love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 മേയ് 22, വ്യാഴാഴ്‌ച

ആണ്‍പക്ഷികള്‍ വിരുന്നു വന്ന കാലം.



പഞ്ഞിക്കെട്ടു പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മേഘക്കെട്ടുകള്‍. ആ മേഘക്കെട്ടുകളില്‍ എവിടെയോ മുഖമൊളിപ്പിച്ച സൂര്യന്‍. വിമാനത്തിന്റെ ചിറകുകള്‍ മേഘങ്ങള്‍ക്കുമേലെ നിശ്ചലമായി നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും ഞാന്‍ ഭൂഖണ്ഡങ്ങളെ മറികടന്നു പോവുകയാണ്. മേഘക്കെട്ടുകള്‍ മായുന്നില്ല മറയുന്നില്ല. അല്ലെങ്കില്‍ വളരെ പതുക്കെ മാത്രം പിന്നോട്ട് നീങ്ങുന്നു. എന്റെ ചിന്തകളും ഇതുപോലെയാണ്. എവിടെയോ തങ്ങിനില്‍ക്കുന്നപോലെ തോന്നുമെങ്കിലും ഞാന്‍ എന്റെ ഒറ്റപ്പെട്ട എന്നിലേക്കുതന്നെ നോക്കിയിരുന്ന്‍ എന്റെ ചിന്തകളിലൂടെ കരയുകയാവും. 

യാത്രകള്‍.. അതെന്റെ ധ്യാനമാണ്..  ഒരു തരത്തില്‍ എങ്ങോട്ടോ ഓടിപ്പോവുക എന്നത് എന്റെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.
 ഒരു എസ്കേപ്പിസം . ഒന്നും തിരിച്ചു തരാത്ത ദിവസങ്ങളെ പരിചിതമല്ലാത്ത മുഖങ്ങളിലേക്ക് ആവാഹിച്ച്, അവരുടെ ഉദാസീനതയെ ചെറുചിരികളാക്കി വാങ്ങിവെക്കുകയും നീളന്‍ രാത്രികളുടെ നേര്‍ത്ത നിശബ്ദതയില്‍ എന്നിലേക്കുതന്നെ കണ്ണടച്ച് സ്വയം പിന്‍വാങ്ങുകയും ചെയ്യുന്ന രീതി. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു മരത്തിന്റെ ആത്മാവ് എന്‍റെയുള്ളിലുണ്ട്. അലയുന്ന മഴമേഘങ്ങളെ ശപിച്ച് ഒരു സമതലപ്രദേശത്തെ മുഴുവന്‍ വെയിലും മഴയും മഞ്ഞും കൊണ്ട് എങ്ങോട്ടോ ഓടിപ്പോവാന്‍ കൊതിച്ചിരുന്ന ഒറ്റമരം. ഇപ്പൊ ആ മരം എന്റെ ആത്മാവിന്റെ നടുത്തളത്തിലാണ് വളരുന്നത് . 

സ്പെയിനിലേക്കാണ് ഈ യാത്ര. ജോലി കിട്ടിയതിനു ശേഷമുള്ള മൂന്നാമത്തെ ഓണ്‍സൈറ്റാണ് സ്പെയിന്‍. ഇതിനു
 മുൻപ്  ജപ്പാനിലേക്കും അമേരിക്കയിലേക്കും പോയിരുന്നു. അഞ്ചോ ആറോ മാസങ്ങള്‍ നീളുന്ന യാത്രകള്‍. സ്പെയിന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. യൂറോപ്പ് എന്റെ സ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നെങ്കിലും സ്പെയിന്‍ എന്നെ പണ്ടേ എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട് ആകര്‍ഷിച്ചിരുന്നു. 

പകലുകളില്‍ നിശബ്ദതയും അതിന്റെ ഭംഗിയുള്ള ഏകാന്തതയും നിലനിര്‍ത്തുന്ന മാഡ്രിഡ് നഗരം. സ്പെയിനിന്റെ ഹൃദയം. റോമന്‍ നിര്‍മ്മിതി ശൈലിയുടെ എല്ലാ ഭംഗിയും അലങ്കരിച്ചു തവിട്ട്
  നിറത്തിലുള്ള കെട്ടിടങ്ങള്‍ വിരിച്ചുവെച്ച നഗരം. ആര് ആരെന്നു തിരിച്ചറിയാത്ത ജൂതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും എല്ലാവരും കൂടിയുള്ള ഒരു സുഖമുള്ള നേര്‍മ്മയുള്ള മനുഷ്യര്‍. കലാപരമായും സാംസ്കാരികപരമായും  വളരെ മുന്നില്‍ നില്‍ക്കുന്ന രാജ്യം. ചിരിച്ചുകൊണ്ട്  പ്രതീക്ഷഭരിതമായി മുന്നോട്ടു നീങ്ങുന്ന ഒരു ജനത. അവരുടെ ചിരികളില്‍ നിഷ്കളങ്കത മാത്രമേ കാണാനൊക്കൂ. 

വിടപറയാന്‍ നിൽക്കുന്ന സൂര്യന്റെ കണ്ണുകളില്‍
 നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞ വെയിലുകള്‍. അത് കെട്ടിടങ്ങള്‍ക്കുമേലെ തട്ടി ചിന്നിച്ചിതറി താഴെ വീഴുന്നു. ആ മഞ്ഞവെയില്‍ തട്ടുമ്പോള്‍ തെരുവുകളില്‍ വെറുതെ ചുറ്റിത്തിരിയുന്നവര്‍ക്കെല്ലാം സ്വര്‍ണ്ണ നിറമാണ്. 

പിന്നീട് തിരക്കുള്ള ദിവസങ്ങളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ഞാനെന്ന ജോലിയുടെ ഭോഗവസ്തു. ആര്‍ക്കും ആരെയും സഹായിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. സ്പെയിനില്‍ ഭാഷ ഒരു വല്ലാത്ത ഘടകമാണ്. എങ്ങനെയൊക്കെയോ ഒപ്പിച്ചു. അവര്‍ പറയുന്ന ഇംഗ്ലീഷും എന്റെ സ്പാനിഷും കൊണ്ട്  ജോലി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. 

ധൃതിപിടിച്ചോടുന്ന സ്വപ്നങ്ങള്‍ക്കു പിന്നാലെയോടി തളര്‍ന്നു പോവുന്ന രാത്രികള്‍. രാവിനെ പകലാക്കിമാറ്റുന്ന ദിശയറിയാത്ത ചിന്തകള്‍. വെയില്‍
 വീഴുന്ന മരത്തിനു കീഴെ അതിന്റെ നിഴലുകളെ വെളിച്ചം ഉപേക്ഷിച്ചു മറഞ്ഞു പോയികൊണ്ടിരുന്നു. നടപ്പാതകളില്‍ പല തരത്തിലുള്ള ആളുകള്‍ എന്നെ കടന്നു പോവുമ്പോള്‍ അവരെ എന്റെതായ രീതിയില്‍ വീക്ഷിക്കുന്നത് എന്റെ ഇഷ്ടവിനോദമായിരുന്നു. 

എല്ലാവരും തവിട്ടുനിറമുള്ളവരും പരന്ന കണ്ണുള്ളവരുമായിരുന്നു. ലിംഗപരമായി എടുത്തു പറഞ്ഞാല്‍ അവിടുത്തെ സ്ത്രീകള്‍ക്ക്
  എന്തോ ഒരു  വിളര്‍ച്ച ബാധിച്ച പോലെ തോന്നും. അവരുടെ കണ്ണുകളില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ എന്തോ നിരാശയുടെ മങ്ങിയ പ്രകാശമുണ്ട്. അവരുടെ വടിവില്ലാത്ത മാറിടങ്ങള്‍ എന്നെ ആകര്‍ഷിച്ചില്ല. അവക്കും എന്തോ പോഷകക്കുറവു കാരണം വിളര്‍ച്ചയും തളര്‍ച്ചയുമായി വാടിനില്‍ക്കുന്നപോലെ തോന്നി. അവരിലൊന്നും ഞാന്‍ തീവ്രമായ അനുരാഗികളെ കണ്ടില്ല. എന്റെ ജോലിസ്ഥലത്തും സ്ത്രീകള്‍ വിഭിന്നരായിരുന്നില്ല. കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ പ്രോഗ്രാമിംഗ് നിലങ്ങളില്‍ ഉരുളക്കിഴങ്ങു നടുന്ന ചെളിപിടിച്ച മുഖങ്ങളിലെ നിരാശയും അവശതയും അവര്‍ക്കുമുണ്ടായിരുന്നു. അവര്‍ക്ക് നാട്യങ്ങളില്ലായിരുന്നു. ശോഷിച്ച അവരുടെ ശരീരങ്ങളില്‍ ആകര്‍ഷണമില്ലായിരുന്നു. അവരുടെ ചിരികളില്‍ ഞാന്‍ പ്രസാദിച്ചിരുന്നില്ല. 

അവിടുത്തെ പുരുഷന്മാര്‍ക്കായിരുന്നു സ്ത്രീകളെക്കാള്‍ ആകര്‍ഷണം കൂടുതല്‍
. നീളമുള്ള മുടിയും മെലിഞ്ഞ മുഖത്തിന്റെ ചെരുവില്‍ കുറ്റിയായി കിടക്കുന്ന താടിരോമങ്ങള്‍. കനമില്ലാത്ത ചുണ്ടുകള്‍. അവരുടെ ഹസ്തദാനം ഒരു വല്ലാത്ത അനുഭവമായിരുന്നു. നമ്മുടെ കയ്യ് നുറുങ്ങുന്ന പോലെ കനപ്പെട്ടതായിരുന്നു അതെല്ലാം. താമസ സ്ഥലത്തുള്ള ചിലര്‍ നല്ല സുഹൃത്തുക്കളായി. മിക്കവാറും അര്‍ദ്ധനഗ്നരായിട്ടായിരുന്നു അവരുടെ വിഹാരം.  വീടിനുള്ളില്‍ അവരുടെ ചില സ്വകാര്യ ഭാഗങ്ങള്‍ കാണുമ്പോള്‍ എനിക്കെന്തോ വല്ലാതെ തോന്നി. 

ദിവസങ്ങള്‍ പിന്നെയും മുന്നോട്ടു നീങ്ങി. ഞാന്‍ എന്റെ കപടമായ ചിരികളില്‍ പലരെയും
 സുഹൃത്തുക്കളാക്കി. ആ ചിരിയില്‍ ഞാന്‍ എന്റെ ഒറ്റപ്പെടലിന്റെ ഭാരങ്ങളെ പൊടിച്ചുകളഞ്ഞു. ചിലപ്പോഴൊക്കെ ഈ തിരക്കൊക്കെ വിട്ട് ആരുമറിയാതെ എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നുതോന്നും. ചിലപ്പോൾ ഞാനെന്തിന് എന്നോട് യുദ്ധം ചെയ്യണം എന്നുള്ള ആശങ്കയില്‍ അപക്വമായി നിന്നുപോവും. അവസാനം ഇതാണ് ഞാന്‍ എന്നുള്ള തിരിച്ചറിവില്‍ നിഗൂഡമായ ഒരു ആത്മരതിയില്‍ മുങ്ങി ചിരിക്കും. എനിക്കെന്നെയല്ലാതെ വേറെ ആരെയും സ്നേഹിക്കാന്‍ കഴിയില്ലേ എന്ന ചോദ്യം എന്നെ എന്നും കുഴക്കിയിരുന്നു. ഹൃദയത്തിന്റെ മറവില്‍ ഒരു ഇരുട്ടിലേക്ക് മാറിനിന്നു ഞാന്‍ എന്നെ വീക്ഷിക്കുമ്പോള്‍ ഒരു നഗ്നമായ ഉടല്‍ ഒരു ഗുഹയിലേക്ക് നടന്നു കയറുന്നതും അവിടെ അയാള്‍ ഒതുങ്ങിയിരുന്നു കരയുന്നതും കാണും. അയാള്‍ അയാളെ സ്വയം ആശ്വസിപ്പിച്ചു പറഞ്ഞു.
“Pour in loads of love and fill the void ".

* * * * * *

ജോലിയും അതിന്റെ തിരക്കുകളിലും മുങ്ങി പ്രോജക്റ്റ്‌ അതിന്റെ അവസാന ഷെഡ്യൂളിലേക്ക് കടന്നു. അവസാന മിനുക്കുപണികള്‍പ്രെസന്റേഷൻ, പതിവിലും കൂടുതല്‍ തിരക്ക്. ആര്‍ക്കുമാരോടും പരാതിയില്ലാതെ സ്വയം ചാവേറായിപ്പരിണമിച്ചു കോര്‍പ്പറേറ്റുകളുടെ ലാഭത്തിന്റെ വിഹിതം കൂട്ടാനുള്ള ഊര്‍ജ്ജിതശ്രമം അതിന്റെ പാരമ്യതയില്‍. നാലുമാസം തീരുന്നു എന്നത് വലിയ കാര്യമാണ്. ഞാന്‍ ജോലിയില്‍ മുഴുവനായും ശ്രദ്ധിച്ചു. അന്നൊരു ദിവസം എന്റെ ആത്മാവിന്റെ നഗ്നതയിലേക്ക്‌ ആരോ തുറിച്ചുനോക്കുന്നെന്ന തിരിച്ചറിവില്‍ ഞാന്‍ ചുറ്റുപാടും നോക്കി. അതെ എന്നെ ഒരാള്‍ നോക്കുന്നുണ്ട് . താമാസ് ബോറോസ്. അതായിരുന്നു  അയാളുടെ പേര്. മുപ്പതുകളുടെ അവസാനത്തില്‍ എവിടെയോ, ഉറച്ച ശരീരം. ചുരുണ്ട നീളമുള്ള മുടി. ഉയരം കുറഞ്ഞു മെലിഞ്ഞ ഒരാള്‍. ഇട്ടിരുന്ന കറുത്ത സ്യൂട്ടിനുള്ളില്‍ അയാള്‍ സുന്ദരനായിരുന്നു.

താമാസ്
 ബോറോസ് സ്പെയിന്‍ റീജ്യന്‍ കമ്പനി മാനേജര്‍ ആയിരുന്നു. പെര്‍ഫോമന്‍സ്  അപ്പ്രൈസൽ  ഒപ്പിട്ടു ഒരാളുടെ ഔദ്യൗഗികജീവതത്തിന്റെ ഉയരങ്ങളെയും താഴ്ച്ചകളെയും മൂല്യനിര്‍ണ്ണയം നടത്തുന്ന ആള്‍. ആ നിലക്കോ അതോ അയാളുടെ ആ പ്രൗഡി  കണ്ടിട്ടോ എന്തോ.. എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു. മൗനത്തിന്റെ മുഖംമൂടിയില്‍ എന്റെയുള്ളിലെ കരയുന്ന എനിക്ക് ചിരിക്കാന്‍ കഴിയുക എന്നത് അത്ര എളുപ്പമല്ലാ, എന്നിട്ടും ഞാന്‍ ചിരിച്ചു. 

അന്നത്തെ ലഞ്ച് താമാസ് ബോറോസിന്റെ വകയായിരുന്നു. കാരണങ്ങളൊന്നും അറിയില്ല, കാരണം ഓഫീസില്‍ ഭക്ഷണം എന്നും ആരുടെയെങ്കിലും വകയാവും. അതിലൊന്നും കാര്യമില്ല. പക്ഷെ ഇന്ന്  വൈവിധ്യത്തിന്റെയും സമൃദ്ധിയുടെയും
 ധാരാളിത്തം വേണ്ടുവോളം ഉണ്ടായിരുന്നു. ഭക്ഷണത്തിനിടക്കു താമാസ് വന്നു എല്ലാവരോടുമായി സംസാരിച്ചു. അയാളുടെ ഭംഗിയുള്ള പല്ലുകള്‍ കാണിച്ചുള്ള തുറന്നചിരിയും, തുറിച്ചുനോട്ടവും എനിക്ക് വല്ലാതെ ബോധിച്ചു. ഭംഗിവാക്കുകള്‍ എല്ലാവരോടും പറഞ്ഞെങ്കിലും എന്റെ തോളത്തു കൈവച്ചു അയാള്‍ പുഞ്ചിരി തൂകി ചോദിച്ചു.

" Why are you always alone? U don’t have friends here? "
എനിക്കതിനു പ്രത്യേക ഉത്തരമൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു. 
" i don’t have friends, this is just how i'm."

അതിനു മറുപടിയൊരു ചിരിയായിരുന്നു. പല്ലുകള്‍ കാണിച്ചു തുറന്നുകാട്ടി അനുകമ്പ വരുത്തുന്ന ചിരി. ഒരുപക്ഷെ അയാള്‍ അങ്ങനെ ഒരുത്തരം പ്രതീക്ഷിച്ചു കാണില്ല. എന്തായാലും ആ ചിരിയില്‍ എന്തോ പ്രത്യേകതയുള്ളതായി എനിക്ക് തോന്നി. ചെറുതായി നീണ്ടുകിടന്ന എന്റെ മുടിയില്‍ മെല്ലെ പിടിച്ചു വലിക്കുകയും ചെയ്തതോടെ എന്റെ ഹൃദയത്തിന്റെ മറവിലെ ഇരുട്ടുള്ള ഗുഹയിലെ നഗ്നനായ അയാള്‍ പുറത്തു വന്നു പറഞ്ഞു 
“Pour in loads of love and fill the void ".

വൈകാതെ കുശാലാന്വേഷണങ്ങളായി. താമസം, ഭക്ഷണം, നാട്ടില്‍ എവിടെ? അങ്ങനെ നൂറു ചോദ്യങ്ങള്‍. താമാസ് താമാസിന്റേതായ ചിന്തകള്‍ക്കുനടുവില്‍ നങ്കൂരമിട്ട ഒരു കപ്പല്‍ പോലെ തോന്നിച്ചു. അയാളുടെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഔദ്യോകികമായ വിരുന്നുകളും നാളെകളെക്കുറിച്ചുള്ള വേവലാതികളും മാത്രമാണെന്ന് തോന്നി. കറുത്ത സ്യൂട്ടിനുള്ളില്‍ നല്ലൊരു മനുഷ്യനെയും എനിക്ക് കാണാന്‍ സാധിച്ചു. നിറത്തിന്റെയോ, മതത്തിന്റെയോ, രാജ്യങ്ങളുടെയോ അതിര്‍വരമ്പുകള്‍ ഉണ്ടാക്കിയെടുക്കാതെ അയാള്‍ എല്ലാവരെയും അസൂയപ്പെടുത്തി നടന്നു. വളരെ ഉന്മേഷത്തോട് കൂടിയും ചുറുചുറുക്കോട് കൂടിയും അയാള്‍ സംസാരിച്ചു. 

വൈകാതെ സ്പെയിനിലെ എന്റെ ഏല്‍പ്പിക്കപ്പെട്ട ചുമതല ഏകദേശം പൂര്‍ത്തിയായി. ഏതാണ്ട് ഒരുമാസത്തോളം ഇനി സപ്പോര്‍ട്ട്  ചെയ്താല്‍ മാത്രം മതി. വളരെ വലിയ ചടങ്ങകുകളും അനുമോദനങ്ങളും ഒക്കെയായി അന്ന് സോഫ്റ്റ്‌വെയര്‍ റിലീസ് ചെയ്തു.
 ഞാന്‍ എന്നെ വെറുക്കുന്ന സമയങ്ങള്‍ക്ക് ഇനിയും ഒരു മാസം കൂടിയെന്നു എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ വല്ലാതായി. സ്പെയിന്‍ മടുത്തപോലെ തോന്നുന്നു.. 


അല്ലെങ്കിലും ഞാന്‍ അങ്ങനെയാണ്. എവിടേലും ചെന്നുചേരുന്ന സമയത്ത് അതില്‍ മുഴുകി ആസ്വദിച്ചിരിക്കും. പിന്നെ സമയം തെറ്റാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഉള്‍വലിഞ്ഞു നിൽക്കും, കുറ്റങ്ങള്‍ കണ്ടുപിടിക്കും. എന്നിട്ട് അടുത്ത യാത്രയെകുറിച്ച് ചിന്തിക്കും. പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ അതിനിടയില്‍ കുറച്ചു നാള്‍ വഴിതെറ്റിപ്പോകുന്നതാണ്. സോഫ്റ്റ്‌വെയര്‍ റിലീസ് ഡേ, വിരുന്ന്‍, സക്സസ് സെലിബ്രേഷന്‍.

അന്നത്തെ വിരുന്നില്‍
 ഭക്ഷണവും മദ്യവും ഏറെ ഉണ്ടായിരുന്നു. താമാസ് എന്നെ വിടാനുള്ള ലക്ഷണമില്ല. വഴിവക്കില്‍ ആരെങ്കിലും കാത്തിരിക്കും നേരം ഇരുട്ട് കാവലായി  കുത്തിയിരിക്കും എന്നപോലെ, പക്ഷെ എനിക്ക് കാത്തുനില്‍കാന്‍ സമയമില്ല. 

താമാസ് എന്നെ കുറേപ്പേര്‍ക്ക്
 പരിചയപ്പെടുത്തിക്കോടുക്കുകയും ഭംഗിവാക്ക് പറയുകയും ചെയ്തു. അതിനിടയില്‍ താമാസ്റെ വീട്ടിലേക്കുള്ള അത്താഴത്തിനുള്ള വ്യകതിപരമായ ക്ഷണവും കിട്ടി. എനിക്കതില്‍ പ്രത്യേകിച്ച് ഒന്നും അപ്പോള്‍ തോന്നിയില്ല. ആ ആഴ്ചയിലെ ഒരു ദിവസം വൈകുന്നേരം താമാസിനു വേണ്ടി മാറ്റി വെക്കുന്നു. 
* * * *
നഗരത്തില്‍നിന്നും അകന്ന ഒരു പ്രദേശത്തായിരുന്നു താമാസിന്റെ വീട്. അതൊരു കൊട്ടാരമായിരുന്നു.  അകലത്തെ കാഴ്ചയില്‍ കുലീനമായ ഒരു വലിയ ശവകുടീരംപോലെ തോന്നി. ഇളം നിലാവില്‍ ആ വീട് ഒറ്റപ്പെട്ടപോലെ നിന്നു. എനിക്കാവീടിനോട് കണ്ടമാത്രയില്‍ത്തന്നെ പ്രേമം തോന്നി. എന്നെപോലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന എന്തിനെയും ഇഷ്ടപ്പെടാന്‍ എന്റെ മനസ്സ് ധൃതികൂട്ടി നില്‍ക്കുകയായിരുന്നു. 

താമാസ് ഒരു കോടീശ്വരനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ടാക്സിക്കാരനെ പറഞ്ഞു വിടാന്‍ ആയാള്‍ കാറിനടുത്തേക്ക് നടന്നുവന്നു. ഡ്രൈവറുടെ അടുത്തുവന്ന്‍ അയാളോട് എന്തെല്ലാമോ പറഞ്ഞു. കാറില്‍ നിന്നുമിറങ്ങിയ എന്നെ അയാള്‍ ആലിംഗനം ചെയ്യുകയും കൈകള്‍ മുറുക്കെ കൂട്ടിപ്പിടിച്ചു  വീട്ടിലേക്കു നടക്കുകയും ചെയ്തു. 

കുലീനമായ ആ വീട് പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിച്ചപോലെ തോന്നി. കുഞ്ഞുജാലകങ്ങള്‍, അതിന്റെ കര്‍ട്ടനുകള്‍
 എല്ലാം മനോഹരമായിരിക്കുന്നു. എല്ലാം നല്ല അടുക്കും ചിട്ടയുമായി ക്രമപ്പെടുത്തി വെച്ചിരിക്കുന്ന അലങ്കൃതമായ ഒരു ശവകുടീരം. നിറയെ നീളമുള്ള  ചെടികളും പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന പൂക്കളും ആ വീടിനെ ജീവനോടെ നിര്‍ത്തി. 

പാതി ഇരുളില്‍ നിന്ന് ഒരു സ്ത്രീ രംഗപ്രവേശം ചെയ്തതോടെ
 എന്റെ എല്ലാ ധാരണകളും താമാസ് തെറ്റിച്ചു. താമാസിന്റെ അമ്മയായിരുന്നു അത്. അയാള്‍ അവിവാഹിതനായിരുന്നു എന്നതില്‍ എനിക്ക് കൌതുകം തോന്നി. 

താമാസിന്റെ അമ്മയും താമാസിനെ പോലെ മെലിഞ്ഞതായിരുന്നു. പക്ഷെ വിടര്‍ന്ന കണ്ണുകളുള്ള അവര്‍ക്ക് താമാസുമായി
 ഒരു സാദൃശ്യവും തോന്നിയില്ല. അവരുടെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു. അവര്‍ എന്നെ താമാസിന്‍റെ അടുത്ത സുഹൃത്തിനെപ്പോലെ ആ വലിയ വീട്ടിലേക്കു ആനയിച്ചു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അവര്‍ നാട്യമില്ലാതെ ജോലിയെക്കുറിച്ചും, സ്പെയിനിലെ ജീവിതത്തെകുറിച്ചും, ഭക്ഷണത്തെക്കുറിച്ചും എല്ലാം ചോദിച്ചു. പക്ഷെ അവര്‍ വാചാലയായത്‌ എന്റെ നാടിനെക്കുറിച്ചായിരുന്നു. അവരുടെ യവ്വനത്തില്‍ എപ്പോഴോ ഇന്ത്യയില്‍ അവര്‍ വന്നിരുന്നുപോലും. നാട്ടിലെ വൈവിധ്യവും, ആയുര്‍വേദവും, ഭക്ഷണവും പിന്നെ ഞാറുനടുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ ഏറെ സംസാരിച്ചു. അവരുടെ ചോദ്യങ്ങളെല്ലാം ആശ്ചര്യം നിറഞ്ഞതായിരുന്നു. 

താമാസ് ആത്താഴത്തിനെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ മാത്രമാണ് ഒരു ചെറിയ ചിരിയോടെ
 ക്ഷമചോദിച്ച് അവര്‍ അത്താഴം വിളമ്പാന്‍ പോയത്. 

യൂറോപ്യന്‍ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം. വൈന്‍ ഗ്ലാസ്സുകള്‍
, കത്തിയും മുള്ളും. എനിക്കറിയാവുന്നതു സ്റ്റീക്കും, സലാഡും, വൈനും മാത്രമായിരുന്നു. 

കഴിച്ചെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അവരാവട്ടെ ചിരിയും, ഭക്ഷണവും, സംഭാഷണവും ഇടകലര്‍ത്തി ആസ്വദിച്ചു കഴിക്കുകയായിരുന്നു. മൂളിയും, ചിരിച്ചും ഞാന്‍ പുറമേ  ഒരു നല്ല അതിഥിയായി ഇരുന്നു. എന്റെയുള്ളില്‍ മുഴുവന്‍ താമാസിന്റെ ക്ഷണവും, അതിന്റെ ഇതിവൃത്തവും പിന്നെ എന്റെയുള്ളിലെ നഗ്നനായ അയാളും, അയാളുടെ ചിലമ്പുന്ന സംഭാഷണങ്ങളുമായിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ ഒരു കടല്‍ത്തീരത്ത്‌ തിരകളെ എണ്ണുന്ന തിരക്കിലാണ്. അയാള്‍ ചോദ്യങ്ങളെ സ്വീകരിക്കില്ലായിരിക്കാം എന്നൊരു മുന്‍വിധിയില്‍ അയാളുടെ വര്‍ത്തികളെ ശ്രദ്ധിച്ചു ഞാന്‍ നിന്നു. അയാള്‍ കടലിലേക്ക്‌ ഇറങ്ങിപ്പോവുന്നു, തിരകളെ ഭയക്കാതെ. 

താമാസ് പേരു വിളിച്ചു ഇനി വൈന്‍ വേണോ എന്നു ചോദിച്ചപ്പോഴാണ് ഞാന്‍ തിരികെവന്നത്.
 ഭക്ഷണത്തിനുശേഷം താമാസ് എന്നെ മുകളിലെ നിലയിലേക്ക് ക്ഷണിച്ചു. ചുറ്റുന്ന ഗോവണി കയറുമ്പോള്‍ താമാസ് അയാളുടെ മെലിഞ്ഞ രോമമില്ലാത്ത കൈകള്‍ കൊണ്ട് എന്റെ കയ്യില്‍ വിരല്‍ കോര്‍ത്തു മുറുക്കെപ്പിടിച്ചു. ഇടക്കെപ്പോഴോ താമാസ്റെ ചുണ്ടുകള്‍ വിറയലോടെ എന്റെ ചുമലുകളെ സ്പർശിച്ചു. 

താമാസിന് ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നു. എന്‍റെകൂടെ വീടിനടുത്തെ പുഴക്കരയില്‍ മഞ്ഞക്കല്ലുകള്‍ പെറുക്കി എടുക്കാന്‍ വന്ന ഒരു കളികൂട്ടുകാരന്റെ മുഖം. താമാസ് എന്റെ മുഖം കയ്യിലെടുത്തു പറഞ്ഞു. 

"
മറവില്ലാതെയും ഒളിവില്ലാതെയും ഞാനിതാ നിന്റെ മുന്നില്‍ നില്‍ക്കുന്നു.
എനിക്കൊരു തുടക്കം കിട്ടാതെ വീര്‍പ്പുമുട്ടുകയാണ്.
എന്റെ മനസ്സ് നിന്റെ മുന്നില്‍ തോറ്റു തന്നിരിക്കുന്നു.
ഇനി നീ പറയൂ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമോ?” 



ഇംഗ്ലീഷിനിടയില്‍ ഇടയ്ക്കു സ്പാനിഷ് കയറി വരുന്നത് കൊണ്ട് ചില വാക്കുകളൊന്നും എനിക്ക് മനസ്സിലായില്ല. വിളറിയ നിശ്ശബ്ദതയില്‍ മൂടിയ ആ രാത്രി എന്നെ കൂടുതല്‍ സ്ഥബ്ദനാക്കി. ഞാന്‍ എന്റെ ഉള്ളില്‍ വളരെ പരിഭ്രാന്തനായിരുന്നു. എനിക്ക് എന്നെ പേടിയാവുന്ന പോലെ തോന്നി. എങ്കിലും ഒരാനന്ദം അനുഭവിക്കുന്നതായി ഞാനറിഞ്ഞു. അയാളുടെ തണുത്ത കൈകള്‍ ഇടക്കെപ്പോഴോ എന്റെ കണ്ണുകള്‍ അടപ്പിച്ചു. താമാസ് എന്നെ ഒരു ദൈവത്തെ പൂജിക്കുന്ന പോലെ തലോടി. എന്നെ താമാസ് അഗാധമായി പ്രണയിക്കുന്നു എന്നെനിക്കു തോന്നി. അല്ലെങ്കിലും ഒരാണിനു പെണ്ണിനെ മാത്രെമേ പ്രണയിക്കാന്‍ കഴിയൂ?.  

ലിംഗവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്നെയും എന്റെ മനസ്സിനെയും പല തവണയായി അളന്നുകൊണ്ടിരുന്നു. കാടുകയറിയ ചിന്തകളെ മെരുക്കാന്‍ ഇനിയും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സ്നേഹത്തിന്റെ അതിരുകളില്‍ എവിടെയെങ്കിലും ലിംഗാനുസൃതമായി മുന്നറിയിപ്പുകള്‍ ഞാന്‍ കണ്ടിരുന്നുവോ? ഒരാണും മറ്റൊരാണും! മനസ്സില്‍ എന്തോ പോലെ. പക്ഷേ ഞാന്‍ എന്താണ് താമാസിനെ തടയാത്തത്?

താമാസിന്റെ
 കണ്ണുകളില്‍ വളരുന്ന ഒറ്റമരങ്ങളില്‍ ഒരു കൂട്ടം ആണ്‍പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. കൂട്ടംകൂട്ടമായി അവ താമാസിന്റെ കൃഷണമണിക്കുള്ളില്‍ കലപിലകൂട്ടി കളിച്ചിരുന്നു. താമാസിന്റെ കണ്ണിലേക്കു നോക്കുമ്പോള്‍ ആ പക്ഷികള്‍ എന്നിലേക്ക്‌ പറന്നുവരുന്നപോലെ തോന്നി. അങ്ങനെ അവ എന്നിലേക്കു പറന്നു വന്നാല്‍ അവയെന്റെ ശൂന്യമായ മനസ്സില്‍ നിശബ്ദമായി ഗുഹാമുഖത്തുറങ്ങുന്ന ആ മനുഷ്യനെ അസ്വസ്തനാക്കും. അയാളുടെ ഉറക്കങ്ങളെ ഈ ആണ്‍പക്ഷികള്‍ ചിലപ്പോള്‍ അലോസരപ്പെടുത്തും. ഞാന്‍ എന്റെ മൗനങ്ങളിലേക്ക് ഒതുങ്ങിനിന്നു. 


നാട്ടില്‍ കൂടെ ജോളിചെയ്യുന്ന
 രേവതിയും, അലീനയും, കൃസ്റ്റീനയുമെല്ലാം സുന്ദരിമാരായിരുന്നു. അലീനക്ക് എന്നോടുള്ള ഇഷ്ടം വെറും കാമം മാത്രമായിരുന്നില്ല. അവളെന്നെ എല്ലാ അര്‍ത്ഥത്തിലും  സ്നേഹിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. പക്ഷെ എനിക്കവളുടെ മണം ഇഷ്ടമല്ലായിരുന്നു. അവളുടെ വിരലുകള്‍ ഇഷ്ടമല്ലയിരുന്നു. അലീനയെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് നൂറു കാരണങ്ങള്‍  ഉണ്ടായിരുന്നു. അവരുടെ ലാളനകള്‍ എന്നെ ഉന്മാദിപ്പിച്ചിരുന്നില്ല. ആരെയും ഒന്ന് ചുംബിക്കുവാന്‍ തോന്നിയിരുന്നില്ല. പക്ഷെ ഇപ്പൊ താമാസ് അതും ഒരു ആണായിട്ടുപോലും എന്തുകൊണ്ട് ഞാന്‍ അവനെ തടുക്കുന്നില്ല


താമാസ് തന്നെ ഇഷ്ടപ്പെടാന്‍ എന്തായിരിക്കും കാരണം. എന്റെ വൃത്തിയുള്ള നഖങ്ങള്‍? അല്ലെങ്കില്‍ രോമം തീരെയില്ലാത്ത എന്റെ ആകാരമായ നെഞ്ചളവുകള്‍? അതോ ഇതുവരെ ആരെയും കാണിക്കാതെ ഇരുട്ടില്‍ സ്വപനങ്ങളെ അടവെച്ചു വിരിയിക്കുന്ന ഗുഹയിലിരിക്കുന്ന നഗ്നനനായ എന്റെ മനസ്സിനെ? താമാസ്റെ സ്നേഹം ദിവ്യമായ എന്തോ പോലെ തോന്നി. താമാസിനെയും കൂട്ടി ഇരുളിന്റെ മറയിലുള്ള ആ ഗുഹക്കുള്ളില്‍ ഒളിക്കാന്‍ തോന്നുന്നു. 

താമാസ് എന്നെ സ്നേഹിക്കുന്നത് എങ്ങനെയെന്ന്‍ എനിക്കറിയാമായിരുന്നു. ഒന്നും മിണ്ടാതെ എന്റെ തലയില്‍ അയാള്‍ വളരെ
 പതുക്കെ വിരലുകളോടിച്ചു. താമാസിന്റെ ഗന്ധം അതെന്തോ ആനന്ദം പോലെ എന്റെ തലച്ചോറിലേക്ക് തിരുകിക്കയറി. താമാസിന്‍റെ നീളമുള്ള ചുരുണ്ട മുടികള്‍ എന്റെ നെഞ്ചില്‍ ഇക്കിളിപരത്തി. അകലത്തു ചന്ദ്രനെ പരുക്കനായ മേഘങ്ങള്‍ മറച്ചും തെളിച്ചും ധൃതിയില്‍ മറഞ്ഞുപോയി. ഒരു മഴക്കാല സന്ധ്യയിലെ വിചിത്രമായ ഒരു രാത്രിയില്‍ ഒന്നുമറിയാതെ പ്രണയിച്ച സര്‍പ്പങ്ങളെപ്പോലെ ഞങ്ങള്‍ പരസ്പരം പുണര്‍ന്നുകിടന്നു. ഭൂമിയെ തണുപ്പിച്ച മഞ്ഞുമാസത്തിലെ ഒരു ചൂടുകാറ്റായി താമാസ് എന്റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. 


ആ കിടപ്പുമുറിയുടെ കനംകുറഞ്ഞ കര്‍ട്ടന്‍ പുറത്തെ പൊള്ളുന്ന നിലാവിനെ ഉള്ളിലേക്ക് കടത്തിവിടാന്‍ പരിശ്രമിച്ചു. എന്റെ നിശ്വാസങ്ങള്‍ താമാസിന്റെ
  മുഖം തുടുപ്പിച്ചു. താമാസിന്റെ കണ്ണുകളിലേക്കുനോക്കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്ന് ആണ്‍പക്ഷികൂട്ടങ്ങള്‍ എന്റെ സ്നേഹങ്ങള്‍ പന്തലിച്ച പൂമരത്തില്‍ വന്നിരുന്നു. താമാസിന്റെ വിരലുകള്‍ വിചിത്രമായി എന്റെ മേനിയില്‍ ചിത്രങ്ങള്‍ വരക്കുംമ്പോള്‍ സ്നേഹപ്പൂമരത്തിലെ ആണ്‍പക്ഷികള്‍ എന്റെ മനസ്സില്‍ കലപിലകൂട്ടി. പിന്നെ ഒരു കാറ്റടിച്ചപ്പോള്‍ ആ ആണ്‍പക്ഷികള്‍ ഒന്നിച്ച് അവിടന്ന് പറന്നുപോയി. എന്റെ മനസ്സു ശൂന്യമായി. 


കാമുകന്മാര്‍.. എനിക്കതില്‍ ലജ്ജതോന്നിയില്ല. പരസ്പരം ചുംബിക്കുന്ന കാമുകന്മാര്‍. താമാസ് എന്നിലേക്ക്‌ ഓടിവരികയായിരുന്നു. എന്റെ കവിള്‍ത്തടങ്ങളില്‍ താമാസ് തന്റെ നെറ്റിമുട്ടിച്ചു. ഓരോ സ്പര്‍ശനങ്ങളിലും താമാസിനോടുള്ള എന്റെ അപരിചിതത്വം മരിച്ചു വീണു. അപരിചിതത്വത്തിന്റെ
 ചുടലപ്പറമ്പുകളില്‍ നനുത്ത സ്നേഹങ്ങള്‍ മുളപൊട്ടുകയായിരുന്നു. വിന്‍റെര്‍ ലോഷന്‍ പുരട്ടി മനോഹരമാക്കിവെച്ചിരുന്ന എന്റെ പാദങ്ങളില്‍ താമാസ് ഉമ്മവെച്ചു. അരങ്ങുതീര്‍ന്നിട്ടും ചമയങ്ങളഴിക്കാതെ നൃത്തം ചെയ്ത കാമുകന്മാരെപ്പോലെ ഞങ്ങള്‍ സ്നേഹിച്ചു. 


സ്നേഹങ്ങള്‍ കുന്നുകൂടി. ഞാന്‍ എന്റെയുള്ളില്‍ ഒരു കാമുകനെ ജനിപ്പിക്കുന്ന പ്രക്രിയ
 നടത്തുകയായിരുന്നുഞാന്‍ അയാളുടെ സ്നേഹത്തിന്റെ ത്രസിപ്പിക്കുന്ന കയങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആദ്യം ഒരു സങ്കോചത്തോടെയാണ്  ഞാന്‍ താമാസിനെ എന്നിലേക്ക്‌ വരവേറ്റതെങ്കിലും പിന്നീട് എനിക്കതില്‍ പരിഭവമൊന്നും തോന്നിയില്ല. താമാസ് എന്റെ ഓരോ ചലനങ്ങളിലും പൊഴിഞ്ഞുവീഴുന്ന സ്നേഹത്തുള്ളികളെ പെറുക്കിയെടുത്തു. ആ സന്തോഷങ്ങള്‍ അയാള്‍ അയാളുടെ നെഞ്ചിലേക്ക് ചേര്‍ത്തു വെക്കുന്നതും ഞാന്‍ കണ്ടു.


സ്നേഹവലയങ്ങളുടെ ചുഴിയില്‍ അകപ്പെട്ടതുപോലെ ഞാന്‍
താമാസ്റെ ആകര്‍ഷണത്തില്‍ നിന്നും പുറത്തുവന്നില്ല. ആ സമയത്ത് ഞാന്‍ ഒരിക്കലും എന്നെക്കുറിച്ചോ എന്റെ ഒറ്റപ്പെടലുകളെക്കുറിച്ചോ ഓര്‍ത്തിരുന്നില്ല. പക്ഷെ തിരിച്ചുപോവാനുള്ള ദിവസങ്ങള്‍ വന്നടുത്തു നില്‍ക്കുന്നു. താമാസില്‍   നനഞ്ഞുകുതിര്‍ന്നു ഞാനും. 


പോവണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തില്‍ നിന്നും ഞാന്‍ എത്ര പെട്ടെന്നാണ് വീണ്ടും എന്നെ സ്നേഹിച്ചുതുടങ്ങിയത് എന്നറിയില്ല. താമാസിനെ അകറ്റിനിര്‍ത്താതെ ഞാന്‍ പോവാന്‍ ഒരുങ്ങിത്തുടങ്ങി. താമാസെന്തൊക്കെയോ പറഞ്ഞു. ഞാനത് കേള്‍ക്കാനോ മറുപടി കൊടുക്കാനോ നിന്നില്ല. എനിക്ക് തിരിച്ചുപോവണം എന്നുമാത്രം ഞാന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഒരു നേര്‍ത്ത വിലാപം പോലെ താമാസിന്റെ കണ്ണുകള്‍ പെയ്യാനൊരുങ്ങി. പക്ഷെ ഒരു നാട്യഭാവത്തോടെ ഞാന്‍ താമാസിനെ സ്വാന്തനിപ്പിച്ചു. എന്റെ ചൂടുള്ള ദേഹത്തുനിന്ന് ബാഷ്പീകരിച്ച കാമങ്ങള്‍ ഒരു പരിധിവരെ താമാസിനെ കെട്ടിയിട്ടു.

പക്ഷേ
 എവിടെയോ വിങ്ങിനിന്ന സ്നേഹങ്ങളെ തടഞ്ഞുനിര്‍ത്താന്‍ എനിക്കും കഴിഞ്ഞില്ല.  അകലെ എവിടെയോ മഴപെയ്തു തോര്‍ന്നു. പെയ്തു പെയ്ത് തോര്‍ന്ന താമാസ് അരൂപിയായി. എന്റെയുള്ളിലപ്പോഴും എവിടെയോ മഴമേഘങ്ങള്‍ തമ്മില്‍ ഉരസിക്കിടന്നു. ആകാശമിരുണ്ടു. ഗുഹാമുഖത്തെ നഗ്നനായ ഉടല്‍ പേടിച്ചു ഗുഹക്കുള്ളില്‍ കയറി. ഗുഹയുടെ ഉള്ളില്‍ ഒരറ്റത്ത് നെഞ്ചു ചേര്‍ത്തു അയാള്‍ കല്‍ച്ചുമര്‍ ചാരിനിന്നു.


തിരിച്ചുപോരുന്ന ദിവസം താമസിനെ കണ്ടില്ല.
 കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചതുമില്ല. താമാസ് എന്നൊരു കളിപ്പാട്ടത്തെ കുറച്ചുദിവസം കളിച്ചു,  എന്നിട്ടതിനോടുള്ള സ്നേഹം തീര്‍ന്നപ്പോള്‍ അതുപേക്ഷിച്ചു ഞാനെന്ന പ്രായമാവാത്ത കുട്ടി വിമാനം കയറിപ്പോന്നു. വിമാനത്തിന്റെ ചെറിയ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് മേഘങ്ങള്‍ വിതാനിച്ച അനന്തതയിലേക്കുനോക്കി ഒന്നുമറിയാത്തപോലെ ഇരുന്നു. 


പച്ചപ്പാടങ്ങളും നിറഞ്ഞപുഴകളും തീപ്പെട്ടിക്കൂടുകളെ പോലെ ഇഴഞ്ഞു നീങ്ങുന്ന വാഹങ്ങളും നിറഞ്ഞ
 ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിമാനം ഒരു കുലുക്കത്തോടെ ഇടിച്ചിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും എന്റെ ആത്മാവിന്റെ നടുത്തളത്തില്‍ വളരുന്ന ഒറ്റപ്പെട്ടമരമായി മാറിക്കഴിഞ്ഞിരുന്നു. നാട്ടിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ എനിക്കുള്ള താമാസിന്റെ സമ്മാനം എന്നെ തേടിയെത്തി. നാല്‍പ്പതു ശതമാനം ശമ്പള വര്‍ദ്ധന. അതെനിക്ക് അര്‍ഹിച്ചതാണെന്ന് എനിക്ക് തോന്നി, പക്ഷേ പുതിയ പദവി അസോസിയേറ്റ് എഞ്ചിനിയര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയത് ഒരു കൂട്ടം ആണ്‍പക്ഷികള്‍ക്ക് വന്നിരിക്കാന്‍ മനസ്സില്‍ ഇടം കൊടുത്തതിന്റെയാവണം. സ്നേഹത്തിന്റെ സമ്മാനം.


താമാസ് ആ ഗുഹയുടെ പുറത്തെവിടെയോ മഴകൊണ്ടു നില്‍ക്കുന്നുണ്ട്.
 കോരിച്ചൊരിയുന്ന മഴയത്ത് ആണ്‍പക്ഷികള്‍ നനഞ്ഞുകുതിര്‍ന്നു പറക്കാന്‍ കഴിയാതെ നിസ്സസഹായരായി അവരിലേക്ക്‌ തലതാഴ്ത്തി ഇരിക്കുന്നുമുണ്ട്. താമാസ് മനസ്സിലേക്ക് ഇടയ്ക്കു വരുന്നുണ്ടെങ്കിലും അതിനെ താലോലിക്കാതെ അലസമായി എന്തിനെന്നറിയാതെ ഞാന്‍ നടന്നു. കരയണം എന്നു തോന്നി. കരഞ്ഞില്ല, എന്നെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാല്ലായിരുന്നു. ഉള്ളില്‍ മുറുമുറുക്കാന്‍ തുടങ്ങുന്ന വേദനകളെ കല്ലുകളില്‍ ഉരച്ചു കൊല്ലാന്‍ തോന്നി. ഭൂമിയിലെ മുഴുവന്‍ സങ്കടങ്ങളെയും കല്‍ച്ചുമരുള്‍ക്കിടയില്‍ത്തിരുകി ഓടിയകലാന്‍ തോന്നി. വേണ്ട. പിന്നിലേക്ക്‌ നോക്കുമ്പോള്‍ ഇരുട്ടിനു കനം കൂടി വരുന്നപോലെ തോന്നുന്നു. അതോ ഞാന്‍ നടക്കുന്ന വഴിതന്നയാണോ ഓരോ രാത്രിയും നടക്കുന്നത്. സ്വയം പൂട്ടിയിട്ട ഈ മുറിയില്‍ ഈ ഇരുട്ടില്‍ എനിക്കെന്നെ വീണ്ടും നഷ്ടപ്പെട്ടെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. ഇനിയെന്നേക്കും വെളിച്ചം കാണാതെ കളഞ്ഞുപോവാൻ . മറച്ചുപിടിച്ച സ്നേഹങ്ങള്‍ മണ്‍മറഞ്ഞു പോവുന്നതുവരെ ഈ ഇരുളില്‍.. ഈ ഗുഹയില്‍.. നഗ്നനായി.. ഈ കല്‍ച്ചുമര്‍ ചാരി അങ്ങനെ..



* * * *


2014 ജനുവരി 4, ശനിയാഴ്‌ച

ശിലാനൊമ്പരങ്ങള്‍ !



ചലനമറ്റ നേരങ്ങളാണ്‌‌. സ്വാതാന്ത്രമില്ലാത്ത നിമിഷങ്ങളാണ്‌‌. യുഗാന്തരങ്ങളുടെവഴിയേ മാറ്റമില്ലാതെ ആരെയോ കാത്തുനില്‍ക്കുന്ന രണ്ടുസത്വങ്ങള്‍‌. രണ്ടുരാജ്യങ്ങങ്ങളുടെ തലസ്ഥാനനഗരിയില്‍ മണ്ണിലാണ്ടുനില്‍ക്കുന്ന സുന്ദരശില്പങ്ങള്‍‌. ഒരുരാജ്യത്ത് ആണിന്‍റെയും മറ്റേരാജ്യത്ത് പെണ്ണിന്‍റെയും ശില്പം. ഇവരണ്ടിനും പറയാനുള്ളത് ഒരേകഥയാണ്‌. ചരിത്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പ്രണയത്തിന്‍റെ ആത്മകഥ. കാലങ്ങളായി പിന്തുടരുന്ന ശാപത്തിന്‍റെ, ഉള്ളിലാളുന്ന പ്രണയാഗ്നി അണയാതെകാത്ത് ദിവസേന അനുവര്‍ത്തിക്കുന്ന നിരര്‍ത്ഥമായ ഓട്ടങ്ങളുടെ കഥ, ഇനിയും യുഗങ്ങളോളം അവരെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുമാറ് തമ്മില്‍ ഒരു പ്രാര്‍ത്ഥനയോടെ കൈമാറുന്ന ഏതാനും നിമിഷങ്ങളുടെ കഥ.
 
പിന്നോട്ട് എടുത്തെറിയപ്പെടുന്ന ദിവസങ്ങളെ നോക്കി മൂകനായി കാലങ്ങളെ നോക്കിനിന്നു അവനും, കാലങ്ങളെ സാക്ഷിയാക്കി ആരെയോ പ്രതീക്ഷിച്ച് അവളും നില്‍ക്കുന്നു. സ്വാന്ത്വനം തേടിവരുന്ന ഋതുക്കളെ താലോലിച്ച് കണ്ണിമചിമ്മാതെ അകലങ്ങളെയറിഞ്ഞ് ഇരുവരും എത്രയോവര്‍ഷങ്ങളായി അനങ്ങാതെ നില്‍ക്കുന്നു. പ്രപഞ്ചം അവസാനിക്കുന്നയന്ന് ഉല്‍ക്കകള്‍ പെയ്യുന്ന ആരാത്രിയിലും അവര്‍ ഇതുപോലെ നില്‍ക്കുമായിരിക്കും. അല്ലെങ്കില്‍ അന്ധരായ മനുഷ്യരുടെ വെറികെട്ട പേക്കൂത്തുകളുടെ ഫലമായി ഉണ്ടായേക്കാവുന്ന യുദ്ധങ്ങളില്‍ ഇവര്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കാം. പക്ഷെ എന്നെങ്കിലുമൊരിക്കല്‍ അവര്‍ക്ക് അവരിലേക്ക്‌ ഓടിയെത്താന്‍ കഴിയുമോ? 

എന്തുഭംഗിയാണ് അവള്‍ക്ക്. നിശ്ചലമായി മുകളിലോട്ട് സൂര്യനെ നോക്കിനില്‍ക്കുന്ന ഒരു രാജകുമാരി. അവള്‍ സൂര്യനെ ശപിക്കുകയാവും. എന്നും കാലത്ത് അവളുടെമേല്‍ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ക്ക് അവളോട്‌ അരിശം തോന്നുന്നുണ്ടാവാം. എന്നിരുന്നാലും രാജ്യത്തെ കരിനിയമങ്ങളെ വെല്ലുവിളിച്ച അവള്‍ക്കു പ്രകൃതിയെ ശപിക്കാതെ തരമില്ലായിരിക്കാം. മറ്റേരാജ്യത്ത് അവന്‍ സൂര്യരശ്മികളെ കൈകൊണ്ടു മറച്ചു തണല്‍ സൃഷ്ടിച്ചു അനങ്ങാതെ നില്‍ക്കുന്നു. ഒരുപക്ഷെ ഒരു മറയെത്തുന്നതിനുമുന്‍പേ സൂര്യരശ്മികള്‍ അവനെ നിശ്ചലനാക്കി മാറ്റിയിരിക്കും. 

മതങ്ങളുടെ ലഹരിയില്‍ മതിമറഞ്ഞരാജ്യങ്ങള്‍ കൊന്നും കൊലവിളിച്ചും നടത്തിയ യുദ്ധത്തിനുശേഷം വേര്‍പിരിഞ്ഞിട്ടും, അതിരുതിരിച്ചു ഭാഷതിരിച്ചു സംസ്കാരങ്ങള്‍ മാറ്റിയിട്ടും ശിലകള്‍ അവര്‍ അനക്കമില്ലാതെ തുടരുന്നു. അവളൊരുരാജ്യത്തും അവന്‍ വേറെരാജ്യത്തും. പകലുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ്.. രാത്രികളില്‍ ഒറ്റപ്പെടുന്ന ആരുമില്ലാത്ത അനാഥശില്പങ്ങള്‍.

എന്നാല്‍ ആരുമില്ലാ എന്നൊരു തോന്നല്‍ ശില്പങ്ങള്‍ക്കുണ്ടായിരുന്നില്ല. അവനെന്നും അവളുണ്ടായിരുന്നു. തിരിച്ച് അവള്‍ക്ക് അവനും. അവരുടെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. ശിലയായിമാറിയ ഹൃദയത്തില്‍ എവിടെയോ അവര്‍ പരസ്പരം ഇരുവര്‍ക്കും വേണ്ടി തുടിച്ചിരുന്നു. ശിലകളായി മാറിയ ഇരുവരെയും കാലങ്ങള്‍ മണ്ണിലേക്ക് താഴ്ത്തിയിരുന്നു. പക്ഷെ മണ്ണിലുറഞ്ഞുപോയ അവരുടെ കാലുകള്‍ ചുമക്കുന്ന ഈ ഭാരിച്ചകല്ലുകള്‍ അവരുടെ ഓര്‍മ്മകളെമാത്രം ഭൂമിക്കടിയിലേക്കു താഴ്ത്തിയിരുന്നില്ലാ. ഒരുപക്ഷേ അവന്‍റെ കാലുകള്‍ ഭൂമിയുമായി എത്രകണ്ട് ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ അത്രകണ്ട് അവളും അവന്‍റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നിരിക്കാം. 

സ്നേഹം, അതവന്‍ മറന്നുപോയില്ലെങ്കിലും മറന്നപോലെ ഭാവിച്ച പോലെയാണ് അവന്റെ നില്‍പ്പ് . അവന്‍റെ മനസ്സ് നിശ്ചലമായിട്ട് യുഗങ്ങളായിരിക്കെ ഈ ചെറുവികാരങ്ങള്‍ക്ക് അവന്‍റെ ശിലയായിമാറിയ കണ്ണുകളെ കരയിപ്പിക്കാനാകില്ല. പക്ഷെ അകലെയെങ്കിലും അവളുടെ മനസ്സിന്‍റെ പ്രകാശം അവന്‍റെ ഇരുട്ടില്‍ ഒരു ചെറിയവെട്ടം വീഴ്ത്തുന്നുണ്ട്. അതിലവന്‍റെ മുഖം എരിയുന്നുണ്ട്. അവളുടെമണമുള്ള കാറ്റുകള്‍ അവനെ തഴുകിക്കടന്നുപോകുമ്പോള്‍ അവന്‍റെ ഇന്ദ്രിയങ്ങള്‍ക്കു ജീവനുള്ളതുപോലെ തോന്നും. സഞ്ചാര സ്വാതന്ത്ര്യം നിഷിദ്ധമായ അവന്‍റെ കാലുകള്‍ക്ക് ജീവന്‍വെക്കുന്നപോലെ തോന്നും. പക്ഷെ ശിലകളുടെ നൊമ്പരങ്ങളും തുടിപ്പുകളും ആര് കാണുന്നു. 

എന്നുമുതലാണ് അതിരുകള്‍ തിരിച്ചെഴുതിയതെന്നറിയില്ല എന്നിരുന്നാലും പ്രണയത്തിന്‍റെ പ്രതിമകള്‍ക്കും ശാപങ്ങളുടെ ചരിത്രത്തിനും കഥകള്‍ പറയാനുണ്ടാകുമ്പോള്‍ അവരുടെസ്നേഹം മൃതിയടയാതെ എന്നും നിലനില്‍ക്കും. 

പണ്ട് ഇരുളിന്‍റെ നിഴലുകള്‍ തുന്നിവെച്ച തെരുവുകളിലൂടെ പ്രണയത്തിന്‍റെ രക്തമിറ്റുന്ന ചുവന്നസ്വപ്നങ്ങളെക്കൊണ്ട് അവളിലേക്കോടുമ്പോള്‍ അവന്‍ ഓര്‍ത്തുകാണില്ല ഒരു പ്രണയശില്പമായി അവനിങ്ങനെ കാലങ്ങളെ അതിജീവിച്ചു നിന്നുപോവും എന്ന്. ഇരു രാജ്യങ്ങളില്‍ നിന്നും രാത്രിയുടെ തുടക്കങ്ങളില്‍ തുടങ്ങുന്ന ഓട്ടങ്ങള്‍. ഒരിക്കലും നിക്കാതെ തളരാതെ ഓടിയെത്തിയ രാത്രികളിലൊന്നില്‍ വഞ്ചകനായി വന്നത് ആരാണ്? കാലമോ അതോ കാലംതെറ്റിയ ആഗ്രഹങ്ങളോ? 

അവരകപ്പെട്ട ആ ശാപം അവരുടെ സ്നേഹത്തെ ചരിത്രത്തില്‍ കുറിക്കുമ്പോള്‍ അവനില്‍ അടക്കംചെയ്യപ്പെട്ട ശിലകള്‍ പ്രണയാഗ്നികൊണ്ട് ഈ പ്രപഞ്ചത്തെമുഴുവന്‍ ശപിക്കുന്നുണ്ടാവും. നിശ്ചലമായ ഓര്‍മ്മകളും നിശ്ചലമാവാത്ത പ്രണയങ്ങളും. അണയാത്ത ശ്വാസഗതികളോടെ ജീവനോടെ ആ ശിലകകള്‍ക്കുള്ളില്‍ ഇപ്പോഴും അവര്‍ ഇരുവരിലേക്കും ഓടുന്നുണ്ട്. പ്രണയത്തിന്‍റെ ഓട്ടങ്ങള്‍! 

പകല്‍മാഞ്ഞ് ഇരുള്‍പരക്കുമ്പോള്‍ നിലാവിന്‍റെ ഔദാര്യം കിട്ടുമ്പോള്‍ ഉള്ളം ത്രസിക്കുന്നത് അവളെക്കാണുവാനായിരുന്നു. ശാപമേഘങ്ങളെ വെട്ടിച്ച് അവന്‍ എന്നും കുതിച്ചിരുന്നത് ഒരുനിമിഷമെങ്കില്‍ ഒരുനിമിഷം അവളോടൊത്ത് ചിലവഴിക്കാനായിരുന്നു. ഓരോതവണയും മരിച്ചുജീവിക്കുന്നതിനു തുല്യമായിരുന്നു ഓരോഓട്ടങ്ങളും. കാടും മലകളും താണ്ടി, പുഴകളെ നീന്തി, നിശബ്ദതയുടെ ആത്മാക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന മരുഭൂമികള്‍തുടങ്ങുന്ന വിജനമായപ്രദേശത്ത്‌ എത്തുകയെന്നത് ദുഷ്കരമായുള്ള കാര്യമായിരുന്നു. കഠിനമായ നിശ്ശബ്ദതയെപ്പുതച്ച് ഓരോരാത്രികളും കടന്നുപോകുമ്പോള്‍ അവളവനിലേക്കും അവനവളിലേക്കും നില്‍ക്കാതെ ഓടുകയായിരുന്നു. ശ്വാസവേഗങ്ങളെ അടക്കിസംസ്കരിച്ച ഓരോ കാല്‍വെപ്പുകളിലും അവന്‍റെ നിശ്വാസങ്ങളെ പുണരാന്‍കൊതിച്ച് അവളുടെ നെഞ്ചംകിലുങ്ങും. 

ശൂന്യമായിക്കിടക്കുന്ന തെരുവുകളുടെ വിജനതയില്‍ മറഞ്ഞുനിന്ന ഉരുളന്‍കല്ലുകളും ചതിക്കുന്നകുഴികളും ഒഴിവാക്കി അവളും ഓടി. അവളുടെ കാലുകള്‍ ക്ഷീണിച്ചില്ല. നിലാവൊലിച്ചിറങ്ങിയ പാതയോരത്ത്‌ അവളുടെ പാദങ്ങള്‍ തൊടുന്നമ്പോള്‍ ചോളവയലുകള്‍ക്കപ്പുറത്തുള്ള വീടുകളില്‍ വിളക്കണയുന്നതേയുണ്ടാകൂ. കാത്തിരിപ്പിന്‍റെ മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തിയ സ്നേഹങ്ങള്‍ അപ്പോഴേക്കുമവളെ വീര്‍പ്പുമുട്ടിക്കും. ആനേരം അവള്‍ ഓടാന്‍ തുടങ്ങും. 

ഓരോ രാത്രിക്കും ഓട്ടങ്ങളുടെയും കണ്ടുമുട്ടലുകളുടെയും തിരിച്ചോട്ടങ്ങളുടേയും ശരവേഗതയായിരുന്നു. വൈകിത്തുടങ്ങുന്ന ഓട്ടങ്ങളില്‍ ഒരിറ്റുനോട്ടം മാത്രം കിനിയുന്ന നിലാവുകള്‍. പകലിന്‍റെ പോര്‍വിളികളില്‍ ഉള്ളംകരിഞ്ഞു പോവുന്ന വിരഹത്തിന്‍റെ മണിക്കൂറുകളെ അതിജീവിച്ചു ബാക്കിയാവുന്ന കനവുകളെ താലോലിക്കാന്‍ നിശബ്ദതയുടെ നിറം കൂട്ടിയ രാവുകള്‍. ചിന്തകളുമായി കലഹിക്കുമ്പോഴൊക്കെയും അവര്‍ അന്നത്തെ രാത്രിയെ ഓര്‍ത്ത്‌ സമരസപ്പെടും. 

ഉറക്കംമുറിഞ്ഞ കരിവണ്ടുകള്‍ ഭ്രഷ്ട്കല്പിച്ച പച്ചക്കുതിരളെത്തിരഞ്ഞ് അലയുന്നനേരങ്ങളില്‍ കിതച്ചെത്തുന്ന അവന്‍ അവളുടെ നെഞ്ചിലേക്ക് വീഴുമ്പോഴേക്കും അവള്‍ കഴിഞ്ഞുപോയ മണിക്കൂറുകളുടെ ദൈര്‍ഘ്യത്തെപ്പറ്റി വാചാലയാകും. ഓടുന്നവഴികളില്‍ ഒളിഞ്ഞിരിക്കുന്ന കള്ളന്മാരുടെ വിരുതുകള്‍ തമാശയായി പറഞ്ഞുകൊടുക്കുന്ന അവളുടെ കണ്ണുകളിലേക്കുനോക്കുമ്പോള്‍ ആകാശത്തെ നക്ഷത്രങ്ങള്‍ ഇത്തിരിനാണത്തോടെ അടുത്ത പ്രണയരംഗത്തിന്‍റെ മധുരംനുണഞ്ഞിരിക്കും. 

രാത്രിയില്‍ തന്നെ തലോടിയുറക്കുന്ന പ്രേയസ്സിയുടെ കൂര്‍ത്തവിരലുകള്‍ അവന്‍റെസ്വപ്നങ്ങളെ നോവിക്കാറില്ല. എന്നിരുന്നാലും അവന്റെ ഉറക്കമുണര്‍ത്തുന്ന മണിയൊച്ചയായി അവളുടെ കണ്ണുകള്‍ ഈറനാവും. തിരിച്ചോടാനുള്ള താക്കീതുകളായി അവളുടെ കണ്ണുനീര്‍ പെയ്യുമ്പോള്‍ അവനും കരയാന്‍ തുടങ്ങുകയാവും. പുലര്‍ച്ചകളെപ്പേടിച്ചു തിരിച്ചോടുമ്പോഴും പിന്നോട്ട് മുഖംതിരിച്ച് അവനെ ചൂഴ്ന്നെടുക്കുന്ന അവളുടെ കണ്ണുകളിലെ തെളിച്ചത്തില്‍ അവന്‍ വഴിതെറ്റാതെ തിരിച്ചോടും. തണുപ്പെന്നോ ചൂടെന്നോ അറിയാതെ ഇരുവരും ഓടി. അണഞ്ഞെത്തുന്നതിനു മുന്‍പേ തിരിച്ചോടാന്‍തുടങ്ങുന്ന നേരത്ത് വഴിപിഴക്കാതിരിക്കാനുള്ള പ്രാര്‍ഥനയായിരുന്നു ഇരുവര്‍ക്കും. പേശികള്‍ വലിഞ്ഞില്ല. കല്ലുകളും മുള്ളുകളും തട്ടിവീണു മുറിഞ്ഞ കൈകാലുകള്‍ നില്‍ക്കാന്‍ ശാസിച്ചപ്പോഴും നില്‍ക്കാതെ അവര്‍ തിരിച്ചോടുകയായിരുന്നു. നാളെക്ക് ബാക്കി വെച്ച സ്നേഹങ്ങളുടെ കാഠിന്യം അവരുടെ ഹൃദയത്തെ ആര്‍ദ്രമാക്കിക്കൊണ്ടേയിരുന്നു. നൂറു നൂറു വഴികളിലൂടെ ഓടി ഒടുവില്‍ പരസ്പരം കൂടിച്ചേര്‍ന്ന് ഒന്നായി പ്രണയത്തില്‍ ലയിക്കുന്ന ഓട്ടങ്ങള്‍. 

*     *     *     * 

വ്യത്യസ്തനിറങ്ങളും വ്യത്യസ്തഭാഷകളും വ്യത്യസ്തമതങ്ങളും അതിന്‍റെ ആചാരങ്ങളും അനുശാസിച്ചിരുന്ന അയല്‍രാജ്യങ്ങള്‍ തങ്ങളുടെ ഉന്നമനത്തിനായി സന്ധിയില്‍ ഏര്‍പ്പെട്ടതുമുതല്‍ ഈ ശാപവാക്കുകള്‍ ആകാശത്തൊരു കരിമേഘമായി ഇളകാതെനില്‍ക്കുന്നു. മതാന്ധതയുടെ പകല്‍ വെളിച്ചത്തില്‍ ഇരുരാജ്യങ്ങളിലെ ആരെങ്കിലും ഭരണാതിര്‍ത്തി ലംഘിച്ചാല്‍ അവര്‍ ശിലയായി മാറുന്ന ശാപം. മതത്തിന്‍റെ വ്രണമഴുകുന്ന ഒരുകാലത്തെ പേടിച്ചാകുലരായ ഭരണാധികാരികളുടെയോ അതോ പ്രജകളുടെയോ സങ്കുചിതമായ ചിന്താഗതികളാല്‍ പരിണമിച്ചതായിരുന്നു ഈ ശാപസൂക്തങ്ങള്‍. കാലത്തിന്‍റെ വന്യമായ നീതി? ക്രൂരതയുടെ നീതി. പ്രണയത്തിനു നീതി. അന്ധമായ മതവിശ്വാസത്തിന്‍റെ മനസാക്ഷിയില്ലാത്ത ശാപനീതി. 

ശാപമേഘങ്ങളേ മറന്നു ധനുസ്സില്‍നിന്നുതിര്‍ന്ന അസ്ത്രംകണക്കെ അവന്‍ അന്നും ഓടി, അവളെമാത്രം ലക്ഷ്യമാക്കി. ഒടുവില്‍ വിജനമായ ഇരുട്ടുകുത്തിയ മണല്‍പ്പരപ്പില്‍ അവളെ കണ്ടുമുട്ടി. അവനെക്കാണാന്‍ തിടുക്കപ്പെട്ടുവരുന്നതിനിടെ കാലിടറിവീണുകിടക്കുന്ന അവളെ കണ്ടപ്പോള്‍ അവന്‍റെ നിശ്ശബ്ദമായ തേങ്ങലുകള്‍ക്ക് ഒച്ച വന്നു. അവളുടെ കണ്ണുകളില്‍ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ആഴമവന്‍ കണ്ടു. അതിനുമപ്പുറം വേദനയുടെ ഓളംവെട്ടുന്നതും. ആ വേദനതന്നെയായിരുന്നു അവരിരുവരുടേയും ജ്ഞാനസ്നാനം. 

ആ വേദനയേക്കാളും അധികമായി ശാപമേഘങ്ങളുടെ ഭീതികള്‍ അവളെ തളര്‍ത്തി. പാതയോരങ്ങളിലെ ചെറിയ വിഘ്നങ്ങള്‍പോലും അവളെ മരണഭീതിയുടെ ഇരുണ്ട കയങ്ങളിലേക്കാഴ്ത്തി. പക്ഷെ അന്നവള്‍ എന്തോ തീരുമാനിച്ചുറച്ചപോലെ കുമാരനോടു പെരുമാറി. സ്വയംശിക്ഷിക്കുക എന്നതും അതില്‍ ആനന്ദം ഉണ്ടന്നും കുമാരനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ശിലയായിമാറുക എന്നതും ഭൂമിയുടെ സ്പന്ദനം നിലക്കുന്ന അന്നുവരെ കുമാരനെ സ്നേഹിച്ചു നിര്‍വൃതിയിലലിയുകയെന്നതും അവള്‍ അവളെ സ്വയം ഓര്‍മ്മപ്പെടുത്തി. 

ഒരു ചെറുചിരിയോടെ തന്നെക്കാത്തുനിന്ന കുമാരനോട് അവള്‍ തന്‍റെസങ്കടങ്ങള്‍ കുടഞ്ഞിട്ടു. അതില്‍ പറന്നുപോയ പ്രതീക്ഷകളും സ്വപ്നങ്ങളും ശാപമേഘങ്ങളുടെ ക്രൂരതയില്‍ ഇല്ലാതായി. 

മരിക്കാന്‍ പേടിയായില്ലായിരുന്നു കുമാരന്. പക്ഷെ ശിലയായി ജീവനോടെ ഇരിക്കുക എന്നത് ആത്മഹത്യ പോലെയാണുതാനും. കുമാരന്‌ തന്‍റെ പ്രണയത്തിനു ആസ്ത്മ വന്നപോലെ തോന്നി. നില്‍ക്കാന്‍പോകുന്ന ശ്വാസം അതിന്‍റെ അവസാനത്തിലുണ്ടാകുന്ന വീര്‍പ്പുമുട്ടുപോലെ തോന്നി. 

" ഇനിയാവില്ല, ഇങ്ങനെ ഓടാന്‍. 
  എനിക്ക് വയ്യ. ഇങ്ങനെ പേടിച്ചു ജീവിക്കാന്‍. " 

അവളുടെ വിളറിക്കിടന്ന നിസ്സംഗതഭാവിക്കുന്ന ചുണ്ടുകളില്‍ തണുത്തമണല്‍ക്കാറ്റ് വീശിയടിച്ചു. അതുകണ്ടപ്പോള്‍ അവന്‍ അവനെ മറന്നുപോയി. 

"സ്വന്തം അവസ്ഥകളെ ഭയന്ന്‍ അന്നുതിരിച്ചോടുമ്പോള്‍ നമുക്ക് പിഴച്ചുപോയത് എന്തായിരുന്നുവെന്നോര്‍ക്കരുത്. നമുക്ക് സ്വയംശിക്ഷിച്ച് ഈ ജന്മത്തിനപ്പുറം എവിടെയാണെങ്കിലും വേര്‍പിരിയാതെ സ്നേഹിച്ചു നിലകൊള്ളാം. 

പിരിയുവാന്‍ സമയമടുക്കുന്തോറും ഞാന്‍ നിന്നിലേക്ക് കൂടുതല്‍ അടുക്കുകയാണ്‌. ഈ നിമിഷം ലോകമവസാനിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ വെറുതെ കൊതിക്കുന്നു. നാളെ ശിലയായി മാറി ഒരിക്കലും മരണത്തിനു കീഴടങ്ങാതെ നമ്മള്‍ ജീവിക്കും, യുഗങ്ങളോളം. 


ശിലകള്‍ക്ക്‌ മരണത്തിന്‍റെ വീര്‍പ്പുമുട്ടല്‍ ഉണ്ടാകുമോ കുമാരാ? ” 

അവനതിന്‍റെ ഉത്തരമറിയില്ലായിരുന്നു. നിസ്സഹയയായി തന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി അവളതുപറയുമ്പോഴും അവന്‍ നിശ്ചലനായിത്തന്നെ നിലകൊണ്ടു. അവനറിയാമായിരുന്നു നാളെവീണ്ടും ഇരുള്‍ പരക്കുമ്പോള്‍ അവളുടെകാലുകള്‍ ഇനിയൊരിക്കലും തന്നിലേക്ക് ഓടിയെത്തില്ലെന്ന്‍. 

അവളുടെ വിഹ്വലതകള്‍ ഒരുപക്ഷെ ഓട്ടത്തിന്‍റെ മുള്‍നാമ്പുകളേറ്റു കീറിമുറിഞ്ഞ ശരീരത്തേക്കുറിച്ചോ മരണഭയയം വഹിച്ചു വരുന്ന തണുത്ത കാറ്റേറ്റിട്ടോ ഒന്നുമായിരുന്നില്ല. നിശബ്ദതയില്‍ തേങ്ങുന്ന പാതയോരങ്ങള്‍ പിന്നിടുമ്പോള്‍ പ്രണയത്തിനും മരണത്തിനുമിടക്കുള്ള ഒറ്റപ്പെടലുകാളാവാം. ശാപം വര്‍ഷിക്കുന്ന മേഘങ്ങളെ പരിപാലിക്കുന്ന ഒരുകൂട്ടം മതാന്ധരയായ ജനങ്ങളോടുള്ള അനുകമ്പയാവാം.. അതിലപ്പുറം ഈ കണ്ടുമുട്ടലിന്‍റെ സന്തോഷത്തില്‍ പതയുന്ന ഭക്തിയുള്ള പ്രാര്‍ത്ഥനകളാവാം. 

പക്ഷെ.. 

അന്ന് തിരിച്ചോടുമ്പോള്‍ അവളവനെ നോക്കിയില്ല. പകുതിയിലെവിടെയോ അവള്‍ തളര്‍ന്നുവീഴുകയായിരുന്നു. 

ആപത്തു പതിയിരിക്കുന്ന പാതകള്‍ തുടങ്ങുന്നതുവരെ ചിന്തകളുടെ മുള്‍വഴിയിലൂടെ അവന്‍ തന്‍റെ രാജ്യത്തേക്ക് ഓടി. അന്നത്തെ രാത്രിയിലെ തണുത്തകാറ്റ് വഴികാണിച്ച ഊടുവഴികള്‍ അവന്‍ തിരെഞ്ഞെടുത്തില്ല. ഭരണാതിര്‍ത്തിയിലേ കവാടം കടക്കുന്നതിനുമുമ്പേ അവളെയോര്‍ത്തവന്‍ കരഞ്ഞുപോയി. 

പ്രണയത്തിന്‍റെ പ്രയാണങ്ങളുടെ അവസാനങ്ങളില്‍ എവിടെയാണ് വഴിപിഴച്ചത്. ദിവസങ്ങളുടെ ദൂരങ്ങള്‍ മണിക്കൂറുകളില്‍ ഓടിയെത്തുന്ന നമ്മള്‍. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളെ ഭേദിച്ചു നീയും ഞാനും ഓടിയെത്തിയ പ്രണയത്തിന്‍റെ വഴികള്‍. ഓരോതവണ തിരിച്ചോടുമ്പോഴും അവളെ നഷ്ടപ്പെടുന്ന പ്രതീതിയായിരുന്നു അവന്. പക്ഷെ ഇന്നവന് തീര്‍ച്ചപെട്ടകാര്യം അവളുടെ നിശ്ചലമാവാന്‍പോകുന്ന ശ്വാസഗതികളായിരുന്നു. സ്വയംശിക്ഷിക്കുക എന്നൊരു മാര്‍ഗ്ഗം തിരെഞ്ഞെടുത്ത് അവള്‍ രാജ്യങ്ങളുടെ മതശാപങ്ങളെ വെല്ലുവിളിക്കയായിരിക്കും. ഒരുപക്ഷെ ഇന്ന് കാലംതെറ്റിച്ചുവരുന്ന പകലില്‍ എനിക്കും ആശ്വാസം കണ്ടത്തെനാവും. 

"അന്ധരായ ജനങ്ങളുടെ മതാചാരങ്ങളും അതിന്‍റെ വികാരവിക്ഷോഭങ്ങളുടെ കാട്ടുനീതിയില്‍ ഇരകളാവുന്ന പ്രണയിക്കുന്ന മനുഷ്യര്‍ക്ക്‌ പാപമോചനമില്ല, ചിന്തകളും ഭാവങ്ങളും അദൃശ്യമായ ആശയവിനിമയങ്ങളായിരിക്കെ ഞാനും നീയും ശിലയായി എന്നും ജീവിക്കും." കുമാരന്‍ തന്‍റെ മേല്‍ക്കുപതിയുന്ന സൂര്യകിരണങ്ങളെ അറിഞ്ഞ് മേല്‍പ്പോട്ടു നോക്കി. 

*    *    *    * 

അന്ധരായ ജനങ്ങള്‍ക്ക്‌ ഇനിയൊരുജന്മം എന്നൊരു വ്യര്‍ത്ഥമോഹവാഗ്ദാനമെങ്കിലുമുണ്ട് ആശ്വസിക്കുവാന്‍. പക്ഷെ ഇവര്‍ക്കോ? 

ഉറക്കം തീണ്ടാത്ത കണ്ണുകള്‍ തുറന്നുവെച്ച് ലോകത്തെ തുറിച്ചുനോക്കുന്ന ശില്പങ്ങള്‍ക്ക് അവരുടെ മേനിയഴകുനഷ്ടമായിട്ടില്ല. പരുക്കന്‍കാറ്റ് വീശുമ്പോഴും ഭൂമിപിളര്‍ക്കുന്ന ഇടിവെട്ടുമ്പോഴും അചഞ്ചലരായി നിന്ന് ശാപംപേറുന്ന അനങ്ങാപ്പാറകള്‍ മാത്രമായി അവരവശേഷിക്കുമ്പോള്‍ ചോദ്യങ്ങളിനിയും അവസാനിക്കുന്നില്ല. എന്നെങ്കിലും ശാപമോക്ഷത്തിന്‍റെ വരുംകാലങ്ങള്‍ ഇവരെ അനുഗ്രഹിക്കുമോ? അറിയില്ല. പക്ഷെ ഒന്നെനിക്കറിയാം ഇനി ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഇനിയൊരുജനമത്തോളം പറഞ്ഞു തീര്‍ക്കാനാവാത്ത വിശേഷങ്ങള്‍ ഉണ്ടാകും ഇരുവര്‍ക്കും. 

പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്നതു അവന്‍ അവളോട്‌ പറയുന്ന വാക്കുകളാണ്. 

"മുഖമില്ലാത്ത എന്‍റെയീ ഇരുളിലേക്ക് നോക്കുമ്പോള്‍ ശൂന്യതയല്ലാതെ നീ വേറെയെന്തെങ്കിലും കാണുന്നുണ്ടോ? കാലങ്ങളായി ഖനീഭവിച്ച ഭാവങ്ങളില്‍ കാലത്തിന്‍റെ ക്രൂരതയല്ലാതെ വേറൊന്നും ഇല്ലാതിരിക്കെ നീ ഇനിയും എന്താണ് കാത്തിരിക്കുന്നത്. ഇനിയൊരിക്കലും തിരികെലഭിക്കാത്ത പരിലാളനകളുടെ സ്നേഹമെന്ന പ്രഹസനത്തിനുവേണ്ടി മാത്രമാണെങ്കില്‍ ആ ദയമാത്രം ഈ ലോകത്തില്‍നിന്ന് പ്രതീക്ഷിക്കാതിരിക്കുക. മതങ്ങളുടെ ലഹരിയില്‍ പ്രണയം നിഷേധിച്ച ഈ ലോകത്തെ നീ വെറുക്കുക. ശിലയായിരിക്കുക." 

ശിലയുടെ.. അല്ല ശിലകളുടെ നൊമ്പരങ്ങള്‍‌!


2013 ജനുവരി 28, തിങ്കളാഴ്‌ച

ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !



ആമുഖം
-------------
ഇതൊരു ആഖ്യാനശൈലീ പരീക്ഷണകഥയാണ്. ഇതിലെ സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് കാലഗണനാപരമായി (chronological order) അല്ലാതെയാണ്. നോണ്‍ലിനിയര്‍ നരേറ്റിവ് ഘടനയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്ര വ്യക്തിജീവിതത്തിലെ പ്രത്യേകഘട്ടങ്ങള്‍ അധ്യായങ്ങളാക്കി തിരിച്ചാണ് എഴുതിയിരിക്കുന്നത്.

മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്. ഈ കഥയില്‍ പ്രതിപാതിച്ച സംഭവങ്ങള്‍ ഒരു സുഹൃത്തിന്‍റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്; കൂടെ സ്വല്‍പ്പം ഭാവനയും ചേര്‍ത്തു എഴുതിയത്.



ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !

ഫാത്തിഹിന്‍റെ അന്വേഷണങ്ങള്‍
------------------------------------------
പകലിന്‍റെ കനത്ത നിഴലുകളെ താങ്ങാനാവാതെ ഫാത്തിഹിന്‍റെ കണ്ണുകള്‍‍. ഒന്നും കാണുന്നില്ല. വയറ് കൊളുത്തി വലിക്കുന്ന വേദനമാത്രം. ഫാത്തിഹ് ചുമര്‍ ചാരിപ്പിടിച്ച് ഏറെനേരം നിന്നു. വയറിനാണ് വേദന. വേദന വന്നാല്‍ കണ്ണുകാണില്ല. സൃഷ്ടിയുടെ പിഴവോ? അതോ അറ്റജീവനെ തുന്നിക്കൊളുത്തിവിട്ട ആ പഴയ ഡോക്ടറുടെ കരവിരുതോ? ഈ നാലുമാസം കൊണ്ട് ഫാത്തിഹ് സഹിച്ചത് ഓരോ വരവിലും വയറിന്‍റെ ആഴങ്ങളിലേക്ക് തിരുകിക്കയറുന്ന രാകിമിനുക്കിയെത്തുന്ന വേദനകളെയായിരുന്നു. 

ഫാത്തിഹ് ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ് എന്നാണ് ഇന്നുകണ്ട ജോസഫ് ഡോക്ടറും പറഞ്ഞത്. എല്ലാ ജോസഫ് ഡോക്ടര്‍മാരും ഇതുതന്നയാണ് പറയുന്നത്. പണ്ടു സംഭവിച്ച അപകടത്തില്‍ ചതഞ്ഞുപോയ ഞരമ്പുകള്‍ തുന്നിച്ചേര്‍ത്ത രീതി ശാസ്ത്രീയമായല്ല. പക്ഷെ ആ ചതഞ്ഞ ഞരമ്പുകള്‍ തുന്നിച്ചേര്‍ക്കാതെ ജീവന്‍ നിലനില്‍ക്കുകയുമില്ലായിരുന്നു. അതിശയോക്തിയോടെ ഡോക്ടര്‍ ഫാത്തിഹിനെ നോക്കിക്കാണുമ്പോള്‍ നിരാശയോടെ ഫാത്തിഹ് ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങും.

സ്വയം പഴിച്ചുനില്‍ക്കുന്ന ഫാത്തിഹിന്റെ കണ്ണിലേക്ക് കാഴ്ച വീണ്ടും പതിയെ മടങ്ങിവന്നു. വേദനയും മെല്ലെ ഏതോ ഇരുട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഊന്നുനടന്നു ബൈക്കിന്‍റെ അടുത്തു ചെന്നുനിന്നു. അപരിചിതരുടെ അവജ്ഞയോടുള്ള നോട്ടത്തിന് ഫാത്തിഹിനു പുച്ഛം നിറഞ്ഞ ചിരിമാത്രമായിരുന്നു ഉത്തരങ്ങള്‍. അവരുടെ കാഴ്ചയില്‍ ഫാത്തിഹൊരു കള്ളുകുടിയനായിരിക്കും.

ഇന്നിപ്പൊ മൂന്നാമത്തെ ആശുപത്രിയാണ്, ആശുപത്രികളല്ലാതെ ചെറിയ ക്ലിനിക്കുകളായും മറ്റും വേറെയും ആറു ജോസഫ് ഡോക്ടര്‍മാര്‍. മൊത്തം എഴുപതോളം ജോസഫ് ഡോക്ടര്‍മാരെ കണ്ടു. ഫാത്തിഹ് തിരയുന്ന ജോസഫ് ഡോക്ടര്‍ ഇവിടെയെവിടെയുമില്ല. തിരച്ചില്‍ മാത്രം ബാക്കി. 

ഉറക്കമില്ലാത്ത രാത്രികള്. വേദനയുടെ അനിശ്ചിതത്വത്തില്‍ പകച്ചു നിന്നുപോവുന്ന സ്വപ്‌നങ്ങള്‍. ആരുടെയോ അകന്നുപോകുന്ന കാലൊച്ചകള്‍. സെലിന്‍റെ കൂടെയുള്ള ബൈക്ക് യാത്രകള്‍. 


സെലിന്‍ !
------------
സെലിന്‍! അനാട്ടമി വിദ്യാര്‍ഥിനി. ഫാത്തിഹിന്‍റെ കോളേജ്മേറ്റ്. 

സെലിന്‍ ഫാത്തിഹിനെ ഈ നഗരത്തില്‍ വെച്ചാണ് പരിചയപ്പെടുന്നത്. അവര്‍ക്ക് തമ്മില്‍ പറയാന്‍ ഏറെയൊന്നുമില്ലായിരുന്നെകിലും പെട്ടെന്നാണ് അടുത്തത്‌. ആര്‍ട്ട്ക്ലാസ്സിലെ ചിത്രങ്ങളിക്കിടയില്‍ നിന്ന രണ്ടു നിഴലുകള്‍പോലെ അവര്‍ കണ്ടതും പരിചയപ്പെട്ടതും എല്ലാം പെട്ടെന്നായിരുന്നു. 

നെഞ്ചിടിപ്പിന്‍റെ നോട്ടങ്ങളും, അതിന്‍റെ സഹനത്തില്‍ നിന്നുയരുന്ന ഭാരമേറിയ വാക്കുകള്‍ക്കുമപ്പുറം ഇടറുന്ന മനസ്സുകളേക്കാള്‍ വിശാലമാണ് സൗഹൃദമെന്ന സഹജീവികളുടെ ലോകമെന്ന തിരിച്ചറിവില്‍ പലരും പ്രണയമുപേക്ഷിച്ചു സുഹൃത്തുക്കളായി. പക്ഷെ സെലിന് ഫാത്തിഹിന്‍റെ സുഹൃത്തുമാത്രമായി ഒതുങ്ങിക്കൂടാന്‍ കഴിയില്ലായിരുന്നു. ആ ദിവസങ്ങളില്‍ ഇരുള്‍ കെട്ടടങ്ങുന്ന നേരത്ത് ഒരു വിഭ്രാന്തിയായി അവളിലേക്ക് പടര്‍ന്നുകയറിയ ഭാവസാന്ദ്രമായ തുടര്‍സ്വപ്നങ്ങളായിരുന്നു ഫാത്തിഹ്‍! 

പ്രണയത്തിന്‍റെ കുളിരുള്ള മഴയില്‍ നനഞ്ഞുനിന്ന ഒരു ദിവസം സെലിന്‍ മനസ്സുതുറന്നപ്പോള്‍ ഫാത്തിഹ് അവളെ തടഞ്ഞില്ല. അന്നുമുതല്‍ ഫാത്തിഹെന്ന തീരത്തെ അണയാതെ പുണരുന്ന അലകളായി മാറി സെലിന്‍. 

ഫോണില്‍ സെലിന്‍റെ നമ്പര്‍ തിരയുന്ന ഫാത്തിഹിനു കിട്ടിയത് വെറും ജോസഫുമാരെ ആയിരുന്നു.

സെലിന്‍ ശാന്തതയോടെ ചോദിച്ചു.

"എന്തായി?"

"എന്താവാന്‍?"

"നിര്‍മലയിലെ ജോസഫ്?"

"അയാളല്ല."

അപ്പുറത്ത് മൗനം. സെലിനും മടുത്തു കാണും. നാലുമാസത്തോളം നിരവധി ജോസഫ് ഡോക്ടര്‍മാര്‍. മടിയൊന്നുമില്ലാതെ സെലിന്‍ കൂടെയുണ്ട്! 

ഇതുവരെ കയറാത്ത മറ്റൊരാശുപത്രി! അവിടെ ജോസഫ് എന്നൊരു ഡോക്ടറില്ല, ജോസഫ് എന്നുപേരുള്ള പേഷ്യന്‍റ് ഉണ്ട്, രണ്ടുദിവസം മുമ്പ് ആത്മഹത്യക്കുശ്രമിച്ച് കോമയില്‍ കിടക്കുന്ന ഒരു വൃദ്ധന്‍. അയാളുടെ ഭാര്യയെ ഇന്‍ഫര്‍മേഷന്‍ ഡസ്കില്‍ വെച്ചുകണ്ടു. അവര്‍ ഫാത്തിഹിനെ സൂക്ഷിച്ചുനോക്കി. ഫാത്തിഹിന് അവരെക്കണ്ടപ്പോള്‍ അലിവുതോന്നി. ജോസഫ് എന്നൊരു ഡോക്ടര്‍ അവിടെ ഇല്ലെന്ന് തീര്‍ത്തുപറഞ്ഞ നേഴ്സിനോട് പുച്ഛംതോന്നി. വെള്ളയണിഞ്ഞ മാലാഘമാരാണുപോലും‍, അവര്‍ക്ക് ലവലേശം ദയയില്ല. 

ഫാത്തിഹിന്‍റെ മനസ്സില്‍ നിരാശതോന്നി. ഈ നഗരത്തില്‍ ജോസഫ് എന്നുപേരുള്ള മറ്റൊരു ഡോക്ടര്‍ ഇനിയില്ല. വയറുവേദനയല്ല പ്രശ്നം. പക്ഷെ താനിതുവരെ കാണാത്ത ആ ഡോക്ടര്‍, തന്‍റെ ജീവന്‍ ഇപ്പോഴും പ്രകാശിപ്പിച്ചുനിര്‍ത്തുന്ന ഏതോ ഒരു ഘടകം, അയാളോടുള്ള നന്ദി മാത്രം. ചിലപ്പോള്‍ അയാള്‍ക്ക് തന്നെ ഈ വേദനയില്‍ നിന്നും രക്ഷപ്പെടുത്താനാകും.


അഹമ്മദും ഫാത്തിമയും
------------------------------
ദിവസങ്ങള്‍ കൊഴിയുന്നു എന്നല്ലാതെ ജീവിതത്തില്‍ അഹമ്മദിനും ഫാത്തിമക്കും മാറ്റങ്ങളൊന്നുമില്ല. മക്കളും, മക്കളുടെ മക്കളുമൊക്കെയായി എല്ലാവരുമുണ്ട്.  എന്നിട്ടും ആരുമില്ലാത്തപോലെ അഹമ്മദും, ഫാത്തിമയും. അവര്‍ ദൈവത്തിന്‍റെ കാരുണ്യത്തില്‍ കണ്ണുനനച്ചു കഴിഞ്ഞു. അഹമ്മദിന്‍റെ ചിന്തകളെ മുറിപ്പെടുത്തി സുലൈമാനിയുമായി എത്തുന്ന ഫത്തിമയുടെ നോട്ടങ്ങള്‍ക്ക് പകരമായി അഹമ്മദ്‌ നിസ്സംഗത കലര്‍ന്ന ചിരി സൃഷ്ടിക്കും. ഖുര്‍ആനിലും ദുആകളിലും മുഴുകിയിരുന്ന് അവര്‍ക്കുമാത്രമായുള്ള അര്‍ത്ഥമില്ലാത്ത ജീവിതങ്ങളെ ജീവിച്ചു. 

ദിവസങ്ങള്‍ കൊഴിഞ്ഞുവീഴുന്നത് അവരറിയുന്നുണ്ടായിരുന്നില്ല. പാടത്തും, വരമ്പത്തുമായി അഹമ്മദും ഫാത്തിമയും പകലുകളില്‍ വിത്ത്‌ വിതച്ചു, നനച്ചു കൊയ്ത്, ഉണ്ടും ഉറങ്ങിയും, വരണ്ട കാലാവസ്ഥകളില്‍ മൂകരായും ലക്ഷ്യമില്ലാതെ ജീവിച്ചു. വല്ലപ്പോഴും വിരുന്നുവരുന്ന മക്കളും അവരുടെ കുട്ടികളുമുണ്ടാക്കുന്ന ഒച്ചപ്പാടില്‍ അഹമ്മദും ഫത്തിമയും അതിയായി സന്തോഷിക്കും. അവര്‍ മടങ്ങിപോകുമ്പോള്‍ മരണവീടുപോലെ ഓരോ കോണുകളിലേക്ക് തലതിരിച്ചിരിന്നു ഓരോ ചിന്തകളില്‍ മുഴുകും.

അന്നാകാശത്ത് മഗരിബിന്‍റെ ചുവന്നനിറത്തിന് കനംകുറയുന്ന നേരത്ത് അഹമ്മദും ഫാത്തിമയും നിസ്കരിച്ചു. ദിക്ക്റുകളുടേയും, ദുആകളുടേയും ഇടയിലുള്ള നിശബ്ദതയെ ബുദ്ധിമുട്ടിച്ച് ചെവികളെ നോവിക്കുന്ന കരച്ചിലായി ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയില്‍ ഇടറിയ ശബ്ദം കേട്ടുപകച്ച അഹമ്മദ്‌ ക്ഷമയോടെ ഫോണിലെ അപരിചിതമായ ആ ശബ്ദത്തോട് പ്രതികരിച്ചു. ഫാത്തിമ തെല്ലതിശയത്തോടെ അത് നോക്കിക്കൊണ്ട്നിന്നു. സംഭാഷണം കഴിഞ്ഞ ശേഷം അഹമ്മദ്‌ ഉമ്മറത്തെ ചാരുപടിയില്‍ വന്നിരുന്നു. ഫാത്തിമ ചോദിച്ചത് അഹമ്മദ്‌ കേട്ടില്ല. അഹമ്മദ് അപ്പോഴും ആ പരിചിതമായ ശബ്ദത്തിലേക്ക് കാതോര്‍ത്ത് കാലുംനീട്ടിയിരുന്നു.


അയാള്‍: ഏകാന്തതയിലേക്കുള്ള നടത്തം
--------------------------------------------------
നീണ്ട പകലുകള്‍, യുഗങ്ങളായിത്തോന്നിപ്പിക്കുന്ന ഇരുട്ടുമൂടിയ രാത്രികള്‍, ലക്ഷ്യമില്ലാതെ അലയുന്ന ചിന്തകള്‍, മനസ്സിനെ കുത്തിനോവിക്കുന്ന ഓര്‍മകളില്‍ ജീവനില്ലാതെ ജീവിക്കുകയായിരുന്നു അയാള്‍. പ്രായത്തിന്‍റെ അലസതകള്‍ വേറെയും. അയാള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ടായിരുന്നു. നല്ലൊരു ജീവിതമുണ്ടായിരുന്നു. ആ ജീവിതത്തിനു നിറം പകരുന്ന കുഞ്ഞു ജീവനുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അതായിരുന്നു അയാളുടെ ജീവിതത്തെ രണ്ടു കാലഘട്ടങ്ങളായിത്തിരിച്ച വൈഷമ്യം. 

ഭാര്യക്ക്‌ ഗര്‍ഭധാരണശേഷിയുണ്ടായിരുന്നില്ല. അതുകൊണ്ടയാള്‍ ഭാര്യയെ ജീവിതത്തില്‍ നിന്നുതന്നെ ഒഴിവാക്കി. അവള്‍ പോയതോടെ അയാള്‍ ഒറ്റപ്പെട്ടു. അയാള്‍ കുറ്റബോധത്തിലായിരുന്നു‍. മദ്യക്കുപ്പിയുടെ മൂടിത്തുമ്പത്തു കയറി കുപ്പിയുടെ ഉള്ളിലേക്ക് ചാടി ലഹരിയില്‍ മുങ്ങിമരിക്കുന്ന പുതിയ ജീവിതത്തില്‍ അയാള്‍ക്ക്‌ നഷടപ്പെട്ടത്‌ അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയത് അയാളുടെ ഭാര്യയെയായിരുന്നു. ബെറ്റീന തന്നെ മടുത്ത്‌ ഇട്ടെറിഞ്ഞു പോയതല്ല. മറിച്ച്, താന്‍ ഓടിച്ചു വിട്ടവളാണ്. 

"മക്കളില്ലാന്നു വെച്ച്?"
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ സൃഷ്ടിച്ച് അയാള്‍ വിറയോടെ മദ്യത്തിന്‍റെ കയ്പ്പില്‍ മുങ്ങി. ലഹരി അയാളെ ബാധിക്കില്ലായിരുന്നു. എന്നിട്ടും ലഹരി ബാധിച്ച ഒരുവനെപ്പോലെ ബെറ്റീനക്ക് വേണ്ടി കരഞ്ഞ്, മൂകമായി വിങ്ങിപ്പൊട്ടി. ഇരുട്ടുകളില്‍ കണ്ണുനീരോഴുക്കി. ബെറ്റീന ഭംഗിയോടെ തുടച്ചു സൂക്ഷിച്ചിരുന്ന മേശയും, വിരിപ്പും വൃത്തികേടായിക്കിടന്നു. ബെറ്റീയുണ്ടെങ്കില്‍ അയാള്‍ കരയുമായിരുന്നില്ല. അയാള്‍ തന്‍റെ ജീവിതത്തെ ശപിച്ച് കണ്ണീരൊഴുക്കുമായിരുന്നില്ല. 


ഫാത്തിഹിന്‍റെ തുടരന്വേഷണങ്ങള്‍
---------------------------------------------
ഫാത്തിഹ് തന്‍റെ വേദനകളെ മറന്ന് തനിക്ക് രണ്ടാം ജീവന്‍ തന്ന ജോസഫെന്ന ഡോക്ടറെത്തേടി അലഞ്ഞു. 

ഇതുവരെ കയറാത്ത പുതിയ ആശുപത്രികള്‍‍, ചെറിയ ചെറിയ നഴ്സിംഗ് ക്ലിനിക്കുകള്‍. 

രാത്രിയില്‍ ഫാത്തിഹ് സെലിന്‍റെ പതിഞ്ഞ ശബ്ദത്തില്‍ അലിഞ്ഞുറങ്ങി. 

ഫോണ്‍ ചെയ്യുമ്പോള്‍ ഫാത്തിഹിനെക്കൊണ്ട് അവള്‍ അധികം സംസാരിപ്പിക്കാറില്ല. ഒരു കേള്‍വിക്കാരനായി ഫാത്തിഹിനെയിരുത്തും. അവളുടെ ദിവസത്തിലെ എല്ലാ സംഭവങ്ങളും വിവരിച്ചുകൊടുക്കും, ക്ലാസിലെയും വീട്ടിലെയും തമാശകള്‍ പറഞ്ഞ് അവനെ ഒരു ചുംബനത്തിന്‍റെ പതിഞ്ഞ ശബ്ദത്തില്‍ അവളുറക്കും. സ്വപ്നങ്ങളില്‍ അവള്‍ അവന്‍റെ തോളില്‍ തലചായ്ച്ചുകിടക്കും. അവളുടെ മുടിയിഴകളില്‍ക്കോര്‍ത്ത മുത്തുകള്‍ അവന്‍ എണ്ണംകൂട്ടി ചേര്‍ത്തുവെക്കും. അവരെ തഴുകുന്ന തണുത്ത കാറ്റില്‍ പറക്കുന്ന അവളുടെ നീളമുള്ള ചെമ്പന്‍മുടികളെ അവന്‍ ഉമ്മവെക്കും.

വേദനകളില്‍ പുലരുന്ന ദിവസങ്ങളെ ഫാത്തിഹ് ശപിക്കും. ആര്‍ട്ട് ക്ലാസ്സ് കഴിഞ്ഞാല്‍ ഫാത്തിഹ് വീണ്ടും നഗരത്തിന്‍റെ തിരക്കിലേക്ക് കലരും. ഇതുവരെ കയറിനോക്കാത്ത ആശുപത്രികളില്‍ ജോസഫ് ഡോക്ടര്‍മാരെ തിരയും. നിരാശയോടെ തിരിച്ചുവരുന്ന ഫാത്തിഹിനെ നോക്കി സെലിന്‍ ചിരിക്കാന്‍ ശ്രമിക്കും.


അഹമ്മദും ഫാത്തിമ്മയും: ഓര്‍മ്മകള്‍
----------------------------------------------
തന്‍റെ ചോരയെ ജീവനായി കണ്ടപ്പോള്‍ അഹമ്മദ്‌ അറിയാതെ പറഞ്ഞു. "മാഷാ അല്ലാഹ്". അത് കേട്ടപ്പോള്‍ ഫാത്തിമയുടെ  മുഖത്ത്  നാണം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. 
ഡോക്ടര്‍ ബെറ്റീന അഹമ്മദിനോട് പറഞ്ഞു.

"നിങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹമുള്ളവരാണ്. 
 ഏറെ ബുദ്ധിമുട്ടിയാണെങ്കിലും രണ്ടുപേരെയും ജീവനോടെ തിരിച്ചു കിട്ടി. 
 ഇവിടുള്ള സൗകര്യങ്ങള്‍ വച്ച് ഇതൊരു അത്ഭുതമാണ്. 
 നിങ്ങളുടെ മകനെ നോക്കൂ. 
 അവന്‍റെ മുഖത്തെ ഐശ്വര്യം നോക്കൂ."

അത്രക്കും ഓമനത്തമുള്ള കുട്ടിയായിരുന്നു അഹമ്മദിനും ഫാത്തിമക്കും പിറന്നത്. ആദ്യത്തെത്  ഒരാണും, രണ്ടാമത്തേത് പെണ്ണുമായി രണ്ടു കുഞ്ഞുകള്‍ അവര്‍ക്കുണ്ട്. മൂന്നാമത്തെ കുഞ്ഞാണിത്. ആദ്യത്തെ കുട്ടികള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അവനുണ്ടായിരുന്നു. ആ പരിസരത്തുള്ള എല്ലാവരും വന്നു കുട്ടിയെ കണ്ടു, അവനെ കളിപ്പിച്ചു, ചിരിപ്പിച്ചു. അവര്‍ക്കെല്ലാവര്‍ക്കും കുഞ്ഞിനെ അത്രയ്ക്ക് ഇഷ്ടമായി. ബെറ്റീനയായിരുന്നു കുഞ്ഞിനെ എപ്പോഴും വന്നുകണ്ടിരുന്നത്. അവര്‍ക്കെന്തോ ആ കുഞ്ഞിനെ അത്രക്കിഷ്ടപ്പെട്ടിരിക്കണം. 

അവരവന്‍റെ ഓരോ ചലനങ്ങളെയും ഫാത്തിമക്ക് കാണിച്ചുകൊടുത്തു. ഫാത്തിമക്ക് പകരം അവര്‍ കുഞ്ഞിനെ പാട്ടുപാടിയുറക്കി. മണമുള്ള നീല നിറമുള്ള റബ്ബര്‍ഷീറ്റില്‍ കിടന്നുറങ്ങുന്ന അവന്‍റെ ഓമനത്തമുള്ള മുഖത്തുനോക്കി ബെറ്റീന ഇടയ്ക്കു ഫാത്തിമ കാണാതെ കണ്ണീര്‍പൊഴിക്കും. പഴക്കംചെന്ന ആ കൊച്ചുമുറിയിലാകെ അവന്‍റെ വിശന്നുള്ള കരച്ചില്‍ നിറയുമ്പോള്‍ ഫാത്തിമ അവന്‍റെ വായിലേക്ക് അവളുടെ അമൃതപ്രവാഹത്തിന്റെ മൊട്ടു തിരുകിക്കയറ്റും. ചെറിയ ശബ്ദത്തില്‍ ആര്‍ത്തിയോടെ കുടിക്കുബോള്‍ അവന്‍റെ കാലുകള്‍ അടുത്തിരിക്കുന്ന ബെറ്റീനയുടെ ദേഹത്ത് തട്ടിക്കും.  


സെലിന്‍: പ്രതീക്ഷയും നിസ്സഹായതയും
-------------------------------------------------
സെലിനെ വിളിച്ചു. ജോസഫ് എന്ന് പേരുള്ള ഒരു പീഡിയാട്രിക്ക് ഡോക്ടറെക്കുറിച്ച് അവള്‍ തന്നെയാണ് പറഞ്ഞത്. അവളുമൊന്നിച്ച് തനിച്ചു കുറച്ചു സമയം ചെലവഴിക്കണം എന്നതുകൂടി മനസ്സിലുണ്ടായിരുന്നു. ഇങ്ങനെയൊരു അവസരമാണെങ്കിലും സാരമില്ല. അതുമല്ല അവള്‍ക്ക് ബൈക്ക് യാത്ര ഹരമാണ്, തന്നെ ചുറ്റിപ്പിടിച്ച് ഇരുന്നോളും. 

കറുപ്പണിഞ്ഞ പാതകള്‍ വീശിയ തണുത്ത കാറ്റില്‍ സുഖം പിടിച്ചു സെലിന്‍ ഫാത്തിഹിന്‍റെ പിന്നില്‍ ചാഞ്ഞിരുന്നു. വഴികളില്‍ കാണുന്ന എല്ലാ കാഴ്ചകളിലും അവനായിക്കരുതിവെച്ച ചിന്തകളെ അവള്‍ പറഞ്ഞു കൊടുക്കും. 

ചെറിയ ആശുപത്രി, ജോസഫ്‌ എന്ന് പേരുള്ള ഡോക്ടര്‍ ഉണ്ടവിടെ. പക്ഷെ ഫാത്തിഹ് അവര്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടര്‍ അയാളല്ല.

തിരിച്ചു പോരുമ്പോള്‍ ഫാത്തിഹ് സെലിനെ കുറ്റം പറഞ്ഞു. ശരിക്കും അന്വേഷിച്ച് നോക്കാമായിരുന്നു. വെറുതെ ഇത്രയും സമയം കളയേണ്ട ആവശ്യമില്ലായിരുന്നു എന്നൊക്കെപ്പറഞ്ഞു. ബൈക്ക് ഓടിക്കുമ്പോള്‍ സെലിന്‍ ചുറ്റിപ്പിടിക്കാന്‍ തുനിഞ്ഞപ്പോള്‍ ഈര്‍ഷ്യയോടെ മുന്നിലേക്ക്‌ ആഞ്ഞിരുന്നു. ഇയാളല്ല അയാള്‍ എന്നൊക്കെപ്പറഞ്ഞു വെറുതെ എന്തൊക്കെയോ പിറുപിറുത്തു. സെലിനും സങ്കടമായി. വെറുതെ എന്തൊക്കെയോ പറഞ്ഞു ഫാത്തിഹ് സെലിനോട് തട്ടിക്കയറി. ആ തണുത്ത കാറ്റില്‍ സെലിന്‍റെ കണ്ണുനീര്‍ പിന്നിലേക്കൊഴുകി.


അയാള്‍: പ്രതീക്ഷയുടെ നഷ്ടം
------------------------------------
അയാള്‍ അയാളുടെ ഭാര്യയെ വിളിക്കാന്‍ ശ്രമിച്ചു. ബെറ്റീന ഇപ്പോള്‍ കാനഡയിലാണ്. ബെറ്റീനയുടെ ഒരകന്നബന്ധുവിന് അവിടെ ഒരു ആശുപത്രിയുണ്ട്, ഇപ്പൊള്‍ അവിടെ സീനിയറായി പ്രാക്ടീസ്‌ ചെയ്യുന്നു. അന്നാ വഴക്കിനു ശേഷം ബെറ്റീന നേരെ അങ്ങോട്ടാണ് പോയത്. അതിനുശേഷം ബെറ്റീന അയാളെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചപ്പോള്‍ ബെറ്റീനക്കു പറയാന്‍ ഒന്നുമില്ലായിരുന്നു. 

അയാള്‍ കരഞ്ഞുകെഞ്ചി തിരികെ വരാന്‍ പറഞ്ഞു, ബെറ്റീന ചുണ്ടനക്കിയില്ല, മിണ്ടിയില്ല. ബെറ്റീന ഒരറ്റത്ത് നിന്ന് കരയുന്നപോലെ തോന്നി അയാള്‍ക്ക്.മനസ്സിലെ അഴുക്കുകള്‍ എന്നന്നേക്കുമായി കഴുകിക്കളയുന്ന വിഷത്തുള്ളികള്‍ വീഴ്ത്തിയ പളുങ്കുപാത്രം, സ്വപ്നങ്ങളെ കൂട്ടക്കുരുതി കൊടുക്കാന്‍ വെമ്പുന്ന രാത്രി, ജനവാതിലില്‍ ആര്‍ത്തിയോടെ ഭൂമിയിലേക്ക്‌ വീശുന്ന വിശക്കുന്ന മരണത്തിന്‍റെ മണമുള്ള കാറ്റ്. 

പണ്ടു വന്‍കരകള്‍ അടര്‍ത്തപെട്ടമാത്രയില്‍ കരയും കടലും കരഞ്ഞ പോലെ അയാള്‍ കരഞ്ഞു. വിളറിവെളുത്ത മുഖവുമായി അയാള്‍ ബെറ്റീനയോട് പറഞ്ഞു.

"ബെറ്റീന.. എന്നെ മരണം വിളിക്കുന്നു. തണുപ്പുപെയ്യിക്കുന്ന സ്വര്‍ഗത്തിലെ മരത്തിന്‍റെ ചുവട്ടിലേക്കെനിക്ക് പോവണം. ഇനി കടലും, കാടും കൂടിക്കലര്‍ന്ന നമ്മുടെ പഴയ സ്വപ്നങ്ങളുടെ കാഴ്ചയില്‍ എന്‍റെ ചിരിയുയരില്ല. മരണത്തിന്‍റെ സ്വപ്‌നങ്ങള്‍ വഴികാട്ടുന്ന ഈ രാത്രിയില്‍ എനിക്കാരോടും പശ്ചാത്താപവുമില്ല. വഴിയില്‍ക്കാണുന്ന നിന്‍റെ ചിരിക്കാത്ത മുഖത്തോട് എനിക്കലിവുമില്ല, കാരുണ്യവുമില്ല. ഇത് ദൈവം എന്നിലേക്കഴിച്ചുവിടുന്ന മരണതാണ്ഡവം മാത്രമാണ്. അതിനുശേഷം ഞാനും നീയും എന്നില്ല. എന്നന്നേക്കുമായി പുലരുന്ന എന്‍റെ നിശബ്ദത മാത്രം."


ബെറ്റീനയുടെ ദുഖം
------------------------
ഡോക്ടര്‍ ബെറ്റീനക്ക് ഗര്‍ഭധാരണശേഷിയില്ലായിരുന്നു, അവരുടെ ഭര്‍ത്താവും ആ ആശുപത്രിയിലെത്തന്നെ ഡോക്ടറാണ്. നഗരത്തില്‍നിന്നു വന്ന ആ ഡോക്ടര്‍ ദമ്പതിമാര്‍ നിരാശരായിരുന്നു. ആ നഗരത്തിലെ തിരക്കുകളും, അവരുടെ സങ്കടങ്ങള്‍ക്കും അറുതിവരട്ടെ എന്ന് തോന്നിയിട്ടാകണം ഈ ഗ്രാമത്തില്‍ വന്നത്. അല്ലെങ്കില്‍ ദൈവം ഫത്തിമയെയും കുഞ്ഞിനേയും രക്ഷിക്കാന്‍ വേണ്ടി പറഞ്ഞയച്ചതാവും. അങ്ങനെ മറ്റു പലരെയും രക്ഷിക്കാനുമാവും ഇവരുടെ നിയോഗം‍. 

ജനാലയുടെ ഉള്ളിലേക്ക് കടന്നുവരുന്ന പച്ചവിരിച്ച പാടത്തിന്‍റെ മണമുള്ള തണുത്തകാറ്റില്‍ ബെറ്റീന പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ആ കൊച്ചുമുറിയുടെ ചുവരുകളില്‍ കുഞ്ഞുങ്ങളുണ്ടാവാത്ത ഒരമ്മയുടെ ചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. പുറമ്പോക്കിലെവിടെയോ ആരോ ഉപേക്ഷിച്ച ഒരു ചെറിയ പൂച്ചക്കുട്ടിയെപ്പോലെ ശബ്ദമില്ലാതെ ബെറ്റീന കരയുമായിരുന്നു. 

ദൈവം അങ്ങനയാണ്, എല്ലാ സന്തോഷങ്ങളും ആര്‍ക്കും ഒരുമിച്ചു കൊടുക്കില്ല. ചിലരെ തിരഞ്ഞെടുത്തു സങ്കടപ്പെടുത്തും. തന്‍റെ കാര്യത്തില്‍ ദൈവം പലപ്പോഴും ക്രൂരനാണെന്ന്‍ ബെറ്റീനക്ക് തോന്നിയിരുന്നു.

അഹമ്മദിന്‍റെയും ഫാത്തിമയുടെയും കുഞ്ഞിനെ കാണുമ്പോള്‍ ബെറ്റീനയുടെ മുഖം പ്രസന്നമാവും. ഇടയ്ക്കു കുഞ്ഞിനെ ബെറ്റീന ഭര്‍ത്താവിന്‍റെ അടുത്തു കൊണ്ടുപോകും. പാലുകുടിക്കാന്‍ കരയുമ്പോള്‍ മാത്രമേ അവനെ തിരിച്ചു കൊണ്ടുകൊടുക്കൂ. വരുമ്പോള്‍ ചിലപ്പോള്‍ അമ്മക്കും കുഞ്ഞിനും പ്രത്യേകമായി എന്തെങ്കിലും കയ്യില്‍ കരുതിയിട്ടുണ്ടാകും, ഭക്ഷണം, ഉടുപ്പുകള്‍ അങ്ങനെ എന്തെങ്കിലും.ആദ്യമൊക്കെ ഫാത്തിമക്കതൊരു പ്രശ്നം പോലെ തോന്നിയിരുന്നില്ല. പിന്നീട് അത് ഒരുമാതിരി തോന്നി. ഫാത്തിമയെ ചിക്തിസിക്കുന്ന ഡോക്ടറായതുകൊണ്ട് അഹമ്മദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരവസരത്തിലാണ് ബെറ്റീനയും കൂടെ ഭര്‍ത്താവ് ജോസഫ് ഡോക്ടറും അഹമ്മദിനെയും ഫാത്തിമയെയും കാണാന്‍ വന്നത്. തികച്ചും ഔപചാരികമായ ഒരു സന്ദര്‍ശനം മാത്രമായിരുന്നില്ല അത്. 

കുഞ്ഞിനെ അവര്‍ ദത്തെടുത്തോട്ടെ എന്ന് ചോദിക്കാനായിരുന്നു വന്നത്. 

"ഇവനെ ഒരു രാജകുമാരനായി വളര്‍ത്തിക്കോളാം. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്നു കാണാം" എന്നുമൊക്കെ ബെറ്റീനയുടെ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഫാത്തിമ പച്ചകര്‍ട്ടനു പിറകില്‍ മറഞ്ഞു. അതിസങ്കീര്‍ണ്ണമായ പല കേസുകളിലും ഒരുപാടു സ്ത്രീകളെ അമ്മയെന്ന വര്‍ഗ്ഗത്തിലേക്ക് അവരുടെ രണ്ടാം ജീവനുകളെ ബെറ്റീന അതിവിദഗ്ധമായി പുറത്തെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ബെറ്റീന ആയാസപ്പെട്ടിരുന്നില്ല. പക്ഷെ അതൊന്നുമല്ലാത്ത ഒരു ബെറ്റീന അഹമ്മദിന്‍റെയും ഫാത്തിമയുടെയും ദയക്കുവേണ്ടി ചെറിയ കുട്ടിയെപ്പോലെ കരഞ്ഞു. കണ്ണ് നിറച്ച് അവരുടെ ഭര്‍ത്താവ് തലകുനിച്ചു നിന്നു. ബെറ്റീനയുടെ കരച്ചില്‍ ഫാത്തിമയുടെ മനസ്സലിയിച്ചില്ല. 


ഫാത്തിഹ് : രണ്ടാം ജന്മം
------------------------------
അഹമ്മദ്‌ കൃഷിക്കാരനാണ്, പാട്ടത്തിനെടുത്ത വയലുകളില്‍ അയാള്‍ നെല്ലും പച്ചക്കറികളും കൃഷി ചെയ്തു. ഫാത്തിമയും മൂന്നു കുട്ടികളും അഹമ്മദിനെ സഹായിച്ചുപോന്നു. ഇളയവന്‍ മഹാവികൃതിയാണ് മൂന്നു വയസ്സേ ഒള്ളുവെങ്കിലും മൂത്ത രണ്ടുപെരെക്കാളും പ്രസരിപ്പ് അവനാണ്. ആരു പറഞ്ഞാലും അവന്‍ കേള്‍ക്കില്ല.  ഡോക്ടറമ്മ വന്നു പറഞ്ഞാല്‍ എല്ലാം കേള്‍ക്കും. ബെറ്റീനയെ അവന്‍ ഡോക്ടറമ്മ എന്നാണ് വിളിച്ചിരുന്നത്‌. ഫാത്തിമ അവനെ വഴക്ക് പറയില്ല, അടിക്കില്ല. അഹമ്മദുമതെ, അവന്‍റെ വികൃതികളെ ചിരിയോടെ നോക്കിക്കാണും.

ഡോക്ടര്‍ ബെറ്റീനയും ഭര്‍ത്താവും ഇടയ്ക്ക് അവനെ കാണാന്‍ വരും. അപ്പോള്‍ കൊണ്ടുവരുന്ന ഉടുപ്പും, ചോക്കലേറ്റും കിട്ടിയാല്‍ അവന്‍ ഫാത്തിമയേയും, അഹമ്മദിനെയും ഗൗനിക്കില്ല. ബെറ്റീനയും, ഭര്‍ത്താവും ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ന്‍ അവനെക്കാണും. അവരുടെ ഓരോ വരവും ഫാത്തിമയുടെ നെഞ്ചുപൊള്ളിക്കും. ബെറ്റീനക്ക് അവനോടുള്ള സ്നേഹം കാണുമ്പോള്‍ ബെറ്റീനയുടെ ഭര്‍ത്താവ് അഹമ്മദിന്‍റെ മുഖത്ത് നോക്കും. അഹമ്മദ്‌ നിസ്സഹായത തുളുമ്പുന്ന കണ്ണുകളില്‍ നിസ്സംഗത ഭാവിച്ചു നില്‍ക്കും.

ഒരിക്കല്‍ നെല്ല് നിറച്ച ചാക്ക് അവന്‍റെ മേല്‍ വീണു, അവന്‍റെ ബോധം പോയി. പൊക്കിള്‍ക്കൊടിയില്‍ നിന്ന് രക്തം ചീറ്റാന്‍ തുടങ്ങി. ഫാത്തിമ ബോധം കെട്ടുവീണു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവന്‍ പിടച്ചില്‍ തുടങ്ങി, രക്തം വാര്‍ന്നുകിടക്കുന്ന അവനെ കണ്ടപ്പോള്‍ ബെറ്റീനയും തകര്‍ന്നു. ബെറ്റീനയുടെ ഭര്‍ത്താവ് വന്ന്‍ അവനെ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ശാസ്ത്രക്രിയ കഴിഞ്ഞുവന്ന അയാളുടെ മുഖത്തേക്ക് അഹമ്മദ്‌ ദയയോടെ നോക്കി. 

രണ്ടു മാസത്തോളം വീണ്ടും ആശുപത്രിവാസം, അവനെ പ്രസവിച്ചശേഷം ഫാത്തിമ പിന്നെ ആശുപത്രി കണ്ടിരുന്നില്ല. ഇതിപ്പോള്‍ വീണ്ടും പഴയ ആശുപത്രി, തനിക്കുപകരം അന്ന് പ്രസവിച്ചിട്ട മകനാണ് ഇപ്പോള്‍  ആശുപത്രിക്കിടക്കയില്‍ കിടക്കുന്നത്‍. ബെറ്റീനഡോക്ടര്‍ക്ക് പകരം അവരുടെ ഭര്‍ത്താവ് തന്‍റെ മകനെ രക്ഷിച്ചിരിക്കുന്നു. മരിച്ചു എന്നുകരുതിയ തന്‍റെ മകനെ തിരിച്ചു തന്നിരിക്കുന്നു. മകനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്ന ദിവസം, ജോസഫ് ഡോക്ടര്‍ അഹമ്മദിനെ വിളിച്ചു ഫാത്തിഹിന്‍റെ കാര്യം പറഞ്ഞു. 

"അവനെ സൂക്ഷിക്കണം, വയറിനുള്ളിലെ ചില ഞരമ്പുകള്‍ ചതഞ്ഞു പോയിട്ടുണ്ട്. വാരിയെല്ലുകള്‍ പൊട്ടിപ്പോയിട്ടുണ്ട്, വളരെയധികം ശ്രദ്ധിക്കണം." 

അഹമ്മദിന് എങ്ങനെ നന്ദിപറയണം എന്നറിയില്ലായിരുന്നു. കണ്ണുകള്‍ നിറച്ചു കൈകൂപ്പി അഹമ്മദ്‌ നിന്നു. മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ജോസഫ് ഡോക്ടര്‍ അഹമ്മദിനോട് ചോദിച്ചു.

"ഫാത്തിഹിനെ ഞങ്ങള്‍ക്ക് തന്നൂടെ?"

അഹമ്മദിന് മറുപടിയില്ലായിരുന്നു. 


അയാള്‍: രണ്ടാം ജന്മം
--------------------------
മരണത്തിന്‍റെ വഴികളില്‍ സത്രങ്ങളില്ല. ഒളിച്ചു പാര്‍ക്കാന്‍ പൊന്തക്കാടുകളുമില്ല. ഞെരുങ്ങിയൊതുങ്ങി ഇരുട്ടിലേക്ക് മറയുന്ന മഹാമൗനത്തിന്‍റെ തുടക്കം മാത്രം. നിശ്വാസങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ മൗനച്ചുഴികളില്‍പ്പെട്ട് പകച്ചുപോകുന്ന ഹൃദയത്തിന്‍റെ സങ്കടങ്ങള്‍ ആരും കാണാറില്ല. മൗനച്ചുഴികളില്‍പ്പെട്ട് മുങ്ങിനിവരുന്ന ജോസഫ് എന്ന നിരാലംബനായ ആ മനുഷ്യനെ ആരും കണ്ടിരുന്നില്ല! 

മരണത്തിലേക്കുള്ള എളുപ്പവഴിയില്‍ എവിടെയോ വഴിതെറ്റിയ അയാള്‍ അനക്കമില്ലാതെ കിടന്നു.

ഭര്‍ത്താവിന്‍റെ നെഞ്ചിലെ നിശ്വാസങ്ങളുടെ താളത്തെ നോക്കി ബെറ്റീന കരഞ്ഞു. തിരിച്ചു വരണമെന്ന് ബെറ്റീന ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചെന്നും കോമയില്‍ ആശുപത്രിയിലാണെന്നും കേട്ടപ്പോള്‍ ബെറ്റീനക്ക് അതുവരെ താന്‍ പിടിച്ചുനിര്‍ത്തിയ തന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 

ജോസഫിന് ഒരു കുഞ്ഞിനെക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ബെറ്റീനയെ വേദനിപ്പിച്ചിരുന്നു. അതെന്നും ദു:സ്വപ്നങ്ങളായി ബെറ്റീനയെ പിന്തുടര്‍ന്നിരുന്നു. 

അനക്കമില്ലാതെ കിടക്കുന്ന ജോസഫിന്‍റെ മുഖത്തുനോക്കി ബെറ്റീന വിതുമ്പി. പിന്നെ ജോസഫിന്‍റെ കനമേറിയ നിശ്വാസങ്ങള്‍ക്ക് ലംബമായി ബെറ്റീന അയാളുടെ നെഞ്ചിലേക്ക് വീണുകിടന്നു.

ഒരു ദിവസം ജോസഫ് കണ്ണുതുറന്നു. ബെറ്റീനയെ കണ്ടപ്പോള്‍ ജോസഫിന്‍റെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ മഴപെയ്തു. കണ്ണില്‍ കനല്‍കൂട്ടിയ ആ ദിവസങ്ങള്‍ക്കങ്ങനെ വിരാമമായി. 
തിരക്കുള്ള തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖം നോക്കിയിരിക്കുന്ന നിസ്സഹായരായ രാത്രിയാത്രക്കാരെപ്പോലെ അവര്‍ പരസ്പരം നോക്കിയിരുന്നു. ചിലപ്പോള്‍ മാത്രം ചിരിച്ചു. പിന്നെ പ്രണയത്തിന്‍റെ ശരീരങ്ങളില്‍ നിന്നടര്‍ന്നുപോയ രണ്ടു ജീവനുകളുടെ മധുരമുള്ള വേദനയെ നെഞ്ചിലേറ്റി ഇരുവരും കൈകോര്‍ത്തുപിടിച്ചു. അപ്പോള്‍ ഓര്‍മ്മകള്‍ ആകാശത്തു നിന്ന്‍ ഇറങ്ങിവന്നു. കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും അവരുടെ ഇടയിലുണ്ടായിരുന്ന സ്നേഹത്തിന്‍റെ വിലങ്ങുകളില്‍ തീര്‍ത്ത ആ പഴയ ദിവസങ്ങളെ അവര്‍ തിരിച്ചു വിളിച്ചു. ഓര്‍മ്മകളില്‍ പഴയ കുഗ്രാമത്തിലെ ആശുപത്രിയും, നാട്ടുകാരും, അഹമ്മദും, ഫാത്തിമയും, ഫാത്തിഹും എല്ലാവരും വിരുന്നുവന്നു. 

അഹമ്മദിന്‍റെയും, ഫാത്തിമയുടെയും പേര് കേട്ടപ്പോള്‍ ബെറ്റീനയുടെ ചാര നിറത്തിലുള്ള കണ്ണുകള്‍ കരഞ്ഞു. ആശുപത്രിയില്‍ വെച്ച് ഫാത്തിഹിന്‍റെ അത്രത്തോളം പ്രായം വന്നേക്കാവുന്ന ഒരു യുവാവിനെ കണ്ടകാര്യം ബെറ്റീന സ്മരിച്ചു. അവരെയൊക്കെ ഒന്നുകണ്ടാല്‍ തന്‍റെയും ബെറ്റീനയുടെയും ഒറ്റപ്പെടല്‍ മാറുമെന്ന് ജോസഫ് പറഞ്ഞപ്പോള്‍ ചുണ്ടുകള്‍ വളച്ച് ബെറ്റീന പുഞ്ചിരിപൊഴിച്ചു. ആ പുഞ്ചിരിയില്‍ ജോസഫിന് തന്‍റെ പഴയജീവിതം തിരികെ വന്നപോലെ തോന്നി. ജീവിതത്തിന്‍റെ മരത്തില്‍ നിന്നും അകന്നുപോയ പ്രണയത്തിന്‍റെ പക്ഷികള്‍ എവിടെയോ വച്ച് വീണ്ടും കണ്ടുമുട്ടിയപോലെ അവര്‍ ചില മൗനത്തിന്‍റെയിടയില്‍ മാത്രം പകച്ചുനിന്നു.


ഫാത്തിമ: പറയാന്‍ മറന്നത്
-----------------------------------
വീട്ടിലെത്തിയ അഹമ്മദ്‌ ചിന്താകുലനായിരുന്നു. ഇന്ന് ഫാത്തിഹ് ജീവിച്ചിരിക്കുന്നത് ദൈവത്തിന്‍റെയും ജോസഫ് ഡോക്ടറുടെയും മഹത്വത്തിലാണ്. 

ജോസഫ് ഡോക്ടറുടെ മുഖത്തുള്ള നിരാശകളെ ഓടിപ്പായിപ്പിച്ചും, ഡോക്ടറമ്മയുടെ മനോഹരമായ ആ മുഖത്ത് ആശാവഹമായ പുഞ്ചിരിയെ തളച്ചിടാനും താനും ഫാത്തിമയും അന്ന് വിചാരിച്ചിരുന്നുവെങ്കില്‍ കഴിയുമായിരുന്നു. പക്ഷെ ഫാത്തിമക്ക് അതിനുകഴിയില്ലായിരുന്നു. അന്നവസാനമായി ജോസഫ് ഡോക്ടറെ കണ്ടദിവസം ഫാത്തിമയോട് ഡോക്ടര്‍ ആവശ്യപ്പെട്ട കാര്യം അഹമ്മദ്‌ പറഞ്ഞു. അന്ന് ഫാത്തിമ തന്‍റെ നെഞ്ചിലൊട്ടി ഫാത്തിഹിനെ അത്ര പെട്ടെന്ന് തനിക്ക് മറക്കാന്‍ കഴിയുമെങ്കില്‍ കൂട്ടത്തില്‍ അവളെയും മറന്നുകളയാന്‍ പറഞ്ഞു.

"ഇക്കാ..

ആരാ വിളിച്ചത്? എന്തേലും ആപത്ത്?"

ഓര്‍മ്മയില്‍ നിന്നുണര്‍ന്ന അഹമ്മദ്‌ ഫാത്തിമയെ തനിക്കരികില്‍ പിടിച്ചിരുത്തി. അഹമ്മദ്‌ ചിരിയോടെ പറഞ്ഞു. 

"ആര്‍ക്കും ആപത്തൊന്നുമില്ല. ജോസഫ് ഡോക്ടര്‍ക്ക് നമ്മളെയും മക്കളെയും കാണണംപോലും, അവരിങ്ങോട്ടു വരുന്നൂന്ന്."

"ഏതു ഡോക്ടര്‍?"

ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും!

ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും, ഫാത്തിമയുടെ മനസ്സില്‍ ആ പഴയ നൊമ്പരങ്ങളുടെ ഓര്‍മ്മഭൂതങ്ങള്‍ പറന്നെത്തി. അവരുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അഹമ്മദിന്‍റെ മുട്ടിലേക്ക് മെല്ലെ തലചായ്ച്ച് ഫാത്തിമ തന്‍റെ മൗനത്തിന്‍റെ വാതിലുകള്‍ തുറന്നിട്ടു. 

ഫാത്തിമയുടെ ഓരോ മൗനങ്ങള്‍ക്കിടയിലും നീറിപ്പിടഞ്ഞു തളര്‍ന്നുകിടന്ന പറയാന്‍ മറന്ന കുറെ വാക്കുകളുണ്ടായിരുന്നു. കാലാന്തരങ്ങളില്‍ അവയില്‍ ചിലത് ഫാത്തിമയറിയാതെ അവരുടെ മനസ്സിന്‍റെ ഉയരങ്ങളില്‍ നാട്ടിയ കഴുമരങ്ങളില്‍ ജീവനറ്റ്‌ ജീര്‍ണ്ണിച്ചു തൂങ്ങിക്കിടന്നു. പിന്നിടവ മറവികള്‍ക്കിടയിലെവിടെയോ മണ്‍മറഞ്ഞു. ഇപ്പൊളിതാ വീണ്ടും അവ ഈ വയസ്സാം കാലത്ത് എന്തോ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മൌനങ്ങളില്‍ തളിര്‍ത്തു വന്നിരിക്കുന്നു. എന്തിനാണെന്നറിയാതെ.


ഫാത്തിഹ്: മടക്കം
-----------------------
സെലിന്‍റെ മാറിടത്തില്‍ മുഖമമര്‍ത്തി ഫാത്തിഹ് അവളിലേക്ക് ചുരുങ്ങിക്കിടന്നു. അവള്‍ അവനിലേക്ക് വളര്‍ന്നുകിടന്നു. പരിഭവത്തിന്‍റെ മഴക്കാറുകള്‍ മാറി. വീണ്ടും പ്രണയത്തിന്‍റെ ഋതുക്കള്‍ അതിഥികളായിയെത്തി. ശരീരങ്ങള്‍ ഒട്ടിക്കിടന്നു, കട്ടിലുകള്‍ പ്രണയഭൂമിയിലേക്ക്‌ വേരുപൂഴ്ത്തി. ഒരാവേശമായി അവരിരുവരും പുണര്‍ന്നു. 

ഫാത്തിഹ് തന്‍റെ വേദനകള്‍ മറന്നു. സെലിനെ കൂട്ടിവരാന്‍ ബാപ്പ പറഞ്ഞിരിക്കുന്നു. നാട്ടിലേക്കു ബൈക്കില്‍ ഒരു യാത്ര. സെലിനും സന്തോഷം മാത്രം. ദരിദ്രമായ തന്‍റെ ഗ്രാമത്തിലേക്കുള്ള വഴികളില്‍ പച്ചകൂടിക്കലര്‍ന്ന മിഴിവാര്‍ന്ന കാഴ്ചകളുണ്ട്. കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുണ്ട്. സെലിന് എല്ലാം ഇഷ്ടപ്പെടും. സെലിന്‍റെ ഉള്ളിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കൂടി ഫാത്തിഹ് ഉറങ്ങി.


അയാള്‍: മടക്കം
--------------------
കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുള്ള ഗ്രാമം. ഗ്രാമത്തിന്‍റെ വെയിലിലും മഴയിലും ഹൃദയം തുറന്നുവച്ച കുറച്ചു വര്‍ഷങ്ങള്‍. ബെറ്റീന ആദ്യമായി കാണുന്നപോലെ ആ സ്ഥലമെല്ലാം നോക്കിക്കൊണ്ടിരുന്നു. പഴയതും പുതിയതുമായ വ്യത്യാസങ്ങളെ മനസ്സില്‍ താരതമ്യം ചെയ്തും അതുപറഞ്ഞും ജോസഫ് ബെറ്റീനയോട് ഒട്ടിയിരുന്നു. 

ടാറുചെയ്യാത്ത റോഡില്‍ വണ്ടി കുലുങ്ങിച്ചിരിച്ചു പോയി. ദൂരെ ആരോ കൈകാണിക്കുന്നു. അടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി. ദേഹത്ത് മുഴുവന്‍ പാടത്തെ അഴുക്കുണ്ട്. ബൈക്ക് മറിഞ്ഞ് അവളുടെ കൂടെയുള്ള യുവാവ് പാടത്ത് വീണുകിടപ്പുണ്ട്. ബോധമില്ല. ഡ്രൈവറും ബെറ്റീനയും യുവതിയും ചേര്‍ന്ന് യുവാവിനെ കാറിന്‍റെ പിന്‍സീറ്റില്‍ കിടത്തി. ജോസഫ്‌ ഡ്രൈവറോട് ആശുപത്രിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. യുവതി കരയുകയായിരുന്നു. ബെറ്റീന അവളെ സ്വാന്തനിപ്പിച്ചു. ജോസഫിന്‍റെ മടിയില്‍ ചോരവാര്‍ത്തു ഫാത്തിഹ് കിടന്നു, ജോസഫ് ഫാത്തിഹിന്‍റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. ജോസഫിന്‍റെ ചിരി കണ്ടമാത്രയില്‍ ഫാത്തിഹ് എന്തല്ലാമോ പിറുപിറുത്തു. 

യുവാവിനെ ബെറ്റീനയും യുവതിയും ചേര്‍ന്ന് കാഷ്വാലിറ്റി ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഡോക്ടര്‍ ജോസഫിനെ കണ്ടപ്പോള്‍ പഴയ പരിചയം പുതുക്കി. പരിക്കുകള്‍ അധികമൊന്നുമില്ല, പക്ഷെ ഫാത്തിഹിന്‍റെ നിഗൂഡമായ രോഗങ്ങളും അവന്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടറെയും പറ്റി സെലിന്‍ ബെറ്റീനക്ക് വിവരിച്ചു കൊടുത്തു. ബെറ്റീന ഓടിവന്നു ജോസഫിനെ വിളിച്ചുകൊണ്ടുവന്നു കാര്യം പറഞ്ഞു. ജോസഫ് കാഷ്വാലിറ്റി  ഡോക്ടറെക്കണ്ടു കാര്യം പറഞ്ഞു. ഫാത്തിഹിനെ പരിശോധിച്ച്. ഓപറേഷന്‍ തിയെറ്ററിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

ശസ്ത്രക്രിയ കഴിഞ്ഞു വാതില്‍ തുറന്നപ്പോള്‍ കണ്ട മുഖങ്ങള്‍ ജോസഫിനെ പഴയ കാലത്തിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ആശുപത്രിയില്‍ ഇതേ മുഖങ്ങള്‍ തനിക്കുവേണ്ടി കാത്തിരുന്നിരുന്നു. അഹമ്മദ്‌ ഓടിവന്നു ജോസഫിനെ കെട്ടിപ്പിടിച്ചു. ഫാത്തിമ ബെറ്റീനയുടെ തോളില്‍ കിടക്കുകയായിരുന്നു. സെലിന്‍റെ മുഖത്ത് പുഞ്ചിരിയായിരുന്നു. ജോസഫ് എല്ലാവരേയും സമാധാനിപ്പിച്ചു. ഫാത്തിഹ് സുഖമായിരിക്കുന്നു എന്നറിയിച്ചു.


സെലിന്‍ ചിരിക്കുന്നു
-------------------------
ഫാത്തിഹിന്‍റെ അടുത്തിരുന്ന ജോസഫും ബെറ്റീനയും ഫാത്തിഹിനെ നോക്കിയിരുന്നു. ഡോക്ടറമ്മയുടെ ചാരനിറത്തിലുള്ള കണ്ണുകള്‍ വീണ്ടും നിറഞ്ഞിരുന്നു. സെലിന്‍ അക്ഷമയായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

കുറച്ചു സമയങ്ങള്‍ക്കുശേഷം ചെറിയ അനക്കത്തോടെ ഫാത്തിഹ് കണ്ണ്മിഴിച്ചു. തന്‍റെ അടുത്തിരിക്കുന്ന അപരിചിതരെക്കണ്ട് ഫാത്തിഹ് ജോസഫിനോട് ചോദിച്ചു.

"നിങ്ങളുടെ പേര് ജോസഫ് എന്നാണോ"

ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ".

ഫാത്തിഹ് അതിശയത്തോടെ ചോദിച്ചു. 

"അന്നെന്‍റെ ജീവന്‍ കൂട്ടിത്തുന്നിയ അതേ ജോസഫ്?"

ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ".

സന്തോഷം കൊണ്ട് സെലിന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി.

*             *              *



About the Story "ദൈവത്തിന്‍റെ കയ്യൊപ്പുള്ളവര്‍ !"
മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്, അഹമ്മദും ഭാര്യ ഫാത്തിമക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞായിരുന്നു ഫാത്തിഹ്. മദ്രാസില്‍(ചെന്നൈ) നിന്നും ആ ഉള്‍ഗ്രാമത്തിലേക്ക് പറിച്ചുനടപപ്പെട്ട ഡോക്ടര്‍ ദമ്പതിമാരായിരുന്നു ജോസഫും, ബെറ്റീനയും. കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന അവര്‍ക്ക് സ്വാന്തനമായി തോന്നിയത് ഫാത്തിഹ് എന്ന കുസൃതി ചെക്കനായിരുന്നു. ഫാത്തിഹിനെ ദത്തെടുക്കാന്‍ അഹമ്മദിനെയും ഭാര്യയെയും സമീപിച്ച അവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. അഹമ്മദിനും ഭാര്യക്കും അതിനു സമ്മതമല്ലയിരുന്നു. ഏറെക്കാലം നിരാശരായി ജീവിച്ച ഡോക്ടര്‍ ദമ്പതിമാര്‍ കലഹിച്ചു പിരിഞ്ഞു പോവുകയും, തുടര്‍ന്നു ജോസഫ് ഡോക്ടര്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. യുവാവായ ഫാത്തിഹിന് പിന്നീട് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത്‌ ഞരമ്പിനു വലിവ് സംഭവിക്കുകയും രോഗാവസ്ഥയിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് നടക്കുന്ന ആകസ്മികമായ സംഭവങ്ങള്‍ ചുരുക്കി ഒരു കഥാരൂപത്തില്‍ പറയാന്‍ ശ്രമിച്ചതാണ് "ദൈവത്തിന്റെ കയ്യൊപ്പുള്ളവര്‍".