നു മയങ്ങി. ഓട്ടോഡ്രൈവര്‍ തട്ടി വിളിച്ചു, സാര്‍ സ്റ്റേഷന്‍ എത്തി, ഞാന്‍ പരിസര ബോധമില്ലാതെ പടെന്നിറങ്ങി, കൊടുത്ത കാശും വാങ്ങി ഒന്നും പറയാതെ അയാള്‍ വിട്ടു.

ബാഗും തോളിലിട്ടു ഒന്ന് ഞെളിഞ്ഞു ചുറ്റും നോക്കി. എന്‍റെ ശ്വാസം പോയി. ദൈവമേ ഞാനിത് എവിടെയാ. ട്രെയിന്‍ കണ്ടില്ല, സ്റ്റേഷന്‍ മാസ്റ്ററേയും കണ്ടില്ല. ഉറക്കം തൂങ്ങുന്ന പാറാവുകാരന്‍ അതാ‍. സ്റ്റേഷനില്‍ തന്നയാ എത്തിയത്.. റെയില്‍വേ സ്റ്റേഷന്‍ അല്ല.. പോലീസ് സ്റ്റേഷന്‍. പിന്നെ അവിടുന്ന് ഇറങ്ങാന്‍ പെട്ട പാട് ദൈവത്തിനെ അറിയൂ..


2011 ഡിസംബർ 26, തിങ്കളാഴ്‌ച

പകല്‍ നിലാവ് ഉച്ചിയില്‍ വീണ യാമങ്ങള്‍


പകല്‍ നിലാവ് ഉച്ചിയില്‍ വീണ യാമങ്ങള്‍.. ലഹരി മുങ്ങിയ ധമനികള്‍..

നാല് പെഗ്ഗിന്റെ വീര്യവും ഉച്ചയുറക്കത്തിന്റെ ആലസ്യവും തമ്മിലുള്ള വഴക്കിന്റെയിടയില്‍ ഞാന്‍ അങ്ങിനെ സോഡാ തീര്‍ന്നതിന്റെ ദുഖം മുഖത്ത് പ്രതിഫലിപ്പിച്ചു ഇരുന്നു. ഒറ്റക്കുള്ള ഞായറാഴ്ചകളുടെ പതിവ് രംഗങ്ങള്‍ മുറക്ക് നടക്കുന്നു. സോഡാ തീര്‍ന്നു അടുത്ത പെഗ്ഗിനു പച്ചവെള്ളം തന്നെ ശരണം. ഫ്രിഡ്ജില്‍ ജ്യൂസും ഇല്ല വേറെ മിക്സിക്കബള്‍ ഐറ്റംസ് ഒന്നും ഇല്ല, ഇതോടെ ഇന്നത്തെ ഈ കലാപരിപാടി അങ്ങ് നിര്‍ത്തിയാലോന്നു ആലോചിച്ചു.

കണ്ണടഞ്ഞോ? ഇല്ലയോ. അതാ കാളിംഗ് ബെല്‍!

എന്നെ നടുക്കി കളഞ്ഞു ദൈവമേ ലാസ്റ്റ്‌ പെഗ്ഗിന്റെ വീര്യം പോയിക്കാണുമോ? അടിച്ചതൊക്കെ വെറുതെയാവുമോ?

ആരാവും എന്റെയീ സുഖമുള്ള ഏകാന്തതയെ മുക്കിക്കൊല്ലാന്‍, ഈ നേരത്ത്. റോഷനും യദുവും  നാട്ടില്‍ പോയല്ലോ.. പിന്നാരാ...

വ്യൂ ഫൈന്‍ന്ററിലൂടെ കണ്ണിറുക്കി ഒളിഞ്ഞു നോക്കി.

"ശ്യാമ"

അവള്‍ വിയര്‍പ്പ് തുടക്കുന്നു.. വെയിലത്ത് സ്കൂട്ടി ഓടിച്ചു വന്നതിറെയാവും.

"ശ്യാമേ ഇതാ വരുന്നു. ഒരു മിനിറ്റ്‌"

ഞാന്‍ റൂമിലേക്ക്‌ ഓടി നല്ല ഒരു ടീഷര്‍ട്ടും ഇട്ടു ചെന്ന് വാതില്‍ തുറന്നു. അവളകത്ത് കയറി, ഞാനെന്തോ ചോദിയ്ക്കാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ ഓടി ബാത്ത്റൂമില്‍ കയറി. കിട്ടിയ സമയത്ത് ഞാന്‍ ഗ്ലാസും പത്രങ്ങളും എടുത്തു വെക്കാന്‍ അടുക്കളയിലേക്കും.

ശ്യാമ, എന്റെ ഓഫീസിലെ ഏക പെണ്‍ സുഹൃത്ത്, എന്റെ കുടുംബ സുഹൃത്ത് എന്നു വേണമെങ്കില്‍ പറയാം, ഇറുകിയ ജീന്‍സും ഇറുകിയ ബനിയനും ഒക്കെ ഇട്ടു നടക്കുമെന്കിലും, പഞ്ച പാവം, സ്ത്രീപുരുഷ ഭേദമന്യേ സംസാരിക്കും, സ്വന്തം അഭിപ്രായമുണ്ട് എപ്പഴും. മിടുക്കി, മറ്റു പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായവള്‍.

പാത്രം കഴുകുമ്പോള്‍ ഉണ്ടാകുന്ന അടുക്കള സംഗീതത്തിന് താളം തെറ്റിച്ചു അവള് അടുക്കളയിലേക്കു വന്നു.

"ഹി ഹി  ഇവിടായിരുന്നോ?"

"ങ്ങും" ഞാനൊന്നു മൂളി.

"എന്താ ഈ നേരത്ത്, എന്ത് തോന്നി ഈ വഴികൊക്കെ ഇറങ്ങാന്‍, സാധാരണ ഞായറാഴ്ച നിന്റെ മുഖം ഈ പരിസരത്തൊന്നും കാണാറേയില്ലല്ലോ?

അവള്‍ക് വ്യക്തമായ മറുപടിയൊന്നുമില്ല.

"രുഗ്മയുടെ റൂമിന്നു വരുന്ന വഴിയാ. നല്ല മൂത്ര ശങ്ക. വീട്ടീ  പോവുന്ന വഴിയായത് കൊണ്ട് അത് തീര്‍ത്ത്‌ പോവാം ന്നു കരുതി. നിനക്ക് ബുദ്ധിമുട്ടായോ?"


"ഏയ്‌ "ഞാന്‍ ഒന്ന് മനഹിസിച്ചു.

"പിന്നെ നീ ഒറ്റക്കല്ലേ.. ഒരു കമ്പനി തരാന്ന് കരുതി"

"ദേവാ നീ ആദ്യം എനിക്ക് കുറച്ചു വെള്ളം താ..."

ഞാന്‍ ഫ്രിഡ്ജീന്നു ഒരു കുപ്പി വെള്ളം എടുത്തു കൊടുത്തു.

"ഗ്ലാസ്‌ പിന്നെ ജയലളിത വന്നു എടുത്തു തരുമോ."

ഞാന്‍ ഒരു ഗ്ലാസും എടുത്തു കൊടുത്തു...

"നീയിരി ഞാനിപ്പോ വരാം" ന്നു  പറഞ്ഞു

പാത്രങ്ങളോക്കെ കഴുകിയും വച്ച് കയ്യും മുഖോം കഴുകി വന്നപ്പോഴേക്കും ദെ ശ്യാമ 8pm ഒഴിച്ച് കഴിക്കുന്നു.

"ദൈവമേ.. ഇതെപ്പോ തുടങ്ങി? "
എന്റെ ചോദ്യം കേട്ടിട്ടും ഒരു കൂസലുമില്ലാതെ അവള്‍ കയ്യിലെ വിസ്കി മൊത്തി.

"ഇപ്പ തുടങ്ങി... "

"തൊട്ടു നക്കാന്‍ അച്ചാര്‍ എടുക്കട്ടെ?" ഞാന്‍ ചോദിച്ചു.

"വേണന്നില്ല... അല്ലെങ്കി വേണ്ട .. എടുത്തോ.. നിനക്കും കൂടെ ഒരു ഗ്ലാസും എടുക്ക്. "

ഓ...

ഞാന്‍ ഒരു ഗ്ലാസ്സും അച്ചാറുമായി വന്നു.

ഭവതി ഇത്രത്തോളം പുരോഗമിച്ചതായി ഞാന്‍ അറിഞ്ഞിരുന്നില്ല...

ഗ്ലാസ്സിലെ ബാക്കി വിസ്കി ഒറ്റയടിക്ക് വിഴുങ്ങി അവള്‍ എന്നെ രൂക്ഷമായി നോക്കി.


ഞാന്‍ ഉരുകി പോവാതെ. അവളെ നോക്കിയിരുന്നു.

"ഇനി നീ എന്തൊക്കെ കാണാനിരിക്കുന്നു" അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.

ദൈവമേ അവളിപ്പോ തുടങ്ങും, സ്ത്രൈണതയുടെ ഭാവങ്ങള്‍, അരുന്ധതി റോയുടെ വിഷമങ്ങള്‍, മാവോയിസത്തിലേക്ക് എത്തിപ്പെടെണ്ടി വന്ന അവരെ ശക്തമായി ന്യായീകരിക്കാന്‍ പോന്ന വാദങ്ങള്‍, ചമേലിയിലെ കരീന കപൂര്‍, കത്രീനയുടെ പുതിയ ഫാഷന്‍, അവളുടെ സ്കൂട്ടി സാഹസങ്ങള്‍. അങ്ങിനെ കുറെ.

"ശ്യാമ  ബിയര്‍ കഴിക്കും ന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇത് ആദ്യമായിട്ടാ."

അവള് രണ്ടാമത്തെ ഒഴിച്ചു, എന്ത് കൃത്യമായ അളവുകള്‍.  ഞാന്‍ അത്ഭുതത്തോടെ നോക്കി.

"ഇതൊക്കെ എങ്ങിനെ പഠിച്ചു. ഇത്ര കൃത്യമായ സത്യസന്ധമായ മിക്സിംഗ് "

അവളൊന്നും മിണ്ടിയില്ല, ഗ്ലാസ്സിന്റെ വക്ക് അവളെ കോട്ടന്‍ ഷാള്‍ കൊണ്ട് തുടച്ചു.

"എന്തിനാ കാപിലാരി അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നെ?" കാപിലാരി എന്റെ ഊര്‍മിള എന്നെ സ്നേഹം കൂടുമ്പോ വിളിക്കുന്ന പേരാണ്. അത് എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ അറിയുന്ന എന്റെ പേരാണ്.

ഹും.. മോള് കഴിക്കു.. ഞാന്‍ ടീ വി ഓണ്‍ ചെയ്തു.

ഒറ്റ വലിക്ക് അവളതും തീര്‍ത്തു‌, അണ്ണാക്ക് ഉള്ളിലേക്ക് വലിച്ചു, കവിളും ചുളിച്ചു.


"ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ എന്തിനാ ഇത് വലിച്ചു കേറ്റുന്നത്?"

അതിനും ഉത്തരമില്ല.

ഒരു ഉണ്ടാക്കിയ ചിരി മാത്രം.

സമയം നീങ്ങി, കിരണ്‍ ടീവിയില്‍ പാട്ടുകള്‍ മാറി മാറി വന്നു.

അവളുടെ കണ്ണുകളില്‍ തളര്‍ച്ച, ലഹരി തിങ്ങിയ മുഖം വീര്‍ത്തു നിന്നു..

അപ്രതീക്ഷിതമായി അവളെന്റെ അടുത്തു വന്നിരുന്നു. എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. അനക്കമില്ലാതെ ഞാന്‍ വെള്ളരിപ്പ്രാവിലെ പാട്ട് കണ്ടു. ഇടയ്ക്കു ഞാനവളെ നോക്കിയപ്പോള്‍ അവളെന്നെ നോക്കി ഇരിപ്പാണ്. കണ്ണ് നിറഞ്ഞ പോലെ, സൂക്ഷിച്ചു നോക്കാന്‍ എന്റെ മാനോധൈര്യം സമ്മതിച്ചില്ല, റിമോട്ട് ടീ പോയില്‍ വച്ച് ഞാന്‍ ഒന്നു കൂടെ ഒതുങ്ങി ഇരുന്നു. ഞാന്‍ അവളോട്‌ ചോദിച്ചു.

"എന്താ ശ്യാമേ? നിനക്കൊരു വിഷമം, എന്തേലും ഉണ്ടേല്‍ പറ"

"ഒന്നൂല്യാ.." അവളൊന്നു ചിരിക്കുന്ന പോലെ കാണിച്ചു.

പിന്നെ മൌനങ്ങളുടെ ചില്ല് പൊട്ടിച്ചു അവള് പെട്ടെന്ന് ചോദിച്ചു. "നീയെന്താ എപ്പഴും എന്നെ അവോയ്ഡ് ചെയ്യുന്നേ?"


ഞാന്‍ പിന്നെയും മനസ്സില്‍ ഈശ്വരന്മാരെ വിളിച്ചു..

"ഞാന്‍ എന്ത് അവോയ്ഡ് ചെയ്തെന്നാ... നിന്നെ ഞാന്‍ എന്തിനു അവോയ്ഡ് ചെയ്യണം". മറുചോദ്യം അവള്‍ക്കു രസിച്ചില്ലാന്നു തോന്നി.


"എനിക്കറിയില്ല, എനിക്കങ്ങിനെ തോന്നുന്നു.." ശ്യാമ വാചാലയാവുന്നു.

"ഞാനിപ്പോ വന്നത് ഊര്‍മിള ഇല്ലാന്ന് അറിഞ്ഞിട്ടു തന്നയാ. കഴിഞ്ഞ വെള്ളിയാഴ്ച  ഊര്‍മിളയെ വിളിച്ചപ്പോ അവള് പറഞ്ഞിരുന്നു നാട്ടീപോവുന്ന കാര്യം."

ശ്യാമ എന്റെ ഇടത്തേ കയ്യില്‍ അവളുടെ കൈ കൊണ്ടു വെച്ചു.

ഞാനൊന്നു വിറച്ചു.

എന്റെ വിരലുകല്‍ക്കിടയിലേക്ക് അവള്‍ വിരലുകള്‍ ഇറക്കി. ബലമായി ഇറുക്കി.
എന്ത് ചെയ്യണം  എന്നറിയാതെ ഞാന്‍ പരുങ്ങി.

"നിന്നെയും ഊര്‍മിളയെയും മോനെയും ഒരുമിച്ചു കാണുമ്പോ ഞാന്‍ ഊര്‍മിളയെ അസൂയയോടെ നോക്കാറുണ്ട്."

ഞാന്‍ കേള്‍വിക്കാരനാവാന്‍ തീരുമാനിച്ചു.

എന്റെ മുഖത്ത് നോക്കാതെ അവള്‍ തുടര്‍ന്നു.

"നിന്റെ കഥകള്‍ വായിക്കുമ്പോ, നിന്റെ കവിതകള്‍ വായിക്കുമ്പോ നിന്റെ ബ്ലോഗുകള്‍ വായിക്കുമ്പോ, നിന്റെ തര്‍ക്കങ്ങള്‍ കേള്‍ക്കുമ്പോ ഉള്ളില് മുഴുവന്‍ നിന്നോട് കാമമാണോ, സ്നേഹ്മാണോ, ആരാധനയാണോ എന്നറിയാതെ ഞാന്‍ ഉള്‍വലിയും .


എന്റെ രാത്രികള്‍ ഇഴപിരിഞ്ഞ സ്വപ്നങ്ങള്‍ക്ക് വഴിമാറുമ്പോ സ്വപ്നങ്ങളില്‍ കൂട്ടിനു വരുന്ന അപരിചിത മുഖങ്ങങ്ങില്‍ നിന്നെ മാത്രമായി ഞാന്‍ ഓര്‍ത്തെടുക്കും. അതെന്തിനെന്നറിയില്ല. നിന്നെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു രസം.

പക്ഷെ ഒരു ഭര്‍ത്താവായ നിന്നെ കുറിച്ചോര്‍ക്കുമ്പോ, നീ ഊര്‍മിളയുടെ ഭര്‍ത്താവായ ദേവനാണെന്ന്‍ ആലോചിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ വെറുക്കും. എന്താ അത്."

ശ്യാമേ ന്നു വിളിക്കുമ്പോഴേക്കും അവളെന്റെ നെഞ്ചിലേക്ക് വീണു. അവള്‍ കരയുന്നുണ്ടായിരുന്നു, കരയുന്നത് ഞാന്‍ കാണാതിരിക്കാനാണോ?

എന്റെ നെഞ്ചില്‍ കണ്ണീരിന്റെ നനവ് പടരുന്നു. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ വിയര്‍ക്കുന്നു.


"എത്ര തവണ ഞാന്‍ ഈ ചന്തിയും മുലകളും നിന്നെ ഉരസി പോയിട്ടുണ്ട്, നീയൊന്നു തൊടാന്‍ വേണ്ടി മാത്രം ഞാന്‍ എത്ര തവണ അടുത്തു നിന്നിട്ടുണ്ട്. എന്നിട്ടും നീ എന്നെ കാണുന്നേ ഇല്ലല്ലോ, ഓഫീസിലെ ഇടനാഴികളില്‍ നിന്റെ അടുത്തു വരുമ്പോ നിന്റെ ഗന്ധം എന്റെ മൂക്കില്‍ കയറുമ്പോ ഞാന്‍ നിന്നെ അറിയാതെ സ്നേഹിച്ചു പോവുന്നു"

അവള്‍ എങ്ങലടിച്ചു കരയാന്‍ തുടങ്ങി. ആശ്വസിപ്പിക്കണോ അതോ അവളെ തള്ളി മാറ്റണോ എന്നറിയാതെ ഞാന്‍..

"എന്നെ എന്തിനാ ഇങ്ങിനെ അവോയ്ഡ് ചെയ്യണേ?. എന്നെ ഇഷ്ടമല്ലേ. എന്നോട് സ്നേഹമില്ലേ, ഇത്തിരി കാമമെങ്കിലും തോന്നുന്നില്ലേ?"

"എന്താ ഞാനിങ്ങനെ ദേവാ."

എനിക്കൊന്നും പറയാന്‍ തോന്നിയില്ലാ..

അവളെന്റെ മടിയിലേക്ക് വീണു

എന്റെ വികാരങ്ങേളെ അവള്‍ ചൂഷണം ചെയ്യുന്നതിന് മുന്‍പ് ഞാനവളെ പൊക്കി എന്റെ നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടു.

അവളുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു. കണ്ണീരോലിച്ചു തുടുത്ത കവിളുകള്‍, ഒന്ന് ചുംബിക്കാന്‍ പോന്ന പോലെ... എന്റെ മനസ്സ് പതറുന്നു, മാറുന്നു. ദേവാ, നീ ഒരു ഭര്‍ത്താവാണ്, ഊര്‍മിളയുടെ ദേവന്‍. ആറു വര്‍ഷം പ്രണയിച്ചു സ്വന്തമാക്കിയ ഊര്‍മിളയുടെ ഭര്‍ത്താവ്. അതിനും പോരാത്തതിന് നീ നിന്റെ കണ്ണന്‍റെ അച്ചനാണ്. ഇങ്ങിനെയുള്ള അവസരങ്ങളില്‍ നീ വീണു പോവരുത്. അവളുടെ വികാരവിക്ഷുബ്ധമായ മനസ്സ് ലഹരി അടങ്ങിയാല്‍ മാറിക്കൊള്ളും, കണ്ട്രോള്‍ ദേവാ കണ്ട്രോള്‍.. എന്റെ മനസ്സ് പറഞ്ഞു.


ശ്യാമ അവളുടെ മുഖം എന്റെ നെഞ്ചില്‍ അമര്‍ത്തി വച്ചിരിക്കുന്നു. ഒന്നും പറയാതെ അവളെ കണ്ണുനീര്‍ അവളുടെ ഷാള്‍ എടുത്തു തന്നെ ഞാന്‍ തുടച്ചു. സോഫയിലേക്ക് ചാരി കിടത്തി. എന്‍റെ ചിന്തകളെ മുറിച്ചു അവള്‍ വീണ്ടും വായ തുറന്നു.

"എനിക്കറിയാം ദേവാ, നിനക്ക് എന്നെ സ്നേഹിക്കാന്‍ കഴിയില്ല, നിന്‍റെ കഥകളിലെയും ബ്ലോഗിലെയും പ്രണയങ്ങളും കാമങ്ങളും വെറും നിന്‍റെ ഉള്ളിലുള്ള ദേവന് മാത്രമേ ഉള്ളൂ. പുറത്തു നീ ഭര്‍ത്താവാണ് അച്ഛനാണ് ഒരു കൂട്ടം നല്ല വ്യക്തികളുടെ സുഹൃത്താണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും, എന്‍റെയീ ജീവിതത്തിന്‍റെ നീളത്തില്‍ എന്‍റെയീ സ്നേഹവും എന്‍റെയീ ശരീരവും എന്നും നിനക്ക് വേണ്ടി ഞാന്‍ കാത്തു വെക്കും."


നിസ്സംഗതയോടെ തല കുലുക്കി ഞാന്‍ അവള് പറഞ്ഞതാല്ലാം സമ്മതിച്ചു.
അവളുടെ കാലുകള്‍ നേരെയാക്കി സോഫയില്‍ നേരെ കിടത്തി.

"ഒന്ന് കെട്ടു വിട്ടാല്‍ എല്ലാം ശരിയാവും, ഒന്ന് ഉറങ്ങിയാ മതി" ന്നു പറഞ്ഞു ഒരു കുഷ്യന്‍ അവളുടെ തലക്കടിയില്‍ തിരുകി.

ഞാന്‍ നടന്നു നീങ്ങാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കൈ പിടിച്ചു വലിച്ചു. ഞാനവളുടെ മുഖത്തേക്ക് വീണു. എന്‍റെ കവിളത്ത് അവളുടെ നനഞ്ഞ ചുണ്ടുകള്‍ ചുളിഞ്ഞു ഒട്ടി. ഞാനവളുടെ അരികില്‍ ഇരുന്നു അവളുടെ മുടിയില്‍ തഴുകി. അവളുറങ്ങി.

വൈകുന്നേരം അവളുടെ സ്കൂട്ടിയില്‍ അവളുടെ താമസ സ്ഥലത്തേക്ക്.. അവളെന്നെ പിടി വിടാതെ ചുമലില്‍ തല വെച്ച് കെട്ടിപ്പിടിച്ചിരുന്നു. കുണ്ടുകളിലും കുഴികളിലും അവളൊന്നു കൂടി എന്നെ ഇറുക്കി പിടിച്ചു, ആ തണുത്ത കാറ്റില്‍ അവളുടെ സ്തനസ്പര്‍ശം എന്നെ  ഇക്കിളിപ്പെടുത്തുന്ന പോലെ തോന്നി.

അവളുടെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തി. പാര്‍ക്കിംഗിലെ മരച്ചുവട്ടില്‍ സ്കൂട്ടി സ്റ്റാന്‍ഡില്‍ കയറ്റിവെച്ചു.  അവളുടെ ഹെല്‍മെറ്റും താക്കോലും കൊടുത്തു.

"ഞാന്‍ പോട്ടേ, നാളെ ഓഫീസീന്നു കാണാം" ഞാന്‍ പറഞ്ഞു.

അവളുടെ മുഖം തുടുത്തിരിക്കുന്നു.

അവളൊന്നും മിണ്ടിയില്ല

ഞാന്‍ ചിരിച്ചു.

ഞാന്‍ ഓട്ടോക്ക് വേണ്ടി റോഡിന്‍റെ മുന്നോട്ടു നിന്നു.  ഒരു ഓട്ടോ വന്നു നിന്നു, ഡ്രൈവറോട് റേറ്റ്‌ ഉറപ്പിക്കുന്ന സമയത്ത്, അവള്‍ ഓടിവന്നെന്നെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു.

"ഈ ഒരു ദിവസത്തിനു നന്ദി. എനിക്കൊന്നും കിട്ടിയില്ലാ. എന്നാലും ദേവനോട് എല്ലാം പറയാന്‍ കഴിഞ്ഞല്ലോ. "

മെല്ലെ തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു.

അവളൊരു ചെറിയ നാണത്തോടെ ഓടി. ഇതല്ലാം കണ്ട ഓട്ടോക്കാരാന്‍ ഊറിച്ചിരിച്ചു. എല്ലാരും കണ്ടു കാണും. ഞാന്‍ ഓട്ടോയില്‍ കയറി. ഒന്ന് ശ്വാസം എടുത്തു. മനസ്സിനെ സമാധാനപ്പെടുത്തി. ഇന്നടിച്ച അഞ്ച് 8PM എവിടെപ്പോയിക്കാണും.. അവളുടെ കണ്ണീരിന്‍റെ കൂടെ ഒലിച്ചിറങ്ങിപ്പോയോ.. ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു.

" അണ്ണാ പ്ലാന്‍ ചേഞ്ച്‌, നമ്മ ഇഗ്നൈറ്റ്‌ ബാറില്‍ പോവാം."

ഓട്ടോ ഡ്രൈവര്‍ അപ്പോഴും ചിരിച്ചു.